ഈസോപ്പ് കഥകൾ/ഏവർക്കും സുഹൃത്തായ മുയൽ

ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
ഏവർക്കും സുഹൃത്തായ മുയൽ

ധാരാളം സുഹൃത്തുക്കളുള്ളവളായിരുന്നു മുയൽ. മുയലിന്റെ സുഹൃത്താണ് താനെന്ന് എല്ലാ മൃഗങ്ങളും അവകാശപ്പെടുമായിരുന്നു. ഒരു ദിവസം വേട്ടപ്പട്ടികളുടെ വരവ് കേൾക്കാൻ ഇടയായ മുയൽ അവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ തന്റെ സുഹൃത്തുക്കളുടെ സഹായം തേടിയിറങ്ങി. കുതിരയെ സമീപിച്ച് അവൾ ചോദിച്ചു. "നിന്റെ പുറത്തേറ്റി എന്നെ വേട്ട നായ്ക്കളിൽ നിന്നു രക്ഷിക്കാമോ?" എന്നാൽ തന്റെ യജമാനന്റെ ജോലി ഒരു പാട് ചെയ്യാനുണ്ടെന്ന് പറഞ്ഞ് കുതിര സഹായം നിരസിച്ചു. "തീർച്ചയായും നിന്നെ സഹായിക്കാൻ ഒരുപാട് പേരുണ്ടാവും" എന്നുകൂടി കുതിര കൂട്ടിച്ചേർത്തു.

മുയൽ പിന്നീട് പോയത് കാളയുടെ അടുത്തേയ്ക്കാണ്. കാളയുടെ കൊമ്പുകൾകൊണ്ട് വേട്ടനായ്ക്കളെ തുരത്താൻ അവൾ അപേക്ഷിച്ചു. "ക്ഷമിക്കണം എനിക്ക് ഒരു കൃഷിക്കാരിയെ കാണാനുണ്ട്. ഇപ്പോൾ സമയമില്ല. നമ്മുടെ സുഹൃത്തായ ആടിനോട് ചോദിക്കൂ അവൻ സഹായിക്കാതിരിക്കില്ല" കാള ഉപദേശിച്ചു.

എന്നാൽ ആടാകട്ടെ മുയലിനെ മുതുകേറ്റിയാൽ തന്റെ മുതുകിനു ക്ഷതമേൽക്കുമോ എന്നു ഭയപ്പെട്ട് മുട്ടനാടിനെ സമീപിക്കാൻ മുയലിനെ ഉപദേശിച്ചു തലയൂരി. മുട്ടനാട് പറഞ്ഞതിങ്ങനെയാണ് "ഈ കേസിൽ ഞാൻ ഇടപെടില്ല. വേട്ടനായ്ക്കൾ മുട്ടനാടുകളേയും ആക്രമിക്കും നിന്നെ മാത്രമല്ല എന്നെയും വെറുതെവിടില്ല."

അവസാനമായി മുയൽ പശുക്കിടാവിനെ സമീപിച്ചു. എന്നാൽ കിടാവ് മൊഴിഞ്ഞതിപ്രകാരം" ഇത്രയധികം മുതിർന്നവർ ഇടപെടാത്ത കാര്യത്തിൽ ഞാൻ ഉത്തരവാദിത്ത്വം എങ്ങനെ ഏറ്റെടുക്കും?" അവളും കൈകഴുകി. അപ്പോഴേക്കും വേട്ടപ്പട്ടികൾ അരികിലെത്തി കഴിഞ്ഞിരുന്നു. മുയൽ ജീവനുംകൊണ്ടോടി. ഭാഗ്യത്തിനു രക്ഷപ്പെടുകയും ചെയ്തു.

ഗുണപാഠം: ഏവരുടേയും സുഹൃത്തായിരിക്കുന്നവനു ഒരു സുഹൃത്തും ഉണ്ടാവില്ല.