അമൃതവീചി/വന്നാലും വന്നാലും!
< അമൃതവീചി
←ആത്മഗീതം | അമൃതവീചി രചന: വന്നാലും വന്നാലും ! |
ഭക്തദാസി→ |
[ 10 ]
വന്നാലും വന്നാലും വ്യാമോഹനിദ്രവി-
ട്ടെൻ നാടുണരുന്ന പൊന്നുഷസ്സേ!
നാകത്തിൽനിന്നുമീ ലോകത്തിലെത്തും നിൻ
നാനാപദാനങ്ങളേറ്റുപാടാൻ.
ജീവിതച്ചൂടിൽ തളരാത്ത നാവുകൾ
ദേവി, നിന്മുന്നിൽ നിരന്നീടട്ടേ!
നീണാളായ് ഞങ്ങൾ തപസ്സുചെയ്തിങ്ങനെ
നീ വന്നുചേരുവാൻ കാത്തിരുന്നു.
പോരേ പരീക്ഷിച്ചതിത്രയും ഞങ്ങളെ?-
പ്പോരിക നീയിനിപ്പൊൻകതിരേ!
പാരതന്ത്ര്യത്തിൻ തുറുങ്കിലിതുവരെ-
ക്കൂരിരുട്ടത്തു കിടന്നു ഞങ്ങൾ!
ദാരിദ്ര്യത്തിന്റെ ഭയങ്കരസ്വപ്നങ്ങൾ
നേരിട്ടുകണ്ടു വിറച്ചു ഞങ്ങൾ!
മർദ്ദനത്തിൻ ബലിക്കല്ലിലവശരായ്
രക്തംവമിച്ചു പിടഞ്ഞു ഞങ്ങൾ!
വന്നാലും, വന്നാലും വ്യാമോഹനിദ്രവി-
ട്ടെൻ നാടുണരുന്ന പൊന്നുഷസ്സേ!