(കുറിപ്പ്: എന്റെ സാഹിത്യസേവനം സമുദായോന്നമനത്തിനു സഹായമായിത്തീരുന്നില്ല; മനുഷ്യനെ അധ:പതിപ്പിക്കുന്നതാണ് എന്റെ കവിത. അതിനാൽ ഞാൻ കവിതയെഴുത്തിൽ നിന്നു വിരമിക്കണം. ഏതാണ്ട് ഈ ആശയങ്ങളുൾക്കൊള്ളുന്ന ഒരു പ്രമേയം രണ്ടുമൂന്നുവർഷങ്ങൾക്കുമുൻപ്, തൃപ്പൂണിത്തുറയിൽ 'മഹാത്മാ' വായനശാലാംഗങ്ങളുടെ ഒരു സമ്മേളനത്തിൽ, സർവ്വസമ്മതമായി പാസാക്കപ്പെടുകയുണ്ടായി. കേരളത്തിലെ പ്രസിദ്ധ പത്രങ്ങളെല്ലാം അന്ന് ആ വാർത്ത പരസ്യം ചെയ്തിരുന്നു.)

ന്നോളംകാൽച്ചോടൊന്നു പിഴയ്ക്കാതാടിപ്പോന്നൊ-
രെന്നോമൽക്കവിതേ, നിൻ കാൽകളിന്നിടറുന്നോ?
എന്തിന്?-കലാബോധം തീണ്ടാത്ത കാലിപ്രായർ
നിൻതാണ്ഡവത്തിൻ നേർക്കു നീരസം ഭാവിച്ചിട്ടോ?
അതിലത്ഭുതമില്ല, രാജഹംസത്തിൻ ലീലാ-
സദനത്തിലെ, സ്സുധാസാന്ദ്രമാനസത്തിലെ,
ഹേമപങ്കജമാദ്ധ്വീമാധുരി മാനിയ്ക്കുമോ
ചേർമണ്ണിൽജ്ജളൂകങ്ങൾ ചികയും പാഴ്ക്കൊറ്റികൾ?
പാടുവാനവയ്ക്കില്ല പാടവം, മതിമറ-
ന്നാടുവാ, നാകാശത്തിൽ സ്വച്ഛന്ദം വിഹരിയ്ക്കാൻ;
വെള്ളിമേഘങ്ങൾക്കിടയ്ക്കുദയപ്രകാശത്തി-
ലുൾലുണർന്നോമൽച്ചിറകടിച്ചു കൂകിപ്പൊങ്ങാൻ;-
ആയത്തമാക്കാനഭിനന്ദനാർദ്രാശംസക-
ളായവയ്ക്കഖിലേശനേകിയില്ലനുഗഹം!
അതിനാലസൂയതന്നത്യഗാധതയിൽ നി-
ന്നുയരാം സ്വയം, വ്യക്തിവിദ്വേഷധൂമാംശങ്ങൾ.
കപടസന്യാസത്തിൽ വെള്ളയാദർശം ചുറ്റി-
ക്കരളിൽക്കറയേന്തി മൌഢ്യമൂർത്തികളായി
മനസ്സാൽ, വാക്കാൽ, കർമ്മശതത്താൽ, നിർല്ലജ്ജമീ
മഹിയിൽ 'മഹാത്മാ'ഖ്യയെബലാൽസംഗം ചെയ്വാൻ.
ഉണ്ടാകാം ചിലരെല്ലാം ഗാന്ധിസൂക്തികൾ തങ്ക
ച്ചെണ്ടിട്ടൊരിക്കാലത്തും കവിതേ, ക്ഷമിയ്ക്കൂ നീ!
ഇടയൻ പുല്ലാങ്കുഴൽ വിളിയ്ക്കെ, ക്കത്തിക്കാളും
ചുടുവെയിലതേറ്റേറ്റു പൂനിലാവായിപ്പോകെ;
ആയതിൻ തരംഗങ്ങളുമ്മവെച്ചാനന്ദത്താ-
ലാലോല ലതാളികൾ മൊട്ടിട്ടു ചിരിയ്ക്കവേ;
മയിലാടവേ, മരക്കൊമ്പുകൾതോറും നിന്നു
മലയാനിലൻ മർമ്മരാശംസ വർഷിക്കവേ;
കുറ്റിക്കാടുകൾക്കുള്ളിൽക്കശ്മലസൃഗാലന്മാർ
പറ്റിച്ചേർന്നോ,രിയിട്ടു പുച്ഛിച്ചാൽ ഫലമെന്തേ?
ഇരുളില്യലകങ്ങൾ മുഷിഞ്ഞു മൂളീടിലും
സരസം വിണ്ണിൽപ്പൊങ്ങി രാപ്പാടിയെത്തിപ്പാടും.

എന്നോമൽക്കവിതേ, നീയിടറായ്കണുപോലും;
നിന്നെയോമനിയ്ക്കുവാൻ കാത്തുനിൽക്കുന്നു കാലം.
ഇന്നു നിൻ ചുറ്റുമലസ്മാരത്തിൻ ഞെരക്കങ്ങൾ
നിന്നിടാം തത്തിത്തത്തി, നാളത്തെ പ്രഭാതത്തിൽ,
അവതൻ നേർത്തു നേർത്ത മാറ്റൊലിപോലും മായു;-
മവമാനിതയായ് നീ മാറുകില്ലൊരിയ്ക്കലും.
എത്രനാൾ നിഗൂഢമാം നിർല്ലജ്ജപ്രചരണ-
ബുദ്ബുദവ്രാതം നിൽക്കും 'പുഴ' തന്നൊഴുക്കുത്തിൽ?
വിണ്ണിൽവെച്ചീശൻ നിന്നെയഭ്യസിപ്പിച്ചൂ, നീയീ
മന്നിൽ വന്നേവം വീണവായിയ്ക്കാൻ, നൃത്തംചെയ്വാൻ.
ആരോടുമനുവാദം ചോദിച്ചതില്ലതിനു നീ-
യാരംഭിച്ചതു, മിത്രനാളതു തുടർന്നതും,
അതിനാ, ലേതോ ചില കോമാളിവേഷക്കാർ വ-
രരുതെന്നാജ്ഞാപിച്ചാൽക്കൂസുകില്ലെള്ളോളം നീ.
നീയറിഞ്ഞിട്ടില്ലൊട്ടുമിന്നോളം പരാജയം;
നീയവഗണിയ്ക്കയേ ചെയ്തിടൂ പരിഹാസം.
ഏതെല്ലാം നെറ്റിത്തടം ചുളുങ്ങിക്കോട്ടെ, നീ നിൻ-
സ്വാതന്ത്യ്രപ്രകാശത്തിൽ സ്വച്ഛന്ദം നൃത്തം ചെയ്യൂ!
അലിവുള്ളവർ നിന്നെയഭിനന്ദിക്കും, കാലം
വിലവെച്ചിടും നിന്റെ വിശ്വമോഹനനൃത്തം.
നീയൊട്ടുമിടറായ്കെൻ കവിതേ-പറക്കുന്നൂ
നീളെ നിൻ ജയക്കൊടി തുടരൂ നിൻനൃത്തം നീ!
ഹസ്തതാഡനഘോഷമദ്ധ്യത്തിൽ പതിവാണൊ-
രിത്തിരി കൂക്കം വിളിയെങ്കിലേ രസമുള്ളൂ,
ഗുരുത്വം കെടുത്തുകില്ലക്കൂട്ടർ: മഹാത്മാക്കൾ
ധരിപ്പൂ പിതാമഹന്മാരുടെ പാരമ്പര്യം.
മർത്യരാണിന്നെന്നാലുമുത്ഭവമോർമ്മിയ്ക്കണ്ടേ?-
മർക്കടങ്ങളെ, യത്രപെട്ടെന്നു മറക്കാമോ? ....

മറ്റുള്ളോർ ചവച്ചിട്ടോരെല്ലുകൾ തക്കം നോക്കി-
ക്കട്ടെടുത്തവകാർന്നു ശൌര്യത്തിൻ ഭാവം കാട്ടി,
ഉല്ലസൽസുധാകരനുയരും നേരം, കഷ്ട-
മല്ലിലാ ശ്വാനം പാർത്തുനിന്നെത്ര കുരയ്ക്കട്ടേ,
ഫലമെന്തതുകൊണ്ടു? മേൽക്കുമേൽപ്പൊങ്ങിപ്പര-
ന്നലതല്ലിടും നിജകീർത്തീകൌമുദിയെങ്ങും!
ഇടറായ്കിടറായ്കെൻ കവിതേ, സവിലാസ-
നടനം തുടരൂ നീ,വിശ്വമോഹിനിയായി!
                               1-1-1117

32

പൊട്ടിത്തെറിയ്ക്കുന്നൊരാഗ്നേയപിണ്ഡങ്ങ-
ളിട്ടിട്ടുപായും വിമാനങ്ങള്മാതിരി,
പാറിപ്പറന്നോടി സംഭവസഞ്ചയം
നീറിദ്ദഹിപ്പിതെൻ നിശ്ശൂന്യജീവിതം!
                               23-4-1120

33

മൃദുലതന്ത്രികൾ മുറുകെ മീട്ടി, യെൻ-
ഹൃദയവലകി ശിഥിലമായ്!
                               16-2-1108
34

മാമകമാനസവേദിയിലുണ്ടൊരു
കാമദകല്യാണകൽപകവല്ലി.
സുന്ദരിയാണു സുശീലയുമാണവൾ
മന്ദിരശ്രീയാണാ മംഗളാംഗി.
നിർമ്മലത്വത്തിൻ നിദർശനംതന്നെയാ-
ണമ്മുഗ്ദ്ധസ്മേരോല്ലസാനനാബ്ജം.
ഓമൽക്കവിതയാണാത്തങ്കരശ്മിത-
ന്നോരോ ചലനവുമോർത്തുനോക്കിൽ.
പാരിജാതത്തിൻ നറുമലർപോലവൾ
പാവനശ്രീ പൊഴിച്ചുല്ലസിയ്ക്കെ;
അസ്സുഷമോത്സവാസ്വാദനാസക്തമെ-
ന്നക്ഷികൾ ചെന്നതിൽ വിശ്രമിയ്ക്കും
മണ്മുനത്തെല്ലിനാൽ സല്ലപിച്ചങ്ങനെ
ഞങ്ങളെ ഞങ്ങൾ മറന്നുപോകും.
ഉൾഭീതിയുണ്ടെനി, യ്ക്കെത്ര നാളീവിധ-
മിപ്പൊൻകിനാക്കൾ തളിർത്തു നിൽക്കും?
സൃഷ്ടിച്ചിട്ടുണ്ടല്ലോ, മന്നിൽ, പ്പനീർപ്പൂക്കൾ
സൃഷ്ടിച്ച കൈതാൻ പുഴുക്കളേയും.
ചിത്രശലഭത്തിനുള്ള പൂങ്കാവിലു-
മെത്തും കടന്നാക്കടന്നലുകൾ.
ഒത്തൊരുമിച്ചു പറന്നു കളിയ്ക്കിലും
കൊത്താൻ തരം നോക്കിക്കൊണ്ടിരിയ്ക്കും!
സാരമി,ല്ലെന്തു വരാനതി, ലൊന്നിച്ചു
ചേരുന്ന ചിത്തങ്ങൾ വേർപെടുത്താൻ.
എത്രയ്ക്കു മൂർച്ചയുള്ളേതു ദൌഷ്ട്യത്തിന്റെ
ഖഡ്ഗത്തിനൊക്കും?-കൃതാർത്ഥനീ ഞാൻ!
                               8-6-1119.