ഇന്ദുലേഖ/ഒരു സംഭാഷണം
←മാധവനെ കണ്ടെത്തിയതു് | ഇന്ദുലേഖ രചന: അദ്ധ്യായം പതിനെട്ടു്: ഒരു സംഭാഷണം |
മാധവന്റെ സഞ്ചാരകാലത്തു് വീട്ടിൽ നടന്ന വാസ്തവങ്ങൾ→ |
പതിനെട്ടു്
തിരുത്തുകഒരു സംഭാഷണം
തിരുത്തുകബാബു കേസബചന്ദ്രസേന്റെ അത്യുന്നതമായ വെണ്ണമാടമേടയിൽ ഹിമശുഭ്രമായ ചന്ദ്രികയിൽ ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും കൂടി ഇരുന്നശേഷം ഗോവിന്ദപ്പണിക്കർ താഴെ പറയുന്ന സംഭാഷണം തുടങ്ങി :
ഗോവിന്ദപ്പണിക്കർ: കുട്ടികളേ! എന്റെ അഭിപ്രായത്തിൽ നിങ്ങളെ പുതിയമാതിരി ഇംക്ലീഷു് പഠിപ്പിച്ചു് അറിവു വരുത്തുന്നതിൽ പലേ ഗുണങ്ങളും നിങ്ങൾക്കു് ഉണ്ടാവുന്നുണ്ടെങ്കിലും ഒന്നുരണ്ടു വലിയ ദോഷങ്ങൾകൂടി ഇതിൽനിന്നു നിങ്ങൾക്കു സംഭവിക്കുന്നതായി ഞാൻ കാണുന്നു. സാധാരണ നിങ്ങൾക്കുണ്ടാവുന്ന ഗുണങ്ങളെ ഈ ദോഷങ്ങൾ പലപ്പോഴും നശിപ്പിച്ചു നിങ്ങളെ വഷളാക്കിത്തീർക്കുന്നതായി ഞാൻ വ്യസനത്തോടുകൂടി കാണുന്നു. ഇതിന്റെ സംഗതികളെ ഞാൻ വിവരമായി പറയാം. ഒന്നാമതു്, ഈ ലോകത്തിൽ കാണുന്ന സ്വഭാവാനുസൃതമായ അനേകവിധ ഗുണദോഷങ്ങളുടെ പരിചയത്തിൽനിന്നു കാലക്രമം കൊണ്ടുമാത്രം സൂക്ഷ്മമായി ആലോചിച്ചു താന്താങ്ങൾ തന്നെ ഗ്രഹിക്കേണ്ടതായ പലേവിധ കാര്യങ്ങളേയും ബുദ്ധിയുടെ ചാപല്യം തീരാത്ത ബാലന്മാരായ നിങ്ങൾ ഒരുവിധം പുസ്തകങ്ങൾ വായിച്ചും മറ്റും അറിഞ്ഞു് അന്ധാളിച്ചു ലൗകികാചാരങ്ങളേയും മതങ്ങളേയും കേവലം വിട്ടു് എന്തു പറയാമെന്നും ചെയ്യാമെന്നും ഉള്ള ഒരു ധൈര്യം നിങ്ങളിൽ വന്നുചേരുന്നു. രണ്ടാമതു്, ഇതുനിമിത്തം നിങ്ങളുടെ ഗുരുജനങ്ങളിലും ബന്ധുവർഗ്ഗങ്ങളിലും നിങ്ങൾക്കു് എല്ലായ്പോഴും ഉണ്ടാകേണ്ടുന്ന ഭക്തി, വിശ്വാസം സ്നേഹം ഇതുകൾ നിങ്ങൾക്കു ക്രമേണ നശിച്ചു കേവലം ഇല്ലാതായിവരുന്നു. മാധവൻ ഇപ്പോൾ ചെയ്ത പ്രവൃത്തി വിചാരിച്ചുനോക്കുമ്പോൾ ഇംക്ലീഷു് പഠിപ്പു നിമിത്തം മാധവനു് ഇപ്പോൾ ഉള്ള അറിവും ആലോചനകളും ഹേതുവായി അങ്ങിനെ ചെയ്‌വാൻ എടയായതാണെന്നു ഞാൻ അഭിപ്രായപ്പെടുന്നു. നാടുവിട്ടു പോവാൻ ഉറച്ചപ്പോൾ മാധവനു പ്രിയപ്പെട്ട അച്ഛൻ അമ്മ ഇവരെക്കുറിച്ചു യാതൊരു സ്മരണയും ഉണ്ടായില്ലല്ലോ. തന്റെ മനസ്സിന്നു സംഗതിവശാൽ ഒരു സുഖക്കേടു തോന്നി അതിന്റെ നിവൃത്തിക്കു രാജ്യംവിട്ടു് ഓടിപ്പോയി. മാധവൻ ഇങ്ങിനെ ചെയ്യുന്നതിൽ ഞാനും മാധവന്റെ അമ്മയും എത്ര വ്യസനിക്കുമെന്നു ലേശംപോലും മാധവൻ ഓർത്തില്ല. ഇതിനു കാരണം, ഞങ്ങളോടു് മാധവനു് ഉള്ള ഭക്തിയുടേയും സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയും കുറവു തന്നെ. അതിനു കാരണം ഇംക്ലീഷു് പഠിച്ചതു് എന്നു ഞാൻ പറയുന്നു. ഒന്നാമതു്, മനുഷ്യർക്കു് ദൈവവിശ്വാസവും ഭക്തിയും വഴിപോലെ ഉണ്ടാവണം. അതു ലേശംപോലും നിങ്ങൾ ഇംക്ലീഷു പഠിച്ചവർക്കു് ഇല്ലാ. ആ ദൈവവിശ്വാസത്തേയും ഭയത്തേയും അനുസരിച്ചിട്ടാണു് ഗുരുജനവിശ്വാസവും ഭക്തിയും ഉണ്ടാവേണ്ടതു്. ദൈവവിശ്വാസംതന്നെ ഇല്ലെങ്കിൽ പിന്നെ എന്തു ഗുരുജനവിശ്വാസം? കാര്യം എല്ലാം തകരാറുതന്നെ. എന്തു ചെയ്യാം?
മാധവൻ: കഷ്ടം അച്ഛൻ ഇങ്ങിനെ തെറ്റായി എന്നെക്കുറിച്ചു ധരിച്ചതു വിചാരിച്ചു ഞാൻ വ്യസനിക്കുന്നു. ഇംക്ലീഷു പഠിച്ചിരുന്നില്ലെങ്കിലും ഞാൻ ഈ കാര്യത്തിൽ ഇതുപ്രകാരംതന്നെ ചെയ്യുമായിരുന്നു. ഇംക്ലീഷു പഠിക്കാത്തവർ ആരും രാജ്യംവിട്ടു പോവുന്നില്ലേ ?
ഗോവിന്ദപ്പണിക്കർ: ഈവിധം സംഗതികളിൽ അച്ഛനമ്മമാരെ ഇങ്ങിനെ വ്യസനിപ്പിച്ചു നിങ്ങളെപ്പോലെ പഠിപ്പുള്ളവരല്ലാതെ ഇത്ര ക്രൂരതയോടെ ചെയ്യുമാറില്ല. നിങ്ങളുടെ പുതുമാതിരി അറിവുകൊണ്ടും ആലോചനകൾകൊണ്ടും എന്തെല്ലാം നാശങ്ങൾ ഉണ്ടായിത്തീരുന്നു! അനവധി അനവധി കാലമായി നാം ഹിന്തുക്കൾ ആചരിച്ചുവരുന്ന പലവിധമായ സൽകർമ്മങ്ങളേയും അതുനിമിത്തം നുമ്മൾക്കു സിദ്ധിച്ചുവരുന്ന ഗുണങ്ങളേയും നിങ്ങൾ കേവലം ത്യജിച്ചു് ആവക യോഗ്യമായ സകല കാര്യങ്ങളെപ്പറ്റിയും സൂക്ഷ്മാലോചന ഒന്നും കൂടാതെ അതികലശമായ പുച്ഛരസത്തോടെ പരിഹസിക്കുന്നതു ഞാൻ കാണുന്നു. ഈ സന്മാർഗ്ഗസദാചാരവിദ്വേഷം ഇംക്ലീഷുപഠിപ്പിനാൽ ഉണ്ടാവുന്നതാണു്. മനുഷ്യർക്കു പഠിപ്പും അറിവും ഉണ്ടാവുന്നതു ദൈവവിചാരത്തിന്നു പ്രതികൂലമായി വന്നാൽ ആ പഠിപ്പും അറിവും കേവലം നിസ്സാരമായുള്ളതാണു്. അവനവന്റെ പൂർവികന്മാർ ഏതു മതം ആചരിച്ചുവന്നുവോ അതിൽ അവനവന്നു വിശ്വാസം ഉണ്ടാവണം. നിങ്ങൾക്കു് ഹിന്തുമതം കേവലം നിസ്സാരമെന്നുള്ള അഭിപ്രായമായിരിക്കാം ഇപ്പോൾ ഉള്ളതു് എന്നു് എനിക്കു തോന്നുന്നു. ക്ഷേത്രത്തിൽ മാധവൻ തൊഴുവാൻ പോകുന്നതു് ഇയ്യടെ എങ്ങും ഞാൻ കണ്ടിട്ടേ ഇല്ല. ഗോവിന്ദൻകുട്ടിയും പോവാറില്ല. ചന്ദനം ഭംഗിക്കുവേണ്ടി തൊടുന്നുണ്ടു് . ഭസ്മം തൊടാറേ ഇല്ലെന്നു തോന്നുന്നു. കഷ്ടം! നിങ്ങൾ ഇങ്ങിനെ ആയിത്തീർന്നുവല്ലൊ.
മാധവൻ: അച്ഛനു് ആ വിഷാദം അശേഷം വേണ്ട. എനിക്കു നിരീശ്വരമതമല്ല. ഈശ്വരൻ ഉണ്ടെന്നുതന്നെയാണു ഞാൻ പലേ സംഗതികളെ ആലോചിച്ചതിൽ തീർച്ചയായും വിശ്വസിക്കുന്നതു്. അമ്പലത്തിൽ പോവേണ്ട എന്നും ഞാൻ വെച്ചിട്ടില്ല. ഭസ്മം കിട്ടിയാൽ കുറി ഇടുന്നതിന്നും എനിക്കു വിരോധം യാതൊന്നുമില്ലാ. എന്നാൽ ചന്ദനവും ഭസ്മവും അമ്പലവും ഈശ്വരനും തമ്മിലുള്ള സംബന്ധം എന്താണെന്നു് ഞാൻ അറിയുന്നില്ല! അതു് എന്താണെന്നു് അച്ഛൻ പറഞ്ഞു ബോദ്ധ്യമാക്കിയാൽ അമ്പലത്തിൽ പോവുന്നതും ഭസ്മക്കുറി ഇടുന്നതും സാരമായ പ്രവൃത്തികളാക്കിവെച്ചു ഞാൻ മേലിൽ ആചരിച്ചുവരാം .
ഗോവിന്ദപ്പണിക്കർ: ഗോവിന്ദൻകുട്ടിയുടെ അഭിപ്രായമോ?
ഗോവിന്ദൻകുട്ടിമേനവൻ: മനുഷ്യർക്കു അറിവു വർദ്ധിക്കുന്നേടത്തോളം ദൈവവിചാരത്തിന്നു ന്യൂനത സംഭവിക്കുമെന്നു ഞാൻ വിചാരിക്കുന്നു. മതം എന്നു പറയുന്നതു് ഓരോ മനുഷ്യർ ഉണ്ടാക്കിയതാണു്. അതിന്റെ ഗുണദോഷങ്ങളെപ്പറ്റി ചിന്തിപ്പാൻ എല്ലാ മനുഷ്യർക്കും അവകാശമുള്ളതാണ്; മതത്തിന്റെ ഗുണദോഷത്തെപ്പറ്റി ഒന്നും ചിന്തിക്കാതെ പൂർവികന്മാർ ആചരിച്ചുവന്നതാകയാൽ നോം ആചരിച്ചുവരണം എന്നു പറയുന്നതു കേവലം തെറ്റാണു് .
ഗോവിന്ദപ്പണിക്കർ: ഈവക അധികപ്രസംഗം ചെയ്‌വാനാണു് ഇംക്ലീഷു് പഠിപ്പു് ഒന്നാമതു നിങ്ങളെ ഉത്സാഹിപ്പിക്കുന്നതു്. ഗോവിന്ദൻകുട്ടിക്കു ദൈവം ഉണ്ടെന്നോ ഇല്ലെന്നോ അഭിപ്രായം?
ഗോവിന്ദൻകുട്ടിമേനവൻ: എനിക്കു് ഈശ്വരൻ എന്നൊരു പ്രത്യേക ശക്തി ഉണ്ടെന്നു വിശ്വാസമില്ല. ജഗത്തു് എല്ലാം സ്വഭാവാനുസരണമായി ഉണ്ടാവുകയും സ്ഥിതിചെയ്കയും വർദ്ധിക്കുകയും നശിക്കുകയും ചെയ്യുന്നു എന്നു ഞാൻ അറിയുന്നു. അതിലധികം ഒന്നും എനിക്കറിവില്ല. ഈശ്വരൻ എന്നൊരു സാധനത്തെയോ ആ സാധനത്തിന്റെ വിശേഷവിധിയായ ഒരു ശക്തിയെയോ ഞാൻ എങ്ങും കാണുന്നില്ല. പിന്നെ ഞാൻ അതുണ്ടെന്നു് എങ്ങിനെ വിശ്വസികും?
ഗോവിന്ദപ്പണിക്കർ: ശിക്ഷ! മാധവനേക്കാൾ ഒന്നു കവിഞ്ഞുവോ? മാധവനു് ഈശ്വരൻ ഉണ്ടെന്നുള്ള വിചാരമെങ്കിലും ഉണ്ടു്. ഗോവിന്ദൻകുട്ടിക്കു് അതുംകൂടി ഇല്ലാ. നിങ്ങൾ രണ്ടാളുംകൂടി ഒരു സ്കൂളിൽ അല്ലേ പഠിച്ചതു്? പിന്നെ എന്താണു് ഇങ്ങിനെ രണ്ടഭിപ്രായം? എങ്കിലും, കുട്ടികളെ, നിങ്ങളുടെ മാതിരി വിശേഷംതന്നെ. മാധവനു് ഈശ്വരൻ ഉണ്ടെന്നുള്ള വിചാരമെങ്കിലും ഉണ്ടല്ലൊ– പൊറുതി. ഗോവിന്ദൻകുട്ടിക്കു് അതും ഇല്ല, അല്ലേ?
ഗോവിന്ദൻകുട്ടിമേനവൻ: അതെ; ഈശ്വരൻ ഉണ്ടെന്നു വിചാരിപ്പാൻ ഞാൻ സംഗതി ഒന്നും കാണുന്നില്ല.
മാധവൻ: ആട്ടെ, അമ്പലത്തിൽ പോവുന്നതും ചന്ദനം ഭസ്മം തൊടുന്നതും ഈശ്വരവിചാരത്തിലേക്കു് ആവശ്യമാണെന്നു് അച്ഛൻ പറഞ്ഞതിന്നുള്ള സംഗതി കേട്ടാൽ കൊള്ളാമായിരുന്നു.
ഗോവിന്ദപ്പണിക്കർ: ഞാൻ പറയാം. നിങ്ങൾക്കു ബോദ്ധ്യമാവുമോ എന്നു ഞാൻ അറിയുന്നില്ല. നിങ്ങളുടെ ബുദ്ധി എനി നേരെ വരുത്താൻ പ്രയാസം. എങ്കിലും ഞാൻ പറയാം. ക്ഷേത്രം നുമ്മൾ ഹിന്ദുക്കൾക്കു ദൈവവന്ദനം ചെയ്യേണ്ടതിലേക്കു നിയമിക്കപ്പെട്ടിട്ടുള്ള സ്ഥലമാണു്. ദൈവം എല്ലാടവും നിറഞ്ഞു സർവ്വാന്തര്യാമിയായി ഇരിക്കുന്നുണ്ടെങ്കിലും സാധാരണ മനുഷ്യർക്കു് ആ തത്വബോധം ഇല്ലായ്കയാൽ അവർക്കു ദൈവത്തെക്കുറിച്ചുള്ള വിചാരവും ഭക്തിയും ഉണ്ടാവാൻവേണ്ടി ബുദ്ധിമാന്മാരായ നമ്മുടെ പൂർവികന്മാർ പണ്ടുപണ്ടേ ഏർപ്പെടുത്തീട്ടുള്ളതാണു് ക്ഷേത്രങ്ങളും അതുകളിൽ പോയി ചെയ്യേണ്ടുന്ന പൂജാക്രമങ്ങളും വന്ദനങ്ങളും സമ്പ്രദായങ്ങളും സ്വഭാവങ്ങളും എന്നു ഞാൻ പറയുന്നു. ഭസ്മവും ചന്ദനവും ധരിക്കുന്നതു ദൈവവന്ദനകൾ ചെയ്യുന്നതിൽ ചെയ്യേണ്ടതായി നിയമിക്കപ്പെട്ട ഒരു പ്രവൃത്തിയാണു്. ഇതാണു് ഇവകൾ തമ്മിലുള്ള സംബന്ധം .
മാധവൻ: അച്ഛൻ ഇപ്പോൾ പറഞ്ഞതിൽ ക്ഷേത്രവും ഭസ്മവും ചന്ദനവും ആയി തമ്മിലുള്ള സംബന്ധം മനസ്സിലായി. ഈ മൂന്നു സാധനങ്ങളും ഈശ്വരനും തമ്മിൽ സൂക്ഷ്മസ്ഥിതിയിൽ എന്തു സംബന്ധമാണു് ഉള്ളതെന്നു് എനിയും എനിക്കു മനസ്സിലായില്ലാ.
ഗോവിന്ദപ്പണിക്കർ: ശരി, അവിടെയാണു ദുർഘടം. ക്ഷേത്രം ദൈവവന്ദനസ്ഥലമാണെന്നു ഞാൻ പറഞ്ഞില്ലേ?
മാധവൻ: അതെ; അച്ഛൻ പറഞ്ഞതു്, പണ്ടുപണ്ടേ ബുദ്ധിമാന്മാരായ പൂർവ്വികന്മാർ സാധാരണമനുഷ്യർക്കു ദൈവവിചാരവും ഭക്തിയും ഉണ്ടാവാൻ വേണ്ടി ഏർപ്പെടുത്തിയതാണു് ക്ഷേത്രങ്ങൾ എന്നല്ലേ? എന്നാൽ ക്ഷേത്രങ്ങളിൽ പോവുമ്പോൾ മാത്രം ദൈവവിചാരവും ഭക്തിയും തോന്നത്തക്കവിധം ബുദ്ധിയുള്ളവരും അന്യത്ര ഈ വിചാരവും ഭക്തിയും ഉണ്ടാവാത്തവരും അല്ലേ ക്ഷേത്രത്തിൽ പോയി വന്ദനം ചെയ്യേണ്ടതു്? ക്ഷേത്രത്തിൽ പോവാതേയും ചന്ദനം ഭസ്മം ധരിക്കാതേയും ദൈവത്തെക്കുറിച്ചു ഭക്തിയും സ്മരണയും ഉള്ളാളുകൾ ക്ഷേത്രത്തിൽ പോണമെന്നില്ലെന്നും അച്ഛൻ പറഞ്ഞ പ്രകാരമാണെങ്കിൽ സ്വതേ ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഉപകാരത്തിന്നു ബുദ്ധിമാന്മാർ ചെയ്തുവെച്ച, ഒരു വ്യാജം എന്നല്ലാതെ ക്ഷേത്രവും ദൈവവും ആയി വാസ്തവത്തിൽ യാതൊരു പ്രത്യേയക സംബന്ധവും ഇല്ലെന്നും ഇപ്പോൾ സ്പഷ്ടമല്ലേ.
ഗോവിന്ദപ്പണിക്കർ: അദ്വൈതികളായി ആഹാരനിദ്രാവിഹാരാദി പ്രപഞ്ചവ്യാജങ്ങളിൽനിന്നു മുക്തരായിട്ടുള്ള പരമഹംസന്മാർക്കു മാത്രമേ ക്ഷേത്രത്തിൽ പോവാതെ ഇരിക്കാൻ പാടുള്ളു എന്നു ഞാൻ വിചാരിക്കുന്നു. പ്രപഞ്ചത്തെ അനുസരിച്ചു നടക്കുന്ന നുമ്മൾ പ്രത്യക്ഷമായി ക്ഷേത്രങ്ങൾ, വിഗ്രഹങ്ങൾ മുതലായ സാധനങ്ങളുടെ സഹായം കൂടാതെ ഈശ്വരങ്കൽ ഭക്തി ഉണ്ടാവാനും ഈശ്വരസ്മരണ ചെയ്‌വാനും മഹാ പ്രയാസമാണു്. സാധിക്കുകയില്ലെന്നുതന്നെ പറയാം.
മാധവൻ: അച്ഛൻ പറഞ്ഞപ്രകാരം അദ്വൈതികളായി പ്രപഞ്ചവ്യാജങ്ങളിൽ നിന്നു മുക്തന്മാരായിട്ടുള്ള മനുഷ്യർ ഇല്ലെന്നു ഞാൻ വിചാരിക്കുന്നു. മനുഷ്യനെ പ്രപഞ്ചത്തെ അനുസരിച്ചു നടക്കാൻ ദൈവം സൃഷ്ടിച്ച ഒരു ജന്തുവാണു്. അപ്പോൾ പ്രപഞ്ചത്തെ കേവലം വിടാൻ മനുഷ്യനു ശക്തി ഒരിക്കലും ഉണ്ടാവാൻ പാടില്ല. ഉണ്ടെന്നു ചിലർ നടിക്കുന്നുണ്ടെങ്കിൽ അതു് അവരുടെ വെറും ധിക്കാരമായ ഭോഷത്വമാണു് . അങ്ങിനെയുള്ളവരുടെ നാട്യത്തിൽ യാഥാർത്ഥ്യം ഉണ്ടെന്നു മറ്റു ചിലർ വിശ്വസിക്കുന്നുണ്ടെങ്കിൽ അതു ശുദ്ധമേ തെറ്റാണു്. ആഹാരം, നിദ്ര, കാമക്രോധലോഭമോഹങ്ങൾ ഇവകൾ ഇല്ലാത്ത മനുഷ്യരെ അച്ഛൻ കാണിച്ചുതന്നാൽ അവരെ പ്രപഞ്ചവ്യാജങ്ങളിൽ നിന്നു മുക്തന്മാരാണെന്നു ഞാൻ സമ്മതിക്കാം. അങ്ങിനെയുള്ള മനുഷ്യർ ഇല്ലെന്നാണു് എന്റെ തീർച്ചയായ വിശ്വാസം. പിന്നെ മനുഷ്യർ എല്ലം സാധാരണ സ്വഭാവങ്ങളിൽ ഒരുപോലെയാണു്. പഠിപ്പുകൊണ്ടും അറിവുകൾകൊണ്ടും ഓരോ സംഗതികളിൽ പരസ്പരം ഭേദങ്ങൾ കാണാമെങ്കിലും സൂക്ഷ്മസ്വഭാവങ്ങളിൽ അത്ര വലിയ ഭേദങ്ങൾ വരാൻ പാടില്ലാ. അതുകൊണ്ടു് അച്ഛൻ പറഞ്ഞപ്രകാരം ആഹാരം, നിദ്ര മുതലായതു് ഉപേക്ഷിച്ച ആളുകൾ മനുഷ്യരുടെ കൂട്ടത്തിൽ ഇല്ലാ. അച്ഛൻ ആദ്യം പറഞ്ഞപ്രകാരം സാധാരണ അറിവില്ലാത്ത മനുഷ്യരുടെ ഉപയോഗത്തിലേക്കു വേണ്ടി ക്ഷേത്രങ്ങൾ ഏർപ്പെടുത്തിയതാണെങ്കിൽ അതുകളെ ഉപയോഗിപ്പാൻ ആവശ്യമുള്ളവരല്ലേ അതുകളിൽ പോയി ദേവവന്ദനം ചെയ്യേണ്ടൂ. അച്ഛൻ പറഞ്ഞപ്രകാരം ദൈവം സർവ്വചരാചരത്തിലും കാണപ്പെടുന്നതും, സർവ്വജഗൽ സൃഷ്ടിസ്ഥിതിസംഹാരശക്തിയുള്ള ഈശ്വരനുമാണെന്നു ഞാൻ സമ്മതിക്കുന്നു. എന്റെ മനസ്സിന്നു് ഈ ബോദ്ധ്യമുണ്ടെങ്കിൽ പിന്നെ ഞാൻ അമ്പലത്തിൽ പോയി അവിടെ ഉണ്ടാക്കിവെച്ചിരിക്കുന്ന ബിംബമാണു് എന്റെ ഈശ്വരൻ എന്നു ഞാൻ ഭാവിച്ചു തൊഴുതു കുമ്പിടുന്നതു വലിയ ഒരു വ്യാജമായ ഒരു പ്രവൃത്തിയായി വരുന്നതല്ലേ?
ഗോവിന്ദപ്പണിക്കർ: കുട്ടൻ പറയുന്നതു കേട്ടാൻ ദൈവവിചാരം ഉണ്ടാവുന്നതു വലിയ എളുപ്പമായി തോന്നുന്നു. ശിവ–ശിവ ! കുട്ടന് ദ്വൈതാദ്വൈതവിചാരത്തെക്കുറിച്ചു് എന്തു നിശ്ചയമുണ്ടു്? ദൈവം സർവ്വവ്യാപിയാണു് എന്നു് ഒരു വാക്കു പറഞ്ഞാൽ അമ്പലത്തിൽ പോവേണ്ട എന്നു വെയ്ക്കറായോ? പ്രപഞ്ചവ്യാപാരങ്ങളിൽ നിന്നു മുക്തരായിട്ടുള്ള ആളുകൾ ഇല്ലെന്നു കുട്ടൻ പറയുന്നുവോ?
മാധവൻ: അതെ; ആഹാരനിദ്രാമൈഥുനാദികൾ വല്ലരോഗം നിമിത്തമല്ലാതെ പ്രിയവും സക്തിയും ഇല്ലാത്ത ആളുകൾ ഇല്ലെന്നു ഞാൻ തീർച്ചയായി പറയുന്നു.
ഗോവിന്ദപ്പണിക്കർ: ശിവ–ശിവ ! എനിക്കു കേട്ടതു മതി. എത്ര മഹർഷിമാർ ഈവക ചാപല്യങ്ങളെ ജയിച്ചവരുണ്ടു്?
മാധവൻ: ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല.
ഗോവിന്ദപ്പണിക്കർ: എന്നാൽ ശുദ്ധനിരീശ്വരമതമാണു് കുട്ടനു് ഉള്ളതു്.
മാധവൻ: എനിക്കു നിരീശ്വരമതമല്ലാ—ഈശ്വരൻ ഉണ്ടെന്നു തന്നെയാണു് ഞാൻ വിശ്വക്കുന്നതു.
ഗോവിന്ദപ്പണിക്കർ: മഹർഷിമാരോ?
മാധവൻ: മനുഷ്യർ അച്ഛൻ പറഞ്ഞ മാതിരിക്കാരല്ലാ. മഹർഷിമാരായാലും മറ്റു് ആരായാലും വേണ്ടതില്ലാ.
ഗോവിന്ദപ്പണിക്കർ: ഏഴുമണി കുരുമുളകും ഏഴു വേപ്പിൻ ചപ്പും ഒഴികെ വേറെ യാതൊരു ആഹാരവും കഴിക്കാത്ത ഒരു യോഗീശ്വരനെ ഞാൻ കണ്ടിട്ടുണ്ടു്. അദ്ദേഹത്തിനു ജലപാനം കൂടി ഇല്ലാ.
ഗോവിന്ദൻകുട്ടിമേനവൻ: അയാൾ വലിയ സമർത്ഥനായ ഒരു കള്ളനായിരിക്കണം ജ്യേഷ്ഠനെ അയാൾ തോൽപിച്ചു. എനിക്കു സംശയമില്ലാ.
ഗോവിന്ദപ്പണിക്കർ: അയാൾ മഠത്തിൽ എന്റെ കൂടെ ഒൻപതു ദിവസം താമസിച്ചു. ഒൻപതു ദിവസവും യാതൊന്നും ഭക്ഷിച്ചിട്ടില്ലാ.
ഗോവിന്ദൻകുട്ടിമേനവൻ: യാതൊന്നും ഭക്ഷിക്കുന്നതു ജ്യേഷ്ഠൻ കണ്ടിട്ടില്ല. യാതൊന്നും ഭക്ഷിക്കയില്ലെന്നു ജ്യേഷ്ഠനെ വിശ്വസിപ്പിച്ചു. ഇത്രമാത്രമേ ഉണ്ടായിട്ടുള്ളു. ആഹാരം ഇല്ലാതെ മനുഷ്യനു ജീവിപ്പാൻ പാടില്ലാ. അതു ശാസ്ത്രീയമായ ഒരു അവസ്ഥയാണു്. പിന്നെ ഭോഷ്കു പറഞ്ഞിട്ടു് എന്തു ഫലം?
ഗോവിന്ദപ്പണിക്കർ: ഇതാണല്ലൊ ഇംക്ലീഷുകാരോടു പറഞ്ഞാലത്തെ വൈഷമ്യം. ഞങ്ങൾ പറയുന്നതു് ഒന്നും നിങ്ങൾ വിശ്വസിക്കയില്ലാ. പിന്നെ ഞങ്ങൾ എന്തു ചെയ്യും! ആ യോഗീശ്വരൻ ഒമ്പതു ദിവസവും ഞാൻ പറഞ്ഞതു് ഒഴികെ ഒരാഹാരവും ചെയ്തിട്ടില്ലെന്നു ഞാൻ സത്യം ചെയ്യാം. അയാൾ നമ്മുടെ മഠത്തിലാണു താമസിച്ചതു്. പുലർച്ചെ ഏഴരനാഴിക ഉള്ളപ്പോൾ കുളിച്ചു യോഗാനുഷ്ഠാനങ്ങൾ കഴിഞ്ഞാൽ പന്ത്രണ്ടു മണിവരെ പഞ്ചാറി മദ്ധ്യത്തിൽ ജപമാണു്. അതു കഴിഞ്ഞാൽ പിന്നെ ഏഴുമണി കുരുമുളകും ഏഴു വേപ്പിൻ ചപ്പും ഞങ്ങൾ എല്ലാവരുടേയും മുമ്പാകെ തിന്നും. പിന്നെ യാതൊരു ആഹാരവും കഴിക്കാറില്ല. ഇങ്ങിനെ ഒമ്പതു ദിവസം കഴിച്ചു. ഞാൻ കൂടെനിന്നു കണ്ടറിഞ്ഞ അനുഭവസ്ഥനാണു്; എന്നിട്ടും നിങ്ങൾക്കു വിശ്വാസമില്ലാഞ്ഞാൽ —
മാധവൻ: അച്ഛൻ കളവു പറഞ്ഞു എന്നു ഞാനും ഗോവിന്ദൻകുട്ടിയും ഈ ജന്മം പറയുന്നതല്ല. അച്ഛന്റെ വാക്കിനേക്കാൾ ഞങ്ങൾക്കു വിശ്വാസം ഈ ഭൂമണ്ഡലത്തിൽ ആരുടെ വാക്കും ഇല്ല. എന്നാൽ അച്ഛനെ തെറ്റായി ധരിപ്പിച്ചതിനാൽ അച്ഛൻ ഇങ്ങിനെ പറയാൻ ഇടയായതാണെന്നു മാത്രമാണു ഞങ്ങൾ പറയുന്നതു്. ആ യോഗീശ്വരൻ ഈ ഒമ്പതു ദിവസങ്ങൾക്കുള്ളിൽ എത്ര സമയം അച്ഛനേയും മറ്റാരേയും കാണാതെ രഹസ്യമായി ഇരുന്നിട്ടുണ്ടു്. യോഗാനുഷ്ഠാനങ്ങൾക്കു് എന്നു പറഞ്ഞു വാതിൽ അടച്ചു് അകത്തു് ഇരിക്കുമ്പോൾ അയാൾക്കു നല്ലവണ്ണം തിന്നുകൂടെ? തിന്നേണ്ട സാധനങ്ങൾ എന്തെല്ലം കൈയടത്തമായി വലിയ ഭാണ്ഡങ്ങളിലും മറ്റും വെയ്ക്കാം? അയാളുടെ കൈയിൽ അങ്ങിനെ സൂക്ഷിച്ചിട്ടില്ലെന്നു് എന്താണു നിശ്ചയം? അയാളുടെ ശരീരവും സാമാനങ്ങളും അച്ഛൻ ശോധനചെയ്തിട്ടില്ലല്ലൊ. പിന്നെ രാത്രി ഉറങ്ങാൻ എല്ലാവരും പോയാൽ അയാൾക്കു തിന്നാൻ എത്ര തരമുണ്ടു്? ഒമ്പതുദിവസം ഒന്നും അയാൾ തിന്നിട്ടില്ലെന്നു തീർത്തുപറയണമെങ്കിൽ ഒമ്പതു ദിവസങ്ങളിലും രാവുപകൽ അയാളുടെ കൂടെത്തന്നെ ഒരു മിനിട്ടുനേരം പിരിയാതെ പാറാവായി സമർത്ഥന്മാരായ മനുഷ്യരെ കാവൽ നിർത്തി തിന്നുന്നുണ്ടോ എന്നു പരീക്ഷിച്ചിട്ടു വേണം. അങ്ങിനെ പരീക്ഷ ചെയ്തിട്ടില്ലല്ലോ.
ഗോവിന്ദപ്പണിക്കർ: എനിക്കു് ആ യോഗീശ്വരൻ കള്ളനാണെന്നു തോന്നിയിട്ടില്ല. ഈ ജന്മം തോന്നുകയുമില്ലാ. സകല കാര്യങ്ങളും നിങ്ങൾ കണ്ടതേ വിശ്വസിക്കുന്നുള്ളു. മാധവൻ എന്റെ അച്ഛനെ കണ്ടിട്ടുണ്ടോ? ഇല്ല. എനിക്കു് അച്ഛനുണ്ടായിരുന്നു. അദ്ദേഹം മാധവന്റെ മുത്തച്ഛനാണെന്നു മാധവൻ, ഞാൻ പറഞ്ഞാൽ വിശ്വസിക്കുന്നില്ലേ?
മാധവൻ: (ചിറിച്ചുംകൊണ്ട്) എന്താണു് അച്ഛൻ ഇങ്ങിനെ പറയുന്നതു്? ഇതു സ്വഭാവാനുസൃതമായ ഒരു അവസ്ഥയല്ലേ? ഇതു് അച്ഛൻ പറഞ്ഞിട്ടില്ലെങ്കിലും ഞാൻ വിശ്വസിക്കുന്നതു് ഒരു കാര്യമാണല്ലോ.
ഗോവിന്ദപ്പണിക്കർ: ആട്ടെ, അതു് അങ്ങിനെ ഇരിക്കട്ടെ. മാധവനു് നിരീശ്വരമതമല്ലാ എന്നല്ലേ പറഞ്ഞതു്. ഈശ്വരനെ അപ്പു കണ്ടിട്ടുണ്ടോ? പിന്നെ കാണാത്ത വസ്തുവെ എന്തിനു വിശ്വസിക്കുന്നു?
മാധവൻ: ശരി; അച്ഛന്റെ ഈ ചോദ്യം ഒന്നാന്തരം തന്നെ. ഞാൻ ഇതിനു സമാധാനം പറയാൻ നോക്കാം. ഗോവിന്ദൻകുട്ടി എന്നെ തർക്കിച്ചു തോല്പ്പിക്കുമായിരിക്കും. എങ്കിലും ഞാൻ പറയാം. ഈശ്വരനെ ഞാൻ കണ്ടിട്ടില്ലാ. എന്താണു് , എങ്ങിനെയാണു് ഈശ്വരൻ എന്നതും എനിക്കു വെളിവായി പറയാൻ സാധിക്കയില്ലാ. എന്നാൽ ഞാൻ ഈ ജഗത്തിൽ എങ്ങും വലുതായി അനിർവ്വചനീയമായി ഒരു ശക്തിയെ അന്തർഭവിച്ചു കാണുന്നുണ്ടു്. ആ ശക്തിയെയാണു ഞാൻ ഈശ്വരൻ എന്നു വിചാരിക്കുന്നതും പറയുന്നതും. ആ ശക്തി ഇന്നതാണെന്നു വ്യക്തമായി അറിവാനും പറവാനും പ്രയാസം. അതിനെക്കുറിച്ചു് ഒന്നു മാത്രം ഞാൻ പറയാം. ആ ശക്തിയുടെ അഭാവത്തിൽ ജഗത്തിന്നു് ഇപ്പോൾ കാണപ്പെടുന്ന സ്ഥിതി ഉണ്ടാവാൻ പാടില്ലെന്നു ഞാൻ വിചാരിക്കുന്നു. ഈ ശക്തി സർവ്വചരാചരങ്ങളിലും കാണപ്പെടുന്നു. മനുഷ്യൻമുതൽ പിപീലികാകൃമിവരെയുള്ള ജംഗമങ്ങളിലും പർവ്വതങ്ങൾമുതൽ തൃണപര്യന്തം ഉള്ള സ്ഥാവരങ്ങളിലും സൂര്യൻമുതൽക്കുള്ള ആകാശചാരികളായി കാണപ്പെടുന്ന സകല ഗ്രഹങ്ങളിലും ഗോളങ്ങളിലും നക്ഷത്രങ്ങളിലും സകല കാലങ്ങളിലും കാൺമാനോ സ്പർശനത്താലറിവാനോ കേൾപ്പാനോ മനസ്സിൽ ഗ്രഹിപ്പാനോ പാടുള്ളതായ സകല സാധനങ്ങളിലും വിഷയങ്ങളിലും ഈ ഒരു ശക്തിയെ സൂക്ഷ്മമായി ആചോചിച്ചുനോക്കുമ്പോൾ ഞാൻ എല്ലായ്പോഴും കാണുന്നു . ഈ ശക്തിയെയാണു് ഞാൻ ദൈവം എന്നു വിചാരിക്കുന്നതു്.
ഗോവിന്ദപ്പണിക്കർ: വരട്ടെ; ദൈവം ഇല്ലെന്നല്ലേ ഗോവിന്ദൻകുട്ടി പറഞ്ഞതു്. അതിന്നുള്ള സംഗതികൾ ഒന്നാമതു പറഞ്ഞു കേൾക്കട്ടെ. ഈ ചരാചരങ്ങൾ എല്ലാം മനുഷ്യരടക്കം താനെ ഉണ്ടായി എന്നാണു് ഗോവിന്ദൻകുട്ടി പറയുന്നതു്; അല്ലേ? അതിന്റെ സംഗതികൾ ഒന്നാമതു് ഒന്നു പറഞ്ഞുകേൾക്കട്ടെ—പിന്നെ മാധവൻ പറയുന്നതു കേൾക്കാം .
ഗോവിന്ദൻകുട്ടിമേനവൻ: പറയാം. ഒന്നാമതു് ഈശ്വരൻ ഇല്ലെന്നല്ല ഞാൻ പറഞ്ഞതു്. ഈശ്വരൻ ഉണ്ടെന്നു് ഇതുവരെ ജഗത്തിൽ കാണപ്പെട്ട വ്യാപാരങ്ങളാൽ വിശ്വസിപ്പാനോ ഊഹിപ്പാനോ പാടില്ലെന്നു മാത്രമാണു് യൂറോപ്പിൽ ഉള്ള ശാസ്ത്രവിദഗ്ദ്ധന്മാരായ അനേകം മഹാപുരുഷന്മാർ ഈ സംഗതിയെക്കുറിച്ചു പലപ്പോഴും ആലോചിച്ചു് എഴുതീട്ടുള്ള ചില പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ടു്. ഇതിൽ ചിലരുടെ അഭിപ്രായങ്ങളിൽ മുഴുവനുമായി ഞാൻ യോജിക്കുന്നില്ലെങ്കിലും മറ്റു ചിലരുടെ അഭിപ്രായങ്ങളിൽ ഞാൻ പൂർണ്ണമായി യോജിക്കുന്നു. ഈ സംഗതിയിൽ ഞാൻ വായിച്ച പുസ്തകങ്ങളിൽ അതി ബുദ്ധിമാനായ ചാർലസ്സു് ബ്രാഡ്ളാ എന്ന സായ്‌വ് ഇയ്യെടെ എഴുതീട്ടുള്ള ഒരു പുസ്തകമാണു് എനിക്കു വളരെ ബോദ്ധ്യമായതു്. ഇതിൽ പലേ ബുദ്ധിമാന്മാരായ ആളുകൾ എഴുതീട്ടുള്ള പലേ പുസ്തകങ്ങളിൽനിന്നും മറ്റും ഓരോ അഭിപ്രായങ്ങളും വിവരങ്ങളും വളരെ യുക്തിയോടെ എടുത്തു ചേർത്തിട്ടുണ്ടു്. ആ പുസ്തകം എന്റെ തോല്പെട്ടിയിൽ ഇപ്പോൾ ഉണ്ടു്. അതിൽ ചില ഭാഗങ്ങൾ ഞാൻ മലയാളത്തിൽ തർജ്ജമയായി വായിച്ചു കേൾപ്പിക്കാം. എന്നാൽ ജ്യേഷ്ഠനു് എന്റെ അഭിപ്രായം ശരിയെന്നു ബോദ്ധ്യപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു .
ഗോവിന്ദപ്പണിക്കർ: നീ എന്തു പറഞ്ഞാലും ഏതു ബുക്കു വായിച്ചാലും ഞാൻ ഈ ജന്മം ഈശ്വരൻ ഇല്ലെന്നു വിചാരിക്കയില്ല.
ഗോവിന്ദൻകുട്ടിമേനവൻ: ഞാൻ എന്തു പറഞ്ഞാലും ഏതു ബുക്കു വായിച്ചാലും ജ്യേഷ്ഠൻ നിരീശ്വരമതത്തെ കൈക്കൊള്ളണ്ടാ. എന്നാൽ ഞാൻ പറയാൻപോകുന്ന സംഗതികൾ നല്ല സംഗതികളായാൽ അതു സമ്മതിക്കുമോ?
ഗോവിന്ദപ്പണിക്കർ: പറഞ്ഞുകേൾക്കട്ടെ.
ഗോവിന്ദൻകുട്ടിമേനവൻ: സിദ്ധാന്തങ്ങളായി അഭിപ്രായപ്പെടരുതു്. സംഗതികളുടെ ഗുണദോഷങ്ങൾ ആലോചിക്കണം. എന്നാൽ ഞാൻ പറയാം.
ഗോവിന്ദപ്പണിക്കർ: പറയൂ; കേൾക്കട്ടെ.
ഗോവിന്ദൻകുട്ടിമേനവൻ ബ്രാഡ്ളാവിന്റെ ബുക്കു തോല്പെട്ടിയിൽനിന്നു് എടുത്തുകൊണ്ടുവന്നു ചെറിയ ഒരു മെഴുത്തിരിവിളക്കു കത്തിച്ചു് കുറെ കടലാസ്സുകൾ നോക്കി. എന്നിട്ടു്?
ഗോവിന്ദൻകുട്ടിമേനവൻ: ഈ പുസ്തകത്തിൽ ഓരോ ദിക്കു വായിച്ചു പറയുന്നതിനുമുമ്പു് എന്താണു നിരീശ്വരമതക്കാരുടെ സിദ്ധാന്തം എന്നു് ആകപ്പാടെ ജ്യേഷ്ഠനോടു് ഒന്നു പറയാം: അവരുടെ അഭിപ്രായം ഈ ജഗത്തുമുഴുവനും കാര്യകാരണസംബന്ധന്യായേന പദർത്ഥങ്ങളുടെ സ്വാഭാവികമായ വികാരങ്ങളാലും ചേഷ്ടകളാലും അന്യോന്യസംശ്രയങ്ങളാലും സംശ്രയാഭാവങ്ങളാലും അനവധിയായ കാലംകൊണ്ടു ക്രമേണ ക്രമേണ താനെ ഉണ്ടായി വന്നതാണെന്നാകുന്നു. സർവ്വപദാർത്ഥങ്ങൾക്കും ആദ്യകാരണങ്ങളായി പൃഥിവ്യപ്തേജോവായ്വാകാശങ്ങളെയോ അതുകളുടെ ഏതെങ്കിലും ഭാഗങ്ങളെയോ സംഗ്രഹിച്ചു് അതുകളിൽനിന്നു ക്രമേണ അതുകളുടെ അന്യോന്യസംശ്രയങ്ങളിലും സംശ്രയാഭാവങ്ങളിലും മറ്റു പദാർത്ഥങ്ങളെ ഗ്രഹിച്ചു് ഇപ്രകാരം ക്രമേണ ക്രമേണ അനന്തകോടി പദാർത്ഥങ്ങളുടെ ഉഢവങ്ങളെ അനുമാനിക്കുകയും ഗുണിക്കുകയും ചെയ്യുന്നു. ഇതിനു് അതിയുക്തിയുള്ള കാരണങ്ങളെയും കാണിക്കുന്നു. ഈശ്വരൻ ഉണ്ടെന്നു് അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ ആരാലും കഴിയുമെന്നു് എനിക്കു തോന്നുന്നില്ല. ദൈവം ഉണ്ടെന്നു പറയുമ്പോൾ ഇല്ലെന്നു കാണിപ്പാൻ ലക്ഷം സംഗതികൾ അവർ കാണിക്കുന്നു. അതാതിന്റെ സ്വഭാവത്തെ വിട്ടു് ഒരു പദാർത്ഥവും ഒരിക്കലും ലോകത്തിൽ കാണുന്നില്ലാ. ഹിന്തുക്കളോ ബുദ്ധന്മാരോ മഹമ്മദീയരോ ക്രിസ്ത്യാനികളോ മറ്റു് ഏതുവിധ മതക്കാരോ അവരുടെ വേദങ്ങൾപ്രകാരം ദൈവത്തെക്കുറിച്ചു പറയുന്നതു് ഒന്നുംതന്നെ വാസ്തവത്തിൽ ബുദ്ധിമാന്മാരായ മനുഷ്യർക്കു് ഒത്തു കാണുന്നതുമില്ലാ. ഞാൻ കൈയിൽ പിടിച്ചിരിക്കുന്ന ഈ പുസ്തകകർത്താവു് ബ്രാഡ്ളാസായ്‌വ് അദ്ദേഹത്തിന്റെ സ്വജാതിമതത്തെപ്പറ്റിത്തന്നെ വളരെ പറഞ്ഞിട്ടുണ്ടു് .
ഗോവിന്ദപ്പണിക്കർ: എന്താണു്, സ്വന്തവേദവും കളവാണെന്നോ?
ഗോവിന്ദൻകുട്ടിമേനവൻ: ക്രിസ്ത്യാനിവേദത്തിൽ ജഗൽസൃഷ്ടിചെയ്ത ക്രമത്തെയും സ്വഭാവത്തെയുംകുറിച്ചു പറഞ്ഞതു മുഴുവനും യുക്തിഭംഗമായ വിധത്തിലാണെന്നും ഇപ്പോൾ മനുഷ്യനു കിട്ടീട്ടുള്ള അറിവുകൾപ്രകാരം നോക്കുമ്പോൾ ഈ വേദപുസ്തകത്തിൽ പറഞ്ഞ സൃഷ്ടിക്രമം അശേഷം വിശ്വസിപ്പാൻ പാടില്ലാത്തതാണെന്നും ആകുന്നു ബ്രാഡ്ളാവിന്റെ അഭിപ്രായം.
ഗോവിന്ദപ്പണിക്കർ: ഈ സായ്‌വ് മഹാപാപിയാണു്.
ഗോവിന്ദൻകുട്ടിമേനവൻ: ആയിരിക്കാം; എന്നാൽ മഹാബുദ്ധിമാൻകൂടിയാണു്.
ഗോവിന്ദപ്പണിക്കർ: ദൈവം ഇല്ലെന്നു പറയുന്നതുകൊണ്ടു് മഹാബുദ്ധിമാൻ; അല്ലേ?
ഗോവിന്ദൻകുട്ടിമേനവൻ: ദൈവം ഉണ്ടെന്നു വിശ്വസിപ്പാൻ പാടില്ലെന്നുള്ളതിനു് അദ്ദേഹം പറയുന്ന സംഗതികളെ വായിച്ചാൽ അദ്ദേഹം അതിബുദ്ധിമാനാണെന്നു ബുദ്ധിയുള്ളവർ എല്ലാവരും പറയും.
ഗോവിന്ദപ്പണിക്കർ: ദൈവം ഇല്ലെന്നു വരുത്തേണ്ടതു് ഈ ലോകത്തിലേക്കു വളരെ ആവശ്യമായ ഒരു കാര്യമായിരിക്കും. അതുകൊണ്ടു് ഈ ബുദ്ധിമാൻസായ്‌വ് ഇതിൽ ഇത്ര ബുദ്ധി കാണിച്ചതായിരിക്കും; അല്ലേ?
ഗോവിന്ദൻകുട്ടിമേനവൻ: ഈ ലോകത്തിൽ കളവായോ തെറ്റായോ മനുഷ്യർക്കു സാധാരണ ഓരോ സംഗതികളിൽ ഉണ്ടാവുന്ന അഭിപ്രായങ്ങളും വിശ്വാസങ്ങളും വിചാരങ്ങളും തങ്ങൾക്കു കഴിയുന്നെടത്തോളം ബുദ്ധിമാന്മാരായ ആളുകൾ ഇല്ലായ്മ ചെയ്‌വാനും ശരിയായ അറിവുകൾ കൊടുപ്പാനും എല്ലായ്പോഴും ബാദ്ധ്യസ്ഥരാണു് എന്നു ഞാൻ വിചാരിക്കുന്നു .
ഗോവിന്ദപ്പണിക്കർ: ബുദ്ധിമാന്മാരുടെ ഇപ്പോഴത്തെ അറിവോ പണ്ടത്തെ അറിവോ ശരിയായിട്ടുള്ളതു് എന്നു നിശ്ചയം വന്നുവോ?
ഗോവിന്ദൻകുട്ടിമേനവൻ: അതിനാണു് ഇപ്പോൾ ബുദ്ധിമാന്മാരായുള്ളവർ പറയുന്ന സംഗതികൾ ആലോചിക്കണം എന്നു പറയുന്നതു്.
ഗോവിന്ദപ്പണിക്കർ: എന്നാൽ പറഞ്ഞോളൂ; സംഗതികൾ കേൾക്കട്ടെ.
ഗോവിന്ദൻകുട്ടിമേനവൻ: നിരീശ്വരമതം എന്താണെന്നു ബ്രാഡ്ളോ ചെയ്തിട്ടുള്ള വിവരണത്തിന്റെ സാരം ഞാൻ മലയാളത്തിൽ പറയാം . നിരീശ്വരമതക്കാരൻ പറയുന്നതു് : “ഞാൻ ദൈവം ഇല്ലെന്നു പറയുന്നില്ല; നിങ്ങൾ ദൈവം എന്നു പറയുന്നതിന്റെ അർത്ഥം എനിക്കു മനസ്സിലാവുന്നില്ല എന്നു ഞാൻ പറയുന്നു. ദൈവം ഇല്ലെന്നു് പറയേണമെങ്കിൽ നിങ്ങൾ പറയുന്ന ദൈവം എന്ന സാധനം എന്താണെന്നറിഞ്ഞിട്ടുവേണ്ടേ? തനിക്കു് ഒന്നും അറിവില്ലാത്ത ഒരു സാധനത്തെപ്പറ്റി ഉണ്ടെന്നോ ഇല്ലെന്നോ എങ്ങിനെ ഒരുവൻ പറയും? പിന്നെ ഈ കാണുന്ന ചരാചരങ്ങളെ ഒക്കെ വെവ്വേറെ സൃഷ്ടിചെയ്തു രക്ഷിച്ചും സംഹരിച്ചുംകൊണ്ടു് ഒരു പ്രത്യേകസ്രഷ്ടാവു് മനുഷ്യന്റെ മാതിരിയിലോ മറ്റോ ഒരു ദിക്കിൽ എങ്ങാനും ഉണ്ടെന്നു നിങ്ങൾ പറയുന്നതായാൽ അതു കേവലം ഇല്ലാത്തതാണു്, ശുദ്ധ ഭോഷ്കാണു് എന്നു ഞാൻ പറയും; സംശയമില്ല. ഇങ്ങിനെ അല്ലാതെ മനസ്സിലാവാത്തവിധമുള്ള വാക്കുകളെക്കൊണ്ടു ദൈവം ഉണ്ടെന്നു പറയുന്നതായാൽ എനിക്കു മനസ്സിലായില്ല. അതുകൊണ്ടു് അതിനു് ഉത്തരം പറയാൻ പാടില്ലെന്നും പറയും. മനസ്സിലാവാത്ത ഒരു സാധനം ഉണ്ടെന്നു ഞാൻ ഒരിക്കലും വിശ്വസിക്കുകയും ഇല്ലാ.” ഇങ്ങിനെയാണു നിരീശ്വരമതക്കാരുടെ സിദ്ധാന്തം .
ഗോവിന്ദപ്പണിക്കർ: ഇത്ര വഷളായ ഒരു സിദ്ധാന്തം ഞാൻ ഇതുവരെ കേട്ടിട്ടില്ലാ. ഇതെല്ലാം വായിച്ചാൽ നിങ്ങളുടെ ബുദ്ധി എങ്ങിനെ വഷളാവാതിരിക്കും? ലോകത്തിൽ എവിടെ നോക്കിയാലാണു മഹത്തായ ദൈവശക്തി കാണാതിരിക്കുന്നതു്? എത്ര സുഖത്തിലും വെടുപ്പിലും ഈ ലോകത്തെ ദൈവം വെച്ചിരിക്കുന്നു! ദൈവം ഇല്ലാതെ ഈ സൂര്യനും ചന്ദ്രനും എങ്ങിനെ ഉണ്ടായി? നുമ്മൾ ഇങ്ങിനെ സുഖമായി ആഹാരനിദ്രാദികളായ അവസ്ഥകളോടുകൂടി പ്രപഞ്ചത്തിൽ കഴിച്ചുകൂട്ടുന്നതു് ആരുടെ ശക്തിയാണു്? ഓരോകാലം വേണ്ടപോലെയുള്ള എല്ലാ കാര്യങ്ങളും ശരിയായി ലോകത്തിൽ ചെയ്തു കാണുന്നുണ്ടല്ലൊ. ഇതു് ആരു ചെയ്യുന്നു? കരുണാകരനായ ദെവമല്ലേ? മഴ ആവശ്യമുള്ളപ്പോൾ ഉണ്ടാവുന്നില്ലേ? ഈ ചരാചരങ്ങളുടെ ദാഹത്തെ തീർക്കുന്നില്ലേ? സൂര്യൻ ദിവസംപ്രതി ഉദിക്കുന്നില്ലേ? സർവ്വചരാചരങ്ങളെയും സുഖിപ്പിക്കുന്നില്ലേ? ചന്ദ്രൻ ക്രമംപോലെ ഉദിച്ചു ജഗത്തിനെ ആഹ്ലാദിപ്പിക്കുന്നില്ലേ? ഭൂമിയിൽ വഴിപോലെ ധാന്യങ്ങളും സസ്യാദികളും ഉണ്ടാവുന്നില്ലേ ? ഇങ്ങിനെ എന്തെല്ലാം സുഖങ്ങൾ കാലോചിതമായി നുമ്മൾ അനുഭവിക്കുന്നു! ഇതെല്ലാം ദൈവശക്തിയില്ലാതെ എങ്ങിനെ ഉണ്ടാവും ? കഷ്ടം! ദൈവമില്ലെന്നു ഭ്രാന്തന്മാർ പറയും.
ഗോവിന്ദൻകുട്ടിമേനവൻ: ശരി ; ജ്യേയഷ്ഠൻ പറഞ്ഞതെല്ലാം ശരി— എന്നാൽ ജ്യേയഷ്ഠൻ ഒരു ഭാഗമേ പറഞ്ഞുള്ളു. ഈ ജഗത്തിൽ എല്ലാ കാര്യങ്ങളും ജഗത്തിന്നു സുഖമായും ആഹ്ലാദകരമായും ആവശ്യമുള്ള വിധവും തന്നെയാണു് എല്ലായ്പോഴും ഉണ്ടാവുന്നതു്. എന്നു വന്നാൽ കരുണാകരനായ ഒരു ദൈവം ഉണ്ടെന്നു സമ്മതിക്കും. എന്നാൽ വാസ്തവത്തിൽ കാര്യം അങ്ങിനെ അല്ലല്ലോ കാണുന്നതു്. എത്ര കഠിനമായ ആപത്തുകൾ ലോകത്തിൽ കാണുന്നു. ഒരേടത്തും ദൈവത്തിന്റെ ശക്തി പ്രത്യക്ഷത്തിൽ കാണുന്നതുമില്ല. ജലം കുടിപ്പാൻ കിട്ടാതെ ചരാചരങ്ങൾ വെന്തു നശിച്ചുപോവുന്ന ദിക്കിൽ പലപ്പോഴും ഒരുതുള്ളി മഴ കിട്ടുന്നില്ല. മഴ ഉണ്ടാവുന്നതിൽ ദൈവികമായ ഒരു ശക്തി ഉണ്ടെങ്കിലും ആ ശക്തി ദെവത്തിൽ വിശ്വാസമുള്ളവർ പറയുന്നതുപോലെ ജഗത്തിൽ കരുണാവത്തായുള്ളതാണെങ്കിലും എന്തുകൊണ്ടു കാലോചിതമായ മഴ ഉണ്ടാവുന്നില്ല? സൂര്യരശ്മിയുടെ കാഠിന്യത്താലും തൈക്ഷ്ണ്യത്താലും കത്തുന്ന മണലിൽ കുഴഞ്ഞു പലേ ജന്തുക്കളും വെന്തു നശിച്ചുപോവുന്നു. കൊടുംകാട്ടുതീയിൽ പെട്ടു ചിലപ്പോൾ സാധുക്കളായ മൃഗങ്ങൾ ആബാലവൃദ്ധം വെന്തു പെടഞ്ഞു കഠിനവേദന അനുഭവിച്ചു നശിക്കുന്നു. ദ്രവ്യഗ്രാഹികളായ കള്ളന്മാരുടെ കട്ടാരംകൊണ്ടു കുത്തുകൊണ്ടു് അതിഭക്തന്മാരായ ഹിന്തുവും ക്രിസ്ത്യാനിയും ബൌദ്ധനും ഒരുപോലെ വേദനപ്പെട്ടു നിലവിളിച്ചു വായു് പിളർക്കുന്നു. കള്ളസ്സാക്ഷി പറഞ്ഞു നിർദ്ദോഷിയായവനെ തൂക്കിക്കൊല്ലിക്കുന്നു. കടൽ അതിക്രമിച്ചു രാജ്യങ്ങൾ മുക്കി തദ്ദേശവാസികളെ ആബാലവൃദ്ധം വെള്ളത്തിൽ ശ്വാസംമുട്ടിച്ചു കൊല്ലുന്നു. കപ്പൽ മുങ്ങി ജനങ്ങൾ ചാവുന്നു. ശേഷിച്ചവർ വെള്ളം കുടിക്കാൻ കിട്ടാതെ അന്തർദ്ധാഹം പിടിച്ചു് ഒരുത്തൻ മറ്റൊരുത്തന്റെ കഴുത്തു കടിച്ചുമുറിച്ചു രക്തം കുടിക്കുന്നു. വിശപ്പു സഹിക്കാൻ പാടില്ലാതെവന്നു തന്റേ സ്നേഹിതനെ കൊന്നു പച്ചമാംസം തിന്നുന്നു. ഇടിത്തീ വീണു നിർദ്ദോഷികളായ ചെറുകുട്ടികൾ നശിക്കുന്നു. നിരപരാധിയായ ഒരുവനെ അവൻ ഉറങ്ങിക്കിടക്കുമ്പോൾ പാമ്പു വന്നു കടിച്ചു കൊല്ലുന്നു. ജാത്യാന്ധനായുള്ളവൻ വിശപ്പു സഹിക്കാൻ പാടില്ലാതെ ഒരെടക്കു കഞ്ഞിക്കുവേണ്ടി തപ്പിക്കൊണ്ടു നടക്കുമ്പോൾ പൊട്ടക്കിണറ്റിൽ വീണു കഴുത്തും കാലും ഒടിഞ്ഞു പ്രാണവേദനയെ അനുഭവിച്ചു മരിക്കുന്നു. പകരുന്ന വ്യാധികളും യുദ്ധങ്ങളും ക്ഷാമങ്ങളും നിമിത്തം അസംഖ്യം ജനം ആബാലവൃദ്ധം ക്ഷണത്തിൽ കഠിനപ്രാണവേദനയോടെ “ഈശ്വരാ! ദൈവമേ! രക്ഷിക്കണേ!” എന്നു നിലവിളിച്ചുകൊണ്ടു് ഇരിക്കുന്ന മദ്ധ്യേ പ്രാണവേദന സഹിച്ചുംകൊണ്ടു് ഒരു നിവൃത്തിയും കിട്ടാതെ മരിക്കുന്നു. ഇവിടെ എല്ലാം എന്തുകൊണ്ടു ദൈവത്തിന്റെ കരുണാവത്തായ ശക്തി തന്റെ സൃഷ്ടികളെ സങ്കടത്തിൽ നിന്നു രക്ഷിക്കുന്നില്ലാ? പിന്നെ വല്ല സമയങ്ങളിലും ഈ വക ആപത്തുകളിൽനിന്നു് നിവൃത്തികൾ സാധാരണ അറിയപ്പെടുന്ന കാരണങ്ങളാൽ കിട്ടുമ്പോൾ അതു ദൈവകൃപയാലാണെന്നും മറ്റും പറയുന്നു. ഇതിനെ ആരു വിശ്വസിക്കും? എന്നാൽ പ്രപഞ്ചത്തിൽ ഇങ്ങിനെ ഉണ്ടാവുന്ന സങ്കടങ്ങളെ ദൈവികമായ ശക്തികൊണ്ടു നിവൃത്തിച്ചു കാണുന്നില്ലാത്തതിനെക്കുറിച്ചു നുമ്മൾ ഹിന്തുക്കളും വേറെ മതക്കാരും പറയുന്ന കാരണങ്ങൾ എത്രയും നിസ്സാരമാണു്. ഒന്നാമതു് ഓരോ ആൾക്കു വരുന്ന ദുഃഖങ്ങൾ കഴിഞ്ഞ ഒരു ജന്മം അയാൾ ചെയ്ത പാപത്തിന്നു ദൈവം കൊടുക്കുന്ന ശിക്ഷയാണെന്നു ഹിന്തുമതത്തിൽ പറയുന്നു. ഒരു തെറ്റിന്നു ചെയ്യുന്ന ശിക്ഷ തെറ്റുകാരനെ തന്റെ തെറ്റിന്റെ ശിക്ഷയാണെന്നു് അറിയിച്ചിട്ടു ചെയ്യുന്നതാണു് എല്ലായ്പോഴും നല്ലതു്. അതു വിട്ടു് ഇന്ന സംഗതിക്കാണു താൻ കഷ്ടം അനുഭവിക്കുന്നതു് എന്നു് അറിയിപ്പിക്കാതെ ഒരു കഷ്ടം അനുഭവിപ്പിക്കുന്നതിൽ എന്താണു ഫലം? ശിക്ഷ പാപനിവാരണത്തിന്നുവേണ്ടിയാണെങ്കിൽ പാപിയെ അറിയിച്ചിട്ടുതന്നെ ചെയ്യേണ്ടതല്ലേ? ഇതിനെപ്പറ്റി വലിയ ശാസ്ത്രജ്ഞൻ ഇയ്യെടെ ഒരു ഗ്രന്ഥം ഉണ്ടാക്കിയതിൽ പറഞ്ഞിട്ടുള്ളതിന്റെ സാരം ആ പുസ്തകത്തിൽനിന്നു വായിച്ചു ഞാൻ പറയാം. നേർതർജ്ജമയായി പറഞ്ഞാൽ ജ്യേഷ്ഠന്നു മനസ്സിലാക്കാൻ പ്രയാസപ്പെടും. സാരം പറയാം . ഈ മഹാവിദ്വാൻ പറയുന്നു: “തന്റെ സമസൃഷ്ടികൾക്കു നാശമോ ഉപദ്രവമോ അസഹ്യതയോ വരുത്തിയ ഒരു കുറ്റക്കാരന്റെ സ്വാഭാവികമായ ദുഷ്ടബുദ്ധിയെ കളഞ്ഞു് അവനെ സന്മാർഗിയാക്കി തന്റെ സമസൃഷ്ടികളുമായി സമാധാനമായും സുഖമായും ഇരുത്താൻ വേണ്ടി വേറെ യാതൊരു പ്രകാരത്തിലും കഴിവില്ലാതെ ഇരിക്കുന്നതുകൊണ്ടുമാത്രമാണു് മനുഷ്യർ ഉണ്ടാക്കിയ ശാസ്ത്രപ്രകാരം കുറ്റക്കാരനെ ദണ്ഡിപ്പിക്കുന്നതും ശിക്ഷയിൽ പെടുത്തുന്നതും ബന്തോവസ്തിൽവെച്ചു സന്മാർഗ്ഗോപദേശങ്ങളെ ചെയ്യുന്നതും . എന്നാൽ ദൈവംതന്നെ തന്റെ സൃഷ്ടികളെ ഇങ്ങിനെ ദണ്ഡിപ്പിക്കുന്നതിന്നു് എന്തൊരു സംഗതി ഉണ്ടെന്നാണു നോം പറയേണ്ടതു്. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള വാദത്തെ മുഴുവനും തള്ളി ഉണ്ടെന്നുതന്നെ തീർച്ചയാക്കുക. ദുഃഖങ്ങളുടെ ഉത്ഭവത്തെപ്പറ്റിയുള്ള സർവ്വ സിദ്ധാന്തങ്ങളെയും തൽക്കാലം ഇല്ലെന്നു വിചാരിക്കുക. സർവ്വശക്തിയുള്ള ഒരു സ്രഷ്ടാവു് ഉണ്ടെന്നുള്ള ഒരു സിദ്ധാന്തത്തെപ്പറ്റിയും തൽക്കാലം തർക്കിക്കാതിരിക്കുക. എന്നിട്ടു ദൈവത്തെ ഈ ജഗത്തിനെ മുഴുവനും ഭരിക്കുന്ന വിശംഭരൻ എന്ന സ്ഥിതിയിൽ മാത്രം ഓർക്കുക. ഈ നിലയിൽ ഈ വിശ്വംഭരനു് താൻ തന്റെ സൃഷ്ടികളെ ഇങ്ങിനെ ദണ്ഡിപ്പിക്കുന്നതിനെ നീതീകരിപ്പാൻ എന്തു കാരണങ്ങളെയാണു കാണിപ്പാൻ കഴിയുന്നതു്? തന്റെ സ്വയരക്ഷയ്ക്കുവേണ്ടി ഇങ്ങിനെ ഈ സാധുക്കളായ തന്റെ സൃഷ്ടികളെ ശിക്ഷിക്കുന്നതോ, അതല്ല കുറ്റംചെയ്തവരുടെ നന്മയ്ക്കുവേണ്ടി അവരെ ദണ്ഡിപ്പുക്കുന്നതോ ഇതിൽ രണ്ടിൽ ഏതു സംഗതിക്കായാലും ഈ ദണഅഡനം കൂടാതെ കാര്യം സാധിപ്പാൻ ആ ദൈവത്തിന്നു കഴിയുന്നതല്ലേ? ഒരു മനുഷ്യനെ വേദനയോ സങ്കടമോ അനുഭവിപ്പിക്കുന്ന പ്രവൃത്തി നുമ്മൾ മനുഷ്യർക്കുതന്നെ വ്യസനകരമായ ഒരു പ്രവൃത്തിയാണു്. അങ്ങിനെ ചെയ്യേണ്ടിവരുന്നതു നിവൃത്തിയില്ലാത്ത ഒരു ദോഷകർമ്മം തന്നെയാണെന്നാകുന്നു നാം മനുഷ്യരു തന്നെ അഭിപ്രായപ്പെടുന്നതു്. പഠിപ്പുള്ള മനുഷ്യരു് ഇല്ലാത്തവരെ പഠിപ്പിച്ചും മനുഷ്യവർഗ്ഗങ്ങൾ അന്യോന്യം സ്നേഹിച്ചും ഐക്യമായി ഇരിക്കേണ്ടതിന്നുള്ള വഴികൾ എടുത്തും പലേ സന്മാർഗ്ഗോപദേശങ്ങൾ ചെയ്തും വരുന്നു. ഈ ഉപദേശങ്ങൾകൊണ്ടു ഗുണപ്പെടാതെ ചിലർ പിന്നെയും ദുർവൃത്തിയിൽ ചാടുന്നു. അവരെ ദണ്ഡിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങിനെ ദണ്ഡനംചെയ്യുന്നതു മനുഷ്യരിൽതന്നെ ഒരു ദുര്യശസ്സിന്നു ഹേതുവാണെങ്കിൽ ദൈവത്തിങ്കൽ അതു് എത്ര അധികം ദുര്യശസ്സിന്നു കാരണമായിത്തീരുന്നു. നുമ്മളുടെ രാജ്യം ഭരിക്കുന്ന മനുഷ്യരാജാക്കന്മാർക്കു കുറ്റക്കാരുടെ ദുർബുദ്ധിയെ നീക്കംചെയ്തു ഗുണബുദ്ധി കൊടുപ്പാൻ ഒരു ശക്തി ഉണ്ടായിരുന്നെങ്കിൽ ആ ശക്തിയെ ഉപയോഗിച്ചു ദുർമ്മര്യാദയും ദുഷ്പ്രവൃത്തിയും മനുഷ്യരിൽ ഇല്ലാതെ ആക്കിക്കളയുന്നതല്ലാതെ പിന്നെയും കുറ്റംചെയ്യുന്നതു വിരോധിക്കാതെ നോക്കിക്കൊണ്ടുനിന്നു്, ചെയ്ത ഉടനെ കുറ്റക്കാരെ പിടിച്ചു ഹിംസിച്ചു ദണ്ഡിപ്പിക്കുവാനായി കാത്തിരിക്കുമോ? ഒരിക്കലും ചെയ്കയില്ല. എന്നാൽ നുമ്മൾ മനുഷ്യർക്കു ഭവിഷ്യദ്വർത്തമാനങ്ങളെയോ പ്രവൃത്തികളെയോ അറിവാനുള്ള ശക്തിയില്ലാ. കരുണാകരൻ എന്നു പറയപ്പെടുന്ന ആ ദൈവത്തിനോ നിങ്ങൾ പറയുംപ്രകാരം നിശ്ചയമായി ഈ ശക്തി ഉണ്ടാവാതെ ഇരിപ്പാൻ പാടില്ലതാനും. മനുഷ്യനെ സൃഷ്ടിച്ചതു ദൈവം, മനുഷ്യന്റെ മനസ്സിൽനിന്നു് ആദ്യത്തിൽ ഉത്ഭവിച്ചതു്, അല്ലെങ്കിൽ ദൈവത്തിന്നു് ഇഷ്ടംപോലെ ഇല്ലാതാക്കുവാനോ കുറയ്ക്കാനോ അധികരിപ്പാനോ കഴിയുന്നവ. കാര്യം ഇങ്ങിനെ ഇരിക്കുമ്പോൾ ദൈവം പാപകർമ്മങ്ങൾ ചെയ്‌വാൻ ഒരു മനുഷ്യന്നു് ഉണ്ടാവുന്ന ഉത്സാഹങ്ങളേയോ വാസനയേയോ നിർത്താതെ അതു ചെയ്യിപ്പിച്ചശേഷം അവനെ കഠിനമായി ശിക്ഷിച്ചു വേദനപ്പെടുത്തി നശിപ്പിക്കുന്നതു് എന്തിനു്? ഇതു മഹാ കഷ്ടമല്ലേ? ദൈവം ഇത്ര ബുദ്ധിഹീനതയായും ക്രൂരമായും ചെയ്യുമോ? ഇപ്പോൾ ക്രിസ്ത്യാനിവേദപുസ്തകത്തിൽ പറയുംപ്രകാരം ദൈവം ചെയ്ത ശിക്ഷകളെത്തന്നെ നാം നോക്കുന്നതായാൽ ദൈവം എത്ര കഠോരമായും നിർദ്ദയമായും അതിക്രൂരമായും മനുഷ്യനെ ശിക്ഷിച്ചതായി കാണുന്നു. തെറ്റുകാരൻ പിന്നെ എന്തുതന്നെ ഗുണകർമ്മം ചെയ്താലും പശ്ചാത്താപപ്പെട്ടാലും ദൈവം ഒരുവിധത്തിലും ദയ കാണിക്കാത്ത മാതിരിയിലാണു ക്രിസ്ത്യാനിവേദത്തിൽതന്നെ കാണുന്നതു്. ആദാം ഒരു കുറ്റം ഒരുപ്രാവശ്യം ചെയ്തുപോയി. അതിനു് അയാളെയും അയാളുടെ സർവ്വസന്താനങ്ങളെയും പരമ്പരയായി എന്നെന്നും നരകകൂപത്തിൽനിന്നു് ഒരിക്കലും കയറാൻ പാടില്ലാത്തവിധം ഇട്ടുകളഞ്ഞു. ആദാം തെറ്റുചെയ്തതിനു് അവന്റെ സന്താനങ്ങൾകൂടി എന്തിനു് ഈ മഹാപാപം അനുഭവിക്കുന്നു? ദൈവം ഇങ്ങിനെ എല്ലാം ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ എവിടെയാണു് അദ്ദേഹത്തിന്റെ കരുണയും നീതിയും?”– ഇങ്ങിനെയാണു് ഈ മഹായുക്തിമാനായ ശാസ്ത്രജ്ഞൻ പറയുന്നതു്.
ഗോവിന്ദപ്പണിക്കർ: ആദാം എന്നൊരാളുണ്ടായി എന്നു നുമ്മളുടെ ഹിന്തുപുരാണങ്ങളിൽ ഒന്നും പറയുന്നില്ല. ഞാൻ ഇതു വിശ്വസിക്കയില്ലാ.
ഗോവിന്ദൻകുട്ടിമേനവൻ: ആദാമിനെ വിശ്വസിക്കണ്ട. നുമ്മളുടെ പുരാണങ്ങളിൽ ഈ ആദാമിനു് ഉണ്ടായതായി പറയപ്പെടുന്നമാതിരി ശാപങ്ങളും ദൈവകോപംകൊണ്ടു വന്ന പലേ മാതിരി ദുഃഖങ്ങളും ക്രിസ്ത്യാനിവേദത്തിൽ കാണുന്നതിനേക്കാൾ വളരെ അധികം കാണാം. നുമ്മളുടെ പുരാണങ്ങളിൽ ദൈവകോപംകൊണ്ടു മാത്രമല്ലാ ദെവഭക്തന്മാരായ മഹർഷിമാരുടെ കോപംകൊണ്ടു്, ദേവന്മാരുടെ കോപംകൊണ്ടു്, ബ്രാഹ്മണ കോപംകൊണ്ടു് എന്നു വേണ്ട പതിവ്രതമാരായ സ്ത്രീകളുടെ കോപംകൊണ്ടുകൂടി ദേവകളും മനുഷ്യരും മൃഗങ്ങളും പലപ്പോഴും കുഴങ്ങി ബുദ്ധിമുട്ടി അനേകജന്മങ്ങൾ എടുത്തു പലേമാതിരി സങ്കടങ്ങളും സന്താപങ്ങളും അനുഭവിച്ചതായി പറയപ്പെടുന്നുണ്ടു്. ഇത്ര അധികം വിഡ്ഡിത്തങ്ങളും ഭോഷത്വങ്ങളും ക്രിസ്ത്യാനിവേദപുസ്തകത്തിൽ കാണുകയില്ലാ.
ഗോവിന്ദപ്പണിക്കർ: അങ്ങിനെ പറയരുതു്. നുമ്മളുടെ പുരാണങ്ങൾ ഗോവിന്ദൻകുട്ടി എന്തു കണ്ടു. വിഡ്ഡിത്തം, ഭോഷത്വം എന്നു് എത്രയോ പ്രാചീനമായ ഒരു ഇങ്കിരിയസ്സു ബുക്കു വായിച്ചിട്ടു പറഞ്ഞാൽ ആരു വിശ്വസിക്കും? അതിരിക്കട്ടെ, അപ്പോൾ ദൈവമില്ലെങ്കിൽ മനുഷ്യൻ താനെ ഉണ്ടായി എന്നാണു ഗോവിന്ദൻകുട്ടി പറയുന്നതു്?
ഗോവിന്ദൻകുട്ടിമേനവൻ: മനുഷ്യൻ എന്നുവേണ്ടാ ഈ കാണുന്ന സകല ചരാചരങ്ങളും പലേവിധ കാരണങ്ങളിൽ നിന്നും ശക്തികളിൽനിന്നും താനേ ഉത്ഭവിച്ചു നിറയുന്നതാണെന്നാകുന്നു ഞാൻ പറയുന്നതു്.
ഗോവിന്ദപ്പണിക്കർ: അപ്പോൾ ഒരു മനുഷ്യൻ മരിച്ചാലോ? അവന്റെ ജീവൻ എങ്ങട്ടു പോവുന്നു?
ഗോവിന്ദൻകുട്ടിമേനവൻ: എങ്ങട്ടും പോവുന്നില്ലാ, അതില്ലാതാവുന്നു, ഒരു കത്തുന്ന തിരി കെടുത്തിയാൽ അഗ്നി എവിടേക്കു പോവുന്നു? എവിടേക്കും പോവുന്നില്ലാ. അതു് ഇല്ലാതെ പോവുന്നു–അതുപോലെ ജീവനും.
ഗോവിന്ദപ്പണിക്കർ: അപ്പോൾ മനുഷ്യനു വേറെ ഗതിയൊന്നുമില്ല; മരിച്ചാൽ എല്ലാം തീർന്നു അല്ലേ? നിന്റെ ഈ മതം പിശാചുക്കൾക്കു കൊള്ളാം — മറ്റാർക്കും കൊള്ളരുതു്. മനുഷ്യനു് എങ്ങിനെ ഈ കൈകാലുകൾ , കണ്ണു്, മൂക്കു്, ചെവി മുതലായ ഇന്ദ്രിയങ്ങൾ എല്ലാം ഉണ്ടായി? ഇതെല്ലാം ഇത്ര ശരിയായും വെടുപ്പായും എന്തു കാര്യകാരണങ്ങളാണു് ഉണ്ടാക്കിയതു്?
മാധവൻ: ശരി; അച്ഛന്റെ ചോദ്യം ഒന്നാന്തരം. അച്ഛൻ ഗോവിന്ദൻകുട്ടിയോടു ചെയ്ത ചോദ്യം അൽപം ചില ഭേദങ്ങൾ ചെയ്താൽ നല്ല ഒരു ഇംക്ലീഷു് ശാസ്ത്രജ്ഞൻ ചെയ്തപോലെയുള്ള ഒരു ചോദ്യമായി വരും. ആ ചോദ്യം ഞാൻ ചെയ്യാം; ജഗത്തു മുഴുവനും താനെ ഒരു പ്രത്യേക സ്രഷ്ടാവു് ഇല്ലാതെ ഉണ്ടായിവന്നതു് എന്നോ ഗോവിന്ദൻകുട്ടിയുടെ സിദ്ധാന്തം?
ഗോവിന്ദൻകുട്ടിമേനവൻ: അതെ; ഒരു പ്രത്യേക സ്രഷ്ടാവു് ഉണ്ടാക്കിയതാണെന്നു വിചാരിപ്പാൻ സംഗതി ഇല്ലെന്നു ഞാൻ പറയുന്നു.
മാധവൻ: അങ്ങിനെ അഭിപ്രായപ്പെടുന്നതിനുള്ള കാരണങ്ങൾ ചുരുക്കത്തിൽ സ്പഷ്ടമായി പറയൂ.
ഗോവിന്ദൻകുട്ടിമേനവൻ: ചുരുക്കത്തിൽ സ്പഷ്ടമായി പറയാൻ പ്രയാസം. മാധവൻ എന്നെപ്പോലെതന്നെ ഈ സംഗതിയെപ്പറ്റി പലേ പുസ്തകങ്ങളും വായിച്ചിട്ടുണ്ടല്ലൊ. അതുകൊണ്ടു് ഞാൻ ജ്യേയഷ്ഠൻ അറിയാൻമാത്രം ചുരുക്കി പറയാം. ചുരുക്കി പറയുന്നതിൽ എന്റെ താൽപര്യം സ്പഷ്ടമായി കാണിപ്പാൻ കഴിയുമോ എന്നു് എനിക്കു സംശയം. എന്റെ കൈയിൽ ഇപ്പോൾ ഉള്ള ഈ പുസ്തകത്തിൽതന്നെ ഓരോ ഭാഗങ്ങൾ വായിച്ചു പറയാം.
“മിസ്റ്റർ ബ്രാഡ്ളാവിന്റെ പുസ്തകത്തിൽ അധികവും ഭാഗം ക്രിസ്ത്യാനിവേദത്തിൽ ജഗൽസൃഷ്ടി ഉണ്ടായ സ്വഭാവത്തെയും കാലത്തെയും പറയുന്നതു് എല്ലാം ശുദ്ധമേ കളവും അസംഭവ്യവുമാണെന്നു കാണിപ്പാനുള്ള സംഗതികളെയാണു പറഞ്ഞിട്ടുള്ളതു്. എന്നാൽ, അതുകളെക്കുറിച്ചു് ഇവിടെ പറഞ്ഞിട്ടു് ആവശ്യമില്ല. വാള്ളെസ്സു്, ഡാർവ്വിൻ മുതലായ പലേ ശാസ്ത്രജ്ഞൻമാർ ജഗദുൽപത്തിയെപ്പറ്റി പറഞ്ഞിട്ടുള്ളതു് സൂക്ഷ്മമായി ആലോചിച്ചാൽ ഈ കാണുന്ന സകല ചരാചരങ്ങളും ‘ഇവെള്യൂഷൻ ’ എന്ന ഉൽപത്തിസമ്പ്രാദ പ്രകാരം താനെ ഉത്ഭവിച്ചു വന്നതാണെന്നു കാണാം. ഡാർവ്വിൻ പറയുന്നു: ‘സാധാരണ സാധനങ്ങൾക്കു് പകർച്ച, വളർച്ച, നാശം ഇതുകൾ സ്വഭാവേന ഉള്ളതാകുന്നു. ഓരോ സാധനം ഒരു പ്രകാരത്തിലും ഗുണത്തിലും ഇരിക്കുന്നതു് കാലാന്തരംകൊണ്ടു് മറ്റൊരു പ്രകാരത്തിലും ഗുണത്തിലും ആയിവരുന്നു. പിന്നെയും മാറുന്നു. പിന്നെയും വളരുന്നു. ഇങ്ങിനെ അനന്തകോടി സംവത്സരങ്ങളാൽ ഒരു സാധനം വേറെ സാധനങ്ങളുമായുള്ള ചേർച്ചയാലോ ആവശ്യങ്ങളാലോ അതിന്റെ ഒന്നാമത്തെ ഗുണവും സ്വഭാവവും വിട്ടു ക്രമേണക്രമേണ മറ്റൊരു സ്വഭാവത്തിലും ഗുണത്തിലുമായി വരുന്നു. ഇതു സാധാരണ സർവ്വപദാർത്ഥങ്ങളിലും താനെ ഉള്ള ഒരു ശക്തിയാണു്. ഇതുപ്രകാരം തന്നെയാണു മനുഷ്യന്റെ ഉൽപത്തിയും. ആദ്യത്തിൽ എത്രയോ അണുമാത്രമായ ഒരു ജീവജന്തു ക്രമേണ അനവധി അനവധി കാലംകൊണ്ടു ജീവന്റെ ആവശ്യപ്രകാരവും ആഗ്രഹപ്രകാരവും അതിനൊത്ത ദേഹാകൃതികളെ സ്വൽപംസ്വൽപം ഭേദമായി അതാതുകാലത്തു മാറി ക്രമേണ ഇപ്പോൾ നാം കാണുന്നതുപോലെ മനുഷ്യന്റെ ദേഹാകൃതിയിലും സ്വഭാവത്തിലും വന്നു ചേർന്നിരിക്കുന്നു. ’ഇതിനു ദൃഷ്ടാന്തമായി പലേ സംഗതികളേയും ഡാർവ്വിൻ എന്ന ശാസ്ത്രജ്ഞൻ പറഞ്ഞിരിക്കുന്നു. പ്രത്യേകം ഒരു സ്രഷ്ടാവു് ഈ ജഗത്തിലുള്ള എല്ലാ പദാർഥങ്ങളെയും വെവ്വേറെ ഉണ്ടാക്കിയതല്ലെന്നു കാണിപ്പാൻ പലേ ദൃഷ്ടാന്തങ്ങളും ഉണ്ടു്. നനവുള്ള പുതുമണ്ണിൽ കുറെ തീയിട്ടോ മറ്റോ ചൂടുപിടിപ്പിച്ചശേഷം തണുപ്പുള്ളതായ ഒരു സാധനംകൊണ്ടു സാധാരണ വായുവിനു സ്പർശിപ്പാൻ പാടില്ലാത്തവിധം ഒരു നാലഞ്ചുമണിക്കൂറു് ആ സ്ഥലത്തെ അടച്ചുമൂടിയതിൽ പിന്നെ ആ അടപ്പു് എടുത്തു നോക്കിയാൽ പലപ്പോഴും ആ സ്ഥലത്തു ലക്ഷോപലക്ഷം ചെറിയ സ്വരൂപങ്ങളുള്ള ചിതൽ എന്നു പറയുന്ന വെളുത്ത ഒരു വക പ്രാണികൾ എളകി പതച്ചു നടക്കുന്നതു കാണുന്നു. എവിടെ നിന്നാണു് എത്ര അനവധി ചിതലുകൾ ഇത്ര ക്ഷണംകൊണ്ടു് ഉണ്ടായതു്? ദൈവം അപ്പോൾ ഉണ്ടാക്കിയതോ, ഇതു പെറ്റുണ്ടായതോ, അതല്ല ചില കാരണങ്ങളാൽ അന്യോന്യം സംശ്രയിച്ചപ്പോൾ താനെ ഉണ്ടായിവന്നതോ? പിന്നെ അതിൽ ഒരു ചിതലിനെയോ അല്ലെങ്കിൽ അതിൽ അൽപം വലിയ ഒരു പുഴുവിനെയോ വേട്ടാളൻ എന്നു പറയുന്ന ഒരു പ്രാണി എടുത്തു് അതിന്റെ കൂട്ടിൽ വയ്ക്കുന്നു. പത്തു പതിനഞ്ചുദിവസം ആ വേട്ടാളനുമായി സമ്പർക്കിച്ചിരിക്കുമ്പോഴയ്ക്കു് ആ പുഴു താനെ വെട്ടാളനായിത്തീരുന്നു. ഇങ്ങിനെയുള്ള ചില്ലറയായ സാധനങ്ങൾ നോക്കിയാൽ ഒന്നിൽനിന്നു മറ്റൊന്നു് ഉണ്ടാവുന്ന സ്വഭാവം അറിയാം. ഈ ജഗത്തു് എല്ലാം അനാദിയായ കാലശക്തിയാലും ഓരോ വസ്തുക്കളുടെ സംശ്രയങ്ങളാലും സംശ്രയാഭാവങ്ങളാലും താനെ ഉണ്ടായി നിറഞ്ഞുവന്നതും താനേ നശിച്ചു പോവുന്നതും ആകുന്നു എന്നേ വിചാരിപ്പാൻ വഴിയുള്ളു. ഹക്സലി എന്ന ഒരു മഹാവിദ്വാൻ പറയുന്നു: ‘ജീവനുള്ള സകല ജന്തുക്കളുടെയും, അല്ലെങ്കിൽ പഞ്ചേന്ദ്രിയവികാരങ്ങളോടു സംയുതങ്ങളായ സകല ശരീരങ്ങളുടേയും ഉൽപത്തിയെ നോം സൂക്ഷ്മമായി ശാസ്ത്രസിദ്ധാന്തമായ അറിവോടുകൂടി നോക്കുമ്പോൾ ഓരോ ജന്തു ആദിയിൽ ഉത്ഭവിച്ചതു് ഓരോ പ്രത്യേകകാരണങ്ങളിൽ നിന്നാണെന്നു വെളിവായി കാണാം. നുമ്മൾ ചുറ്റും കാണുന്ന അനന്തകോടി ജീവജാലങ്ങൾ ഈ കാരണങ്ങളിൽ താനെ ഉത്ഭവിച്ചും വളർന്നും പരന്നും നശിച്ചും കാണാതെയായും വരുന്നതു കാണുന്നു. ഇതു സാധാരണ പല ജീവജാലങ്ങളിൽ സ്വതസിദ്ധമായ ഒരു ശക്തിയാകുന്നു. അങ്ങിനെയുള്ള ശക്തി ഇല്ലാതെ ജീവജാലങ്ങൾ ഒന്നുംതന്നെ ഇല്ല’ ഇങ്ങിനെയാണു് ഹക്സലി എന്ന മഹാവിദ്വാന്റെ അഭിപ്രായം. ബ്രാഡ്ളാ എന്നാൾ പറയുന്നു: ‘നമുക്കു് ഇതുവരെ കിട്ടിയേടത്തോളമുള്ള അറിവുകളിൽ നിന്നു് ആദിയിൽ മനുഷ്യരെ കണ്ട കാലത്തിൽ അവർ ഇപ്പോൾ കാണുന്ന പ്രകൃതവും സ്വഭാവവും ഉള്ള മനുഷ്യരെപ്പോലെ ആയിരുന്നില്ലാ. ആദ്യത്തിൽ കണ്ടതായി അറിയപ്പെടുന്ന കാലത്തു മനുഷ്യൻ ഏതാണ്ടു് ഒരു മൃഗംപോലെ ശുദ്ധമൃഗങ്ങളുമായി തമ്മിൽ തല്ലി മല്ലിട്ടുംകൊണ്ടു ഗുഹാവാസം ചെയ്തു കഴിച്ചിരുന്ന ഒരു ജന്തുതന്നെയായിരുന്നു. എന്നാൽ ക്രമേണ ഇപ്പോൾ മനുഷ്യൻ എത്ര ശക്തനും ബുദ്ധിമാനും സർവവിദഗ്ദ്ധനും ആയിത്തീർന്നിരിക്കുന്നു. ഇതുപ്രകാരംതന്നെ, ഇപ്പോൾ നമുക്കു് അറിവു കിട്ടീട്ടുള്ളതിന്നും പ്രാചീനമായി വളരെ കോടി സംവത്സരങ്ങൾ മുമ്പുള്ള സ്ഥിതി എനി നോക്കി അറിവാൻ സാധിക്കുന്നുവെങ്കിൽ ഇന്ദ്രിയനിഷ്ഠമായ ജീവനെ വഹിക്കുന്നതിന്നുമുമ്പു പലേവിധ ജീവദശകളിൽ ഇപ്പോൾ കാണുന്ന സമർത്ഥനായ ഈ മനുഷ്യൻ കിടന്നിരുന്നു എന്നു് ഒരുസമയം കാണാൻ കഴിയുമെന്നു ഞാൻ വിചാരിക്കുന്നു.’ എന്നിങ്ങനെയാണു് ബ്രാഡ്ളാ പറയുന്നതു്.”
ഗോവിന്ദപ്പണിക്കർ: മനുഷ്യൻ ആദ്യം ഗുഹയിൽ മൃഗത്തിനെപ്പോലെ കിടന്നു എന്നു ആരു വിശ്വസിക്കും? പക്ഷേ, ബിലാത്തിയിൽ അങ്ങിനെ ആയിരുന്നുവായിരിക്കാം. അതുപോലെ മൃഗപ്രായമായ മനുഷ്യൻ ഇപ്പോഴുമുണ്ടു് — ഇല്ലേ മാധവാ?
മാധവൻ: ഉണ്ടു്. ആഫ്രിക്കരാജ്യത്തു് സാമാന്യം മൃഗങ്ങളെപ്പോലെ ഉള്ള മനുഷ്യൻ ഇപ്പോഴും ഉണ്ടു്.
ഗോവിന്ദൻകുട്ടിമേനവൻ: പണ്ടു ഞാൻ പറഞ്ഞ കാലം ഞാൻ പറഞ്ഞ മാതിരിയേ മനുഷ്യർ ഉണ്ടായിരുന്നുള്ളു.
ഗോവിന്ദപ്പണിക്കർ: അതിനു് എന്തു പ്രമാണം?
ഗോവിന്ദൻകുട്ടിമേനവൻ: ശാസ്ത്രപ്രകാരം ഉള്ള അറിവു തന്നെ.
ഗോവിന്ദപ്പണിക്കർ: എന്തു ശാസ്ത്രം? നീ പേർപറഞ്ഞ സായ്‌വന്മാരുണ്ടാക്കിയ ശാസ്ത്രമോ?
ഗോവിന്ദൻകുട്ടിമേനവൻ: അവരും അവരെപ്പോലെയും അതിലധികവും ശാസ്ത്ര പരിജ്ഞാനമുള്ള ആളുകൾ എഴുതിയ പലേ ഗ്രന്ഥങ്ങളിൽനിന്നാണു ഞാൻ പറയുന്നതു്.
ഗോവിന്ദപ്പണിക്കർ: എന്നാൽ നീ ഇപ്പോൾ പറഞ്ഞതിൽ ഒരവസ്ഥമാത്രം ഹിന്ദുശാസ്ത്രപ്രകാരം അൽപം ഒക്കുന്നുണ്ടു്. നീ പറഞ്ഞപ്രകാരംതന്നെ, നുമ്മളുടെ ശാസ്ത്രത്തിലും ആദ്യം തൃണം മുതൽ പലേ ജന്മങ്ങളും കഴിഞ്ഞിട്ടുവേണം മനുഷ്യജന്മം കിട്ടാൻ എന്നു പറയുന്നുണ്ടു്. പക്ഷേ, അങ്ങിനെ എല്ലാം വരുന്നതു വാസനാരൂപമായി ദൈവകൽപനയാൽ ആണെന്നാകുന്നു നുമ്മടെ ശാസ്ത്രം.
ഗോവിന്ദൻകുട്ടിമേനവൻ: ശരി; ജ്യേഷ്ഠൻ അത്രത്തോളം സമ്മതിച്ചുവോ?
ഗോവിന്ദപ്പണിക്കർ: ഞാൻ എന്തു സമ്മതിച്ചു? നീ പറഞ്ഞതു യാതൊന്നും ഞാൻ സമ്മതിച്ചിട്ടില്ലാ. ഒരിക്കലും സമ്മതിക്കുകയുമില്ലാ. ഈശ്വരനില്ലെന്നല്ലേ നീ പറയുന്നതു്? അതു് ഈ ജന്മം സമ്മതിപ്പാൻ പാടില്ലാ. മഹാ അബദ്ധമായ സിദ്ധാന്തമാണു് ഈശ്വരൻ ഇല്ലെന്നുള്ളതു്. സർവ്വജഗദന്തര്യാമിയായി കാരുണ്യമൂർത്തിയായുള്ള ഒരു സ്രഷ്ടാവു് ഈ ജഗത്തിന്നു് ഇല്ലെന്നു ശുദ്ധ ഭ്രാന്തൻ മാത്രമേ പറയുകയുള്ളു.
ഗോവിന്ദൻകുട്ടിമേനവൻ: ഞാൻ ഒരു കാരുണ്യാമൂർത്തിയേയും ജഗദന്തര്യാമിയേയും കാണുന്നില്ലാ.
ഗോവിന്ദപ്പണിക്കർ: ആട്ടെ, ഈ നിരീശ്വരസിദ്ധാന്തികൾ ഇയ്യെടെ ഈവിധം ഓരോ ബുക്കു എഴുതിത്തുടങ്ങിയതേ ഉള്ളു. ഇതിനു് എത്രയെത്രയോ മുമ്പും ഇപ്പോഴും എനി എത്രയോ കാലവും ഈ കാണുന്ന സകല മനുഷ്യരും ദൈവവന്ദനം ഓരോ പ്രകാരത്തിൽ ചെയ്തുവന്നിരിക്കുന്നു എന്നും, ചെയ്തുവരുമെന്നും എനിക്കു് ഉറപ്പുണ്ടു്. നിരീശ്വരമതക്കാർ ആകപ്പാടെ പത്താളുകളുണ്ടാവുമോ ഗോവിന്ദൻകുട്ടീ?
ഗോവിന്ദൻകുട്ടിമേനവൻ: അനവധി ലക്ഷം ആളുകൾ ഇപ്പോൾ നിരീശ്വരമതക്കാരുമുണ്ടു്. അതു പക്ഷേ, പുറത്തറിയുന്നില്ലാ. ഭൂമിയിലുള്ള ജനങ്ങളെക്കുറിച്ചു കണക്കു് എടുക്കുന്നതു് എല്ലാം ഓരോ മതത്തിൽ ഉള്ള ആളുകൾ ഇത്രയിത്ര എന്നാണു് . ഇതിൽ ഓരോ മതത്തിൽ നിരീശ്വരമതക്കാർ വളരെ ഉണ്ടായിരിക്കും. എന്നാൽ അതു കണക്കിൽ കാണിക്കാറില്ലാ. ഈ ഭൂമിയിലെ ആകെ ജനങ്ങളിൽ നാനൂറ്റഞ്ചുകോടി ആറുലക്ഷംപേർ ബുദ്ധമതക്കാരും, മുന്നൂറ്റിതൊണ്ണൂറ്റൊമ്പതു കോടി രണ്ടുലക്ഷംപേർ ക്രിസ്ത്യാനിമതക്കാരും, ഇരുനൂറ്റി നാലുകോടി രണ്ടുലക്ഷംപേർ മഹമ്മദീയമതക്കാരും, നൂറ്റി എഴുപത്തിനാലുകോടി രണ്ടുലക്ഷംപേർ ഹിന്തുമതക്കാരും അമ്പതുലക്ഷംപേർ ജൂതന്മാരും മറ്റോരോപ്രകാരം വിഗ്രഹാരാധനക്കാരായ പലവകയായി നൂറ്റിപതിനെട്ടുകോടി മനുഷ്യരും ഉണ്ടെന്നു ബ്രാഡ്ളാവിന്റെ പുസ്തകത്തിൽ കാണുന്നു. എന്നാൽ മതത്തിന്മേൽ സ്ഥാപിച്ചു് എടുത്തിട്ടുള്ള ഈ കണക്കു് എത്രയും തെറ്റാണെന്നു് അദ്ദേഹം കാണിക്കുന്നു. പഠിപ്പും അറിവും അധികമായുള്ള യൂറോപ്പു രാജ്യനിവാസികളിലും അമേരിക്കാരാജ്യനിവാസികളിലും അനവധി മഹാന്മാരായ ആളുകൾ നിരീശ്വരമതക്കാരാണെങ്കിലും പ്രാട്ടസ്റ്റന്റു് അല്ലെങ്കിൽ റോമൻകത്തോലിക്കാമതക്കാരായി കണക്കിൽ തെറ്റായി ചേർത്തിരിക്കുന്നു എന്നാണു് അയാളുടെ അഭിപ്രായം. അതു ശരിയാണെന്നുള്ളതിലേക്കു ലേശം സംശയമില്ലാ. ഇപ്പോൾ മലയാളത്തിൽ കാനേഷുമാരി കണക്കു് എടുത്തതിൽ എന്നെ ഹിന്തുമതക്കാർ എന്നല്ലേ ചേർത്തിരിക്കുന്നതു്. എന്നാൽ ഞാൻ വാസ്തവത്തിൽ ഹിന്തുമതക്കാരനല്ലെല്ലൊ . ഈ തെറ്റു സർവ്വസാധാരണയായി ഉണ്ടാവുന്നതാണു്. അതുകൊണ്ടു് ദൈവം ഉണ്ടെന്നു വിചാരിക്കാതെയും വന്ദിക്കാതെയും ഉള്ളവർ വളരെ ഈ ലോകത്തിൽ ഉണ്ടെങ്കിലും എത്ര ഉണ്ടെന്നു് ഇപ്പോൾ കണക്കാക്കാൻ പ്രയാസമായി വരുന്നു.
ഗോവിന്ദപ്പണിക്കർ: മഹാപാപം ഇതു കേൾക്കുന്നതു്. കലിയുഗധർമ്മം എന്നേ പറയുന്നgള്ളൂ.
ഗോവിന്ദൻകുട്ടിമേനവൻ: എന്നാൽ പിന്നെ ഇതിനെക്കുറിച്ചു് എന്തിനു ജ്യേയഷ്ഠൻ വ്യസനിക്കുന്നു? കലിയുഗത്തിൽ മനുഷ്യർ നിരീശ്വരമതക്കാരായി വരണമെന്നു ജ്യേഷ്ഠൻ പറയുന്ന ദൈവം കൽപിച്ചിട്ടുള്ളതാണെങ്കിൽ പിന്നെ ഞങ്ങൾ നിരീശ്വരമതക്കാരായതു് ആശ്ചര്യമോ? ഹിന്തുക്കളുടെ ശാസ്ത്രത്തെപ്പോലെ ഇത്ര അയുക്തിയായി എന്തെങ്കിലും ഉണ്ടോ? ഒരെടത്തു പറയുന്നു മനുഷ്യൻ ജനിക്കുമ്പോൾതന്നെ അവനു ഭാവിയായി ഉണ്ടാവാൻ പോവുന്ന സകല അവസ്ഥകളെയും തലയിലോ മറ്റോ ബ്രഹ്മാവു് എഴുതിവെച്ചിരിക്കുന്നു എന്നു്. ഇങ്ങിനെ എഴുതി തീർച്ചയാക്കിയ കാര്യത്തിൽ പിന്നെ മനുഷ്യനു് എന്തൊരു ശക്തിയാണു് ഉള്ളതു്?“ നീ ഇന്നപ്രകാരത്തിൽ ജീവിക്കണം; നീ ഇത്ര മനുഷ്യരെ കൊല്ലണം; നീ ഇത്ര മനുഷ്യരെ രക്ഷിക്കണം; നീ ഇന്നിന്ന കർമ്മങ്ങൾ ചെയ്യണം,” എന്നു വെളിവായും തീർച്ചയായും എഴുതിവിട്ടിട്ടാണത്ര മനുഷ്യന്റെ ഉത്ഭവം. പിന്നെ ആ സാധുവായ മനുഷ്യനു് എന്തു സ്വശക്തിയാണു ഉള്ളതു്? അവനോടു കൽപിച്ചതിനെ അവൻ ചെയ്യുന്നു. പിന്നെ അവനെ, അവൻ ചെയ്യുന്ന തെറ്റിനെക്കുറിച്ചോ ഗുണകർമ്മത്തെക്കുറിച്ചോ എന്തിനു പാപി എന്നും സുകൃതി എന്നും പറയുന്നു? കലിയുഗത്തിൽ ജനങ്ങൾക്കു് ഈശ്വരസ്മരണ ഉണ്ടാകയില്ലാ. അനേകവിധ പാപകർമ്മങ്ങൾ ചെയ്യും മഴ വേണ്ടപോലെ ഉണ്ടാവുകയില്ല. ഭൂമി വിളയുകയില്ലാ. ശുദ്ധാശുദ്ധമില്ലാതെ ആവും. ബ്രാഹ്മണരെ ഹിംസിക്കും. ഗോവധം ചെയ്യും. നീചന്മാർക്കു മഹത്വം വരും. ഇങ്ങിനെ പലേവിധ കൽപനകളും ചെയ്തുവെച്ചതായി പറയുന്നു. പിന്നെ ഈ കൽപനകൾ പ്രകാരം ഓരോ കാര്യം കാണുമ്പോൾ എന്താണു ഇത്ര എല്ലാം ജ്യേഷ്ഠൻ ആക്ഷേപിക്കുന്നതു്? ജ്യേഷ്ഠൻ കലിയുഗമനുഷ്യനല്ലേ ? ജ്യേഷ്ഠനു് ഈ കൽപനകൾ സംബന്ധിക്കില്ലേ? മഹാകഷ്ടം! ഇങ്ങിനത്തെ വിഡ്ഢിത്തം ഉണ്ടോ ? ഇങ്ങിനത്തെ അയുക്തി ഉണ്ടോ ബ്രാഹ്മണരുടെ പ്രാധാന്യതയ്ക്കും യോഗ്യതയ്ക്കുംവേണ്ടി മാത്രം അവരിൽ ചിലർ എഴുതീട്ടുള്ള പുസ്തകങ്ങളല്ലാതെ ഹിന്തുക്കൾക്കു് ഈവക സംഗതികളെപ്പറ്റി അറിവിന്നു വേറെ യാതൊരു മാർഗ്ഗവും ഇല്ലല്ലൊ. പിന്നെ എന്തു ചെയ്യും? വിഡ്ഢിത്തം എഴുതിക്കാണുന്നതു് എല്ലാം സാധുക്കൾ വിശ്വസിക്കുന്നു.
മാധവൻ: ഗോവിന്ദൻകുട്ടി ഇപ്പോൾ പറഞ്ഞതു വലിയ ഭോഷത്വമാണു്. ബ്രാഹ്മണർ എഴുതീട്ടുള്ള ചില വിലപിടിച്ച പുസ്തകങ്ങളെക്കുറിച്ചു സ്വൽപമെങ്കിലും ഗോവിന്ദൻകുട്ടിക്കു് അറിവുണ്ടായിരുന്നെങ്കിൽ ഈവിധം പറയുന്നതല്ല. ഇംക്ലീഷുമാത്രം പഠിച്ച ബ്രാഡ്ളാവിന്റെ ബുക്കും, ഡാർവ്വിൻ, വാള്ളെസ്സു് , ഹക്സിലി , ഹർബർട്ടു് സ്പെൻസർ മുതലായവരുടെ ബുക്കുകളും വായിച്ചു് അതിലുള്ള യോഗ്യതകളെ മാത്രം അറിഞ്ഞതിനാൽ യോഗ്യതയുള്ള ഗ്രന്ഥങ്ങൾ ഹിന്തുക്കൾ ആരും ഉണ്ടാക്കീട്ടില്ലെന്നു ഗോവിന്ദൻകുട്ടി എങ്ങനെ പറയും?
ഗോവിന്ദൻകുട്ടിമേനവൻ: ഡാർവ്വിൻ മുതലായ മഹാശാസ്ത്രജ്ഞന്മാർ ഉണ്ടാക്കിയ പുസ്തകങ്ങളും നുമ്മളുടെ സംസ്കൃതത്തിൽ അയുക്തികളാലും അസംഭവ്യാവസ്ഥകളിലും നിറയപ്പെട്ടിട്ടുള്ളതായ ഭാരതം, ഭാഗവതം, രാമായണം, സ്കാന്ദം മുതലായ പുരാണങ്ങളും ഒരുപോലെയാണെന്നു മാധവൻ പറയുന്നുവോ?
മാധവൻ: അസംന്ധമായി ധൃതഗതിയായി സംസാരിക്കരുതു് . സാവധാനത്തിൽ ആലോചിച്ചു പറയൂ. ഹർബർട്ടു് സ്പെൻസർ മുതലായവർ എഴുതിയതു് ഇയ്യിടെയാണു്. നുമ്മളുടെ ഹിന്തു ളുടെ ഇടയിൽ മഹാന്മാരായ ഗ്രന്ഥകർത്താക്കന്മാരും അദ്വൈതികളും ഉണ്ടായിട്ടു് ഇപ്പോഴയ്ക്കു് ഒന്നുരണ്ടായിരം സംവത്സരങ്ങൾ കഴിഞ്ഞു. ഈ ഒന്നുരണ്ടായിരം സംവത്സരങ്ങളിൽ കിട്ടിയ അറിവുകൾകൂടി ഇപ്പൊഴത്തെ ഇംക്ലീഷുവിദ്വാന്മാർക്കു ഉണ്ടു്. അവർ മുമ്പുള്ള വിദ്വാന്മാരെക്കാൾ അധികം അറിവുള്ളവർതന്നെ. അതിന്റെ കാരണം, അവർ പിമ്പുള്ള വിദ്വാന്മാരാകയാൽ. എന്നാൽ ഗോവിന്ദൻകുട്ടി ഹിന്തുമതത്തെ ദുഷിക്കുന്നതിന്മേൽ ഞാൻ ആക്ഷേപിക്കുന്നില്ല. ഹിന്തുമതം ഇപ്പോൾ ആചരിച്ചുവരുന്നമാതിരി വളരെ അയുക്തിയായും പൂർവ്വാപര വിരോധങ്ങളായും ഉള്ള ഉപദേശങ്ങളിലിന്മേൽ ആണെന്നുള്ളതിലേക്കു് എനിക്കു സംശയമില്ല. അങ്ങിനെതന്നെയാണു് പ്രായേണ ലോകത്തിൽ ഉള്ള മറ്റെല്ലാ മതങ്ങളും.
ഗോവിന്ദൻകുട്ടിമേനവൻ: പിന്നെ, മാധവൻ, ഞാൻ അതു പറഞ്ഞതിന്മേൽ എന്തിനു് ആക്ഷേപിച്ചു?
മാധവൻ: പറയാം. ഗോവിന്ദൻകുട്ടി പറഞ്ഞതു ഹിന്തുക്കൾക്കു സംസ്കൃതത്തിൽ ഉള്ള സകല ബുക്കുകളും ഒരുപോലെ പൂർവ്വാപരവിരോധങ്ങളായുള്ള സംഗതികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; വേറെ ഈ സാധുക്കൾക്കു യാതൊരു ബുക്കുകളും ഇല്ലെന്നാണു്. പിന്നെ ഈവക ബുക്കുകൾ ഏതെല്ലമാണു സംസ്കൃതത്തിൽ ഉള്ളതെന്നു ഗോവിന്ദൻകുട്ടി പറഞ്ഞുകേട്ടതിലും എനിക്കു് ആശ്ചര്യം തോന്നി. ഭാരതം, ഭാഗവതം, സ്കാന്ദപുരാണം — അല്ലേ ? ഇതാണു ഹിന്തുക്കളുടെ പ്രധാനനഗ്രന്ഥങ്ങൾ, അല്ലേ? വിചിത്രംതന്നെ.
ഗോവിന്ദൻകുട്ടിമേനവൻ: അല്ലേ; ഈ ഗ്രന്ഥങ്ങളെ അല്ലേ മുഖ്യമായി പറയുന്നതു്?
മാധവൻ: അതെ. ഈ ഗ്രന്ഥങ്ങളെ മുഖ്യമായി പറയുന്നുണ്ടു്. അതുപ്രകാരംതന്നെ ഇംക്ലീഷിൽ മിൽട്ടന്റെ ‘പാറഡെസു് ലോസ്റ്റു് ’ ഷേക്സ്പിയറുടെ നാടകങ്ങൾ, ഇതുകളെയും പറയുന്നുണ്ടു്. മിൽട്ടൻ, ഷേക്സ്പിയർ ഇവരെല്ലാം എഴുതിയ കാര്യങ്ങൾ വേറെ. സോക്രട്ടീസു്, സെനക്കാ മുതലായവരുടെ സിദ്ധാന്തങ്ങളെ കാണിക്കുന്ന പുസ്തകങ്ങളും മിൽട്ടന്റെയും ഷേക്സ്പിയറിന്റെയും ബുക്കുകളും തമ്മിൽ എന്തു സംബന്ധമാണു്? അതുപോലെ ഇപ്പോൾ നോം സംസാരിക്കുന്ന സംഗതിയിൽ ഹിന്തുക്കൾക്കുള്ള പുസ്തകങ്ങൾ രാമായണവും ഭാരതവുമല്ല.
ഗോവിന്ദൻകുട്ടിമേനവൻ: പിന്നെ ഏതാണു് ?
മാധവൻ: ഇപ്പോൾ ഗോവിന്ദൻകുട്ടി എന്തു വാദം ചെയ്യുന്നുവോ അതായ നിരീശ്വരസിദ്ധാന്തംതന്നെ അതിമഹാന്മാരായ ഹിന്തുക്കൾ എത്രയോ മുമ്പു് — ഏകദേശം രണ്ടായിരം സംവത്സരങ്ങൾക്കു മുമ്പെ — ചെയ്തിട്ടും ഒരുവിധം സ്ഥാപിച്ചിട്ടും ഉണ്ടെന്നു ഞാൻ കാണിച്ചാലോ?
ഗോവിന്ദൻകുട്ടിമേനവൻ: അങ്ങിനെ ഉണ്ടോ?
മാധവൻ: പിന്നെയോ? ഒന്നും അറിയാതെ ബദ്ധപ്പെട്ടു് എന്തെങ്കിലും പറയാതെ സാവധാനത്തിൽ കേൾക്കൂ.
ഗോവിന്ദപ്പണിക്കർ: എന്താണു കുട്ടാ നീ പറയുന്നതു്? ഹിന്തുൾക്കു നിരീശ്വരമതം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?
മാധവൻ: സംശയംകൂടാതെ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടു്. സാംഖ്യം എന്നു പറയുന്ന കപിലമഹർഷിയുടെ സിദ്ധാന്തം എണ്ടായിരുന്നു? ആറുവിധമാണു് ഹിന്തുക്കൾക്കു സിദ്ധാന്തങ്ങൾ ഉണ്ടായിരുന്നതു്.
ഒന്നാമതു്, കപിലന്റെ നിരീശ്വരസാംഖ്യസിദ്ധാന്തം.
രണ്ടാമതു്, പതശ്ചലിയുടെ യോഗവും ഭഗവൽഗീതയും.
മൂന്നാമതു്, ജയിമിനിയുടെ പൂർവ്വമീമാംസ.
നാലാമതു്, വ്യാസന്റെ ഉത്തരമീമാംസ—അല്ലെങ്കിൽ വേദാന്തം.
അഞ്ചാമതു്, ഗൌതമന്റെ നൈയായികസിദ്ധാന്തം.
ആറാമതു്, കണാദന്റെ വെശിഷ്യകസിദ്ധാന്തം.
ഇതിൽ കപിലന്റെ സാംഖ്യം ശുദ്ധനിരീശ്വരത്തെ ഉപദേശിക്കുന്നു .
ഗോവിന്ദൻകുട്ടിമേനവൻ: അങ്ങിനെയോ; അങ്ങിനെ ഉണ്ടോ?
ഗോവിന്ദപ്പണിക്കർ: നിരീശ്വരമതമില്ലാ നമ്മുടെ ശാസ്ത്രത്തിൽ ; ഇല്ലാ.
മാധവൻ: ഉണ്ടു്. എന്നാൽ ആ സിദ്ധാന്തം ശുദ്ധ അദ്വൈതികൾ പറയുംപ്രകാരം തന്നെത്താൻ അറിയുന്നതാണു് ദൈവത്തെ അറിയുന്നതു്, എന്നു മാത്രമാണു്. ഏതു പ്രകാരമായാലും ഇതെല്ലാം യുക്തിയുക്തമായി പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ പ്രയാസം. ഈ സംഗതിയെപ്പറ്റി എത്ര വാദിച്ചാലും ഒരു ഫലവും ഉണ്ടാവുന്നതല്ലെന്നു് എനിക്കു തോന്നുന്നു. ഈ നിരീശ്വരസിദ്ധാന്തത്തെപ്പറ്റി ഗോവിന്ദൻകുട്ടിതന്നെ പറഞ്ഞ ഹക്സലി എന്ന ശാസ്ത്രജ്ഞന്റെ സ്വന്തമായ അഭിപ്രായം തന്നെ. ഒരേടത്തു് അദ്ദേഹം പറഞ്ഞിട്ടുള്ളതു് എനിക്കു മനഃപാഠമായി തോന്നും. അതിന്റെ തർജ്ജമ ഞാൻ പറയാം. അച്ഛൻ അതു് ആലോചിച്ചു് ഹക്സലി എന്ന മഹാവിദ്വാൻ നിരീശ്വരമതക്കാരനോ എന്നു തീർച്ചയാക്കുകേ വേണ്ടൂ. ആ മഹാവിദ്വാൻ പറയുന്നു: ‘നിർഭാഗ്യവശാൽ ഇതുവരെ വായിക്കേണ്ടി വന്നുപോയിട്ടുള്ള യുക്തിശൂന്യമായും സാരമില്ലാത്തതായുമുള്ള ചില പ്രസംഗങ്ങളിലും കവനങ്ങളിലുംവച്ചു ദൈവത്തിന്റെ സ്വഭാവത്തേയും ചേഷ്ടകളേയും സ്വരൂപത്തേയും അവസ്ഥയേയുംകുറിച്ചു ചില വിദ്വാന്മാർ അറിഞ്ഞു എന്നു നടിച്ചു് അതുകളെ തെളിയിക്കുന്നവയാണെന്നു് ഉദ്ദേശിച്ചു് എഴുതീട്ടുള്ള ചില സംഗതികളെപ്പോലെ അബദ്ധമായും അയുക്തിയായും പരിഹാസയോഗ്യമായും ഞാൻ വേറെ ഒരു സാധനം മാത്രമേ വായിച്ചിട്ടുള്ളു. അതു ദൈവം ഇല്ലെന്നു തെളിയിപ്പാൻ മുൻപറഞ്ഞവരുടെ പ്രതികൂലതന്ത്രക്കാരായ ചില നിരീശ്വരമതക്കാർ എഴുതീട്ടുള്ള ഭോഷത്വങ്ങളേയും ദുര്യക്തികളേയും ആകുന്നു. ഈ ദുര്യക്തിൾ ഞാൻ മുമ്പിൽ പറഞ്ഞ വിദ്വാന്മാരുടെ ദുര്യക്തികളേക്കാൾ പക്ഷേ, അധികരിക്കുമോ എന്നു ഞാൻ സംശയിക്കുന്നു.”
ഇങ്ങിനെയാണു് ഹക്സലി എന്ന മഹാ വിദ്വാന്റേയും മറ്റു് അനവധി അതിബുദ്ധിമാന്മാരായ ബിലാത്തിക്കാരുടേയും അഭിപ്രായം ഇപ്പോൾ നിൽക്കുന്നതു്. ഇവർക്കു് ഒന്നും നിരീശ്വരമതമല്ലതന്നെ. ഹിന്തുസിദ്ധാന്തങ്ങളിൽ നിന്നുതന്നെ ദൈവം എന്നതു് അറിവാനും ഗുണിപ്പാനും സാധാരണമനുഷ്യനു കഴിവില്ലാത്ത ഒരു ശക്തി എന്നാണു നോം അറിയുന്നതു്. ഇതിനു പലേ പ്രമാണങ്ങളും ഉണ്ടു്. അതു് എല്ലാം ഇപ്പോൾ പറഞ്ഞിട്ടു് ആവശ്യമില്ല.
യൂറോപ്പിലും മറ്റുമുള്ള പലേ വിദ്വാന്മാർ (ഡാർവ്വിൻ മുതലായവർ) പറഞ്ഞ ജീവോൽപത്തിക്രമങ്ങളേയും മറ്റും ബുദ്ധിമാന്മാരായ പലരും അശേഷം വിശ്വസിച്ചിട്ടില്ല. എന്റെ അഭിപ്രായത്തിൽ ഒന്നാമതു നിരീശ്വരമതം സാധാരണ ഐഹികസുഖത്തിന്നും സന്മാർഗ്ഗാചാരത്തിന്നുംതന്നെ ഏറ്റവും ദോഷകരമായ മതമാണെന്നാകുന്നു. നിരീശ്വരമതം പ്രപഞ്ചത്തിൽ ഉണ്ടാക്കിവയ്ക്കുന്നതുകൊണ്ടു യാതൊരു പ്രയോജനവും ഇല്ലെന്നു മാത്രമല്ല, സാധാരണമനുഷ്യജീവികൾക്കു വളരെ ദോഷങ്ങളും കഷ്ടങ്ങളും ഉണ്ടായിവരുവാൻ കാരണമായി വരുമെന്നുകൂടി ഞാൻ ഭയപ്പെടുന്നു. അതിന്നുള്ള സംഗതികളെയാണു് ഒന്നാമതു ഞാൻ പറയാൻപോവുന്നതു്. പിന്നെ എന്റെ സ്വന്തവിശ്വാസത്തെക്കുറിച്ചു പറയാം.
തങ്ങളുടെ സമസൃഷ്ടികൾക്കു ഗുണത്തേയും ശ്രയസ്സിനേയും സുഖത്തേയും വരുത്താനായിട്ടാണു ബുദ്ധിമാന്മാരായ ജനങ്ങൾ എല്ലായ്പോഴും ശ്രമിക്കേണ്ടതു്. ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള സൂക്ഷ്മസ്ഥിതി ആർക്കും അറിവാൻ കഴികയില്ലെന്നു ബുദ്ധിമാന്മാരായ ശാസ്ത്രജ്ഞന്മാർ സമ്മതിക്കുന്നതായാൽതന്നെ പിന്നെ അവർ ചെയ്യേണ്ടതു് ഈ സംശയത്തെ ഏതു നിലയിൽ നിർത്തുന്നതാണു് മനുഷ്യർക്കു പരക്കെ ഉപകാരമായി വരുന്നതു് എന്നുള്ള ആലോചനയാകുന്നു. ദൈവം ഇല്ലെന്നു സ്ഥാപിപ്പാൻ ഉള്ള സംഗതികൾ എല്ലാം ശരിയാണെന്നും സത്യമാണെന്നും ഉള്ള ഒരു ബോധം മനുഷ്യർക്കു വന്നുപോയാൽ അതുനിമിത്തം അവർക്കുണ്ടാകുന്ന സങ്കടങ്ങളെ ഓർക്കുമ്പോൾ ആ ഒരു സംഗതിതന്നെ അങ്ങിനെ ഒരു നിരീശ്വരത്വം പൊതുവിൽ മനുഷ്യർക്കു വരുത്തരുതെന്നു ബുദ്ധിയുള്ള എല്ലാ മനുഷ്യനേയും അഭിപ്രായപ്പെടുത്തും എന്നുള്ളതിലേക്കു് എനിക്കു ലേശംപോലും സംശയമില്ല. ദൈവം ഉണ്ടെന്നു കാണിപ്പാൻ പത്തു സംഗതികളെ പറയുന്നു. ആ പത്തു സംഗതികളേയും നിരീശ്വരമതവാദം ചെയ്യുന്നവനു തീരെ ഖണ്ഡിപ്പാൻ കഴിയാത്തപക്ഷം ദൈവം ഇല്ലെന്നു കാണിപ്പാൻ വേറെ പത്തു സംഗതികളെ പകരം പറഞ്ഞു സാധാരണ മനുഷ്യരുടെ മനസ്സിന്നു ഭ്രാന്തിവരുത്തി മനുഷ്യനെ വ്യസനത്തിൽ വിടുന്നതു കഷ്ടമല്ലയോ! ദൈവവിശ്വാസം ഉണ്ടാവുന്നതുകൊണ്ടു പ്രപഞ്ചത്തിൽ ഗുണമല്ലാതെ ദോഷം ഒന്നും ഉണ്ടാകുന്നതല്ലെന്നു കാണുമ്പോൾ ആ വിശ്വാസത്തെ സംശയരഹിതങ്ങളല്ലാത്ത സംഗതികളെ പറഞ്ഞുപിടിപ്പിക്കാൻ എന്തിനായിട്ടു ശ്രമിക്കുന്നു? കളവു പറഞ്ഞാലോ അന്യന്റെ മുതൽ അപഹരിച്ചാലോ, പരദാരസംഗം ചെയ്താലോ, തന്റെ സമസൃഷ്ടികളെയോ മറ്റുള്ള ജീവജന്തുക്കളെയോ ഹിംസിച്ചാലോ ധർമ്മത്തെ വെടിഞ്ഞാലോ, ഈ ലോകത്തിൽ ഉണ്ടാവുന്ന ദണ്ഡനയ്ക്കോ ശിക്ഷയ്ക്കോ അവമാനത്തിന്നോ പുറമെ മരണശേഷം ദൈവം മുമ്പാകെക്കൂടി താൻ കുറ്റക്കാരനാകുമെന്നുള്ള ഒരു ഭയം ഒരു മനുഷ്യന്നു് ഉണ്ടാവുന്നതു് ഈ ദുഷ്പ്രവൃത്തികൾക്കു് ഒരു അധിക നിവാരണഹേതുവായി വരുന്നതായിരിക്കെ അതു് ഇല്ലായ്മചെയ്യേണ്ടുന്ന ആവശ്യം എന്താണു്? ദൈവം എന്നൊരു ശക്തിയില്ലെന്നു കേവലം സംശയരഹിതങ്ങളായ സംഗതികളെക്കൊണ്ടു കാണിച്ചു ബോദ്ധ്യമാക്കുവാൻ ഒരുവനു കഴിയുമെങ്കിൽ അങ്ങിനെ ചെയ്യുന്നതിൽ ഞാൻ ആക്ഷേപിക്കുന്നില്ല. അങ്ങിനെ തീർച്ചയായി കാണിപ്പാൻ കഴിയാതിരിക്കുമ്പോൾ വല്ല സംഗതികളും പറഞ്ഞു് മനുഷ്യരുടെ ബുദ്ധിയെ വഷളാക്കുന്നതു് എന്തിനു്?
‘സയൻസ്സു് ’ എന്നു് ഇംക്ലീഷിൽ സാധാരണ പേരു പറയപ്പെടുന്ന ശാസ്ത്രവിദ്യകളാൽ ഇതുവരെ പലേപ്രകാരവും സംശയത്തിൽ കിടന്നിരുന്ന പലേവിധ സാധനങ്ങളുടേയും വസ്തുതകളുടേയും സ്വഭാവത്തേയും ഉത്ഭവകാരണത്തേയും വ്യാപാരത്തേയും ശക്തിയേയും കുറിച്ചുള്ള തത്വങ്ങളെ നമുക്കു് അറിവാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ആ ‘സയൻസ്സു ’കളാൽ ഒരു പരാശക്തി ഈ ലോകത്തിൽ കാണപ്പെടുന്ന സർവ്വചരാചരങ്ങൾക്കും ആദ്യ കാരണമായി ഇല്ലെന്നു നോം ഒരിക്കലും അറിയുന്നതല്ല. അയസ്കാന്തവും ലോഹവും തമ്മിലുള്ള ആകർഷണശക്തിയെ നോം അറിയുന്നതിനാൽ അതിൽനിന്നു സയൻസ്സുകളെക്കൊണ്ടു പലേ വിദ്യകളും നോം ആലോചിച്ചു് ഉണ്ടാക്കുന്നു. എന്നാൽ ഈ വസ്തുൾക്കു സ്വതസിദ്ധമായി കാണപ്പെടുന്ന ശക്തിയുടെ ആദ്യകാരണം എന്താണെന്നു സയൻസ്സു പറയുന്നില്ല. പറയുവാൻ സയൻസ്സിന്നു് ആവശ്യവും ഇല്ല. സയൻസ്സു് ദൈവം ഇല്ലെന്നുള്ള ഉപദേശത്തെ ചെയ്യുന്നില്ല. ഭൂമിയിലുള്ള പലേവിധ സാധനങ്ങൾക്കു് അന്യോന്യം സംശ്രയങ്ങളേയും സംശ്രയഭാവങ്ങളേയും വരുത്തിയും അതുകളുടെ സൂക്ഷ്മതത്വങ്ങളേയും അതുകളുടെ ശക്തി, വികാരം ഇതുകളേയും അറിഞ്ഞു് അവകളെ മനുഷ്യർക്കുംമറ്റും പ്രയോജനയോഗ്യമായിത്തീർത്തും ജീവജന്തുക്കൾക്കു് ഐഹികസുഖാനുഭവങ്ങളെ ഉപര്യുപരി വർദ്ധിപ്പിക്കേണ്ടതിലേക്കാണു സയൻസ്സുകളുടെ ഉദ്ദേശം. മനുഷ്യന്റെ ആത്മവിനു് ഐകഹികസുഖം വിട്ടാൽ കിട്ടാൻപാടുള്ള സുഖത്തെക്കുറിച്ചോ, സ്ഥിതിയെക്കുറിച്ചോ സയൻസ്സുകൾ നൊമ്മെ യാതൊന്നും അറിയിക്കുന്നതും പഠിപ്പിക്കുന്നതും അല്ല.
``ആഗ്നോസ്റ്റിസിസം എന്നു് ഇംക്ലീഷിൽ പറയപ്പെടുന്ന ഒരുമാതിരി വിശ്വാസക്കാരുടെ അതിയുക്തിയുള്ള സിദ്ധാന്തം നോക്കിയാൽ ദൈവം ഇല്ലെന്നുള്ളതിന്നു നിരീശ്വരമതക്കാർ പറയുന്ന സാധാരണസംഗതികളെല്ലാം അയുക്തിയായുള്ളതും അവിശ്വാസയോഗ്യമായുള്ളതും ആണെന്നു കാണാം. മനുഷ്യർക്കു് സന്മാർഗ്ഗനുഷ്ഠാനത്തിന്നും അന്യോന്യവാത്സല്യമുണ്ടാവാനും ക്രൌര്യകർമ്മങ്ങൾ ചെയ്യുന്നതിൽ ഭയത്തെ ജനിപ്പിക്കുവാനും ഇഹലോകത്തിൽ മനുഷ്യസമുദായത്തിന്നു സുഖമായ സ്ഥിതിയിലുള്ള നിവാസത്തിന്നുവേണ്ടി ആചരിച്ചുവരുന്ന ഓരോ നിബന്ധനകളേയും നടപ്പുകളേയും ശട്ടങ്ങളേയും സമ്പ്രദായങ്ങളേയും നിലനിർത്തുവാനും പിന്നെ വിശേഷിച്ചു മനുഷ്യനു് അനിർവ്വചനീയമായവിധം ഭയങ്കരമായി ഉണ്ടായിവരുന്ന ചരമകാലത്തുള്ള അത്യന്തസങ്കടത്തിന്നു് അല്പം ഒരു ആശ്വാസത്തേയോ നിവൃത്തിയേയോ കൊടുപ്പാനും ദൈവവിശ്വാസം പോലെ മറ്റൊന്നും ഉണ്ടാകയില്ലെന്നു് എനിക്കു നല്ല ബോദ്ധ്യമുണ്ടു്. ഈ നിരീശ്വരമതത്തെ ഇത്ര ഘോഷിച്ചു ദൈവം ഇല്ലെന്നു പറയുന്നവരുടെ മരണാന്ത്യകാലത്തു് അവർക്കു് ഉണ്ടാവാൻപോകുന്ന സങ്കടം, സാധാരണ ദൈവവിശ്വാസമുള്ളവർക്കു് ആ കാലത്തു് ഉണ്ടാവുന്നതിനേക്കാൾ എത്രയും അധികരിച്ചിരിക്കും എന്നുള്ളതിന്നു സംശയമില്ല. മനുഷ്യന്റെ ചരമകാലത്തു ദൈവവിശ്വാസം ഒന്നുകൊണ്ടല്ലാതെ അതിദുഃഖത്താൽ ക്ഷോഭിച്ചിരിക്കുന്ന അവന്റെ മനസ്സിനെ മറ്റൊന്നിനാലും സമാശ്വസിപ്പിപ്പാൻ പാടില്ലെന്നു സ്പഷ്ടമാണു്. അങ്ങിനെ ഇരിക്കുമ്പോൾ ഇത്ര അധികം കാലമായി മനുഷ്യർ ആദരിച്ചുവന്ന ഈ ദൈവവിശ്വാസത്തെ മഹാസംശ്രയഗ്രസ്തങ്ങളായ ചില സംഗതികളെക്കൊണ്ടു നിഷേധിച്ചു ദൈവമില്ലെന്നു സ്ഥാപിക്കാൻ പുറപ്പെടുന്നതു് ഏറ്റവുംക്കതെറ്റായ ഒരു പ്രവൃത്തി അല്ലയോ?
മനുഷ്യനു മരണകാലത്തുള്ള ഭീതിയെ കഴിയുന്നേടത്തോളം നിവാരണം ചെയ്യാനല്ലേ നോം ശ്രമിക്കേണ്ടതു്? തന്റെ സ്വന്തശരീരത്തെക്കൂടി ത്യജിച്ചു പുറപ്പെട്ടുപോവാതെ എനി നിവൃത്തിയില്ലെന്നു് ഒരുവൻ അറിഞ്ഞു് പരിഭ്രമിച്ചു് അതി ദുഃഖത്തിൽ വീഴുന്ന സമയം—
“ഹേ, വേഗം മരിച്ചോളൂ. എനി തനിക്കു് ഒരു സുഖവും ഇല്ല. തന്റെ ജീവൻ ഇതാ തിരി കെടുന്നതുപോലെ ഇപ്പോൾ പോവും . തന്റെ സ്വന്തദേഹത്തേയും മക്കളേയും ഭാര്യയേയും അമ്മയേയും സോദരന്മാരേയും ധനത്തേയും സുഖത്തേയും എല്ലാം വിട്ടു് ഇതാ താൻ നശിക്കുന്നു. എനി തനിക്കു യാതൊന്നുമില്ല.”
എന്നുമാത്രം പറയുന്നതു കേട്ടു് അനവസാനമായ ദുഃഖത്തിൽ പെട്ടു് മരിക്കുന്ന ഒരു ജീവിയുടെ അവസ്ഥ വിചാരിച്ചു നോക്കൂ.
ഇതിന്നു പ്രതികൂലമായി മനുഷ്യന്റെ ചരമകാലത്തു തന്റെ ആത്മാവിനു് ഒരുവിധം ഗതി, മരണശേഷം ഉണ്ടാവുമെന്നു് ഒരു സംശയമെങ്കിലും, മനസ്സിലുണ്ടായാലത്തെ ഒരു സുഖത്തെക്കുറിച്ചു് ഒന്നു് ആലോചിക്കുക. ദൈവമില്ലെന്നും മരണത്തോടുകൂടി സകലം അവസാനിച്ചു എന്നു തീർച്ചയായുള്ള അഭിപ്രായം ഉണ്ടായി അത്യന്ധകാരത്തിൽ അനവസാനമായ ദുഃഖത്തിൽ വീണു ജീവൻ പോവുമ്പോഴത്തെ വ്യസനം ഒന്നു് ഓർത്താൽ മനുഷ്യനു നല്ലതു ദൈവവിശ്വാസം ഉണ്ടായിരിക്കുന്നതാണെന്നു പ്രത്യക്ഷപ്പെടും.
അതുകൊണ്ടു്, ഒന്നാമതു്, ഈ നിരീശ്വരമതത്തെ സ്ഥാപിക്കാൻ ശ്രമിക്കുന്നതുതന്നെ മനുഷ്യനു വളരെ അയശസ്കരമായി വരുന്നതാണെന്നു ഞാൻ പറയുന്നു .
എനി എന്റെ വിശ്വാസത്തെക്കുറിച്ചു പറയാം. ദൈവവിശ്വാസം എന്നതു് , കാരണമുണ്ടായിട്ടുതന്നെയല്ല ഉണ്ടാവുന്നതു്. കാരണമില്ലാതെയും ആ വിശ്വാസം വരാം. പക്ഷേ, ഗോവിന്ദൻകുട്ടിയെപ്പോലെ പഠിച്ചിട്ടും വിചാരിച്ചുറച്ചിട്ടും ഉള്ള ഒരു മനുഷ്യനു് എങ്ങിനെ ഈവിധം വിശ്വാസം ഉണ്ടാവുമെന്നു് ഇപ്പോൾ ചോദിക്കുമായിരിക്കാം. അതിന്നു് എന്റെ ഉത്തരം, “പലേ സംഗതികളെക്കൊണ്ടും ഈ പ്രപഞ്ചത്തിൽ മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്കു സൂക്ഷ്മസ്ഥിതി അഗോചരമായുള്ള വിധത്തിലാണെങ്കിലും അനിർവ്വചനീയമായ ഒരു ശക്തി ഈ ജഗത്തിനെ ഭരിക്കുന്നുണ്ടെന്നു ഗ്രഹിപ്പാൻ ബുദ്ധിയുള്ള മനുഷ്യനു ധാരാളമായി കഴിയുന്നതാണു് ” എന്നാകുന്നു. ഇങ്ങിനെയുള്ള ഈ ശക്തിയെ ഞാൻ ദൈവമെന്നു പറയുന്നു. എന്റെ അഭിപ്രായത്തിൽ ജഗത്തിൽ കാണപ്പെടുന്ന സകല സമ്പത്തുകളും ആപത്തുകളും പ്രപഞ്ചരീതിയിൽ ആവശ്യമുള്ളതാണെന്നും നമ്മുടെ സ്രഷ്ടാവിന്റെ ഉദ്ദേശംതന്നെ അങ്ങിനെയായിരിക്കാമെന്നുമാകുന്നു. അങ്ങിനെയാവുന്നു എന്നു ഞാൻ പറയുന്നില്ല ആയിരിക്കാമെന്നു ഞാൻ ഊഹിക്കുന്നു. ഈ ലോകത്തിൽ കാണുന്ന സകല ചരാചരങ്ങളും നശ്വരങ്ങളായിട്ടാണു കാണപ്പെടുന്നതു്. അങ്ങിനെ നശ്വരങ്ങളായിട്ടല്ലാതിരുന്നാൽ ഈ പ്രപഞ്ചം ദീർഘകാലം നടക്കുമോ എന്നു സംശയമാണു്. കഴിഞ്ഞ അമ്പതിനായിരം സംവത്സരങ്ങൾക്കു് ഇപ്പുറമുണ്ടായിട്ടുള്ള ചരങ്ങളായും അചരങ്ങളായും ഉള്ള ജീവജാലങ്ങൾ നശിക്കാതേയും ഇപ്പോൾ കാണുന്ന ക്രമപ്രകാരം വർദ്ധിച്ചുകൊണ്ടും വന്നിരുന്നു എങ്കിൽ ഈ ഭൂഗോളം ഈ ജീവികൾക്കു സുഖേന നിവസിപ്പാൻ പോരാത്തതായി വരുമെന്നു സ്പഷ്ടമാണു്.
ഒരു നൂറ്റിഅൻപതു വർഷം മുമ്പുണ്ടായിരുന്ന ഒരു മനുഷ്യനെ ഒരെടത്തും ഇപ്പോൾ നോം കാണുന്നില്ല. ഈ നൂറ്റിഅൻപതുകൊല്ലം മുമ്പു പ്രസവിച്ച സ്ത്രീപുരുഷന്മാർ സകലതും നശിച്ചുപോയിരിക്കുന്നു. അങ്ങിനെ എത്രകോടി നൂറ്റിഅമ്പതുസംവത്സരങ്ങൾ കഴിഞ്ഞു. എത്രകോടി മനുഷ്യർ ആ കാലത്തിനുള്ളിൽ ജനിച്ചു, എത്ര മരിച്ചു. അസംഖ്യംതന്നെ. ഇങ്ങിനെയുള്ള വർദ്ധനവിൽ അതിന്നു് ഏകദേശം സമമായ നാശത്തെക്കൂടി നിയമിച്ചിട്ടുണ്ടായിരുന്നില്ലെങ്കിൽ പ്രപഞ്ചം ഈവിധം നടക്കുന്നതല്ലാത്തതാണെന്നു സ്പഷ്ടമാകയാൽ നമ്മുടെ സ്രഷ്ടാവിന്റെ കല്പനയാൽതന്നെയാണു നാശങ്ങൾ ജഗത്തിൽ സംഭവിക്കുന്നതു് എന്നും അങ്ങിനെ നാശങ്ങൾ ജഗത്തിൽ സംഭവിക്കാതിരിക്കുന്നതാണു പ്രപഞ്ചത്തിന്റെ നാശത്തിന്നു കാരണമായിവരുന്നതു് എന്നും ഞാൻ പറയുന്നു. ഇങ്ങിനെയാണു മനുഷ്യരുടെ സ്ഥിതി എന്നു് ഇപ്പോൾ അറിവുള്ള എല്ലാ മനുഷ്യർക്കും ബോദ്ധ്യമുണ്ടു്. എന്നിട്ടും ഏതൊരു മനുഷ്യനെങ്കിലും മരണത്തിൽ ഭയമില്ലാതെ കാണുന്നുണ്ടോ? ഈ ഭൂനിവാസം പര്യവസാനമായി എന്നു പറയുന്നതു കേൾക്കുമ്പോൾ എന്തോ, ഇതു് ഉണ്ടാവാത്ത ഒരു കാര്യമെന്നതുപോലെ പെട്ടെന്നു ഞെട്ടിവിറച്ചു ഭ്രമിച്ചു പോവാത്തവൻ ആരു്? ഇവിടെ അനിർവ്വചനീയമായ ഒരു ശക്തി മനുഷ്യരെ പ്രപഞ്ചത്തിൽ രമിപ്പിക്കുന്നതും ലയിപ്പിക്കുന്നതും നോം കാണുന്നു. ഇഹലോകസുഖങ്ങൾ ഒന്നും സാരമില്ലെന്നു് ഓരോ സമയങ്ങളിൽ കാണുന്ന ചില ദുഃഖങ്ങളെക്കൊണ്ടും ആപത്തുകളെക്കൊണ്ടും പ്രത്യക്ഷപ്പെട്ടു കാണുന്നു. അങ്ങിനെയാണെന്നു നാം എല്ലാവരും ദിവസം സമ്മതിക്കുന്നു. ചിലപ്പോൾ ഈ സംഗതികളെക്കുറിച്ചുതന്നെ വളരെ ആലോചിക്കുന്നു. ഇങ്ങിനെ എന്തുതന്നെ ചെയ്താലും കലാശത്തിൽ നുമ്മൾ പ്രപഞ്ചത്തിൽതന്നെ വീണു ലയിക്കുന്നു. പ്രപഞ്ചം ക്ഷണഭംഗുരമാണു്, നിസ്സാരമാണു് എന്നുള്ള വിചാരം കേവലം നശിക്കുന്നു. ഇങ്ങിനെ വരാനുള്ള കാരണം നമുക്കു വിവരമായി അറിയാൻ കഴിയാത്തതായ ഒരു മഹാശക്തി ഈ പ്രപഞ്ചത്തെ ഭരിക്കുന്നതിനാലാണെന്നു് ഞാൻ വിചാരിക്കുന്നു. ആ ശക്തിയെ ഞാൻ ദൈവമെന്നു വിചാരിക്കുന്നു. പ്രപഞ്ചത്തിൽ ആപത്തുകൾ പലവിധമായി നേരിടട്ടെ, മഴയില്ലാതെ ദിക്കുകൾ വേവട്ടെ, ഇടിത്തീ വീണു ദഹിക്കട്ടെ, സമുദ്രം അതിക്രമിച്ചു രാജ്യങ്ങളെ മുക്കട്ടെ, ഭൂകമ്പങ്ങൾ ഉണ്ടാവട്ടെ, യുദ്ധങ്ങൾ ഉണ്ടാവട്ടെ, ജനങ്ങൾ കോടിയായി നശിക്കട്ടെ, എങ്ങിനെയെല്ലാമായാലും പര്യവസാനത്തിൽ കണക്കു നോക്കുമ്പോൾ ഒരായിരം വത്സരം മുമ്പുള്ളതിനെക്കാൾ പ്രപഞ്ചവ്യാപാരങ്ങൾ അഞ്ഞൂറുകൊല്ലങ്ങൾക്കു മുമ്പാണു അധികരിച്ചു കാണപ്പെടുന്നതു്. ഇരുന്നൂറു കൊല്ലങ്ങൾ മുമ്പത്തെക്കാൾ നൂറുകൊല്ലങ്ങൾ മുമ്പു കാണപ്പെടുന്നു. അമ്പതു കൊല്ലങ്ങൾ മുമ്പത്തെക്കാൾ ഇരുപത്തഞ്ചു കൊല്ലങ്ങൾ മുമ്പു കാണുന്നു. കഴിഞ്ഞ കൊല്ലത്തെക്കാൾ ഇക്കൊല്ലം, ഇന്നലത്തെക്കാൾ ഇന്നു്. അതിനെന്തു കാരണം? പ്രപഞ്ചത്തെ നശിപ്പിക്കാതെ നിലനിർത്തുവാൻ ഒരു പരാശക്തി ഉണ്ടു്. അതുകൊണ്ട് ഈ നാശങ്ങളാലും സങ്കടങ്ങളാലും ഒന്നുംതന്നെ ഭേദപ്പെടാതെ ഈ പ്രപഞ്ചം ശരിയായിത്തന്നെ പിന്നെയും നടക്കുന്നു. ആ പരാശക്തിക്കു ഞാൻ ദെവമെന്നു പറയുന്നു. പിന്നെ നിരീശ്വരമതക്കാർ പറയുമ്പോലെ കാര്യകാരണസംബഗ്നങ്ങളാൽ ഈ ജഗത്തു താനെ ഉണ്ടായിവരുന്നതും ഒരു വിശേഷചെതന്യത്തെ അവലംബിച്ചു നിൽക്കുന്നില്ലാത്തതുമാണെങ്കിൽ ആ അചേതനമായ കാര്യകാരണസംബന്ധവികാരത്തിൽനിന്നു മാത്രം പ്രപഞ്ചത്തിൽ കാണുന്ന എല്ലാ പദാർത്ഥങ്ങളും ജന്തുക്കളും സാധാരണ അന്യോന്യം ഇത്ര ചേർച്ചയായും പരസ്പരം ആശ്രയിച്ചും തന്നെ എല്ലായ്പോഴും നിൽക്കേണമെന്നില്ല; നിൽക്കുന്നതുമില്ല.
സൂര്യനെ ദൈവം സൃഷ്ടിച്ചതാണെന്നു ഞാൻ പറയുന്നു. അല്ല, അതു താനേ കാര്യകാരണങ്ങൾ സംബന്ധമായി ഉണ്ടായിവന്ന ഒരു ഗോളമാണെന്നു നിരീശ്വരമതക്കാർ പറയുന്നു. എങ്ങിനെയാണു സൂര്യൻ കാര്യകാരണസംബന്ധങ്ങളെക്കൊണ്ടു് ഇത്ര പ്രകാശത്തോടു കൂടി ഈ ഭൂമിക്കു് ഇത്ര രക്ഷയായി ക്ഷണത്തിൽ ഭൂമിയെ ദഹിപ്പിച്ചു വെണ്ണീറാക്കുവാനുള്ള തന്റെ സ്വതസിദ്ധമായ ദഹനശക്തി പറ്റാത്തവിധമുള്ള കൃത്യമായ ദൂരത്തിൽ എപ്പോഴും നിന്നുകാണുന്നതു് എന്നു് എനിക്കും നിരീശ്വരമതക്കാരനും വഴിപോലെ പറവാൻ സാധിക്കുന്നില്ല. ഇവിടെ പൊതുവിൽ മനുഷ്യർക്കു ദൈവസൃഷ്ടിയാണു സൂര്യൻ എന്നു് അഭിപ്രായമുണ്ടാവുന്നുണ്ടെങ്കിൽ ആ അഭിപ്രായത്തെ കളവാൻ ശ്രമിക്കുന്നതു ന്യായമോ? ആ അഭിപ്രായത്തിൽനിന്നു് എന്തൊരു വൈഷമ്യമാണു മനുഷ്യർക്കുണ്ടാവുന്നതു്? സൂര്യന്റെ തേജസ്സിനെ കാണുമ്പോൾ അതിനു് ആദികാരണമായി വേറെ അതിലും മഹത്തായുള്ള ഒരു ശക്തിയെ മനസ്സുകൊണ്ടു മനുഷ്യൻ അനുമാനിക്കുന്നു. അങ്ങിനെ അല്ലാതെ വേറെ ഒരു പ്രകാരത്തിൽ അനുമാനിക്കാൻ ബോദ്ധ്യപ്പെടത്തക്ക ഒരു സംഗതിയും നിരീശ്വരമതക്കാരൻ പറയുന്നതുമില്ല. ഇങ്ങിനെ ഇരിക്കുമ്പോൾ നിരീശ്വരമതക്കാരന്റെ അഭിപ്രായത്തെ സ്വീകരിക്കുന്നതു് എന്തിനു്? സയൻസു ശാസ്ത്രങ്ങളെക്കൊണ്ടു സൂര്യന്റെ ഗോളാകൃതിയും ഉഷ്ണശക്തിയേയും ആകർഷണശക്തിയേയും കുറേശ്ശ അറിവാൻ കഴിയും. അല്ലാതെ അങ്ങിനെ ഒരു ഗോളം ഈ ഭൂമിയേയും അതിലുള്ള ജീവികളേയും ഇങ്ങിനെ രക്ഷിച്ചുംകൊണ്ടു് എന്തിനു് ഉണ്ടായി, എപ്പോൾ ഉണ്ടായി, എന്തിനു് ഭൂമിക്കു് ഇത്രയെല്ലാം ഗുണങ്ങൾ ചെയ്തുംകൊണ്ടു നിൽക്കുന്നു എന്നു സയൻസ്സിനാൽ അറിവാൻകഴിയുന്നതല്ല. ഇവളൂഷൻ എന്ന ഉൽപത്തിക്രമപ്രകാരം കാര്യകാരണങ്ങളെ പറഞ്ഞു പറഞ്ഞു പോയാൽതന്നെ പര്യവസാനത്തിൽ ഇവളൂഷൻ ഉണ്ടായതിനു് ഒരു സമാധാനം കിട്ടാതെ നിർത്തേണ്ടിവരും എന്നുള്ളതിനു സംശയമില്ല. കാര്യം ഇങ്ങിനെ ഇരിക്കെ ഈശ്വരൻ ഉണ്ടെന്നു വിചാരിക്കുന്നതല്ലേ യോഗ്യമായ വിചാരം? ഉഷ്ണം , ശീതം, വൃഷ്ടി, വായു മുതലായ പ്രപഞ്ചദൃംമായ അചേതനമായ മഹച്ഛക്തികൾ എല്ലാം അതാതുകളുടെ പ്രവൃത്തികളെ ഈ ഇഹലോകവാസികളുടെ സുഖത്തിന്നും ഗുണത്തിന്നും ഒത്തവണ്ണം ഇത്ര കൃത്യമായി താനേതന്നെ ചെയ്തുവരുന്നു എന്നു് ഊഹിക്കുന്നതിനേക്കാൾ നല്ലതു് ആ അചേതനങ്ങളായ സാധനങ്ങളെ ഇത്ര കൃത്യമായും ശരിയായും നടത്തിവരുവാൻ സചേതനമായി ഇരിക്കുന്ന ഒരു മഹച്ഛക്തി ഉണ്ടെന്നു വിചാരിക്കുന്നതല്ലേ?
ഒരു പശു, സാധാരണ ബുദ്ധിശൂന്യമായ ഒരു ജന്തു , തന്റെ ഉദരപൂർത്തി ഒന്നല്ലാതെ വേറെ യാതൊരു വിചാരവും ഇല്ലാത്ത മൃഗം, കിടാവിനെ പ്രസവിച്ച ഉടനെ കാണിക്കുന്ന ചേഷ്ടകളെക്കുറിച്ചു ആലോചിച്ചുനോക്കുക. എന്തായിരുന്നു പ്രസവസമയംവരെ തന്റെ വയറ്റിൽ ഭാണ്ഡമാക്കിക്കൊണ്ടു നടന്നിരുന്നതു് എന്നും എന്താണു തന്റെ മൂത്രദ്വാരത്തിൽക്കൂടി പുറത്തേക്കു വന്നതു് എന്നും ആ പശു ആ നിമിഷംവരെ അറിയുന്നില്ല. പുറത്തു കുട്ടി ചാടിയ ഉടനെ അതിനെക്കുറിച്ചു് ഈ സാധു മൃഗം കാണിക്കുന്ന വാതേസല്യത്തേയും അതിന്റെ രക്ഷയ്ക്കുവേണ്ടി ആ പശു ചെയ്യുന്നപ്രയത്നങ്ങളേയും ഉത്സാഹങ്ങളേയും കണ്ടാൽ എത്ര അത്ഭുതമായി തോന്നുന്നു. ഈ സംഗതികളെയെല്ലാം നിരീശ്വരമതക്കാർ ഖണ്ഡിച്ചു പറയുന്നുണ്ടു്. എന്നാൽ ഞാൻ അവർ പറയുന്ന സംഗതികളെ അശേഷം സാരമാക്കുന്നില്ല. വിശേഷബുദ്ധി ഇല്ലാത്ത സർവ്വ മൃഗങ്ങളും തങ്ങളുടെ അതാതു വർഗ്ഗങ്ങളിൽ ജന്തുക്കൾ അഭിവൃദ്ധിയായി വന്നുകൊണ്ടിരിപ്പാൻ തൽക്കാലസദൃശങ്ങളായ പ്രവൃത്തികൾ വിശേഷബുദ്ധിയുള്ള മനുഷ്യനെപ്പോലെ പ്രവർത്തിക്കുന്നതു കാണുമ്പോൾ ഈ പ്രപഞ്ചത്തെ സ്ഥിതിചെയ്യിക്കാനായിക്കൊണ്ടു് ഒരു പരാശക്തി ഉണ്ടെന്നുള്ളതിന്നു വാദമുണ്ടാവാൻ പാടുണ്ടോ? അങ്ങിനെയുള്ള ശക്തിയുടെ സൂക്ഷ്മസ്വഭാവങ്ങളെ കുറിച്ചു് ഒന്നും എനിക്കു് അറിവാൻ കഴിയില്ലെങ്കിലും ഉണ്ടെന്നു് അറിവാൻ കഴിയും. ആ പരാശക്തിയെ ഞാൻ ദൈവം എന്നു് അനുമാനിക്കുന്നു. ഈ പ്രപഞ്ചത്തിലുള്ള ദുഃഖങ്ങളെക്കുറിച്ചു് ഗോവിന്ദൻകുട്ടി ഇത്രയെല്ലാം പ്രസംഗിച്ചുവല്ലോ. സുഖങ്ങളെക്കുറിച്ചു് ആലോചിച്ചു നോക്കൂ. ഓരോ കൊല്ലത്തിൽ വർഷമില്ലാതെ ദാഹംപിടിച്ചു വേവുന്ന ദിക്കു് എത്രയെന്നു് ഒരു കണക്കുണ്ടാക്കിയാൽ ഭൂമിയുടെ ലക്ഷത്തിൽ ഒരംശംകൂടി ഇങ്ങിനെ തപിക്കുന്നുണ്ടെന്നു കാണുമോ? സംശയം. ഈ ജഗത്തിൽ യഥാർത്ഥമായി വരുന്ന ആപത്തുകളേയും വരാൻപാടുള്ള ആപത്തുകളെയും തമ്മിൽ ഒന്നു ചേർത്തുനോക്കുക. വിഷൂചികാ എന്ന ദീനം ചിലപ്പോൾ ഓരോ ദിക്കിൽ ബാധിച്ചു മനുഷ്യരെ കൊല്ലുന്നു. ലക്ഷംപേർ നിവാസിക്കുന്ന ഒരു സ്ഥലത്തു് ഈ ദീനം വന്നു പിടിപെട്ടാൽ എത്രപേർ ശരാശരിക്കു സാധാരണ നശിച്ചുപോവുന്നുണ്ടെന്നു കണക്കു നോക്കൂ. എന്താണു് ഈ ദീനം ഇത്ര ക്ഷണത്തിൽ പകരുന്നതും നാശകരവും ആയിരിക്കെ ഒരു പ്രാവശ്യം ഇൻഡ്യയിലോ മറ്റേതെങ്കിലും ജനപുഷ്ടിയുള്ള രാജ്യത്തോ പരക്കുന്ന കാലത്തു് ആബാലവൃദ്ധം സകല ജീവികളേയും കൊല്ലരുതേ? — രാജ്യം നിർജ്ജനമാക്കി വിടരുതേ? എന്താണു് അങ്ങിനെ സാധാരണ സംഭവിച്ചു കാണാത്തതു്? ഓടുന്ന കപ്പലുകളിൽ എത്ര ഓരോ കൊല്ലം മുങ്ങിപ്പോവുന്നുണ്ടു്? എത്ര ആളുകൾ വെള്ളം കുടിപ്പാൻ കിട്ടാതെ ഗോവിന്ദൻകുട്ടി പറയുമ്പോലെ തങ്ങളുടെ സ്നേഹിതന്മാരുടെ കഴുത്തു കടിച്ചു രക്തം കുടിച്ചു ദാഹനിവൃത്തി ചെയ്യുന്നു? ഇതെല്ലാം സൂക്ഷ്മമായി ആലോചിച്ചുനോക്കിയാൽ പ്രപഞ്ചത്തിലുള്ള ജീവികൾക്കു സാധാരണ ഉണ്ടാവുന്ന സുഖങ്ങൾ അഖണ്ഡമായി ഇരിപ്പാൻ പാടില്ലെന്നു് ഓർമ്മപ്പെടുത്തുവാൻ വേണ്ടിയോ എന്നു തോന്നും . ചിലപ്പോൾ ചില കഷ്ടങ്ങളെ കാണുന്നുണ്ടെങ്കിലും, ആകപ്പാടെ സർവ്വജീവികൾക്കും ഈ പ്രപഞ്ചത്തിൽ ഉള്ള നിവാസംപോലെ സുഖകരമായി വേറെ ഒന്നുമില്ലെന്നു് എളുപ്പത്തിൽ അറിവാൻ കഴിയും. ഞാൻ ഇതിനെപ്പറ്റി എനി അധികം പറയുന്നില്ലാ. അത്യുന്നതങ്ങളായ സൌധങ്ങളിൽ ഇരുന്നു് ഇഷ്ടപ്രകാരമുള്ള സർവ്വഭോഗങ്ങളെയും നിഷ്പ്രയാസേന അനുഭവിച്ചു സുഖിച്ചു മദിച്ചിരിക്കുന്ന മഹാരാജാവിനും, അന്നന്നു കൂലിപ്പണിചെയ്തു് ആഹാരമാത്രം നിവൃത്തിച്ചു വല്ല ചാളകളിലോ കുടികളിലോ പാർത്തു ദിവസം കഴിക്കുന്ന ദരിദ്രനായ ഒരു മനുഷ്യനും ഈ ഭൂമിയിൽ ഇരിപ്പാനുള്ള ഒരു താൽപര്യം ഒരുപോലെ അധികരിച്ചുതന്നെ കാണുന്നു. എത്ര വയസ്സായാലും മരണം എന്നതു് ബഹുസങ്കടത്തെ ഇവർ രണ്ടുപേർക്കും ഒരുപോലെ ഉണ്ടാക്കുന്നു. അതിനുള്ള കാരണങ്ങൾ ആലോചിച്ചാൽ എളുപ്പത്തിൽ അറിയാം. ഈ മഹാരാജാവിനും ഈ ദരിദ്രനും പലേ മുഖ്യമായ സംഗതികളിലും ഒരുപോലെ ഉള്ള സുഖങ്ങളെയാണു് ദെവം കൊടുത്തിട്ടുള്ളതു് എന്നു കാണാം. ഉറക്കുണർന്നു മഹാരാജാവു കണ്ണു് മിഴിക്കുമ്പോൾ അത്യുന്നതങ്ങളായ സൌധങ്ങളിലെ ജാലകങ്ങളിൽക്കൂടി അകത്തേക്കു പ്രവേശിച്ചവയും തന്റെ സ്വർണ്ണവർണ്ണമായ കട്ടിലിന്മേൽനിന്നു സ്വർണ്ണനീരാളത്തിരകളിൽക്കൂടി രക്തങ്ങളായും പിംഗളങ്ങളായും കാണാവുന്നതുമായ ബാലാർക്കന്റെ മനോഹരങ്ങളായ രശ്മികളെ മഹാരാജാവു് എങ്ങിനെ കണ്ടു മോദിക്കുന്നുവോ അതുപ്രകാരം തന്നെ ഒരു ദരിദ്രനും ആ രശ്മികളെ തന്റെ മിറ്റത്തുള്ള വാഴക്കൂട്ടങ്ങളിൽക്കൂടി അതിഭംഗിയായി പ്രകാശിച്ചു പ്രകാശിച്ചുവരുന്നതു കണ്ടു മോദിക്കുന്നു. ഇവിടെ ആ രശ്മികൾ ജീവജന്തുക്കൾക്കു് എല്ലാം ഒരുപോലെ ആഹ്ളാദത്തെ ചെയ്യുന്നു. അതിമനോഹരങ്ങളായ കനകത്താമ്പാളങ്ങളിൽ നിറച്ചുവെച്ചിട്ടുള്ള അതി സ്വാദുക്കളായ പലേവിധ ഭോജ്യസാധനങ്ങളെ നേത്രേന്ദ്രിയം , ശ്രോത്രേന്ദ്രിയം, ത്വഗിന്ദ്രിയം ഇതുകളെക്കൂടി ഏകകാലത്തിൽ ഒരുപോലെ രൂപം, ഗാനം, മന്ദവായു മുതലായവകളെക്കൊണ്ടു രമിപ്പിച്ചുകൊണ്ടു ഭക്ഷിക്കുന്ന രാജാവിനു ഭക്ഷണം കഴിഞ്ഞശേഷം ഉണ്ടാവുന്ന തൃപ്തിതന്നെ ഈ ദരിദ്രനു വെള്ളച്ചോറു തിന്നും വെള്ളം കുടിച്ചും വയർ നിറച്ചാൽ ഉണ്ടാവുന്നു. രാജാവിനു തന്റെ പുഷ്പതലത്തിൽ കിടന്നുറങ്ങുമ്പോൾ ഉള്ള നിർവൃതി തന്നെ ഈ ദരിദ്രനു കൊട്ടപ്പായയിൽ കിടന്നുറങ്ങുമ്പോഴും ഉണ്ടാവുന്നു. അതുകൊണ്ടു് ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെ സുഖത്തെ ഏർപ്പെടുത്തിയ ഒരു യുക്തികൌശലം നോക്കുമ്പോൾ ഈ പ്രപഞ്ചത്തിനു ഹേതുഭൂതമായി പ്രപഞ്ചത്തെ ഭരിച്ചു നിലനിർത്തുന്നതായ ഒരു മഹച്ഛക്തി ഉണ്ടെന്നുള്ളതിന്നു വാദമുണ്ടാവാൻ പാടില്ല .
ഗോവിന്ദൻകുട്ടി പറഞ്ഞപ്രകാരമുള്ള സങ്കടങ്ങൾ ചിലപ്പോൾ ഉണ്ടാകുന്നുണ്ടെങ്കിലും ജഗത്തിൽ സന്തോഷസന്താപങ്ങളുടെ കൃത്യമായ ഒരു കണക്കു് എടുത്താൽ സന്തോഷം എത്രയോ അധികരിച്ചു നിൽക്കുമെന്നും അതിന്നു കാരണം സംശയംകൂടാതെ നമുക്കു വിവരമായി അറിയാൻ കഴിയാത്ത ഒരു മഹച്ഛക്തിയാണെന്നും ആ മഹച്ഛക്തിയെ ഞാൻ ദൈവമെന്നു് ഉറപ്പിച്ചു ഭക്തിപ്പെടുമെന്നും ഞാൻ പറയുന്നു .
ഗോവിന്ദപ്പണിക്കർ: എനി ആ സംഗതിയെക്കുറിച്ചു പറഞ്ഞതു മതി. വേദാന്തവാദം ചെയ്‌വാൻ നുമ്മൾക്കു് ആർക്കും ഒന്നും അറിഞ്ഞുകൂടാ. ആദ്യം ഞാൻ ഇതിനെക്കുറിച്ചു കുട്ടികളായ നിങ്ങളോടു ചോദിച്ചതുതന്നെ കുറെ തെറ്റിപ്പോയി എന്നു് എനിക്കു തോന്നുന്നു.
ഗോവിന്ദൻകുട്ടിമേനവൻ: ഇങ്ങിനെയാണു ജ്യേഷ്ഠന്റെ അഭിപ്രായം . ഞങ്ങൾ ഇത്രയൊക്കെ പറഞ്ഞിട്ടും.
ഗോവിന്ദപ്പണിക്കർ: എന്താണു നിങ്ങൾ പറഞ്ഞതു്? രണ്ടാളും വളരെ വിഡ്ഢിത്തം പറഞ്ഞു. നിങ്ങൾക്കു മതത്തെക്കുറിച്ചു് എന്തറിയാം? നിങ്ങളോടു് ഈവക സംസാരംചെയ്തതു് എന്റെ വിഡ്ഢിത്വം. മതവിശ്വാസവും ഗുരുജനവിശ്വാസവും കേവലം നിങ്ങൾക്കു് ഇല്ലാതായിത്തീർന്നു. മാധവനു് ഈശ്വരൻ ഉണ്ടെന്നു വിശ്വാസമുണ്ടെങ്കിലും ആ വിശ്വാസത്തിന്റെ സ്വഭാവവും പ്രകൃതവും നോക്കുമ്പോൾ മാധവനു നിരീശ്വരമതക്കാരനായ ഗോവിന്ദൻകുട്ടിയേക്കാൾ വിശേഷവിധിയായ ഒരു ഭക്തിയും വിശ്വാസവും ഭയവും ദൈവത്തിൽ ഉണ്ടെന്നു് എനിക്കു തോന്നുന്നില്ല. എനി നമുക്കു് കിടന്നു് ഉറങ്ങുക. ഇവിടെത്തന്നെ കിടക്കാം.
ഗോവിന്ദപ്പണിക്കരും മാധവനും ഗോവിന്ദൻകുട്ടിമേനവനും ആ വെണ്ണമാടത്തിൽത്തന്നെ ഉറങ്ങാൻ ഭാവിച്ചു കിടന്നു. ഇന്ദുലേഖയുടെ വർത്തമാനങ്ങളെക്കുറിച്ചു പലതും തനിക്കു ചോദിക്കാനുണ്ടായിരുന്നു. അച്ഛനോടും ഗോവിന്ദൻകുട്ടിയോടും ഈ സംഗതിയിൽ സംസാരിപ്പാൻ മടിച്ചു മാധവൻ ഒന്നും ചോദിച്ചില്ലെങ്കിലും ഗോവിന്ദപ്പണിക്കർ ഇന്ദുലേഖയുടെ വ്യസനത്തെപ്പറ്റിയും നമ്പൂതിരിപ്പാടിന്റെ അവസ്ഥയെപ്പറ്റിയും മറ്റും മാധവനോടു കുറേനേരം സംസാരിച്ചു. കുറേനേരം ഈ സംസാരത്തിൽ നേരം കഴിഞ്ഞു് അങ്ങിനെ ഇരിക്കുമ്പോൾ ഗോവിന്ദൻകുട്ടി മാധവനോടു് ഒരു ചോദ്യംചെയ്തു .
ഗോവിന്ദൻകുട്ടിമേനവൻ: ഇക്കുറി കോൺഗ്രസ്സിനു മാധവന്റെ ഇഷ്ടന്മാരായ ബാബുമാർ വരുമായിരിക്കും. ബാബു ഗോവിന്ദസേനും ചിത്രപ്രസാദസേനും മറ്റും കോൺഗ്രസ്സിന്റെ ജയത്തിന്നു കൊണ്ടുപിടിച്ചു് ഉത്സാഹിച്ചുവരുന്നവരാണെന്നു തോന്നുന്നു. ഈ സംഗതിയെപ്പറ്റി അവർ മാധവനോടു വിശേഷവിധിയായി വല്ലതും ചെയ്‌വാൻ ആവശ്യപ്പെട്ടിട്ടുണ്ടോ?
മാധവൻ: എന്നോടു് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസ്സിന്റെ സ്നേഹിതൻതന്നെയാണു ബാബു ഗോവിന്ദസേൻ അവർകൾ. ഞാൻ അദ്ദേഹത്തിന്റെകൂടെ പാർത്തിരുന്ന കാലം ഒരുദിവസം ഒരു സഭ അദ്ദേഹത്തിന്റെ ബങ്കളാവിൽവച്ചു് ഉണ്ടായിരുനു. അന്നു ഞാനും അതിൽ സംസാരിച്ചു.
ഗോവിന്ദപ്പണിക്കർ: ഇംക്ലീഷു രാജാവിന്റെ രാജ്യഭാരത്താൽ നുമ്മൾക്കു ചില ഗുണങ്ങൾ എല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും പലേ ഉപദ്രവങ്ങളും ഉണ്ടാവുന്നുണ്ടെന്നും അതുകൾ നിർത്തൽ ചെയ്യേണമെന്നും ഇയ്യടെ നാട്ടുകാർ ഒരു സഭകൂടി കൊല്ലംതോറും പ്രസംഗിച്ചുവരുന്നുണ്ടെന്നും മറ്റും ഞാൻ കേട്ടു. ഈ സഭയെക്കുറിച്ചുതന്നെയോ ഗോവിന്ദൻകുട്ടി ചോദിക്കുന്നതു് ?
മാധവൻ: അതെ.
ഗോവിന്ദൻകുട്ടിമേനവൻ: അതെ; ഈ സഭയെക്കുറിച്ചു തന്നെയാണു്. ഈ കോൺഗ്രസ്സു് സഭ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിതിക്കു കേവലം നിഷ്പ്രയോജനമാണു്. ഒരു സാരവുമില്ല —വെറും ഗോഷ്ഠി എന്നു ഞാൻ വിചാരിക്കുന്നു.
മാധവൻ: ഇതു വലിയ ആവലാതിതന്നെ. ഗോവിന്ദൻകുട്ടിയുടെ ധൃതഗതി കുറെ അധികംതന്നെ. കോൺഗ്രസ്സു് എന്ന സഭ എന്താണെന്നും അതിന്റെ ഉദ്ദേശ്യങ്ങൾ എന്തെല്ലാമാണെന്നും അച്ഛനെ ശരിയായി മനസ്സിലാക്കിയശേഷമല്ലേ അതിനെക്കൊണ്ടു് ഉണ്ടായ പ്രയോജനത്തെപ്പറ്റി ഗോവിന്ദൻകുട്ടിക്കുള്ള അഭിപ്രായത്തെ പറയേണ്ടതു്? ആ സഭയുടെ സ്വഭാവവും ഉദ്ദേശവും ഇന്നതാണെന്നു പറയൂ .
ഗോവിന്ദൻകുട്ടിമേനവൻ: ഓഹോ പറയാം. ജ്യേഷ്ഠൻ കേൾക്കട്ടെ. ഇംക്ലീഷു് പഠിച്ചു നല്ലവണ്ണം ഇംക്ലീഷു് സംസാരിക്കാറായ ചില ദ്രവ്യസ്ഥന്മാരായ ഹിന്തുക്കളും മുസൽമാന്മാരും ബിലാത്തിയിൽ ഉള്ള ഗവർമ്മേണ്ടു പോലെ ഇൻഡ്യാഗവർമ്മേണ്ടിനെ ആക്കിവെപ്പാനാണെന്നുള്ള ഭാവത്തോടുകൂടി ഒരധികാരവും കൂടാതെ തങ്ങൾതന്നെ ഒരു സഭയായി ചേർന്നു് അന്യോന്യം സ്തുതിച്ചും വലിയ ഭാവം നടിച്ചും വൃഥാ കണ്ഠക്ഷോഭംചെയ്തും കാലം കളയുന്ന ഒരു സഭയാണു് കോൺഗ്രസ്സു് സഭ. ഒരവസ്ഥകൊണ്ടും ബിലാത്തിക്കാരോടു നുമ്മൾ ഇന്ത്യാ രാജ്യക്കാർ എനിയും സമന്മാരായിട്ടില്ലാ. തുല്യത വരാൻ ശ്രമിച്ചാൽ എളുപ്പത്തിൽ സാധിക്കാവുന്നതും എത്രയോ പ്രയോജനമുള്ളതും ആയ വേറെ പലേ കാര്യങ്ങളും ഉണ്ടു്. അതിൽ ഒന്നും ശ്രമം ചെയ്യാതെ എല്ലാറ്റിന്റേയും അഗ്രത്തിൽ ഇരിക്കുന്നതും ബഹുപ്രയാസമായതും ആയ ഒരു വലിയ കാര്യത്തെ ഉദ്ദേശിച്ചു് അനാവശ്യമായി ചെയ്യുന്ന ശ്രമമാണു് ഇതു് എന്നുള്ളതിലേക്കു യാതൊരു സംശയവുമില്ല. ബിലാത്തിക്കാർക്കു് ഇപ്പോൾ കിട്ടീട്ടുള്ള സ്വതന്ത്രതകൾ എല്ലാം ഇങ്ങിനെ കോൺഗ്രസ്സു് കൂടീട്ടു കിട്ടിയതല്ലാ. ഒന്നാമതു്, ഇത്ര സ്വതന്ത്രതയ്ക്കു് ആഗ്രഹമുള്ള ഈ നേടീവവാചാലന്മാർ ‘ഘടപടാ’ എന്നു് ഇംക്ലീഷിൽ ശബ്ദഘോഷം ചെയ്യുന്നതു് എല്ലാം സൂക്ഷ്മമായ ആലോചന കൂടാതെയാണെന്നു് എനിക്കു സ്പഷ്ടമായി തോന്നുന്നു. ഇവർ യഥാർത്ഥത്തിൽ ഇത്ര സ്വാജാത്യാഭിമാനവും സ്വാതന്ത്ര്യകാംക്ഷയും ഉള്ളവരാണെങ്കിൽ ഒന്നാമതു് ഒരു അന്യരാജാവിന്റെ കീഴിൽ എന്തിനു് ഇവർ ഇരിക്കുന്നു? യുദ്ധംചെയ്തു് ഇംക്ലീഷ്‌കാരെ ഓടിക്കട്ടെ. ബാബുമാർ രാജ്യം ഭരിക്കട്ടെ. ഇപ്പോൾ ഇംഗ്ലാണ്ടുരാജ്യം ജർമ്മനിക്കാരു പിടിച്ചാൽ ഇംക്ലീഷുകാർ കോൺഗ്രസ്സോടുകൂടി അവരുടെ രാജ്യഭാരത്തിന്റെ ഗുണത്തിലേക്കു് ഓരോ ദയയ്ക്കായി ജർമ്മൻകാരോടു് എരക്കുമോ? ഇല്ലെന്നു ഞാൻ വിചാരിക്കുന്നു. യുദ്ധം ചെയ്തു ജർമ്മൻകാരെ തോൽപിച്ചു് ഓടിക്കുവാൻ നോക്കും. അതു സാധിക്കുന്നതുവരെ അവർ ആ ശ്രമംതന്നെ ചെയ്തുകൊണ്ടിരിക്കും. അഭിമാനമുണ്ടെങ്കിൽ അങ്ങിനെയാണു ചെയ്യേണ്ടതു്. അഭിമാനം നടിച്ചുംകൊണ്ടു് എരക്കുന്നതു വെടിപ്പുണ്ടോ? ധനവും ശക്തിയും വലിപ്പവും രാജ്യഭാരവും എല്ലാം ഇംക്ലീഷുകാരിൽ ഇരിക്കുമ്പോൾ അവരുടെ നേരെ ഇങ്ങിനെ കൊരച്ചിട്ടും നിലവിളിച്ചിട്ടും ഫലമെന്തു്? ഹിന്തു, മുഹമ്മദീയർ എന്ന ഈ രണ്ടു ജാതികളേയും ഒരുപോലെ ഇംക്ലീഷുകാർ കീഴടക്കി വെച്ചിരിക്കുന്നു. ഈ നിലയിൽ നുമ്മൾ ഇത്ര വലിയ നാട്യം എന്തിനു നടിക്കുന്നു? ധനമില്ലാ, ധൈര്യമില്ലാ, ശരീരമിടുക്കില്ലാ, ഒരുമയില്ലാ, സത്യമില്ലാ, ഔദാര്യമില്ലാ, സംഘബലമില്ലാ, വിദ്യായില്ലാ, അറിവില്ലാ, ഉത്സാഹമില്ലാ. ഇങ്ങിനെ കിടക്കുന്നവർ ഒന്നാമതു് ഇൻഡ്യയ്ക്കു പാർലിയമെണ്ടു് ഉണ്ടാക്കുവാൻ ആണോ ശ്രമിക്കേണ്ടതു്? ഒരേ ജാതിയായി ഏറ്റവും ഐക്യമായിരിക്കുന്ന ഇംക്ലീഷുകാർതന്നെ പാർലിയമെണ്ടുസഭ ശരിയായി നടത്തിവരാൻ കുഴങ്ങുന്നു. അപ്പോൾ ഈ പതിനായിരം വിധം മതക്കാരും അന്യോന്യം കീരിയും പാമ്പുംപോലെ വിരോധികളും ആയ പലേ ജാതിക്കാരായ ഇൻഡ്യാനിവാസികളെ എല്ലാം കുറെ ഇംക്ലീഷു് പഠിച്ചു തൊള്ളയിടുന്ന താടിക്കാർ ബാബുമാരും അയ്യരും മുതലികളുംകൂടി പാർലിയമേണ്ടുപോലെ സഭചേർന്നു പരിപാലനം ചെയ്തുകളയാം എന്നോ ഉദ്ദേശം? ഇത്ര വിഡ്ഢിത്തമായ വിചാരം മറ്റൊന്നുമില്ല. ഉണ്ട കൊണ്ടു മറിഞ്ഞുവീണു കണ്ണുമിഴിച്ചു പോവുമെന്നുള്ള ഒരു ഭയംകൊണ്ടും അശക്തന്മാരാകയാലും മാത്രമാണു് ഇംക്ലീഷുകാർ വന്നതിന്റെ ശേഷം ഹിമവൽസേതുപര്യന്തമുള്ള ജനങ്ങൾ അന്യോന്യം ഇത്ര സമാധാനമായിത്തന്നെ കാണുന്നതു്. ആ ഇംക്ലീഷുകാർ നാളെ ഇന്ത്യ വിടുന്നുവെങ്കിൽ അപ്പോൾ കാണാം ബാബുമാരുടെ മിടുക്കും ശൌര്യയവും. ഒരു നിമിഷനേരമെങ്കിലും ഈ വായ്‌പടക്കാർക്കു രാജ്യം രക്ഷിപ്പാൻ സാധിക്കുമോ? ഒന്നാമതു് , ഇവർക്കു വാക്കു പറയുമ്പോൾ കാണുന്ന ഈ അഭിമാനം സ്വതേ ഉണ്ടെങ്കിൽ ഇവർ ഇപ്പോൾ കിട്ടുവാൻ ആഗ്രഹിക്കുന്ന പലേ പദവികളും ഇതിനു് എത്രമുമ്പു് ഇവർക്കു് കിട്ടുമായിരുന്നു. വാസ്തവത്തിൽ ഇവർക്കു് ഒരു ധൈര്യവും മിടുക്കും ഉത്സാഹവും ക്ഷമയും ഇല്ല; കുറെ എല്ലാം നിലവിളിക്കണം. ഇംക്ലീഷിൽ വിശേഷമായി പ്രസംഗംചെയ്തു എന്നു വരുത്തണം. ഇത്രമാത്രമേ ഇവർക്കുള്ളിൽ തീർച്ചയായ ആഗ്രഹമുള്ളു. ഇംക്ലീഷു് ഗവർമ്മേണ്ടു് ഇപ്പോൾ നടക്കുന്ന പ്രകാരം ഉള്ളതുതന്നെ, ഇൻഡ്യയിലേക്കു് എനിയും ഒരു പുരുഷാന്തരകാലത്തേക്കു കാലാനുസൃമായ അൽപാൽപഭേദങ്ങളേയും പരിഷ്കാരങ്ങളേയും ചെയ്തുവന്നും കൊണ്ടിരുന്നാൽ ധാരാളം മതിയാവുന്നതാണു്. ഇന്ത്യായിലേക്കു് ഇപ്പോൾ അശേഷം പോരാത്തതും ലജ്ജാകരമാകുംവണ്ണം വഷളായിട്ടുള്ളതുമായ എന്തെല്ലാം കാര്യങ്ങളെ പരിഷ്കരിക്കാൻ ഉണ്ടു്. എന്താണു് അതെല്ലാം വിട്ടുകളഞ്ഞു് ഒന്നാമതു രാജ്യഭാരസംഗതിയിൽ ഇവർ കടന്നുപിടിക്കുന്നതു്? ഒന്നാമതു് ഈ ജാതിഭേദങ്ങൾ ഇത്ര അധികം അനാവശ്യമായി ജനങ്ങളുടെ അഭിവൃദ്ധിക്കു മുടക്കമായി തടയുന്നതിനെ നീക്കംചെയ്‌വാൻ ശ്രമിക്കരുതേ? ഇന്ത്യാരാജ്യം ക്രമേണ ദാരിദ്രത്തിൽ പെടുന്നതു നിർത്താൻ അന്യരാജ്യങ്ങളുമായുള്ള കച്ചവടങ്ങൾ, കൃഷി, കൈവേലപ്രവൃത്തികൾ, യന്ത്രപ്പണികൾ മുതലായതു് ഇന്ത്യാക്കാർ പഠിപ്പിക്കാൻ ശ്രമിക്കരുതേ? സ്ത്രീകളെ വിദ്യാഭ്യാസം ധാരാളമായി ചെയ്‌വാൻ ശ്രമിക്കരുതേ? നുമ്മളുടെ അതിമാലിന്യമായ ചില ഗൃഹപ്രവൃത്തികളെയും അപരിഷ്കൃതാഹാരവിഹാരാദികളെയും ഭേദംചെയ്വാൻ നോക്കരുതേ? എത്ര കാലമായി തീവണ്ടി, ടെലിഗ്രാഫു് മുതലായ പലേ അത്ഭുകരങ്ങളായ വിദ്യകൾ ഇന്ത്യയിൽ വന്നിട്ടു്. ഈവക യന്ത്രങ്ങളെ ഉണ്ടാക്കുവാനും ഉപയോഗിക്കുവാനും പഠിപ്പാൻ ഹിന്തു-മുസൽമാന്മാർക്കു ശ്രമിക്കരുതേ? യൂറോപ്പിൽ ഉള്ള വലിയ രാജ്യങ്ങളിലെ എല്ലാ നാട്ടുകാരും ഈവക പലേവിദ്യകളും പഠിക്കുന്നില്ലേ? നുമ്മൾക്കു് ഇരുമ്പുകൊണ്ടു് നല്ലതായ ഒരു ചക്രം വേണമെങ്കിൽ ഇംഗ്ലാണ്ടിൽനിന്നു വരുത്തണ്ടേ? ഒരു ഇരുമ്പുചങ്ങല വേണമെങ്കിൽ ഇംഗ്ലാണ്ടിൽനിന്നു വരുത്തണ്ടേ? നല്ല ഒരു തൂശി വേണമെങ്കിൽ ഇംഗ്ലാണ്ടിൽനിന്നു വരുത്തണ്ടേ? ഒരു തൂശി മുതൽ ഒരു പടക്കപ്പലുവരെയുള്ള സകല സാധനങ്ങളും നല്ലതായി കിട്ടേണമെങ്കിൽ നുമ്മൾ ഇംഗ്ലാണ്ടിൽനിന്നു വരുത്തണ്ടേ? ഇതിൽ ഈ നാട്ടുകാർക്കു് അവമാനമില്ലേ? ഈവക പലേ കാര്യങ്ങളിലും ഇന്ത്യയെ ഇംഗ്ലാണ്ടിനു സമതവരുത്തുവാനല്ലേ ഒന്നാമതു ശ്രമിക്കേണ്ടതു്? ജനസമുദായത്തിന്നു സ്വരാജ്യഭരണത്തിൽ സ്വതന്ത്രത കൊടുക്കേണ്ടതു് ഈവക അനവധി അനവധി കാര്യങ്ങളിൽ, ഇപ്പോൾ ഇന്ത്യയിൽ പ്രത്യക്ഷമായി ലജ്ജാകരമായി കാണുന്ന പലേവിധമുള്ള വീഴ്ചകളെയും അറിവില്ലായ്മകളെയും തെറ്റുകളെയും തീർത്തു പരിഷ്കരിച്ചതിന്റെശേഷം വേണ്ടതല്ലേ? ഈവക പരിഷ്കാരങ്ങൾ ഒന്നും ചെയ്യാതെ ഈ രാജ്യഭാരവിഷയങ്ങളിൽ ഒന്നാമതു പ്രവേശിച്ച കുറെ ആളുകൾ എല്ലാംകൂടി നിലവിളിച്ചാൽ ആരു ബഹുമാനിക്കും? വേറെ ഉള്ള എല്ലാ സംഗതികളിലും കേവലം അധോമുഖന്മാരായിരിക്കുന്നവർ ഈ ഒരു സംഗതിയിൽ മാത്രം തല പൊന്തിച്ചു നിലവിളിച്ചാൽ നിവൃത്തിയാവുന്നതു പ്രയാസമല്ലേ? എനിക്കു് ഈ കോൺഗ്രസ്സിനെപ്പറ്റി വലിയ പുച്ഛമാണു് ഉള്ളതു്. സർ ലപ്പൽ, ഗ്രിഫിൻ മുതലായ അനേകം സായ്‌വന്മാർ ഇന്ത്യാനിവാസികളെപ്പറ്റി ഒരോ സമയം പ്രസംഗങ്ങൾ കേൾക്കുമ്പോൾ എനിക്കു് ലജ്ജ തോന്നുന്നു. പലേ സംഗതികളും അവർ പറയുന്നതു ശരിയാണു്. പലേ സ്ഥിതികളിലും നുമ്മളുടെ അവസ്ഥ വളരെ ലജ്ജാകരമായിരിക്കുന്നു. ഇതെല്ലാം മൂടിവെച്ചു രാജ്യഭാരകാര്യത്തിൽ മാത്രം ഇംക്ലീഷുകാരോടു സമത വരുത്തണം എന്നു് ഇച്ഛിച്ചാൽ അതു സാധിക്കുമോ? ഈവക സഭ ഉണ്ടാവുന്നതിനാൽ വൃഥാ കണ്ഠക്ഷോഭവും ദ്രവ്യനാശവും ഫലം എന്നു ഞാൻ പറയുന്നു.
ഗോവിന്ദപ്പണിക്കർ: ഗോവിന്ദൻകുട്ടി പറഞ്ഞതു ശരിയാണു്. ഇതിൽ ഞാൻ ഗോവിന്ദൻകുട്ടിയോടു യോജിക്കുന്നു. ഇപ്പോൾ നമ്മുടെ രാജ്യഭാരം മുമ്പുണ്ടായിരുന്നതിനേക്കാൾ വളരെ നന്നു്. ഇപ്പോൾ ഇതു മതി. എന്നാൽ ജാതിഭേദം ഇല്ലാതാക്കണം എന്നൊരു വിഡ്ഢിത്വം ഗോവിന്ദൻകുട്ടി പറഞ്ഞതിൽ ഞാൻ ചേരുന്നില്ല.
ഗോവിന്ദൻകുട്ടിമേനവൻ: അതു ഞാൻ സമ്മതിച്ചേക്കാം. എന്നാൽ രാജ്യഭാരത്തിന്റെ കാര്യം ഞാൻ പറഞ്ഞതു ജ്യേഷ്ഠനു ബോദ്ധ്യമായെല്ലൊ.
ഗോവിന്ദപ്പണിക്കർ: എന്താണു മാധവൻ ഒന്നും പറയാത്തതു് ?
മാധവൻ: എനിക്കു് ഒന്നും പറയാൻ തോന്നുന്നില്ല . പൂർത്തിയായ വിദ്യാഭ്യാസം ഉണ്ടായി, ബി. എ. പാസ്സായ ഗോവിന്ദൻകുട്ടി ഇങ്ങിനെ അസംബന്ധം സംസാരിച്ച വ്യസനമാണു് എനിക്കു് ഇപ്പോൾ ഉള്ളതു്.
ഗോവിന്ദൻകുട്ടിമേനവൻ: ഒരു അസംബന്ധവും സംസാരിച്ചില്ല ഞാൻ. ഏതേതാണ് അസംബന്ധം എന്നു കാണിച്ചു തരൂ.
മാധവൻ: പറഞ്ഞതു മുഴുവൻ അസംബന്ധം. ആകവേ അസംബന്ധം. ഒന്നാമതു് , ഇന്ത്യയിൽ പാർലിമേണ്ടു് ഉണ്ടാക്കുവാനല്ല കൊൺഗ്രസ്സിന്റെ ഉദ്ദേശം. പിന്നെ ഇംക്ലീഷുകാരോടു സമന്മാരാണു് ഇന്ത്യാക്കാർ എന്നും സഭക്കാരിൽ യോഗ്യരായവർ അഭിപ്രായപ്പെട്ടിട്ടില്ല. ഇന്ത്യയിൽ പലേ സംഗതികളും പരിഷ്കരിപ്പാൻ ഉണ്ടെന്നു പറഞ്ഞതു ശരി. പക്ഷേ, ആ സംഗതികൾ ഉള്ളതുകൊണ്ടു് ഈ രാജ്യഭാരസംഗതിയിൽ ഒന്നാമതായി പ്രവേശിച്ചുകൂടാ എന്നു പറയുന്നതു ഭോഷത്വമാണു്. രാജ്യസ്നേഹവും അഭിമാനവും ഉണ്ടെങ്കിൽ ഇംക്ലീഷുകാരോടു രാജ്യം യുദ്ധംചെയ്തു തിരിയെ വാങ്ങണം. എന്നാൽ മാത്രമേ അഭിമാനം ഉണ്ടെന്നു വിചാരിപ്പാൻ പാടുള്ളു എന്നു പറഞ്ഞതും വലിയ ഭോഷത്വം തന്നെ. ഗോവിന്ദൻകുട്ടി യൂറോപ്പുരാജ്യങ്ങളിലെ ചരിത്രങ്ങൾ പലതും വായിച്ചിട്ടുള്ളതിൽ ഇങ്ങിനെയോ അഭിപ്രായമായതു്? ഇംക്ലീഷു ബിലാത്തിയിലെ ആദ്യത്തെ കഥതന്നെ വിചാരിച്ചുനോക്കൂ. ബ്രിട്ടീഷ്ദ്വീപിൽ അനാദിയായി ഉണ്ടായിരുന്നവരെ ഒന്നാമതു റോമൻകാർ പോയി ജയിച്ചു. ബ്രിട്ടീഷു് രാജ്യം അവരുടെ രാജ്യമാക്കി കുറെക്കാലം വെച്ചു. പിന്നെ സാക്സൻകാരുടെ കാലമായി. പിന്നെ ഡെയിൻകാരുടെ വാഴ്ച. ഒടുവിൽ നോർമ്മൻ രാജാ ന്മാരായ ഫ്രഞ്ചുരാജ്യക്കാർ ബ്രിട്ടീഷുരാജ്യം പിടിച്ചു. എന്നിട്ടുണ്ടായ കഥ ഓർമ്മയില്ലേ? ഈ രാജാക്കന്മാർ അതിശക്തന്മാരാകയാൽ അവർക്കു ബ്രിട്ടീഷുകാർ കീഴടങ്ങേണ്ടിവന്നില്ലേ?
ഗോവിന്ദൻകുട്ടിമേനവൻ: ഒരിക്കലും കീഴടങ്ങീട്ടില്ല. പുറത്തുനിന്നു വന്ന ഈ രാജാക്കന്മാർ ഇംക്ലീഷുകാരുമായി യോജിച്ചു് അവരുടെ ജാതിയോടു ചേർന്നു. പരന്ത്രീസ്സു് രാജ്യം കേവലം വിട്ടു. അതുപോലെ മഹാരാജ്ഞിയും മറ്റും വന്നു് ഇവിടെ താമസിച്ചു നുമ്മളുടെ കൂട്ടത്തിൽ ചേർന്നിരിക്കുന്നതുവരെ എന്തിനു് ഇംക്ലീഷുകാരെ രാജ്യഭാരം ചെയ്‌വാൻ സമ്മതിക്കുന്നു?
മാധവൻ: ശരിതന്നെ; സമ്മതിച്ചു. ഇംക്ലീഷുകാരു് ഇങ്ങട്ടു വരുന്നതും നുമ്മൾ അങ്ങട്ടു പോവുന്നതും എല്ലാം ഒരുപോലെ. ഇംക്ലീഷു് രാജ്യഭാരം തുടങ്ങിയതുമുതൽ നുമ്മളുടെ രാജ്യത്തു പലേശ്രേയസ്സുകളും അഭിവൃദ്ധിയും സുഖവും മേൽക്കുമേൽ വർദ്ധിച്ചു കാണുന്നതുകൊണ്ടു ഞങ്ങൾ കോൺഗ്രസ്സുകാരുടെ അഭിപ്രായവും ഉദ്ദേശ്യവും ക്രമേണ ക്രമേണ ഇംക്ലീഷു് ഗവർമ്മേണ്ടും ഇന്ത്യാഗവർമ്മേണ്ടും അന്യോന്യം യോജിപ്പിച്ചു് ഏകീകരിക്കണമെന്നു മാത്രമാണു്. അതിലേക്കാണു് ഈ ശ്രമങ്ങൾ എല്ലാം ചെയ്യുന്നതു്. നോർമ്മൻരാജാക്കന്മാർ എങ്ങിനെ ബ്രിട്ടീഷു് രാജാക്കന്മാരായോ, അതുപ്രകാരംതന്നെ ഇംക്ലീഷു് രാജാക്കന്മാരും ഇംക്ലീഷു് ഗവർമ്മേണ്ടും ഇന്ത്യയുടെ സ്വന്തം രാജാക്കന്മാരും ഇന്ത്യയുടെ ഗവർമ്മേണ്ടും ആക്കണം എന്നുതന്നെയാണു് ഞങ്ങൾ കോൺഗ്രസ്സുകാരുടെ ഉദ്ദേശ്യവും കാംക്ഷയും. നോർമ്മൻകാർ ഇംഗ്ലണ്ടിൽ വന്ന കാലാവസ്ഥയ്ക്കു് അനുസരിച്ചു ബ്രിട്ടീഷു് രാജ്യക്കാരും അവരും തമ്മിൽ അന്യോന്യം കൊന്നിട്ടും ഹിംസിച്ചിട്ടും സഹിക്കാൻപാടില്ലാതെ ആയശേഷം എണങ്ങി യോജിച്ചു് എകീകരിച്ചു. ഈ കാലാവസ്ഥയ്ക്കു് അനുസരിച്ചു ഞങ്ങളും ഇംക്ലീഷുകാരും തമ്മിൽ ബുദ്ധികൊണ്ടു യുദ്ധംചെയ്യുന്നു. ഇംക്ലീഷുകാർക്കു ഞങ്ങളിൽ ഇപ്പോൾ ഉള്ളതിൽ അധികം വിശ്വാസവും പ്രമവും ബഹുമാനവും ഉണ്ടാവാനും ഇംക്ലീഷ്ഗവർമ്മെണ്ടു ഞങ്ങളേയും ഇംക്ലീഷുകാരേയും യാതൊരു ഭേദമായി വിചാരിക്കാതിരിക്കാൻവേണ്ടിയും ഞങ്ങൾ യത്നിക്കുന്നു. ഞങ്ങൾ തോക്കുകൊണ്ടു വെടിവെച്ചിട്ടല്ല ഈ കാര്യം സാധിക്കാൻപോവുന്നതു്. വാക്കുകൊണ്ടു ന്യായം പറഞ്ഞിട്ടു ബുദ്ധിമാന്മാരായ ഇംക്ലീഷുകാരെ സ്വാധീനമാക്കാൻ പോവുന്നു. എന്റെ മനസ്സിൽ ഉദ്ദേശിച്ച വിധത്തിൽതന്നെ നടക്കുന്നുവെങ്കിൽ കോൺഗ്രസ്സുപോലെ ഇത്ര യോഗ്യമായ ഒരു സഭാ ഇതുവരെ ഇന്ത്യയിൽ ഉണ്ടായിട്ടില്ല എന്നു പറയാം. എന്നാൽ ചില സംഗതികളെ ഈ സഭക്കാർ ഭേദപ്പെടുത്തി പരിഷ്കരിക്കേണ്ടതുണ്ടെന്നു ഞാൻ സമ്മതിക്കുന്നു. ചിലപ്പോൾ സഭക്കാരിൽ ചിലർ അനാവശ്യമായും തക്കതായ സംഗതി കൂടാതേയും ബ്രിട്ടീഷു് ഗവർമ്മേണ്ടിനെ ദുഷിച്ചു എന്നു വന്നിട്ടുണ്ടായിരിക്കാം. ഇതു മഹാ കംഷ്ടമാണെന്നു ഞാൻ സമ്മതിക്കുന്നു. എങ്കിലും കോൺഗ്രസ്സു് സഭക്കാരിൽ യോഗ്യരായവർ എകീകരിച്ചു് ഇതുവരെ ഉണ്ടായിട്ടുള്ള ഒരു പ്രസംഗത്തിലും ഇംക്ലീഷുകാരുടെ ഗവർമ്മേണ്ടിനെ ഒരുവിധത്തിലും ആകപ്പാടെ വെറുത്തു പറഞ്ഞിട്ടില്ല. ഓരോ സങ്കടങ്ങൾ ഉണ്ടാവുന്നതു തീർത്തു പരിപാലിക്കാനേ ആവശ്യപ്പെട്ടിട്ടുള്ളു. പിന്നെ ഗോവിന്ദൻകുട്ടി ഇങ്ങിനെ ഭോഷത്വം പറഞ്ഞാലോ? ഇന്ത്യയിൽ പരിഷ്കാരങ്ങൾ ചെയ്‌വാനുള്ള കാര്യങ്ങളെ ചെയ്യേണ്ടാ എന്നു കോൺഗ്രസ്സുകാർ വെച്ചിട്ടില്ലാ. പലേ രോഗങ്ങളും പിടിച്ചു കിടക്കുന്ന ഒരു രോഗിയുടെ സകല രോഗങ്ങളും ഒന്നായിട്ടു് ഒരു ഔഷധംകൊണ്ടു് ഒരു സമയം മാറ്റാൻ കഴിയുന്നതല്ലാ. ഓരോന്നായി ഭേദംവരുത്തേണ്ടിവരും. അങ്ങിനെ ഭേദംവരുത്താൻ പാടില്ലാ. എല്ലാംകൂടി ഒന്നായിട്ടുതന്നെ ഭേദമാക്കുന്ന മരുന്നു മാത്രമേ സേവിക്കയുള്ളു എന്നു ആ രോഗി ഉറച്ചാൽ എല്ലാ രോഗങ്ങളിൽനിന്നും രോഗി സങ്കടപ്പെടുകയേ ഉള്ളു. ഇന്ത്യയിൽ ജാതിഭേദം ഇല്ലാതാക്കുവാൻ ഒരു സഭകൂടേണ്ട കാലം ഇനിയും ആയിട്ടില്ല. ഇതിനാണു് സമയം ആവാത്തതു്. ഗവർമ്മേണ്ടിന്റെ മാതിരിയും ചട്ടങ്ങളും നന്നാക്കുന്നതു നാളെത്തന്നെ ചെയ്താലും ഗുണമേ ഉണ്ടാകയുള്ളു. അതിനുള്ള സംഗതി പറയാം. ജാതി എന്നു് ഇന്ത്യയിൽ പറയുന്നതു് എല്ലാം ഓരോ മതത്തെ ആശ്രയിച്ചിട്ടാണു മുഖ്യമായി നിൽക്കുന്നതു്. ആ മതവിശ്വാസം ഒന്നു മാത്രമാണു് ഈ ഇംക്ലീഷുകാരിൽ എനിയും ഇന്ത്യയിൽനിന്നു കളവാൻ കഴിയാത്ത ഒരു സാധനം. ദൈവവിശ്വാസവും വന്ദനയും ഓരോപ്രകാരത്തിൽ ചെയ്യുന്നതിനെ ആശ്രയിച്ചു ജാതി നിൽക്കുന്നതുകൊണ്ടു് ആ വിശ്വാസം കളവാൻ കഴിയുമ്പോളല്ലാതെ ജാതിഭേദം കേവലം വിടർത്തുവാൻ കഴിയുമോ എന്നു ഞാൻ സംശയിക്കുന്നു. ആ വിശ്വാസം ഇന്ത്യയിൽനിന്നു വിടുർത്തേണമെങ്കിൽ ഇന്ത്യക്കാരായ ഹിന്തുമുസൽമാന്മാരുടെ മതാചരണങ്ങളെ ജയിക്കുന്നതായ ഒരു വിശേഷവിധി മതം അവർക്കു കാണിച്ചുകൊടുത്തു് അതിൽ ശീലിപ്പിക്കണം . അങ്ങിനെ ഒരു വിശേഷവിധിയായ മതം കാൺമാനില്ല. അതുകൊണ്ടു് ഇന്ത്യാ രാജ്യത്തിൽ ഉള്ള മതങ്ങൾക്കു് അനുസരിച്ചു നിൽക്കുന്ന ജാതിക്രമങ്ങൾ ഭേദംചെയ്‌വാൻ ഇപ്പോൾ ശ്രമിച്ചാൽ സാധിക്കുമോ? സംശയം. എന്നാൽ കാലക്രമം കൊണ്ടു് അരിവു് അധികം വർദ്ധിക്കുമ്പോൾ ജാതിസിദ്ധാന്തങ്ങൾ ക്രമേണ കുറഞ്ഞുവരും. ഒടുവിൽ കേവലം നശിച്ചു എന്നും വരാം. ഇന്ത്യയിൽ ഇപ്പോൾ ഉള്ള സ്ഥിതിയിൽ ജാതിഭേദം ഇല്ലാതാക്കുവാൻ ശ്രമിക്കുന്നതു കേവലം തെറ്റായി വന്നുകൂടുമെന്നു ഞാൻ വിചാരിക്കുന്നു. എന്നാൽ രാജ്യഭാരസംഗതിയെ ഒന്നു് ഓർത്തുനോക്കുക. ഇംക്ലീഷുകാർ ഹിമവൽസേതുപര്യന്തം രാജ്യഭാരം തുടങ്ങീട്ടു് ഇപ്പോൾ ഏതാണ്ടു് ഒരു നൂറു സംവത്സരമായിട്ടേ ഉള്ളു. എങ്കിലും രാജ്യഭാരനീതികളെക്കുറിച്ചു ജനങ്ങൾക്കു് ഒരു നൂറു സംവത്സരങ്ങൾക്കുള്ളിൽ എത്ര അധികം അറിവും രുചിയും ഉണ്ടായിട്ടുണ്ടെന്നു് ഗോവിന്ദൻകുട്ടി ഓർത്തുനോക്കൂ. വഴിപോവുന്ന ഒരു കൂലിക്കാരനോടോ മീൻ പിടിക്കുന്ന ഒരു മുക്കുവനോടോ സംസാരിച്ചാൽ ഇപ്പോഴത്തെ ഭേദം അറിവാൻ കഴിയും. അവനു സിവിൽശാസ്ത്രതന്ത്രങ്ങളും ക്രിമിനൽശാസ്തതന്ത്രങ്ങളും അറിയാമെന്നല്ല ഞാൻ പറയുന്നതു്. ഇംക്ലീഷു് രാജ്യഭാരത്തിൽ തന്റെ ശരീരത്തിന്നും മനസ്സിന്നും തന്റെ ഇഷ്ടപ്രകാരം കുറ്റകരമല്ലാത്ത യാതൊന്നിലും വ്യാപരിക്കുന്നതിന്നു സ്വാതന്ത്ര്യമുണ്ടെന്നുള്ള അറിവു നിശ്ചയമായി അവനു് ഇപ്പോൾ ഉണ്ടു്. മുമ്പു് അങ്ങിനെ അല്ല. സാധാരണ ഇത്ര അറിവു് ഉണ്ടായാൽ മതി. സകല സ്വതന്ത്രഭോഗങ്ങൾ അനുഭവിക്കുന്ന ഇംഗ്ലണ്ടിലും അമേരിക്കയിലും മറ്റും ഉള്ള സാധാരണ ജനസമുദായത്തിൽ ഇന്ത്യയിലുള്ള സാധാരണജനങ്ങൾക്കുള്ള അറിവുകൾതന്നെ ഈ രാജ്യഭാരവിഷയത്തിൽ ഉള്ളു. സ്വതന്ത്രരാജ്യഭാരത്തിന്നിച്ഛിക്കുന്ന രാജ്യനിവാസികൾ മുഴുവനും ഗ്ലാഡ്സ്റ്റൻ മുതലായവരെപ്പോലെ രാജ്യഭാരതന്ത്രങ്ങൾ ഗ്രഹിച്ചിരിക്കണം എന്നു പറയുന്നതു് ഭോഷത്വമല്ലേ? രാജ്യഭാരം ബിലാത്തിയിലെപ്പോലെ ഇന്ത്യയിൽ ചെയ്യേണമെങ്കിൽ സ്ത്രീകളെ മുഴുവൻ ഇംക്ലീഷു് പഠിപ്പിച്ചിട്ടും ബിലാത്തിയിലെ യന്ത്രങ്ങൾ ഇവിടെ പണിയാറായിട്ടും മറ്റും വേണമെന്നു പറയുന്നതും ഭോഷത്വമാണു്. പിന്നെ ഗോവിന്ദൻകുട്ടി പറയുന്നു, ഹിമവൽസേതുപര്യന്തമുള്ള ജനങ്ങൾ ഇംക്ലീഷ്‌രാജാവിനെ അടങ്ങിനിൽക്കുന്നതു്, അങ്ങിനെ നിന്നില്ലെങ്കിൽ വെടി കൊണ്ടു കണ്ണുമിഴിച്ചു പോവും എന്നു ഭയപ്പെട്ടിട്ടാണെന്നു്. ഇതു് ഏറ്റവും തെറ്റായ ഒരു അഭിപ്രായമാണു്. ഇംക്ലീഷുകാരുടെ ശക്തി ഇന്ത്യയിൽ ഉള്ള കള്ളന്മാർക്കും ദുംഷ്ടന്മാർക്കും അസത്തുക്കൾക്കും ഭയത്തെയും, നല്ല ജനങ്ങളുടെ ഉള്ളിൽ ബഹുമാനത്തെയും ജനിപ്പിക്കുന്നതു ശരിയാണെങ്കിലും രാജ്യം മുഴുവനും ഇങ്ങിനെ ഒതുങ്ങിനിൽക്കുന്നതു് ഇംക്ലീഷു് ഗവർമ്മേണ്ടു പ്രജാപരിപാലനം ചെയ്യുന്നതിലുള്ള യോഗ്യത ഹേതുവായി പ്രജകൾക്കു് ആ ഗവർമ്മെണ്ടോടുള്ള പ്രിയംനിമിത്തമാണെന്നുള്ളതിലേക്കു് എനിക്കു സംശയമില്ല. ഇംക്ലീഷു് ഗവർമ്മേണ്ടു മുമ്പു് നുമ്മൾക്കുണ്ടായിരുന്ന രാജാക്കന്മാരെപ്പോലെ അനീതിയും അക്രമവും കാണിച്ചു ജനോപദ്രവം ചെയ്തിരുന്നുവെങ്കിൽ ഇതിനു് എത്രയോ മുമ്പു് ഇംക്ലീഷു് ഗവർമ്മേണ്ടു് ഇന്ത്യയിൽ ഇല്ലാതെവരുമായിരുന്നു! അതിനു സംശയമില്ല. പിന്നെ ഗോവിന്ദൻകുട്ടി പറയുന്നതു്, ഞങ്ങൾ ഇംക്ലീഷിൽ പ്രസംഗിക്കുന്നതും മറ്റും പ്രസംഗക്കാർ എന്ന കീർത്തിക്കുവേണ്ടി മാത്രം എന്നാണു്. അങ്ങിനെയുള്ള കീർത്തി ഉണ്ടാവണമെന്നു് ഞങ്ങൾക്കു് ആഗ്രഹം ഇല്ലെന്നില്ല. പക്ഷേ, അതിനു മാത്രമായി പ്രസംഗിക്കുന്നതാണെന്നു പറയുന്നതാണു് അബദ്ധം. ഈ പ്രസംഗങ്ങൾ എല്ലാം എത്രയോ ആവശ്യമായിട്ടുള്ളതാണെന്നു മാത്രമല്ല, അതുകളെക്കൊണ്ടു പലേവിധ പ്രയോജനങ്ങൾ ഇന്ത്യയ്ക്കു് ഈ ചുരുങ്ങിയ കാലത്തിനുള്ളിൽതന്നെ ഉണ്ടായിട്ടുമുണ്ടു്. ഓരോന്നായി ഞാൻ എണ്ണി പറഞ്ഞുതരാം. ഒന്നാമതു്, ഇപ്പോൾ ബിലാത്തിയിലുള്ള നിഷ്പക്ഷവാദികളായ മഹാന്മാർക്കു് ഇന്ത്യയിൽ നല്ല പഠിപ്പും സാമർത്ഥ്യവും ഉള്ളവർ പലരും ഉണ്ടെന്നു പൂർണ്ണബോദ്ധ്യമായിരിക്കുന്നു. ഇതു് ഈവക പ്രസംഗങ്ങൾ ഉണ്ടാക്കിയ ബോദ്ധ്യമാകുന്നു.
രണ്ടാമതു്, ഈ ബോദ്ധ്യം ഉണ്ടായതിനാൽ കോൺഗ്രസ്സു് സഭയെ രക്ഷപ്പെടുത്തി നിലനിർത്തേണമെന്നുള്ള ആഗ്രഹം പലേ ഇംക്ലീഷുകാർക്കും ഉണ്ടായിത്തീർന്നിരിക്കുന്നു.
മൂന്നാമതു്, പ്രസംഗങ്ങളുടെ വിശേഷതകൊണ്ടു് ഇന്ത്യയിലുള്ള ബഹുയോഗ്യരായ ജനങ്ങൾ മുമ്പു കോൺഗ്രസ്സിനോടു് അനിഷ്ടത്തെയോ അനാസ്ഥയേയോ കാണിച്ചതിനെ മാറ്റി കോൺഗ്രസ്സിനെ ബഹുമാനിച്ചു കോൺഗ്രസ്സിന്റെ ഇഷ്ടന്മാരായിത്തീർന്നിരിക്കുന്നു.
ഇങ്ങിനെ പലേവിധ ഗുണങ്ങൾ ഇത്ര ക്ഷണത്തിൽ ഇന്ത്യയ്ക്കുവേണ്ടി സമ്പാദിച്ചതു യുക്തിമാന്മാരും സമർത്ഥരും ആയ വാഗ്മികളുടെ അതിവിശേഷമായ പ്രസംഗങ്ങളാണു്. ന്യായമായവിധം കുറേക്കാലം ഈ കോൺഗ്രസ്സു് നടക്കുന്നുവെങ്കിൽ സംശയംകൂടാതെ ഇംഗ്ലണ്ടിൽ പ്രജകൾക്കു ഗവർമ്മേണ്ടിൽ നിന്നു് ഉണ്ടാവുന്ന ഗുണങ്ങൾ ഇന്ത്യയ്ക്കും ഉണ്ടാവും എന്നുള്ളതിനു് എനിക്കു സംശയമില്ല. പിന്നെ ഈ പ്രസംഗങ്ങളെപ്പറ്റി വൃഥാ കണ്ഠക്ഷോഭം എന്നു ഗോവിന്ദൻകുട്ടി പറയുന്നതു് എത്ര ഭോഷത്വമാണു്. എന്നാൽ ചിലപ്പോൾ ഈ കോൺഗ്രസ്സു് സഭക്കാരിൽ ചിലരും ചില ന്യൂസ്‌പേപ്പറുകളും സഭക്കാരോ അവരുടെ സ്നേഹിതന്മാരോ എഴുതീട്ടുള്ള ചില പുസ്തകങ്ങളും അനാവശ്യമായും അസത്യമായും ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന ഗവർമ്മേണ്ടിനെക്കുറിച്ചു ദൂഷ്യാരോപം ചെയ്യുന്നുണ്ടെന്നു ഞാൻ സമ്മതിക്കുന്നു. ഇതു വലിയ ഒരു തെറ്റാണു്. ഇതു് ഇന്ത്യയുടേയും കോൺഗ്രസ്സിന്റേയും വലിയ നിർഭാഗ്യമെന്നേ പറവാനുള്ളു. ഇതു വർദ്ധിച്ചുവരുന്നുണ്ടെങ്കിൽ കോൺഗ്രസ്സിനുതന്നെ ഒടുവിൽ ഇതു നാശകരമായിത്തീരുന്നതുമാണു്. മഹാബുദ്ധിശാലിയായ സർ ഒക്ലണ്ടു് കോൾവിൻ സായ്‌വ് അവർകൾ മിസ്റ്റർ എം. ഓ. ഹ്യൂംസായ്‌വ് അവർകൾക്കു് കോൺഗ്രസ്സുകാർ ചിലപ്പോൾ ഇന്ത്യാഗവർമ്മേണ്ടിനെക്കുറിച്ചു ചെയ്ത ദോഷാരോപണങ്ങളെക്കുറിച്ചു വളരെ യുക്തിയായും ഭംഗിയായും എഴുതിയ ഒരു കത്തിനെ ഞാൻ വായിച്ചിരുന്നു. ആ മഹാനായ സായ്‌വർകൾ ആ കത്തിൽ കാണിച്ച സംഗതികളെ വായിച്ചു് ഞാൻ വ്യസനിച്ചുപോയി. നുമ്മൾക്കു് ഇപ്പോൾ ഉള്ള ഇന്ത്യാഗവർമ്മേണ്ടു നുമ്മൾക്കു കഴിയുന്ന ഗുണം എല്ലാം ചെയ്യേണമെന്നു വളരെ താൽപര്യത്തോടും ശ്രദ്ധയും ഇരിക്കുമ്പോൾ അവർ ചെയ്യുന്നതു് അനാസ്ഥയായും ദുഷ്ടവിചാരത്തോടുകൂടിയും ആണെന്നു ചിലർ പറയുന്നതു് കഷ്ടമല്ലേ? ഇംക്ലീഷു് ഗവർണ്ണർമാരും രാജ്യഭരണാധികാരികളും വളരെ ക്ഷമാഗുണമുള്ളവരല്ലായിരുന്നുവെങ്കിൽ ഇങ്ങിനെയുള്ള അവമാനകരമായ പ്രസ്താവങ്ങൾ കേട്ടു് അവർ എങ്ങിനെ സഹിക്കും? നുമ്മളെ എങ്ങിനെ സ്നേഹിക്കും? ഈവക ചില ദോഷങ്ങൾ നുമ്മടെ ചില ആളുകൾക്കു് ഉണ്ടായിരുന്നില്ലെങ്കിൽ കോൺഗ്രസ്സു് ഇതിനുമുമ്പു് ഇതിലും ശക്തിയുള്ളതായിത്തീരുമായിരുന്നു.
ലോർഡു് ഡഫ്രീൽ എന്ന പ്രഭു ഗവർണ്ണർ ജനറാളായിരുന്ന കാലത്തു് ആദ്യത്തിൽ അദ്ദേഹത്തിന്നു കോൺഗ്രസ്സിനെ അതിപ്രീതിയായിരുന്നു. ഒടുവിൽ ഗവർമ്മേണ്ടിനെക്കുറിച്ചു് കോൺഗ്രസ്സിലെ ചില കൂട്ടർ അനാവശ്യമായും അസംഗതിയായും ദോഷങ്ങൾ പറയുന്നതു കേട്ടുകേട്ടു് അദ്ദേഹം വിഷാദിക്കേണ്ടിവന്നു. എന്റെ എല്ലായ്പോഴും ഉള്ള വിചാരവും ദൈവത്തോടുള്ള പ്രാർത്ഥനയും നുമ്മടെ ഈ കോൺഗ്രസ്സു് സഭക്കാർ ഇപ്പോൾ ഇന്ത്യയുടെ ഭാഗ്യവശാൽ കിട്ടീട്ടുള്ള ഈ ഇംക്ലീഷു് ഗവർമ്മേണ്ടിനെ അനാവശ്യമായും അസംഗതിയായും അസത്യമായും ദുഷിക്കാതെ ഇന്ത്യയുടെ അഭിവൃദ്ധിക്കുവേണ്ടിയുള്ള യത്നങ്ങൾ ചെയ്തു് ഇന്ത്യയെ ഇംഗ്ലണ്ടുപോലെ സ്വതന്ത്രതയുള്ള രാജ്യമാക്കിത്തീർക്കേണമേ എന്നാകുന്നു. ഇപ്പോഴത്തെ ഗവർമ്മേണ്ടിനെ അനാവശ്യമായും അസത്യമായും ദുഷിക്കാതെ ഈ കാര്യം സാധിക്കാൻ പലേ വഴികളും ഞാൻ കാണുന്നുണ്ടു്. ഇന്ത്യക്കാർക്കു ഗുണം വരരുതു് എന്നോ, ഇന്ത്യക്കാർ എല്ലായ്പോഴും ഇംക്ലീഷുകാരുടെ അടിമകളായി ഇരിക്കേണമെന്നോ ഇംക്ലീഷു് ഗവർമ്മേണ്ടിനു് ഒരുകാലത്തും വിചാരമുണ്ടാകയില്ല. അതു പ്രത്യക്ഷമായ കാര്യമാണു്. ഇതായിരുന്നു അവരുടെ വിചാരമെങ്കിൽ നുമ്മൾക്കു് അവരെപ്പോലെ പഠിപ്പും അറിവും ഉണ്ടാക്കിവയ്പാൻ, കഴിഞ്ഞ നൂറുകൊല്ലങ്ങളായി ഇത്രയെല്ലാം അവർ ഉത്സാഹിക്കുന്നതല്ലായിരുന്നു. അതുകൊണ്ടു് അവരുടെ ഉദ്ദേശം നുമ്മളെ അവരെപ്പോലെതന്നെ യോഗ്യരാക്കി വെയ്ക്കേണമെന്നാണെന്നു കുട്ടികൾക്കുകൂടി ബോദ്ധ്യമാവുന്നതാണു്. എന്നാൽ അങ്ങിനെയാണു് അവരുടെ ഉദ്ദേശം എന്നു് ഓർത്തു് നുമ്മളിൽ പഠിപ്പും അറിവും ഉള്ളവർ ഗുണങ്ങൾ താനേ വരുമെന്നു നിശ്ചയിച്ചു സ്വസ്ഥന്മാരായിരിക്കരുതു്. നുമ്മളുടെ സ്ഥിതി മേൽക്കുമേൽ നന്നാക്കുവാൻ ന്യായമായവിധം എല്ലാ ശ്രമങ്ങളും എല്ലായ്പോഴും ചെയ്തുവരേണ്ടതാണു്. അതിനാണു് ഈ കോൺഗ്രസ്സു് സഭ കൂടീട്ടുള്ളതു്. ഇങ്ങിനെ ഒരു സഭ ഏറ്റവും ആവശ്യമായിട്ടുള്ളതാണു്. ഗവർമ്മേണ്ടു ചെയ്യുന്ന സകല പ്രവൃത്തികളും ഇന്ത്യയ്ക്കു ദോഷകരമായിട്ടാണെന്നു് ഈ സഭ ഒരിക്കലും പറയുകയില്ല. ആരെങ്കിലും അതിൽ ചിലപ്പോൾ പറയുന്നുവെങ്കിൽ അവൻ ഭ്രാന്തനാണെന്നു ഞാൻ പറയും. ഗവർമ്മേണ്ടിനെ സ്നേഹിച്ചും ആദരിച്ചുംകൊണ്ടു ഗവർമ്മേണ്ടു ചെയ്യുന്ന ഓരോ പ്രവൃത്തികളുടെ ഗുണദോഷങ്ങളെപ്പറ്റി യഥേഷ്ടം നുമ്മൾക്കു വ്യവഹരിപ്പാൻ സകല സ്വാത്രന്ത്ര്യങ്ങളും ഇംക്ലീഷു് ഗവർമ്മേണ്ടു തന്നിരിക്കെ ആ ഗവർമ്മേണ്ടിന്റെ പ്രവൃത്തിയിൽ ഉള്ള സത്യത്തെയും ഉത്തമവിശ്വാസത്തെയും സംശയിച്ചുകൊണ്ടു വല്ലതും പറയുന്നതു മഹാകഷ്ടമാണെന്നുള്ളതിനു സംശയമില്ല. അതുകൊണ്ടു് ഈ കോൺഗ്രസ്സു് ഗവർമ്മേണ്ടിന്റെ ഉത്തമവിശ്വാസ്യതയെയും നിഷ്കന്മഷതയെയുംപറ്റി ദുഷിക്കുന്നുണ്ടെങ്കിൽ അതു സഭയുടെ നാശത്തിനു മാത്രമാണെന്നു ഞാൻ തീർച്ചയായും സമ്മതിക്കുന്നു. എല്ലാ പ്രവൃത്തിയും സത്യത്തോടുകൂടി ചെയ്യണം. സത്യമില്ലാഞ്ഞാൽ പിന്നെ ഒരു പ്രവൃത്തിയും ശ്രേയസ്കരമായി വരാൻ പാടില്ല.
പിന്നെ ഗോവിന്ദൻകുട്ടി പറയുന്നതു്, ഇന്ത്യക്കാർക്കു് ധനമില്ല, ഒരുമയില്ല, സത്യമില്ല, ഉത്സാഹമില്ല എന്നും മറ്റുമാണു്. ഇതിൽ ചിലതിൽ കുറെ നേരുണ്ടായിരിക്കാം. ഒരുമയില്ലെങ്കിൽ ഈ കോൺഗ്രസ്സു് ഇങ്ങിനെ നടക്കുന്നതല്ല. ഇത്ര വലുതായ ഒരു രാജ്യത്തു് ഇപ്പോൾ കാണുന്നതുപോലെയുള്ള ഒരുമയും ചേർച്ചയും ഇംക്ലീഷ്ഭാഷനിമിത്തം ഉണ്ടായതാണു്. എനിയും ഈ ഭാഷ പരക്കുന്നതോടുകൂടി ഒരുമ വർദ്ധിച്ചുവരും. ജനങ്ങൾക്കു് ഒരുമ ഉണ്ടാവുന്നതു് ഓരോ കാര്യങ്ങളെക്കുറിച്ചു് അവർക്കു് ഉണ്ടാവുന്ന അഭിപ്രായങ്ങൾ ഒരുപോലെ ഉണ്ടാവുന്നതിൽനിന്നാണു്. അറിവു് ഉണ്ടാവുമ്പോൾ മുഖ്യമായ സംഗതികളിൽ എല്ലാം അഭിപ്രായങ്ങൾ സാമാന്യം ഒരുപോലെതന്നെ ഉണ്ടാവാനേ പാടുള്ളു. ‘സത്യമില്ല’ എന്നു ഗോവിന്ദൻകുട്ടി പറഞ്ഞതുകൊണ്ടു് ഇന്ത്യാനിവാസികളെ അനാവശ്യമായി അപകീർത്തിപ്പെടുത്തി എന്നു മാത്രം ഞാൻ പറയുന്നു. എത്ര സത്യവാന്മാരെ, ഇന്ത്യയിൽ ഇപ്പോൾ ഉള്ളവരെത്തന്നെ ഗോവിന്ദൻകുട്ടി അറിയും. പിന്നെ പുരാണങ്ങൾപ്രകാരം ഹരിശ്ചന്ദ്രൻ , അശ്വത്ഥാമാ, ദശരഥൻ മുതലായവരെക്കുറിച്ചു് വായിച്ചിട്ടില്ലേ? ഇന്ത്യാ രാജ്യം അനാദിയായേ സത്യത്തിൽ ബഹുതൃഷ്ണയും നിഷ്കർഷയും ഉള്ള രാജ്യമാണെന്നു പലേ സംഗതികളെക്കൊണ്ടും നിശ്ചയിക്കാൻ കഴിയുന്നതാണു്. അങ്ങിനെ ഇരിക്കുമ്പോൾ ധൃതഗതിയായി സത്യമില്ലാത്തവരാണു നുമ്മൾ എന്നു ഗോവിന്ദൻകുട്ടി പറഞ്ഞു കളഞ്ഞതു കേട്ടു് എനിക്കു വളരെ വ്യസനം തോന്നുന്നു. ‘ഉത്സാഹമില്ലെ’ന്നു ഗോവിന്ദൻകുട്ടി പറഞ്ഞതും നേരല്ലാ. പഠിപ്പാനും അറിവുകൾ കിട്ടാനും ഉള്ള ഉത്സാഹം ഇന്ത്യയിൽ ക്രമേണ വർദ്ധിച്ചുവരുന്നു എന്നുള്ളതിനു് എനിക്കു സംശയമില്ല. ഇന്ത്യക്കാർ ധൈര്യവും ശരീരമിടുക്കും ഇല്ലെന്നോ ഉണ്ടെന്നോ ഇന്ത്യയിൽ ഇപ്പോൾ ഏർപ്പെടുത്തീട്ടുള്ള നേറ്റീവു് പട്ടാളക്കാരെ പോയി നോക്കി അവരുടെ സ്ഥിതി അറിഞ്ഞതിന്റെശേഷം പറയേണ്ടതാണു്. ഗോവിന്ദൻകുട്ടി പക്ഷേ, ഒരു ഭീരുവായിരിക്കാം. മറ്റെല്ലാവരും തന്നെപ്പോലെതന്നെ ഭീരുക്കളാണെന്നു ഭീരുത്വമുള്ളവനു തോന്നുന്നതു സാധാരണയാണു്. കോൺഗ്രസ്സിൽ ‘തൊള്ള ഇടുന്നു’ എന്നു് അവമാനകരമായി ഗോവിന്ദൻകുട്ടിയാൽ പറയപ്പെട്ടിട്ടുള്ള പലേ ബാബുമാരും അയ്യന്മാരും മുതലികളും അവരുടെ ജീവനേയും സർവ്വധനത്തേയും ഇന്ത്യയുടെ അഭ്യുദയത്തിന്നും ഗുണത്തിന്നുംവേണ്ടി ത്യജിപ്പാൻ ഒരുക്കമുള്ളവരാണെന്നു് ഞാൻ വിശ്വസിക്കുന്നു. പക്ഷേ, ബുദ്ധികൌശലത്താൽ ജയിക്കേണ്ട ദിക്കിൽ തോക്കു് എടുത്തു വെടിവച്ചു ജയിക്കേണമെന്നു പറഞ്ഞാൽ ആർ കേൾക്കും? ധൈര്യമുണ്ടെങ്കിൽ പത്തു ബാബുമാരും അയ്യന്മാരുംകൂടി ഇംക്ലീഷു് ഗവർമ്മേണ്ടിന്റെ നേരം യുദ്ധംചെയ്തു കാണണം എന്നൊരു വിഡ്ഢി പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ? സർ ലിഫിൻ ഗ്രിഫിൻ മുതലായവർ ഇന്ത്യയെക്കുറിച്ചു ദുഷിക്കുന്നതിൽ ഗോവിന്ദൻകുട്ടിക്കു ബഹുരസമാണെന്നു പറഞ്ഞു. അതിൽ എനിക്കും വളരെ രസമാണു്. യോഗ്യരായ ആളുകൾ ശത്രുപക്ഷത്തിൽ ചേർന്നു നുമ്മളുടെ അവസ്ഥകളെപ്പറ്റി ദുഷിച്ചാൽ മാത്രമേ നുമ്മൾക്കു നുമ്മളുടെ ഗുണദോഷങ്ങളെ ശരിയായി അറിവാനും ആവശ്യമായ ഭേദങ്ങളെ ചെയ്‌വാനും കഴികയുള്ളു. ഇവർ സൂക്ഷ്മതലത്തിൽ ഇന്ത്യയ്ക്കു വളരെ ഗുണമാണു ചെയ്യുന്നതു്. വാചാലന്മാരായ ബാബുമാരും അയ്യരും മുതലിയും ഒരു മുസൽമാനോടു് എതിർക്കാൻ ശക്തിയില്ല, ഭീരുക്കളാണു്, എന്നും മറ്റും അവമാനമായി എപ്പോഴും പറഞ്ഞുകേൾക്കുന്നതു നുമ്മൾക്കു ചൊടി ഉണ്ടാക്കുവാനും നുമ്മടെ ധൈര്യശൌര്യങ്ങളുടെ വർദ്ധനവിനും വിശേഷ കാരണങ്ങളായി വരും. അതുകൊണ്ടു് അവർ അങ്ങിനെതന്നെ പറഞ്ഞുകൊള്ളട്ടെ.
ഗോവിന്ദൻകുട്ടി പറഞ്ഞതിനെല്ലാം ഞാൻ ഒരുവിധം സമാധാനം പറഞ്ഞു. എനി കോൺഗ്രസ്സ്സഭയുടെ ഉദ്ദേശം എന്താണെന്നു ചുരുക്കമായി ഞാൻ പറഞ്ഞു് അച്ഛനെ ധരിപ്പിക്കാം. ഞാൻ പറയുന്ന ഉദ്ദേശത്തിൽനിന്നു വിട്ടിട്ടു് ഈ സഭ നിൽക്കുന്നതു് എപ്പോഴെങ്കിലും കാണുന്ന ക്ഷണം ഞാൻ അതിൽനിന്നു് ഒഴികയും ചെയ്യും.
ഇംക്ലീഷു രാജ്യഭാരം ഈ രാജ്യത്തിൽ തുടങ്ങിയമുതൽ പലേ നാശങ്ങളും നേരിടുന്നതിനാൽ അതുകളെ ഇല്ലായ്മചെയ്‌വാൻ വേണ്ടി വ്യവഹരിപ്പാൻ കൂടിയ ഒരു സഭയാണു് ഇതു് എന്നു അച്ഛൻ ധരിച്ചതു കേവലം തെറ്റാണു്. ഇംക്ലീഷു് ഗവർമ്മേണ്ടു തുടങ്ങിയമുതൽ ഇന്ത്യയ്ക്കു വാചാമഗോചരമായ ഗുണങ്ങളാണു് ഉണ്ടായിട്ടുള്ളതു്. എന്നാൽ ആ ഗുണങ്ങളെ എനിയും വർദ്ധിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ചെയ്‌വാൻ കൂടിയ സഭയാണു കോൺഗ്രസ്സു് എന്നു പറയുന്ന സഭ. ഇംക്ലീഷ്കാരോളം ബുദ്ധിസാമർത്ഥ്യം ഉണ്ടായിട്ടു മറ്റൊരു ജാതിക്കാരെ കാണ്ണമാൻ കഴിയുമോ? സംശയം. ഈ ബുദ്ധി സാമർത്ഥ്യത്തിന്റെ ലക്ഷണങ്ങൾ അവരിൽ കാണുന്നതു ഒന്നാമതു നീതിജ്ഞത; രണ്ടാമതു നിഷ്പക്ഷപാതിത്വം; മൂന്നാമതു ദയ; നാലാമതു ധീരത; അഞ്ചാമതു് ഉത്സാഹം; ആറാമതു ക്ഷമ ഇതുകളാണു്. ഇങ്ങിനെ ആറുസാധനങ്ങളെക്കൊണ്ടാണു് ഇംക്ലീഷുകാർ ഇത്ര അധികം രാജ്യങ്ങൾ ഈ ലോകത്തിൽ സ്വാധീനമാക്കി രക്ഷിച്ചു വരുന്നതു്. ഇങ്ങിനെ ഉൽകൃഷ്ടബുദ്ധികളായ മനുഷ്യരാൽ ഭരിക്കപ്പെടുവാൻ സംഗതിവന്നതു് ഇന്ത്യയുടെ ഒരു മഹാഭാഗ്യമാണെന്നുള്ളതിനു സംശയമില്ല. ഇവരുടെ രാജ്യഭാരം തുടങ്ങിയമുതൽ ഇന്ത്യാക്കാർക്കു് അറിവും വർദ്ധിച്ചുതുടങ്ങി. ആ അറിവിന്നു സദൃശമായ യോഗ്യതകൾ ലഭിക്കേണമെന്നുള്ള ഇച്ഛയും ഇന്ത്യാക്കാർക്കു തുടങ്ങി. ആ ഇച്ഛകളെ നിവർത്തിപ്പാൻ ഇംക്ലീഷ്കാരോടു് ആവശ്യപ്പെട്ടാൽ അവർ ന്യായാനുസൃതമായി ചെയ്യുമെന്നുള്ള പൂർണ്ണവിശ്വാസം ഞങ്ങൾക്കുണ്ടാകയാൽ ആ അപേക്ഷകളെ യുക്തിയുക്തങ്ങളായ സംഗതികളോടുകൂടി ചെയ്‌വാൻവേണ്ടി ചേർന്നിട്ടുള്ള സഭയാണു കോൺഗ്രസ്സു് സഭ.
ഇംക്ലീഷുകാർ എല്ലായ്പോഴും എല്ലാ സംഗതികളിലും മനുഷ്യർക്കു സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണെന്നുള്ള അഭിപ്രായക്കാരാണു്. ഈ അഭിപ്രായം വളരെ സംഗതികളിൽ മനുഷ്യസമുദായത്തിലെ ക്ഷേമത്തിന്നു് അനുസരിച്ചു് അവർ നടത്തിയും വരുന്നുണ്ടു്. ഇപ്പോൾ ഇംക്ലീഷു് ബിലാത്തിയിൽ ഒരു മനുഷ്യനും മറ്റൊരു മനുഷ്യന്റെ അടിമയാണെന്നു വിചാരിക്കുകയില്ല. ഒരു മനുഷ്യനും ഏകശാസനമായി ഒന്നും മറ്റുള്ള മനുഷ്യരെപ്പറ്റി ചെയ്‌വാൻ കഴികയില്ല. ഇംഗ്ലണ്ടിൽ ഒരു മനുഷ്യനും തന്റെ ശക്തിക്കും ഇഷ്ടത്തിന്നും അനുസരിച്ചു കുറ്റകരമല്ലാത്ത യാതൊരു പ്രവൃത്തിയും ചെയ്യുന്നതിൽ മറ്റൊരാളെ ഭയപ്പെടുകയില്ല. ഇതിന്നുള്ള മുഖ്യകാരണം ഇംഗ്ലണ്ടിൽ രാജ്യഭരണക്രമം അതിമഹാന്മാരായ ആളുകൾ ഏർപ്പെടുത്തിയതിന്റെ ഒരു വിശേഷതതന്നെയാണു്. ആ മാതിരി മുഴുവനും ഒന്നായിട്ടു കിട്ടുന്നില്ലെങ്കിൽ ഏതാനും ഏതാനും അപ്പപ്പോഴായിട്ടെങ്കിലും നുമ്മൾക്കും കിട്ടേണമെന്നുള്ള അപേക്ഷയെയാണു് കോൺഗ്രസ്സു് ചെയ്തുവരുന്നതു്. ഇതിൽ എന്താണു ഒരു ദോഷം? ഇന്ത്യയിൽ എന്നുവേണ്ടാ ആഫ്രിക്കയിൽ ഉള്ള കാപ്പിരിജാതിക്കാരെക്കൂടി കഴിയുമെങ്കിൽ ഈവിധം തന്ത്രങ്ങൾ ഏർപ്പെടുത്തിയ മാതിരിയിലുള്ള രാജ്യഭരണത്തിൽ കൊണ്ടുവന്നാൽ നല്ലതാണെന്നു ഞാൻ വിചാരിക്കുന്നു. ഇന്ത്യയിൽ സാധാരണജനങ്ങൾക്കും പഠിപ്പും അറിവും നല്ലവണ്ണം എനിയും ഉണ്ടായിട്ടില്ലാത്തതിനാൽ ഈ മാതിരി രാജ്യഭരണത്തിന്നു സമയമായിട്ടില്ലെന്നു ചില ദുഷ്ടന്മാർ പറയുന്നുണ്ടു്. ഇതു വെറും ദുഷ്ടതയാണു്. രാജ്യഭാരം ഈ അറിവില്ലാത്താളുകളെക്കൊണ്ടു നേരിട്ടു ചെയ്യിക്കേണമെന്നു് ആരും പറകയില്ലാ. എത്ര അറിവില്ലാത്താളുകൾക്കും സുഖദുഃഖങ്ങളെ അറിവാൻ കഴിയും. ഇന്ത്യാരാജ്യക്കാർക്കു് അതു് അറിവാൻ കഴികയില്ലെന്നു് പറയുന്നതു ഭോഷത്വമല്ലേ? മുമ്പേത്തെമാതിരി നാടുവാഴികൾ ശിക്ഷാരക്ഷകൾ ചെയ്തുവന്നപ്പോൾ ഉണ്ടായിരുന്ന സുഖദുഃഖങ്ങളും ഇപ്പോഴത്തെ രാജ്യഭാരത്തിൽ ഉണ്ടാവുന്ന സുഖദുഃഖങ്ങളും ഇന്ത്യയിൽ ഉള്ള എത്രയോ താണതരം മനുഷ്യർകൂടി മുഖ്യമായ സംഗതികളിൽ അറിയുന്നു. മനുഷ്യർ പോട്ടെ, ചില മൃഗങ്ങൾകൂടി അതുകളെ ദയയോടെ സംരക്ഷിക്കുന്നെന്നും അതിനോടു ക്രൂരത കാട്ടുന്നെന്നും ആളുകളെ വേർതിരിച്ചറിയുന്നു. ഇപ്പോൾ കോണ്‌ഗ്രസ്സു് ആവശ്യപ്പെടുന്നതു് മുഖ്യമായി ഈ രാജ്യത്തെ ഭരിക്കുന്നതിൽ വിദ്യകൊണ്ടും അറിവുകൊണ്ടും ഇംക്ലീഷ്കാരോടു സമന്മാരായ ഈ രാജ്യക്കാരെ അധികം ചേർത്തു് അവരുടെ അഭിപ്രായങ്ങളെ ആലോചിച്ചും അനുസരിച്ചും വേണമെന്നാണു്. ഇതിൽ എന്താണു് അബദ്ധം? ഇങ്ങിനെ ആയാൽ അല്ലേ പ്രജകൾക്കു് അധികം ഗുണം? രാജ്യഭരണതത്രങ്ങളെ അറിഞ്ഞു നടത്താൻ കഴിയുന്നവർ പലരും നമ്മുടെ നേറ്റീവാളുകളുടെ ഇടയിൽ ഇപ്പോൽ ഇന്ത്യയിൽ എല്ലായിടവും ഉണ്ടെന്നു സമ്മതിക്കുന്നു. അങ്ങിനെ ആളുകളെ ഉണ്ടാക്കിച്ചതും ഇംക്ലീഷ്‌കാർ തന്നെ. അങ്ങിനെ ഇരിക്കുമ്പോൾ പഠിപ്പുള്ള യോഗ്യന്മാരായ ആളുകളെ അവരവരുടെ അവസ്ഥാനുസാരം ഇംക്ലീഷുകാരോടുകൂടി രാജ്യഭരണത്തിൽ ചേർത്തു രാജ്യഭാരം ചെയ്യേണമെന്നു് നോം ആവശ്യപ്പെടേണ്ടതല്ലയോ? ഈവിധം ഉള്ള ഓരോ സംഗതികളെയാണു് കോൺഗ്രസ്സു് മുഖ്യമായി ആലോചിക്കുന്നതും.
ഇന്ത്യയിൽ പഠിപ്പില്ലാത്തവർ പഠിപ്പുള്ളവരേക്കാൾ വളരെ അധികം എന്നു സമ്മതിക്കുന്നു. ഇംഗ്ലണ്ടു്, അമേരിക്ക, ജർമ്മനി, ഫ്രാൻസു് മുതലായ രാജ്യങ്ങളിലെ സ്ഥിതിയും ഈ സംഗതിയിൽ ഇന്ത്യയിലെപ്പോലെ തന്നെയാണു് . സാധാരണ കച്ചവടം, കൃഷി, കൈവേല, കൂലിപ്പണി ഇതുകളെക്കൊണ്ടു കാലക്ഷേപംകഴിക്കുന്ന അധികജനങ്ങൾക്കു് എല്ലാ രാജ്യങ്ങളിലും രാജ്യഭാരകാര്യത്തേക്കുറിച്ചുള്ള അറിവു് ഏറയും കുറയുമായി ഒരുപോലെതന്നെയിരിക്കും. ദൃഷ്ടാന്തത്തിനു പാർലിയമെണ്ടു സഭയിലേക്കു മെംബർമാരെ തിരഞ്ഞെടുക്കുമ്പോൾ ഇംഗ്ലണ്ടിൽ ഉണ്ടാവുന്ന കോലാഹലങ്ങൾ പോയി നോക്കിയാൽ മതിയാവുന്നതാണു്. എന്നിട്ടും പാർലിയമെണ്ടിൽ മെംബർമാരായി എത്തിച്ചേരുന്നതു മിക്കവാറും യോഗ്യരായ ആളുകൾതന്നെയാണു്. ഇവിടെ ഒരു സൂക്ഷ്മാണു വിചാരിക്കാനുള്ളതു്. ജനങ്ങൾ പൊതുവിൽ എല്ലാവരും അറിവുള്ളാളൂകൾ അല്ലെങ്കിലും തങ്ങളുടെ ഇടയിൽ ഉള്ള അറിവുള്ള മനുഷ്യരുടെ ചൊൽപടിക്കും ഉപദേശത്തിന്നും അനുസരിച്ചു ക്രമമായവിധം പ്രവർത്തിക്കുമെന്നു് ഊഹിക്കേണ്ടതാണു്.
ജാതിമതധർമ്മങ്ങളും സ്ത്രീകൾക്കു വിദ്യാഭാസമില്ലായ്മയും മറ്റും കോൺഗ്രസ്സുകാരുടെ അപേക്ഷകളെ നിരാകരിക്കുന്നതിന്നു കാരണമായി വരാൻ പാടില്ല .
ഇന്ത്യാരാജ്യത്തിൽ നികുതികെട്ടുക, ജനങ്ങളെ ശിക്ഷാരക്ഷ ചെയ്യുക, രാജ്യശ്രീയെ പോഷിപ്പിക്കുക, ഈവക പലേവിധമായ രാജ്യഭാര കാര്യപ്രവൃത്തികൾ ഇന്ത്യാക്കാരെത്തന്നെ അധികം ഉപയോഗിക്കേണ്ടതാണെന്നു നിക്ഷ്പക്ഷപാതികളായ ഇംക്ലീഷുകാർക്കുതന്നെ ബിലാത്തിയിൽ ഇപ്പോൾ പൂർണ്ണാഭിപ്രായം ഉണ്ടായി അവർതന്നെ ആ അഭിപ്രായം നടത്തുവാൻ പലേശ്രമങ്ങളും ചെയ്തുവരുന്നു . ഇതെല്ലാം കോൺഗ്രസ്സു് കഴിഞ്ഞ നാലു കൊല്ലങ്ങളിൽ ചെയ്ത ഉത്സാഹങ്ങളുടെ ഫലമാണെന്നു വിശ്വസിക്കാം.
ഇംക്ലീഷു് ഗവർമ്മേണ്ടിനു് ഇന്ത്യയിൽ ഒന്നാമത്തെ രക്ഷ ആ ഗവർമ്മെണ്ടുനിമിത്തം ഉണ്ടായിട്ടുള്ള ഇപ്പോൾ കാണുന്ന പഠിപ്പുള്ള ജനങ്ങളാണെന്നു ഞാൻ വിശ്വസിക്കുന്നു. പഠിപ്പുള്ള ജനങ്ങൾക്കു മാത്രമേ ഇംക്ലീഷുഗവർമ്മെണ്ടിന്റെ ഗുണദോഷങ്ങൾ വിവരമായി അറിവാൻ കഴികയുള്ളു. പഠിപ്പില്ലാത്തവർക്കു സൂക്ഷ്മസ്ഥിതി ഒന്നും അറിവാൻ കഴികയില്ലാ. 1857-ൽ ഇന്ത്യയിൽ ഉണ്ടായ അതിഭയങ്കരമായ ലഹള ആമാതിരിയുള്ള കാരണങ്ങളിന്മേൽ എനി ഒരു പ്രാവശ്യം ഇന്ത്യയിൽ ഉണ്ടാവാൻ പാടുള്ളതല്ലെന്നു ഞാൻ വിചാരിക്കുന്നു. ഇങ്ങിനെ ഉണ്ടാവാൻ പാടില്ലെന്നു ഞാൻ വിചാരിക്കുന്നതിന്നു മുഖ്യകാരണം ഇന്ത്യയിൽ ഇപ്പോൾ വർദ്ധിച്ചു വരുന്ന പഠിപ്പും അറിവും നിമിത്തമാണെന്നു ഞാൻ പറയുന്നു. പട്ടാളങ്ങൾ അധികരിച്ചതിനാലും കോട്ടകൾ അധികം ഉണ്ടാക്കിയതിനാലും മറ്റും അല്ല ഇങ്ങിനെ ഇംക്ലീഷു് ഗവർമ്മേണ്ടിന്നു് ഇന്ത്യയിൽ ബലം വർദ്ധിച്ചതു്. ഒരു ഗവർമ്മെണ്ടിന്റെ ബലം അതിന്റെ പ്രജകളുടെ അറിവിലും പഠിപ്പിലും സ്നേഹത്തിലുംനിന്നു് ഉത്ഭവിച്ചു വർദ്ധിച്ചുവരണം. അല്ലാതെ ഉണ്ടാവുന്ന ബലം നിലനിൽക്കുന്ന ബലമല്ല. 1857-ൽ മൃഗങ്ങളുടെ ശവത്തിൽനിന്നു് എടുത്ത നെയ്യു് പെരട്ടിയ വെടിമരുന്നുതിരകൾ കടിപ്പിച്ചു പട്ടാളക്കാരുടെ ജാതി കളവാൻപോവുന്നു എന്നു് ഉണ്ടാക്കിയ ആ കിംവദന്തി എത്ര ക്ഷണം കാട്ടുതീപോലെ രാജ്യത്തു് എല്ലാം പരന്നു. എത്ര ക്ഷണേന ജനങ്ങൾ വിശ്വസിച്ചു. ഇംക്ലീഷു് ഗവർമ്മേണ്ടു് അങ്ങിനെ ദുഷ്ടതയായി പ്രവർത്തിക്കുന്ന ഒരു ഗവർമ്മേണ്ടല്ലെന്നു പറഞ്ഞു സാധാരണ ജനങ്ങളെ ധരിപ്പിക്കാൻ അന്നു് അറിവുള്ളവർ ഇന്ത്യയിൽ വളരെ ചുരുക്കമായിപ്പോയതിനാൽ ദുഷ്ടന്മാരുണ്ടാക്കിത്തീർത്ത ഈ ഭോഷ്കു് ക്ഷണേന ജനങ്ങൾ വിശ്വസിച്ചു. ഇക്കാലം ഇംക്ലീഷു് ഗവർമ്മെണ്ടിനെക്കൊണ്ടു് ഇങ്ങിനെ ഒരു നുണ പറഞ്ഞാൽ എത്ര ക്ഷണം അതു കളവാണെന്നു ജനങ്ങൾക്കു ബോദ്ധ്യപ്പെടും. ഇതിനു് എന്തു കാരണം? ജനങ്ങളുടെ ഇടയിൽ ഇംക്ലീഷു് ഗവർമ്മെണ്ടിന്റെ സൂക്ഷ്മതത്വങ്ങൾ അറിയുന്ന പലരും ഇപ്പോൾ ഇന്ത്യയിൽ പലേടങ്ങളിലും ഉണ്ടാകയാൽ ഈവക നുണകൾ ഒന്നും പരക്കാൻ അവർ സമ്മതിക്കുകയില്ല. ഇതുതന്നെ കാരണം. ഇങ്ങിനെയാണു കാര്യത്തിന്റെ സൂക്ഷ്മസ്ഥിതി. എന്നിട്ടും ദുഷ്ടന്മാരായ അൽപം ചില മനുഷ്യർ ഇംക്ലീഷു് ഗവർമ്മെണ്ടിനെ അസത്യമായി ദുഷിക്കുന്നതുകൊണ്ടു പഠിപ്പുള്ള എല്ലാവരും ഇംക്ലീഷു് ഗവർമ്മേണ്ടിനോടു വിരോധമാണെന്ന ഒരു ധാരണ ഉണ്ടായിത്തീരുന്നതു കണ്ടു ഞാൻ വ്യസനിക്കുന്നു. ഇംക്ലീഷ്‌കാരെ നുമ്മൾ ന്യായമല്ലാതെ ബഹുമാനിക്കുകയും ഭയപ്പെടുകയും ചെയ്യേണമെന്നു യോഗ്യന്മാരായ ഇംക്ലീഷുകാർ ആരും ആവശ്യപ്പെടുന്നില്ല. രാജ്യത്തു് ഇപ്പോൾ ഉള്ള ഗവർമ്മേണ്ടുമതി എന്നു് അച്ഛൻ പറയുന്നതിൽ ഞാൻ യോജിക്കുന്നില്ല. ഇംക്ലീഷുകാരെപ്പോലെതന്നെ വിദ്യാഭ്യാസം ചെയ്ത നുമ്മൾക്കു സാമർത്ഥ്യവും യോഗ്യതയും ഉണ്ടായശേഷം നുമ്മൾ സാധാരണ മനുഷ്യസ്വഭാവത്തിന്നു് അനുസരിച്ചു് ആ യോഗ്യതാനുസരണം ഓരോ സ്ഥിതികളിൽ ഇരിപ്പാൻ കാംക്ഷിക്കുന്നതു തെറ്റാണെന്നു പറയുന്നതു നീതിയല്ല. ദുഷ്ടന്മാരല്ലാതെ ഇതു തെറ്റാണെന്നു ആരു പറയും? ഇംക്ലീഷു് ബിലാത്തിയിൽ മുക്കാലേ മൂന്നു വീശവും ജനങ്ങൾക്കു് ഈ കോൺഗ്രസ്സിനെ വളരെ ബഹുമാനമാണു് ഉള്ളതു്. ഇപ്പോൾ ഇംക്ലീഷു് പഠിച്ചു് ഉയർന്നതരം പരീക്ഷകൾ ജയിച്ചു രാജ്യഭാരതന്ത്രത്തിൽ പരിശ്രമിച്ചു് അതിൽ സമർത്ഥന്മാരായി ഇംക്ലീഷുകാരോടു സമന്മാരായിരിക്കുന്ന നുമ്മളുടെ ആളുകൾ തങ്ങളുടെ ശ്ലാഘ്യതയു്ക്കനുസരിച്ച പദവിക്കു ഗവർമ്മെണ്ടോടാവശ്യപ്പെടുമ്പോഴും,
ഇന്ത്യാരാജ്യത്തു് ഇപ്പോൾ നടക്കുന്ന രാജ്യഭാരക്രമങ്ങളിൽ ജനസമുദായത്തിന്റെ ഗുണത്തിൽ ചില ചില ഭേദങ്ങൾ ചെയ്യേണമെന്നു പറയുമ്പോഴും, ദാരിദ്ര്യദശയിൽ എത്താൻപോവുന്ന ഒരു രാജ്യത്തിന്റെ പണം ഗവർമ്മെണ്ടു ചിലവിടുന്നതിലും പണം എടുപ്പിക്കുന്നതിലും ഇപ്പോൾ വെച്ചിട്ടുള്ള ശട്ടവട്ടങ്ങളിൽ ചില ചില ഭേദങ്ങൾ ചെയ്യാതിരുന്നാൽ അതു് രാജ്യത്തിന്നു നാശകരമായി വരുമെന്നു യുക്തിയുക്തങ്ങളായ സംഗതികളോടുകൂടി രാജ്യത്തിൽ പ്രമാണപ്പെട്ടും ജനസമ്മതന്മാരായും ഉള്ള പഠിപ്പുള്ളവർ ഒരു സഭയായി കൂടി ഗവർമ്മേണ്ടിനോടു പറയുമ്പോഴും,
“നിങ്ങൾ എല്ലാം ജാതി ഒന്നല്ലാ. ഒന്നാമതു ജാതി ഒന്നാക്കിൻ. രണ്ടാമതു നിങ്ങളുടെ പെണ്ണുങ്ങളെ വിദ്യ പഠിപ്പിക്കിൻ. തീനും കുളിയും ആചാരങ്ങളും പഴേമാതിരിയുള്ളതെല്ലാം കളയുവിൻ. ഇരുമ്പുചക്രങ്ങളും തൂശിയും ഉണ്ടാക്കാൻ പഠിക്കിൻ എന്നിട്ടു് ഈ സംഗതിയെക്കുറിച്ചു സംസാരിച്ചാൽ മതി.” എന്നു ഗോവിന്ദൻകുട്ടിയെപ്പോലെയുള്ള വിഡ്ഢികൾ മറുവടി പറയുന്നതായാൽ അതു നിസ്സാരമായ മറുവടിയാണെന്നു് അച്ഛനുതന്നെ തോന്നുകയില്ലയോ?
ഗോവിന്ദൻകുട്ടിമേനവൻ: മാധവൻ ഇപ്പോൾ പറഞ്ഞമാതിരിയാണു കോൺഗ്രസ്സിന്റെ സ്വഭാവമെങ്കിൽ ഞാൻ പറഞ്ഞതിൽ അധികം ഭാഗവും തെറ്റാണെന്നു ഞാൻ സമ്മതിക്കാം . എന്നാൽ സൂക്ഷ്മഥിതി അങ്ങിനെ അല്ലെന്നു ഞാൻ വിചാരിക്കുന്നു. കോൺഗ്രസ്സുകാരുടെ പലേ പ്രസംഗങ്ങളും ഞാൻ വായിച്ചിട്ടുണ്ടു്. ആ പ്രസംഗങ്ങളിൽ മുക്കാലേമൂന്നു വീശവും ഇപ്പോഴുള്ള ബ്രിട്ടീഷു് ഗവർമ്മേണ്ടിനെ വളരെ സ്നേഹത്തോടും പ്രമത്തോടും ശ്ലാഘിച്ചതായി ഞാൻ കണ്ടിട്ടില്ല. അതുകൾ വായിച്ചപ്പോൾ ഇംക്ലീഷുകാരോടു സഭക്കാർക്കു് ഒരു വെറുപ്പു് ഉള്ളതുപോലെ തോന്നി.
മാധവൻ: അതു ഗോവിന്ദൻകുട്ടി വായിച്ചു മനസ്സിലാക്കിയെടത്തെ തെറ്റാണു് . ഇംക്ലീഷുകാരെ വെറുത്തിട്ടാണെങ്കിൽ ഇപ്പോൾ ബിലാത്തിയിൽ ഈ കോൺഗ്രസ്സിനെ ഇത്ര ബഹുമാനമുണ്ടാവുമോ?
ഗോവിന്ദൻകുട്ടിമേനവൻ: ബിലാത്തിയിൽ കോൺഗ്രസ്സിന്റെ സ്ഥിതി അറിവില്ലാത്തവർക്കേ അതിനെപ്പറ്റി ബഹുമാനമുള്ളു. ലോർഡു് ഡപ്രീൻ മതലായ മഹാന്മാർക്കു കോൺഗ്രസ്സിനെ ബഹു പുച്ഛമാണു്.
മാധവൻ: ഒരിക്കലും അല്ല. എന്നാൽ ഞാൻ മുമ്പു പറഞ്ഞപ്രകാരം ചില ധൃതിക്കാരുടെ തുമ്പില്ലാത്ത പ്രസംഗങ്ങളാലും മറ്റും ലോർഡു് ഡപ്രീനു കുറെ മുഷിച്ചിൽ ഉണ്ടായി എങ്കിലും കോൺഗ്രസ്സിനെ ഞാൻ പറഞ്ഞവിധമുള്ള സ്ഥിതിയിൽ ലോർഡു് ഡപ്രീനു വളരെ ബഹുമാനമാണു് ഉള്ളതു് എന്നു ഞാൻ വിചാരിക്കുന്നു. അധികം ഗുണങ്ങൾ കിട്ടാൻവേണ്ടി അതുവരെ കിട്ടിയ ഗുണങ്ങൾ ഒന്നും സാരമില്ലെന്നു് ഒരുവൻ തന്റെ യജമാനനോടു പറയുമ്പോൾ അദ്ദേഹത്തിന്നു സുഖക്കേടു് ഉണ്ടാവുന്നതു മനുഷ്യസ്വഭാവമല്ലേ? ഇത്രമാത്രമേ ലോർഡു് ഡപ്രീൻ മുതലായ പ്രഭുക്കൾക്കു് അനിഷ്ടമുള്ളൂ. ഇന്ത്യയിലെ നിവാസികളിൽ യോഗ്യരായ ആളുകളെ രാജ്യഭാരകാര്യങ്ങളിൽ ഇപ്പോൾ ഉള്ളതിൽ അധികം പ്രവേശിപ്പിച്ചു പരിശ്രമിപ്പിക്കേണമെന്നുതന്നെയാണു യോഗ്യരായ സകല ഇംക്ലീഷുകാരുടേയും അഭിപ്രായം. ലോർഡു് ഡപ്രീനും ഇതുതന്നെയാണു് അഭിപ്രായം. അങ്ങിനെ ഇരിക്കുമ്പോൾ കോൺഗ്രസ്സിനെ അവർക്കു് അനിഷ്ടമായിവരാൻ പാടില്ലാ. എന്നാൽ ഞാൻ പറഞ്ഞ സ്ഥിതിയിൽനിന്നു കോൺഗ്രസ്സു് വിട്ടു് അനാവശ്യമായും അസത്യമായും ബ്രിട്ടീഷു് ഗവർമ്മേണ്ടിനെ നിന്ദിക്കുന്ന കാലം ഞാൻ കോൺഗ്രസ്സിന്റെ സ്നേഹിതൻ ആയിരി യില്ല. നിശ്ചയം. സർ ഓക്ലണ്ടു് കൊൾവിൻ സായ്‌വവർകളുടെ കത്തിൽ പറയുന്നപ്രകാരമുള്ള ചീത്തയായ നടവടികൾ ഈ സഭയ്ക്കു് എനിയും ഉണ്ടാവുന്നുണ്ടെങ്കിൽ അതു സഭയുടെ അധഃപതനത്തിന്റെ ഹേതുവായി വരുമെന്നു ഞാൻ വിചാരിക്കുന്നു.
ഗോവിന്ദപ്പണിക്കർ: നേരം കുറെ അധികമായി എന്നു തോന്നുന്നു. എനിക്കു് ഉറക്കു വരുന്നു.
അങ്ങിനെതന്നെ മാധവനും ഗോവിന്ദൻകുട്ടിമേനവനും പറഞ്ഞു് ഉറങ്ങുകയും പിറ്റേദിവസത്തെ വണ്ടിക്കു ബൊമ്പായിൽ നിന്നു മലയാളത്തിലേക്കു പുറപ്പെടുകയുംചെയ്തു.