അമൃതവീചി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
തങ്കക്കിനാവുകൾ




[ 7 ]

ആനന്ദലോലങ്ങളാമാനല്ലകാലമെല്ലാ-
മാരുമറിയാതെക്കടന്നുപോയി.
കൺകുളിർക്കവേ നോക്കിക്കണ്ടു ഞാനന്നവയെ
സ്സങ്കല്പമാത്രങ്ങളായ്ക്കഴിഞ്ഞവയെ
എന്മനസ്പന്ദനങ്ങളോരോന്നുമവയുടെ
ചുംബനം കൊണ്ടു കോരിത്തരിച്ചിരുന്നു.
മാമകജീവിതത്തിൻ താമരത്തളിരി,ല
പ്രേമംചൊരിഞ്ഞ കൊച്ചുഹിമകണങ്ങൾ
ആ നല്ലകാലമോരോ ചേണണിക്കതിർ വീശി
മാണിക്യമണികളായ് ചമച്ചിരുന്നു.
ഇന്നവ വെറും മഞ്ഞുതുള്ളികളായിപ്പോലും
നിന്നിടുന്നതി,ലെല്ലാം മറഞ്ഞുപോയി!
സങ്കല്പം- മരവിച്ച സങ്കല്പം- മാത്രമുണ്ട-
ത്തങ്കക്കിനാവുകൾതൻ കഥപറയാൻ!
എത്രനേരമായെന്നോ വീണ്ടും ഞാൻ വിളിപ്പത-
സ്വപ്നത്തിലൊന്നെങ്കിലും തിരിച്ചുപോരാൻ.
ഇല്ലവയ്ക്കത്ര കനിവില്ലിനിത്തിരിച്ചുപോ-
രില്ലതിലൊന്നു, മെത്ര കരകിലും ഞാൻ!
ഞാനെത്ര പറഞ്ഞാലും, ഞാനെത്ര കരഞ്ഞാലും
ഞാനെത്ര പരിഭവം ഭാവിച്ചാലും
ഇല്ലവയ്ക്കൊരു തെല്ലും ചഞ്ചലഭാവം- പിന്നെ-
ച്ചൊല്ലിയാൽ ഫലമെന്തു?- മടങ്ങട്ടെ ഞാൻ!
എങ്കിലു,മിന്നവയെത്തെല്ലെങ്ങാനോർക്കി,ലപ്പോ-
ളെൻകരൾ നൊന്തുപോം! ഞാനെന്തു ചെയ്യും?...