ഉപയോക്താവ്:Vssun/test/അദ്ധ്യായം ഇരുപത്തിമൂന്ന്

ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിമൂന്ന്
[ 257 ]
അദ്ധ്യായം ഇരുപത്തിമൂന്ന്


"എൻ കാന്തനെന്നോടുണ്ടോ വൈരം
ഇല്ലെന്നിരിക്കിൽ എന്തേ തുടങ്ങിയിപ്രകാരം?
എനിക്കു ഘോര വൻകാട്ടിലാരുപോൽ പരിവാരം!
ഏതു ചെയ്താലും വന്ദിപ്പതിനിങ്ങധികാരം"


ദിവാൻജിയിൽനിന്നു കിട്ടിയ ആജ്ഞ രാജകല്പനയായിത്തന്നെ ഉണ്ണിത്താനാൽ ആദരിക്കപ്പെട്ടു. അജ്ഞാതവാസത്തിനു പുറപ്പെട്ട പാണ്ഡവർക്ക് ശ്രീനാരദൻ ഉപദേശിച്ച രാജസേവാക്രമംതന്നെ ഉണ്ണിത്താന്റെ ഉദ്യോഗവ്യാപാരങ്ങളിൽ അദ്ദേഹത്തിനു മാർഗ്ഗദീപമായിരുന്നു. എങ്കിലും വിചാരിച്ചിരിക്കാതെ തന്റെ ക്രിയാപദ്ധതികളെ നിയന്ത്രിക്കുമാറുണ്ടായ ആജ്ഞയുടെ ശ്രവണത്തിൽ, ദാസ്യത്താൽ പൗരുഷത്തിനു നേരിടുന്ന ശൃംഖലാബന്ധത്തെ ചിന്തിച്ചു മാത്സര്യപ്രണോദനത്തിന് അരക്ഷണനേരം അദ്ദേഹം വശംവദനായിത്തീർന്നു. എന്നാൽ രാജവേതനം അംഗീകരിച്ചു പണയപ്പെട്ടുപോകുന്നവർ രാജ്യസമാധാനത്തിനും ക്ഷേമത്തിനും ഐശ്വര്യത്തിനും ആധാരസ്തംഭങ്ങളായി നിലകൊണ്ടു കൃതജ്ഞതയെയും കൃത്യത്തെയും പുലർത്തണമെങ്കിൽ ആജ്ഞാപാത്രങ്ങൾക്കു ശിരഃപ്രണാമം ചെയ്യാതെ ഗത്യന്തരമില്ലെന്നും അദ്ദേഹം സ്മരിച്ചു. ഹൃദയത്തിലെ വികാരവും ബുദ്ധിയുടെ നിയോഗവും ഇങ്ങനെ വിപരീതഗതികളിലായപ്പോൾ ആ സ്വാരസ്യധാമാവിന്റെ മുഖത്തിലെ പേശലപേശികൾ സ്വയമേ ഒരു വിചിത്രപേഷണം തുടങ്ങി. പൗരുഷവും ധർമ്മാചാര്യത്വവും ഭേദിച്ചുള്ള കൃത്യനിഷ്ഠാവരോഹം ആ മതിമാനെ അനുക്ഷണം സാവജ്ഞനാക്കി. ആ നിമിഷമാത്രത്തിലെ ദുഷ്കലിബാധയിൽനിന്നു മുക്തനായ അദ്ദേഹം തന്റെ മുഖത്തെ ഒരു ചിന്താഗൗരവത്താൽ ആവേഷ്ടനം ചെയ്തുകൊണ്ടും ഏതെങ്കിലും ഒരു അപനയത്താൽ പീഡിതനെന്നുള്ള ഭാവത്തെ വചനകർമ്മങ്ങളിൽ സ്ഫുരിപ്പിക്കാതെയും തന്റെ സംഭാരകാര്യാലയങ്ങളെ ചട്ടവര്യോലപ്രകാരം കൈയൊഴിഞ്ഞു.