അലിഞ്ഞു ചേർന്ന ആത്മാക്കൾ
രചന:സി.എ. കാലായിൽ (1959)
ഏഴു്
[ 61 ]
ഏഴു്


ദിവസങ്ങൾ ചേർന്നു ചിലമാസങ്ങളുണ്ടായി. ഞാൻ തികച്ചും ഒരു കർഷകത്തൊഴിലാളിയാണിന്നു്. എനിക്കു രാവുമുഴുവനും സ്വപ്നം കാണാം. പകലന്തിയോളം പണിയെടുക്കുന്നതിനിടയിൽ ഫലിതം പറഞ്ഞും, പാട്ടുപാടിയും സന്തോഷിക്കാം. കുട്ടനും, കുഞ്ഞനും, മൈലനും, മല്ലനുമെല്ലാം എന്റെ സുഹൃത്തുക്കളാണ്. എന്റെ പാട്ടും ഫലിതവുമെല്ലാം അവരെ ആനന്ദിപ്പിക്കും.

ഒരു ദിവസം കുളക്കടവിൽ അവരെല്ലാം സമ്മേളിച്ചിരിക്കുകയായിരുന്നു. എന്നെക്കുറിച്ചെന്തെങ്കിലുമഭിപ്രായമവർ പാസാക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ മറഞ്ഞുനിന്നു ശ്രദ്ധിച്ചു.

“കോപാലനെ അയ്‌യാക്കെന്തു കാര്യാ” അത്ഭുതത്തോടുകൂടി മൈലൻ പറഞ്ഞു.

“തേവിപ്പെണ്ണ്നെ അവനായിരിക്കും കെട്ടുന്നതു" ബുദ്ധിപൂർവ്വമായ കുഞ്ഞന്റെ നിഗമനമായിരുന്നത്.

“യവന്റെ പാട്ടെന്തൊരു ശേല” കുട്ടനതായിരുന്നു കാര്യം.

“യെന്നൊക്കെ ആണെങ്കിലും ഇമ്മോടെന്തു കാര്യാ അവ നിക്ക്” മല്ലൻ പറഞ്ഞു.

[ 62 ]

“യവ്ൻ ഇമ്മടെ ചാതിയാണോ?” മൈലോനൊരു സംശയം.

“യേ യല്ല” കുട്ടൻ തറച്ചു പറഞ്ഞു.

“ചുമ്മാ പോടാ, ഇമ്മ്ടെ ചാതിയാ” കുഞ്ഞൻ കുട്ടനെ എതൃത്തു.

“എന്നാണേലും മൂപ്പന്റെ ബാക്യം” മല്ലൻ പറഞ്ഞുനിൎത്തി.

“പോടാ ക്ടാത്താ തേവിടെ ബാക്യാ” കുട്ടൻ ഭേദഗതി ഉന്നയിച്ചു “അല്ലേടാ മൈലാ” അവൻ തുടർന്നുമൈലനോടഭിപ്രായമാവാശ്യപ്പെട്ടു.

മൈലൻ ചിന്തകുലനായിതല കുനിച്ചിരുന്നു. അവനൊന്നും മിണ്ടിയില്ല.

“എന്നാടാക്ടാത്താ” കുട്ടനതിശയം തോന്നി.

“യ്‌വൻ തേവിടെ.... വ്വ... ഹു”....

അവരെല്ലാം ഊറി ഊറി ചിരിച്ചു. മൈലൻ എഴുന്നേറ്റു പടിഞ്ഞാറോട്ടു നടന്നു. അവൎക്കല്‌പം സങ്കടം തോന്നി.

“മൈലാ വാ ഇനിയൊന്നും പറേന്ന്‌ല്ല” കുട്ടൻ വിളിച്ചറിയിച്ചു. എല്ലാവരും തലയാട്ടിക്കാണിച്ചു. മൈലൻ തിരിച്ചുചെന്ന് അവരുടെകൂടെ കളിക്കുകയും ചെയ്തു.

അന്നാണെനിക്കു പലതു മനസ്സിലായതു്. മൈലനു് തേവിയേ വല്യകാര്യമാണു്. പക്ഷെ അവൾക്കങ്ങോട്ടുമുണ്ടായിരുന്നെങ്കിൽ. എല്ലാവൎക്കുമെന്നോടു ഏറെ മതിപ്പാണു്. തേവി, അവളെന്നെ വിഷമിപ്പിക്കുകയാണു്....

ഇന്നു വേലകേറിയപ്പോൾ ചോതമ്മൂപ്പനെന്നോടു പറഞ്ഞു “കോപാലൻ പെരേലോട്ടുപൊക്കോ” ഞാൻ ചന്തോമരെ പോയേച്ചു് വന്നേക്കാം.” അതുകൊണ്ടു ഞാൻ

[ 63 ]

നേരെ മാടത്തിലേക്കു നടന്നു. വഴിക്കുവെച്ചു അവരെന്നെ തടഞ്ഞു നിറുത്തി. കുട്ടനും, കുഞ്ഞനും, മല്ലനും.

“കുളിക്കാം വരന്നോ കോപാലാ?” കുഞ്ഞൻ ചോദിച്ചു.

“ഞങ്ങ കടവിലേക്കാ” മല്ലനറിയിച്ചു.

“ഞാൻ മാടത്തിൽ പോയി കുളിച്ചുകൊള്ളാം” ഞാൻ പറഞ്ഞു.

“നെനക്കു കോരിത്ത്‌രനാളൊണ്ടു്. ഞങ്ങക്കില്ല” കുട്ടൻ തട്ടിവിട്ടു.

“ആകട്ടെ മൈലനെന്ത്യോ?” വിഷയം മാറ്റുവാനായിട്ടു ഞാൻ ചോദിച്ചു.

“യ്‌വൻ നേരത്തെ പോയ്” കുഞ്ഞൻ പറഞ്ഞു.

“ഇന്ന്‌ലത്തെ ആ പാട്ടൊന്നു ചൊല്ലുവോ?” കുട്ടൻ ചോദിച്ചു.

“ഇപ്പോഴോ” ഞാൻ സംശയം പ്രകടിപ്പിച്ചു.

“ഇപ്പം പാടിയാ എന്താ” മല്ലനതു പിടിച്ചില്ല.

“ഞാനേ രാത്രി മാടത്തിലിരുന്നുകൊണ്ടു് ഉച്ചത്തിൽ പാടാം.

പിന്നൊന്നും അറിയാനോ, അറിയിക്കാനോ നിൽക്കാതെ ഞാൻ നടന്നു.

പ്രപഞ്ചം മുഴുവനും അന്ധകാരത്താലാവരണം ചെയ്യപ്പെട്ടിരിക്കുകയാണു്. നല്ല കടുത്ത ഇരുട്ട്....

ഞാൻ കാവൽ മാടത്തിലെത്തി. ചെളിപുരണ്ട വസ്ത്രങ്ങളെല്ലാം മാറ്റിയിട്ടു് പടിഞ്ഞാറോട്ടു് നോക്കി. തേവിയവിടെ ഇല്ലായിരിക്കുമോ എന്നെനിക്കു തോന്നി. വിളക്കു കത്തിച്ചിട്ടില്ല...... സംശയത്തിന്റെ ഫണമുയൎന്നു. ഞാൻ പുറത്തിറങ്ങി കുറേനേരംനിന്നു. പെട്ടെന്നു മാടത്തിന്റെ

[ 64 ]

ഒരരുകിൽ തീപ്പെട്ടിക്കമ്പുരച്ച പ്രകാശം കണ്ടു്, ശ്രദ്ധാപൂർവ്വം സൂക്ഷിച്ചു നോക്കി. മൈലനാണ്. കുറെക്കഴിഞ്ഞു വിളക്കു കത്തിച്ചു പിടിച്ചുകൊണ്ടു തേവി മൈലന്റെ അടുത്തേക്കു ചെന്നു. അവനതു ഊതിക്കെടുത്തി.

ഞാൻ സാവധാനം നടന്നു മാടത്തിന്റെ മറുവശത്തെത്തി.

“തേവി” മൈലൻ പ്രേമപൂർവ്വം വിളിച്ചു.

“ഉം” ഒട്ടും കനിവില്ലാതെ അവളൊന്നു മൂളി.

“എന്തിനെ നിങ്ങവന്നേ.. ഇ”

“നിന്നെ കാണാനോ”

“എന്നെയാരും.....”

“നെനക്കെന്നോടു് സ്നേകൊണ്ടൊ?”

“സ്നേകൊക്കയാ....”

“നിങ്ങ എന്തിനെ വെളക്കൂതിയേ?”

“എന്റേൽ തീപ്പെട്ടിയൊണ്ടു”

“തേ മൈലാ ഏനൊരു കാര്യം പറയാം.”

“എന്നാ”

“നിങ്ങ ചുമ്മാണ്ട്വ്ടെ പാത്തും പതുങ്ങിം വരല്ല”

“അച്ഛയിപ്പം വരും”

“അച്ഛന്നേ പോയിരിക്കാ”

“കോവാലൻ”

അവങ്കാ കുളിക്വാ”

“ഇല്ല ഇവ്ടാ കുളിക്കണേ”

“നിന്നെ എനിക്കു വേണം തേവി”

“നിങ്ങ പോ”

പിന്നെയും എന്തൊക്കെയോകൂടി അസ്പഷ്ടമായി കേട്ടു. എനിക്കൊന്നും വ്യക്തമായില്ല.

“എന്തെടി തേവിക്ടാത്തി?” ഇറയത്തേക്കു കയറിക്കൊണ്ടുമൂപ്പൻ വിളിച്ചു.

[ 65 ]

“ഏനിവ്ടെയൊണ്ടേ” അവൾ അകത്തുനിന്നുകൊണ്ടറിയിച്ചു.

“എന്നാ ക്ടാത്തി വെളക്കു കത്തിക്കാണ്ടെ?”

ഞാൻ വേഗം നടന്നു മാടത്തിലെത്തി. ഒരു മൂളിപ്പാട്ടും പാടി ഒന്നുമറിയാത്ത മട്ടിൽ ഞാനിരുന്നു. കുറെക്കഴിഞ്ഞു് ഒരു പാട്ടവിളക്കുമായി തേവിയങ്ങോട്ടു വന്നു. പാട്ടു താനേ നിന്നു.

“ഇതൊന്നു കത്തിച്ചേ” അവൾ വിളക്കെന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു.

“ഇതാരു കെടുത്തി” തമാശയിൽ ഞാൻ ചോദിച്ചു. അവളുടെ നുണക്കുഴികൾ തെളിഞ്ഞുവരുന്നതു ഞാൻ കണ്ടു. തീപ്പെട്ടിക്കോലുരച്ചു വെളക്കു കത്തിച്ചു. ഒരു കള്ളച്ചിരിയുമായി അവൾ കടന്നുപോയി.

അൎദ്ധചന്ദ്രൻ അംബരത്തിന്റെ താഴ്വാരയിൽ പൊന്തിവന്നു.

ഈ ചുറ്റുപാടുകളാകെ ആമായാദീപത്തിന്റെ ശാന്തവെണ്ണിലാവിൽ മുങ്ങി സുന്ദരമായിതീൎന്നിരിക്കുന്നു. ചില രാപ്പാടികൾ കളകളഗാനം ചൊരിയുന്നുണ്ടു്. പ്രശാന്തമനോഹരമായ ഒരന്തരീക്ഷം...

എന്റെ ലിസായിപ്പോളെവിടെയായിരിക്കും. ചിരംജീവികളായ നഭോമണ്ഡലത്തിലെ മുത്തുചിപ്പികളെ! നിങ്ങൾ എന്റെ ജീവന്റെ ജീവനായ ലിസായെ നിങ്ങളെങ്ങാനും കണ്ടോ? ദിഗന്തം വരെ എത്തത്തക്ക ഉച്ചത്തിൽ ഒന്നു വിളിച്ചു ചോദിക്കുമോ? രാപ്പാടികളെ ലിസായെ കണ്ടോ? ഈ പ്രപഞ്ചമാകെ വെണ്ണിലാവിലാഴ്ത്തുന്ന അലംഭാവമില്ലാത്ത പ്രകാശരാജാ, എന്റെ ലിസായെ ഒന്നു തെരക്കി കണ്ടുപിടിക്കാമോ? സ്വൎഗ്ഗലോകത്തിന്റെ അടിതകരാത്ത താങ്ങുകളായ

[ 66 ]

നീലമേഘങ്ങളെ ചുറ്റിത്തിരിയുന്നതിനടിയിൽ നിങ്ങളെന്റെ ലിസയെ കണ്ടാൽ ഒന്നറിയിക്കുമോ?

ശാന്തെ! നീ കരഞ്ഞു കരഞ്ഞു മടുത്തിരിക്കുമോ? തുടുത്തതല്ലങ്കിലും നിന്റെ കവിൾത്തടങ്ങൾ ആകൎഷണീയമാണ്. കവിതയുൎത്തുന്നതല്ലെങ്കിലും ആ നീലനയങ്ങൾക്ക് ഒരു പ്രത്യേക കഴിവുണ്ടു്. ആ കുറുനിരകൾ കാറ്റിലാടുന്നതു് കാണുവാൻ ഒരു ചന്തവുമുണ്ട്. ഏതൊരു കഠിന ഹൃദയനേയും കരയിക്കുവാനുള്ള കളങ്കമായ കഴിവുണ്ടാ കണ്ണുകളിൽ നിന്നും കരകവിഞ്ഞു ഉതിരുന്ന കണ്ണുനീർകണികൾക്കു്.

എന്തൊക്കെയോ പേക്കിനാവുകണ്ടു ഞാൻ വളരെനേരം കളഞ്ഞു. അംബരഭാഗത്തേക്കു മിഴികൾ പായിച്ചുകൊണ്ടു ഞാൻ പായയിൽ കിടക്കുകയാണ്.

ഒരു കാലൊച്ച കേട്ടു. ഞാൻ നെട്ടിത്തിരിഞ്ഞുനോക്കി. ‘തേവി’ എന്റെ മനസ്സു മന്ത്രിച്ചു. ഒരു നിശാദേവതയെപ്പോലെ അവൾ മന്ദം മന്ദം ഓരോ പദം അളന്നു മുറിച്ചെന്ന പോലെ നീങ്ങുന്നു........ എന്തിനൊക്കെയോ വേണ്ടിയുള്ള പുറപ്പാടാണതു്. ഞാൻ ഉറക്കം നടിച്ചു കിടന്നു. അവൾ അടുത്തുവന്നു് കട്ടിലിലിരുന്നു. തണുത്ത കഞ്ഞിക്കാറ്റതുവഴി തലോടികൊണ്ടുപോയതിനാലായിരിക്കണം, അവൾക്കൊരു കോരിത്തരിപ്പുണ്ടായി.

“ഒന്നേറ്റെ” അവളെന്നെ മുട്ടിവിളിച്ചു.

“ഓ ഇത്രനേരം പാട്ടുപാടിക്കൊണ്ടിരുന്നേച്ചു്.... എന്റെ നാട്യം അവൾക്കു മനസ്സിലായതുപോലെ തോന്നുന്നു. ഞാൻ നിശ്ശബ്ദനായിതന്നെ കിടന്നു.

“സ്നേകോണ്ടേ ഏക്കു്” അവസാനത്തെ തീൎപ്പാണത്. കണ്ണുതിരുമ്മി ഞാനെഴുന്നേറ്റു.

[ 67 ]

“ആരിതു തേവിയോ?” പേക്കിനാവു കാണുന്നതു പോലെ ഞാനല്പം ഉറക്കെ ചോദിച്ചു. അവളെന്റെ വായ മൂടിപ്പിടിച്ചുകൊണ്ടു പറഞ്ഞു:

“പതുക്കെ പറ, അച്ഛ കെടന്നേള്ളൂ.”

“ഞാനിന്നലെ എന്താണു പറഞ്ഞതു തേവി”

“യിഞ്ഞീം മരണ്ടാന്ന്”

“അല്ലെ?”

“ഉം”

“നീയെത്രാമത്തെ പ്രാവശ്യമാണു ഇതുപോലെ രാത്രിയിൽ എന്റെയടുക്കൽ വരുന്നതു്?”

“ഒത്തിരിയായി. എനിക്കെണ്ണേല്ല”

“എന്തിനാ?”

“ഞാൻ പിന്നെ യാരിടടുത്താപോണേ?”

“നിനക്കു മെലനോടിഷ്ടമില്ലേ?”

“ഇഷ്ടൊക്കെയാ... പക്ഷെങ്കി.”

“അവൻ നിന്നോടെന്തു കാര്യമാ തേവി.....”

“നിങ്ങക്കില്ലേ സ്നേകം”

“എനിക്കു നിങ്ങൾ മതി. ഏൻമറ്റൊരിക്കുമല്ല”

ഞാനൊന്നും മിണ്ടിയില്ല.

നദിയിൽ വെള്ളം ഓളം തല്ലുന്നതു കണ്ടു ഞാൻ തല പുറത്തേക്കു നീട്ടി പടിഞ്ഞാറോട്ടു നോക്കി. ഒരു ബോട്ടു വരുന്നതാണു്. തേവി വേഗം മാടത്തിന്റെ പിറകിലേക്കോടി ഞാൻ കുറെനേരം സ്തംഭിച്ചിരുന്നു. എനിക്കു മനസ്സിലാകാത്ത ഒരർത്ഥവ്യാപ്തി അന്തർലീനമായിട്ടുണ്ടോ എന്നു ഞാൻ സംശയിച്ചു. ഞാനീമാടത്തിൽ താമസമാക്കിയിട്ടു ആദ്യമായിട്ടാണു് ഒരു ബോട്ടിതുവഴി കടന്നു പോകുന്നത്. തേവിയെന്തിനോടി മറയുന്നു? ബോട്ടടുത്തുവന്നു. ബോട്ടി

[ 68 ]

നകത്തൊരു ദീപം പ്രകാശിക്കുന്നുണ്ടു്. മുപ്പതോടടുത്ത ദീർഘകായകനായ ഒരാൾ തലയുൎത്തി എന്നേയും അകലെയുള്ള മാടത്തിലേക്കും സൂക്ഷ്മതയോടെ നോക്കുന്നതു കണ്ടു. ഒറ്റനോട്ടത്തിൽതന്നെ എനിക്കൊരു ഭയമാണുണ്ടായതു്....

തേവി എന്റെയടുത്തെത്തി.

“നിങ്ങ എന്ത്യേ എണീക്കാഞ്ഞേ?” അവൾ ഭയത്തോടെ ചോദിച്ചു.

“ഉം” എനിക്കതു മനസ്സിലായില്ല.

“തമ്പ്റാനാർന്നു”

ഞാൻ ശബ്ദിച്ചില്ല.

അവൾ തുടൎന്നു. “നാളെ മൊതല് കൊയ്ത്തു തൊടങ്ങുമല്ലോ?”

“പിന്നെന്നും പാടത്തു കാണുന്നയാളാരാ?”

“അതു നടത്തുകാര തമ്പ്രാൻ”

“ആങ്ഹാ”

“തമ്പ്‌റാൻ സിനിമാപടോണ്ടാക്വാ”

“അതെയോ?”

“വേണൂന്നാ പേരു്.” എല്ലാണ്ടിലും കൊയ്ത്തിനുമരും

“നിന്നോടൊക്കെ വലിയ കാര്യമാണോ?”

“ഓ വെല്യ കാര്യാ പക്ഷേങ്കി എനക്കു ഇഷ്ടമല്ല”

“അതെന്താ?”

“തമ്പ്‌റാൻ ചള്ളാളാ”

എന്നെയും തേവിയേയും പോലെ ആയിരമായിരങ്ങൾ എല്ലുനുറുങ്ങെ അദ്ധ്വാനിക്കുന്നതിന്റെ ഉപ്പുരസമുള്ള സ്വേദകണങ്ങൾ നക്കിയെടുത്തു സുഖിക്കുന്ന “എങ്ങ്‌ടെ തമ്പ്രാൻ” ഒരു സ്തീലമ്പടനാണന്നവൾ പറഞ്ഞു. രണ്ടു കൊല്ലം മുൻപു നടന്ന ഒരു സംഭവം, ഇവിടുത്തെ രക്തക്കൊഴുപ്പുള്ള ഓരോ

[ 69 ]

തൊഴിലാളിയുടേയും അഭിമാനത്തെ ചോദ്യം ചെയ്ത ഒരു ജുഗുപ്സാവഹമായ സംഭവം, അവൾ എന്നെ ധരിപ്പിച്ചു. അതായത് പുല്ലുതറയിലെ തോമ്മായുടെ മകൾ നീലിയെ വേണു വളരെ നാൾ തന്റെ കളിപ്പാട്ടുമായി ഉപയോഗിച്ചു. ‘തീയോടു കളിച്ചാൽ പൊള്ളും’ എന്നു പറയുന്ന പോലെ പതിനെട്ടുകാരി ഗൎഭിണിയായി. തമ്പുരാൻ അവൾക്കേതോ മരുന്നു കൊടുത്തു. അത് ആസിഡു് ആയിരുന്നെന്നു് പിന്നീടാണ് നാട്ടുകാരറിഞ്ഞതു്. അവൾ മരിച്ചു.

അന്നുമുതൽ ആ വിടകേസരിയായ മുതലാളിയെ പിശാചിനെക്കാൾ ഭയത്തോടുകൂടിയാണ് യൗവ്വനം മുറ്റിനില്ക്കുന്ന പാടത്തിന്റെ സന്തതികൾ കരുതുന്നതു്...

പ്രൊഡ്യൂസർ വേണു! ഞാനാപേരു കേട്ടിട്ടുണ്ടു്. ‘സുന്ദരി’ ‘പാടുന്ന പടവാൾ’ ‘പ്രപഞ്ചം’ ‘ഒരു പാണ്ടികശാല’ തുടങ്ങിയ ഗതികേടിന്റെ കേളിരംഗങ്ങളായ ചിത്രങ്ങൾ നിൎമ്മിച്ച അദ്ദേഹത്തെ അഭിമാനികളായ കലാകാരന്മാൎക്ക് നീരസത്തോടെയേ സ്മരിക്കുവാൻ സാധിക്കൂ എന്നു് ഞാനെന്റെ നാടകജീവിതകാലത്തു സുഹൃത്തുക്കളോടു് പറയാറുണ്ടായിരുന്നു.

ഒരു ഗ്രാമീണോത്സവത്തിന്റെ കാഹളമൂതികൊണ്ടാണു് ഇന്നത്തെ പ്രഭാതം സമാഗതമായതു്. കുലകുലയായി കാറ്റിലാടി നിൽക്കുന്ന ഈ ഗ്രാമത്തിന്റെ സമ്പത്തു കൊയ്തെടുക്കുകയാണ്. ആയിരമായിരം തൊഴിലാളികളുടെ ജീവരക്തത്തിന്റെ പാലാഴിയിൽ വിളഞ്ഞ അമൃത് കടഞ്ഞെടുക്കുവാൻ ഇന്നു മുതൽ ആരംഭിക്കുകയാണ്.

അരിവാളുകളുമായി സ്ത്രീകളും പുരുഷന്മാരുമായ വേലക്കാർ നടുവരമ്പിലൂടെ മുന്നേറുകയാണു്........ അവൎക്കെല്ലാമാനന്ദമാണു്....

[ 70 ]

കൊയ്ത്തു തുടങ്ങി. കൊയ്ത്തുപാട്ടുകൾ അന്തരീക്ഷത്തിൽ മാറ്റൊലികൊണ്ടു. എല്ലാവരും കൈനിറയെകതിരെടുത്തു കറ്റകളാക്കുകയാണു്. തമ്പ്‌രാനും നടത്തുകാരനും വരമ്പിലൂടെ കൊയ്ത്തു നടത്തിച്ചുകൊണ്ടു് നീങ്ങി... അങ്ങകലെ കുറെപ്പേർ ‘കളം’ നിൎമ്മിക്കുകയാണു്. ‘നിലംതല്ലി’യുടെ പെരുമാറ്റത്തിന്റെ ശബ്ദം അവിടെയെങ്ങും കേൾക്കാം.

ആളിക്കത്തുന്ന തീപ്പന്തങ്ങൾപോലെ ഉദയാൎക്കന്റെ ഉഗ്രകിരണങ്ങൾ ദേഹത്തു പതിക്കുന്നുണ്ടെങ്കിലും ആത്മാൎത്ഥതയോടെ പണിയെടുക്കുകയാണു്. ആ പാടത്തെ പച്ചപിടിപ്പിച്ച കൈകൾതന്നെയാണു് ആ കതിരുകൾ അറുത്തെടുക്കുന്നതും.

പക്ഷെ പച്ചച്ചിരിയുമായി മുതലാളി നീങ്ങുന്നതു് അവൎക്കു സഹിച്ചുകൂടാ. ആ മുഖം കാണുമ്പോൾ അവരെല്ലാം മിഴിച്ചുപോകും. ആ കൈകളെല്ലാം തരിക്കുന്നുണ്ടാവും. എങ്കിലും ‘കമാ’ന്നൊരക്ഷരംമിണ്ടാതെ തങ്ങളുടെ പിടിത്താളുകളിലാണു് അവർ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നതു്.

അയാൾ തേവിയുടെ അടുത്തു കുറെനേരം ആ പുഴുങ്ങിയ മുഖവുമായി നോക്കിനിന്നു....

മൂപ്പൻ അക്ഷമനാകാതെ ഞാൻ നോക്കി...

“എവനേതാ?” എന്നെ ചൂണ്ടിക്കൊണ്ടു് കുഞ്ഞനോടു് മുതലാളി ചോദിച്ചു.

“തേവിടെ...” അൎദ്ധോക്തിയിൽ കുഞ്ഞൻ പറഞ്ഞു.—

“ഓ! തേവീടെ കല്യാണവും നടന്നോ?” ഭേഷ്. അവളു ഭാഗ്യവതിയാ” അഴകിയ രാവണന്റെ മാതിരി മുതലാളി നാക്കുവളച്ചു.

9
[ 71 ]

“ഇല്ലേ... കല്യാണം കഴിഞ്ഞില്ലേ” കുഞ്ഞൻ വീണ്ടും വിനയപുരസ്സരമറിയിച്ചു.

“അതു ശരി... മണത്തോണ്ടൂനടക്കുവാണില്ലേ. പാവം... ഇവിടടുത്തുള്ളവനാണോ?”

“പൊറത്തെങ്ങാണ്ടാണേ”

“തെണ്ടിക്കു കൂട്ടു് എരപ്പാളി.... ആകട്ടെ മൂപ്പനെങ്ങിനാ”

“വെല്യ കാര്യാ”

“തേവിയോ?”

“ക്ടാത്തിക്കു ഇഷ്ടമാണെന്നുപറഞ്ഞേ?”

അകലെനിന്നു കൊയ്തുകൊണ്ടിരുന്ന തേവിയെ നോക്കി അയാൾ ഇരുത്തിയൊന്നു മൂളി. ഒന്നു ചിരിച്ചു. ഞാനതെല്ലാം നിശ്ശബ്ദനായി കേട്ടുകൊണ്ടു് തന്നെ ഓരോ കതിരും മുറിച്ചെടുത്തു.

സായാഹ്ന സമയമാണു്. ഓരോരുത്തരും അവരവരുടെ കറ്റകൾ ചുമന്നു കളത്തിൽ കൊണ്ടുചെന്നു വച്ചിട്ടു് കുടിലുകളിലേക്കുതിരിച്ചു....”