ഐതിഹ്യമാല/അമ്മന്നൂർ പരമേശ്വരച്ചാക്യാർ
←കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ട് | ഐതിഹ്യമാല രചന: അമ്മന്നൂർ പരമേശ്വരച്ചാക്യാർ |
ചേരാനല്ലൂർ കുഞ്ചുക്കർത്താവ്→ |
വേഷത്തിന്റെ ഭംഗികൊണ്ടും അഭിനയത്തിന്റെ തന്മയത്വം മുതലായ ഗുണങ്ങൾ കൊണ്ടും അമ്മന്നൂർ പരമേശ്വരച്ചാക്യാരോടു തുല്യനായ ഒരു നടൻ ഇക്കാലത്തിലെന്നല്ല, അക്കാലത്തുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സ്ഥിരവാസം മൂഴിക്കുളത്തുള്ള സ്വഭവനത്തിലായിരുന്നുവെങ്കിലും തിരുവിതാംകൂർ, കൊച്ചി, മലബാർ ഈ മൂന്നു രാജ്യങ്ങളിലുമുള്ള രാജാക്കന്മാർ, പ്രഭുക്കൾ, ധനവാന്മാർ മുതലായവർ അദ്ദേഹത്തിന്റെ വേഷവും ആട്ടവും കാണാനായി ക്ഷണിച്ചുവരുത്തി കൂടെക്കൂടെ കൂടിയാട്ടങ്ങൾ നടത്തിക്കാറുണ്ടായിരുന്നു.
കൊല്ലം 1036-ആമാണ്ടു നാടുനീങ്ങിയ മാർത്താണ്ഡവർമ്മ മഹാരാജാവ് ഇളയ തമ്പുരാനായിരുന്ന കാലത്ത് തന്റെ സേവകനും പള്ളിയറ വിചാരിപ്പുകാരനുമായിരുന്ന ഈശ്വരപിള്ളയെ ആട്ടമഭ്യസിപ്പിക്കാനായി ഈ ചാക്യാരെ തിരുവനന്തപുരത്തു വരുത്തി താമസിപ്പിച്ചിരുന്നുവെന്നും ഈശ്വരപിള്ള വിചാരിപ്പുകാർക്കു ആട്ടത്തിൽ (കഥകളിയിൽ) അസാമാന്യമായ പ്രസിദ്ധിയും കൈലാസോദ്ധരണം, സ്വർഗ്ഗ വർണ്ണന, സമുദ്രവർണ്ണന മുതലായവ അഭിനയിച്ചാടുന്നതിൽ അനന്യസാധാരണമായ സാമർത്ഥ്യവും ഗുണവും തന്മയത്വവും സിദ്ധിച്ചതിനുള്ള പ്രധാന കാരണം ആ ചാക്യാരുടെ ശിക്ഷാസാമർത്ഥ്യമാണെന്നുള്ളത് പ്രസിദ്ധമാണല്ലോ.
മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് ഇളയ തമ്പുരാനായിരുന്ന കാലത്തും തിരുവനന്തപുരത്തു പൂജപ്പുരക്കൊട്ടാരത്തിൽ (അന്ന് അവിടുന്ന് അവിടെയാണ് എഴുന്നള്ളിത്താമസിച്ചിരുന്നത്) എന്നും കഥകളി പതിവായിരുന്നു. ഒരു ദിവസം, കഥകളി കാണാൻ തിരുമനസ്സിലെ അടുക്കൽ പരമേശ്വരച്ചാക്യാരുമുണ്ടായിരുന്നു. അന്ന്, "കാർത്തവീര്യാജ്ജുനവിജയ"മായിരുന്നു കഥ. രാവണന്റെ കൈലാസോദ്ധരണം കണ്ടിട്ട് തിരുമനസ്സുകൊണ്ട് ചാക്യാരോട് "എന്താ ചാക്യാരേ, കൈലാസോദ്ധാരണം നന്നായോ" എന്നു കല്പിച്ചു ചോദിച്ചു. അതിനു മറുപടിയായി
ചാക്യാർ, "തരക്കേടില്ല കൈലാസം കുറച്ചുകൂടി വലിയതാണെന്നാണ് ധരിച്ചിരുന്നത്" എന്നറിയിച്ചു. പിന്നെ അതിനെക്കുറിച്ച് ഒന്നും കല്പിച്ചില്ല പിറ്റേദിവസം ഉച്ചതിരിഞ്ഞസമയം ചാക്യാരെ കൊട്ടാരത്തിൽ വരുത്തി "കൈലാസോദ്ധരണം ഒന്നാടിക്കണ്ടാൽക്കൊള്ളാം" എന്നു കല്പിച്ചു. വേഷംകെട്ടാതെയാടുന്ന കാര്യത്തിൽ കുറച്ചു മടിയുണ്ടായിരുന്നുവെങ്കിലും കല്പന അനുസരിക്കാതെയിരിക്കുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ച് ചാക്യാർ ഉടനെ രണ്ടാംമുണ്ട് അരയിൽ മുറുക്കിക്കെട്ടിക്കൊണ്ട് ആട്ടം ആരംഭിച്ചു. താൻ തലേദിവസം പറഞ്ഞ വാക്കോർത്തു തന്നെ പരീക്ഷിക്കാനായിട്ടാണ് ഈ കല്പനയെന്നു മനസ്സിലായതിനാൽ ചാക്യാർ മനസ്സിരുത്തിയാണ് ആടിയത്. തലേദിവസം ദശമുഖന്റെ വേഷം കെട്ടിയാടിയ ആൾ മുതലായി കൊട്ടാരംവക കളി യോഗത്തിലുള്ള എല്ലാവരും സേവകന്മാരും അമ്മച്ചിയും അവിടെയുണ്ടായിരുന്നു. ചാക്യാരുടെ ആട്ടം വളരെ കേമമായി എന്നുള്ളതു പറയണമെന്നില്ലല്ലോ. ആട്ടംകണ്ടു തിരുമനസ്സുകൊണ്ട് മുതലായി എല്ലാവരും വളരെ സന്തോഷിക്കുകയും വിസ്മയിക്കുകയും ചെയ്തു. വിസ്മയാകുലയായ അമ്മച്ചി "അമ്പമ്പോ! കൈലാസപർവ്വതം ഇത്ര വലിയതാണോ? ഇന്നലെ ആടിക്കണ്ടപ്പോൾ അത് ഏകദേശം നമ്മുടെ വേളിക്കുന്നിനോളമുണ്ടായിരിക്കുമെന്നേ തോന്നിയുള്ളൂ" എന്നു പറഞ്ഞു. തിരുമനസ്സുകൊണ്ട് ഉടനെ രത്നഖചിതമായി ഒരു മോതിരം ചാക്യാർക്കു കല്പിച്ച് സമ്മാനിക്കുകയും ആട്ടത്തിൽ അദ്വിതീയന്മാരാണെന്നു സ്വയമേവ അഭിമാനിച്ചിരുന്ന കൊട്ടാരംവക കഥകളിയോഗക്കാരെല്ലാം അപ്പോൾ 'സലജ്ജോഹ'മാടുകയും ചെയ്തു.
പരമേശ്വരച്ചാക്യാർ കല്പനപ്രകാരം തിരുവനന്തപുരത്തു താമസിച്ചിരുന്നപ്പോൾ ഒരു ദിവസം പകലെ വെയിലാറിയ സമയം കാറ്റുകൊള്ളാനായി കടൽപ്പുറത്തേക്കു പുറപ്പെട്ടു. കടൽപ്പുറത്തെത്തിയപ്പോൾ അവിടെ നാട്ടുകാരായിട്ടും യൂറോപ്യന്മാരായിടും മറ്റും വളരെയാളുകൾ കാറ്റു കൊള്ളാനായി വന്നുകൂടിയിരുന്നു. അക്കൂട്ടത്തിൽ റസിഡണ്ടു സായ്പും മദാമ്മയും അവരുടെ വാത്സല്യഭാജനമായ ഒരു പട്ടിയുമുണ്ടായിരുന്നു. ആ പട്ടി സായ്പോ മദാമ്മയോ പറയാതെ ആരെയും കടിക്കാറില്ലെങ്കിലും വലിയ സിംഹത്താനെപ്പോലെ ഭയങ്കരമൂർത്തിയായ അവനെക്കണ്ടാൽ അപരിചിതന്മാരായ ഏവരും ഭയപ്പെട്ടുപോകുമായിരുന്നു. കടിക്കാനല്ലെങ്കിലും ആ പട്ടി കാണുന്നവരുടെയെല്ലാമടുക്കൽ മണത്തു മണത്തു ചെല്ലുക പതിവായിരുന്നു. ആ പതിവുപോലെ അതു ചാക്യരുടെ അടുക്കലേക്കും ചെന്നു. ചാക്യാരു വല്ലാതെ ഭയപ്പെട്ട് "പട്ടി, പട്ടി" എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അനുവാദം കൂടാതെ അതു കടിക്കയില്ലെന്നു നിശ്ചയമുണ്ടായിരുന്നതിനാൽ പട്ടിയെ തിരിച്ചു വിളിക്കാതെ സായ്പും മദാമ്മയും ചാക്യാരുടെ പരിഭ്രമം കണ്ടു ചിരിച്ചുകൊണ്ടു നിന്നതേ ഉള്ളു. പിന്നെ ഗത്യന്തരമൊന്നുമില്ലെന്നുകണ്ട് ചാക്യാർ കുനിഞ്ഞ് അവിടെ നിന്ന് ഒരു കല്ലെടുത്തു പട്ടിയെ ലക്ഷ്യമാക്കി ഒരേറുകൊടുത്തതായി ഒന്നഭിനയിച്ചു. വാസ്തവത്തിൽ എറിഞ്ഞതായി നടിക്കുക മാത്രമേ ഉണ്ടായുള്ളൂ. എങ്കിലും ഏറുകൊണ്ടതായിത്തന്നെ തോന്നുകയാൽ പട്ടി ഉറക്കെ നിലവിളിച്ചും കൊണ്ട് അവിടെനിന്ന് ഓടിപ്പോയി. പട്ടിക്ക് ഏറുകൊണ്ടാതായിത്തന്നെ തോന്നുകയാൽ സായ്പും മദാമ്മയും അത്യന്തം കുപിതരായിത്തീർന്നു. ഈ അക്രമം പ്രവർത്തിച്ച ആൾ ആരാണെന്നു സായ്പു തന്റെ അടുക്കലുണ്ടായിരുന്ന ചിലരോടു ചോദിക്കുകയും ആ മനുഷ്യൻ കല്പനപ്രകാരം വന്നു താമസിക്കുന്ന ഒരു ചാക്യാരാണെന്നു മനസ്സിലാക്കുകയും ചെയ്തു. കല്പനപ്രകാരം വന്നു താമസിക്കുന്ന ആളാണെങ്കിൽ ഈ വിവരം തിരുമനസ്സറിയിക്കാതെ പ്രതിക്രിയചെയ്യുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ചു സായ്പും മദാമ്മയും കൊട്ടാരത്തിലേക്കു പുറപ്പെട്ടു. അപ്പോൾ തിരുമനസ്സുകൊണ്ട് കടൽക്കാറ്റുകൊള്ളുന്നതിനായി കടൽപ്പുറത്തു ബംഗ്ലാവിൽ എഴുന്നള്ളീട്ടുണ്ടെന്നറിയുകയാൽ സായ്പും മദാമ്മയും അവിടെച്ചെന്നു വിവരം തിരുമനസ്സറിയിച്ചു. ഉടനെ ചാക്യാരെ തിരുമുമ്പാകെ വരുത്തി കല്പിച്ചു ചോദിച്ചപ്പോൾ ചാക്യാർ ഉണ്ടായ വാസ്തവമെല്ലാം തിരുമനസ്സറിയിച്ചു. എറിഞ്ഞില്ലെന്നു പറയുന്നതു ശുദ്ധമേ വ്യാജമാണെന്നും നാട്യം കണ്ടു തങ്ങളുടെ പട്ടി ഒരിക്കലും ഭയപ്പെടുകയില്ലെന്നും സായ്പും മദാമ്മയും വാദിച്ചു. "ഇതിനെന്താണ് സമാധാന"മെന്നു കല്പിച്ച് ചോദിച്ചപ്പോൾ ചാക്യാർ, "വാസ്തവം സായ്പിനെയും ബോദ്ധ്യപ്പെടുത്താമോ എന്നു നോക്കട്ടെ" എന്നു പറഞ്ഞു സ്വല്പം പിന്നോക്കം മാറി താണു നിന്ന് അവിടെ കരിങ്കല്ലുകൊണ്ടിട്ടിരുന്ന വലിയ നടക്കല്ലു വളരെ പ്രയാസപ്പെട്ടു കുലുക്കി ഇളക്കിയെടുത്തു സായ്പിന്റെ തലയിലേക്കിട്ടതായി ഒരു നാട്യം കാണിച്ചു. ആ കല്ലു തന്റെ തലയിൽ വീണു എന്നുതന്നെ തോന്നിപ്പോവുകയാൽ സായ്പ് "അയ്യോ!" എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ട് ഉടനെ അവിടെ മറിഞ്ഞുവീണു. കല്ല് സായ്പിന്റെ തലയിൽ വീണു എന്നുതന്നെ തോന്നിപ്പോവുകയാൽ മദാമ്മയും ഏറ്റവും പരവശയായിത്തീർന്നു. വീണിട്ടു വളരെ നേരം കഴിഞ്ഞതിന്റെ ശേഷമാണ് സായ്പിനു ബോധംവീണത്. ബോധംവീണ് എണീറ്റിരുന്നിട്ടും കുറച്ചു വെള്ളം കുടിക്കുകയും തണുത്തവെള്ളംകൊണ്ടു മുഖം കഴുകുകയും കുറച്ചുനേരം കാറ്റേൽക്കുകയും ചെയ്തതിന്റെ ശേഷമേ സായ്പിനു സംസാരിക്കാറായുള്ളൂ. സായ്പു പിന്നെയും തലയിൽ തപ്പിനോക്കി, കല്ലു തലയിൽ വീണില്ലെന്നു തീർച്ചപ്പെടുത്തിയശേഷം "നമ്മുടെ പട്ടിക്കും ഏറു കൊണ്ടില്ലായിരിക്കും. ഇപ്രകാരം അഭിനയസാമർത്ഥ്യമുള്ള ഒരു നടനെ ഞാൻ യൂറോപ്പുരാജ്യങ്ങളിലെങ്ങും കണ്ടിട്ടില്ല. ഇവിടെ ഇങ്ങനെ ഒരു മഹാനുണ്ടായിത്തീർന്നതു കേരളത്തിന് ആകപ്പാടെ അഭിമാനകരംതന്നെ. വാസ്തവമറിയാതെ ഈ മഹാന്റെ പേരിൽ മഹാരാജാവിന്റെ അടുക്കൽ പരാതി അറിയിച്ചതിനെക്കുറിച്ചു ഞാൻ നിർവ്യാജം വ്യസനിക്കുകയും ചാക്യാരോടു മാപ്പു ചോദിക്കുകയും ചെയ്തുകൊള്ളുന്നു" എന്നു പറയുകയും ചാക്യാർക്കു പല സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. അപ്പോഴേക്കും നേരം വൈകിയതിനാൽ എല്ലാവരും പരസ്പരം യാത്രപറഞ്ഞ് അവരവരുടെ വാസസ്ഥലങ്ങളിലേക്കു പുറപ്പെട്ടു. ആ സമയം മുമ്പ് ഓടിപ്പോയ പട്ടിയും അവിടെ വന്നുചേർന്നു. അപ്പോൾ സായ്പിനും മദാമ്മയ്ക്കും വളരെ സന്തോഷമായി എന്നുള്ളതു പറയണമെന്നില്ലല്ലോ.
പരമേശ്വരച്ചാക്യാരുടെ വാക്സാമർത്ഥ്യത്തെപ്പറ്റിയും പല ഐതിഹ്യങ്ങൾ കേട്ടിട്ടുണ്ട്. അതൊക്കെ ഇനിയൊരവസരത്തിൽ വിവരിക്കാമെന്നു വയ്ക്കാനല്ലാതെ ഇപ്പോൾ നിവൃത്തിയില്ല. അതിനാൽ ഇയ്യിടെ കൊച്ചി വലിയതമ്പുരാൻ തിരുമനസ്സിലെ തൃക്കയ്യിൽനിന്നു വീരശൃംഖല ലഭിച്ച പരമേശ്വരച്ചാക്യാരും ഈ പരമേശ്വരച്ചാക്യരുടെ കുടുംബജാതനാണെന്നു കൂടി വായനക്കാരെ അറിയിച്ചുകൊണ്ട് വിരമിക്കുന്നു.