ഐതിഹ്യമാല/കല്ലൂർ നമ്പൂരിപ്പാടന്മാർ

ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കല്ലൂർ നമ്പൂരിപ്പാടന്മാർ


ശ്രീപരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കായി അഷ്ടവൈദ്യന്മാരെ നിയമിച്ചതുപോലെ ആറ് മാന്ത്രിക കുടുംബക്കാരേയും നിയമിച്ചു. അവരിൽ മൂന്ന് കുടുംബക്കാർ സന്മന്ത്രവാദികളും ശേഷം കുടുംബക്കാർ ദുർമന്ത്രവാദികളുമായിരുന്നു.സന്മന്ത്രവാദികളിൽ ഒരു കുടുംബക്കാരനാണ് കല്ലൂർ നമ്പൂരിപ്പാടന്മാർ. അവർദുർമ്മന്ത്രവാദങ്ങൾ ഒരിക്കലും ചെയ്യുകയില്ല.

കല്ലൂർ നമ്പൂരിപ്പാടന്മാരുടെ ഇല്ലം ആദ്യം ബ്രിട്ടീഷ് മലബാറിൽ കോട്ടയ്ക്കൽസമീപത്തായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ എന്തോ കാരണവശാൽസാമൂതിരിപ്പാട്ടിലേക്ക് ഇവരോട് നല്ല രസമില്ലാതെയായിത്തീർന്നു. അതിനാലവർ അവിടെനിന്ന് പോന്ന് വള്ളുവനാട് താലൂക്കിൽ പട്ടാമ്പി തീവണ്ടി സ്റ്റേഷനിൽ നിന്ന്മൂന്ന് നാഴിക കിഴക്ക് പള്ളിപ്പുറമംശം ദേശത്ത് ചെങ്ങണം കുന്നത്ത് ഭഗവതീക്ഷേത്രത്തിന് സമീപം ഭാരതപ്പുഴയുടെ വടക്കായി ഒരു സ്ഥലത്ത് താമസമാക്കി. എങ്കിലും അവിടേയും അവരുടെ വാസം സ്ഥിരമായില്ല. ഒരു ദിക്കിൽ താമസമാക്കിയിരുന്ന മുഹമ്മദീയരുടെ ഉപദ്രവം നമ്പൂരിപ്പാടന്മാർക്ക് ദുസ്സഹമായിരുന്നു. എന്നുമാത്രമല്ല, നമ്പൂരിപ്പാടന്മാർ അവിടെ താമസമാക്കിയതിന്റെശേഷം സാമൂതിരിപ്പാടിലെ വിരോധം പൂർവ്വാധികം വർദ്ധിക്കുകയും ചെയ്തു. അതിന്സ്വൽപ്പമായ ഒരു കാരണവുമുണ്ടായിത്തീർന്നു. കൊച്ചി രാജസ്വരൂപം വകയായവെളിയങ്കോട് അംശത്തിൽ ‘പെരുമ്പടപ്പ്’എന്നൊരു ക്ഷേത്രവും ഏതാനും വസ്തുവകകളുംഉണ്ട്. കൊച്ചി രാജാക്കന്മാർക്ക് തിരുമൂപ്പ് കിട്ടിയാൽ അവിടെച്ചെന്ന്‘അരിയിട്ടുവാഴ്ച്ച’ എന്നൊരു ക്രിയ നടത്തുക പതിവാണ്. അതിനുവേണ്ടുന്ന സകലസാധനങ്ങളും ശേഖരിച്ചുകൊടുത്തിരുന്നത് അക്കാലത്ത് കൊച്ചി രാജാക്കന്മാരുടെഇഷ്ടനായിരുന്ന ഒരു കല്ലൂർ നമ്പൂരീപ്പാടായിരുന്നു. അതുകൊണ്ടും കൂടിയായിരുന്നുസാമൂതിരിപ്പാട്ടിലേക്ക് നമ്പൂരിപ്പാടന്മാരോട് വിരോധം വർദ്ധിച്ചത്. ഇങ്ങനെഎല്ലാം കൊണ്ടും ചെങ്ങണംകുന്നത്തെ താമസം നമ്പൂരിപ്പാടന്മാർക്ക് ഏറ്റവും ദുഷ്ക്കരമായിത്തീർന്നു. അതിനാൽ കൊച്ചീരാജാവ് അവരെ കുടുംബസഹിതം തൃപ്പൂണിത്തുറയ്ക്ക് കൊണ്ടുപോയി. അക്കാലത്ത് ‘മണിയമ്പിള്ളിമന’എന്ന് പ്രസിദ്ധമായിരുന്ന ബ്രാഹ്മണഗൃഹം അന്യം നിന്നുപോവുകയാൽ ആ ഇല്ലവും ഇല്ല്ലം വകയായസകല വസ്തുവകകളും സർക്കാരിൽ ചേർത്തിരിക്കുകയായിരുന്നു. അതിനാൽ കൊച്ചീരാജാവ്നമ്പൂരിപ്പാടന്മാരെ സകുടുംബം ആ ഇല്ലത്ത് കയറ്റിത്താമസിപ്പിക്കുകയും ഇല്ലം വകസകല വസ്തുവകകളും നമ്പൂരിപ്പാട്ടിലേക്ക് ദാനമായിക്കൊടുക്കുകയും ചെയ്തു.

അനന്തരം ഏതാനും കൊല്ലങ്ങൾ കഴിഞ്ഞതിന്റെ ശേഷം അവർ അവിടെനിന്നും കുടുംബസമേതം പോയി തൃശ്ശിവപേരൂർ താലൂക്കിൽ അവിണിശ്ശേരി വില്ലേജിൽ ഒല്ലൂർ തീവണ്ടി സ്റ്റേഷനിൽ നിന്ന് ഏകദേശം അരനാഴിക പടിഞ്ഞാറ് സ്ഥിരവാസമാക്കി. ഇത് കൊല്ലം 1030-)മാണ്ടാണെന്നാണ് കേൾവി. ഇപ്പോഴും അവരുടെ സ്ഥിരവാസം അവിടെത്തന്നെയാണ്. എങ്കിലും ചെങ്ങണംകുന്നത്തും തൃപ്പൂണിത്തുറയിലുമുള്ള ഇല്ലങ്ങളും വസ്തുക്കളുമെല്ലാം ഇപ്പോഴും അവരുടെ കൈവശാനുഭവാത്തിൽ തന്നെയാണ് ഇരിക്കുന്നത്. എന്നുമാത്രമല്ല, കാര്യങ്ങളന്വേഷിക്കുന്നതിനും മറ്റുമായി ചിലപ്പോൾ അവർ ആ രണ്ടു സ്ഥലത്തും പോയി താമസിക്കാറുമുണ്ട്. കല്ലൂർ നമ്പൂരിപ്പാടന്മാർ ചെങ്ങണംകുന്നത്തു ഭഗവതിയെ തങ്ങളുടെ കുടുംബപരദേവതയായിട്ടാണ് വിചാരിക്കുകയും ആചരിക്കുകയും ചെയ്തുപോരുന്നത്. അതിനാൽ അവിടെ ഭജനത്തിനായിട്ടും അവർ ചിലപ്പോൾ അവിടെച്ചെന്ന് താമസിക്കാറുണ്ട്.

കല്ലൂർ നമ്പൂരിപ്പാടന്മാർ വേദവേഡാംഗികളിലും മന്ത്രവാദത്തിലും പണ്ടേ തന്നെഅതിനിപുണന്മാരായിരുന്നു. അവരിൽ ചിലർ നല്ല കവികളുമായിരുന്നു. എന്നാൽ അവർക്ക്അധികം പ്രസിദ്ധി മന്ത്രവാദത്തിലാണ്. അവർ തൃപ്പൂണിത്തുറെ നിന്ന് അവിണിശ്ശേരിക്ക്മാറിത്താമസിക്കാനിടയായതുതന്നെ അവരുടെ മന്ത്രവാദത്തിന്റെ ശക്തിനിമിത്തമാണെന്നാണ് ഐതിഹ്യം. അത് എങ്ങനെയെന്ന് ചുരുക്കത്തിൽ താഴെപറഞ്ഞുകൊള്ളുന്നു.

അവിണിശ്ശേരി എന്ന ദേശത്ത് ‘കിഴക്കെക്കാളിക്കാട്’ എന്ന് പ്രസിദ്ധമായിട്ട് ഒരുമനയുണ്ടായിരുന്നു. അനവധി സ്വത്തുക്കളുണ്ടായിരുന്ന ആ ബ്രാഹ്മണഗൃഹത്തിൽ ഒരു കാലത്ത് പുരുഷന്മാരാരുമില്ലാതെയായി. ഒടുക്കം നാല് അന്തർജ്ജനങ്ങൾ മാത്രംശേഷിച്ചു. അവരിൽ മൂന്ന് അന്തർജ്ജനങ്ങൾ മരിച്ചപ്പോഴും ശേഷക്രിയകൾ ചെയ്തത് അവിടെ അടുത്തുതന്നെയുള്ള മൂക്കന്നൂരില്ലത്തെ ഒരു നമ്പൂരിയായിരുന്നു. കാളിക്കാട്ടുമനയ്ക്കലെ നമ്പൂരിപ്പാടന്മാർ അനേകം മൂർത്തികളെ സേവിച്ചു പ്രസാദിപ്പിക്കുകയും തങ്ങളുടെ പരദെവതകളാക്കിവെച്ചു പതിവായി പൂജിക്കുകയും ചെയ്തിരുന്നവരായിരുന്നു.അന്തർജ്ജനങ്ങളുടെ ശേഷക്രിയകൾ കഴിച്ചു ശേഷക്കാരനായിച്ചെന്നുചേർന്ന നമ്പൂരി അവിടെകുടുംബപരദേവതകളായിത്തീർന്നിരുന്ന മൂർത്തികളെ വേണ്ടതുപോലെ പൂജിക്കുകയും സേവിക്കുകയും ചെയ്യാതിരുന്നതിനാൽ അദ്ദേഹത്തിനു ഭ്രാന്തുപിടിച്ചു.എന്നുമാത്രമല്ല, ഭ്രാന്തുപിടിച്ച് ഓടിനടന്ന അദ്ദേഹം കുറച്ചുകാലം കഴിഞ്ഞപ്പോൾരക്തം ഛർദ്ദിച്ചു മരിക്കുകയും ചെയ്തു. പിന്നെയും അവിടെ പ്രതിദിനമെന്നപോലെ ഓരോ ഭയങ്കരസംഭവങ്ങൾ നടന്നുകൊണ്ടിരുന്നു. അതിനാൽ ജനങ്ങൾ ഭയം നിമിത്തം ആ മനയ്ക്കൽ കയറാതെയായിയെന്നല്ല, ആ മനയുടെ അടുക്കൽകൂടി വഴിനടക്കുക പോലും ചെയ്യാതെയായി.അപ്പോൾ ഏകാകിനിയായിരുന്ന ആ അന്തർജ്ജനത്തിന് അവിടെ കഴിച്ചുകൂട്ടുന്നതിനു വളരെ പ്രയാസമായിത്തീർന്നു. അതിനാൽ ആ സാധ്വി തൃപ്പൂണിത്തുറെച്ചെന്നു വലിയതമ്പുരാൻ തിരുമനസ്സിലെ സന്നിധിയിൽ ഈ സങ്കടങ്ങളെല്ലാമറിയിച്ചു. ഉടനെ വലിയതമ്പുരാൻതിരുമനസ്സുകൊണ്ട് കല്ലൂർ നമ്പൂരിപ്പാടിനെ തിരുമുമ്പാകെ വരുത്തി“കാളികാട്ടില്ലത്തു ചെന്ന് അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉപദ്രവങ്ങളെല്ലാം ഒഴിച്ചുകൊടുക്കണ”മെന്ന് കൽപ്പിച്ചു. നമ്പൂരിപ്പാട് ആ ഇല്ലത്തുചെന്ന് സംഗതികളെല്ലാം സൂക്ഷ്മമായി അന്വേഷിച്ചറിയുകയും കാളികാട്ടുനമ്പൂരിമാരുടെ പരദേവതകളായിരുന്ന മൂർത്തികൾക്കെല്ലാം യഥാവിധി പൂജകളും മറ്റും നടത്തി അവരെ സന്തോഷിപ്പിക്കുകയും അപ്പോൾ അവിടെ ഉണ്ടായിക്കൊണ്ടിരുന്ന ഉപദ്രവങ്ങളെല്ലാം നീങ്ങുകയും അതറിഞ്ഞ് അവിടെ ദാസ്യപ്രവൃത്തിക്കും മറ്റും വേണ്ടുന്നവരെല്ലാംചെന്നുതുടങ്ങുകയും അപ്പോൾ ഏകാകിനിയായിരുന്ന ആ അന്തർജ്ജനത്തിന്റെ ദുഃഖവും ഭയവുമെല്ലാമൊഴിഞ്ഞ് അവർക്ക് സുഖമാവുകയും ചെയ്തു. എങ്കിലും ആ മൂർത്തികളെയെല്ലാം യഥാവിധി പൂജിച്ചും സേവിച്ചും സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നതിന് മതിയായവർ മറ്റാരുമില്ലാതിരുന്നതിനാൽ വലിയതമ്പുരാൻ തിരുമനസ്സിലെ കല്പനപ്രകാരം നമ്പൂരിപ്പാട് പിന്നെയും ആ ഇല്ലത്തുതന്നെ താമസിച്ചു.

അനന്തരം കുറച്ചുകാലം കഴിഞ്ഞപ്പോൾ അവിടെ ഏകയായി ശേഷിച്ചിരുന്ന ആ അന്തർജ്ജനവും കാലധർമ്മത്തെ പ്രാപിക്കുകയും അവരുടെ അപരക്രിയകളും നമ്പൂരിപ്പാടുതന്നെനടത്തുകയും ആ സംഗതി വലിയതമ്പുരാൻ തിരുമനസ്സിലെ അടുക്കൽ അറിയിക്കുകയും അപ്പപ്പോൾ തിരുമനസ്സുകൊണ്ട് നമ്പൂരിപ്പാടിനോട് “ഇനി നിങ്ങളെല്ലാവരുംഇവിടെനിന്ന് (തൃപ്പൂണിത്തുറെനിന്ന്) മാറി കുടുംബസഹിതം ആ കാളികാട്ടില്ലത്തുചെന്ന് താമസിച്ചുകൊള്ളണം. അന്യം നിന്നതായ ആ ഇല്ലവും ആ ഇല്ലംവകയായിട്ടുള്ള സകല വസ്തുവകകളും നിങ്ങൾക്കായി തന്നിരിക്കുന്നു” എന്ന് കൽപ്പിക്കുകയും അപ്രകാരം തിട്ടൂരം അയച്ചുകൊറ്റുക്കുകയും അക്കാലം മുതൽ കല്ലൂർനമ്പൂരിപ്പാടന്മാരുടെ സ്ഥിരവാസം അവിടെയാകുകയും ചെയ്തു. ഇപ്രകാരമാണ് കല്ലൂർ നമ്പൂരിപ്പാടന്മാരുടെ സ്ഥിരവാസം തൃപ്പൂണിത്തുറനിന്ന് മാറി അവിണിശ്ശേരിയിലായത്. നമ്പൂരിപ്പാടന്മാർ അവിടെ സ്ഥിരവാസമായ കാലം മുതൽ ആ മനയുടെ പേര് ‘കല്ലൂർമന’യെന്നായി. എങ്കിലും അവിടെ സമൂപസ്ഥന്മാരായവരെല്ലാം ഇപ്പോഴും കാളികാട്ടുമനയെന്നാണ് പറഞ്ഞുവരുന്നത്.

കല്ലൂർ നമ്പൂരിപ്പാടന്മാർ വലിയ മന്ത്രവാദികളായിത്തീർന്നതിനു പല കാരണങ്ങൾ ജനങ്ങൾ പറഞ്ഞുവരുന്നുണ്ട്. അവയിൽ ചിലത് താഴെപ്പറഞ്ഞുകൊള്ളുന്നു:

കല്ലൂർനമ്പൂരിപ്പാടന്മാർ സകുടുംബം ചെങ്ങണംകുന്നത്ത് പാർത്തിരുന്ന കാലത്ത് അവിടെനിന്ന് ഒരു നമ്പൂരിപ്പാട് തൃശ്ശിവപേരൂർച്ചേന്ന് വടക്കുന്നാഥക്ഷേത്രത്തിൽ ഭജനം തുടങ്ങി. ഭജനം വളരെ നിഷ്ഠയോടുകൂടിയാണ് നടത്തിയിരുന്നത്. രണ്ടുനേരവും നട തുറക്കുമ്പോഴേക്ക് കുളികഴിച്ച് ക്ഷേത്രത്തിലെത്തും. പിന്നെ നടയടയ്ക്കുന്നതു വരെ ജപിച്ചുകൊണ്ടും ഈശ്വരധ്യാനം ചെയ്തുകൊണ്ടും മണ്ഡപത്തിൽത്തന്നെ ഇരിക്കും. അങ്ങനെയായിരുന്നു പതിവ്. ഇടയ്ക്ക് സന്ധ്യാവന്ദനത്തിന് സമയമാകുമ്പോൾ അതിനു മാത്രമേ അവിടെനിന്ന് എഴുന്നേറ്റുപോവുകയുള്ളു അതു കഴിഞ്ഞാൽ പിന്നെയും അവിടെത്തന്നെ വന്നിരിക്കും. ഉച്ചയ്ക്ക് ഒരു നേരം‌മാത്രം സ്വൽപ്പം ഭക്ഷണം കഴിക്കും. പിന്നെ ജലപാനമ്പോലും പതിവില്ലായിരുന്നു.

അങ്ങനെ ഏതാനും കൊല്ലങ്ങൾ കഴിഞ്ഞതിന്റെ ശേഷം ഒരു ദിവസം വൈകുന്നേരം നമ്പൂരിപ്പാട് ഈശ്വരധ്യാനത്തോടുകൂടിയിരുന്നപ്പോൾ ക്ഷേത്രത്തിൽ അത്താഴപൂജയും തൃപ്പുകയും മറ്റും കഴിഞ്ഞു. അദ്ദേഹം അതൊന്നും അറിയില്ല. അദ്ദേഹം ധ്യാനത്തിൽനിന്നുണർന്ന് കണ്ണുതുറന്ന് നോക്കിയപ്പോൾ ക്ഷേത്രത്തിൽ ശാന്തിക്കാർ മുതലായവരാരുമില്ലായിരുന്നു. നട അടച്ചിരിക്കുന്നതായും കണ്ടു. ‘ഇനി എന്താണ് വേണ്ടത്’ എന്ന് വിചാരിച്ചുകൊണ്ട് അദ്ദേഹം അവിടെയിരുന്നപ്പോൾ എവിടെനിന്നോ ഒരു ഗ്രന്ഥം അദ്ദേഹത്തിന്റെ മുൻപിൽ വന്നുവീണു. അതെടുത്തുവെച്ചുംകൊണ്ട് അദ്ദേഹം പിന്നെയും വിചാരമഗ്നനായി അവിടെത്തന്നെയിരുന്നു. അങ്ങനെ കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും കുളിക്കാൻ പോകാനുള്ള നേരമായതിനാൽ അദ്ദേഹം കുളിക്കാൻ പോയി. ശാന്തിക്കാർ കുളിച്ചുവന്ന് നട തുറന്നപ്പോഴേക്കും നമ്പൂരിപ്പാടും കുളിയും മറ്റും കഴിച്ചു പതിവുപോലെ മണ്ഡപത്തിലെത്തി. അദ്ദേഹം പിന്നെയും നിഷ്ഠയോടുകൂടി ഭജിച്ചുകൊണ്ട് യഥാപൂർവ്വം അവിടെത്തന്നെ താമസിച്ചു.

അനന്തരം ഏതാനും കൊല്ലങ്ങൾകൂടി കഴിഞ്ഞതിന്റെശേഷം ഒരു ദിവസം പാർവ്വതീപരമേശ്വരന്മാർ നമ്പൂരിപ്പാട്ടിലെ മുമ്പിൽ പ്രത്യക്ഷീഭവിക്കുകയും ഭഗവാൻ അദ്ദേഹത്തോട് “ഇനി ഭജനം മതിയാക്കി ഇല്ലത്തേക്ക് പോകാം. ഇവിടെ കിട്ടീട്ടുള്ള ഗ്രന്ഥം ഞാൻ ഇട്ടുതന്നതാണ്. അതു നോക്കി അതിൽപ്പറൺജിരിക്കുന്നതുപോലെ ചെയ്തുകൊണ്ടാൽ സർവ്വവും സഫലമാകും. ആ ഗ്രന്ഥത്തിന്റെ അവസാനഭാഗത്ത് പറഞ്ഞിട്ടുള്ള വിധിപ്രകാരം ഭഗവതിസ്സേവ കഴിച്ചുകൊണ്ടാൽ സകലകാര്യങ്ങളും സാധിക്കും. സാധാരണമായിട്ടുള്ള ഭഗവതിസ്സേവയേക്കാൾ കുറച്ചുകൂടി വിസ്തരിച്ചാണ് ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത്. അതിനാൽ ഈ വിധിപ്രകാരം കഴിക്കുന്ന ഭഗവതിസ്സേവയുടെ പേര് ‘വലിയ ഭഗവതിസ്സേവ’ എന്നാക്കിക്കൊള്ളണം. ഞാൻ ഈ പറഞ്ഞിട്ടുള്ളതൊന്നിനും യാതൊരു വ്യത്യാസവും വരുന്നതല്ല. ഞങ്ങൾ രണ്ടുപേരും വേണ്ടതുപോലെ പ്രസാദിച്ചിരിക്കുന്നു” എന്നരുളിചെയ്തിട്ട് ഭഗവാൻ ദേവിയോടുകൂടി അപ്പോൾത്തന്നെ അന്തർദ്ധാനം ചെയ്യുകയും ചെയ്തു. ഉടനെ നമ്പൂരിപ്പാട് പാർവ്വതീ പരമേശ്വരന്മാർ മറഞ്ഞ ആ ദിക്കു നോക്കി സാഷ്ടാംഗം വീണു നമസ്ക്കരിച്ചു. അദ്ദേഹത്തിന് അപ്പോഴുണ്ടായ സന്തോഷാത്ഭുതപാരവശ്യം എത്രമാത്രമെന്നും ഏതുപ്രകാരമെന്നും പറവാൻ പ്രയാസം. നമ്പൂരിപ്പാട് ആ രാത്രി അവിടെക്കഴിച്ചു കൂട്ടിയതിന്റെശേഷം പിറ്റേദിവസം കാലത്തെ കുളിയും സന്ധ്യാവന്ദനാദികളും കഴിച്ച് അവിടെ ‘ശ്രീമൂലസ്ഥാനം’ മുതൽ വേണ്ടുന്ന സ്ഥലങ്ങളിലെല്ലാം വന്ദനവും ദർശവും കഴിച്ചിട്ടു മനയ്ക്കലേക്ക് പോയി. കല്ലൂർനമ്പൂരിപ്പാടന്മാർ വലിയ മന്ത്രവാദികളായിത്തീർന്നത് ശ്രീപരമേശ്വരന്റേയും ശ്രീപാർവ്വതിയുടേയും പ്രസാദംകൊണ്ടും ഭഗവാന്റെ ഉപദേശപ്രകാരമുള്ള വലിയ ഭഗവതിസ്സേവകൊണ്ടും ഭഗവാൻ പ്രസാദിച്ചുകൊടുത്ത ഗ്രന്ഥം‌മൂലവുമാണ്. വേറെയും ചില കാരണങ്ങളില്ലെന്നില്ല. അവയും യഥാവസരം പിന്നാലെ പ്രസ്താവിക്കാൻ നോക്കാം. ഏതെങ്കിലും പ്രസ്തുത നമ്പൂരിപ്പാട് ഒരേർപ്പാട് നിശ്ചയിച്ചു. അതെങ്ങനെയെന്നാൽ കല്ലൂർമനയ്ക്കലുണ്ടാകുന്ന പുരുഷന്മാരെയെല്ലാവരും സമാവർത്തനം കഴിഞ്ഞാലുടനെ വടക്കുന്നാഥക്ഷേത്രത്തിൽ ഒരു സംവത്സരഭജനം നടത്തണമെന്നും അത് കഴിഞ്ഞിട്ടില്ലാതെ മന്ത്രവാദം ചെയ്തുതുടങ്ങരുതെന്നുമാണ്. ആ ഏർപ്പാട് ഇപ്പോഴും അവിടെ ശരിയായി നടന്നുപോകുന്നുണ്ട്. ഈ ഏർപ്പാട് നിശ്ചയിക്കുകയും വടക്കുന്നാഥക്ഷേത്രത്തിൽ ഭജിച്ചു പാർവ്വതീപരമേശ്വരന്മാരെ പ്രത്യക്ഷീകരിക്കുകയും ചെയ്ത ആ നമ്പൂരിപ്പാട്ടിലെ പേര് ‘കുമാരസ്വാമി’ എന്നായിരുന്നത്രെ.

ഈ കുമാരസ്വാമി നമ്പൂരിപ്പാട് വടക്കുന്നാഥക്ഷേത്രത്തിലെ സംവത്സരഭജനം കഴിഞ്ഞു മനയ്ക്കൽ മടങ്ങിയെത്തീട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞതിന്റെശേഷം കാശി, രാമേശ്വരം മുതലായ പുണ്യസ്ഥലങ്ങളിൽപ്പോയി ഗംഗാസ്നാനം, സേതുസ്നാനം മുതലായവയുംകൂടി നിർവ്വഹിച്ചു. അദ്ദേഹം രാമേശ്വരത്തുനിന്ന് മടങ്ങിവരും വഴി തിരുവനന്തപുരത്തെത്തി മഹാരാജസന്നിധിയിൽച്ചെന്നു മുഖം കാണിക്കുകയും ചെയ്തു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് കൊല്ലം 973-)മാണ് കുംഭമാസത്തിൽ നാടുനീങ്ങിയ കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ടായിരുന്നു. തിരുമനസ്സുകൊണ്ട് ഈ നമ്പൂരിപ്പാടിനെക്കുറിച്ച് മുമ്പേതന്നെ കേട്ടറിഞ്ഞിരുന്നതിനാൽ അദ്ദേഹത്തെ അവിടെ യഥായോഗ്യം സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്തു.

അക്കാലത്ത് അവിടെ ജനങ്ങൾക്ക് അതിദുസ്സഹമായ ഒരുപദ്രവം നേരിട്ടിരുന്നു. 933-ആമാണ്ട് നാടുനീങ്ങിയ മാർത്താണ്ഡവർമ്മ മഹാരാജാവ് രാജദ്രോഹികളായിരുന്ന എട്ടുവീട്ടിൽ പിള്ളമാരെയെല്ലാം പിടിപ്പിച്ചു പടിഞ്ഞാറെ കടൽപ്പുറത്ത് കൊണ്ടുപോയി കഴുത്തുവെട്ടി കടലിലേക്ക് തള്ളുകയും അവരുടെ സ്ത്രീകളെയല്ലാം പിടിച്ച് സമുദ്രതീരവാസികളായ മുക്കുവർക്ക് കൊടുക്കുകയും ചെയ്താണല്ലോ അവരുടെ വംശം നശിപ്പിച്ചത്. ആ പിള്ളമാരുടെ പരേതാന്മാക്കളും അവർ സേവിച്ചിരുന്ന ഉഗ്രമൂർത്തികളുമാണ് അന്ന് ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടിരുന്നത്. ആ പിള്ളമാരുടെ ശേഷക്രിയകൾ ചെയ്‌വാനാരുമുണ്ടായിരുന്നില്ലല്ലോ.

“ആബ്ദദീക്ഷാദിലോപേന
പ്രേതാ യാന്തി പിശാചതാം
സ്വജനാൽ ബാധമാനസ്തേ
വിചരന്തി മഹീതലേ”

എന്നാണല്ലോ പ്രമാണം. ആ മൂർത്തികളുടെ ഉപദ്രവം ജനങ്ങൾക്ക് മിക്ക ദിവസങ്ങളിലും ഉണ്ടായിരുന്നു. വിശേഷിച്ച് ചൊവ്വാഴ്ച്ചയും വെള്ളിയാഴ്ച്ചയും രാത്രിയിൽ മദ്ധ്യയാമത്തിങ്കലായിരുന്നു അതികലശലായിരുന്നത്. ആ പിശാചുക്കളുടെയും മൂർത്തികളുടെയും സഞ്ചാരം കടൽപ്പുറം മുതൽ പടിഞ്ഞാറേക്കോട്ടവാതിൽ വരെയായിരുന്നു. പത്മനാഭസ്വാമിയെക്കുറിച്ചുള്ള ഭയംകൊണ്ടോ എന്തോ അവർ കോട്ടയ്ക്കകത്ത് കടക്കാറില്ല. പത്ത് നാഴിക രാത്രിയാകുമ്പോൾ അവരെല്ലാവരും കൂടി കൂട്ടംകൂടി കടൽപ്പുറത്തുനിന്ന് കിഴക്കോട്ട് പുറപ്പെടും. പിന്നെ പത്തു നാഴിക വെളുപ്പാനുള്ളപ്പോൾ വരെ ആ പ്രദേശത്തൊക്കെ അവരുടെ സഞ്ചാരമാണ്. അതിനിടയ്ക്ക് മനുഷ്യരായിട്ടുള്ളവരെ ആരെയെങ്കിലും കണ്ടാൽ അവർ കഥകഴിക്കും. അതിനാൽ അക്കാലത്ത് ആരും പുറത്തിറങ്ങി സഞ്ചരിക്കാറില്ല. എന്നുമാത്രമല്ല, അക്കാലത്ത് ആ പ്രദേശത്തെങ്ങും ആരും പാർത്തിരുന്നുമില്ല. ഈ മൂർത്തികൾ ഉറക്കെ അലറുകയും അട്ടഹസിക്കുകയും ചെയ്തുകൊണ്ടാണ് സഞ്ചരിച്ചിരുന്നത്. അതിനാൽ ആ പ്രദേശത്തെങ്ങും ആർക്കും പേടിച്ചിട്ടു പുരയ്ക്കകത്തുപോലും കിടന്നുറങ്ങാൻ നിവൃത്തിയില്ലായിരുന്നു. ഈ ഉപദ്രവമൊഴിക്കുന്നതിന് മഹാരാജാവ് തിരുമനസ്സുകൊണ്ട് അനേകം മന്ത്രവാദികളെ വരുത്തി പലതും ചെയ്യിച്ചുനോക്കി. ഒന്നുകൊണ്ടും ഒരു ഫലവുമുണ്ടായില്ല. അങ്ങനെയിരുന്നപ്പോളാണ് കുമാരസ്വാമിനമ്പൂരിപ്പാട് അവിടെ ചെന്നുചേർന്നത്.

നമ്പൂരിപ്പാട് മുഖം കാണിച്ചപ്പോൾത്തന്നെ തിരുമനസ്സുകൊണ്ട് ഈ സംഗതികളെല്ലാം അദ്ദേഹത്തോട് കൽപ്പിക്കുകയും ഏതുവിധവും ഈ ഉപദ്രവം മാറ്റിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഗതികളെല്ലാം കേട്ടുമനസ്സിലാക്കിയതിന്റെ ശേഷം നമ്പൂരിപ്പാട് “ആട്ടെ, ഞാനൊരു എഴുത്തെഴുതിക്കൊടുത്താൽ അതും‌കൊണ്ടുപോയി കോട്ടവാതിൽക്കൽ അകത്തുനിൽക്കുകയും ആ മൂർത്തികൾ പുറത്തുവരുമ്പോൾ അത് അവരുടെ അടുക്കലേക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്‌വാൻ ധൈര്യമുള്ളവർ ഇവിടെ ആരെങ്കിലുമുണ്ടോ ?” എന്ന് ചോദിച്ചു. അതിന് മറുപടിയായി “അതിനാരെങ്കിലുമുണ്ടാകും” എന്ന് കൽപ്പിച്ചു. അപ്പോൾ നമ്പൂരിപ്പാട് “എന്നാൽ അത് ഇന്നുതന്നെ വേണം. ഇന്ന് വെള്ളിയാഴ്ച്ചയാണല്ലോ, ഞാൻ പോയി കുളിയും സന്ധ്യാവന്ദനാദികളും അത്താഴവും കഴിച്ചുവരാം” എന്ന് പറയുകയും അതിനെ സമ്മതിച്ച് തിരുമനസ്സുകൊണ്ട് ഒരാളെക്കൂട്ടി നമ്പൂരിപ്പാടിനെ അയയ്ക്കുകയും ചെയ്തു.

നമ്പൂരിപ്പാട്ടിലേക്ക് കേമമായിട്ട് അത്താഴത്തിനും മറ്റും കൽപ്പിച്ചു ചട്ടംകെട്ടിയിരുന്നു എന്നുള്ളത് പ്രത്യേകം പറയണമെന്നില്ലല്ലോ. എട്ട് നാഴിക രാത്രിയായപ്പോഴേക്കും നമ്പൂരിപ്പാട് കുളിയും അത്താഴവും മറ്റും കഴിച്ച് തിരുമുമ്പാകെ എത്തി. അപ്പോഴേക്കും തിരുമനസ്സിലെ അത്താഴമമൃതേത്തും കഴിഞ്ഞിരുന്നു. അപ്പോൾ നമ്പൂരിപ്പാട് “ഒരോലയും എഴുത്താണിയും (നാരായവും) വേണം” എന്ന് പറയുകയാൽ കൽപനപ്രകാരം ഒരാൾ അവ അവിടെക്കൊണ്ടുചെന്ന് കൊടുത്തു. നമ്പൂരിപ്പാട് ആ ഓലയെടുത്ത് വാർന്നു മുറിച്ച് അതിൽ എന്തോ എഴുതി മടക്കിക്കെട്ടിവെച്ചു. അപ്പോഴേക്കും ഒരു പട്ടാളശ്ശിപായി അവിടെ എത്തുകയാൽ തിരുമനസ്സുകൊണ്ട് “ഇതാ, ഈ ആളാണ് എഴുത്ത് കൊണ്ടുപോകുന്നത്” എന്ന് കൽപ്പിക്കുകയും നമ്പൂരിപ്പാട് ആ എഴുത്ത് ആ ശിപായിയുടെ കൈയ്യിൽ കൊടുത്തിട്ട് “ഇത് പടിഞ്ഞാറെ കോട്ടവാതിൽക്കൽ കൊണ്ടുചെന്ന് ആ ദുഷ്ടമൂർത്തികൾ അവിടെ വരുമ്പോൾ അകത്തു നിന്നുകൊണ്ട് പുറത്തേക്ക് എറിഞ്ഞുകൊടുക്കണം. അപ്പോൾ അവർ എന്തു ചെയ്യുന്നു എന്നറിഞ്ഞ് ആ വിവരം ഇവിടെ വന്ന് പറയുകയും വേണം.” എന്നു പറയുകയും ചെയ്തു. ഉടനെ ആ ശിപായി ആ എഴുത്തും കൊണ്ട് ഒരു കുതിരപ്പുറത്തുകയറി ഓടിച്ചു പടിഞ്ഞാറെ കോട്ടവാതിൽക്കലെത്തി. അപ്പോഴേക്കും ആ ദുഷ്ടമൂർത്തികളുടെ അലർച്ച കേട്ടുതുടങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും അവരെല്ലാവരും കോട്ടവാതിൽക്കലെത്തി. അപ്പോൾ ആ ശിപായി ധൈര്യസമേതം കോട്ടയ്ക്കകത്ത് നിന്നുകൊണ്ട് നമ്പൂരിപ്പാട്ടിലെ എഴുത്ത് അവരുടെ അടുക്കലേക്ക് വലിച്ചെറിഞ്ഞു. ആ എഴുത്ത് അവരുടെ അടുക്കൽ എത്തിയ ക്ഷണത്തിൽ ആ മൂർത്തികളെല്ലാം ആർത്തനാദം പുറപ്പെടുവിച്ചുകൊണ്ട് പോയിരുന്ന ശിപായി മടങ്ങിവന്ന് ആ വിവരമെല്ലാം തിരുമനസ്സിലെ സന്നിധിയിൽ അറിയിച്ചു. അപ്പോൾ നമ്പൂരിപ്പാട് “ആ ഉപദ്രവം അങ്ങനെയൊഴിഞ്ഞു. ഇനി ആ ദുഷ്ട മൂർത്തികളുടെ ഉപദ്രവം ഒരിക്കലും ഉണ്ടാവുകയില്ല” എന്നു പറഞ്ഞു. ഉടനെ തിരുമനസ്സുകൊണ്ട് ”ഞാനും അങ്ങനെതന്നെ വിശ്വസിക്കുന്നു” എന്ന് കൽപ്പിക്കുകയും നമ്പൂരിപ്പാടിനെ കിടക്കാൻ കൽപ്പിച്ചയയ്ക്കുകയും തിരുമനസ്സുകൊണ്ട് പള്ളിയറയിലേക്ക് എഴുന്നള്ളുകയും ചെയ്തു.

പിറ്റേദിവസം നമ്പൂരിപ്പാട് തിരുമുമ്പാകെച്ചെന്ന് യാത്രയറിയിച്ചപ്പോൾ തിരുമനസ്സുകൊണ്ട് അദ്ദേഹത്തിന് വീരശൃം‌ഖല മുതലായ അനേകം സമ്മാനങ്ങളും യാത്രച്ചെലവുവകയ്ക്ക് ആയിരം പണവും കൽപ്പിച്ചുകൊടുത്തു. നമ്പൂരിപ്പാട് അവയെല്ലാം വാങ്ങിക്കൊണ്ട് അന്നുതന്നെ സസന്തോഷം സ്വദേശത്തേയ്ക്ക് പോവുകയും ചെയ്തു. നമ്പൂരിപ്പാട്ടിലെ എഴുത്ത് കണ്ട് പേടിച്ചോടിപ്പോയ ദുർമ്മൂർത്തികളുടെ ഉപദ്രവം അതിൽപിന്നെ ആ ദേശത്തെങ്ങും ഒരിക്കലുമുണ്ടായിട്ടില്ല. ഈ കുമാരസ്വാമിനമ്പൂരിപ്പാട്ടിലെ രണ്ടാമത്തെ പൗത്രൻ ഉണ്ടായപ്പോൾത്തന്നെ അദ്ദേഹത്തിന് ആയുസ്സ് കുറവാണെന്ന് ചിലർ പറയുകയാൽ കുമാരസ്വാമിനമ്പൂരിപ്പാട് പ്രസിദ്ധ ജ്യോത്സ്യനായിരുന്ന കാരക്കാട്ട് ഈശ്വരവാരിയരെക്കൊണ്ട് ആ ഉണ്ണിനമ്പൂരിപ്പാട്ടിലെ ജാതകമെഴുതിച്ചു. ഈശ്വരവാരിയർ പറയുന്നതും എഴുതിക്കൊടുക്കുന്നതുമൊന്നും തെറ്റുകില്ലെന്നായിരുന്നു ജനങ്ങളുടെ വിശ്വാസം. അത് വാസ്തവമായിരുന്നു. ഈശ്വരവാരിയർ ജ്യോതിശ്ശാസ്ത്രങ്ങളെല്ലാം പഠിച്ചുകഴിഞ്ഞതിന്റെ ശേഷം മുക്കാൽ വ്യാഴവട്ടക്കാലം (ഒൻപത് കൊല്ലം) കാരക്കാട്ട് സുബഹ്മണ്യസ്വാമിയെ നിഷ്ഠയോടുകൂടി ഭജിച്ച് പ്രസാദിപ്പിച്ച മഹാനാണ്. പിന്നെ അദ്ദേഹം പറഞ്ഞാൽ ശരിയാകാതെയിരിക്കുമോ ? അദ്ദേഹം ജാതകത്തിൽ എഴുതിക്കൊടുത്തത് ആ ഉണ്ണിനമ്പൂരിപ്പാട് ഇതുപത് വയസ്സ് തികയുന്നതിനുമുൻപ് വസൂരിദീനത്താൽ മരിക്കും എന്നായിരുന്നു. എന്നുമാത്രമല്ല, മരിക്കുന്ന ആണ്ടും മാസവും തീയതിയും നാഴികയും വിനാഴികയും എഴുതിക്കൊടുത്തു. അത് കണ്ടപ്പോൾ കുമാരസ്വാമി നമ്പൂരിപ്പാട് മുത്ലായവർക്ക് വളരെ സങ്കടമുണ്ടായി എന്നുള്ളത് പറയണമെന്നില്ലല്ലോ. എനിലും ആ മനയ്ക്കലുള്ളവർ ഈ വർത്തമാനം പരസ്യമാക്കിയില്ല.

ആ ഉണ്ണിനമ്പൂരിപ്പാട് മുറയ്ക്ക് വളർന്നുവരികയും യഥാകാലം അദ്ദേഹത്തിന്റെ സമാവർത്തനം വരെയുള്ള ക്രിയകളൊക്കെ കഴിയുകയും ചെയ്തു. അനന്തരമദ്ദേഹം പിതാമഹന്റെ നിശ്ചയപ്രകാരം തൃശ്ശിവപേരൂരെത്തി വടക്കുന്നാഥക്ഷേത്രത്തിലെ സം‌വത്സരഭജനവും നിർവ്വഹിച്ചുകൊണ്ടു മനയ്ക്കൽ മടങ്ങിയെത്തി. അപ്പോളദ്ദേഹം അദ്ദേഹത്തിന്റെ ജാതകം ഈശ്വരവാരിയർ ഇന്നിന്ന പ്രകാരമാണ് എഴുതിക്കൊറ്റുത്തിരിക്കുന്നതെന്നുള്ള വിവരം എങ്ങനെയോ അറിയുകയും “വസൂരിബാധയെത്തടുക്കുന്നതിനുള്ള ശക്തി ഭഗവതിക്കുള്ളതുപോലെ മറ്റാർക്കുമില്ലല്ലോ” എന്ന് വിചാരിച്ച് അടുത്ത ദിവസംതന്നെ ചെങ്ങണംകുന്നത്ത് ഭഗവതിക്ഷേത്രത്തിലെത്തി ഭജനം തുടങ്ങുകയും ചെയ്തു. ആ ഭജനവും കഠിന നിഷ്ഠയോടുകൂടുത്തന്നെയായിരുന്നു. കാലത്ത് ശാന്തിക്കാരൻ വന്ന് നട തുറക്കുമ്പോഴേക്കും ഉണ്ണിനമ്പൂരിപ്പാട് കുളിയും സന്ധ്യാവന്ദനവും കഴിച്ച് അമ്പലത്തിലെത്തും. പിന്നെ ഉച്ചപൂജ കഴിഞ്ഞ് നടയടയ്ക്കുന്നതുവരെ ജപവും നമസ്ക്കാരവും മറ്റുമായിട്ട് അവിടെത്താമസിക്കും. ഉച്ചപ്പൂജ കഴിഞ്ഞ് നടയടച്ചാൽ ഇല്ലത്തേക്ക് മടങ്ങും. അവിടെച്ചെന്നാൽ ഇല്ലത്ത് തേവാരപ്പുരയിൽ കുടിയിരുത്തിയിരിക്കുന്ന ചെങ്ങണംകുന്നത്ത് ഭഗവതിക്ക് ഒരു പൂജ കഴിക്കും. അതിന് നിവേദ്യത്തിന് നാഴിയരിയാണ് പതിവുവെച്ചിരിക്കുന്നത്. പൂജ കഴിഞ്ഞാൽ ആ ചോറുമാത്രം ഉപ്പ് കൂടാതെ അദ്ദേഹം ഊണ് കഴിക്കും. അങ്ങനെ ഒരു നേരം മാത്രമേ അദ്ദേഹം ഊണ് കഴിച്ചിരുന്നുള്ളൂ. വൈകുന്നേരം നട തുറക്കുമ്പോഴേക്കും അദ്ദേഹം ക്ഷേത്രത്തിലെത്തും. പിന്നെ അത്താഴപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ അദ്ദേഹം ദേവിയെ ഭജിച്ചുകൊണ്ട് അവിടെയിരിക്കും. ഇങ്ങനെയൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ഭജനം.

ഇങ്ങനെ ഏതാനും കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ ഈശ്വരവാരിയർ എഴുതിക്കൊടുത്തിരുന്ന ജാതകപ്രകാരം ആ ഉണ്ണിനമ്പൂരിപ്പാട്ടിലെ ചരമഗതിക്ക് ദിവസമായി. അന്ന് വൈകുന്നേരം അദ്ദേഹം ഭാരതപ്പുഴയിൽച്ചെന്ന് കുളിച്ചൂത്തു ജപിച്ചു കൊണ്ടിരുന്ന സമയം ആ പുഴവക്കത്തു നിന്നിരുന്ന രണ്ടരയാലുകളിൽ ഒന്നിൽനിന്ന് എന്തോ ഒരു മൂർത്തി ഏറ്റവും ഊക്കോടുകൂടി പുഴയിലേക്ക് ചാടി. അതിന്റെ പതനശക്തി നിമിത്തം നമ്പൂരിപ്പാട്ടിലെ മേലൊക്കെ വെള്ളം തെറിച്ചു. എങ്കിലും അതൊന്നും വകവെക്കാതെ അമ്പലത്തിലേക്ക് പുറപ്പെട്ടു. മറ്റേ ആലിന്റെ ചുവട്ടിലെത്തിയപ്പോൾ സർവ്വാം‌ഗസുന്ദരിയായ ഒരു സ്ത്രീ അവിടെ നിന്നിരുന്നു. ആ സ്ത്രീയെക്കുറിച്ചും ഒന്നും വിചാരിക്കാതെ അദ്ദേഹം പിന്നെയും നടന്നു തുടങ്ങി. അപ്പോഴേക്കും അദ്ദേഹത്തിന്റെ തലയ്ക്ക് വല്ലാത്ത ഒരു ഘനവും മുഖത്തും മേലുമൊക്കെ ഒരു വലിച്ചിലും ദേഹത്തിന് ആകപ്പാടെ ഒരു ക്ഷീണവും വന്നു ബാധിച്ചു. ക്ഷേത്രത്തിലോളം നടക്കുന്ന കാര്യം പ്രയാസമെന്ന് തോന്നുകയാൽ അദ്ദേഹം മനയ്ക്കലേക്ക് തന്നെ പോയി. അവിടെച്ചെന്ന് ഒരു കണ്ണാടിയെടുത്ത് നോക്കിയപ്പോൾ മുഖത്തും മേലുമൊക്കെ വസൂരിക്കുരുക്കൾ പുറപ്പെട്ടുതുടങ്ങിയിരിക്കുന്നതായി കണ്ടു. ഉടനെ അദ്ദേഹം അമ്മയെ വിളിച്ച് “അമ്മേ! ഈച്ചരൻ എഴുതിത്തന്നത് ശരിയായി. എന്റെ മേലൊക്കെ വസൂരിക്കുരുക്കൾ പുറപ്പെട്ടുതുടങ്ങിയിരിക്കുന്നു. നിങ്ങളാരും വ്യസനിക്കരുത്. ഈശ്വരവിധി നീക്കാനാർക്കും കഴിയുന്നതല്ലല്ലോ” എന്ന് പറഞ്ഞിട്ട് തേവാരപ്പുറയിൽക്കടന്ന് അവിടെക്കുടിയിരുത്തിയിരുന്ന ചെങ്ങണം‌കുന്നത്ത് ഭഗവതിയുടെ വിഗ്രഹമെടുത്ത് കിഴക്കിനിയിൽ കൊണ്ടുചെന്ന് വെച്ചുകൊണ്ട് “ ഇതുവരെ ഭഗവതിയെസ്സേവിച്ചതിന്റെ ഫലമിതാണല്ലോ “ എന്ന് പറയുകയും ആ വിഗ്രഹം വലത്തുകാൽകൊണ്ട് തട്ടി നടുമുറ്റത്തേക്ക് ഇടുകയും ചെയ്തതിന്റെശേഷം ശയനസ്ഥലത്തു കടന്ന് വാതിലടച്ച് സാക്ഷയിടുകയും അവിടെയൊരു പായയെടുത്തിട്ട് അതിൽക്കിടക്കുകയും ചെയ്തു.

അനന്തരമദ്ദേഹം ഈശ്വരവാരിയർക്ക് ജ്യോതിശ്ശാത്രത്തിലുള്ള പാണ്ഡിത്യത്തേയും ഭഗവതിയുടെ കൃപയില്ലായ്മയേയും കുറിച്ച് വിചാരിച്ചുകൊണ്ട് അങ്ങനെ കിടന്നപ്പോൾ സ്വൽപ്പമൊന്ന് മയങ്ങി. അപ്പോൾ സർവ്വാംഗസുന്ദരിയായ ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് നിന്നുകൊണ്ട് “ഹേ! എന്താ എന്റെ പേരിലും മുഷിച്ചിലായോ ? ആ ആലിന്മേൽനിന്ന് പുഴയിലേക്ക് ചാടിയത് വസൂരിമാലയായിരുന്നു. ആ വെള്ളം തെറിച്ചതുകൊണ്ടാണ് ഇതുണ്ടായത്. ഭയപ്പെടരുതെന്ന് വിചാരിച്ചാണല്ലോ ഞാൻ മറ്റേ ആൽത്തറയ്ക്കൽ വന്ന് നിന്നിരുന്നത്. അതുകൊണ്ടും ഫലമുണ്ടായില്ല. ആട്ടെ, എങ്കിലും ഭയപ്പെടേണ്ട. ഇതിനേക്കാൾ കഠിനമായി വന്നാലും ഞാൻ മാറ്റുമല്ലോ” എന്ന് പറയുകയും, തന്റെ വസ്ത്രാഞ്ചലം കൊണ്ട് മുടിമുതൽ അടിയോളം ഒന്നുഴിയുകയും ചെയ്തു. അപ്പോൾ നമ്പൂരിപ്പാട്ടിലെ സുഖക്കേടുകളെല്ലാം മാറി അദ്ദേഹം സ്വസ്ഥനായിത്തീർന്നു. അദ്ദേഹത്തിന്റെ മേലുണ്ടായിരുന്ന കുരുക്കളെല്ലാം മാഞ്ഞുപോവുകയും ചെയ്തു. ആ സ്ത്രീ ”എന്നെ രക്തമണിഞ്ഞ് കാണാനായിട്ടാണോ എന്റെ കൈയ്യൊടിച്ചത്? ” എന്ന് വീണ്ടും ചോദിച്ചു. അപ്പോൾ നമ്പൂരിപ്പാട് കണ്ണുതുറന്ന് നോക്കുകയും ആ സ്ത്രീയുടെ വലതു കൈപ്പടം (കൈയിന്റെ പത്തി) പൊട്ടി ചോരയൊലിക്കുന്നതായിക്കാണുകയും ചെയ്തു. അപ്പോൾ ഈ സ്ത്രീ സാക്ഷാൽ ഭഗവതിതന്നെയാണെന്ന് മനസ്സിലാവുകയാൽ അദ്ദേഹമെഴുന്നേറ്റ് ദേവിയുടെ പാദത്തിങ്കൽ വീണ് സാഷ്ടാംഗമായി നമസ്ക്കരിച്ചുകൊണ്ട് “ സർവ്വാപരാധങ്ങളും ക്ഷമിക്കേണ”മെന്നപേക്ഷിച്ചു. ഉടനെ ദേവി അദ്ദേഹത്തെ അനുഗ്രഹിക്കുകയും “എല്ലാം ഞാൻ ക്ഷമിച്ചിരിക്കുന്നു. എങ്കിലും വലത്തുകാൽകൊണ്ട് എന്നെ തൊഴിച്ചതിന്റെ ഫലം നിങ്ങളുടെ കുടുംബത്തിൽ രണ്ടാമന്മാരായി ജനിക്കുന്നവരെല്ലാവരും അനുഭവിക്കും” എന്നരുളിച്ചെയ്തിട്ട് മറയുകയും ചെയ്തു.

ഉണ്ണിനമ്പൂരിപ്പാട് ശയനഗൃഹത്തിൽക്കടന്ന് വാതിലടച്ച് സാക്ഷയിട്ടു കഴിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ അമ്മ "വസൂരിയാണെങ്കിലും എനിക്ക് എന്റെ ഉണ്ണിയെക്കണ്ടുകൊണ്ടിരിക്കണം" എന്നു പറഞ്ഞുകൊണ്ടു കരഞ്ഞു തുടങ്ങി. അപ്പോൾ ചിലർ "വസൂരിദീനക്കാരെ പേരു പറഞ്ഞു വിളിക്കുകയും അവർ കിടക്കുന്നിടത്തു ചെന്നു വാതിലുനു മുട്ടുകയും ചെയ്യുന്നത് വിഹിതമല്ല" എന്നു പറഞ്ഞു. അതു കേട്ടിട്ട് ആ അന്തർജ്ജനം "എന്നാൽ വാതിൽ വെട്ടിപ്പൊളിക്കണം. എനിക്ക് എങ്ങനെയെങ്കിലും എന്റെ ഉണ്ണിയെ കാണണം" എന്നു പറഞ്ഞു. അതു കേട്ടു ചിലർ വാതിൽ വെട്ടിപ്പൊളിക്കാനായി ചില ആയുധങ്ങളൂംകൊണ്ടു വാതിൽക്കലെത്തി. അപ്പോൾ ഉണ്ണിനമ്പൂരിപ്പാടു വാതിൽ തുറന്നു പുറത്തുവരികയും "അമ്മേ! നമ്മുടെ ഭഗവതിയുടെ കൃപകൊണ്ട് എന്റെ സൂക്കേടെല്ലാം ഭേദമായി. എനിക്കിപ്പോൾ ഒരു സുഖക്കേടുമില്ല" എന്നു പറഞ്ഞുകൊണ്ട് അമ്മയുടെ അടുക്കൽച്ചെല്ലുകയും അപ്പോൾ അദ്ദേഹത്തെ സ്വസ്ഥശരീരനായിക്കണ്ട് അദ്ദേഹത്തിന്റെ അമ്മയുംമറ്റെല്ലാവ്രും വളരെ അത്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു. ഉടനെ ആ ഉണ്ണിനമ്പൂരിപ്പാട് നടുമുറ്റത്തിറങ്ങി അദ്ദേഹം അവിടെ തട്ടിയിരുന്ന ദേവീവിഗ്രഹമെടുത്ത് മടിയിൽ വെച്ചുകൊണ്ട് പശ്ചാത്താപത്തോടുകൂടി ബാഷ്പാകുലാക്ഷനായി വളരെ നേരം കരഞ്ഞു. പിന്നെ ആ വിഗ്രഹം മുമ്പിലിരുന്ന സ്ഥലത്തുതന്നെ കൊണ്ടുചെന്നു വെയ്ക്കുകയും ചെയ്തു, അതുകൊണ്ടും മതിയായില്ലെന്നു തോന്നുകയാലദ്ദേഹം പുതിയതായി ഒരു ദേവീവിഗ്രഹം വാർപ്പിച്ചു അതും തേവാരപ്പുരയിൽത്തന്നെ പ്രതിഷ്ഠിച്ചു.

ചെങ്ങനംകുന്നത്തെ ഭജനം കാലം കൂടിയതിന്റെശേഷം നമ്പൂരിപ്പാട് തിരുമാന്ധാങ്കുന്ന്, ശ്രീപോർക്കലീ മുതലായ സ്ഥലങ്ങളിലുംചെന്നു സംവത്സര ഭജനം കഴിച്ചു ദേവിയെ പ്രസാദിപ്പിച്ചുകൊണ്ട് മനയ്ക്കൽ മടങ്ങിയെത്തി. പിന്നെയുമദ്ദേഹം ദേവീദേവന്മാരെ ഭക്തിപൂർവ്വം ഭജിച്ചുതന്നെയാണ് ദിനങ്ങളെ നയിച്ചിരുന്നത്. ആ മനയ്ക്കലെ തേവാരപ്പുരയിൽത്തന്നെ വടക്കുന്നാഥൻ മുതലായ ദേവന്മാരെയും ചെങ്ങണംകുന്ന്, തിരുമാന്ധാങ്കുന്ന് മുതലായ സ്ഥലങ്ങളിലെ ദേവീമാരെയും കുടിയിരുതീട്ടുണ്ട്. അവയും കൂടാതെ കാളികാടുമനക്കാരുടെ വക സേവാമൂർത്തികളും അവിടെത്തന്നെയാണല്ലോ. ഈ നമ്പൂരിപ്പാട് ദേവീദേവന്മാരെയെല്ലാം യഥാക്രമം പൂജിക്കുകയും സേവിക്കുകയും ചെയ്തുകൊന്റാണ് അവിടെത്താമസിച്ചിരുന്നത്. ഇതിനിടയ്ക്ക് അദ്ദേഹം മന്ത്രസാരം, യന്ത്രസാരം, പ്രയോഗസാരം, പ്രപഞ്ചസാരം മുതലായവയെല്ലാം ഗ്രഹിച്ചും പിതാമഹനു വടക്കുന്നാഥൻ കൊടുത്ത ഗ്രന്ഥം നോക്കിയും മറ്റൂം മന്ത്രവാദത്തിൽ അതിസമർഥനായിത്തീരുകയും ചെയ്തു. എങ്കിലും വല്ല ദേവതോപദ്രവംകൊണ്ടോ മറ്റോ മന്ത്രവാദത്തിനാവശ്യപ്പെട്ട് ആരെങ്കിലും അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് പറഞ്ഞാൽ "ഭാരതപ്പുഴയിൽക്കുളിച്ചു ഭഗവതിയെസ്സേവിച്ചാൽ മതി, സുഖമാകും." എന്നു പറയുക മാത്രമേ അദ്ദേഹം ചെയ്തിരുന്നുള്ളൂ. അദ്ദേഹം പറഞ്ഞിട്ട് അങ്ങനെ ചെയ്താൽ എല്ലാവർക്കും സുഖമാകാറുണ്ട്. വടക്കുന്നാഥൻ പ്രസാദിച്ചു ഗ്രന്ഥം കൊടുത്തതിപ്പിന്നെ മന്ത്രവാദികളല്ലാത്തവരും കെങ്ങണംകുന്നത്തു ഭഗവതി അനുഗ്രഹിച്ചതിൽപ്പിന്നെ വലത്തു കാലിനു സ്വൽപമെങ്കിലും അസ്വാസ്ഥ്യമില്ലാത്ത രണ്ടാമന്മാരും ആ കുടുംബത്തിലുണ്ടാകാറില്ല. അതിന് ഇപ്പോഴും വ്യത്യാസം വന്നിട്ടുമില്ല.

ഇനി ആ മനയ്ക്കലെ ചില നമ്പൂരിപ്പാടന്മാർ ചെയ്തിട്ടുള്ള മറ്റൂ ചില അത്ഭുതകർമ്മങ്ങളെക്കുറിച്ചുകൂടി ചുരുക്കത്തിൽ താഴെ പറഞ്ഞുകൊള്ളുന്നു.

ടിപ്പുസുൽത്താൻ മലബാറിൽആക്രമണം നടത്തിയ കാലത്ത് കൊച്ചി രാജാവിനെ സ്വാധീനിച്ച് ഒരുടമ്പടിയെഴുതിച്ചു വാങ്ങിക്കൊണ്ട് തിരുവിതാംകൂറിനെ കീഴടക്കണമെന്നു കരുതി കൊച്ചിരാജാവിന്റെ പേർക്ക് ഒരു കത്തയച്ചു. ആ കത്തിൽ ഒരു കൂടിക്കാഴ്ചയ്ക്കു ചെല്ലണമെന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. എങ്കിലുംആ കത്തു കണ്ടപ്പോൾ "ഇനി എന്തെല്ലാമാപത്തുകളൂം അനർത്ഥങ്ങളും വന്നുകൂടുമോ എന്തോ?" എന്നു വിചാരിച്ചു കൊച്ചിരാജാവിനു വളരെ പരിഭ്രമമുണ്ടായി. രാജാവ് ആ വിവരം അവിടെക്കൂടെയുണ്ടായിരുന്ന കല്ലൂർനമ്പൂരിപ്പാടിനോട് പറഞ്ഞു. അതു കേട്ടിട്ട് നമ്പൂരിപ്പാട് "ഇതിനെക്കുറിച്ച് പരിഭ്രമിക്കുകയും ഭയപ്പ്പെടുകയും ഒന്നും വേണ്ട" എന്നു പറയുകയും ഒരു വലിയ ഭഗവതിസ്സേവ കഴിച്ച് അതിന്റെ പത്മത്തിൽനിന്ന് സ്വൽപം ചുവന്ന പൊടിയെടുത്തു കുഴച്ചു രാജാവിനെ ഒരു തിലകം ധരിപ്പിച്ചിട്ട് "അവിടെച്ചെന്നാൽമൂന്നേമുക്കാൽനാഴികയിലധികം താമസിക്കരുത്" എന്നു പറഞ്ഞ് അയയ്ക്കുകയും ചെയ്തു. ടിപ്പു, രാജാവിനെ കണ്ടപ്പോൾ സാദരം ആസനസൽക്കാരം ചെയ്തിരുത്തി കുശലപ്രശ്നം ചെയ്തു. പിന്നെ അവർ രണ്ടുപേരുംകൂടി ക്ഷേമാവർത്ത്നാദികൾ പറഞ്ഞു കുറച്ചു നേരമിരുന്നു. അപ്പോഴേക്കും സമയമടുക്കാറായതിനാൽ രാജാവ് യാത്ര പറഞ്ഞുകൊണ്ട് അവിടെനിന്നും പിരിഞ്ഞുപോയി. രാജാവ് യാത്രപറഞ്ഞപ്പോൾ ടിപ്പു അനേകം സമ്മാനങ്ങൾ കൊടുത്താണു പറഞ്ഞയച്ചത്. എങ്കിലും വിചാരിച്ചിരുന്ന കാര്യം പറയുകയും ഉടമ്പടി എഴുതിച്ചു വാങ്ങുകയും ചെയ്തില്ലല്ലോ എന്നു സുൽത്താനോർത്തത്. ഇതു നമ്പൂരിപ്പാട് കഴിച്ച വലിയ ഭഗവതിസ്സേവയുടെ മാഹാത്മ്യംകൊണ്ടും അദ്ദേഹംധരിപ്പിച്ച തിലകത്തിന്റെ ശക്തികൊണ്ടുമാണെന്നുള്ളതു പറയണമെന്നില്ലല്ലോ.

കൊല്ലം 1036-ആമാണ്ടു നാടുനീങ്ങിയ തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലെ അമ്മച്ചിക്ക് ഒരിക്കൽ സുഖക്കേടുണ്ടായി. അതിന് ഒരുന്മാദച്ഛായയുമുണ്ടായിരുന്നു. എങ്കിലും അതിരു ദേവതോപദ്രവമായിരുന്നു. ആരെങ്കിലും അടുക്കൽ ചെന്നാൽ അവരെ പിടിച്ച് അടിക്കുകയും ഇടിക്കുകയും കടിക്കുകയും ചെയ്ത് ഉപദ്രവിക്കുകയും വസ്ത്രമുടുക്കാതെ സദാ നഗ്നയായി നിൽക്കുകയുമായിരുന്നു സുഖക്കേടിന്റെ സ്വഭാവം. അതിനു പല വൈദ്യന്മാരെക്കൊണ്ടും മന്ത്രവാദികളെക്കൊണ്ടും പലതും ചെയ്യിച്ചു നോക്കി. ഒന്നുകൊണ്ടും ഒരു ഫലവുമുണ്ടായില്ല. അപ്പോൾ ചില സേവന്മാർ, കല്ലൂർ നമ്പൂരിപ്പാടന്മാരിലാരെയെങ്കിലും വരുത്തി വല്ലതും ചെയ്യിച്ചാൽ ഈ സുഖക്കേട് ഭേദമാകുമെന്നും അങ്ങനെ ധാരാളം കണ്ടിട്ടുണ്ടെന്നും ആ നമ്പൂരിപ്പാടന്മാർ കൊച്ചി രാജാവിന്റെ ഇഷ്ടന്മാരാണെന്നും അവിടെ അറിയിച്ചു. ഉടനെ മഹാരാജാവ് തിരുമനസ്സുകൊണ്ട് കൊച്ചിയിലേക്ക് ഒരു തിരുവെഴുത്തയയ്ക്കുകയും കൊച്ചിരാജാവ് ഒരു നമ്പൂരിപ്പാടിനെ തിരുവനന്തപുരത്തേക്ക് അയയ്ക്കുകയും ചെയ്തു.

നമ്പൂരിപ്പാട് ഒരു ദിവസം വൈകുന്നേരമാണ് തിരുവനന്തപുരത്തെത്തിയത്. അതിനാൽ കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞിട്ടാണ് തിരുമുമ്പാകെച്ചെന്നത്, അമ്മച്ചി എവിടെയാണെന്ന് നമ്പൂരിപ്പാട് ചോദിച്ചപ്പോൾ തിരുമനസ്സുകൊണ്ട് "ഉപദ്രവം സഹിക്കവയ്യാതെയായിട്ട് ഒരു പുരമുറീക്കകത്തിട്ടു പൂട്ടിയിരിക്കുകയാണ്" എന്നു കൽപ്പിക്കുകയും നമ്പൂരിപ്പാടിനെ ഒരാളെക്കൂട്ടി ആ മുറിയുടെ വാതിൽക്കലേക്ക് അയയ്ക്കുകയും ചെയ്തു. നമ്പൂരിപ്പാട് അവിടെച്ചെന്നു നോക്കിയപ്പോൾ വാതിൽ അകത്തുനിന്നും സാക്ഷയിട്ടിരിക്കുകയായിരുന്നു. വാതിൽ തുറക്കാൻ നമ്പൂരിപ്പാട് പറഞ്ഞിട്ടും തുറന്നില്ല. ഉടനെ നമ്പൂരിപ്പാട് ഒരു മന്ത്രം ജപിച്ചുകൊണ്ട് വലത്തുകൈകൊണ്ട് നിലത്ത് ഒന്നടിച്ചു. ഉടനെ അമ്മച്ചി വസ്ത്രവും മുലക്കച്ചയും ധരിച്ചുകൊണ്ട് വാതിൽ തുറക്കുകയും സ്ത്രീസാധാരണമായ ലജ്ജാഭാവത്തോട് കൂടി മുഖം കുനിച്ചുകൊണ്ട് പഞ്ചപുച്ഛമടക്കി നിൽക്കുകയും ചെയ്തു. അപ്പോൾ നമ്പൂരിപ്പാട് "ഇന്ന് ഇതുവരെ കുളിയും ഊണും ഉണ്ടായില്ലല്ലോ? വേഗം പോയി കുളിയും ഊണും കഴിച്ചു വരൂ. അപ്പോഴേക്കും ഞാനും പോയി അത്താഴം കഴിച്ചുവരാം" എന്നു പറഞ്ഞു. ഉടനെ അമ്മച്ചി കുളിക്കാൻ പോയി. അവിടെ ബലിയുഴിയുന്നതിനും മറ്റൂം ഇന്നിന്നവയെല്ലാം വട്ടംകൂട്ടണമെന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാരോടു പറഞ്ഞിട്ടു നമ്പൂരിപ്പാടും പോയി. അദ്ദേഹം അത്താഴം കഴിച്ചു വന്നപ്പോഴേക്കും അമ്മച്ചിയും കുളിയുമൂണും കഴിച്ച് അവിടെയെത്തി. നമ്പൂരിപ്പാടു പറഞ്ഞിരുന്നതുപോലെയെല്ലാം അവിടെ വട്ടം കൂട്ടിയിരുന്നു. നമ്പൂതിരിപ്പാട് കുറച്ച് ഭസ്മമെടുത്തു നിലത്തു ഷൾക്കോണായിട്ട് ഒരു ചക്രം വരയ്ക്കുകയും അതിൽ ഒരിലയിട്ട് അതിൽ അമ്മച്ചിയെ ഇരുത്തുകയും ചെയ്തിട്ട് താൻ അമ്മച്ചിയുടെ നേരേ ഇരുന്നുകൊണ്ട് ചില മന്ത്രതന്ത്രപ്രയോഗങ്ങൾ തുടങ്ങി. അപ്പോൾ അമ്മച്ചിയുടെ ഭാവം മാറി. വാതിൽ തുറന്നു പുറത്തുവന്നിട്ട് അതുവരെ യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല. ഭാവം മാറിക്കണ്ടപ്പോൾ ആ ദേവത പിന്നേയും അമ്മച്ചിയെ ബാധിച്ചു എന്നു മനസ്സിലാവുകയാൽ നമ്പൂതിരിപ്പാട് ചില ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. അതിനെല്ലാം ഉത്തരം കേവലം അപകടവും അധികപ്രസംഗവുമായിട്ടായിരുന്നു. അപ്പോൾ നമ്പൂതിരിപ്പാട് ഒരിരുമ്പാണിയെടുത്ത് അമ്മച്ചിയുടെ നേരേ കാണിച്ച് ഒരു മന്ത്രം ജപിച്ചുകൊണ്ടു അതൊരു കാഞിരപ്പലകമേൽ തറച്ചുതുടങ്ങി. അപ്പോൾ അമ്മച്ചി(അല്ലെങ്കിൽ ആ ദേവത) "അയ്യോ! വേണ്ട, വേണ്ട ഞാൻപൊയ്ക്കൊള്ളാമേ. എനിക്കിവിടെ ഇരിക്കാൻ വയ്യേ" എന്നു പറഞ്ഞുകൊണ്ട് ഉറക്കെ നിലവിളിച്ചുതുടങ്ങി. അപ്പോൾ നമ്പൂതിരിപ്പാട്, "എന്നാൽ പൊയ്ക്കൊള്ളൂ" എന്നു പറഞ്ഞു. ഇതെല്ലാം കണ്ടുകൊണ്ടും കേട്ടുകൊണ്ടും അവിടെ ഒരു ഗൂഢസ്ഥലത്ത് എഴുന്നള്ളീയിരുന്ന മഹാരാജാവ് തിരുമനസ്സുകൊണ്ട്, "അങ്ങനെയങ്ങു പോയാൽ പോര. ഒഴിഞ്ഞുപോയി എന്നുള്ളതിന് അടയാളം വല്ലതും കാണിച്ചുതരണം" എന്നു കൽപ്പിച്ചു. ഉടനെ നമ്പൂതിരിപ്പാട് ഇവിടെ പുരടിയത്തിലോ മറ്റോ വല്ലവരും നിൽക്കുന്നുണ്ടെങ്കിൽ അകത്തേക്ക് വിളിച്ചുകൊള്ളണം. പുറത്തു ആളുകൾ നിന്നാൽ വല്ലതും ആപത്തുണ്ടായേക്കും." എന്നു പറഞ്ഞിട്ട് സ്വല്പം അക്ഷതം കയ്യിലെടുത്ത് ഒരു മന്ത്രം ജപിച്ചുകൊണ്ട് അമ്മച്ചിയുടെ മുഖത്തിനു നേരെ പിടിച്ചുഴിഞ്ഞു പുറത്തേക്കെറിഞ്ഞു. അപ്പോൾ അമ്മച്ചിയുടെ ദേഹത്തിൽനിന്നും വാണക്കുറ്റി എരിച്ചുവിട്ടതുപോലെയുള്ള പോലെയുള്ള ശബ്ദത്തോടു കൂറ്റി ഒരു തേജസ്സ് പുറത്തേക്ക് പോവുകയും അതവിടെ കിഴക്കുവശത്ത് മുറ്റത്ത് നിന്നിരുന്നതും ഏകദേശം അമ്പത് കോൽ വണ്ണമുണ്ടായിരുന്നതുമായ വലിയ മാവുവൃക്ഷത്തിന്മേൽ തട്ടി നാരായവേരോടുകോടി നൂറുകോൽ ദൂരത്തേക്കിട്ടു മേൽഭാഗത്തേക്കു പോയി മറയുകയും ചെയ്തു. അപ്പോഴേക്കും അമ്മച്ചി ബോധരഹിതയായി നിലംപതിച്ചു. ദേവത ഒഴിഞ്ഞുപോയതിന്റെ അടയാളങ്ങൾ തൃക്കൺപാർത്തപ്പോൾ തിരുമനസ്സിലെ ഹൃദയം സന്തോഷാത്ഭുത സമ്പൂർണ്ണമായി. എങ്കിലും അകത്തെഴുന്നള്ളി അമ്മച്ചിയുടെ കിടപ്പ് തൃക്കൺപാർത്തപ്പോൾ അവിടേക്കു വളരെ വ്യസനവും പരിഭ്രമവും ഉണ്ടായി. കൽപ്പിച്ചു വിളിച്ചിട്ടു പോലും അമ്മച്ചി കണ്ണു തുറക്കുകയോ മിണ്ടുകയോ ചെയ്തില്ല. അതിനാൽ അതിനെക്കുറീച്ച് നമ്പൂതിരിപ്പാടിനോട് കൽപ്പിച്ചു ചോദിച്ചപ്പോൾ നമ്പൂതിരിപ്പാട് "അതിനെക്കുറിച്ച് വിചാരിക്കാനൊന്നുമില്ല. കുറച്ചുനേരംകൂടി കഴിയുമ്പോൾ ബോധം വീഴും. അപ്പോൾ എഴുന്നേറ്റുകൊള്ളും" എന്നു പറഞ്ഞു. അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ അമ്മച്ചി കണ്ണുതുറക്കുകയും കുറച്ച് വെള്ളം കടിക്കണമെന്ന് പറയുകയും ചെയ്തു. ഉടന്റെ ഒരാൾ കുറച്ചു വെള്ളം കൊണ്ടുചെന്നുകൊടുത്തു. വെള്ളം കുടിച്ചുകഴിഞ്ഞപ്പോൾ അമ്മച്ചിക്കു സുഖമായി. ഉടനെ അമ്മച്ചി എഴുന്നേറ്റു ലജ്ജാവനതമുഖിയായി മാറിനിന്നു. അപ്പോൾ തിരുമനസ്സിന്റെ സന്തോഷം അപരിമിതം തന്നെയായിരുന്നു.

അനന്തരം മഹാരാജാവ് തിരുമനസ്സുകൊണ്ട് നമ്പൂതിരിപ്പാടിനോട് "നേരം രാത്രി വളരെയധികമായി. ഇനി നമുക്കു കുറച്ചു കിടക്കാം" എന്നു കൽപ്പിക്കുകയും നമ്പൂതിരിപ്പാടിനെ അദ്ദേഹത്തിന് കിടക്കാൻ നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് കുറച്ച് ആൾക്കാരെക്കൂട്ടി അയക്കുകയും തിരുമനസ്സുകൊണ്ട് എഴുന്നള്ളുകയും ചെയ്തു. അമ്മച്ചിക്കു പിന്നെ സ്വല്പം ക്ഷീണമുണ്ടായിരുന്നതല്ലാതെ വിശേഷിച്ചു യാതൊരു സുഖക്കേടും ഭാവഭേദവുമുണ്ടായില്ല. ആ സുഖക്കേടു തുടങ്ങുന്നതിന് മുൻപ് ഇരുന്നതുപോലെ തിരുമനസ്സിന്റെ ഹിതാനുവർത്തിയായിത്തന്നെയിരുന്നു.

പിറ്റേദിവസം തിരുമനസ്സുകൊണ്ട് കടവിലെഴുന്നള്ളത്തും നീരാട്ടുകുളിയും കോവിലെഴുന്നള്ളത്തും അമൃതേത്തും മറ്റും കഴിഞ്ഞു പതിവു സ്ഥലത്ത് എഴുന്നെള്ളിയപ്പോഴേക്കും നമ്പൂതിരിപ്പാടും കുളിയും തേവാരവും മറ്റും കഴിച്ച് അവിടെയെത്തി. അപ്പോൾ തിരുമനസ്സുകൊണ്ട് "നമ്പൂതിരി ഇവിടെച്ചെയ്ത അത്ഭുതകർമ്മത്തിനു തക്കതായ പ്രതിഫലം തരുന്ന കാര്യം അസാദ്ധ്യമാണ്‌. എങ്കിലും നാം വല്ലതും തന്നു എന്നു വരുത്തണമല്ലോ. അതിനായി ഏതാനും വസ്തുക്കൾ കരമൊഴിവായി തരാമെന്നാണ്‌ നാം തീർച്ചപ്പെടുത്തിയത്. അത് ഏതു മണ്ഡപത്തുംവാതുക്കലാണ്‌ വേണ്ടതെന്നു നിശ്ചയിച്ചു പറയണം" എന്നു കൽപിച്ചു. അതിനു മറുപടിയായിട്ട് നമ്പൂരിപ്പാട് " എനിക്ക് അങ്ങനെയൊന്നും വേണമെന്നില്ല. എന്നെ ഇവിടെനിന്നും മാനിച്ചയയ്ക്കുക മാത്രം മതി" എന്നറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് "എന്നാൽ ഇഷ്ടം പോലെയാവട്ടെ. ഇനി ഇങ്ങനെയുള്ള ഉപദ്രവം ഇവിടെ ഉണ്ടാകാതിരിക്കാനെന്താണ്‌ വേണ്ടതെന്നു നിശ്ചയിച്ചു പറയണം" എന്നു കൽപിച്ചു. ഉടനെ നമ്പൂരിപ്പാട് മനസ്സുകൊണ്ട് സ്വൽപം ആലോചിച്ചിട്ട് "കൊല്ലം തോറും ഈ കൊട്ടാരത്തിൽ വച്ച് ഓരോ വലിയ ഭഗവതിസ്സേവ നടത്തിയാൽ മതി. ഒരു വലിയ ഭഗവതിസ്സേവ നടത്തിയാൽപിന്നെ ഒരു കൊല്ലത്തേക്ക് ആ സ്ഥലത്ത് ഇങ്ങനെയുള്ള യാതൊരുപദ്രവവുമുണ്ടാവുകയില്ലെന്നുള്ളതു നിശ്ചയമാണ്‌" എന്നറിയിച്ചു. അപ്പോൾ തിരുമനസ്സുകൊണ്ട് "എന്നാൽ അതിനു വേണുന്ന ഉപകരണങ്ങൾക്ക് ഒരു ചാർത്ത് എഴുതിത്തരണം" എന്നു കൽപിക്കുകയും നമ്പൂരിപ്പാട് ഉടനെ ഒരു ചാർത്തെഴുതിക്കൊടുക്കുകയും അതിൽപ്പറഞ്ഞിരുന്ന സകലസാധനങ്ങളും കൽപനപ്രകാരം അന്നുതന്നെ അവിടെ ഒരുക്കിവയ്ക്കുകയും അടുത്ത ദിവസം തന്നെ നമ്പൂരിപ്പാട് ആ വലിയ കൊട്ടാരത്തിൽ വച്ച് വലിയ ഭഗവതിസ്സേവ നടത്തുകയും ചെയ്തു. ആ ഭഗവതിസ്സേവ തൃക്കൺപാർത്തപ്പോൾ തിരുമനസ്സിലേക്കു വളരെ സന്തോഷം തോന്നുകയും അതിൽ പ്രത്യേകമായൊരു ഭക്തി ജനിക്കുകയും ചെയ്തു. ഭഗവതിസ്സേവ കഴിഞ്ഞപ്പോൾ നമ്പൂതിരിപ്പാട്ടിലേക്ക് ആയിരം കലിപ്പണമാണ് കൽപിച്ചു ദക്ഷിണ ചെയ്തത്. അതുകൊണ്ടു നമ്പൂരിപ്പാട്ടിലേയ്ക്കും വളരെ തൃപ്തിയും സന്തോഷവുമുണ്ടായി. ദക്ഷിണ കഴിഞ്ഞതിന്റെ ശേഷം തിരുമനസ്സുകൊണ്ട് "ഈ ഭഗവതിസ്സേവ ഏറ്റവും വിശേഷപ്പെട്ട ഒരു സൽക്കർമ്മം തന്നെയാണ്. സംശയമില്ല. ഇതു കൊല്ലം തോറും ഇവിടെ നടത്തണം. നിവൃത്തിയുണ്ടെങ്കിൽ ഇതിനു നമ്പൂരി തന്നെ വരണം. തീരെ സൗകര്യമില്ലാതെ വന്നാൽ ഇല്ലത്തുനിന്നും വേറെ ആരെയെങ്കിലും പറഞ്ഞയച്ചിട്ടെങ്കിലും ഇതു നടത്തണം ആ ഇല്ലത്തുള്ളവരിൽ ആരായാലും ഇവിടെ വിരോധമില്ല" എന്നു കൽപിക്കുകയും കൽപ്പന പോലെ നടത്തിക്കൊള്ളാമെന്നു നമ്പൂരിപ്പാടു സമ്മതിക്കുകയും ചെയ്തു. പിന്നെ രണ്ടുപേരും കൂടി ആലോചിച്ച് അതിനൊരു ദിവസവും നിശ്ചയിച്ചു.

അനന്തരം തിരുമനസ്സുകൊണ്ട്, "ഭഗവതിസ്സേവയ്ക്കു രണ്ടുമൂന്നു ദിവസമെങ്കിലും മുൻകൂട്ടി നമ്പൂരി ഇവിടെയെത്തണം. അതിനു തക്കവണ്ണം അവിടെനിന്നു പോരുന്നതിനു ബോട്ട് എവിടെയാണ് അയയ്ക്കേണ്ടത്?" എന്നു കൽപിച്ചു ചോദിച്ചു. അതിനു മറുപടിയായി നമ്പൂരി "ഇവിടെ നിന്നു ബോട്ടും മറ്റുമയയ്ക്കണ്ട. ഭഗവതിസ്സേവ നടത്തുന്നതിനു പാകത്തിന് ഇല്ലത്തുനിന്നു ഞങ്ങളാരെങ്കിലും വഞ്ചിക്ക് ഇവിടെ എത്തിക്കൊള്ളാം. നിവൃത്തിയുണ്ടെങ്കിൽ ഞാൻ തന്നെയായിരിക്കും. അല്ലെങ്കിൽ അവിടെ നിന്നു മറ്റാരെങ്കിലും. ആരായാലും ബോട്ടു വേണ്ട. ഞങ്ങൾക്കൊക്കെ ബോട്ടിനേക്കാളിഷ്ടം വഞ്ചിയാണ്" എന്നറിയിച്ചു. അപ്പോൾ തിരുമനസ്സുകൊണ്ട് "എന്നാൽ ഇഷ്ടം പോലെയാവട്ടെ. അമാന്തം വരാതെ നിങ്ങളിലാരെങ്കിലും ഇവിടെയെത്തണമെന്നു മാത്രമേ ഇവിടെ നിർബന്ധമുള്ളു" എന്നു കൽപ്പിച്ചു.

പിറ്റേദിവസം നമ്പൂരിപ്പാടു യാത്രയറിയിച്ചപ്പോൾ തിരുമനസ്സുകൊണ്ട് വീരശൃംഖല മുതലായി പല സാധനങ്ങളും ഒരു ദന്തപ്പല്ലക്കും സമ്മാനമായി കൽപിച്ചു കൊടുക്കുകയും വാദ്യഘോഷങ്ങളോടും അകമ്പടിക്കാർ മുതലായവരോടും കൂടി ബോട്ടിൽത്തന്നെ കയറ്റിയയയ്ക്കുകയും ചെയ്തു. വഴിക്ക് ഇറങ്ങിത്താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം നമ്പൂരിപ്പാടിനെയും അനുയായികളെയും കേമമായി ഭക്ഷണം കഴിപ്പിച്ചയയ്ക്കുന്നതിനും കൽപ്പിച്ചു ചട്ടം കെട്ടിയിരുന്നു. ഇങ്ങനെയെല്ലാം നമ്പൂരിപ്പാട് അത്യാഡംബരങ്ങളോടുകൂടി തൃപ്പൂണിത്തുറ ചെന്നുചേർൻനു. അനന്തരം നമ്പൂരിപ്പാട് തിരുവിതാംകൂറിൽനിന്നു ചെന്നിരുന്നവരെയെല്ലാം മടക്കിയയച്ചതിനു ശേഷം കൊച്ചി വലിയ തമ്പുരാൻ തിരുമനസ്സിലെ തിരുമുമ്പാകെ എഹ്തി. അപ്പോൾ വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു നമ്പൂരിപ്പാടിനോട് തിരുവനന്തപുരത്തു ചെന്നിട്ടുണ്ടായ വിശേഷങ്ങളെല്ലാം കൽപിച്ചു ചോദിക്കുകയും നമ്പൂരിപ്പാട് സകല സംഗതികളും വിസ്തരിച്ച് അവിടെ അറിയിക്കുകയും ചെയ്തു. അനന്തരം നമ്പൂരിപ്പാട് "ഇവിടെനിന്ന് എന്നെ കൽപ്പിച്ചയച്ചതു നിമിത്തം എനിക്കു കിട്ടിയതാണ് ഈ ദന്തപ്പല്ലക്ക്. അതുകൊണ്ട് ഇത് ഇവിടെത്തന്നെ ഇരിക്കട്ടെ" എന്ന് അറിയിച്ച്കൊണ്ട് ആ ദന്തപ്പല്ലക്കു തിരുമുമ്പാകെ സമർപ്പിച്ചു. വലിയതമ്പുരാൻ തിരുമനസ്സുകൊണ്ട് അതു സസന്തോഷം അവിടെ സ്വീകരിക്കുകയും അതിനു പകരം തിരുമനസ്സുകൊണ്ട് ഒരു ഡോലി (മേനാവ്) നമ്പൂരിപ്പാട്ടിലേക്കു കൽപ്പിച്ചു കൊടൂക്കുകയും ചെയ്തു. നമ്പൂരിപ്പാട് കൊടുത്ത ആ ദന്തപ്പല്ലക്കിലാണ് കൊച്ചി വലിയതമ്പുരാക്കന്മാർ ഇപ്പോഴും അത്തച്ചമയത്തിനു കയറിയെഴുന്നള്ളുന്നത്. വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടു കൽപ്പിച്ചു കൊടുത്ത ഡോലി ഇപ്പോഴും കല്ലൂർ മനയ്ക്കൽ ഇരിക്കുന്നുമുണ്ട്.

പിന്നത്തെ ആണ്ടിൽ വലിയകൊട്ടാരത്തിൽ വലിയ ഭഗവതിസ്സേവ നടത്തുന്നതിനായിപ്പോയത് മറ്റൊരു നമ്പൂതിരിപ്പാടായിരുന്നു. അദ്ദേഹവും വലിയ മന്ത്രവാദിയും ഒരു കവിയുമായിരുന്നു. മഹാരാജാവു തിരുമനസ്സിലേക്കു കഥകളിയിൽ വളരെ പ്രതിപത്തിയുണ്ടെന്നും തിരുവനന്തപുരത്തു വലിയ കൊട്ടാരം വകയായിത്തന്നെ ഒരു കഥകളിയോഗമുണ്ടെന്നും അറിഞ്ഞിരുന്നതിനാൽ ആ നമ്പൂരിപ്പാട് ബാലിവിജയം എന്നൊരു ആട്ടക്കഥകൂടിയുണ്ടാക്കിക്കൊണ്ടാണ് അങ്ങോട്ട് പോയത്. നമ്പൂരിപ്പാട്ടിലെ വഞ്ചി കായംകുളത്തു കായലിൽ എത്തിയപ്പോൾ നേരം ഏകദേശം പാതിരാവായിരുന്നു. അപ്പോൾ മറ്റൊരു വഞ്ചിയിൽ അഞ്ചാറു കള്ളന്മാർ പെട്ടെന്നു ചെന്നു നമ്പൂരിപ്പാട്ടിലെ വഞ്ചി അവിടെ നിർത്താൻ വിളിച്ചു പറഞ്ഞു. അതു കേട്ടു നമ്പൂരിപ്പാട് വഞ്ചി അവിടെ നിർത്തിക്കുകയും വിളക്കു കൊളുത്തുകയും ചെയ്തിട്ടു ചെല്ലമെടുത്തു മുമ്പിൽ വെച്ചുകൊണ്ടു മുറുക്കിത്തുടങ്ങി. അപ്പോഴേക്കും കള്ളന്മാരുണ്ടെ വഞ്ചി മറ്റേ വഞ്ചിയോട് അടുത്തു ചേർന്നു. നമ്പൂരിപ്പാട്ടിലെ മുമ്പിൽ ഒരു പൊതിയും അടപ്പോടുകൂടിയ ഒരു ചെമ്പു ചെപ്പും ഇരിക്കുന്നുണ്ടായിരുന്നു. ആ പൊതിയിൽ പണവും ചെമ്പുചെപ്പിൽ സാളഗ്രാമം മുതലായ തേവാരസാധനങ്ങളുമായിരുന്നു. അവ കണ്ടിട്ട് ആ കള്ളന്മാരിൽ തലവൻ "ഇതെന്തെല്ലാമാണ്?" എന്നു ചോദിച്ചു. അതിനുത്തരമായിട്ട് നമ്പൂരിപ്പാട് "ഈ പൊതിയിൽ കുറച്ചു പണവും ചെമ്പുചെപ്പിൽ പണമുണ്ടാക്കാനുള്ള ചില സാധനങ്ങളുമാണ്" എന്നു പറഞ്ഞു. "പണമായാൽ അതു ചെലവായിപ്പോകുമല്ലോ. പണമുണ്ടാക്കാനുള്ള സാധനങ്ങളായാൽ എന്നും പണമുണ്ടാക്കിക്കൊണ്ടിരിക്കാമല്ലോ" എന്നു വിചാരിച്ച് ആ തസ്കരത്തലവൻ ആ ചെമ്പു ചെപ്പെടുക്കുന്നതിനായി ആ വഞ്ചിയിലേക്കു കയറി. അപ്പോൾ നമ്പൂരിപ്പാട്ടിലെ ഭൃത്യന്മാർ "കല്ലൂരു നമ്പൂരിപ്പാടാണ് ആ എഴുന്നള്ളിയിരിക്കുന്നത്. അങ്ങോട്ട് തൊടരുത്" എന്നു പറഞ്ഞു. അതു കേട്ടിട്ട് കള്ളൻ "കല്ലൂരായാലും കൊള്ളാം പുല്ലൂരായാലും കൊള്ളാം ഞാനിതു കൊണ്ടുപോകും" എന്നു പറഞ്ഞ് ആ ചെമ്പു ചെപ്പെടുത്തുകൊണ്ട് അവരുടെ വഞ്ചിയിൽക്കയറ്റി ക്ഷണത്തിൽപ്പോയി കരയ്ക്കടുത്തിറങ്ങി. അപ്പോളാക്കള്ളൻ ആ ചെമ്പുപാത്രം തലയിൽ വെച്ചു പിടിച്ചുകൊണ്ടും "പുല്ലൂരല്ലേ കല്ലൂരാണേ, കല്ലൂരാണേ പുല്ലൂരല്ലേ" എന്നു പാടിക്കൊണ്ടും തുള്ളിത്തുടങ്ങി. ആ പാട്ടു കേട്ട് അവിടെ അടുക്കൽ താമസിച്ചിരുന്ന ചിലർ അവിടെ വന്ന് ആ തുള്ളിക്കൊണ്ടു നിന്നിരുന്നവന്റെ കൂട്ടുകാരോടു ചോദിച്ച് സംഗതികളെല്ലാം മനസിലാക്കീട്ട് "കൊള്ളാം, കല്ലൂരു നമ്പൂരിപ്പാടിനോടാണോ നിങ്ങൾ കളിക്കാൻ ചെന്നത്? അദ്ദേഹം ഒട്ടും ചില്ലറക്കാരനല്ല. നമുക്കു ക്ഷണത്തിൽ ചെന്നു ക്ഷമായാചനം ചെയ്യാം." എന്നു പറഞ്ഞുകൊണ്ട് ആ തുള്ളിക്കൊണ്ടു നിന്ന ആളേയും ആ തേവാരപ്പാത്രവും വഞ്ചിയിലാക്കുകയും തണ്ടു പിടിച്ചും ഊന്നിയും ക്ഷണത്തിൽ നമ്പൂരിപ്പാട്ടിലെ വഞ്ചിയോടടുത്തെത്തുകയും "കൃപയുണ്ടായിട്ട് വഞ്ചി നിർത്തണമേ" എന്നു വിളിച്ച് പറയുകയും ചെയ്തു. അതു കേട്ടിട്ട് നമ്പൂരിപ്പാട് "ഇനിയും എന്തു ചെയ്യാനാണാവോ? എന്തെങ്കിലുമാകട്ടെ" എന്ന് വിചാരിച്ച് വഞ്ചി നിർത്തിച്ചു. ഉടനേ മറ്റേ വഞ്ചിയിൽ നിന്ന് ഒരാൾ ആ തേവാരപ്പാത്രവും അന്ന് ആ കള്ളന്മാർ പലരിൽനിന്നുമായി തട്ടിയെടുത്ത പണവും എടുത്തുകൊണ്ടു മറ്റേ വഞ്ചിയിൽക്കയറി ആ പാത്രവും പണവുമെല്ലാം നമ്പൂരിപ്പാട്ടിലെ പാദത്തിങ്കൽ വെച്ചു വന്ദിച്ചുകൊണ്ട് "ആളറിയാതെയും അറിവില്ലായ്കകൊണ്ടും ചെയ്തുപോയ സമസ്താപരാധങ്ങളും സദയം ക്ഷമിക്കുകയും മറ്റേ വഞ്ചിയിൽക്കിടന്നു തുള്ളുന്നവന്റെ തുള്ളൽ മാറ്റിത്തരുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു" എന്നു പറഞ്ഞു. ഉടനെ നമ്പൂരിപ്പാട് "നിങ്ങൾ അന്യന്മാരിൽ നിന്നു തട്ടിയെടുത്ത പണം നമുക്ക് വേണ്ട. നമുക്കു നമ്മുടെ തേവാരപ്പാത്രം മാത്രം മതി. ഇനി മേലാൽ ഇങ്ങനെ പരോപദ്രവം ചെയ്കയില്ലെന്നു നിങ്ങൾ സത്യം ചെയ്തുപറഞ്ഞാൽ തുള്ളലും ചാട്ടവുമൊക്കെ നിൽക്കും. സുഖമായിട്ടു നിങ്ങൾക്കു പോകാം" എന്നു പറഞ്ഞു. നമ്പൂരിപ്പാടു പറഞ്ഞതുപോലെ സത്യം ചെയ്യുകയും ഉടനെ ആ തസ്കരത്തലവന്റെ തുള്ളൽ നിൽക്കുകയും ചെയ്തു. അവരുടെ പണം നമ്പൂരിപ്പാട് സ്വീകരിച്ചില്ല. അതിനാൽ അത് അവർ തന്നെ എടുത്തുകൊണ്ട് അവരുടെ വഞ്ചിയിൽക്കയറി പോവുകയും ചെയ്തു. ഉടനെ നമ്പൂരിപ്പാട്ടിലെ വഞ്ചിയും വിട്ടു.

അദ്ദേഹം മുറയ്ക്കു പോയി നിശ്ചിതദിവസം തിരുവനന്തപുരത്തെത്തി. പിറ്റേദിവസം വലിയ ഭഗവതിസ്സേവ നടത്തുകയും ചെയ്തു. അന്നും ആയിരം പണം തന്നെയാണ് കൽപിച്ചു ദക്ഷിണ ചെയ്തത്.

അതിന്റെ പിറ്റേദിവസം ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് നമ്പൂരിപ്പാടു തിരുമുമ്പിൽ ചെല്ലുകയും അദ്ദേഹം എഴുതിക്കൊണ്ടുപോയിരുന്ന ആട്ടക്കഥ അപ്പോൾ തിരുമുമ്പാകെ സമർപ്പിക്കുകയും ചെയ്തു. ആ ആട്ടക്കഥ തൃക്കൺപാർത്തിട്ടു തിരുമനസ്സു കൊണ്ടു വളരെ സന്തോഷിച്ചു. ഉടനെ വലിയ കൊട്ടാരം വക കഥകളിയോഗത്തിലെ പാട്ടുകാരെ തിരുമുമ്പാകെ വരുത്തി ആ കഥ കൊടുത്തിട്ട് " ഇതു ക്ഷണത്തിൽ തോന്നിച്ച് അരങ്ങേറ്റം കഴിക്കണം" എന്നു കൽപ്പിക്കുകയും ചെയ്തു. "കഥ അരങ്ങേറ്റം കഴിഞ്ഞിട്ടു പോയാൽ മതി" എന്നു നമ്പൂരിപ്പാടിനോടും കൽപിച്ചു.

ആ പാട്ടുകാർ മൂന്നുദിവസം കൊണ്ട് ആ കഥ തോന്നിക്കുകയും നാലാം ദിവസം അരങ്ങേറ്റം നടത്തുകയും ചെയ്തു. കഥ ആടിക്കണ്ടപ്പോൾ തിരുമനസ്സിലേക്കു വളരെ ബോധിച്ചു. അതിനാൽ നമ്പൂരിപ്പാടു യാത്രയറിയിച്ചപ്പല്ല് അദ്ദേഹത്തിനു വീരശൃംഖല മുതലായ അനേകം സമ്മാനങ്ങൾ കൽപ്പിച്ചുകൊടുത്ത് അദ്ദേഹത്തെ വളരെ സന്തോഷിപ്പിച്ചാണ് അയച്ചത്.

ഈ നമ്പൂരിപ്പാട് വടക്കുന്നാഥക്ഷേത്രത്തിലെ സംവത്സരഭജനം കഴിഞ്ഞതിന്റെ ശേഷം ചമ്രവട്ടത്തു പോയി അവിടെയും ഒരു സംവത്സരഭജനം നടത്തി ആ അയ്യപ്പസ്വാമിയെയും വേണ്ടതുപോലെ പ്രസാദിപ്പിച്ച ആളായിരുന്നു. ഈ നമ്പൂരിപ്പാടു വിളിച്ചാൽ ചമ്രവട്ടത്തയ്യപ്പൻ വിളികേൾക്കും എന്നാണ് അക്കാലത്തു ജനങ്ങൾ പറഞ്ഞിരുന്നത്. ഇതിനു ദൃഷ്ടാന്തമായി ഒരു സംഗതി ഉണ്ടായിട്ടുള്ളതു കൂടി ചുരുക്കത്തിൽ താഴെ കുറിക്കുന്നു.

ഈ നമ്പൂരിപ്പാട്ടിലെ അച്ഛന്റെ പന്ത്രണ്ടാം മാസം ഒരു വേനൽക്കാലത്തായിരുന്നു. അതിനാലിദ്ദേഹം സദ്യയ്ക്ക് ഇലവെയ്ക്കുന്നതിനും മറ്റും മുറ്റത്ത് നെടുമ്പുര കെട്ടിച്ചില്ല. പന്തലിടുവിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. മാസദിവസമൊട്ടടുത്തപ്പോൾ അഹോരാത്രം ഒരുപോലെ കലശലായിട്ടുള്ള മഴ തുടങ്ങി. മാസമടിയന്തിരം വകയ്ക്ക് ആവശ്യമുള്ള അരിക്കു നെല്ലു പുഴുങ്ങിയുണക്കുക, വിറകു കീറിയുണക്കുക മുതലായവയൊന്നും മുഴുവനായിട്ടില്ലായിരുന്നു. അതിനാൽ നമ്പൂരിപ്പാട് ഇനിയെന്താണ് വേണ്ടതെന്ന് വിചാരിച്ച് സ്വൽപം കുഴങ്ങി. എങ്കിലും ധൈര്യശാലിയും ഈശ്വരഭക്തനുമായ അദ്ദേഹത്തിന് ഉടനെ ഒരു കൗശലം തോന്നുകയും അപ്രകാരം പ്രവർത്തിക്കുകയും ചെയ്തു. അതെന്തെന്നാൽ, അദ്ദേഹം ഏതാനും ശ്ലോകങ്ങളുണ്ടാക്കി, ഓലകളിലെഴുതി മടക്കിക്കെട്ടി 'ചമ്രവട്ടത്ത് അയ്യപ്പസ്വാമിക്ക്' എന്നു മേൽവിലാസമെഴുതി ഭാരതപ്പുഴയിലിടുകയാണ് ചെയ്തത്. ആ ഓലക്കെട്ട് വഴി തെറ്റാതെ പുഴയിൽക്കൂടിത്തന്നെ പോയി ചമ്രവട്ടത്ത് അയ്യപ്പസ്വാമിയുട്എ ക്ഷേത്രസന്നിധിയിൽ കടവിൽച്ചെന്നടുത്തു. ഉടനെ മഴമാറുകയും വെയിൽ തെളിയുകയും ചെയ്തു. പിന്നെ ആ മാസമടിയന്തിരം കഴിഞ്ഞ് അതിനായി അവിടെ കൂടിയിരുന്നവരെല്ലാം പിരിഞ്ഞുപോകുന്നതുവരെ മഴയുണ്ടായില്ല. ഈ സ്ഥിതിക്ക് ഈ നമ്പൂരിപ്പാടു വിളിച്ചാൽ ചമ്രവട്ടത്തയ്യപ്പൻ വിളി കേൾക്കുമെന്നു ജനങ്ങൾ പറഞ്ഞിരുന്നതു വാസ്തവം തന്നെയായിരുന്നു എന്നു വിശ്വസിക്കാമല്ലോ. അദ്ദേഹമന്നുണ്ടാക്കിയ ശ്ലോകങ്ങളിൽ ചിലതു താഴെ ചേർക്കുന്നു:

കല്ലൂർ വിപ്രനെഴുത്തു പാർശ്വഗതരാം
ഭൂതങ്ങൾ വായിച്ചിദം
ചൊല്ലേറുന്നൊരു ചമ്രവട്ടപതിയെ-
ച്ചെമ്മേ ധരിപ്പിക്കണം.
വല്ലാതെ മഴപെയ്തിടുന്നതുടനെ
മാറ്റിത്തരേണം ഭവാൻ
വെല്ലംകൊണ്ടു ചതുശ്ശതത്തെ വിരവോ‌-
ടെന്നാൽക്കഴിച്ചീടുവെൻ.
പരിചൊടു പുകൾപൊങ്ങും ചമ്രവട്ടത്തു വാഴും
ഹരിഹരതനയാ! നിൻ പാദപത്മം തൊഴുന്നേൻ
ഇരുപതു ദിവസത്തേയ്ക്കിന്നുതൊട്ടിന്നിമേലാ-
ലരുതു കരുണയാതേ വർഷമെന്നുള്ള ശബ്ദം.
തീയ്യാട്ടൊന്നു കഴിച്ചിടാമനുദിനം
ചെയ്യാം നമസ്കാരവും
നെയ്യാടാം കനകാദികൊണ്ടു കൃതമാം
മെയ്യാദിയും ചെയ്തിടാം
വയ്യായെന്നൊരു ശാഠ്യമില്ല, വഴിപാ-
ടയ്യായിരം നേർന്നു ഞാ-
നയ്യാ! നിൻ കൃപയാലഹോ! മഴയിനി-
പ്പെയ്യാതെയാക്കീടണം.
കൈയിൽ പണ്ടൊരു കുന്നെടുത്തു വരിഷം
മാതാവു നിർത്തീലയോ?
മെയ്യിൽപ്പാതിയുമയ്ക്കു നൽകിയ പിതാ
ഗംഗാം ധരിച്ചീലയോ?
വയ്യിപ്പോൾ മഴമാറ്റുവാൻ തനയനെ-
ന്നുള്ളൊരു ദുഷ്കീർത്തിയെ-
ന്നയ്യപ്പാ! മമ ചമ്രവട്ടമമരും
നാഥാ വരുത്തീടൊലാ.
അയ്യപ്പ! നിന്തിരുവടിക്കൊരു നേർച്ച നേർന്നാൽ
പെയ്യിക്കയില്ല മഴയെന്നൊരു ലോകവാക്യം
പൊയ്യായി വന്നീടുകിലോ തവ കൂറ്റുകാരാ
മിയ്യാളുകൾക്കു തല പൊക്കി നടന്നിടാമോ?
കാതം പഞ്ചകമാകകൊണ്ടു വഴിയേ
പദ്യങ്ങളെത്തായ്കയോ?
ഭൂതങ്ങൾക്കവ കിട്ടിയെങ്കിലുമുടൻ
വന്നങ്ങുണർത്തായ്കയോ?
ചേതം കാലമിതാകകൊണ്ടു ജനത-
യ്ക്കുണ്ടെന്നു വെച്ചോ? മഴ
യ്ക്കേതും താനൊരുഭേദമെന്നിയെ ചൊരി-
ഞ്ഞീടുന്നു? ഭൂതേശ്വരാ!
ഞാനീവണ്ണം സ്തുതിക്കുന്നതു മതി പരമാ-
ബദ്ധമെന്നുണ്ടു ശാങ്കാ
പാനീയേ മുങ്ങുമല്ലോ പരിചിനൊടു ഭവാൻ
വർ‌ഷമേറുന്ന കാലം
താനുണ്ണാത്തേവരുണ്ടോ പരനു വരദനാ
കുന്നിതെന്നുള്ള ഞായം
മാനിച്ചീടേണമല്ലോ മധുമഥന മഹേ-
ശാനപുത്രന്നുപോലും.
വെള്ളത്തിൽസ്സുഖമല്ല ദുഃഖമിദമെ-
ന്നുള്ളത്തിലില്ലായ്കയാൽ
കള്ളത്രാണമിവൻ പറഞ്ഞ മൊഴിയെ-
ന്നുള്ളിൽ ഭ്രമിച്ചെന്നതോ?
മുള്ളോരോന്നുരചെയ്കകൊണ്ടു തിരുവു-
ള്ളക്കേടുകൊണ്ടോ ഭവാ
നെള്ളോളം മഴ മാറ്റിടാത്തതു ജലേ
പള്ളിക്കുറുപ്പകയോ?
ഓത്തും ചൊല്ലി നമസ്കരിക്കുമുടനേ
പദ്യങ്ങൾ തീർത്തൊക്കെയും
പത്രം തന്നിൽ വരച്ചുകൊണ്ടു പുഴയിൽ
ത്താഴ്ത്തുന്നു ഞാനിങ്ങനെ
ശാസ്താവേ! തവ ശക്തിയില്ല വരി‌ഷം
മാറ്റീടുവാനെങ്കിലോ
ശാസ്ത്രത്തിൽപ്പറായുന്നതൊക്കെ വിഫലം
ബെദ്ധൗർക്കുതന്നേ സുഖം.
ദാനത്തെച്ചെയ്യുമെങ്കിൽ ത്തെളിവിനൊടഭിലാ-
ഷങ്ങളോതീടുവൻഞാൻ
മാനത്തെങ്ങും മഴക്കാറൊരു കടുസദൃശ്യം
പോലുമുണ്ടായിടൊല്ലാ
വേനൽക്കാലത്തെപ്പോലെ വരണമഖിലവും
വെയ്ലുമുണ്ടായ്വരേണം
മാനിക്കേണം ഭവാൻ തൻ മഹിമയുമിഹമേ
ഭക്തിയും മാനു‌ഷന്മാർ
ദാതൃത്വം കുറവാകയോ? സ്തുതികളെ
ക്കേട്ടാൽ വെറുപ്പാകയോ?
ചേതുസ്തു ഷ്ടി വരായ്കയോ? ചിലതുഞാൻ
ചെയ്യുന്ന പോരായ്കയോ?
ചേതം മറ്റവനാകയോ? ചെവികളിൽ
ശോകങ്ങളെത്തായ്കയോ?
പെയ്തീടും മഴ മാറ്റിടാത്തതു ഭവാൻ
ഭൂതേശനലായ്കയോ?

ഈ ശ്ലോകങ്ങൾക്കു ജനങ്ങൾ പറഞ്ഞുവരുന്ന പേര് 'മഴശ്ലോകങ്ങൾ' എന്നാണ് ഒരിക്കൽ ഒരു കലൂർ നമ്പൂതിരിപ്പാടു ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്ന കുറിച്ചാത്തുനമ്പൂരിയുടെ ഇല്ലത്ത് ഒരു തിലഹോമത്തിനു പോയി. അതു കഴിച്ചിട്ട് അവിടെ അടുക്കൽത്തന്നെ ഒരു തമിഴന്റെ (പാണ്ടിക്കാരന്റെ) ഗൃഹത്തിൽ ഒരു ബലികൊടയ്ക്കു (ബലി കൊടുത്തു ബാധയെ ഉഴിഞ്ഞു മാറ്റുന്നതിനു) പോയി. അതും കഴിച്ചിട്ട് ആ രാത്രിയിൽത്തന്നെ സപരിവാരം സ്വദേശത്തേക്കു പുറപ്പെട്ടു. അദ്ദേഹത്തിനു പോകാനുള്ള വഴി കല്ലടിക്കോടൻ മലയുടെ താഴ്വരയിൽക്കൂടിയായിരുന്നു. ആ വഴിയിൽക്കൂടി കുറാച്ചു ദൂരം ചെന്നപ്പോൾ അവിടെ സർവ്വാംഗസുന്ദരിയായ ഒരു സ്ത്രീ നിൽക്കുന്നതു കണ്ടു. കണ്ടപ്പോൾത്തന്നെ അതൊരു യക്ഷിയാണേന്നു മനസ്സിലാവുകയാൽ നമ്പൂരിപ്പടു കൂടെയുണ്ടായിരുന്ന പരികർമ്മിയും ഭൃത്യന്മാരും ഭയപ്പെടാതെയിരിക്കാനായിട്ടു ഒരു മന്ത്രം ജപിച്ചു ആ യക്ഷിയെ അദൃശ്യയാക്കി ബന്ധിച്ചിട്ടു കടന്നുപോയി. കുറാചുദൂരം പോയതിൽന്റെ ശേ‌ഷം നമ്പൂരിപ്പടു തനിചു മടങ്ങിവന്ന് ആ യക്ഷിയുടെ ബന്ധനം വേർപെടുത്തി വിട്ടയച്ചിട്ടു ക്ഷണത്തിൽപ്പോയി സഹചരന്മാരോടുകൂടി പിന്നേയും യാത്ര തുടർന്നു.

അങ്ങനെ പിന്നേയും കുറച്ചുദൂരം ചെന്നപ്പോൾ വഴിയോടടുത്തുള്ള ഒരു കാട്ടിൽ ചിലരുടെ സംഭാ‌ഷണം കേട്ടു. അതു ചില ജോനകരാണെന്നും അവർ അന്നു മോ ഷ്ടിച്ച സാധനങ്ങൾ അവിടെയിരുന്നു പങ്കിടുക യാണെന്നും ആ സംഭാ‌ഷണം കേട്ടാപ്പോൾത്തന്നെ മനസ്സിലാവുകയാൽ നമ്പൂരിപ്പാട് എന്തോ ഒരു പചില പറിചു തിരുമ്മി ആ സംഭാ‌ഷണം കേട്ട സ്ഥലത്തേക്കെറിഞ്ഞു. അപ്പോൾ ആ കള്ളന്മാർക്കു കണ്ണു കാണാൻ വയ്യാതെയായി. അങ്ങനെ ചെയ്തില്ലെങ്കിൽ ആ ദുഷ്ടന്മാർ തന്നെയും തന്റെ കുട്ടുകാരെയും കൊലുമെന്നു വിചാരിചാണ് നമ്പൂരിപ്പാട് അപ്രകാരം ചെയ്തത്. എങ്കിലും കരുണാനിധിയും ആർദ്രമാനസനുമായിരുന ആ നമ്പൂരിപ്പാട്ടിലേക്കു കുറചു ദൂരം പോയപ്പോൾ താൻ ചെയ്തതു കഠിനവും സാഹസവുമായിപ്പോയി എന്നു തോന്നി. അപ്പോഴേക്കും നേരം വെളുക്കുകയും ചെയ്ത്. ഉടനെ അദ്ദേഹം തിരികെപ്പോയി പൂർവസ്ഥലത്തെത്തി. അപ്പോൾ ആ ജോനകർ കണ്ണുകാണായ്കയാൽ കാട്ടിലൊക്കെ തപ്പിനടക്കുന്നതു കണ്ടിട്ട് അദ്ദേഹമവരോട് “നിങ്ങൾ ഇങ്ങനെ തപ്പിനടക്കുന്നതെന്താണ്?” എന്നു ചോദിച്ചു. അതിനുത്തരമായി അവർ “എന്തോ ഞങ്ങൾക്കു കണ്ണു കാണാതെയായിപ്പോയി. അതുകൊണ്ടാണ്” എന്നു പറഞ്ഞു. അതുകേട്ട് നമ്പൂരിപ്പാട് “നിങ്ങൾ അന്യന്മാരുടെ മുതൽ മോ ഷ്ടിച്ചെടുത്തതിന്റെ ഫലമാണിത്. ഇനി അങ്ങനെ ചെയ്കില്ലെന്നു സത്യം ചെയ്താൽ നിങ്ങൾക്കു കണ്ണു കാണാറാകും” എന്നു പറഞ്ഞു.

ഉടനെ അവർ അങ്ങനെ സത്യം ചെയ്തു. അതിനിടയ്ക്ക് നമ്പൂരിപ്പാട് ഒരു പച്ചില പറിച്ച് തിരുമ്മി അവരുടെ അടുക്കലേക്കിട്ടു. ഉടനെ അവർക്ക് കണ്ണുകാണാറായി. അപ്പോൾ ആ ജോനകർ സന്തോ‌ഷിച്ച് അവരുടെ കൈവശമുണ്ടായിരുന്ന പണവും പണ്ടങ്ങളുമെല്ലാം നമ്പൂരിപ്പട്ടിലെ പാദത്തിങ്കൽ വെച്ചു വന്ദിച്ചിട്ട് “ഇവയെല്ലാം അവിടേക്കിരിക്കട്ടെ” എന്നു പറഞ്ഞു. അതിനു മറുപടിയായിട്ട് നമ്പൂരിപ്പാട് “എനിക്ക് ഇതൊന്നും വേണ്ട. നിങ്ങൾ മേലാൽ പരോപദ്രവം ചെയ്യാതിരുന്നാൽ മാത്രം മതി” എന്നു പറഞ്ഞിട്ട് അവിടെനിന്നു പോയി. ആ പണവും പണ്ടങ്ങളും എടുത്തുകൊണ്ട് ജോനകരും പോയി.

ചേർത്തല ആനക്കോട്ടിൽക്കർത്താവ് ആണ്ടുതോറും അവരുടെ മഠത്തിൽ വെച്ച് കല്ലൂർ നമ്പൂരിപ്പടിനെക്കൊണ്ടു വലിയ ഭഗവതിസ്സേവ നടത്തിക്കാറുണ്ട്. ഒരാണ്ടിൽ ഭഗവതിസ്സേവയ്ക്കു തൊഴാൻ ചെന്നപ്പോൾ മൂത്ത കർത്താവിനു ഭഗവതിയെ അവിടെ പ്രത്യക്ഷമായി കണ്ടതായിട്ടു തോന്നുകയാൽ ഉടനെ അനന്തരവരെ വിളിച്ചു “എന്റെ പെട്ടിക്കകത്ത് ആയിരം ബ്രിട്ടീ‌ഷ് രൂപ ഒരു കിഴിയായി കെട്ടിവെച്ചിട്ടുണ്ട്. അത് എടുത്തു കൊണ്ടുവരണം” എന്നു പറഞ്ഞു താക്കോൽ കൊടുത്തയച്ചു. ആ അനന്തരവൻ കർത്താവ് പോയി ആ പെട്ടി തുറന്ന് ആ കിഴിയെടുത്തു കൊണ്ടുചെന്നു കൊടുക്കുകയും മൂത്ത കർത്താവ് അതു മുഴുവനും നമ്പൂരിപ്പാടിലേക്കു ദക്ഷിണ ചെയ്യുകയും ചെയ്തു.

നമ്പൂരിപ്പാട് അന്നുതന്നെ അവിടെനിന്നു ഒരു ബലികൊട നടത്തുന്നതിനായി ചങ്ങരത്തു പണിക്കരുടെ വീട്ടിലേക്കു പോയി. അവിടെച്ചെന്ന് അതിന്റെ ക്രിയകളൊക്കെ കഴിഞ്ഞതിന്റെ ശേ‌ഷം ബലിപ്പടം (ബലിയുഴിഞ്ഞ പോളപ്പതം) കൊണ്ടു ചെന്നു കളയാനായിട്ട് അദ്ദേഹം തന്റെ ഭൃത്യനെ വിളിച്ചു. അപ്പോൾ അവിടെയുണ്ടായിരുന്ന ചില നായന്മാർ “അതു ഞങ്ങൾ കൊണ്ടുപോയിക്കളയാം” എന്നു പറഞ്ഞു ആ ബലിപ്പടം വാങ്ങിക്കൊണ്ടുപോയി. അവർ ആറുപേരു കൂടിയാണ് കൊണ്ടുപോയത്. അവർ അതു കൊണ്ടുപോയിക്കളഞ്ഞു മടങ്ങിപ്പോന്നപ്പോൾ ആകാശം മുട്ടത്തക്കവണ്ണം വലിപ്പമുള്ള ചില മൂർത്തികളെ കണ്ടു ഭയപ്പെട്ട് ഉറാക്കെ നിലവിളിച്ചുകൊണ്ടു നിലംപതിച്ചു. നിലവിളി കേട്ട് നമ്പൂരിപ്പാട് ക്ഷണത്തിൽ അങ്ങോട്ടു ചെന്നു. അപ്പോഴേക്കും നാലുപേർ മരിച്ചു. പിന്നെ അദ്ദേഹം എന്തോ ചെയ്യുകയാൽ രണ്ടു പേർ മരിച്ചില്ല. എങ്കിലു ആവർ ആജീവനാന്തം രോഗികളായിട്ടാണ് ജീവിച്ചിരുന്നത്.

പിന്നെയൊരിക്കൽ ചേർത്തലെത്തന്നെ കട്ടിയാട്ടുവീട്ടിൽ ഒരു പണിക്കർക്ക് ഒരു ബാധോപദ്രവമുണ്ടായി. ആ ബാധ ഏറ്റവും ശക്തിയോടുകൂടിയ ഒരു അറുകൊലയായിരുന്നു. അതിന്റെ ആവേശമുണ്ടാകുന്ന സമയങ്ങളിൽ ആ പണിക്കർ പുരപിടിച്ചു കുലുക്കുക മുതലായ ഭയങ്കര പ്രവൃത്തികൾ പലതും ചെയ്യുമായിരുന്നു. അനേകം മന്ത്രവാദികൾ പലതും ചെയ്തു നോക്കീട്ടും അതിനെ ഒഴിക്കാൻ കഴിഞ്ഞില്ല. ഒടുക്കം മൂത്ത പണിക്കർ പോയി ഒരു കല്ലൂർനമ്പൂരിപ്പാടിനെത്തന്നെ അവിടെക്കൊണ്ടു വന്നു. നമ്പൂരിപ്പാട് ഒരു ദിവസം അവിടെത്താമസിച്ചു പലതും ചെയ്തു നോക്കീട്ടും ഒരു ഫലവുമുണ്ടായില്ല. അതിനാൽ നമ്പൂരിപ്പാട് “ഈ പണിക്കർ എന്റെ കൂടെ ഇലത്തേയ്ക്കു പോരട്ടെ. അവിടെ കുറച്ചു ദിവസം താമസിച്ചാൽ ഈ ബാധയെയൊഴിപ്പിച്ചു പണിക്കരെ സുഖമാക്കി ഇങ്ങോട്ടയക്കാം” എന്നു പറഞ്ഞു. അതു സമ്മതിച്ച് ആ പണിക്കർ നമ്പൂരിപ്പാടിനോടൂകൂടി മനയ്ക്കലേയ്ക്കു പോയി. അവിടെച്ചെന്നപ്പോൾമുതൽക്കുതന്നെ ആ ബാധയുടെ ശക്തി കുറഞ്ഞുതുടങ്ങി. പണിക്കർ നാല്പതുദിവസമവിടെ ഭജനമായിത്താമസിച്ചു. നാല്പത്തൊന്നാം ദിവസം തുള്ളിയപ്പോൾ ആ ബാധ നമ്പൂരിപ്പാടു ചോദിച്ചതിനെല്ലാം ശരിയായി ഉത്തരം പറയുകയും ഒടുക്കം സത്യം ചെയ്ത് ഒഴിഞ്ഞുപോവുകയും ചെയ്തു. ഇത് ആ നമ്പൂരിപ്പാടന്മാരുടെ സേവാമൂർത്തികൾക്കുള്ള ശക്തികൊണ്ടുകൂടെയാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

ഇരിങ്ങാലക്കുടെ സമീപം 'നകർണ്ണിമന' എന്നു പ്രസിദ്ധമായിരി ക്കുന്ന ഒരു ബ്രാഹ്മണഗൃഹത്തിൽ ഒരിക്കൽ ചാത്തന്റെ ഉപദ്രവമുണ്ടായി. ഈ ചാത്തൻ ഈ മനക്കാരുടെ വിരോധികളായ മറ്റൊരു മനക്കാർ കുടിയിരുത്തിപ്പൂജിച്ചു സേവിച്ചു വന്നിരുന്നതും ഇവരെ ഉപദ്രവിക്കാനായിട്ട് അവർ പറഞ്ഞയച്ചതുമായിരുന്നു. ചാത്തന്റെ ഉപദ്രവം തുടങ്ങിയപ്പോൾ നകർണ്ണിമനക്കാർ കല്ലൂർമനയ്ക്കൽച്ചെന്നു വിവരം പറയുകയും കല്ലൂർ നമ്പൂരിപ്പാട് അവിടെച്ചെന്നു രണ്ടുമൂന്നു ദിവസം വലിയ ഭഗവതി സ്സേവയും മറ്റും കഴിച്ചു ചാത്തന്റെ ഉപദ്രവം നിർത്തുകയും ചാത്തനെ ബന്ധിച്ച് കല്ലൂർ മനയ്ക്കൽ കൊണ്ടുപോയി അവിടെ കുടിയിരുത്തുകയും ചെയ്തു. ചാത്തനെ അവിടെ കുടിയിരുത്തിയെങ്കിലും അവിടെ പൂജിക്കുകയയും മറ്റും ചെയ്തിരുന്നില്ല. അതിനാൽ ചാത്തനെ ആദ്യം കുടിയിരുത്തി സ്സേവിച്ചിരുന്ന മനയ്ക്കൽ ചാത്തന്റെ ഉപദ്രവം തുടങ്ങി. അപ്പോൾ ആ മനക്കാർ കല്ലൂർ മനയ്ക്കൽച്ചെന്നു വിവരം പറഞ്ഞു. അതുകേട്ടിട്ട് കല്ലൂർ നമ്പൂരിപ്പാട് “നിങ്ങളിങ്ങനെ നീചകർമ്മങ്ങൾ ചെയ്തു മനു‌ഷ്യരെ ഉപദ്രവിക്കുന്നതു ന്യായമല്ല. ഇനിയെങ്കിലും ബ്രാഹ്മണവൃത്തിയോടുകൂടിയിരിക്കണം” എന്നു പറയുകയും ചാത്തനെ വിട്ടുകൊടുക്കുകയും ചെയ്തു.

കലൂർ നമ്പൂരിപ്പടന്മാർ ഇങ്ങനെ പല സ്ഥലങ്ങളിൽപ്പോയി ചാത്തന്മാരുടെ ഉപദ്രവങ്ങൾ മാറ്റീട്ടുണ്ട്. അവയെല്ലാമിവിടെയെടുത്തു വിവരിക്കുന്നതായാൽ ലേഖനം ക്രമത്തിലധികം ദീർഘിച്ചുപോയേക്കുമെന്നുള്ളതിനാൽ അതിനായി ഇപ്പോൾ ഉദ്യമിക്കുന്നില്ല. ആ നമ്പൂരിപ്പാടന്മാരുടെ അത്ഭുതകർമ്മങ്ങളിൽ സ്വല്പം ചിലതു കൂടിപ്പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു.

കൊല്ലം 1013 കർക്കടകമാസത്തിൽ തൃപ്പൂണിത്തുറെവെച്ചു തീപ്പെട്ട കൊച്ചി മഹാരാജാവുതിരുമനസ്സുകൊണ്ട് സകലകലാവല്ലഭനും ഒരു മഹാവിദ്വാനുമായിരുന്നു. അവിടുന്നു വിദ്വാന്മാരെ യഥായോഗ്യം സൽക്കരിച്ചു സംഭാവനാദികൾ കൊണ്ടും മറ്റും സന്തോ‌ഷിപ്പിച്ചുകൊണ്ടിരുന്നു. അതിനാൽ അവിടെ അനേകം വിദ്വാന്മാർ ചെന്നു കൂടുകയും തിരുമനസ്സു കൊണ്ട് അവരെയെല്ലാം ചേർത്ത് അവിടെ ഒരു വിദ്വൽസദസ്സു സ്ഥാപിക്കുകയും ചെയ്തിരുന്നു. ആ സസ്യന്മാരിൽ പ്രധാനൻ ഒരു കലൂർനമ്പൂരിപ്പാടായിരുന്നു. അദ്ദേഹം വലിയ വിദ്വാനായിരുന്നു എന്നുള്ളതു വിശെ‌ഷിച്ചു പറയണമെന്നില്ലല്ലോ. എന്നു മാത്രമല്ല ഗദ്യമായലും പദ്യമായാലും എത്ര വലിയതായാലും ഒരു കവിത ഒരു പ്രാവശ്യം കേട്ടാൽ അതു ഹൃദിസ്ഥമാക്കുവാൻ തക്കവണ്ണമുള്ള ധാരണാശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു.

ഇങ്ങനെയിരുന്ന കാലത്ത് ഈ കൊച്ചിമഹാരാജാവിനെക്കുറിച്ച് ജനങ്ങൾ അവിടുന്നു 'കേരളഭോജരാജാവാണെ'ന്നും മറ്റും പുകഴ്ത്തിപ്പറയുന്നതു കേട്ടിട്ട് ചോളദേശത്തുകാരനായ ഒരു ശാസ്ത്രി മഹാരാജാവിന് അടിയറ വെയ്ക്കുന്നതിന് ഒരു ദശകം (പത്തു ശ്ലോകം) ഉണ്ടാക്കിയെഴുതിക്കൊണ്ട് തൃപ്പൂണിത്തുറയെത്തി സമയം ചോദിച്ചറിഞ്ഞുകൊണ്ട് തിരുമുമ്പാകെച്ചെന്ന് ആ ദശകം തിരുമനസ്സിലെ സന്നിധിയിൽ സമർപ്പിച്ചു. അപ്പോൾ തിരുമനസ്സുകൊണ്ട് “എന്താ അത്?” എന്നു കൽപിച്ചു ചോദിച്ചു. അതിനു മറുപടിയായി ശാസ്ത്രികൾ “ഞാനുണ്ടാക്കിയ ഒരു ദശകമാണ്' എന്നറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് അതെടുക്കാനായി കുനിഞ്ഞു. അപ്പോൾ നമ്പൂരിപ്പാട് “അതു വേണമോ? കവിതകൾ ഉണ്ടാക്കിയവർ തന്നെ വായിച്ചാലേ അതിന്റെ തന്മയത്വം വരികയുള്ളു. അതുകൊണ്ട് ശാസ്ത്രികൾ തന്നെ വായിക്കട്ടെ” എന്നു പറഞ്ഞു. അതു കേട്ടിട്ട് “അതു ശരിയാണ്. എന്നാൽ ശാസ്ത്രികൾ തന്നെ വായിക്കട്ടെ” എന്നു കൽപ്പിക്കുകയും ചെയ്തു. ഉടനെ ശാസ്ത്രികൾ അതെടുത്തു ഭംഗിയായും വ്യക്തമായും സാവധാനത്തിൽ വായിച്ച്. ശാസ്ത്രികളുടെ വായന കഴിഞ്ഞപ്പോൾ നമ്പൂരിപ്പാട് “കഷ്ടം!” എന്നു പറഞ്ഞു മൂക്കതു വിരൽ വെച്ചു. അപ്പോൾ ശാസ്ത്രികൾ “എന്താ കഷ്ടം?” എന്നു ചോദിച്ചു. അതിനുത്തരമായിട്ട് നമ്പൂരിപ്പാട് “പണ്ടാരാണ്ട് ഉണ്ടാക്കിയിട്ടിരിക്കുന്ന ഈ ദശകം പകർത്തിയെഴുതി ഇവിടെയുള്ളവരെ പറ്റിക്കാമെന്നു വിചാരിച്ച് ചോളദേശത്തു നിന്നു ശാസ്ത്രികൾ ഇവിടംവരെ കൊണ്ടുവന്നല്ലോ, അതുതന്നെ കഷ്ടം. ഈ ദശകം ഞാൻബ്രഹ്മചാരിയായിരുന്ന കാലത്ത് എന്റെ മുത്തശ്ശി ചൊല്ലിക്കേൾക്കുകയും അന്നുതന്നെ ഞാനിതു പഠിക്കുകയും ചെയ്തിട്ടുള്ളതാണ്“ എന്നു പറഞ്ഞു. അതു കേട്ടിട്ട് ശാസ്ത്രികൾ “എന്നാൽ ഇതൊന്നു ചൊല്ലിക്കേൾക്കട്ടെ” എന്നു പറഞ്ഞു. ഉടനെ നമ്പൂരിപ്പാട് ആ ദശകം യാതൊരു വീഴ്ചയും സംശയവും കൂടാതെ ചൊല്ലിക്കേൾപ്പിച്ചു. അപ്പോൾ ശാസ്ത്രികൾ സാമാന്യത്തിലധികം ഇളിഭ്യനായി എന്നുള്ളതു പറയണമെന്നില്ലല്ലോ. ഉടനെ അദ്ദേഹം “ആട്ടെ അടുത്ത മാസത്തിൽ ഞാനിനിയും ഇവിടെ വരും. അപ്പോൾ ഇതിന്റെ മറുപടി പറഞ്ഞുകൊള്ളാം” എന്നു പറഞ്ഞിട്ട് അവിടേനിന്നിറങ്ങിപ്പോയി. തിരുമനസ്സുകൊണ്ട് ശാസ്ത്രിക്കു സമ്മാനമൊന്നും അപ്പോൾ കൊടുക്കാതെ അയയ്ക്കുന്നതു ക ഷ്ടമാണെന്നു വിചാരിച്ച് അദ്ദേഹത്തിന്റെ പിന്നാലെ ഒരു ഹരിക്കാരനെ കല്പിച്ചയചു വിളിപ്പിച്ചു. എന്നിട്ടും അദ്ദേഹം “ഞാൻഅടുത്ത മാസത്തിൽ വന്നു കണ്ടുകൊള്ളാമെന്നു പറഞ്ഞതായി തിരുമനസ്സറിച്ചേക്കൂ” എന്നു പറഞ്ഞു പോവുകതന്നെ ചെയ്തു.

ശാസ്ത്രികൾ അടുത്ത മാസത്തിൽത്തന്നെ പിന്നെയും വന്നു. അപ്പോളദ്ദേഹം ഒരു ദശകമല്ല, ഒരു ശതകംതന്നെയാണ് എഴുതിക്കൊണ്ടു വന്നിരുന്നത്. അദ്ദേഹം സമയമറിഞ്ഞു തിരുമുമ്പാകെച്ചെന്ന് ആ ശതതമെഴുതിയ ഓലക്കെട്ട് തിരുമുമ്പാകേ അടിയറാകെച്ചു. അപ്പോഴും തിരുമനസ്സുകൊണ്ട് “എന്താ അത്?” എന്നു കൽപ്പിച്ചു ചോദിച്ചു. അപ്പോൾ ശാസ്ത്രികൾ “ഇത് ഞാനുണ്ടാക്കിയ ഒരു ശതകമാണ്“ എന്ന് അറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് “ഇതു ശാസ്ത്രികൾ തന്നെ വായിക്കൂ” എന്ന് അറിയിച്ചു. ശാസ്ത്രികൾ ഉടനെ ആ ഓലക്കെട്ടെടുത്തു ശ്വാസം വിടാതെ ക്ഷണത്തിൽ ആ നൂറൂശ്ലോകവും വായിച്ചു തീർത്തിട്ട് “ഇതും പഴയ കവിതായിരിക്കുമോ? ഇതും പഠിച്ചവരിവിടെയുണ്ടായിരിക്കുമോ?” എന്നു ചോദിച്ചുകൊണ്ട് അവിടെ നിന്നിരുന്ന കല്ലൂർ നമ്പൂരിപ്പാടിന്റെ നേരെ നോക്കി. അപ്പോൾ നമ്പൂരിപ്പാട് “ശാസ്ത്രികളെ! ശുണ്ഠികടിക്കാതെയിരിക്കൂ. ഞാൻവാസ്തവം പറയാ. ഈ ശതകവും ഇല്ലത്തുള്ള ഒരു പഴയ ഗ്രന്ഥത്തിൽ കാണുന്നുണ്ട്. ഇതും ഞാൻപഠിച്ചിട്ടുണ്ട് എന്നു പറഞ്ഞു. ഉടനെ ശസ്ത്രികൾ “എന്നലൊന്നു ചൊല്ലിക്കേൾക്കെട്ടെ” എന്നു പറഞ്ഞു. അതു നമ്പൂരിപ്പാട് ആദ്യം മുതൽ മുറയ്ക്കു സാവധനത്തിൽ ചൊല്ലിത്തുടങ്ങി. അദ്ദേഹം മുറയ്ക്കു മുപ്പതു ശ്ലോകം ചൊല്ലിയപ്പോഴേക്കും ശാസ്ത്രികളൂടെ ദേഹം ആപാദചൂഡം വിറയ്ക്കുകയും വിയർക്കുകയും ചെയ്തു തുടങ്ങി. പിന്നെയും നമ്പൂരിപ്പാട് ശ്ലോകങ്ങൾ മുറയ്ക്കു ചൊല്ലിക്കൊണ്ടിരുന്നു. ശാസ്ത്രികളുടെ വിറയും വിയർപും വർദ്ധിച്ചുകൊണ്ടുമിരുന്നു. കിം ബഹുനാ? നമ്പൂരിപ്പാട് അൻപത്താറാമത്തെ ശ്ലോകം ചൊല്ലുകയും ശാസ്ത്രികൾ ബോധംകെട്ടു ധീം എന്നു നിലംപതിക്കുകയും ഒരുമിച്ചു കഴിഞ്ഞു. ഉടനെ തമ്പുരാൻ, “ശാസ്ത്രികളെയെടുത്ത് പുറത്തു കൊണ്ടു പോയി കാറ്റുള്ള സ്ഥലത്തു കിടത്തട്ടെ” എന്നു കൽപ്പിക്കുകയും രാജഭൃത്യന്മാർ അപ്രകാരം ചെയ്തിട്ട് അദ്ദേഹത്തിന്റെ മുഖത്തു സ്വല്പം വെള്ളം തളിക്കുകയും ചെയ്തു. രണ്ടുമൂന്നു നാഴിക കഴിഞ്ഞപ്പോൾ ശാസ്ത്രികൾക്ക് ഒരുവിധം ബോധം വീഴുകയാൽ അദ്ദേഹം സാവധാനത്തിൽ എഴുന്നേറ്റു രാജസന്നിധിയിലെത്തി. അപ്പോൾ തമ്പുരാൻ, “എന്താ ശാസ്ത്രികളെ! സുഖമായോ?” എന്നു കൽപ്പിച്ചു ചോദിച്ചു അതിനുത്തരമായിട്ടു ശസ്ത്രികൾ “ദേഹത്തിനുണ്ടായ അസ്വാസ്ഥ്യം ഒരുവിധം ശമിച്ചു. മനസ്സിനുണ്ടായ സുഖക്കേടു ഭേദമായിട്ടില്ല. അതു ഭേദമാകുന്നതുമല്ല. എനിക്ക് ഇങ്ങനെയൊരബദ്ധം ഇതിനു മുമ്പൊരിക്കലും പറ്റീട്ടില്ല; ഇനി പറ്റുമെന്നും തോന്നുന്നില്ല. മഹാരാജാവു തിരുമനസ്സിലെ കീർത്തിചന്ദ്രിക ഞങ്ങളുടെ ദേശത്തും നല്ലപോലെ പരന്നിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ടു വന്നത്. കേരളത്തിൽ, വിശേ‌ഷിച്ചും ഈ മഹാരാജസദസ്സിൽ, ഇപ്രകാരം ധാരണാശക്തിഉള്ളവരുണ്ടെന്നു ഞാൻഅറിഞ്ഞിരുന്നില്ല. ഇതറിഞ്ഞിരുന്നുവെങ്കിൽ ഞാൻഈ ദിക്കിലേക്കു കാലെടുത്തു കുത്തുകയില്ലായിരുന്നു. ഞങ്ങളുടെ ദേശത്തു എന്നെപ്പോലെ വേറെയും ചിലർ ഇങ്ങോട്ട് വരാൻ സന്നദ്ധരായി ഇരിക്കുന്നുണ്ട്. അവർ ഇങ്ങോട്ട് പുറപ്പെടുന്നതിനുമുമ്പ് എനിക്ക് അവിടെയെത്തി ഇങ്ങോട്ടാരും പോരേണ്ടാ എന്നു പറയണം. എന്നെപ്പോളെ അവരും വിഡ്ടന്മികളായിപ്പോകണമെന്നി ല്ലല്ലോ” എന്നറിയിച്ചു. അപ്പോൾ തിരുമനസ്സുകൊണ്ട് “അങ്ങനെയൊന്നും വിചാരിക്കാനില്ല ശാസ്ത്രികളെ! ഒരോ ദിക്കിൽ ഓരോ വിധമിരിക്കും. ശാസ്ത്രികൾ കൊണ്ടുവന്ന ശതകം വളരെ നന്നായിട്ടുണ്ട്. അതു തേടിപ്പിടിച്ച് ഇവിടെ കൊണ്ടുവന്നല്ലോ. അതുമാത്രം വിചാരിച്ചാൽ മതി. ഇതു പണ്ടാരാണ്ട് ഉണ്ടാക്കിയിട്ടിരുന്ന കൃതിയാണെന്നു നമ്പൂരി പറഞ്ഞതു വാസ്തവമാണ്. ഇവിടെയും ഒരു പഴയ ഗ്രന്ഥത്തിൽ ഇതു കാണുന്നുണ്ട്. ഈ ശതകം നാമും പഠിച്ചിട്ടുമുണ്ട്. വേണമെങ്കിൽ നാമും ചൊല്ലിക്കേൾപ്പിക്കാം” എന്നു കൽപ്പിചു. അതു കേട്ടു ശാസ്ത്രികൾ “വേണ്ട വേണ്ട; ഈ നമ്പൂരിപ്പട് ഇതു ചൊല്ലിയ സ്ഥിതിക്ക് ഇവിടേക്ക് ഇതിനു പ്രയാസമുണ്ടാകുമോ?” എന്നറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് “വേണ്ടെങ്കിൽ വേണ്ട. നാം വാസ്തവം പറഞ്ഞു എന്നേയുള്ളു. ഏതെങ്കിലും ശാസ്ത്രികൾ ഇവിടെ വന്നിട്ടു വെറുംകൈയായി മടങ്ങിപ്പോകുന്നതു നമുക്കും ശാസ്ത്രികൾക്കും കുറച്ചിലാണല്ലോ. അതുകൊണ്ട് ഇപ്പോൾ ഇത്രയുമിരികട്ടെ” എന്നു കൽപ്പിക്കുകയും അദ്ദേഹത്തിനു ചില സമ്മാനങ്ങൾ കൽപ്പിച്ചു കൊടുത്തയക്കുകയും ചെയ്തു.

ഒരു ദിവസം പകലേ സദസ്സു പിരിയാറായപ്പോൾ വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ട്, “നാളത്തെ സദസ്സിൽ സംഭാ‌ഷണത്തിൽ ജയിക്കുന്നവർക്കു കൊടുക്കുന്നതിനായി നൂറ്റൊന്നും പണംവീതമുള്ള മൂന്നു കിഴികൾ നാം കെട്ടിവെച്ചിട്ടുണ്ട്. സംഭാ‌ഷണ വി‌ഷയങ്ങൾ -

1. ഒന്നാന്തരം പച്ച ഭോ‌ഷ്കുപറഞ്ഞു സദസ്സിലുള്ളവർക്കു പരമാർത്ഥമാണെന്നു തോന്നിക്കുക.

2. അന്നു തന്നെപ്പോലെ മറ്റാരും സ്വാദുള്ള പദാർത്ഥം ഭക്ഷിച്ചിട്ടില്ലെന്നു സദസ്യരെ ബോധ്യപ്പെടുത്തുക.

3. സദസ്യരിൽ വെച്ച് അധികം ഭാഗ്യവാൻ താനാണെന്നു മറ്റുള്ളവരെ സമ്മതിപ്പിക്കുക. ഇങ്ങനെ ചെയ്യുനവർക്കാണ് പണക്കിഴി കൊടുക്കപ്പെടുന്നത്. സദസ്സു പതിനൊന്നു മണിക്കു കൂടുകയും അഞ്ചുമണിക്കുമുമ്പു പിരിയുകയും വേണം” എന്നു കൽപ്പിക്കുകയും ഉടനെ സഭ പിരിയുകയും ചെയ്തു.

പിറ്റേ ദിവസം പതിനൊന്നു മണിക്കുതന്നെ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടു സദസ്സിൽ എഴുന്നള്ളുകയും പണക്കിഴികൾ അവിടെ നിരത്തിവെയ്ക്കുകയും ചെയ്തു. അപ്പോഴേക്കും സദസ്യർ ഓരോരുത്തരായി അവിടെ വന്നുചേർന്നു കഴിഞ്ഞു. കല്ലൂർ നമ്പൂരിപ്പാടു മാത്രം വന്നില്ല. അതെന്താണെന്ന് എല്ലാവർക്കും വിചാരമായി. അദ്ദേഹം വലിയ കണിശക്കാരനായിരുന്നു. അദ്ദേഹം സമയത്തിനുമുമ്പെത്തുകയായിരുന്നു പതിവ്. അദ്ദേഹം വരാത്തതെന്തുകൊണ്ടെന്നുള്ള വിചാരം തമ്പുരാൻ തിരുമനസ്സിലേക്കും ഉണ്ടായി. അങ്ങനെ എല്ലാവരും വിചാരത്തോടുകൂടിയിരുന്നപ്പോൾ ഏറ്റവും പരിഭ്രമത്തോടുകൂടി നമ്പൂരിപ്പാടും അവിടെ വന്നു ചേർന്നു. അദ്ദേഹത്തിന്റെ മുഖത്ത് ഒരു വി‌ഷാദഭാവം പ്രത്യക്ഷമായിരുന്നു. അതു കണ്ടിട്ട് തിരുമനസ്സുകൊണ്ട് 'എന്താ വിശേ‌ഷം വല്ലതുമുണ്ടോ?' എന്നു കൽപ്പിച്ചു ചോദിച്ചു.

നമ്പൂരിപ്പാട്: വിശേ‌ഷമൊന്നുമില്ല. എങ്കിലും...

തമ്പുരാൻ: എന്താ? പറയൂ. കേൾക്കട്ടെ.

നമ്പൂരിപ്പാട്: ഇപ്പോൾത്തന്നെ സമയം അതിക്രമിച്ചിരിക്കുന്നു. ഇനി എന്റെ കഥ കൂടി പറഞ്ഞുതുടങ്ങിയാൽ ഇന്നത്തെ സദസ്സിൽ നിശ്ചയിചിട്ടൂള്ളതൊന്നും നടക്കുകയില്ല അതുകൊണ്ട് എന്റെ കാര്യം

ഇനിയൊരു ദിവസം സമയമുള്ളപ്പോൾ ഇവിടെ അറിയിച്ചുകൊള്ളാം.

തമ്പുരാൻ: സദസ്സിൽ വെച്ചു നടത്താനുള്ള കാര്യം നാളെയായാലും മതി. നമ്പൂരിയുടെ കാര്യം ഇന്നുതന്നെ കേൾക്കണം. പറയൂ. കേൾക്കട്ടെ

നമ്പൂരിപ്പാട്: നിർബന്ധമാണെങ്കിൽ പറയാം. ഇല്ലത്തുവെച്ചു ചിലവിനുള്ള അരി അവിണിശ്ശേരിയിൽനിന്നും കൊടുത്തയയ്ക്കുകയാണ് പതിവ്. കഴിഞ്ഞ കൊലം അരി കൊടുത്തയചതിന്റെ കൂടെ ഒരു നേന്ത്രക്കന്നു (നേന്ത്രവാഴവിത്ത്) കൂടി കൊടുത്തയച്ചിരുന്നു. ഒന്നല്ലേയുള്ളു, അതൊരു നല്ല സ്ഥലത്തു വെച്ചു നല്ലപോലെ ശുശ്രൂ‌ഷിക്കണമെന്നു നിശ്ചയിച്ച് ഇല്ലത്തെ നടുമുറ്റത്തുതന്നെ അതു കുഴിച്ചുവെച്ചു. അത് അവിടെ വെച്ചാൽ വേറെയും ചില ഗുണങ്ങളുള്ളതും ഓർക്കതിരുന്നില്ല. ഇല്ലത്തെ തേവാരപ്പുരയിൽ ഉള്ള ദേവന്മാർക്ക് അഭി‌ഷേകം കഴിഞ്ഞാൽ ആ വെള്ളം പൂജ കഴിഞ്ഞാൽ ധൂപക്കുറ്റിയിലെ വെണ്ണീറും പതിവായി അതിന്റെ കടയ്ക്കൽത്തന്നെ വീഴും. ഞാൻവിചാരിച്ചിരുന്നതുപോലെ അവ പതിവായി അതിന്റ് കടയ്ക്കൽ തന്നെ വീണിരുന്നു. എന്നു മാത്രമല്ല, നടുമുറ്റത്തായിരുന്നതിനാൽ കിടാങ്ങൾക്കും അകായിലുള്ളവർക്കും അത് ഏറ്റവും സന്തോ‌ഷകരമായിത്തീർന്നു. അവരു അതിനെ യഥായോഗ്യം ശുശ്രൂ‌ഷിച്ചുകൊണ്ടിരുന്നു. ധാരാളമായി വളം ചേർത്തിരുന്നതുകൊണ്ട് വാഴ പനപോലെ തടിച്ചു തഴച്ചു വളർന്നു. അതിന്റെ ഇലകകൊണ്ടു നടുമുറ്റം മൂടി. അധികം താമസിയാതെ വാഴ കുലച്ചു, പന്ത്രണ്ടു പടലയുണ്ടായിരുന്നു. മൂന്നു മാസം കഴിഞ്ഞപ്പോൾ അടിപ്പടലയിൽ ഒരു കായ്ക്കു സ്വല്പം പഴുപ്പു ഛായയുള്ളതായിക്കണ്ടു. അതു കിടാങ്ങൾ കാണാതെയും അണ്ണാനോ എലിയോ കരണ്ടു ന ഷ്ടപ്പെടുത്താതെയുമിരിക്കുന്നതിനായി ആ കുല നല്ല പോലെ മൂടിക്കെട്ടിച്ചു. ആ കുല മുഴുവനും നിർത്തിപ്പഴുപ്പിക്കണമെന്നു വിചാരിച്ചാണ് അങ്ങനെ ചെയ്യിച്ചത്. ഇന്നു കാലത്തു കുലയുടെ പഴുപ്പ് എന്തായി എന്നറിയ്ന്നതിനായി അത് അഴിച്ചുനോക്ക്യപ്പോൾ കായെല്ലാം പഴുത്തു പാകം വന്നു തൊലിക്കു പുള്ളിക്കുത്തു വീണിരിക്കുന്നതായിക്കണ്ടു. പിന്നെ നിലത്തു വീഴിക്കാതെ ആ കുല വെട്ടിയെടുപ്പിച്ച് എണ്ണിനോക്കിയപ്പോൾ നൂറ്റിയിരുപത്തഞ്ചു പഴമുണ്ടായിരുന്നു. അതു പഴം നുറുക്കാക്കുകയോ വേവിക്കാതെ തിന്നുകയോ എന്താനു വേണ്ടതെന്ന് ഞാൻസംശയിച്ചപ്പോൾ അകായിൽ നിന്ന് 'അതൊന്നും പോരാ, അതു പ്രഥമൻ തന്നെയാകണം' എന്നു പറയുകയും ഞാനതു സമ്മതിക്കുകയും ചെയ്തു. പ്രഥമൻ വെചത് അകത്തുതന്നെയാണ്. അകായിലെ അഭിപ്രായപ്രകാരമായതുകൊണ്ട് അതു നന്നാകണമെന്നു വിചാരിച്ചു മനസ്സിരുത്തി പഴം അസ്സലായി വരട്ടിയാണ് അതുണ്ടാക്കിയത്. പ്രഥമൻ വളരെ നന്നാവുകയും ചെയ്തു. വാസ്തവം പറയുകയാണെങ്കിൽ ഇത്രയും നല്ല പ്രഥമൻ ഞാൻ ഇതിനുമുമ്പ് കഴിച്ചിട്ടില്ലെന്നുതന്നെ പറയാം. അതിന്റെ സ്വാദ് അത്രമാത്രമുണ്ടായിരുന്നു. ഞൻ മനസ്സറിയാതെ അത് സാമാന്യത്തിലധികം ചെലുത്തിപ്പോയി. ഈ പ്രഥമൻകൂടി കാലമായപ്പോഴേക്കും ഭക്ഷണത്തിന്റെ സമയം തെറ്റി. പിന്നെ ഇതു സാമാന്യത്തിലധികം ചെലുത്തുകയും ചെയ്തു.

രണ്ടുകൂടിയായപ്പോഴേക്കും ഞാൻവല്ലാതെ ക്ഷീണിച്ചു. പ്രായാധിക്യം നിമിത്തമുള്ള ക്ഷീണം മുമ്പേതന്നെയുണ്ടല്ലോ. എല്ലാംകൊണ്ടും ലേശം പോലും നടക്കാൻ വയ്യെന്നു തോന്നുകയൽ പുറത്തളത്തിൽപ്പോയികിടന്നു. അപ്പോളാണ് സദസ്സു കൂടാനുള്ള സമയം തെറ്റിപ്പോയല്ലോ എന്നുള്ള ഓർമ്മയുണ്ടായത്. ഉടനെ എണീറ്റ് ഇങ്ങോട്ടു പോരികയും ചെയ്തു. ഞാൻവളരെ പരിഭ്രമിച്ചാണ് ഇവിടെ നടന്നെത്തിയത്.

വലിയതമ്പുരാൻ: (സ്വല്പം പരിഭവത്തോടൂകൂടി) “എങ്കിലും പച്ചക്കായ പോലും ദുർലഭമായിരിക്കുന്ന ഇക്കാലത്ത് നമ്പൂരി കുറച്ചു പഴമെങ്കിലും ഇങ്ങോട്ടു കൊടുത്തയച്ചില്ലല്ലോ. അവിടെ വിശേ‌ഷിച്ചു വല്ലതുമുണ്ടായാൽ ഇങ്ങോട്ടുകൂടി കൊടുത്തയക്കുകയല്ലേ പതിവ്?” എന്നു കൽപ്പിചു.

അപ്പോൾ ഒരു സദസ്യൻ നമ്പൂരി: ക ഷ്ടം! ഞാനിത് ഇന്നലെ അറിഞ്ഞില്ലല്ലോ. അറിഞ്ഞിരുന്നുവെങ്കിൽ ഇന്നു ഭക്ഷണത്തിനു നേരത്തെ അങ്ങോട്ടെത്തമായിരുന്നു.ഉടനെ സദസ്യരെല്ലാവരും: ഞാനും അതുതന്നെയാണ് വിചാരിച്ചത്, ഞാനും അതുതന്നെയാണ് വിചാരിച്ചതു എന്നു പറഞ്ഞു

ഉടനെ കലൂർ നമ്പൂരിപ്പാട് കുനിഞ്ഞു ഒരു പണക്കിഴിയെടുത്തു. അപ്പോൾ തമ്പുരാൻ, 'അതെന്താണ് എടുത്തത്?' എന്നു കൽപ്പിച്ചു ചോദിച്ചു

നമ്പൂരിപ്പാട്: ഭോ‌ഷ്ക്കു പറഞ്ഞു സദസ്സിലുള്ളവർക്കൊക്കെ വാസ്തവമാണെന്നു തോന്നിക്കുന്നവർക്കാണല്ലോ ഒരു കിഴി. ഞാനിപ്പോൾ പറഞ്ഞത് ശുദ്ധമേ ഭോ‌ഷ്ക്കണ്. ഇതു വാസ്തവാണെന്നു എല്ലാവരും സമ്മതിച്ചുവല്ലോ. അതിന് എതിരായി പറയാൻ ഒന്നും കാണായ്കയാൽ ആരുമൊന്നും മിണ്ടിയില്ല. അപ്പോൾ നമ്പൂരിപ്പാട് കുനിഞ്ഞ് ഒരു കിഴികൂടി എടുത്തു. ഉടനെ തമ്പുരാൻ തിരുമനസ്സുകൊണ്ട് “അതെന്തിനാണ് എടുത്തത്?” എന്നു കൽപ്പിച്ചു ചോദിച്ചു. അതിനുത്തരമായിട്ട് നമ്പൂരിപ്പാട്, “ഇന്നു തന്നെപ്പോലെ മറ്റാരും സ്വാദുള്ള പദാർത്ഥം ഭക്ഷിച്ചിട്ടില്ലെന്നു സദസ്യരെ ബോധ്യപ്പെടുത്തുന്ന ആൾക്കുള്ളതാണല്ലോ ഈ കിഴി. അതും ഞാൻ

ഇവിടെയെല്ലാവരെയും ബോദ്ധ്യപ്പെടുത്തിയല്ലോ” എന്നു പറഞ്ഞു. അതിനെ എതിർക്കുന്നതിനും മാർഗമൊന്നും കാണായ്കയാൽ അതിനെതിരായിട്ടും അരുമൊന്നും പറഞ്ഞില്ല. അപ്പോൾ നമ്പൂരിപ്പാട് മൂന്നാമത്തെ കിഴിയും കടന്നെടുത്തു. ഉടനെ തമ്പുരാൻ തിരുമനസ്സുകൊണ്ട് “അതെന്താണ്?” എന്നുകൽപ്പിച്ചു ചോദിച്ചു. അതിനുത്തരമായിട്ടു നമ്പൂരിപ്പാട്, “ഇവിടെ കൂടിയിരിക്കുന്നവരിൽ അധികം ഭാഗ്യമുള്ള ആൾക്കുള്ളതാണല്ലോ ഈ കിഴി. ഇവിടെ പലരുമുണ്ടായിട്ടും രണ്ടു കിഴികൾക്കും അർഹൻ ഞാനാണെന്ന് എല്ലാവരും സമ്മതിച്ചവല്ലോ. ഇനി എല്ലവരേക്കാളും ഭാഗ്യവാൻ ഞാനണെന്നുള്ളതിനു വിശേ‌ഷിച്ചു ലക്ഷ്യമൊന്നും വേണമെന്നു തോന്നുന്നില്ല” എന്നു പറഞ്ഞു. അതിനും എതിരായിപ്പറയാനൊന്നും കാണായ്കയാലാരുമൊന്നും മിണ്ടിയില്ല. ഉടനെ സദസ്സു പിരിഞ്ഞു. മൂന്നു പണക്കിഴികളുംകൊണ്ടു നമ്പൂരിപ്പാടും അപ്പോൾത്തന്നെ പോയി.

കല്ലൂർമനയ്ക്കലെ ഒരപ്ഫൻ നമ്പൂരിപ്പാടു വേളികഴിചിരുന്നില്ല അദ്ദേഹം തൃശ്ശിവപേരൂർ കിഴക്കെ ആച്ചംകുളങ്ങരവാരിയത്തെ “കുഞ്ചി” എന്നു പേരായ ഒരു വാരസ്യാരെ സംബന്ധം ചെയ്തു ഭാര്യയാക്കി ഇല്ലത്തു കൊണ്ടുപോയി താമസിപ്പിച്ചിരുനു. ആ വാരസ്യാർ ഒരു ദിവസം പകലെ പതിവുപോലെ പോയി, മേൽ കഴുകി വന്ന് ഇറൻ മാറുന്നതിനായി പെട്ടിയിൽ നിന്ന് ഒരൊന്നരമുണ്ടെടുത്തു നിവർത്തിനോക്കിയപ്പോൾ അത് എലി കടിചു മുറിച്ച് ഉപയോഗിക്കാൻ കൊള്ളുകില്ലാത്ത വിധത്തിലായിരിക്കുന്നതായിക്കാണുകയാൽ അതു മടക്കിവെച്ചിട്ടു വേറെ ഒന്നെടുത്തു നിവർത്തു. അതും അങ്ങനെതന്നെ എലി കടിച്ചുമുറിച്ചതായി കണ്ടു. അങ്ങനെ അവർക്കുണ്ടായിരുന്ന എട്ട് ഒന്നര മുണ്ടുകളും ഉപയോഗിക്കാൻ കൊള്ളുകില്ലാത്ത വിധത്തിലായിരുന്നതിനാൽ അവർ അവയെല്ലാമെടുത്തു നമ്പൂരിപ്പാടിലെ മുമ്പിൽ കൊണ്ടുചെന്നിട്ടിട്ട് “ഇതാ നോക്കണം. എനിക്കു കഴിഞ്ഞ മാസത്തിൽ മേടിച്ചു തന്നതും കോടിയലക്കിയതുമയ എട്ട് ഒന്നരമുണ്ടുകളും എലി വെട്ടി ഒന്നിനും കൊള്ളുകില്ലാതെയായിരിക്കുന്നു. ഇതു ഞാനെങ്ങനെ ഉത്തുകൊണ്ടു നടക്കും? എലിയുടെ ഉപദ്രവം ഇവിടെ ദുസ്സഹമായിരിക്കുന്നു” എന്നു പറഞ്ഞു. അതു കേട്ടിട്ട് നമ്പൂരിപ്പാട് “ആട്ടെ, നിവൃത്തിയുണ്ടാക്കാം. ഇവിടെ ഒരു വിളക്കു കൊളുത്തിവയ്ക്ക്“ എന്നു പറഞ്ഞിട്ടു പുറത്തേക്കിറങ്ങി പറമ്പിൽച്ചെന്ന് ഒരു പച്ചീർക്കിൽ ഒടിച്ചെടുത്തു വലത്തു കൈയിൽപ്പിടിച്ചുകൊണ്ടു വിളക്കിന്റെ സമീപത്തെത്തി. അവിടെയിരുന്നുകൊണ്ട് അദ്ദേഹം ഒരു മന്ത്രം ജപിച്ചിട്ട് “ഇവിടെയുള്ള എലികളൊക്കെ ഇവിടെ വരട്ട്“ എന്നു പറഞ്ഞു. അപ്പോൾ ഏകദേശം അമ്പതോളം എലികൾ “കീ, കീ” എന്നു കരഞ്ഞുകൊണ്ട് ആ വിളക്കിന്റെ ചുറ്റും വന്നുകൂടി. ഉടനെ നമ്പൂരിപ്പാട് “നിങ്ങളെല്ലാവരും ക്ഷണത്തിൽ ഇവിടെനിന്നും പൊയ്ക്കൊള്ളണം” എന്നു പറഞ്ഞിട്ട് ആ ഈർക്കിൽകൊണ്ട് ആ എലികളെയെലാം ഒരോന്ന് അടിചു. ഉടനെ എലികളെല്ലാം അവിടെനിന്നു ഇറങ്ങിപ്പോയി. പിന്നെ ആ നമ്പൂരിപ്പാടിന്റെ കാലം കഴിയുന്നതുവരെ അവിടെ ഒരെലിപോലും കയറിയിട്ടില്ല.

കല്ലൂർ മനയ്ക്കലുള്ളവർ പതിവായിക്കുളിക്കുന്ന പുഴക്കടവിൽ ഒരു വലിയ അരയാൽവൃക്ഷമുണ്ടായിരുന്നു. അതിന്മേൽ അസംഖ്യം വാവലുകളൂം വന്നുകൂടിയിരുന്നു. ആ വാവലുകളുടെ പുരീ‌ഷ (മലം) വർ‌ഷം തലയിലേൽക്കാതെ അവിടെക്കുളിച്ചു കയറിപ്പോകാൻ നിവൃത്തിയില്ലായിരുന്നു. അങ്ങനെയിരുന്നപ്പോൾ വലിയ നമ്പൂരിപ്പാട് “ഈ വാവലിന്റെ ഉപദ്രവം കലശലായിരിക്കുന്നു. ഇവയുടെ കാഷ്ഠവർ‌ഷം തലയിലേൽക്കാറ്റെ ഈ കടവിൽ കുളിക്കാൻ നിവൃത്തിയില്ലല്ലോ. ഇവിടെയുള്ളവർക്ക് അതു പരിചയമായിപ്പോയി. അതുകൊണ്ട് അതു വല്ലതുമാകട്ടെ. ഇനിയിപ്പോൾ വേളിക്ക് ഇവിടെ പലരും വരും. അവരാരും ഇതു ശീലിച്ചിട്ടില്ലാത്തതുകൊണ്ട് അവർക്കിതു ദുസ്സഹമായിത്തീരും. അതുകൊണ്ട് ഏതാനും ദിവസത്തേക്ക് ഈ ജന്തുക്കളെ ഇവിടെനിന്നു മാറ്റണം” എന്നു മനസ്സിൽ വിചാരിച്ച് നിശ്ചയിച്ചിട്ട് ഒരു ദിവസം ഏതാനും ചെറിയ പാറക്കല്ലുകൾ കൈയിൽപ്പെറുക്കിയെടുത്തുകൊണ്ട് ആലിന്റെ സമീപത്തു ചെന്നു നിന്ന് ആ വാവലുകളോട് “നിങ്ങൾ ഏതാനും ദിവസത്തേക്ക് ഇവിടെനിന്നും മാറിത്താമസിക്കണം. ഇല്ലത്തു വേളിയടിയന്തിരം കഴിഞ്ഞു വിശേ‌ഷിച്ചു വരുന്നവരെല്ലാം പിരിഞ്ഞുപോയിട്ടേ ഇവിടെ വരാവൂ. അതുവരെ അക്കരെ നിൽക്കുന്ന വലിയ മാവിന്മേൽ ചെന്നു താമസിച്ചുകൊള്ളണം” എന്നു പറഞ്ഞിട്ടു കയിലുണ്ടയിരുന്ന പാറക്കല്ലുകൾ ജപിച്ച് ആ ആലിന്റെ കടയ്ക്കലേയ്ക്കിട്ടു. ഉടനെ വവലുകളെല്ലാം പറന്നു മറുകരയിൽ നിന്നിരുന്ന മാവിന്മേലെത്തി താമസമായി. പിന്നെ മനയ്ക്കലെ വേളിയടിയന്തിരം കഴിഞ്ഞ് അവിടെ വിശേ‌ഷിച്ചു വന്നിരുന്നവരെല്ലാം പിരിഞ്ഞു പോയതിന്റെ ശേ‌ഷമേ അവ ഇക്കരയ്ക്ക് വന്നുള്ളു. ഇങ്ങനെ കല്ലൂർ നമ്പൂരിമാരുടെ മന്ത്രശക്തിയെയും അത്ഭുതകർമ്മങ്ങളെയും പറ്റി ഇനിയും വളരെപ്പറയാനുണ്ട്. ലേഖനദൈർഘ്യം വിചാരിച്ച് അതിനായി ഉദ്യമിക്കാതെ ഇപ്പോൾ വിരമിക്കുന്നു.