ട്ടിണിക്കോലങ്ങൾ ചത്തൊടുങ്ങി-
പ്പട്ടടക്കാട്ടിലിടം ചുരുങ്ങി.
ജീവിച്ചിരിക്കുമ്പോൾ വിശ്രമിക്കാൻ
പാവങ്ങൾക്കില്ലാ പഴുതുലകിൽ.
ചത്തെങ്കിലുമതൊന്നാസ്വദിയ്ക്കാ-
നൊത്തിരുന്നെങ്കിലവർക്കൊരൽപം!
ഒക്കുകിൽ, ല്ലയ്യേ, ചുടുകാട്ടിലും
തിക്കും തിരക്കുമാ,ണെന്തുചെയ്യും?

"ഞങ്ങൾക്കു കായ്ക്കാൻ വിഷമ," മെന്ന-
ത്തെങ്ങൊന്നുമോതുന്നതില്ലയിന്നും.
"പാടില്ല ഞങ്ങൾക്കു നെല്ലു നൽകാൻ"
പാടങ്ങളൊന്നും പറവതില്ല.
"വയ്യഞങ്ങൾക്കൊ," ന്നു നീരസത്താൽ
കൈയൊഴിയുന്നില്ല കായ്കനികൾ.
ഉറ്റബന്ധുക്കളാക്കാലികൾക്കു
വറ്റിയിട്ടില്ലകിടൊട്ടുമിന്നും.
ഒന്നിനു, ലോപമി,ല്ലൊക്കയുമു-
ണ്ടെന്നിട്ടും, ക്ഷാമമിക്കേരളത്തിൽ!
പുഷ്ടിയ്ക്കിളവില്ല, പിന്നെ, യിന്നി-
പ്പട്ടിണിയെങ്ങനെ വന്നുകൂടി?

വിത്താധിനാഥരേ, നിങ്ങൾ വന്നാ-
പ്പത്തായമൊന്നു തുറന്നുകാട്ടൂ!
കുത്തുവീ, ണോവൊടി, ഞ്ഞാവിപൊങ്ങി-
യെത്രനെല്ലുണ്ടതിൽപ്പൂപ്പൽ തിങ്ങി?
ചീയുന്നു ധാന്യങ്ങൾ!-മണ്ണടിഞ്ഞു
ചീയുന്നിതി, ന്നവ കൊയ്തകൈകൾ
വിത്താശയാ 'ലസിതാപണ' ത്തിൽ
വിൽക്കപ്പെടുന്നു, ഹാ, ധാന്യലക്ഷ്മി!
എല്ലാർക്കുമൊന്നുപോൽ വേണ്ടതാമാ
നെല്ലും പണവും കവർന്നു വാരി.
കഷ്ടമേതാനും പേരൊത്തുകൂടി-
ക്കെട്ടിയൊളിച്ചുവെച്ചാസ്വദിയ്ക്കെ;
മറ്റുള്ളവരെ ച്ചതച്ചുതുപ്പി
മത്തടിച്ചാർപ്പി, താ ക്ഷാമയക്ഷി!
കർഷക ജീവരക്തം കുടിച്ചാ
ഹർഷപ്രമത്തരാം ജന്മിവർഗ്ഗം,
വർത്തകന്മാരുമായൊത്തുകൂടി-
ക്കുത്തിക്കവർച്ചയ്ക്കരങ്ങൊരുക്കി!
പൊട്ടിയ്ക്കുകാ ബന്ധമാദ്യമായി-
ട്ടൊട്ടൊരാശ്വാസം ലഭിയ്ക്കുമെങ്കിൽ!

പൊട്ടേണ്ട തോട്ടകൾ-കല്ലു പോരും
പട്ടിണിക്കാക്ക പറപറക്കാൻ!! ....
                               8-3-1120

51

അക്കളിത്തോഴനകന്നുപോയെങ്കിലു-
മൊക്കുന്നതില്ല മേ വിസ്മരിച്ചീടുവാൻ.
മൽസ്വപ്നരംഗം മുകർന്നിടാറുണ്ടിന്നു-
മത്സുഹൃത്തിൻ സുഖസാഹചര്യോത്സവം!
                               27-4-1120

52

വാനിൻ വിമലവിശാലനഗരിയിൽ
വാണരുളീടും ജഗൽപിതാവേ!
കത്താത്തതെന്താണാ നക്ഷത്രദീപങ്ങൾ
കഷ്ടമവിടെയും യുദ്ധമുണ്ടോ?
അല്ലെങ്കി, ലെന്തിനാണാ നല്ല നാട്ടിലു-
മല്ലിതി, ലേവം, തമസ്ക്കരണം?
അംഗീകൃതേകാധിനായകനായിടു-
മങ്ങേയ്ക്കുമങ്ങു ശത്രുക്കളുണ്ടോ?
ആനിലയ്ക്കത്ഭുതമെന്തു, ണ്ടീക്കീടത്തി-
നായിരം വൈരികളുത്ഭവിക്കാൻ? ....
                               14-3-1120

53

അമലജലപൂരിതേ, നർമ്മദേ, ശർമ്മദേ,
മമ ജഡമിതൊന്നു നീ കൊണ്ടുപോകണമേ!
തവ തടശിലാതലം സാക്ഷിയാണെന്മന-
സ്സിവിടെ ബലിയർപ്പിയ്ക്കൂമോരോ തുടിപ്പിനും!
പ്രണയമയചിന്തയാലോളമിളകുമെൻ-
വ്രണിതഹൃദയത്തിന്റെ ശോകാത്മകസ്വരം,
സ്ഫടികസലിലാകുലേ,വീർപ്പിടും മേലിൽ, നിൻ-
തടവിടപസഞ്ചയ-ച്ഛായാതലങ്ങളിൽ!! ....
                               12-2-1108