സൗന്ദര്യനിരീക്ഷണം/ചിത്രകലയും കാവ്യകലയും

സൗന്ദര്യനിരീക്ഷണം (ലേഖനം)
രചന:എം.പി. പോൾ
ചിത്രകലയും കാവ്യകലയും
[ 27 ]
ചിത്രകലയും കാവ്യകലയും


സുകുമാരകലകളുടെയെല്ലാം ലക്ഷ്യം ഒന്നുതന്നെ. സത്യത്തേയും നന്മയേയും സൗന്ദര്യത്തേയും ഏകീകരിക്കുന്ന സംസ്കാരികമൂല്യത്തെ കലാകാരന്റെ വ്യക്തിമുദ്രയോടുകൂടി ഉചിതരൂപങ്ങളിൽ ആവിഷ്കരിക്കുക- ഇതാണ് അവയുടെയെല്ലാം പരമോദ്ദേശ്യം. ഏതു കലയ്ക്കാണ് മേന്മയെന്നുള്ളത് ഒരു തീരാവാദമാണ്. സാഹിത്യത്തിനാണ് ഉത്കർഷമെന്ന് സാഹിത്യകാരൻ പറയും: ചിത്രകലയ്ക്കാണ് മേന്മകൂടുതലെന്നു ചിത്രകാരനും പറയും. മനുഷ്യവർഗ്ഗത്തിന്റെ നിയമകർത്താവും സംസ്കാരത്തിന്റെ മുന്നോടിയുമാണ് കവി എന്നു ഷെല്ലി പറയുന്നു. നേരേമറിച്ച്, ലിയോണാർഡോ ഡാവിഞ്ചി (Leonardo da Vinci) പറയുന്നത് ഇപ്രകാരമാണ്: "ചിത്രകലയെ അധിക്ഷേപിക്കുന്നവർ പ്രപഞ്ചത്തെക്കുറിച്ചുള്ള മൌലികവും ഉത്കൃഷ്ടവുമായ ഒരു ആദർശത്തെയാണ് അധിക്ഷേപിക്കുന്നത്. ചിത്രകല പ്രകൃതിയുടെ പുത്രി അഥവാ, പൗത്രി ആണെന്നു പറയാം. ആസ്തിക്യമുള്ള ഏതും പ്രകൃതിയിൽനിന്നു ജനിച്ചതാണ്. പ്രകൃതിയുടെ സന്താനമായ മനുഷ്യന്റെ സർഗ്ഗവിശേഷമാണ് ചിത്രകല. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ചിത്രകല പ്രകൃതിയുടെ പൗത്രിയും ഈശ്വരന്റെ സംബന്ധിയുമാണെന്ന്. ചിത്രകലയെ അപലപിക്കുന്നവർ പ്രകൃതിയെയാണ് അപലപിക്കുന്നത്."

ഏതു കലയ്ക്കാണ് ഉത്കർഷമെന്നുള്ള വിതണ്‌ഡാവാദത്തിൽ പ്രവേശിക്കുന്നതിനേക്കാൾ നല്ലത് ഉപകരണവൈജാത്യത്താൽ ഓരോ കലയ്ക്കും സിദ്ധമാകുന്ന ഗുണവിശേഷമെന്താണെന്ന് അന്വേഷിക്കുകയാകുന്നു. ശബ്ദാർത്ഥരൂപമായ കാവ്യത്തിനു സാധിക്കാത്ത ചിലകാര്യങ്ങൾ വർണ്ണരേഖാരൂപമായ ചിത്രകലയ്ക്ക് പ്രകാശിപ്പിക്കാൻ കഴിയും. കാവ്യം ഏതെങ്കിലുമൊരു ഭാഷയിൽ കുടുങ്ങിക്കിടക്കുന്നതുകൊണ്ട് ആ ഭാഷ സംസാരിക്കുന്ന ആളുകൾക്കുമാത്രമേ അതു പ്രയോജനെപ്പെടുന്നുള്ളു. എന്നാൽ ചിത്രകാരന്റെ ഭാഷ സാർവ്വജനീനമാണ്. കണ്ണുള്ളവർക്കെല്ലാം അതു നിഷ്പ്രയാസം ഗ്രഹിക്കാം. ഡാന്റിയുടെ കവിത ഇറ്റാലിയൻഭാഷ പഠിച്ചിട്ടുള്ളവർക്കു മാത്രമേ ആസ്വദിക്കുവാൻ സാധിക്കുകയുള്ളൂ. എന്നാൽ റഫേലിന്റേയും [ 28 ] ലിയൊണാർഡോവിന്റേയും ആലേഖ്യവൈദഗ്ദ്ധ്യം മനസ്സിലാക്കുവാൻ ഇറ്റാലിയൻ പഠിക്കേണ്ട. ചിത്രകലയ്ക്കുള്ള സാർവ്വത്രികത്വം യാതൊരു ഭാഷയ്ക്കും ലോകത്തിൽ കൈവന്നിട്ടില്ല.

ഉപകരണവിശേഷംകൊണ്ടു ചിത്രകലയ്ക്കു സംഭവിച്ചിട്ടുള്ള ഒരു ന്യൂനത കാലപരിമിതിയാണ്. ഒരേയൊരു നിമിഷം മാത്രമേ ഒരു ചിത്രത്തിൽ പ്രകാശിപ്പിക്കുവാൻ നിവൃത്തിയുള്ളൂ. കവിക്കു കാലപാരതന്ത്ര്യമില്ലാത്തതുകൊണ്ട്, ഒരു കഥ ആദ്യം‌മുതൽ അവസാനംവരെ കാലക്രമത്തിലോ മറിച്ചോ പ്രതിപാദിക്കുവാൻ അയാൾക്കു പൂർണ്ണസ്വാതന്ത്ര്യമുണ്ട്. എന്നാൻ ചിത്രകാരന് ആ കഥയിലുള്ള ഒരു വിശിഷ്ടനിമിഷത്തിലെ അനുഭവം മാത്രം തിരഞ്ഞെടുക്കുകയേ നിർവ്വാഹമുള്ളൂ. നൈമിഷികമായതിനെ അയാൾ കലാരൂപത്തിൽ ശാശ്വതപ്രായമാക്കുന്നു. കാവ്യത്തിലെ പാത്രങ്ങൾ കാലപരിണാമമനുസരിച്ചു വൃദ്ധിക്ഷയങ്ങൾ പ്രാപിക്കുമ്പോൾ ചിത്രകാരന്റെ പാത്രം കാലഗതികൾക്കതീതമായി നിലകൊള്ളുന്നു. ഇക്കാര്യത്തിൽ ചിത്രകലയ്ക്കും ശില്പകലയ്ക്കും സാധർമ്മ്യമുണ്ട്. ഒരു യവനശില്പത്തെ നോക്കി കീറ്റ്സ് (Keats) എന്ന ആംഗലകവി പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരണീയമാണ്. പ്രേയസിയെ ചുംബിക്കുവാനായുന്ന കാമുകനെ നോക്കി കവി പറയുകയാണ്: "അല്ലയോ കാമുകാ, നിന്റെ ലക്ഷ്യത്തോടു നീ വളരെ അടുത്തിട്ടുണ്ടെങ്കിലും നിനക്ക് ഒരിക്കലും, ഒരിക്കലും അവളെ ചുംബിക്കുവാൻ സാധിക്കയില്ല. എന്നാലും വിഷാദപ്പെടേണ്ട. നിനക്ക് അഭീഷ്ടസിദ്ധിയുണ്ടാവുകയില്ലെങ്കിലും അവളുടെ സൗന്ദര്യം മാഞ്ഞുപോകയില്ല. നീയെന്നും ഇങ്ങനെ സ്നേഹിക്കയും അവളെന്നും ലാവണ്യവതിയായിരിക്കയും ചെയ്യും." ശില്പത്തിലെ രൂപങ്ങളെക്കുറിച്ചെന്നപോലെ ചിത്രകലയെക്കുറിച്ചും ഈ പ്രസ്താവം സാധുവാണ്. നാനൂറു കൊല്ലത്തോളം പ്രായമുള്ള മോണാലിസ്സാ (Mona Lisa) ഇന്നും യുവതിയാണ്. അവളുടെ ആ കള്ളപ്പുഞ്ചിരി ഇന്നും മാഞ്ഞുപോയിട്ടില്ല. എന്നാൻ ആ പുഞ്ചിരി അവിടെ വരാണുള്ള കാരണമെന്തെന്നോ അതിനും മുൻപും പിൻപും ആ മുഖത്ത് ഏതെല്ലാം ഭാവവിശേഷങ്ങൾ സ്ഫുരിച്ചിട്ടുണ്ടെന്നോ നമുക്കറിയാൻ യാതൊരു മാർഗ്ഗവുമില്ല. ഒരു കവിതയിലാണെങ്കിൽ ഇവയെല്ലാം വിശദീകരിക്കാൻ സൗകര്യമുണ്ട്.

ചിത്രകലയും കാവ്യകലയും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പ്രസിദ്ധ ജർമ്മൻ‌നിരൂപകനായ ലെസിംഗ് (Lessing) പ്രസ്താവിച്ചിട്ടുള്ളത് ഇവിടെ ഉദ്ധരിക്കാം: "ചിത്രത്തിന്റെ ഭാഷ സ്ഥലത്തിൽ നിലകൊള്ളുന്ന രേഖകളും വർണ്ണങ്ങളുമാണ്. കാവ്യത്തിന്റെ ഭാഷയാകട്ടെ കാലത്തിൽ നിലകൊള്ളുന്ന അർത്ഥവത്തായ ശബ്‌ദസമൂഹമാണ്. വസ്തുവും ഛായയും തമ്മിൽ പരസ്പരബന്ധമുണ്ടെന്നും അവ ഒരേ സാമാന്യനിയമത്തിനു വിധേയമാണെന്നുമുള്ളത് തർക്കമറ്റ സംഗതിയായതുകൊണ്ട്, ഏകകാലത്തു നിലകൊള്ളുന്ന ഛായകൾ, ഏകകാലത്ത് നിലകൊള്ളുന്ന വസ്തുക്കളെ, അഥവാ [ 29 ] ഏകകാലത്തിലുള്ള അംശങ്ങൾ ചേർന്ന വസ്തുക്കളെ മാത്രമേ പ്രതിബിംബിക്കയുള്ളു. കാലക്രമത്തിനുള്ള ഛായകൾ കാലക്രമത്തിൽ സംഭവിക്കുന്ന വസ്തുതകളെ അഥവാ കാലക്രമത്തിൽ സംഭവിക്കുന്ന അംശങ്ങൾ ചേർന്നുള്ള വസ്തുതകളെ മാത്രമേ പ്രതിപാദിക്കയുള്ളൂ. സ്ഥലനിബദ്ധമായി നിലകൊള്ളുന്ന വസ്തുക്കൾ ജഡങ്ങളാണു്. തന്മൂലം ദൃശ്യമായ ഗുണങ്ങളോടുകൂടിയ ജഡങ്ങളാണു് ചിത്രകലയുടെ പ്രതിപാദ്യവിഷയം. നേരെമറിച്ചു്, കലാക്രമത്തിലുള്ള വസ്തുതകൾ അഥവാ കാലക്രമത്തിൽ പ്രത്യക്ഷപ്പെടുന്ന അംശങ്ങൾ ചേർന്നുള്ള വസ്തുതകൾ സംഭവങ്ങൾ എന്നു വിളിക്കപ്പെടുന്നു. തന്നിമിത്തം സംഭവങ്ങളാണ് കാവ്യത്തിനു പ്രത്യേകം പ്രതിപാദ്യമായ വിഷയം. എന്നാൽ എല്ലാ ജഡങ്ങളും സ്ഥലത്തിൽ മാത്രമല്ല, കാലത്തിലും നിലകൊള്ളുന്നുണ്ട്. കാലക്രമത്തിലുള്ള അവയുടെ നിലനില്പിന്റെ ഓരോനിമിഷത്തിലും അവ മാറിക്കൊണ്ടിരിക്കുന്ന ഗുണവിശേഷങ്ങൾ പ്രത്യക്ഷപ്പെടുത്തുകയും പരിതഃസ്ഥിതികളോടുള്ള അവയുടെ ബന്ധം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. മാറിമാറിക്കൊണ്ടിരിക്കുന്ന ഓരോഭാവവും നൈമിഷികമായ ഓരോ ബന്ധവും കഴിഞ്ഞുപോയ ഒരവസ്ഥയിൽനിന്ന് ഉത്പന്നമാകുകയും അടുത്തുവരുന്ന അവസ്ഥയ്ക്കു കാരണമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട് ചിത്രകലയ്ക്കു വിഷയമാകുന്ന പരിമിതവും നൈമിഷികവുമായ ആ ഭാവം കാലക്രമത്തിൽ സംഭവിക്കുന്ന പലഭാവങ്ങളുടെ കേന്ദ്രമാണെന്നു പറയാം. ഇപ്രകാരം ചിത്രകലയ്ക്കും സംഭവങ്ങളെ വ്യഞ്ജിപ്പിക്കുവാൻ കഴിയും. പക്ഷേ, ഇതു വസ്തുക്കളുടെ ക്ഷണഭംഗുരമായ അവസ്ഥയിൽനിന്നും അവസ്ഥാന്തരങ്ങളെപ്പറ്റിയുള്ള സാമാന്യജ്ഞാനത്തിന്റെ സൂചനയിൽനിന്നും സാധിക്കുന്ന പരോക്ഷമായ ഒരു വ്യഞ്ജനം മാത്രമാണ്. നേരേമറിച്ച്, സംഭവങ്ങൾക്കു സ്വതഃസിദ്ധവും അവിഭക്തവുമായ അസ്തിത്വമില്ല. അവ ജീവികളോടു ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ജീവികൾ ജഡികങ്ങളാണെങ്കിൽ കാവ്യത്തിന് അവയുടെ ജഡികരൂപങ്ങൾ വർണ്ണിക്കേണ്ടതായി വരുന്നു. എന്നാൽ ഈ വർണ്ണന നേരിട്ടുള്ള വണ്ണനയല്ല. ചലനത്തെയോ സംഭവങ്ങളിലുള്ള അവസ്ഥാന്തരങ്ങളെയോ സൂചിപ്പിക്കുകമാത്രമാണ് കവി ചെയ്യുന്നത്."

ലെസ്സിംഗിന്റെ ഈ വ്യതിരേകത്തിൽ നിന്നും നാം മനസ്സിലാക്കെണ്ടത് കാവ്യത്തിനും ചിത്രത്തിനും വിഭിന്നമണ്ഡലങ്ങളുണ്ടെന്നാണ്. കാലക്രമത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുതകളാണ് കാവ്യത്തിനു പ്രത്യേകമായുള്ള പ്രതിപാദ്യമണ്ഡലം. സ്ഥലനിബദ്ധമായ നിശ്ചലാവസ്ഥകളെ കാവ്യത്തിനു വർണ്ണിക്കുവാൻ സാധിക്കുകയില്ലെന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. പക്ഷേ കാവ്യം അതിനു പുറപ്പെടുന്നപക്ഷം ചിത്രകലയോടു മത്സരിക്കുകയാണ് ചെയ്യുന്നത്. ഈ മത്സരത്തിൽ കാവ്യം പരാജയമടയുകയേയുള്ളു. [ 30 ] നിശ്ചലാവസ്ഥയുടെ വർണ്ണനയിൽ എത്ര വന്നാലും ചിത്രത്തിനുള്ള സ്ഫുടതയും യാഥാർത്ഥ്യപ്രതീതിയും കാവ്യത്തിനുണ്ടാകയില്ല. വള്ളത്തോളിന്റെ പ്രസിദ്ധമായ ഒരു തൂലികാചിത്രം നോക്കുക:

ആലസ്യമാണ്ട മുഖമൊട്ടു കുനിച്ചു വേർത്ത-

ഫാലസ്ഥലം മൃദുകരത്തളിർകൊണ്ടു താങ്ങി
ചേലഞ്ചിമിന്നുമൊരു വെൺകുളിർകൽത്തറയ്ക്കു-
മേലങ്ങു ചാരുമുഖി ചാരിയിരുന്നിടുന്നു.

വാക്കുകൾകൊണ്ടു വരയ്ക്കാവുന്നത്രയും സ്ഥുടമായി കവി ഈ ചിത്രം വരച്ചിട്ടുണ്ടു്; ശരിതന്നെ. എന്നാൽ ഈ നിശ്ചലാവസ്ഥ ചിത്രീകരിക്കുവാൻ വർണ്ണങ്ങൾക്കും രേഖകൾക്കുമാണു് കൂടുതൽ കഴിവുള്ളതു്. വാസവദത്ത ആദ്യം പ്രത്യക്ഷപ്പെടുന്ന ആ ഇരിപ്പിന്റെ വർണ്ണനയിലും, മിക്ക മഹാകാവ്യങ്ങളിലും കാണുന്ന പ്രത്യംഗവർണ്ണനകളിലും ‘നിറന്ന പീലികൾ നിരക്കേവേ കുത്തി’ എന്നു തുടങ്ങുന്ന ശ്രീകൃഷ്ണവർണ്ണനയിലും കവി ചിത്രകാരനെ വെല്ലുവിളിക്കയാണു ചെയ്യുന്നതു്. ഈ മത്സരത്തിൽ ചിത്രകാരനല്ല തോൽക്കുവാനെളുപ്പം. അതിന്റെ കാരണം കവിയുടെ പോരായ്കയൊന്നുമല്ല; നേരെമറിച്ചു്, പ്രതിപാദ്യവിഷയത്തിന്റെ നിശ്ചലാവസ്ഥയാണു്. സ്ഥലനിബദ്ധമായ ഒരു കലാരൂപത്തെ നാമെങ്ങനെയാണു് ഗ്രഹിക്കുന്നതു്? ആദ്യം നാം ആ കലാരൂപത്തിന്റെ അംശങ്ങളും അനന്തരം ആ അംശങ്ങളുടെ പരസ്പരസംയോഗവും പരിശോധിക്കുന്നു. ഒടുവിൽ ആ രൂപത്തെ നാം സാകല്യേന അവലോകനംചെയ്തു് അഭിനന്ദിക്കുന്നു. ഈ മൂന്നു വ്യാപാരങ്ങളും നമ്മുടെ നേത്രേന്ദ്രിയംകൊണ്ടു് ഒരുനിമിഷത്തിൽ സാധിക്കുന്നതിനാൽ ഇവ മൂന്നും ഒരേയൊരു വ്യാപാരമായി നമുക്കനുഭവപ്പെടുന്നു. ഈ ഏകീഭാവം കാവ്യത്തിൽ സാദ്ധ്യമല്ല. തുടർച്ചയായി ചെയ്യപ്പെടുന്ന ഒരു വർണ്ണനയിലെ വിവിധാംശങ്ങളെ സംയോജിപ്പിച്ചു് ഏകീകൃതമായ ഒരു ചിത്രത്തെ സങ്കല്പിക്കുവാൻ അനുവാചകന്റെ ബുദ്ധിക്കു് ഒട്ടേറെ ക്ലേശമുണ്ടു്. ഒരംശം ഗ്രഹിച്ചുകഴിയുമ്പോൾ മറ്റൊരംശം വിസ്മൃതകോടിയിലോ അർദ്ധവിസ്മൃതകോടിയിലോ ആണ്ടുപോകുന്നു. അതുകൊണ്ടാണു് ചിത്രകലയെ അപേക്ഷിച്ചു് കാവ്യത്തിലെ നിശ്ചലാവസ്ഥകളുടെ തൂലികാവർണ്ണന വേണ്ടത്ര ഏകീഭൂതവും പ്രസ്പഷ്ടവുമല്ലാതെവരുന്നതു്.

ഈ തത്ത്വം മഹാകവികൾക്കു നല്ല നിശ്ചയമുണ്ടായിരുന്നുവെന്നുള്ളതിനു ധാരാളം ലക്ഷ്യങ്ങളുണ്ടു്. ശാകുന്തളത്തിലെ അശ്വവർണ്ണനയും മറ്റും ഇതിനു ദൃഷ്ടാന്തമാണു്. അക്കില്ലസ്സിന്റെ (Achilles) ‘പരിച’ ഹോമർ വർണ്ണിക്കുന്നതു് മറ്റൊരു ദൃഷ്ടാന്തമാണു്. ആ പരിച മുന്നിൽ വച്ചുകൊണ്ടു് അതിന്റെ ഭിന്നഭിന്നാംശങ്ങളെ വർണ്ണിക്കുകയല്ല അദ്ദേഹം ചെയ്തിട്ടുണ്ടള്ളതു്. അപ്രകാരം ചെയ്തിരുന്നുവെങ്കിൽ ആ വർണ്ണന അസ്പഷ്ടവും നിർജ്ജീവവുമായിപ്പോകുമായിരുന്നു. എന്നാൽ ഹോമർ ആ പരിചയുടെ നിർമ്മാണചരിത്രം കാല [ 31 ] ക്രമത്തിൽ വർണ്ണിക്കുകയാണ്` ചെയ്യുന്നത്. നാം കാണുന്നത് പരിചയേയല്ല, ഒരു ദിവ്യശില്പ്പി ആപരിചയെ നിർമ്മിക്കുന്നതാണ്`. അദ്ദേഹത്തിന്റെ ചുറ്റികയുടെ ശബ്ദം നാം കേള്ക്കുന്നു. അസംസ്കൃതമായ ലോഹം ചുറ്റികയുടെ അടികൊണ്ട് നമ്മുടെ മുമ്പിൽ തെളിഞ്ഞുതെളിഞ്ഞുവരുന്നു. ആ പരിചയിൽ വാർത്തിട്ടുള്ള വിശിഷ്ടരൂപങ്ങൾ നമ്മുടെ മുമ്പിൽ ഉയർന്നുയർന്നുവരുന്നു. അങ്ങനെ ആ പരിച നാം നോക്കിനിൽക്കെത്തന്നെ ക്രമേണ പൂർണ്ണരൂപം കൊള്ളുന്നു.

മഗ്‌‌ദലനമറിയം കൃസ്തുനാഥനെ സമീപിക്കുന്ന ഘട്ടം ഉചിതവർണ്ണനയുടെ മറ്റൊരു ദൃഷ്ടാന്തമാണ്`. നിശ്ചലമായ ഒരു ചിത്രമല്ല കവി ഇവിടെ വരച്ചിട്ടുള്ളത്. ഒരു നദി സമുദ്രത്തെ പ്രാപിക്കുമ്പോൾ കടന്നുപോകുന്ന ഭൂവിഭാഗങ്ങളുടെ വൈവിധ്യം, മഗ്‌‌ദലനമറിയത്തിന്റെ ഭാവവിശേഷങ്ങൾ വർണ്ണിച്ചിരിക്കുന്നതിലും കാണാം.

'നളിനിയിൽ നിന്ന് വേറൊരു ദൃഷ്ടാന്തമെടുക്കാം:

ഒറ്റയായിടകുരുങ്ങിവാച്ച തൻ -

കറ്റവാർകുഴലു തൽപദങ്ങളിൽ
ഉറ്റരാഗമൊടടിഞ്ഞു കാൺകയാൽ
മുറ്റുമോർത്തു കൃതകൃത്യയെന്നവൾ.

ഉന്നിനിന്നു ചെറുതുൾക്കുരുന്നിനാൽ
ധന്യയെപ്പുനരനുഗ്രഹിച്ചുടൻ ,
പിന്നിലാഞ്ഞവളെ ഹസ്തസംജ്ഞയാ-
ലുന്നമിപ്പതിനുമോതിനാൻ യമി.

സ്‌‌പഷ്‌‌ടമാജ്ഞയതിനാലെ പൊങ്ങിയും
നഷ്ടചേഷ്ടതകലർന്നു തങ്ങിയും
കഷ്‌‌ടമായവിടെനിന്നെണീറ്റുതേ
ദൃഷ്‌‌ടയത്നദയനീയയായവൾ.

മാറില്നിന്നുടനഴിഞ്ഞ വല്`ക്കലം
പേറിയാശു പദരേണുതൊട്ടവൾ
കൂറൊടും തലയിൽ വെച്ചു, സാദരം
മാറിനിന്നു യമിതന്നെ നോക്കിനാൾ.

ഇവിടെയും മാറിമാറിക്കൊണ്ടിരിക്കുന്ന ഭാവവ്യത്യാസങ്ങളാണ്` നാം കാണുന്നത്. കവിത ഒരേടത്തും തങ്ങിനിൽക്കുന്നില്ല.

ചലനമാണ് കവിതയുടെ ജീവൻ. അത് ചിലപ്പോൾ മന്ദവും ചിലപ്പോൾ ശീഘ്രവുമായിരിക്കും. എന്നാൽ അതൊരു തടാകമായിപ്പരിണമിച്ചാൽ കവിത [ 32 ] അതിന്റെ വിശിഷ്ടസ്വഭാവം കൈവെടിയുകയും ചിത്രകലയുടെ മണ്ഡലത്തിൽ പ്രവേശിക്കുകയുമാണ്` ചെയ്യുന്നത്. വാസവദത്തയുടെ വർണ്ണനയെക്കുറിച്ച്, ' ഇതു ചിത്രത്തിലെഴുതിയതുപോലിരിക്കുന്നു' എന്നു ചിലർ പ്രശംസിച്ചുകേട്ടിട്ടുണ്ട്. അതേ! ചിത്രത്തിലെഴുതിയപോലെ ഇരിക്കുന്നു. പക്ഷെ, ചിത്രത്തിലെഴുതിയതല്ല. ചിത്രത്തിലെഴുതിയിരുന്നെങ്കിൽ വാസവദത്തയുടെ രൂപം കുറേകൂടി സ്‌‌പഷ്ടവും യാഥാർഥ്യപ്രതീതി ജനിപ്പിക്കുന്നതുമാകുമായിരുന്നു. അതായത്, കുമാരനാശാന് കവിതയിൽ എത്രമാത്രം പ്രാവീണ്യമുണ്ടോ അത്രമാത്രം പ്രാവീണ്യം ചിത്രകലയിൽ സമ്പാദിച്ചിട്ടുള്ള ഒരാൾ ആ ചിത്രം വരച്ചിരുന്നെങ്കിൽ !

കവിതയുടെ സ്വകീയമണ്ഡലത്തിൽ ചിത്രകലയ്‌‌ക്ക് അതിനോട് കിടപിടിക്കുവാൻ സാധിക്കുന്നതല്ല. കവിക്ക് ദൃശ്യലോകവും അദൃശ്യലോകലോകവും ഒന്നുപോലെ സ്വാധീനമാണ്`. അത്രതന്നെയല്ല; അദൃശ്യമായ മാനസികലോകത്തിലാണ്` അതു മിക്കപ്പോഴും സ്വഛന്ദം വിഹരിക്കുന്നത്. ദൃശ്യലോകത്തിന്റെ പരിമിതിക്കുള്ളിൽ ഒതുങ്ങിക്കിടക്കുന്ന ചിത്രകാരന് കവിയുടെ ഭാവനാലോകത്തിൽ പ്രവേശിക്കുക സാദ്ധ്യമല്ല. ചിത്രകാരന്` കല്`പ്പനാവൈഭവത്തേക്കാൾ പ്രയോഗസാമർഥ്യമാണ്` കൂടുതൽ വേണ്ടത്. അദ്ദേഹത്തിന്റെ വിഷയം നൂതനമായിരിക്കണമെന്നില്ല. മിക്ക ചിത്രകാരന്മാരും കവികളിൽ നിന്ന് ആശയം സ്വീകരിച്ചിട്ടുള്ളതയിക്കാണാം. ഇത് അവർക്കൊരു പോരായ്‌‌കയല്ല. സ്വീകരിച്ചിരിക്കുന്ന ആശയത്തിനു തങ്ങളുടെ പ്രയോഗപാടവംകൊണ്ട് ജീവൻ നൽകുകയാണ്` അവരുടെ മുഖ്യ കർത്തവ്യം. എന്നാൽ ഒരു കാവ്യത്തിൽ വാഗാർത്ഥങ്ങളുടെ പ്രയോഗവൈചിത്ര്യത്തേക്കാൾ ഒട്ടും അപ്രധാനമല്ലാത്ത ഒരു കാര്യമാണ്` കവികല്പനയുടെ നൂതനത്വം. ഒരു ചിത്രത്തെ ഉപജീവിച്ച് കവിതയെഴുതുന്നതു കവിക്കൊരു പോരായ്‌‌മയാണ്`. ചിത്രകാരൻ പ്രഖ്യാതമായ ഇതിഹാസങ്ങളെയും ചരിത്രങ്ങളെയും സുജ്ഞാതമായ പ്രകൃതിവിലാസങ്ങളെയുമാണ്` തന്റെ തൂലികയ്‌‌ക്ക് വിഷയമാക്കുന്നത്. എന്നാൽ ഒരു കവിക്ക് മുമ്പ് ആരും കേട്ടിട്ടില്ലാത്ത വിഷയത്തെ സ്വസങ്കല്പ്പത്തിൽനിന്ന് ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിഷയത്തിന്റെ നൂതനത്വം ചിത്രത്തിന്` ഒരു വിഘ്നവും കവിതയ്ക്ക് ഒരു ഭൂഷണവുമത്രേ. അരിസ്റ്റോട്ടിൽ തന്റെ ശിഷ്യനായ ഒരു ചിത്രകാരനോട് അലക്‌‌സാണ്ടറുടെ ജീവചരിത്രത്തിലെ സംഭവങ്ങളെ വിഷയീകരിച്ച് ചിത്രങ്ങൾ എഴുതുവാൻ ഉപദേശിച്ചതായി ഒരു ഐതിഹ്യമുണ്ട്. അലക്‌‌സാണ്ടറുടെ ജീവചരിത്രം പ്രഖ്യാതമായതുകൊണ്ടായിരിക്കണം അദ്ദേഹം അപ്രകാരം ഉപദേശിച്ചത്.

മാനുഷികവും അതിമാനുഷികവുമായ കഥാപാത്രങ്ങൾ ഇടകലർന്നുള്ള ഒരു സംഭവം കവിതയ്‌‌ക്ക് വിഷയമാകാമെങ്കിലും ഒരു ചിത്രകാരന്` അതു സ്വീകരിക്കുവാൻ നിവൃത്തിയില്ല. രാമരാവണയുദ്ധം സമഞ്ജസമായി ഏതു [ 33 ] ചിത്രത്തിലാണു പ്രകാശിപ്പിക്കാൻ കഴിയുക? പത്തു തലയുള്ള രാക്ഷസന്മാരേയും, നാലു തലയുള്ള ദേവന്മാരേയും, ആയിരം കണ്ണുള്ള ദേവന്മാരേയും നമുക്കു കവിയുടെ ഭാവനയിൽക്കൂടി ദർശിക്കാം. പക്ഷേ, ഒരു ചിത്രത്തിൽ ഈ പാത്രങ്ങൾ സ്ഥൂലഭാവം കൈക്കൊള്ളുമ്പോൾ കവിതയിൽനിന്നുളവാകുന്ന അനുഭവമല്ല നമുക്കുണ്ടാകുന്നത്. അനേകംപേർക്ക് ഇളക്കുവാൻപോലും സാധിക്കാത്ത് ഒരു വലിയ കല്ല് ഒരു ദേവി (Minearve) പൊക്കിയെടുത്ത് എറിയുന്നതും ആ ഏറുകൊണ്ട് യുദ്ധദേവനായ മാർസ് (Mars) നിലംപതിച്ച് ഏഴേക്കർ സ്ഥലം മുഴുവൻ വ്യാപിച്ചുകിടക്കുന്നതും ഹോമർ വർണ്ണിക്കുന്നുണ്ട്. ആ ദേവിയുടെ വലിപ്പം കൂട്ടിയാൽ ദേവിയുടെ ആകൃതി ബീഭത്സമാകുമെന്നു മാത്രമല്ല, ആ സംഭവം അദ്ഭുതാവഹമല്ലാതായിത്തീരുകയും ചെയ്യും. നേരേമറിച്ച് ദേവിയെ ഒരു സാധാരണ സ്ത്രീയെപ്പോലെ ചിത്രീകരിച്ചാൽ ദേവീരൂപവും കല്ലിന്റെ വലിപ്പവും തമ്മിൽ പൊരുത്തമില്ലാതായിത്തീരും.

എന്നാൽ കവിതയുടേ സങ്കല്‌പലോകത്തിൽ ഈവക പൊരുത്തക്കേടൊന്നുമില്ല. സ്ഥൂലവും സൂക്ഷ്‌മവും, ദൃശ്യവും അദൃശ്യവും, മാനുഷികവും അതിമാനുഷികവും കാവ്യലോകത്തിൽ പരസ്‌പരസ്‌പർദ്ധകൂടാതെ ഒന്നു ചേർന്നു വിഹരിക്കുന്നു. ചിത്രകാരന് ആ ലോകത്തിൽ എത്തിനോക്കുവാൻപോലും സാധിക്കില്ല.