ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
എലിയും സിംഹവും

ഉറങ്ങിക്കൊണ്ടിരുന്ന സിംഹത്തിന്റെ ദേഹത്തേക്ക് എന്തോ ഒരു സാധനം വീണതായി തോന്നി അവൻ ഉറക്കം ഉണർന്നു. ഒരെലിയായിരുന്നു. അബദ്ധത്തിൽ സിംഹത്തിന്റെ ദേഹത്തേക്ക് വീണത്. നിദ്രാഭംഗം മൂലം ക്ഷുഭിതനായ സിംഹം എലിയെ ഞെക്കിക്കൊല്ലാൻ ഒരുങ്ങി. പ്രാണരക്ഷാർഥം മൂഷികൻ കേണു. "രാജൻ കനിവുണ്ടാകണം.എന്നെ കൊല്ലരുതേ.എന്നെങ്കിലും എന്നെ കൊണ്ട് അങ്ങേയ്ക്ക് പ്രയോജനം ഉണ്ടാവും." ഇത് കേട്ടു സിംഹം പൊട്ടിച്ചിരിച്ചു. എങ്കിലും ദയ തോന്നി എലിയെ വെറുതെ വിട്ടു.

നാളുകൾ കഴിഞ്ഞപ്പോൾ ഒരു ദിവസം സിംഹം ഒരു വേടന്റെ വലയിൽ പെട്ടു.വലയിൽ കിടന്നു പ്രാണഭയത്താൽ അലറിയ സിംഹത്തിന്റെ കരച്ചിൽ അടുത്തുള്ള എലി കേൾക്കാനിടയായി. തന്നെ ജീവനോടെ വിട്ടയച്ച സിംഹമാണ് അപകടത്തിൽപ്പെട്ടിരിക്കുന്നതെന്ന് അവന് മനസ്സിലായി. ഉടൻ തന്നെ അവൻ സിംഹത്തിന്റെ അടുത്തെത്തി. ഏറെ അദ്ധ്വാനത്തിനു ശേഷം വലയുടെ കണ്ണികളെല്ലാം കടിച്ചുമുറിച്ചു സിംഹത്തെ മോചിപ്പിച്ചു.

എന്നിട്ട് അവൻ സിംഹത്തോടായി പറഞ്ഞു."എന്നെക്കൊണ്ട് ഉപകാരമുണ്ടാകുമെന്ന് ഞാൻ പണ്ടു പറഞ്ഞപ്പോൾ അങ്ങ് പരിഹസിക്കുകയായിരുന്നല്ലോ.ഇപ്പോൾ താങ്കൾക്ക് പ്രത്യുപകാരം ചെയ്യാൻ നിസ്സാരനായ എനിക്ക് സാധിച്ചിരിക്കുന്നു.

ഗുണപാഠം: ആരെയും നിസ്സാരന്മാരായി കരുതരുത്