ഉപയോക്താവ്:Vssun/test/അദ്ധ്യായം ഇരുപത്തിഏഴ്
←അദ്ധ്യായം ഇരുപത്തിആറ് | ഉപയോക്താവ്:Vssun/test രചന: അദ്ധ്യായം ഇരുപത്തിഏഴ് |
അദ്ധ്യായം ഇരുപത്തിഎട്ട്→ |
"ചൊല്ലെടോ നിന്നുടെ പേരും
നില്ലടോ നമ്മുടെ മുമ്പിൽ
ഇല്ലടോ ധൈര്യവും കള്ള-
മല്ലെടോ കൗതുകം പാരം"
ഭാര്യാഭർത്താക്കന്മാരുടെ കണ്ഠാരവങ്ങൾ കേട്ടു ലജ്ജിച്ച മാർത്താണ്ഡഭഗവാൻ സഹ്യപർവതനിരയുടെ ഇന്ദ്രശിലാനീലിമയ്ക്കിടയിൽ അരക്ഷണനേരം മറഞ്ഞുനിന്നു. തന്നെ സാക്ഷിയോ വിധികർത്താവോ ആക്കുന്ന മഹിഷിയുടെ ക്ലേശാലാപവും ശശിസുതപ്രഭാവത്തെ അവകാശപ്പെടുന്ന കാന്തന്റെ "അവിടുന്നുതന്നെ കേൾക്കട്ടെ" എന്നുള്ള സമ്മതിദാനവും വൃഥാ കണ്ഠക്ഷോഭങ്ങളായി. തദ്വിധവ്യവഹാരങ്ങളിൽ മാധ്യസ്ഥ്യം വഹിപ്പാൻ മറ്റൊരു മൂർത്തി ഉണ്ടെന്നു നിശ്ചയിച്ച് ആ ദേവൻ രഥം കയറി. എന്നാൽ, അന്ന് അവിടത്തെ കിരീടാംശുക്കൾ ഉദയഗിരി ചുവപ്പിക്കുന്ന നിത്യകർമ്മത്തെ തുടങ്ങുംമുമ്പുതന്നെ, കുറുങ്ങോട്ടെ കൃഷ്ണക്കുറുപ്പു തന്റെ ഉദരമണ്ഡലത്തെ നാടോടിശ്ലോകത്തിലെ 'ധവളദധി' ചേർന്ന പഴഞ്ചോറുകൊണ്ടു കണക്കെ തുളുമ്പിച്ചിരുന്നു. അതിനാൽ, അപ്പോൾ കൃശോദരി ആയിരുന്ന ഭാര്യ ആ സൗന്ദര്യസമരത്തിൽ ഭാമാസുഭദ്രകളുടെ വീര്യപ്രകടനത്തിന്, അന്വർത്ഥം 'അബല' തന്നെ ആയിപ്പോയി. എങ്കിലും, പൂർണ്ണകുംഭൻ വീര്യം മുറുകി പഴങ്കഥകളും പാരമ്പര്യങ്ങളും ചൊരിഞ്ഞു മുട്ടുയുദ്ധച്ചടങ്ങുകൾ പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ, ഭാര്യാസതി "അയ്യഃ പിന്നെ!" എന്നൊരു നാരായണാസ്ത്രം പ്രയോഗിച്ചു. താംബൂലാശനം തുടങ്ങിയിരുന്ന കുറുങ്ങോടൻ സ്വഭാര്യയുടെ സരസ്വതീവിലാസം കേട്ടു സന്തുഷ്ടഹാസനാവുകയാൽ, ചർവിതാരിഷ്ടവും പൂഗശകലങ്ങളും കണ്ഠകൂപത്തിൽ ഇറങ്ങി ആ പ്രണയനീപ്രിയനെ വിമ്മിഷ്ടപ്പെടുത്തി. 'സലജ്ജോഹം' അഭിനയിക്കുന്ന നടൻ മുമ്പോട്ടു ചായുന്ന സാവധാനതയോടെ കരനാഥൻ പുറകോട്ടു മലർന്നു. കാര്യമാത്രകി ആയിരുന്ന കുഞ്ഞുനങ്ങേലിഅമ്മ സംഭ്രമത്തോടെ ഭർത്താവായ ഗണേശകായന്റെ