ആൾമാറാട്ടം
രചന:കല്ലൂർ ഉമ്മൻ ഫിലിപ്പോസ്
അദ്ധ്യായം ആറ്
[ 27 ]
6
ലൂസിയാനായും സൈ. അന്റിപ്പൊലസ്സും

ലൂസി - ജ്യേഷ്ഠത്തിക്കു നിങ്ങളുടെ ഇന്നത്തെ ഈ വിധം കണ്ടിട്ടു വളരെ വിഷാദം കൊണ്ടിരിക്കുന്നു. അവരുടെ ദുഃഖം അടക്കിക്കൊൾവാൻ കഴിയാഞ്ഞിട്ടത്രെ അവരവിടെനിന്നു ഇറങ്ങിപ്പൊയ്ക്കളഞ്ഞതു. ജ്യേഷ്ഠൻ അവരുടെ പണം മോഹിച്ചിട്ടു മാത്രമാണു അവരെ വിവാഹം ചെയ്തതു എങ്കിൽ അതിനുമാത്രം എങ്കിലും അവരോടു ഒരു സ്നേഹം കാണിക്കേണ്ടായൊ? ഉള്ളിൽ നിങ്ങൾക്കവരോടു യാതൊരു ഇഷ്ടവും ഇല്ലെന്നു വരികിലും കാണാകേളികളെക്കൊണ്ടു പറയിപ്പിക്കാതെയിരിപ്പാൻ വേണ്ടി പുറമേയെങ്കിലും ഒരു സ്നേഹഭാവം കാണിക്കരുതോ. കഴിഞ്ഞതൊക്കെയും അങ്ങിനെ ഇരിക്കട്ടെ. മേലാൽ അവരെ ആശ്വസിപ്പിപ്പാനുള്ള വഴി നോക്കെണം.

സൈ. അന്റി - ഇപ്പറയുന്ന നിങ്ങളുടെ പേരെന്തെന്നുപോലും ഇനിക്കു മനസ്സിലായിട്ടില്ല. എന്റെ പേർ നിങ്ങളൊക്കെ മനസ്സിലാക്കിയതെന്തോരു വിസ്മയമെന്നതും അറിഞ്ഞുകൂടാ. ഞാൻ പറഞ്ഞിട്ടുള്ളതത്രയും പരമാർത്ഥം തന്നെ. അതു മറിച്ചു പറയിപ്പിപ്പാൻ എന്തിന്നു ശ്രമിക്കുന്നു. എന്നെ ഒരു പുതിയ സൃഷ്ടി ആക്കുവാൻ കഴിയുമോ? അതു കഴിയുമെങ്കിൽ ഇഷ്ടപ്രകാരം ഒക്കെയും എന്നെക്കൊണ്ടു പറയിപ്പിക്കയൊ പെയ്യിപ്പിക്കയൊ ഒക്കെ ആവാം. ആയതല്ലാതെ ഞാൻ ഞാനായിട്ടുതന്നെ ഇരിക്കയാണെങ്കിൽ നിങ്ങളുടെ ഈ കരയുന്ന സഹോദരി എന്റെ ഭാര്യ അല്ല. അതുകൊണ്ടു ഇനി അക്കാര്യം പറഞ്ഞു എന്നെ പ്രയാസപ്പെടുത്താതെ കന്യകയായ നിങ്ങൾക്കു എന്റെ ഭാര്യ ആയിക്കൊൾവാൻ സമ്മതമുണ്ടായിരുന്നാൽ അതിലെക്കു ഇനിക്കും വിസമ്മതമല്ല.

ലൂസി - ഇതെന്താ ജ്യേഷ്ഠാ ഈ സംസാരം കേട്ടിട്ടു നിങ്ങളുടെ തലെക്കു നല്ല സ്ഥിരമില്ലെന്നു കേട്ടതു പരമാർത്ഥം തന്നെയെന്നു തോന്നുന്നു. [ 28 ] സൈ. അന്റി - തലെക്കു സ്ഥിരമില്ലാഞ്ഞിട്ടല്ല. ഒരു കുഴച്ചിലു കൊണ്ടത്രേ.

ലൂസി - അതു നിങ്ങളുടെ കണ്ണിന്റെ ദൂഷ്യമാണെന്നു തോന്നുന്നു.

സൈ. അന്റി - അതു ശരിതന്നെ ആയേക്കാം. സൂര്യനെപ്പോലെയുള്ള നിങ്ങളെ നോക്കുന്തോറും എന്റെ കണ്ണുമഞ്ചിപ്പോകുന്നു.

ലൂസി - നിങ്ങൾ നോക്കെണ്ടിയ ഇടത്തു നോക്കിയാൽ ആ മൂടൽ നീങ്ങിപ്പോകും.

സൈ. അന്റി - എന്റെ പ്രിയയേ ഇതിൽ വിശേഷമായ ഒരു ആളിന്റെമേൽ നോക്കുന്നതിന്നു അത്ര ഭംഗിയുണ്ടായിട്ടു ഒരുത്തിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

ലൂസി - എന്നെ എന്തിന്നു പ്രിയ എന്നു വിളിക്കുന്നു. എന്റെ സഹോദരിയെ വേണമെല്ലൊ അങ്ങനെ വിളിപ്പാൻ.

സൈ. അന്റി - അല്ല, സഹോദരിയുടെ സഹോദരിയെ അത്രേ.

ലൂസി - അതു എന്റെ സഹോദരിതന്നെയല്ലോ.

സൈ. അന്റി - ഇല്ലില്ല. അതു നിങ്ങൾതന്നെ. എന്റെ കണ്ണിന്റെ കൃഷ്ണമണിയും ജീവന്റെ ശരണവും മനസ്സിന്റെ ഉല്ലാസവും നിങ്ങൾ തന്നെ.

ലൂസി - ഇപ്പറഞ്ഞതൊക്കെയും എന്റെ സഹോദരി ആയിരിക്കയോ ആകയോ വേണം.

സൈ. അന്റി - ആ സഹോദരി നിങ്ങൾ തന്നെ ആയിക്കൊൾവിൻ. ഞാൻ മറ്റൊരുത്തരേയും സ്നേഹിക്കാതിരിക്കയും നിങ്ങൾക്കു ഇതുവരെ ഒരു ഭർത്താവും അങ്ങിനെതന്നെ ഇനിക്കിതുവരെ ഒരു ഭാര്യയും ഇല്ലാതിരിക്കയും ചെയ്കയാൽ നിങ്ങളെ എന്റെ ഭാര്യയായിട്ടു പരിഗ്രഹിച്ചുകൊള്ളുന്നതിന്നും എന്റെ ആയുസ്സുകാലം മുഴുവനും നിങ്ങളോടുകൂടെ പോക്കിക്കൊള്ളുന്നതിനും ഇനിക്കു പൂർണ്ണസമ്മതം തന്നെ.

ലൂസി - ഇവിടെ നിൽക്ക. ഞാൻ ചെന്നു ജേഷ്ഠത്തിയെ വിളിച്ചുകൊണ്ടുവരട്ടേ.

(എന്നും പറഞ്ഞുംവെച്ചു പോയി)