മനുഷ്യാവകാശങ്ങളെക്കുറിക്കുന്ന പൊതുപ്രഖ്യാപനം

(Universal Declaration of Human Rights എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനുഷ്യാവകാശങ്ങളെക്കുറിക്കുന്ന പൊതുപ്രഖ്യാപനം (പൊതുരേഖകൾ)
അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപന രേഖ.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം

തിരുത്തുക

മനുഷ്യസമുദായത്തിന്റെ ജന്മസിദ്ധമായ അന്തസ്സും സമാവകാശവും ലോകത്തിൽ സ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവയുടെ സ്ഥാപനത്തിന് അടിസ്ഥാനമായിരിക്കുന്നതിനാലും മനുഷ്യാവകാശങ്ങളെ വകവെക്കാത്തതുകൊണ്ട് മനംമടുപ്പിക്കുന്ന ക്രൂരസംഭവങ്ങളുണ്ടാകുന്നതിനാലും സർവ്വതോമുഖമായ സ്വാതന്ത്ര്യവും സമൃദ്ധിയും മനുഷ്യന് അനുഭവിക്കാവുന്ന ഒരു പുതുലോകത്തിന്റെ സ്ഥാപനമാണ് പൊതുജനങ്ങളുടെ ആഗ്രഹമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതിനാലും ഹിംസാമാർഗ്ഗം സ്വീകരിക്കാതിരിക്കണമെങ്കിൽ മനുഷ്യാവകാശങ്ങളെ നിയമാനുസൃതമായി വകവെച്ചുകൊടുക്കേണ്ടതാണെന്നുള്ളതിനാലും രാഷ്ട്രങ്ങൾ തമ്മിൽ സൗഹാർദ്ദം പുലർത്തേണ്ടതാണെന്നുള്ളതിനാലും ഐക്യരാഷ്ട്ര ജനത അവരുടെ കരാറിൽ സ്ത്രീപുരുഷസമത്വത്തെക്കുറിച്ചും മനുഷ്യരുടെ മൗലികാവകാശങ്ങളെക്കുറിച്ചും ജീവിതരീതി നന്നാക്കുന്നതിനെക്കുറിച്ചും ഒന്നുകൂടി ഊന്നിപ്പറഞ്ഞിരിക്കുന്നതിനാലും മനുഷ്യാവകാശങ്ങളേയും മൗലിക സ്വാതന്ത്ര്യത്തേയും അന്യോന്യം ബഹുമാനിച്ചുകൊള്ളാമെന്ന് ഐക്യരാഷ്ട്രസമിതിയിലെ അംഗങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നതിനാലും ഈ അവകാശങ്ങളേയും സ്വാതന്ത്ര്യബോധത്തേയും കുറിച്ച് പൊതുവായി അന്യോന്യം മനസ്സിലാക്കുന്നത് മേല്പറഞ്ഞ വാഗ്ദാനത്തെ സഫലമാക്കുന്നതിന് മനുഷ്യാവകാശങ്ങളെ കുറിക്കുന്ന ഈ പൊതുപ്രഖ്യാപനത്തെ ഒരു പ്രമാണമായി കരുതി ഏതൊരു വ്യക്തിക്കും സംഘടനക്കും അവരുടെ പ്രയത്നം കൊണ്ട് മനുഷ്യാവകാശങ്ങളെ ബഹുമാനിച്ച് വകവെച്ചുകൊടുക്കുവാൻ യത്നിക്കേണ്ടതാണ്. ക്രമേണ രാഷ്ട്രീയവും അന്തർരാഷ്ട്രീയവുമായ പ്രവർത്തനങ്ങളെക്കൊണ്ട് ഈ പ്രഖ്യാപനത്തിലടങ്ങിയിരിക്കുന്ന അവകാശങ്ങളെ ഐക്യരാഷ്ട്രസംഘടനയിലെ അംഗങ്ങളെക്കൊണ്ടും അവരുടെ അധികാരത്തിലിരിക്കുന്ന ജനങ്ങളെക്കൊണ്ടും ഫലപ്രദമാക്കത്തക്ക രീതിയിൽ അംഗീകരിക്കുവാൻ ശ്രമിക്കേണ്ടതുമാണ്.

വകുപ്പ് 1

തിരുത്തുക

മനുഷ്യരെല്ലാവരും തുല്യാവകാശങ്ങളോടും അന്തസ്സോടും സ്വാതന്ത്ര്യത്തോടുംകൂടി ജനിച്ചിട്ടുള്ളവരാണ്. അന്യോന്യം ഭ്രാതൃഭാവത്തോടെ പെരുമാറുവാനാണ് മനുഷ്യന് വിവേകബുദ്ധിയും മനസ്സാക്ഷിയും സിദ്ധമായിരിക്കുന്നത്.

വകുപ്പ് 2

തിരുത്തുക

ജാതി, മതം, നിറം, ഭാഷ, സ്ത്രീപുരുഷഭേദം, രാഷ്ട്രീയാഭിപ്രായം, സ്വത്ത്, കുലം എന്നിവയെ കണക്കാക്കാതെ ഈ പ്രഖ്യാപനത്തിൽ പറയുന്ന അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും സർവ്വജനങ്ങളും അർഹരാണ്.

ഒരു വ്യക്തി ഉൾപ്പെടുന്ന രാജ്യത്തിന്റേയോ പ്രദേശത്തിന്റേയോ (സ്വതന്ത്രമോ, പരിമിതഭരണാധികാരത്തോടുകൂടിയതോ ഏതുമാകട്ടെ) രാഷ്ട്രീയമായതോ അധികാരാതിർത്തിപരമായതോ അന്താരാഷ്ട്രമായതോ ആയ സ്ഥിതിയെ അടിസ്ഥാനമാക്കി ഈ പ്ര്യഖ്യാപനത്തിലെ അവകാശങ്ങളെ സംബന്ധിച്ചടുത്തോളം യാതൊരു വ്യത്യാസവും യാതൊരാളോടും കാണിക്കുവാൻ പാടുള്ളതല്ല.

വകുപ്പ് 3

തിരുത്തുക

എല്ലാവർക്കും ജീവിക്കാനും സ്വാതന്ത്ര്യത്തിനും വ്യക്തിസുരക്ഷക്കും ഉള്ള അവകാശമുണ്ട്.

വകുപ്പ് 4

തിരുത്തുക

യാതൊരാളേയും അടിമയാക്കി വെക്കുവാൻ പാടില്ല. ഏതൊരു വിധത്തിലുള്ള അടിമത്വത്തേയും അടിമവ്യാപാരത്തേയും തടയേണ്ടതാണ്.

വകുപ്പ് 5

തിരുത്തുക

പീഡനത്തിനോ ക്രൂരമോ പൈശാചികമോ അവമാനകരമോ ആയ പെരുമാത്തിനോ ശിക്ഷയ്‌ക്കോ ആരെയും വിധേയരാക്കരുത്.

വകുപ്പ് 6

തിരുത്തുക

ഏതൊരാൾക്കും ഏതൊരു സ്ഥലത്തും നിയമത്തിന്റെ ദൃഷ്ടിയിൽ ഒരു വ്യക്തിയെന്നുള്ള അംഗീകാരത്തിനുള്ള അവകാശമുണ്ട്.

വകുപ്പ് 7

തിരുത്തുക

നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. യാതൊരു ഭേദവും കൂടാതെ നിയമത്തിന്റെ പരിരക്ഷക്ക് എല്ലാവരും അർഹരാണ്.  ഈ പ്രഖ്യാപനത്തെ ലംഘിച്ചുകൊണ്ടുള്ള ഏതൊരു വിവേചനത്തിനും അങ്ങനെയുള്ള വിവേചനങ്ങൾക്കായുള്ള പ്രേരണയ്‌ക്കുമെതിരെ  എല്ലാവർക്കും തുല്യരക്ഷക്ക് അർഹതയുണ്ട്.

വകുപ്പ് 8

തിരുത്തുക

ഭരണഘടനയാലോ നിയമത്താലോ സമ്മതിക്കപ്പെട്ട മൗലികവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ നിയമാനുസൃതമായ പ്രതിവിധി തേടാനുള്ള  അവകാശം എല്ലാവർക്കും ഉണ്ടായിരിക്കുന്നതാണ്.

വകുപ്പ് 9

തിരുത്തുക

കാരണം കൂടാതെ യാതൊരാളെയും അറസ്റ്റ് ചെയ്യാനോ തടവിൽ വെക്കാനോ നാടുകടത്താനോ പാടുള്ളതല്ല.