ഈസോപ്പ് കഥകൾ/രാക്കുയിലും കൃഷിക്കാരനും

ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
രാക്കുയിലും കൃഷിക്കാരനും

ഒരു രാത്രിമുഴുവൻ രാക്കുയിലിന്റെ മധുരനാദം ആസ്വദിച്ച കൃഷിക്കാരൻ, അടുത്ത ദിവസം അതിനെ കെണിവെച്ച് പിടിച്ചു.

“നീ എന്റേതാണ്.ഇനി നീ എന്നും എനിക്കുവേണ്ടി പാടും." അയാൾ കിളിയോട് പറഞ്ഞു. “ഞങ്ങൾ രാക്കുയിലുകൾ ബന്ധനത്തിലുള്ളപ്പോൾ പാട്ടുപാടാറില്ല.“ രാക്കുയിൽ പറഞ്ഞു.

“എങ്കിൽ ഞാൻ നിന്നെ തിന്നാൻ പോകുകയാണ്. കുയിലിറച്ചി സ്വാദിഷ്ഠമാണ് എന്ന് കേട്ടിട്ടുണ്ട്” എന്നായി കൃഷിക്കാരൻ.

“അതു വേണ്ട “ കിളി മൊഴിഞ്ഞു..” എന്നെ സ്വതന്ത്രമാക്കൂ. ഞാൻ നിനക്ക് ഏറെ വിലയുള്ള മൂന്നു കാര്യങ്ങൾ പറഞ്ഞു തരാം. എന്റെയീ കുഞ്ഞു ശരീരത്തെക്കാൾ മെച്ചം അതിനായിരിക്കും"

കൃഷിക്കാരൻ പക്ഷിയെ മോചിപ്പിച്ചു. അതുടൻ തന്നെ അടുത്തുള്ള മരത്തിലേക്ക് പറന്നു. അവിടിരുന്നു കൊണ്ട് കുയിൽ ഇങ്ങനെ ഉപദേശിച്ചു.

”ഒന്നാമത്തെ കാര്യം, ഒരിക്കലും ഒരു തടവുകാരന്റെ വാഗ്ദാനത്തെ വിശ്വസിക്കരുത്. രണ്ട്, കൈയ്യിൽ കിട്ടിയ കനകമുപേക്ഷിക്കരുത്. മൂന്നാമത്തെ കാര്യം നഷ്ടപ്പെട്ടതിനെയോർത്ത് എല്ലാക്കാലവും ദുഃഖിച്ചിരിക്കരുത്."

ഇത്രയും പറഞ്ഞ് രാക്കുയിൽ പറന്നു പോയി.