ആകർഷകോജ്ജ്വല സൌരഭ സൌഭഗ-
മാകെമാഞ്ഞീടുകിൽപ്പിന്നെ,
ആരെത്തിനോക്കുമൊന്നാവേശപൂർവ്വമ-
ന്നാരാമസൂനമേ, നിന്നെ?
ഏറെനാളേറെനാൽ നീണ്ടു നിൽക്കുന്നത-
ല്ലീരമ്യ വാസന്തഹാസം.
ശ്രീയുതചഞ്ചലൽപ്പത്രം വിരിച്ചതു
പോയിക്കഴിഞ്ഞതിൻശേഷം,
മാടിവിളിക്കിലുമെത്തില്ലരികിലാ
മായാസുഷമാവിശേഷം.
 കഷ്ട,മപൂർണ്ണതകൊണ്ടെന്തിനിങ്ങനെ
കെട്ടിപ്പടുത്തതീ ലോകം?
തൊട്ടുപോയാൽമതി കാലമാക്കൈകൊണ്ടു
പൊട്ടിത്തകർന്നതു വീഴാൻ,
നാമാരു?-നാളേക്കു നാമ്പറ്റടിയേണ്ട
നാലഞ്ചു നെല്ലോല മാത്രം!
ഇല്ല, ഞാനയേ്യാ, തുടർന്നീടുകില്ലെന്റെ
പല്ലവി ഞാനിങ്ങു നിർത്താം.
വേദന തോന്നും മനസ്സിനിമ്മട്ടെഴും
വേദാന്ത ചിന്തയ്ക്കു പോയാൽ
 അത്രയ്ക്കു പൂർണ്ണവും ശൂന്യവുമാകിലെ-
ന്തെത്ര മധുരമീ ലോകം!
ആരും കൊതിക്കുമാറാകർഷകാഭമാ-
യാരാമമേ, നീ ചിരിപ്പൂ!
ഏകന്തഹൃത്തിൽ നീ ഗൂഢമായ്ലാളിച്ച
മൂകാഭിലാഷങ്ങൾപോലെ,
മിന്നിവിടർന്നൊളി ചിന്നി നിലയ്ക്കുന്നിതെൻ
മുന്നിൽ പല പല പൂക്കൾ.
ഇങ്ങുവന്നിട്ടൊരു പാട്ടൊന്നു പാടിടാ-
തെങ്ങനെ പൂങ്കുയിൽ പോകും?
സ്വപ്നസമാനമൊരോമൽ പരിമളം
സ്വർഗ്ഗം രചിപ്പതോ ചുറ്റും
ശാന്തി,സമസ്തവും ശാന്തി-കിഴക്കതാ
പൂന്തിങ്കൾ പൊങ്ങിത്തുടങ്ങി.
കാലടിവെച്ചുവെച്ചന്തിച്ചുകപ്പതാ
ചേലിലകലുകയായി.
പുഷ്പിതമായിക്കഴിഞ്ഞിതെൻ ചിത്തവും
പുഷ്കലവ്യോമവുമൊപ്പം.
മുന്നിൽ നിലാവും നിഴലുമിടതിങ്ങി
മിന്നുകയാണി പ്രപഞ്ചം
മന്ദമാ മഞ്ഞും നിലാവിന്റെ നെറ്റിയിൽ
ചന്ദനം ചാർത്തുവാനെത്തി.
സുന്ദരം, സുന്ദരം, സ്വർഗ്ഗസമൃദ്ധിതൻ
മന്ദിരം തന്നെയീ ലോകം!
 ഇത്രയും കാലമിതോർക്കാതെയെന്തിനു
തപ്തബാഷ്പത്തിൽ ഞാൻ മുങ്ങി?
നൊന്തുനൊന്തങ്ങനെ തപ്പിത്തടഞ്ഞു ഞാ-
നെന്തിനിക്കെന്നിട്ടു കിട്ടി?-
ചേലറ്റു ചേറിൽപ്പുതഞ്ഞുള്ളതാം വെറും
നാലഞ്ചു ചിപ്പികൾ മാത്രം!
കോടിക്കണക്കിനു രക്തനങ്ങൾ നിന്നതാ
മാടിവിളിക്കയാണെന്നെ.
തുള്ളിത്തുളുമ്പും കുളുർമയാൽപ്പുൽകുന്നു,
വെള്ളിനീരാഴി വന്നെന്നെ.
അല്ല, സംതൃപ്ന,ല്ലുഗനൈരാശ്യമേ,
വെല്ലുവിളിപ്പൂ ഞാൻ നിന്നെ.
 ഉള്ളലിവില്ലാതസൂയയാ,ലെൻ മുന്നിൽ
മുക്ക്ക്കുവിതയ്ക്കും ജഗത്തേ,
പാടില്ലൊരിക്കലും നീയുണർന്നീടുവാൻ
പാടില്ല, യെന്നുള്ളമട്ടിൽ
മിത്ഥ്യാപവാദങ്ങൾ കൊണ്ടെന്റെ മസ്തകം
തച്ചുതകർക്കും ജഗത്തേ,
നർമ്മ സഖാക്കളായൊന്നിച്ചിതുവരെ-
ത്തമ്മിൽ കഴിഞ്ഞവർപോലും
ബദ്ധശത്രുക്കളെപ്പോൽ പെരുമാറുമാ-
റത്ര ദുഷിച്ച ജഗത്തേ.
ആത്മാർത്ഥതയുമായ് ഞാനടുത്തീടുമ്പോ-
ളാത്മാവെരിക്കും ജഗത്തേ;-
ഇല്ല, വിടില്ലൊരു കൈയൊന്നു നോക്കാതെ-
വെല്ലുവിളിപ്പൂ ഞാൻ നിന്നെ!
 നിന്നപവാദ ശരങ്ങൾകൊണ്ടെന്നെ നീ
നിന്ദിതനാക്കുവാൻ നോക്കൂ;
നിന്നഖിലോൽക്കട ശക്തിയുമൊത്തിയ
ന്നെന്നെച്ചവിട്ടി നീ താഴ്ത്തൂ!
സഞ്ജനിതോന്മദം നിന്മീതെയപ്പോഴു-
മെൻ ജയപ്പൊൻകൊടി പാറും!
ജാതനായ്ത്തീർന്നതു ഞാനിരുൾ മൂടിയ
പാതാളഗർത്തത്തിലാകാം;
എങ്കിലും മേലോട്ടുയർന്നു ഞാൻ താരക-
പ്പൊങ്കതിർപ്പൂക്കളെപ്പുൽകും!
 ഓമൽസ്സഖാക്കളേ, നിങ്ങളോടു കനി-
ഞ്ഞോതാനെനിക്കുണ്ടൊരൽപം,
നിർദ്ദയം, കഷ്ടം,വികൃതപ്പെടുത്തിയെൻ
നിസ്വാർത്ഥ സേവനം നിങ്ങൾ.
എങ്കിലും നിങ്ങൾക്കുമാവുകില്ലായതിൻ
തങ്കപ്രകാശം മറയ്ക്കാൻ.
നാനാപവാദങ്ങൾ നിങ്ങൾ ചൊരിഞ്ഞവ
നാളത്തെ ലോകം മറക്കും;
ഇന്നീ ജയമാല ചാർത്തിനിൽക്കും നിങ്ങ-
ളൊന്നോടെ വിസ്മൃതരാകും.
കൽപാന്തമാവോളമെന്മന സ്പന്ദന-
സ്വപ്നങ്ങൾ മൊട്ടിട്ടു നിൽക്കും.
സത്യം ചൊരിയും വെളിച്ചത്തിൽ ഞാനൊരു
നിത്യ പ്രചോദനമാകും
മാമക നാമത്തിൽ നിങ്ങൾ വീശിടുമീ
മാറാലയൊക്കെയും മാറും
കാലം കരാംഗുലിയാലിഴക്കെട്ടുകൾ
ചേലിലൊന്നൊന്നായി മാറ്റും!
മാമക യാഥാർത്ഥ്യ, മമ്മട്ടനുപമ-
മാണിക്യരശ്മികൾ വീശും.
അല്ലലില്ലിന്നെനിക്കാകയാൽ-തോഴരേ,
വല്ലാത്തവിഢ്ഢികൾ നിങ്ങൾ!
തെല്ലുമേ ഗർവില്ല, നുകമ്പയാണെനി-
ക്കുള്ളതു, നിങ്ങളോടിന്നും!
 ഇസ്സമരത്തി,ലൊടുവിൽ, ജയലക്ഷ്മി
മത്സമീപത്തു വന്നെത്തി,
മന്ദാരമാല്യമെൻ കണ്ഠത്തിൽച്ചാർത്തുമ്പോൾ
മന്ദഹസിക്കണേ നിങ്ങൾ!....