പരിഭാഷ:ഞാനെന്തുകൊണ്ടാണ് നാസ്തികനായിരിക്കുന്നത്?

(Why I am an atheist? എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഞാനെന്തുകൊണ്ടാണ് നാസ്തികനായിരിക്കുന്നത്?  (1930) 
രചന: ഭഗത് സിംഗ്, സ്പഷ്ടമായി തെളിവുള്ള ഇംഗ്ലീഷ് ഭാഷാ കൃതിയിൽനിന്നും വിക്കിഗ്രന്ഥശാല പരിഭാഷപ്പെടുത്തിയത്

പുതിയൊരു ചോദ്യം നേരിടേണ്ടി വന്നു. "സർവ്വശക്തനും, സർവ്വവ്യാപിയും, സർവ്വജ്ഞനുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കാത്തത് പൊങ്ങച്ചം കാണിക്കാനാണോ?" എന്നാണത്. ഇത്തരമൊരു ചോദ്യം നേരിടേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്റെ ചില സുഹൃത്തുക്കളോടുള്ള ചെറുബന്ധത്തിനിടെ, നാസ്തികനാണെന്ന് വീമ്പിളക്കാനാവും എന്നതും, എന്റെ ദൈവനിരാസത്തിന് കാരണമായി എന്ന് അവരിൽ ചിലർ കരുതുന്നു, എന്നൊരു സൂചന സംഭാഷണത്തിനിടയിൽ എനിക്ക് കിട്ടി. പ്രശ്നം ഗുരുതരമാണ്. ഞാൻ അമാനുഷികനൊന്നുമല്ല. ഞാൻ വെറുമൊരു മനുഷ്യനാണ്. ആർക്കും കൂടുതൽ അവകാശപ്പെടാനാവില്ല. ഈ ബലഹീനത എനിക്കുമുണ്ട്. മേനിനടിക്കൽ എന്റെ സ്വഭാവത്തിന്റെ ഒരു ഭാഗമാണ്. സഖാക്കൾക്കിടയിൽ ഞാൻ പലപ്പോഴും ഏകാധിപതി എന്ന് വിളിക്കപ്പെട്ടിട്ടുണ്ട്. എന്റെ ചങ്ങാതി ബി.കെ. ദത്ത് വരെ എന്നെ അങ്ങനെ വിളിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ സ്വേച്ഛാധിപതി ആണെന്ന് കുറ്റപ്പെടുത്തപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരിൽ ഞാൻ അഭിപ്രായം അടിച്ചേൽപ്പിക്കുന്നുവെന്നും, സ്വന്തം നിർദ്ദേശങ്ങൾ സ്വീകരിപ്പിക്കുന്നുവെന്നും ചില സുഹൃത്തുക്കൾ ഗൗരവത്തോടെ തന്നെ പരാതിപ്പെട്ടിട്ടുണ്ട്. ഞാൻ നിരാകരിക്കുന്നില്ല, ഇതൊരു പരിധി വരെ ശരിയാണ്. ഇത് അഹംഭാവത്തിന് കാരണമായേക്കാം. ഞങ്ങളുടെ രീതി, മറ്റ് വിശ്വാസരീതികളെ അപേക്ഷിച്ച് കൂടുതൽ എതിർക്കപ്പെടുമ്പോൾ എനിക്ക് പൊങ്ങച്ചം തോന്നാറുണ്ട്. പക്ഷേ അത് വ്യക്തിപരമല്ല. ചിലപ്പോളത് ഞങ്ങളുടെ രീതിയിൽ ഉള്ള യുക്തമായ അഭിമാനം മാത്രമായിരിക്കാം. പൊങ്ങച്ചം അല്ലെങ്കിൽ കൃത്യമായി പറഞ്ഞാൽ "അഹങ്കാരം" ഒരാളുടെ സ്വത്വത്തിലുള്ള ക്രമാതീതമായ അഭിമാനമാണ്. അങ്ങനെയുള്ള ക്രമാതീതമായ അഭിമാനമാണോ എന്ന് നിരീശ്വരവാദത്തിലേയ്ക്ക് നയിച്ചത് അതോ ഈ വിഷയത്തിലുള്ള ശ്രദ്ധാപൂർവ്വമായ പഠനശേഷം നിരവധി കാര്യങ്ങൾ കണക്കിലെടുത്ത് ആണോ ഞാൻ ദൈവവിശ്വാസിയല്ലാതായത്, എന്ന ചോദ്യമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഒരു കാര്യം ആദ്യമേ പറയട്ടെ, അഹംബോധവും (egotism) പൊങ്ങച്ചവും വ്യത്യസ്ത കാര്യങ്ങളാണ്.

ഒന്നാമതായി, ക്രമാതീതമായ അഭിമാനവും വീമ്പും എങ്ങനെയാണ് ദൈവത്തിൽ വിശ്വസിക്കുന്നതിന് തടസ്സമാകുന്നതെന്ന് മനസ്സിലാക്കാൻ എനിക്ക് ഒട്ടും കഴിഞ്ഞിട്ടില്ല. എനിക്ക് അത്യാവശ്യം ജനപ്രീതി ഉണ്ടെങ്കിൽ, യാതൊരു ആത്മഗുണവും ഇല്ലെങ്കിൽ പോലും, ശരിക്കും മഹാനായ ഒരാളെ അംഗീകരിക്കാതിരിക്കാൻ ആയേക്കും. അത് മനസ്സിലാക്കാം. പക്ഷേ സ്വന്തം പൊങ്ങച്ചത്തിൽ വിശ്വസിക്കുന്നത് എങ്ങനെയാണ് ഒരാൾ ദൈവത്തിൽ വിശ്വസിക്കുന്നത് നിർത്താൻ കാരണമാവുക? രണ്ട് മാർഗ്ഗങ്ങളാണുള്ളത്. അയാൾ സ്വയം ദൈവത്തിന് ഒരു എതിരാളിയായി കരുതണം അല്ലെങ്കിൽ സ്വയം ദൈവമായി കരുതണം. രണ്ട് വിധത്തിലും അയാൾ ശരിയായ നിരീശ്വരവാദി ആകില്ല. ഒന്നാമത്തെ വിധത്തിലാണെങ്കിൽ അയാൾ ദൈവത്തിന്റെ നിലനില്പിനെ നിരാകരിക്കുന്നതേയില്ല. രണ്ടാമത്തെ വിധത്തിലാണെങ്കിൽ അയാൾ, പ്രകൃതിയിലെ സകല കാര്യങ്ങൾക്കും പിന്നിൽ ഒരു സചേതന സംവിധാനം ഉണ്ടെന്ന് സമ്മതിക്കുന്നു. അയാൾ സ്വയം പരമ സചേതനമായി കരുതുകയാണോ മറ്റൊരാളെ അങ്ങനെ കരുതുകയാണോ എന്നതിന് യാതൊരു പ്രാധാന്യവുമില്ല. മൂലതത്ത്വം അടിയിലുണ്ട്. അയാളുടെ വിശ്വാസത്തിൽ മാറ്റമില്ല. ഒരർത്ഥത്തിലും അയാൾ നിരീശ്വരവാദി ആകില്ല. ഞാൻ ഒന്നാമത്തെയോ രണ്ടാമത്തെയോ കൂട്ടത്തിൽ പെടുന്നില്ല.

സർവ്വശക്തനായ ദൈവത്തിന്റെ നിലനിൽപ്പ് പോലും ഞാൻ നിരാകരിക്കുന്നു. അതെന്തുകൊണ്ടാണെന്ന് പിന്നാലേ പറയാം. പൊങ്ങച്ചമല്ല എന്നെ നിരീശ്വരവാദത്തിലേയ്ക്ക് നയിച്ചതെന്ന് ഇവിടെ ഞാൻ വ്യക്തമാക്കട്ടെ. ഞാൻ ദൈവത്തിന്റെ എതിരാളിയുമല്ല, ദൈവവുമല്ല. എന്റെ സുഹൃത്തുക്കൾ പറയുന്നത് ചിലപ്പോൾ, ദില്ലി ബോംബ് കേസിലും ലാഹോർ ഗൂഢാലോചനക്കേസിലും നേരിട്ട വിചാരണമൂലം എനിക്കുണ്ടായ അഹങ്കാരമാണ് ഞാൻ നാസ്തികനാകാൻ കാരണമെന്നാണ്. അവരെത്രത്തോളം ശരിയാണെന്ന് നോക്കാം. എന്റെ നിരീശ്വരവാദം സമീപകാലത്ത് ഉണ്ടായതല്ല. ഞാനൊരു പയ്യനായിരുന്ന കാലത്ത്, ഈ സുഹൃത്തുക്കൾ എന്നെക്കുറിച്ചറിയുന്നതിന് മുമ്പ് തന്നെ ദൈവവിശ്വാസം അവസാനിപ്പിച്ച ആളാണ് ഞാൻ. കുറഞ്ഞപക്ഷം ഒരു കോളേജ് വിദ്യാർത്ഥിയ്ക്ക് തന്റെ കലവറയില്ലാത്ത ആത്മാഭിമാനം കൊണ്ട് നിരീശ്വരവാദത്തിലേയ്ക്ക് എത്താനാവുന്നതല്ല. ഞാൻ ചില പ്രൊഫസർമാർക്ക് പ്രിയപ്പെട്ടവനും മറ്റു ചിലർക്ക് കണ്ണിലെ കരടും ആയിരുന്നു, അതുപോലെ തന്നെ ഞാൻ ഒരിക്കലും കഠിനാധ്വാനിയോ നന്നായി പഠിക്കുന്ന വിദ്യാർത്ഥിയോ ആയിരുന്നില്ല. പൊങ്ങച്ചത്തിൽ മുഴുകാൻ എനിക്കൊരവസരം കൂടി കിട്ടിയിരുന്നില്ല. മറിച്ച് ലജ്ജാലുവായ, ഭാവിജീവിതത്തെക്കുറിച്ച് സംശയാലുവായിരുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. ആ സമയം ഞാനൊരു സമ്പൂർണ്ണ നിരീശ്വരവാദി ആയിരുന്നില്ല. എന്റെ മുത്തച്ഛന്റെ സ്വാധീനത്താൽ ഞാനൊരു ആര്യ സമാജിസ്റ്റ് ആയിട്ടാണ് വളർന്ന് വന്നത്. ഒരു ആര്യ സമാജിസ്റ്റ് ഒരിക്കലും ഒരു നിരീശ്വരവാദി അല്ല. എന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഞാൻ ലാഹോറിലെ ഡി.എ.വി. സ്കൂളിൽ (DAV School) ചേരുകയും ഒരു വർഷം മുഴുവൻ ബോർഡിങ് ഹൗസിൽ താമസിക്കുകയും ചെയ്തു. രാവിലത്തെയും വൈകിട്ടത്തെയും പ്രാർത്ഥനയ്ക്ക് പുറമേ അവിടെ, ഞാൻ മണിക്കൂറുകളോളം "ഗായത്രി മന്ത്രം" ചൊല്ലിയിരുന്നു. ആ സമയം ഞാനൊരു പൂർണ്ണ ദൈവവിശ്വാസി ആയിരുന്നു. പിന്നീട് ഞാൻ എന്റെ പിതാവിന്റെ കൂടെ താമസിക്കാൻ തുടങ്ങി. അദ്ദേഹം മതങ്ങളിലെ യാഥാസ്ഥിതികത്വം വെച്ച് നോക്കുമ്പോൾ പുരോഗമനവാദിയായിരുന്നു. അദ്ദേഹമാണ് എന്നെ സ്വാതന്ത്ര്യസമരത്തിലേക്ക് നയിച്ചത്. പക്ഷേ അദ്ദേഹവും നിരീശ്വരവാദി അല്ലായിരുന്നു. ദൈനംദിന പ്രാർത്ഥനയ്ക്ക് അദ്ദേഹം നിർബന്ധിക്കാറുകൂടി ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ വളർത്തപ്പെട്ടത്. നിസ്സഹകരണപ്രസ്ഥാനത്തിന്റെ കാലത്ത് ഞാൻ നാഷണൽ കോളേജിൽ ചേർന്നു. അവിടെ വെച്ചാണ് ഞാൻ പുരോഗമന ചിന്ത ആരംഭിച്ചതും മതങ്ങളുടെ പ്രശ്നങ്ങളേയും ദൈവത്തെത്തന്നെയും ചർച്ച ചെയ്യാനും വിമർശിക്കാനും തുടങ്ങിയത്. അന്നും ഞാനൊരു ഈശ്വരവിശ്വാസി തന്നെ ആയിരുന്നു. ആ സമയം ഞാൻ താടി വടിക്കാതിരിക്കുകയും മുടി നീട്ടി വളർത്തുകയും ചെയ്തിരുന്നു പക്ഷേ സിക്ക് മതത്തിന്റെ പുരാണത്തിലും അനുശാസനങ്ങളിലും ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷേ ദൈവമുണ്ട് എന്ന കാര്യത്തിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു.

പിന്നീട് ഞാൻ റെവലൂഷനറി പാർട്ടിയിൽ ചേർന്നു. ഞാൻ പരിചയപ്പെട്ട ആദ്യ നേതാവിന്, ചില സംശയങ്ങളൊക്കെയുണ്ടായിരുന്നുവെങ്കിലും, ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടായിരുന്നില്ല. ദൈവത്തെക്കുറിച്ചുള്ള എന്റെ നിരന്തര ചോദ്യങ്ങൾക്ക് "നിനക്ക് വേണമെങ്കിൽ, നീ പ്രാർത്ഥിച്ചോളൂ" എന്നാണദ്ദേഹം മറുപടി പറഞ്ഞത്. എന്റെ രണ്ടാമത്തെ നേതാവാകട്ടെ തികഞ്ഞ വിശ്വാസിയായിരുന്നു. കറാച്ചി ഗൂഢാലോചനക്കേസിൽ ഇപ്പോൾ ജീവപര്യന്തം നാടുകടത്തൽ (life transportation) ശിക്ഷ അനുഭവിക്കുന്ന സഖാവ് സച്ചിന്ദ്ര നാഥ് സന്യാൽ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഏക പുസ്തകമായ ബന്ദി ജീവൻ (തടവിലാക്കപ്പെട്ട ജീവിതം) ഒന്നാമത്തെ താൾ മുതൽ ദൈവത്തിന്റെ മാഹാത്മ്യം ഉച്ചത്തിൽ പ്രഘോഷിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ അവസാനതാളിന്റെ രണ്ടാംഭാഗത്ത് വേദാന്തിസം മൂലം അദ്ദേഹത്തിന്റെ ചിന്തയ്ക്കുണ്ടായ തെളിച്ചത്തിന് ദൈവത്തിന് വളരെ നന്ദിയർപ്പിക്കുന്നുണ്ട്.

1925 ജനുവരി 28-നു ഇന്ത്യയാകെ വിതരണം ചെയ്യപ്പെട്ട "വിപ്ലവ ലഘുലേഖ", പ്രോസിക്യൂഷന്റെ കഥ പ്രകാരം അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടിയാണ്. ഉന്നത നേതാവിന്റെ രഹസ്യ സൃഷ്ടിയിൽ, അദ്ദേഹത്തിന്റെ കൂട്ടർക്കെല്ലാം എതിർപ്പുണ്ടെങ്കിൽ പോലും, സ്വന്തം കാഴ്ചപ്പാടുകൾ കടന്നുവരാതിരിക്കില്ല. ലഘുലേഖയിൽ ഒരു ഖണ്ഡികയത്രയും സർവ്വശക്തന്റെ പ്രവർത്തിയിലുള്ള സന്തോഷമാണ്. ഇത് യോഗവാദം (mysticism) ആണ്. ഞാനെന്താണ് പറയാൻ ശ്രമിക്കുന്നത് നിരീശ്വരവാദത്തിന്റെ വിത്ത് എന്നിൽ പാകപ്പെട്ടത് റെവലൂഷനറി പാർട്ടിയിൽ നിന്നുമല്ല എന്നാണ്. പ്രശസ്തരായ കകോറി രക്തസാക്ഷികൾ നാലുപേരും അവരുടെ അവസാനദിവസം പ്രാർത്ഥനയ്ക്കായി മാറ്റി വെച്ചിരിക്കുകയായിരുന്നു. രാം പ്രസാദ് ബിസ്മിൽ ഒരു യാഥാസ്ഥിതിക ആര്യ സമാജിസ്റ്റ് ആയിരുന്നു. സോഷ്യലിസത്തെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചും പരന്ന അറിവുണ്ടായിരുന്നിട്ടും രാജെൻ ലാഹിരിക്ക് ഉപനിഷത്തുകളിലേയും ഗീതയിലേയും ശ്ലോകങ്ങൾ ചൊല്ലാതിരിക്കാൻ കഴിഞ്ഞിരുന്നില്ല. അവരിലൊരാൾ, "തത്ത്വചിന്ത മാനുഷിക ദൗർബല്യത്തിന്റെയും വിജ്ഞാനത്തിന്റെ കുറവിന്റെയും അനന്തരഫലമാണ്" എന്ന് പറയുകയും പ്രാർത്ഥിക്കാതിരിക്കുകയും ചെയ്തിരുന്നുവെങ്കിലും ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടിരുന്നില്ല.

ആ സമയം വരെ ഞാനൊരു ആദർശവാദിയായ കാൽപ്പനിക വിപ്ലവകാരി (romantic idealist revolutionary) ആയിരുന്നു. അതുവരെ ഞങ്ങൾ അനുഗാമികളായിരുന്നു. ചുമതലകൾ ചുമലിലേറ്റാൻ സമയമായിരുന്നു. ചിലപ്പോഴത്തെ ചില പ്രതികരണങ്ങൾ കൊണ്ട് പാർട്ടിയുടെ നിലനിൽപ്പ് തന്നെ അസാദ്ധ്യമായിരുന്നു. ഉത്സാഹികളായ സഖാക്കൾ - എന്നുവേണ്ട നേതാക്കൾ വരെ - ഞങ്ങളെ കളിയാക്കാൻ തുടങ്ങി. ചിലപ്പോഴൊക്കെ ഞങ്ങളുടെ പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് എനിക്ക് ഭയം തോന്നിയിരുന്നു. എന്റെ വിപ്ലവജീവിതത്തിന്റെ ദശാസന്ധി ആയിരുന്നു അത്. എന്റെ മനസ്സിന്റെ ഇടനാഴികളിൽ പ്രതിഫലിച്ചിരുന്ന ശബ്ദം "പഠിക്കൂ" എന്ന ആഹ്വാനമായിരുന്നു. എതിരാളികളുടെ വാദങ്ങളെ നേരിടാൻ പഠനം നമ്മളെ സജ്ജരാക്കുന്നു. നമ്മുടെ രീതിക്കനുസരിച്ച് സന്നദ്ധരാകുവാൻ പഠനം ആവശ്യമാണ്. ഞാൻ പഠിക്കാൻ തുടങ്ങി. എന്റെ പഴയ വിശ്വാസവും കുറ്റങ്ങളും ഒരു വിശേഷപ്പെട്ട മാറ്റത്തിന് വിധേയമായി. നമ്മുടെ മുൻഗാമികൾക്കിടയിൽ ശക്തമായിരുന്ന അക്രമാധിഷ്ഠിത മാർഗ്ഗങ്ങളോടുള്ള പ്രേമം, ഗൗരവകരമായ ആശയങ്ങളാൽ മാറ്റപ്പെട്ടു. യോഗദർശനം ഒഴിവാക്കി, അന്ധമായ വിശ്വാസം ഒഴിവാക്കി. നമ്മുടെ ഉപാസനാരീതി യഥാർത്ഥ്യവാദമായി. ബലപ്രയോഗം തികച്ചും അനുപേക്ഷണീയമാണെങ്കിൽ മാത്രമേ സാധൂകരിക്കാനാകൂ എന്നായി: ബഹുജനപ്രക്ഷോഭങ്ങളിൽ അഹിംസ ഒഴിവാക്കാനാകാത്ത ഒരു നയമായി. നമ്മുടെ വഴി ഇതാണ്.

അതുപോലെ തന്നെ നമ്മൾ പോരാടുന്ന ആശയത്തിന്റെ സുവ്യക്തമായ ധാരണ ഉണ്ടായിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, അതിനായി മറ്റൊന്നിനും സമയം ചിലവഴിക്കാതെ, വിപ്ലവത്തിന്റെ ലോകത്തെ നിരവധി ആശയങ്ങളെക്കുറിച്ച് പഠിക്കാനുള്ള ധാരാളം അവസരം എനിക്ക് കിട്ടി. അരാജക നേതാവായ ബക്കൂനിനെക്കുറിച്ചും കമ്മ്യൂണിസത്തിന്റെ പിതാവായ മാർക്സിനെ പറ്റിയും, അവരവരുടെ രാജ്യത്ത് വിപ്ലവം സാദ്ധ്യമാക്കിയ ലെനിൻ, ട്രോട്സ്കി തുടങ്ങിയുള്ളവരെക്കുറിച്ചും എല്ലാം ഞാൻ പഠിച്ചു. അവരെല്ലാം നിരീശ്വരവാദികളായിരുന്നു. ബക്കൂനിന്റെ "ദൈവവും രാജ്യവും" അപൂർണ്ണമാണെങ്കിൽ പോലും, ഈ വിഷയത്തിലുള്ള നല്ലൊരു പഠനമാണ്. പിന്നീട് ഞാൻ നിരാലംബ സ്വാമിയുടെ സാമാന്യബുദ്ധി (കോമൺസെൻസ്) എന്ന പുസ്തകം കാണാനിടയായി. അത് ഒരുതരം യോഗാത്മക നാസ്തികതയാണ് കൈകാര്യം ചെയ്യുന്നതെന്ന് പറയാം. പക്ഷേ വിഷയം എനിക്ക് വളരെ താത്പര്യമുള്ളതാണ്. 1926 അവസാനമായപ്പോഴേക്കും ലോകത്തെ സൃഷ്ടിക്കുകയും വഴികാട്ടുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സർവ്വശക്തനായ ഒരു പരമദൈവം എന്ന സങ്കല്പത്തിന്റെ നിലനില്പ് അടിസ്ഥാനരഹിതമാണെന്ന് എനിക്ക് ബോദ്ധ്യമായിരുന്നു. ഞാനൊരു നിരീശ്വരവാദിയാണെന്ന് എല്ലാവരുമറിഞ്ഞു. പക്ഷേ അതിനർത്ഥം എന്താണെന്ന് ഇപ്പോഴാണ് ചർച്ച ചെയ്യപ്പെടുന്നത്.

1927 മേയിൽ ഞാൻ ലാഹോറിൽ അറസ്റ്റിലായി. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതല്ല. പോലീസ് എന്നെ തിരയുന്നുണ്ടെന്ന വസ്തുത ഞാൻ അറിഞ്ഞിരുന്നില്ല. ഞാനൊരു ഉദ്യാനത്തിലൂടെ നടന്നുകൊണ്ടിരുന്നപ്പോൾ പെട്ടന്ന് ഞാൻ പോലീസുകാരുടെ നടുക്കാണെന്ന് തിരിച്ചറിഞ്ഞു. എനിക്ക് തന്നെ അത്ഭുതമാകത്തക്കവണ്ണം, ഞാനപ്പോൾ ശാന്തനായിരുന്നു. അതൊരു സ്തോഭജനകമായ കാര്യമായി എനിക്ക് തോന്നിയില്ല, യാതൊരു ആവേശവും അനുഭവപ്പെട്ടുമില്ല. ഞാൻ പോലീസ് കസ്റ്റഡിയിലായി. അടുത്ത ദിവസം എന്നെ റെയിൽവേ പോലീസ് ലോക്കപ്പിലേക്ക് മാറ്റി, അടുത്ത ഒരു മാസം ഞാനവിടെ ആയിരുന്നു. കുറച്ച് ദിവസം പോലീസുകാരുമായുള്ള സംഭാഷണം കഴിഞ്ഞപ്പോൾ അവർക്ക് കകോരി പാർട്ടിയുമായി എനിക്കുള്ള ബന്ധത്തെക്കുറിച്ചും വിപ്ലവപ്രസ്ഥാനത്തിൽ എന്റെ ചില പ്രവർത്തനങ്ങളെക്കുറിച്ചും എന്തോ വിവരം കിട്ടിയിട്ടുണ്ടെന്ന് ഞാനൂഹിച്ചു. ഞാൻ ലക്നൗവിൽ വിചാരണ നടന്നുകൊണ്ടിരിക്കെ അവിടെ പോയെന്നും, വിചാരണയ്ക്കിടെ കൂട്ടരെ രക്ഷപെടുത്താനുള്ള പദ്ധതി സംസാരിച്ചെന്നും, അവരുടെ അംഗീകാരം കിട്ടിയ ശേഷം ബോംബുകൾ വാങ്ങിയെന്നും, 1926-ലെ ദസ്സറ ആഘോഷത്തിനിടയിൽ ആൾക്കൂട്ടത്തിലേക്ക് ഒരു ബോംബ് പരീക്ഷണാർത്ഥം ഇട്ടെന്നും പോലീസുകാർ എന്നെ അറിയിച്ചു. ഞാൻ റെവലൂഷനറി പാർട്ടിയെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ പങ്ക് വെയ്ക്കുകയാണെങ്കിൽ ഞാൻ ജയിലിലടക്കപ്പെടില്ലെന്നും കോടതിയിൽ ഹാജരാക്കപ്പെടുക പോലുമില്ലാതെ സ്വതന്ത്രനാക്കപ്പെടുമെന്നും അവരെന്നോട് പറഞ്ഞു. ഞാനത് ചിരിച്ചു തള്ളി. അത് മുഴുവൻ തട്ടിപ്പായിരുന്നു.

നമ്മളുടേതുപോലുള്ള വിശ്വാസപ്രമാണം വെച്ച് പുലർത്തുന്നവർ നമ്മുടെ സാധാരണ ജനങ്ങൾക്ക് മേൽ ബോംബ് എറിയില്ല. ഒരു ദിവസം രാവിലെ സി.ഐ.ഡി. സീനിയർ സൂപ്രണ്ട് ആയ മി. ന്യൂമാൻ എന്റെയടുത്ത് വന്നു. അനുകമ്പയോടെയുള്ള കുറച്ച് വർത്തമാനത്തിനു ശേഷം, അവർ പറയുന്നത് പോലെയുള്ള മൊഴി നൽകിയില്ലെങ്കിൽ കകോരി കേസിലും ദസറ ബോംബേറ് കേസിലും എന്നെ ബന്ധപ്പെടുത്തി വിചാരണ നടത്താനാണ് പരിപാടി എന്ന ദുഃഖവർത്തമാനം അദ്ദേഹം അറിയിച്ചു. എന്റെ മേൽ ചുമത്തപ്പെടുന്ന കുറ്റം തെളിയിക്കാനും തൂക്കുകയർ വിധിക്കാനുമുള്ള തെളിവ് അവരുടെ പക്കലുണ്ടെന്ന് അദ്ദേഹമറിയിച്ചു.

ആ ദിവസങ്ങളിൽ - തികച്ചും നിരപരാധി ആണെങ്കിൽ പോലും - പോലീസ് അവർക്കിഷ്ടമുള്ളത് ചെയ്യട്ടെ എന്ന് ഞാൻ കരുതി. അപ്പോൾ തന്നെ ചില പോലീസ് ഉദ്യോഗസ്ഥർ ദിവസവും രണ്ട് നേരം ദൈവത്തോട് പ്രാർത്ഥിക്കാൻ എന്നോടാവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഞാനൊരു നിരീശ്വരവാദിയാണ്. സമാധാനവും സന്തോഷവുമുണ്ടായിരുന്ന നാളുകളിൽ ഞാൻ നിരീശ്വരവാദിയായിരുന്ന പോലെ കഷ്ടതയുടെ ദിവസങ്ങളിൽ എന്റെ സ്വന്തം തത്ത്വങ്ങളിൽ അടിയുറച്ച് നിൽക്കണോ എന്ന് തീരുമാനിക്കേണ്ട അവസ്ഥയുണ്ടായി. വളരെ ആലോചിച്ച ശേഷം ദൈവത്തിൽ വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടതില്ല എന്ന് ഞാൻ തീരുമാനിച്ചു. അത് വിജയകരമായി പൂർത്തിയാക്കിയ ഒരു ശരിയായ പരീക്ഷണമായിരുന്നു. ചില കാര്യങ്ങൾ കൈവിട്ട് കളഞ്ഞ് സ്വന്തം തല സംരക്ഷിക്കുന്നതിനെക്കുറിച്ചാലോചിക്കാൻ എനിക്ക് ഒരു നിമിഷം പോലുമാകുമായിരുന്നില്ല. ഞാനൊരു കടുത്ത അവിശ്വാസി ആയിത്തീർന്നു: പിന്നീടങ്ങനെ തന്നെ തുടരുകയും ചെയ്തു. ആ പരീക്ഷണം അതിജീവിക്കുക ഒട്ടും എളുപ്പമല്ല.

വിശ്വാസം കഷ്ടപ്പാടുകളെ മയപ്പെടുത്തുന്നു, അവയെ സന്തോഷകരം പോലുമാക്കുന്നു. ദൈവത്തിൽ മനുഷ്യന് ആശ്വാസവും പിന്തുണയും കണ്ടെത്താനാവും. ദൈവമില്ലെങ്കിൽ മനുഷ്യന് സ്വാശ്രയത്വമാവശ്യമാകും. പേമാരിയും കൊടുങ്കാറ്റും വരുമ്പോൾ സ്വന്തം കാലിൽ നിൽക്കുക കുട്ടിക്കളിയല്ല. അത്തരം പരീക്ഷണ സന്ദർഭങ്ങളിൽ പൊങ്ങച്ചമുണ്ടെങ്കിൽ അവ ആവിയാകുന്നതാണ്, പൊതുവെയുള്ള വിശ്വാസങ്ങൾ തകർക്കാൻ മനുഷ്യർക്ക് കഴിയാറുമില്ല. അങ്ങനെ സാധിച്ചെങ്കിൽ അവന് പൊങ്ങച്ചത്തെക്കാളും കൂടുതലെന്തോ ശക്തിയുണ്ടെന്ന് നമ്മൾ മനസ്സിലാക്കേണ്ടതാണ്. അതായിരുന്നു അപ്പോഴത്തെ സന്ദർഭം. വിധി എന്താകുമെന്ന് വ്യക്തമാണ്. ഒരാഴ്ചയ്ക്കകം അത് പ്രഖ്യാപിക്കപ്പെടും. എന്റെ ജീവിതം ഹോമിക്കുന്നതിന് എനിക്കെന്താണ് ഒരാശ്വാസം? ദൈവവിശ്വാസിയായ ഒരു ഹിന്ദുവാണെങ്കിൽ ഒരു രാജാവായി പുനർജനിക്കപ്പെടാമെന്ന് വിശ്വസിക്കാം. ഒരു മുസ്‌ലീമോ ക്രിസ്ത്യാനിയോ ആണെങ്കിൽ താനനുഭവിച്ച കഷ്ടതകൾക്കും ത്യാഗത്തിനും പ്രതിഫലമായി സ്വർഗ്ഗത്തിലെ സുഖലോലുപമായ ജീവിതം സ്വപ്നം കാണാം. പക്ഷേ ഞാനെന്താണ് പ്രതീക്ഷിക്കേണ്ടത്? കഴുത്തിൽ കയറിട്ട്, കാലിനടിയിൽ നിന്ന് തട്ട് മാറ്റപ്പെടുന്ന നിമിഷം, അവസാന നിമിഷമാണെന്ന് എനിക്കറിയാം. ഞാൻ, അല്ലെങ്കിൽ കൃത്യമായി പറഞ്ഞാൽ, ഭൗതികാതീത സംജ്ഞയായ എന്റെ ആത്മാവ്, അതോടെ അവിടെ അവസാനിക്കുന്നതാണ്. പിന്നെയൊന്നുമില്ല.

അങ്ങനെ അനാകർഷകമായി അവസാനിച്ച, സമരഭരിതമായ ഒരു ചെറുജീവിതം തന്നെ, അതേ പോലെ എടുക്കാനുള്ള ഒരു ധൈര്യം എല്ലാർക്കുമുണ്ടായാൽ വലിയൊരു പുരസ്കാരമാണ്. അത്രയുമേ ഉള്ളു. സ്വാർത്ഥലക്ഷ്യങ്ങളോ, ഇപ്പോഴോ പിന്നീടോ സമ്മാനിതനാകപ്പെടുമെന്ന പ്രതീക്ഷയോ ഇല്ലാതെ, സ്വാതന്ത്ര്യത്തിനായി എന്റെ ജീവിതം യാതൊരു പാർശ്വവർത്തിത്വവുമില്ലാതെ ഉഴിഞ്ഞുവെച്ചു, മറ്റൊന്നും ചെയ്യാൻ എന്നെക്കൊണ്ട് കഴിയുമായിരുന്നില്ല. വളരെയധികം സ്ത്രീപുരുഷന്മാർ, മനുഷ്യകുലത്തിനുള്ള സേവനത്തിനും ക്ലേശിക്കുന്ന മനുഷത്വത്തിന്റെ വിമോചനത്തിനും മറ്റൊന്നും ചെയ്യാൻ കഴിയാതെ ഇറങ്ങിപ്പുറപ്പെടുന്ന ദിവസമായിരിക്കും സ്വാതന്ത്ര്യത്തിന്റെ യുഗാരംഭം.

രാജാവാകാനോ അടുത്ത ജന്മത്തിലോ മരണശേഷം സ്വർഗ്ഗത്തിലോ സമ്മാനിതരാകാനോ അല്ല അവർ മർദ്ദകരേയും ചൂഷകരേയും പീഢകരേയും വെല്ലുവിളിച്ചത്. മറിച്ച്, കഴുത്തോളം മുങ്ങിക്കിടക്കുന്ന അടിമത്തത്തിൽ നിന്ന് രക്ഷപെടാനും സ്വാതന്ത്ര്യവും സമാധാനം നേടാനുമാണ്, സ്വന്തം ജീവിതം ഈ വഴിക്ക് വിട്ടുകൊടുത്തത്. ഈ ഉത്കൃഷ്ടപ്രവൃത്തിയിൽ അഭിമാനമുണ്ടായാൽ അത് പൊങ്ങച്ചമായി വ്യാഖ്യാനിക്കാനാകുമോ? അത്തരം ഒരു അവഹേളനപദം ഉച്ചരിക്കാൻ ആരാണ് ധൈര്യപ്പെടുക? അതിനൊരു വിഡ്ഢിക്കോ തെമ്മാടിക്കോ മാത്രമേ കഴിയൂ. ആ ഹൃദയത്തിൽ അലയടിക്കുന്ന വികാരത്തിന്റെ ആഴവും തീവ്രതയും വൈകാരികതയും അവന് മനസ്സിലാക്കാൻ കഴിയാത്തതിന് നമുക്ക് മാപ്പ് നൽകാം. അവന്റെ ഹൃദയം വെറുമൊരു ഇറച്ചിക്കഷണം മാത്രമാണ്, കണ്ണുകൾ ദുർബലമാണ്, മറ്റ് ദുഷ്ടതാത്പര്യങ്ങൾ അവന് ചുറ്റുമുണ്ട്. സ്വാശ്രയത്വം എപ്പോഴും പൊങ്ങച്ചമായി വ്യാഖ്യാനിക്കാൻ സാദ്ധ്യതയുണ്ട്. അത് ദുഃഖകരവും നികൃഷ്ടവുമാണ്, പക്ഷേ അത് നേരിട്ടേ പറ്റു.

ഒരു പ്രബലവിശ്വാസത്തെ എതിർത്ത് നോക്കൂ, തെറ്റ് പറ്റാത്തയാളെന്ന് പരക്കെ കരുതപ്പെടുന്ന വിമർശനാതീതനായ ഒരു മഹാനെ വിമർശിച്ചു നോക്കൂ, ബഹുജനങ്ങൾ നിങ്ങളെ അഹങ്കാരിയായി മുദ്രകുത്തും. ഇതൊരുതരം മാനസികസ്തംഭനാവസ്ഥയാണ്. വിമർശനവും സ്വതന്ത്രചിന്തയും ഒരു വിപ്ലവകാരിക്ക് ഒഴിവാക്കാനാവാത്ത ഗുണങ്ങളാണ്. മഹാത്മജി മഹാനായതിനാൽ നമ്മൾ അദ്ദേഹത്തെ വിമർശിക്കാൻ പാടില്ല. അദ്ദേഹം എല്ലാവർക്കും മുകളിലാണ് അതുകൊണ്ട് അദ്ദേഹം പറയുന്നത് രാഷ്ട്രീയമോ മതപരമോ സാമ്പത്തികശാസ്ത്രമോ നൈതികതയോ ആകട്ടെ, അത് ശരിയായിരിക്കും. നിങ്ങൾക്ക് ബോദ്ധ്യപ്പെട്ടാലും ഇല്ലെങ്കിലും പറയേണ്ടത് "അതെ, അത് ശരിയാണ്" എന്നാണ്. ഈ മാനസികാവസ്ഥ പുരോഗതിയിലേക്ക് നയിക്കില്ല. പിന്തിരിപ്പൻ സ്വഭാവമാണതെന്ന് വ്യക്തമാണ്.

നമ്മുടെ പൂർവ്വികർ, ഒരു പരംപൊരുളിൽ - സർവ്വശക്തനായ ദൈവത്തിൽ - ഉള്ള വിശ്വാസം സജ്ജമാക്കി വെച്ചു എന്നതുകൊണ്ട്, ആ വിശ്വാസത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന ആരും, പരമദൈവത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന ആരും, കുലംകുത്തിയായോ കാലുമാറ്റക്കാരനായോ വിളിക്കപ്പെടാം. അവന്റെ വാദങ്ങൾ എതിർവാദങ്ങളാൽ ഖണ്ഡിക്കാനാവാത്തതും, ആവേശം ദൈവകോപം മൂലമുണ്ടാകുന്ന ദോഷങ്ങൾ പറഞ്ഞ് തകർക്കാനാവാത്തതും ആണെങ്കിൽ, അവൻ അഹങ്കാരിയായി പ്രഖ്യാപിക്കപ്പെടുന്നതാണ്, അവന്റെ ആവേശം പൊങ്ങച്ചമായി ഇകഴ്ത്തപ്പെടുന്നതാണ്. എങ്കിൽ പിന്നെ എന്തിനാണ് ഈ ചർച്ച എന്ന് ചോദിക്കപ്പെട്ടേക്കാം. എന്തിനിങ്ങനെ വാദിക്കുന്നു? ഈ ചോദ്യം പൊതുജനങ്ങൾക്ക് മുമ്പിൽ വരുന്നത് ആദ്യമായിട്ടാണ്, ദീർഘമായ വിശദീകരണം തന്നെ ആവശ്യമാണ്.

ആദ്യത്തെ ചോദ്യത്തിന്, പൊങ്ങച്ചമല്ല എന്നെ നിരീശ്വരവാദത്തിലേക്ക് നയിച്ചതെന്ന എന്റെ ഉത്തരം വ്യക്തമാണെന്ന് ഞാൻ കരുതുന്നു. എന്റെ വാദം ഫലപ്രദമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വായനക്കാരാണ്. എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നെങ്കിൽ എന്റെ ജീവിതം ഇപ്പോഴത്തെ അവസ്ഥയിൽ അല്പം ആശ്വാസദായകം ആകുമായിരുന്നു എന്നും, അവനിൽ വിശ്വാസം ഇല്ലാത്തതു കൊണ്ട് എന്റെ പരിതഃസ്ഥിതി ശുഷ്കമാണെന്നും എനിക്കറിയാം. ഒരല്പം യോഗചിന്ത ഉണ്ടായിരുന്നെങ്കിൽ അത് കാവ്യാത്മകമാക്കാമായിരുന്നു. പക്ഷേ എന്റെ വിധിയെ നേരിടാൻ എനിക്ക് ലഹരി ഒന്നുമാവശ്യമില്ല. ഞാനൊരു യുക്തിവാദിയാണ്. ഞാനെന്റെ ഉള്ളിലെ സാമൂഹ്യവാസനയെ കാര്യകാരണബുദ്ധികൊണ്ട് അതിജീവിക്കുകയാണ്. മുമ്പ് ഞാനിത്ര വിജയിച്ചിരുന്നില്ല. മനുഷ്യന്റെ കർത്തവ്യം എന്ന് പറയുന്നത് വിജയിക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനെയാണല്ലോ, വിജയം എപ്പോഴും സാദ്ധ്യതയ്ക്കും പരിതസ്ഥിതിക്കും അനുസരിച്ചിരിക്കും.

പൊങ്ങച്ചമല്ലെങ്കിൽ പിന്നെ പണ്ടു മുതൽക്കേയുള്ളതും ഇന്നും ശക്തമായി മുന്നോട്ട് പോകുന്നതുമായ ദൈവവിശ്വാസത്തെ തള്ളിപ്പറയാൻ എന്താണ് കാരണമെന്നാണ് രണ്ടാമത്തെ ചോദ്യം. അതെ ഞാൻ അങ്ങോട്ടാണ് വരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം സ്വയം വിചിന്തനശേഷിയുള്ള മനുഷ്യൻ എപ്പോഴും തന്റെ പരിതസ്ഥിതികളെ കുറിച്ച് പര്യാലോചിക്കുന്നതാണ്. നേരിട്ടുള്ള തെളിവുകൾ ഇല്ലെങ്കിൽ അവിടെ തത്ത്വചിന്ത ഉപയോഗിക്കപ്പെടും. തത്ത്വചിന്ത മാനുഷിക ദൗർബല്യത്തിന്റെ പരിണിതിയാണെന്ന് എന്റെയൊരു വിപ്ലവകാരിയായ സുഹൃത്ത് പറഞ്ഞ കാര്യം ഞാൻ മുമ്പ് പറഞ്ഞതാണ്. നമ്മുടെ മുൻഗാമികൾക്ക് ലോകത്തിന്റെ നിഗൂഢത പരിഹരിക്കാൻ സമയമുണ്ടായിരുന്നപ്പോൾ, അത് എന്തുകൊണ്ടെന്ന് കണ്ടെത്താനുള്ള നേരിട്ടുള്ള തെളിവുകൾ അവർക്ക് കിട്ടിയിരുന്നില്ല. എല്ലാവരും അവരവരുടേതായ വിധത്തിൽ പ്രശ്നം പരിഹരിക്കാൻ തുടങ്ങി. അതുകൊണ്ടാണ് നമ്മൾ വിവിധ തരത്തിലുള്ള മതവിശ്വാസം കാണുന്നതും, അവ തമ്മിൽ പലപ്പോഴും പരസ്പരവിരുദ്ധമായി ഇരിക്കുന്നതും. പാശ്ചാത്യവും പൗരസ്ത്യവുമായ വിശ്വാസങ്ങൾ മാത്രമല്ല വ്യത്യസ്തമായിരിക്കുന്നത്. ഓരോരോ പ്രദേശത്തെ വിശ്വാസങ്ങളും ചിന്താധാരകൾ പോലും വ്യത്യാസപ്പെട്ടിരിക്കുന്നു. മുസ്‌ലീം വിശ്വാസം ഹൈന്ദവവിശ്വാസവുമായി ചേർന്നുപോകുന്നില്ല. ഇന്ത്യയിലെ കാര്യം എടുത്തുനോക്കുകയാണെങ്കിൽ ബുദ്ധിസവും ജൈനിസവും ബ്രാഹ്മണിസത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്, ബ്രാഹ്മണിസത്തിൽ ആര്യസമാജവും സനാതൻ ധർമ്മയും പരസ്പരവിരുദ്ധമാണ്. പുരാതനകാലത്തെ ഒരു സ്വതന്ത്ര ചിന്തകനായിരുന്നു ചർവ്വാകൻ എന്ന് പറയാം. അദ്ദേഹം പഴയകാലത്ത് തന്നെ ദൈവത്തിന്റെ മേൽക്കോയ്മയെ ചോദ്യം ചെയ്തു. ഈ വിശ്വാസങ്ങളെല്ലാം പരസ്പരവിരുദ്ധമാണെന്ന് മാത്രമല്ല, എല്ലാവരും അവനവനാണ് ശരിയെന്ന് കരുതുകയും ചെയ്യുന്നു. അവിടെയാണ് അപകടം. പുരാതന പണ്ഡിതന്മാരുടെ നിഗമനങ്ങളെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിച്ച് നിഗൂഢപ്രശ്നത്തിന്റെ കുരുക്കഴിക്കാൻ നോക്കുന്നതിന് പകരം - വെറും ഉദാസീനരായി - അവർ പകർന്ന് തന്ന വിശ്വാസത്തിൽ ഒരു മാറ്റവും വരുത്താതിരിക്കാൻ മുറവിളി കൂട്ടുകയും, അങ്ങനെ മനുഷ്യന്റെ പുരോഗതി തന്നെ സ്തംഭിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

പുരോഗമനത്തിനായി നിലകൊള്ളുന്ന ഏതൊരാളും പഴയ വിശ്വാസങ്ങളുടെ ഓരോ ഘടകത്തെയും വിമർശിക്കുകയും, അവിശ്വസിക്കുകയും, ചോദ്യം ചെയ്യുകയും ചെയ്യേണ്ടതാണ്. നിലവിലുള്ള വിശ്വാസത്തിന്റെ ഓരോ കോണും മൂലയും അയാൾ പരിശോധിച്ചിരിക്കണം. ആവശ്യത്തിന് പര്യാലോചന ഇല്ലാതെ ഒരാളുടെ സിദ്ധാന്തവും തത്ത്വചിന്തയുമൊന്നും സ്വീകരിക്കപ്പെടരുത്. അയാളുടെ ചിന്ത തെറ്റിപ്പോയിട്ടുണ്ടാകാം, തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാകാം, ചിലപ്പോൾ കള്ളവുമായിരിക്കാം. പര്യാലോചനയാണ് ഒരാളുടെ ജീവിതത്തെ നയിക്കുന്നതെങ്കിൽ അയാൾ തെറ്റുതിരുത്താൻ ബാദ്ധ്യസ്ഥനാണ്. വെറും വിശ്വാസവും അന്ധമായ വിശ്വാസവും ഒരേപോലെ അപകടകരമാണ്: അത് തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും, മനുഷ്യനെ പിന്തിരിപ്പൻ ആക്കുകയും ചെയ്യുന്നു.

യാഥാർത്ഥ്യവാദിയാണെന്ന് സ്വയം അവകാശപ്പെടുന്ന ആൾ പഴയ വിശ്വാസങ്ങളെ ചോദ്യം ചെയ്തിരിക്കണം. അവ കാര്യകാരണബന്ധത്തിനു മുന്നിൽ നിലനിൽക്കുന്നതല്ലെങ്കിൽ, തകരേണ്ടവയാണ്. അയാൾ ആദ്യം ചെയ്യേണ്ട കാര്യം പഴയവയെല്ലാം തകർത്ത് പുതിയ തത്ത്വചിന്തയ്ക്കുള്ള സ്ഥലമുണ്ടാക്കലാണ്. ശരിക്കും ഇതത്ര നല്ലതല്ല. പക്ഷേ അതിനുശേഷം പുനഃസൃഷ്ടിക്കായി പഴയ കാര്യങ്ങളും ഉപയോഗിക്കാവുന്നതാണ്. എന്നെ സംബന്ധിച്ചിടത്തോളം പൗരസ്ത്യ തത്ത്വചിന്തയെക്കുറിച്ച് പഠിക്കാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന് ഞാൻ സമ്മതിച്ച് കൊള്ളട്ടെ. പക്ഷേ പഴയ വിശ്വാസത്തെ ചോദ്യം ചെയ്യേണ്ടതിനെക്കുറിച്ച് എനിക്ക് ബോദ്ധ്യമുണ്ട്. ലോകത്തിന്റെ ഗതിയെ നിയന്ത്രിക്കുകയും വഴികാട്ടുകയും ചെയ്യുന്ന ഒരു പരംപൊരുളിന്റെ നിലനിൽപ്പില്ലായ്മയെക്കുറിച്ച് എനിക്ക് ബോദ്ധ്യപ്പെട്ടു കഴിഞ്ഞു. പുരോഗമിക്കുന്നതിനൊപ്പം ലോകം മനുഷ്യന് കീഴ്പ്പെടുകയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനായി ഒന്നും നമ്മെ വഴികാട്ടുന്നില്ല. അതാണ് ഞങ്ങളുടെ തത്ത്വചിന്ത.

ഇതിനൊരു മറുവശമായി, ഞങ്ങൾ 'വിശ്വാസികളോട്' ചില ചോദ്യങ്ങൾ ചോദിക്കട്ടെ.

താങ്കൾ വിശ്വസിക്കുന്ന പ്രകാരം, ഒരു മഹാനും, സർവ്വവ്യാപിയും, സർവ്വജ്ഞനും, സർവ്വശക്തനുമായ ദൈവമാണ് ലോകം സൃഷ്ടിച്ചതെങ്കിൽ, എന്തിനാണ് ഇത് സൃഷ്ടിച്ചത്? ഈ ക്ലേശത്തിന്റെയും കഷ്ടപ്പാടിന്റെയും ലോകത്ത് എണ്ണമില്ലാത്ത ദുരന്തങ്ങളുടെ ഒരു ശൃംഖലയാണുള്ളത്: ഒരൊറ്റ ആത്മാവ് പോലും സംതൃപ്തരല്ല.

ഇതാണവന്റെ നിയമം എന്നും അതുകൊണ്ട് പ്രാർത്ഥിക്കാനും പറയരുത്: എന്തെങ്കിലും നിയമം അനുസരിക്കാനാണ് ദൈവം പറയുന്നതെങ്കിൽ അവൻ സർവ്വശക്തനല്ല. നമ്മളെ പോലെ മറ്റൊരു അടിമ മാത്രം. ഇത് അവന്റെ ആഹ്ലാദത്തിനാണെന്ന് പറയരുത്. നീറോ ഒരു റോം മാത്രമേ കത്തിച്ചിട്ടുള്ളു. അയാൾ കുറച്ച് പേരെ മാത്രമാണ് കൊന്നൊടുക്കിയത്. അയാൾ അയാളുടെ സന്തോഷത്തിനായി ഏതാനം ദുരന്തങ്ങൾ മാത്രമേ സൃഷ്ടിച്ചിട്ടുള്ളു. ചരിത്രത്തിലയാളുടെ സ്ഥാനം എന്താണ്? എന്തുപേരുപയോഗിച്ചാണ് ചരിത്രകാരന്മാർ അയാളെ വിളിക്കുന്നത്? സകല വിഷലിപ്ത പദങ്ങളും നീറോയുടെ മേൽ കോരിച്ചൊരിയപ്പെട്ടു. സ്വേച്ഛാധിപതിയും, ഹൃദയശൂന്യനും, അധാർമ്മികനുമായ നീറോയെ അവഹേളിക്കുന്ന അധിക്ഷേപങ്ങൾ കൊണ്ട് താളുകൾ തന്നെ കറുത്തുപോയി.

ഒരു ചെങ്കിസ്‌ഖാൻ ആകട്ടെ ഏതാനം ആയിരമാൾക്കാരെ മാത്രമേ സംതൃപ്തിക്കായി കൊന്നിട്ടുള്ളു, എന്നിട്ടും നാം ആ പേര് വെറുക്കുന്നു. പിന്നെങ്ങനെയാണ് നിങ്ങൾ, ഓരോ ദിവസവും ഓരോ മണിക്കൂറും ഓരോ മിനിറ്റും എണ്ണമില്ലാത്ത ദുരന്തങ്ങൾക്ക് കാരണമാകുന്ന, നിങ്ങളുടെ സർവ്വശക്തനായ സനാതന നീറോയെ ന്യായീകരിക്കുന്നത്? തികച്ചും നരകവും, എപ്പോഴും അസ്വസ്ഥതകൾ പുകഞ്ഞുകൊണ്ടിരിക്കുന്നതുമായ ഈ ലോകം എന്തിനാണ് അയാൾ സൃഷ്ടിച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് സർവ്വശക്തനായ ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്? എന്താണിതിനെല്ലാം ഉള്ള ന്യായീകരണം? കഷ്ടതകൾ അനുഭവിക്കുന്ന നിഷ്കളങ്കർ പിന്നീട് സമ്മാനിതരാകുമെന്നും തെറ്റ് ചെയ്യുന്നവർ പിന്നീട് ശിക്ഷിക്കപ്പെടുമെന്നുമാണോ നിങ്ങൾ പറയാൻ പോകുന്നത്? എന്നാൽ, ഒരാൾ നിങ്ങളെ നിരന്തരം കത്തിയുപയോഗിച്ച് നിങ്ങളുടെ ശരീരമാസകലം കുത്തി മുറിക്കുകയും പിന്നീട് തൈലം പുരട്ടി ആശ്വസിപ്പിക്കുകയും ചെയ്യുന്നതാണോ നിങ്ങളുടെ ന്യായം? ഗ്ലാഡിയേറ്റർ പയറ്റിൽ മനുഷ്യരെ വിശന്ന് വലഞ്ഞിരിക്കുന്ന ശൗര്യമേറിയ സിംഹങ്ങളുടെ കൂട്ടിൽ ഇട്ട ശേഷം അവർ അതിജീവിക്കുകയാണെങ്കിൽ അവരെ നന്നായി പരിപാലിക്കുകയും നോക്കുകയും ചെയ്യുന്നത് എത്രമാത്രം ന്യായീകരിക്കാൻ നിങ്ങൾക്കാകും? അതാണ് ഞാൻ ചോദിക്കുന്നത്, "എന്തിനാണ് ഈ പരംപൊരുൾ ലോകം സൃഷ്ടിക്കുകയും മനുഷ്യനെ അതിലുൾപ്പെടുത്തുകയും ചെയ്തത്? സന്തോഷത്തിന് വേണ്ടിയോ? അങ്ങനെയെങ്കിൽ ദൈവവും നീറോയും തമ്മിലുള്ള വ്യത്യാസമെന്ത്?".

അല്ലയോ മുഹമ്മദീയരേ ക്രൈസ്തവരേ: ഹൈന്ദവ തത്ത്വചിന്തയ്ക്ക് പിന്നെയും കച്ചിത്തുരുമ്പുകളിൽ കടിച്ചു തൂങ്ങാം. മുകളിൽ ചോദിച്ചിരിക്കുന്ന ചോദ്യത്തിന് നിങ്ങളുടെ ഉത്തരമെന്താണ്? നിങ്ങൾ കഴിഞ്ഞ ജന്മത്തിൽ വിശ്വസിക്കുന്നില്ല. കഷ്ടതകൾ അനുഭവിക്കുന്ന നിഷ്കളങ്കർ അവരുടെ കഴിഞ്ഞ ജന്മത്തിലെ കർമ്മഫലമാണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്ക് വാദിക്കാനാവില്ല. എന്തുകൊണ്ടാണ് സർവ്വശക്തൻ വചനത്തിലൂടെ ലോകം സൃഷ്ടിക്കാനും ഒടുവിൽ "എല്ലാം ശരിയായെ"ന്ന് പറയാനും ആറു ദിവസമെടുത്തതെന്ന് കൂട്ടത്തിൽ ചോദിച്ചോട്ടെ. അവനെ ഇന്ന് തന്നെ വിളിക്കുക. ചരിത്രം കാണിച്ചുകൊടുക്കക. ലോകത്തിന്റെ നിലവിലെ അവസ്ഥ പഠിക്കാനാവശ്യപ്പെടുക "എല്ലാം ശരിയായി" എന്ന് പറയാൻ ധൈര്യപ്പെടുമോ എന്ന് നമുക്ക് കാണാം.

ജയിലുകളിലെ ഇരുട്ടറകളിൽ നിന്നും, ചേരികളിലേയും കുടിലുകളിലേയും ദശലക്ഷക്കണക്കിന് പട്ടിണിബാധിതരായ മനുഷ്യജന്മങ്ങളിൽ നിന്നും, ചൂഷിതരായ തൊഴിലാളികളിൽ നിന്നും, രക്തമൂറ്റിക്കുടിക്കുന്ന മുതലാളിത്ത രക്തരക്ഷസ്സുകളുടെ പ്രവർത്തനങ്ങളും, മനുഷ്യരുടെ ഊർജ്ജം ചോർത്തിക്കളയുന്ന പ്രവർത്തികളും, അധിക ഉത്പാദനം ആവശ്യമുള്ളവർക്ക് വിതരണം ചെയ്യാതെ കടലിൽ എറിയുന്ന രീതിയും മുതൽ രാജാക്കന്മാരുടെ കൊട്ടാരങ്ങളുടെ അടിത്തറ മനുഷ്യന്റെ അസ്ഥികളിൽ കെട്ടിയുയർത്തുന്നതും, കാണിച്ച് കൊടുത്തിട്ട് അവനോട് ചോദിക്കൂ "എല്ലാം ശരിയാണോ" എന്ന്.

എന്തുകൊണ്ട്? എന്താണ് കാരണം? അതാണെന്റെ ചോദ്യം. നിങ്ങൾക്ക് മിണ്ടാട്ടമില്ല.

സാരമില്ല, ഞാൻ തുടരാം. അല്ലയോ ഹിന്ദുക്കളേ, നിങ്ങൾ പറയുന്നു ഇപ്പോൾ ദുരിതം അനുഭവിക്കുന്നവർ കഴിഞ്ഞ ജന്മത്തിൽ പാപികളായിരുന്നു എന്ന് നിങ്ങൾ പറയുന്നു. കൊള്ളാം. ഇപ്പോഴത്തെ മർദ്ദകർ പഴയ ജന്മത്തിൽ വിശുദ്ധരായിരുന്നെന്നും, അതുകൊണ്ടാണവർക്ക് അധികാരമുണ്ടായതെന്നും നിങ്ങൾ പറയുന്നു. നിങ്ങളുടെ പൂർവ്വികർ അസാമ്മാന്യ കുശാഗ്രബുദ്ധിക്കാരായിരുന്നു എന്ന് ഞാൻ സമ്മതിക്കട്ടെ, എല്ലാ തരത്തിലുള്ള കാര്യകാരണചിന്തയേയും അവിശ്വാസത്തേയും തകർക്കാനുള്ള സിദ്ധാന്തങ്ങൾ അവരുണ്ടാക്കിയിട്ടുണ്ട്. ഈ വാദം എത്രത്തോളം നിലനിൽക്കുമെന്ന് നമുക്ക് നോക്കാം.

ഏറ്റവും നിപുണരായ നിയമജ്ഞരുടെ ദൃഷ്ടിയിൽ പോലും തെറ്റുകാർക്കുള്ള ശിക്ഷ മൂന്നോ നാലോ വിധത്തിൽ മാത്രമേ ന്യായീകരിക്കാനാകൂ. പ്രതിവിധി, പരിഷ്കരണം, നിരുത്സാഹപ്പെടുത്തൽ തുടങ്ങിയവയാണവ. എല്ലാ നവീന ചിന്തകരും കണ്ണിന് കണ്ണ് വിധത്തിലുള്ള പ്രതിവിധി സിദ്ധാന്തത്തെ ഇന്ന് അപലപിക്കുന്നു. നിരുത്സാഹപ്പെടുത്തൽ സിദ്ധാന്തവും അതേ നിയതിയാണ് നേരിടുന്നത്. പരിഷ്കരണസിദ്ധാന്തമാണ് ആവശ്യവും മനുഷ്യകുലത്തിന്റെ പരിണാമത്തിന് ഒഴിച്ചുകൂടാനാവാത്തതും. കുറ്റം ചെയ്തയാളെ സമൂഹത്തിലേക്ക് സർവ്വപര്യാപ്തനായും സമാധാനകാംക്ഷിയായും തിരിച്ചു കൊണ്ടുവരാൻ അത് ലക്ഷ്യമിടുന്നു. കുറ്റവാളികളാണെങ്കിൽ പോലും ദൈവം മനുഷ്യരിൽ അടിച്ചേൽപ്പിക്കുന്ന ശിക്ഷയുടെ സ്വഭാവം എന്താണ്. കാക്കയും പശുവും മരവും പുല്ലുമൊക്കെയായി അവരെ അവൻ പുനർജനിപ്പിക്കുന്നുവെന്ന് നിങ്ങൾ പറയുന്നു. അതായത് ഈ 84 ലക്ഷം ദരിദ്രരെ. അവരിലതുണ്ടാക്കുന്ന പരിഷ്കരണ പ്രഭാവം എന്താണ്? തെറ്റ് ചെയ്തതിന്റെ ശിക്ഷയായി കഴിഞ്ഞ ജന്മത്തിൽ കഴുതയായിരുന്നു എന്ന് പറയുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ? ഒരാളുമില്ല. വേണ്ട, പുരാണങ്ങളിലെ കഥകൾ വിളമ്പണ്ട. അവയിൽ വീഴാൻ ഞാനുദ്ദേശിക്കുന്നില്ല. ഈ ലോകത്തിലെ ഏറ്റവും വലിയ പാപം ദ്രരിദ്രനായി പോവുകയാണെന്ന് നിങ്ങൾക്കറിയാമോ. ദാരിദ്ര്യം ഒരേ സമയം പാപവും ശിക്ഷയുമാണ്.

ആത്യന്തികമായി മനുഷ്യനെ കൂടുതൽ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്ന തരം ആ ശിക്ഷകളെ പിന്തുണയ്ക്കുന്ന ഒരു കുറ്റശാസ്ത്ര വിദഗ്ദ്ധനെ, നിയമജ്ഞനെ, അല്ലെങ്കിൽ നിയമസഭാംഗത്തെ താങ്കൾക്ക് എത്രമാത്രം പിന്തുണയ്ക്കാനാവും? നിങ്ങളുടെ ദൈവം ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നത് പോട്ടെ, കഷ്ടതകൾ അനുഭവിക്കുന്ന മനുഷ്യജന്മങ്ങളുടെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടും കൂടി ഇല്ലേ? ചെരുപ്പുകുത്തിയുടേയോ തൂപ്പുകാരന്റെയോ പോലുള്ള ദരിദ്രവും അക്ഷരാഭ്യാസം ഇല്ലാത്തതുമായ കുടുംബങ്ങളിൽ ജനിക്കുന്നതാണോ വിധി. അവൻ ദരിദ്രനാണ്, അതുകൊണ്ടവന് പഠിക്കാനാകുന്നില്ല. ഉയർന്ന ജാതിക്കാരാണെന്ന് സ്വയം കരുതുന്നവർ അവനെക്കാളും വലിയവരാണെന്ന് കരുതുകയും അവനെ വെറുക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്നു. അവനോടുള്ള അവഗണനയും, അവന്റെ ദാരിദ്ര്യവും സമൂഹത്തിന് അവന്റെ നേർക്കുള്ള സമീപനവും അവന്റെ ഹൃദയത്തെ കടുത്തതാക്കുന്നു. അവനെന്തെങ്കിലും തെറ്റ് ചെയ്തെന്നിരിക്കട്ടെ. ആരായിരിക്കണം ശിക്ഷ അനുഭവിക്കേണ്ടത്? ദൈവമാണോ? അവനാണോ? അതോ സമൂഹത്തിലെ പഠിപ്പും വിവരവും ഉള്ളവരോ? ഉദ്ധതരും ഗർവ്വിഷ്ഠരുമായ ബ്രാഹ്മണർ മനഃപൂർവ്വം അവഗണിക്കപ്പെട്ടവരാക്കിയവർക്ക് കൊടുത്തുകൊണ്ടിരിക്കുന്ന ശിക്ഷയെ കുറിച്ച് എന്താണ് അഭിപ്രായം? അതുപോലെ തന്നെ നിങ്ങളുടെ വിശുദ്ധപുസ്തകങ്ങളിലെ ഏതാനം വാക്യങ്ങൾ കേട്ടതിനോ, വേദങ്ങൾ പഠിച്ചതിനോ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കപ്പെട്ടതിനും ആരാണ് ശിക്ഷയനുഭവിക്കുന്നത്. അവർ തെറ്റ് ചെയ്ത് പോയാൽ ആരാണ് ഉത്തരവാദി, ആരാണ് ശിക്ഷ വാങ്ങേണ്ടത്? പ്രിയ സുഹൃത്തുക്കളേ: ഇത്തരം കപട സിദ്ധാന്തങ്ങൾ സമൂഹത്തിൽ ഉന്നതരായിട്ടുള്ളവരുടെ സൃഷ്ടിയാണ്: അവർക്ക് അവരനുഭവിച്ചുകൊണ്ടിരിക്കുന്ന അധികാരവും സമ്പത്തും മേൽക്കോയ്മയും ഇത്തരം സിദ്ധാന്തങ്ങൾ വെച്ച് ന്യായീകരിക്കേണ്ടതുണ്ട്. മനുഷ്യനെ അമരത്വത്തിന്റെ വിശ്വാസി ആക്കിയാൽ അവന്റെ എല്ലാ സമ്പത്തും കൊള്ളയടിക്കാം എന്ന് എഴുതിയത് അപ്‌ടൺ സിൻക്ലയർ ആണെന്ന് തോന്നുന്നു. ഒരു മടിയുമില്ലാതെ അവർ നിങ്ങളെ വിശ്വാസിയാക്കിത്തരും. മതോപദേശകരും അധികാരം കൈയാളുന്നവരും തമ്മിലുള്ള കൂട്ട് ജയിലിനുള്ളിലും, തൂക്കുമരത്തിന്റെ ചുവട്ടിലും, ചാട്ടവാറിലും ഇത്തരം സിദ്ധാന്തങ്ങളിലും കാണാവുന്നതാണ്.

നിങ്ങളുടെ സർവ്വശക്തനായ ദൈവം എന്തുകൊണ്ടാണ് പാപം അല്ലെങ്കിൽ കുറ്റം ചെയ്യാൻ പോകുന്ന ആളെ തടയാത്തത്? ദൈവത്തിനത് എളുപ്പത്തിൽ ചെയ്യാവുന്നതല്ലേ. യുദ്ധപ്രഭുക്കന്മാരെയോ അവരിലെ യുദ്ധക്കൊതിയേയോ നശിപ്പിക്കാനും അങ്ങനെ മഹായുദ്ധങ്ങളിൽ മനുഷ്യജന്മങ്ങൾ തകർന്നടിയുന്നത് തടയാനും ദൈവം നോക്കാത്തത് എന്തുകൊണ്ടാണ്? ഇന്ത്യയിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം നൽകാനുള്ള ചിന്ത ബ്രിട്ടീഷുകാരുടെ ഉള്ളിൽ സൃഷ്ടിക്കാത്തത്? എന്തുകൊണ്ടാണ് ദൈവം എല്ലാ മുതലാളിമാരുടേയും മനസ്സിൽ തങ്ങളുടെ സ്വകാര്യസമ്പാദ്യങ്ങൾക്കുള്ള ആഗ്രഹം ഒഴിവാക്കാനും അങ്ങനെ തൊഴിലാളി സമൂഹത്തിന് ആകമാനം ഉന്നതിയുണ്ടാവുകയും ചെയ്യുന്ന പരോപകാര ഉത്സാഹം നിറയ്ക്കാത്തത് - അല്ലെങ്കിൽ എന്തുകൊണ്ടാണ് മനുഷ്യകുലത്തെ തന്നെ മുതലാളിത്തത്തിന്റെ കെട്ടുപാടുകളിൽ നിന്ന് മോചിപ്പിക്കാത്തത്. സോഷ്യലിസ്റ്റ് സിദ്ധാന്തം എങ്ങനെ നടപ്പിൽ വരുത്തുമെന്നാണോ നിങ്ങൾ പറയാൻ പോകുന്നത്, അതെന്തുകൊണ്ട് ദൈവത്തിന് വിട്ടുകൂട!

പൊതുജനക്ഷേമം മുൻനിർത്തി ജനങ്ങൾ സോഷ്യലിസത്തെ അംഗീകരിക്കും. എന്നാൽ നടപ്പിൽ വരുത്താൻ ബുദ്ധിമുട്ടുള്ളതാണെന്ന് മുട്ടുന്യായം പറഞ്ഞതിനെ എതിർക്കുകയും ചെയ്യും. പണ്ടത്തെ പോലെ ദൈവത്തിന് ഇടപെട്ട് സോഷ്യലിസം ശരിയാക്കിക്കൂടെ. തർക്കിക്കാൻ വരട്ടെ. ഞാൻ പറയാം, ദൈവത്തിന്റെ ആഗ്രഹം കൊണ്ടല്ല ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്നത്, അവർ ശക്തരായതുകൊണ്ടും, നമ്മൾ എതിർക്കാൻ ധൈര്യപ്പെടാത്തതുകൊണ്ടുമാണ്. ദൈവത്തിന്റെ സഹായം കൊണ്ടൊന്നുമല്ല അവർ നമ്മളെ വിധേയരാക്കി നിർത്തിയിരിക്കുന്നത്, മറിച്ച് തോക്കും, റൈഫിളും, ബുള്ളറ്റും, പോലീസും സേനാബലവും ഒക്കെ ഉപയോഗിച്ചാണ്, കൂടാതെ ഒരു സമൂഹം മറ്റൊരു സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ പാതകത്തോട് - ഒരു രാജ്യം മറ്റൊരു രാജ്യത്തെ ചൂഷണം ചെയ്യുന്നതിനോട് നമുക്കുള്ള നിർവ്വികാരത കൊണ്ടുമാണ്. ദൈവമെവിടെ? അദ്ദേഹമെന്താണ് ചെയ്യുന്നത്? അയാൾ മനുഷ്യവംശത്തിന്റെ ഈ കഷ്ടതകൾ എല്ലാം ആസ്വദിക്കുകയാണോ? നീറോ: ചെങ്കിസ് ഖാൻ: പോയിത്തുലയട്ടെ.

ഈ ലോകവും മനുഷ്യരും എങ്ങനെയാണുണ്ടായതെന്ന് എന്നോട് ചോദിക്കൂ, ഞാൻ പറയാം. ഈ വിഷയത്തിൽ ചാൾസ് ഡാർവിൻ വെളിച്ചം വീശിയിട്ടുണ്ട്. അദ്ദേഹത്തെ പഠിക്കൂ. സോഹം സ്വാമിയുടെ "കോമൺസെൻസ്" വായിക്കൂ. അത് നിങ്ങളുടെ ചോദത്തിനുള്ള ഉത്തരം ഒരു പരിധി വരെ തരും. ഇതൊരു പ്രകൃതി പ്രതിഭാസമാണ്. വിവിധ വസ്തുക്കളുടെ യാദൃശ്ചികമായ മിശ്രണം ഒരു നീഹാരികയാവുകയും അത് ഈ ഭൂമി ഉണ്ടാകുന്നതിൽ കലാശിക്കുകയും ചെയ്തു. എപ്പോൾ? ചരിത്രം നോക്കൂ. ഇതേ പോലെ തന്നെ ജീവികളും പിന്നീട് മനുഷ്യരുമുണ്ടായി. ഡാർവിന്റെ "ഒറിജിൻ ഓഫ് സ്പീഷീസ്" വായിക്കൂ. മനുഷ്യരുടെ പുരോഗതി അത്രയും പ്രകൃതിയുമായുള്ള അവന്റെ സംഘടനങ്ങളും അതിനെ അതിജീവിക്കാനുള്ള അവന്റെ ശ്രമങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ പ്രതിഭാസത്തിന് നൽകാൻ കഴിയുന്ന ഏറ്റവും ചെറിയ വിശദീകരണമാണ് ഇത്.

അവന്റെ കഴിഞ്ഞ ജന്മത്തിലെ കർമ്മഫലമായിട്ടല്ലെങ്കിൽ എന്തുകൊണ്ട് ഒരു കുട്ടി ജന്മനാ അന്ധനായോ മുടന്തനായോ ജനിക്കുന്നു എന്ന് നിങ്ങൾ ചോദിച്ചേക്കാം. ഇത് ജീവശാസ്ത്രജ്ഞർ ഒരു ജീവശാസ്ത്ര പ്രക്രിയയുടെ ഭാഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവർ പറയുന്നത്, ഇത്തരം പ്രശ്നങ്ങളുണ്ടാകാൻ കാരണം മിക്കവാറും മാതാപിതാക്കളുടെ ആണ് അല്ലാതെ കുട്ടികളുടേത് അല്ല എന്നാണ്.

തികച്ചും ബാലിശമാണെങ്കിൽ പോലും സ്വാഭാവികമായും നിങ്ങൾ മറ്റൊരു ചോദ്യം ചോദിക്കാതിരിക്കില്ല. ദൈവമില്ലെങ്കിൽ ആൾക്കാർ എങ്ങനെയാണ് ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയത്? എന്റെ ഉത്തരം സ്പഷ്ടവും ചെറുതുമാണ്. പ്രേതങ്ങളിലും ദുഷ്ടശക്തികളിലും അവർ വിശ്വസിക്കുന്നതെങ്ങനെയാണോ അങ്ങനെ തന്നെ, ഒരൊറ്റ വ്യത്യാസം ദൈവത്തിന്റെ കാര്യത്തിൽ തത്ത്വചിന്ത താരതമ്യേന വികസിതമാണെന്ന് മാത്രം. മറ്റ് ചില പരിഷ്കരണ വാദികളെ പോലെ, ദൈവത്തിന്റെ നിലനിൽപ്പ് വിളംബരം ചെയ്ത് ആൾക്കാരെ വിധേയരാക്കിയും അവരുടെ അധികാരി ചമഞ്ഞും പ്രബലരായിരിക്കാൻ ചിലർ സൃഷ്ടിച്ചതാണ് ദൈവത്തെ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നിരുന്നാലും എല്ലാ വിശ്വാസങ്ങളും, മതങ്ങളും, മതധർമ്മങ്ങളും, അതുപോലുള്ള മറ്റ് വ്യവസ്ഥകളും പിന്നീട് സ്വേച്ഛാധിപത്യപരവും ചൂഷകാത്മകവുമായ വ്യവസ്ഥകളുടേയും വർഗ്ഗവ്യത്യാസത്തിന്റെയും വെറും ഏറാന്മൂളികളായി എന്ന കാര്യത്തിൽ എനിക്ക് തർക്കമൊന്നുമില്ല. ഏതൊരു മതവിശ്വാസത്തിലും രാജാവിനെതിരെ ഉള്ള കലഹം എപ്പോഴും പാപമാണ്.

മനുഷ്യന്റെ പരിമിതികളെക്കുറിച്ചും, അവന്റെ ബലഹീനതകളെക്കുറിച്ചും, ന്യൂനതകളെക്കുറിച്ചും ബോദ്ധ്യപ്പെട്ടപ്പോൾ, പരീക്ഷണഘട്ടങ്ങൾ ധീരതയോടെ നേരിടുന്നതിന് പ്രോത്സാഹനമായും അപകടങ്ങളെ ഭയപ്പാടില്ലാതെ അഭിമുഖീകരിക്കാനും സമ്പത്തിലും ഐശ്വര്യത്തിലും ഉണ്ടായേക്കാവുന്ന വികാരവിക്ഷോഭങ്ങൾ നിയന്ത്രിക്കുന്നതിനുമായി സങ്കല്പിച്ച് ഉണ്ടാക്കിയെടുത്തതാണ് ദൈവത്തിനെ എന്നാണ് എനിക്ക് തോന്നുന്നത്. ദൈവത്തെ ദൈവം തന്നെ സൃഷ്ടിച്ച നിയമസംഹിതയായും പിതൃസമാനമായ സ്നേഹമായും വിശദമായി തന്നെ സങ്കല്പിക്കുകയും ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യൻ അവൻ ജീവിക്കുന്ന സമൂഹത്തിന് അപകടം ആകാതിരിക്കാൻ, ദൈവത്തെ കോപിഷ്ഠത കൊണ്ടും കർക്കശനിയമങ്ങൾ കൊണ്ടും ഒരു നിരുത്സാഹപ്പെടുത്തൽ ഘടകം ആക്കി മാറ്റിയിട്ടുണ്ട്. പിതൃഗുണങ്ങൾ പരിശോധിക്കുകയാണെങ്കിൽ പിതാവും മാതാവും സഹോദരിയും സഹോദരനും സുഹൃത്തും സഹായിയും ഒക്കെ ആയി ദൈവം പ്രവർത്തിച്ചിട്ടുണ്ട്. വലിയൊരു കഷ്ടതയിൽ പെട്ട് എല്ലാവരാലും ഒഴിവാക്കപ്പെട്ട് നിൽക്കുന്ന ഒരാൾക്ക് എന്തും ചെയ്യാൻ കഴിവുള്ള തന്റെ യഥാർത്ഥ സുഹൃത്ത് സഹായത്തിനായി ഉണ്ടെന്നുള്ള വിശ്വാസത്തിൽ ആശ്വാസം കണ്ടെത്താൻ കഴിയുന്നതാണ്. ആദിമസമൂഹങ്ങളിൽ ഇത് വളരെ സഹായകരമായിരുന്നു.

ദുരിതത്തിൽ പെട്ട മനുഷ്യന് ദൈവം എന്ന ആശയം സഹായകരമാണ്.

വിഗ്രഹാരാധനയും മതവിശ്വാസം പടരുന്നതും തടയുന്ന പോലെ, സമൂഹം ഈ വിശ്വാസത്തിൽ നിന്നും പോരാടി പുറത്ത് കടക്കേണ്ടതാണ്. അതുപോലെ തന്നെ, മനുഷ്യൻ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുമ്പോൾ, അവൻ തന്റെ വിശ്വാസങ്ങൾ അരികിലേക്ക് മാറ്റിവെച്ച്, ഒരു യാഥാർത്ഥ്യവാദി ആകുന്നതാണ്, സാഹചര്യങ്ങൾ തന്റെ നേർക്ക് തൊടുക്കുന്ന കഷ്ടപ്പാടുകളും കുഴപ്പങ്ങളുമെല്ലാം അവൻ ധീരതയോടെ നേരിടുന്നതാണ്. ഇതാണ് എന്റെ കാര്യത്തിൽ സംഭവിച്ചത്. കൂട്ടുകാരെ, അതെന്റെ പൊങ്ങച്ചമല്ല. എന്റെ ചിന്താരീതിയാണ് എന്നെ നിരീശ്വരവാദിയാക്കിയത്. ദൈവത്തിൽ വിശ്വസിക്കുന്നതും ഒരാളുടെ ഏറ്റവും സ്വർത്ഥപരവും ദുഷിച്ചതുമായ പ്രവർത്തിയായ പ്രാർത്ഥന ദിവസവും ചെയ്യുന്നതും എന്റെ കാര്യത്തിൽ സഹായമാവുമോ അതോ അവസ്ഥ മോശമാകുവാൻ കാരണമാകുമോ എന്നെനിക്കറിയില്ല. എല്ലാ വൈഷമ്യങ്ങളും നിരീശ്വരവാദികൾ ധീരതയോടെ നേരിട്ടിട്ടുണ്ട് എന്ന് ഞാൻ വായിച്ചിട്ടുണ്ട്, അവസാനം വരെ, അത് കഴുമരത്തിലേക്കാണെങ്കിലും തലയുയർത്തി ആണായി നിൽക്കാൻ ഞാനാഗ്രഹിക്കുന്നു.

ഞാനെങ്ങനെയാണ് കടന്ന് പോകുന്നതെന്ന് നോക്കൂ: ഒരു സുഹൃത്ത് എന്നോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. എന്റെ യുക്തിവാദത്തെപ്പറ്റി പറഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞു, "നിന്റെ അവസാന നാളുകളിൽ നീ വിശ്വസിക്കാൻ തുടങ്ങും". ഞാൻ പറഞ്ഞു, ഇല്ല സർ, അങ്ങനെയല്ല. അതെന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഒരു അധഃപതനമായും സദാചാരഭ്രംശമായും ആണ് ഞാൻ കാണുന്നത്. എന്റെ സ്വാർത്ഥതാത്പര്യങ്ങൾക്കായി ഞാൻ പ്രാർത്ഥിക്കാൻ പോകുന്നില്ല. പ്രിയ വായനക്കാരേ, കൂട്ടുകാരേ, "ഇത് പൊങ്ങച്ചമാണോ?" ആണെങ്കിൽ, ഞാനതിനായി നിലകൊള്ളുന്നു.

ഈ കൃതി ആദ്യം പ്രസിദ്ധീകരിച്ചത് അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്തായതിനാലും (30 ദിവസത്തിനുള്ളിൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രസിദ്ധീകരിക്കാതിരുന്നതിനാലും) ഒപ്പം അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശ ഔപചാരികതകൾ പാലിക്കാതെ (പുതുക്കൽ ഒപ്പം/അല്ലെങ്കിൽ പകർപ്പവകാശ അറിയിപ്പ്) 1989-ന് മുമ്പാണ് ഈ കൃതി ആദ്യം പ്രസിദ്ധീകരിച്ചതെന്നതുകൊണ്ടും ഒപ്പം മാതൃരാജ്യത്തിൽ ഈ കൃതി യു.ആർ.എ.എ. തീയതിക്ക് (മിക്കരാജ്യങ്ങളിലും 1 ജനുവരി 1996) മുമ്പ് തന്നെ പൊതുസഞ്ചയത്തിൽ പെട്ടതുകൊണ്ടും, ഈ കൃതി അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു.

രചയിതാവ് 1931-ൽ മരിച്ചതാണ്, അതുകൊണ്ട് ഈ കൃതി, പകർപ്പവകാശകാലം രചയിതാവിന്റെ കാലശേഷം 80 വർഷങ്ങളോ അതിൽ കുറവോ എന്ന് നിജപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലും പ്രദേശങ്ങളിലും പൊതുസഞ്ചയത്തിൽ പെടുന്നു. കൂടാതെ ഈ കൃതി, വിദേശകൃതികൾക്ക് ചെറിയ കാലത്തേയ്ക്കുള്ള നിയമം ബാധകമായിട്ടുള്ള രാജ്യങ്ങളിലും പ്രദേശങ്ങളിലും പൊതുസഞ്ചയത്തിൽ പെടുന്നുണ്ടായിരിക്കാം.

ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഈ രചന ഇപ്പോൾ പൊതുസഞ്ചയത്തിലാണ്‌. ഇന്ത്യൻ പകർപ്പവകാശനിയമം (1957), പ്രകാരം രചയിതാവിന്റെ മരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷം, അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ച എല്ലാ രചനകളും പൊതുസഞ്ചയത്തിൽ പെടും. എന്നാൽ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ പകർപ്പവകാശപരിധിയിൽ വന്നേക്കാം. പ്രസിദ്ധീകരണത്തിന്‌ 60 വർഷങ്ങൾക്കു ശേഷമേ അവ പൊതുസഞ്ചയത്തിൽ വരുന്നുള്ളൂ.