ഐതിഹ്യമാല/പനയന്നാർ കാവ്
←കൊട്ടാരക്കരച്ചന്ദ്രശേഖരൻ | ഐതിഹ്യമാല രചന: പനയന്നാർ കാവ് |
ഉത്രം തിരുനാൾ തിരുമനസ്സുകൊണ്ടും കഥകളിയോഗവും→ |
കേരളത്തിലുള്ള ഭദ്രകാളീക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും തിരുമാന്ധാംകുന്നുകാവ്, കൊടുങ്ങല്ലൂർക്കാവ്, പനയന്നാർ കാവ് എന്നിവയ്ക്കാണെന്നുള്ളതു പ്രസിദ്ധമാണല്ലോ. ഈ ക്ഷേത്രങ്ങൾ ആകൃതിയിലും മറ്റും ഏകദേശം തുല്യങ്ങളായിട്ടാണു കാണപ്പെടുന്നത്. എന്നാൽ ഇവയിൽ പ്രാധാന്യം തിരുമാന്ധാംകുന്നിനാണെന്നു ബ്രിട്ടീഷു മലബാറിലുള്ളവരും അതല്ല, കുരുംബക്കാവിനാണെന്നു കൊച്ചിക്കാരും അതുമല്ല, പനയന്നാർ കാവിനാണെന്നു തിരുവിതാംകൂറിലുള്ളവരും വിചാരിക്കുകയും പറയുകയും ചെയ്തുപോരുന്നുണ്ട്. ഇതു സ്വദേശാഭി മാനം കൊണ്ടെന്നല്ലാതെ മറ്റൊന്നും വിചാരിക്കാനുണ്ടെന്നു തോന്നുന്നില്ല. പനയന്നാർകാവു സ്ഥിതിചെയ്യുന്നത് തിരുവിതാംകൂർ സംസ്ഥാനത്തു തിരുവല്ലാത്താലൂക്കിൽ പരുമലദേശത്താണ്.
ഇവിടെ കടപ്രദേശത്തു"ശ്രയിക്കൂർ" (ചിറവായിൽ) എന്നൊരു കോവിലക (രാജമന്ദിര)മുണ്ട്. അവിടേക്കു പണ്ടു ദേശാധിപത്യവും നാടുവാഴ്ചയുമുണ്ടായിരുന്നു. ആ കോയിക്കലെതമ്പുരാൻ പണ്ട് പരദേശത്തു പനയന്നൂർ (പനയൂർ)ക്കാവിൽപ്പോയി ഭഗവതിയെ സേവിച്ചു പ്രത്യക്ഷമാക്കി, തന്നോടുകൂടി തന്റെ ദേശത്തു വന്നു തന്റെ കുടുംബപരദേവതയായിക്കുടിയിരിക്കണമെന്ന് അപേക്ഷിക്കുകയും അതിനു മറുപടിയായി ഭഗവതി, "നിങ്ങൾ മുമ്പേ പൊയ്ക്കൊള്ളണം. ഞാൻഎന്റെ അച്ഛന്റെ അടുക്കൽ വന്നുകൊള്ളാം. ഞാൻ അവിടെ വരുന്ന സമയം എന്തെങ്കിലും അടയാളം കാണും. അപ്പോൾ എന്നെ അവിടെ യഥാവിധി കുടിയിരുത്തിക്കൊള്ളണം" എന്നരുളിച്ചെയ്യുകയും ചെയ്തു.
കടപ്രദേശത്തു മേല്പറഞ്ഞ ചിറവായിൽക്കോവിലകമിരിക്കുന്ന സ്ഥലത്തിന്റെ കിഴക്കുവശം നദിയാണ്. ആ നദിയുടെ കിഴക്കേക്കരയിൽ നാലുവശവും ഒരു തുരുത്തും അതിന്റെ പടിഞ്ഞാറേ അറ്റത്തു നദീതീരത്തു തന്നെ പശ്ചിമാഭിമുഖമായി പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവന്റെ ഒരു ക്ഷേത്രവുമുണ്ട്. ഭദ്രകാളിയുടെ പിതൃസ്ഥാനം വഹിക്കുന്നത് ശിവനാകയാൽ ദേവി അരുളിച്ചെയ്തതിന്റെ സാരം താൻ ഈ ക്ഷേത്രസന്നിധിയിൽ വന്നുകൊള്ളാമെന്നാണെന്നു മനസ്സിലാക്കിക്കൊണ്ടു തമ്പുരാൻ തിരിച്ചു പോരികയും ശിവന്റെ ക്ഷേത്രത്തിൽ ചുറ്റമ്പലത്തിനകത്തുതന്നെ ദേവിയെ പ്രതിഷ്ഠിക്കുന്നതിനു വേണ്ടുന്ന സ്ഥലങ്ങളൊക്കെ ഉണ്ടാക്കിച്ചുകൊണ്ടു കാത്തിരിക്കുകയും ചെയ്തു.
അങ്ങനെയിരുന്നപ്പോൾ ഒരു വെള്ളിയാഴ്ചനാൾ അർദ്ധരാത്രിസമയത്തു കിഴക്കുനിന്ന് ഏറ്റവും വലിയതായ ഒരഗ്നിഗോളം ആകാശമാർഗ്ഗേണ പടിഞ്ഞാട്ടു മേല്പറഞ്ഞ ശിവക്ഷേത്രത്തിന്റെ അടുക്കൽ നിന്നിരുന്ന ഒരു കരിമ്പനയുടെ അഗ്രഭാഗംവരെ വരുന്നതും അവിടെ അത് സ്വല്പനേരം ജ്വലിച്ചുകൊണ്ടിരിക്കുന്നതും പലരും കണ്ടു. അതു ഭഗവതിയുടെ വരവാണെന്നു വിശ്വസിച്ചു തമ്പുരാൻ അടുത്ത ഒരു ദിവസം ശുഭമുഹൂർത്തത്തിൽ ഭഗവതിയെ സപരിവാരം പ്രതിഷ്ഠിപ്പിച്ചു. ഭഗവതിയെ ആ ക്ഷേത്രത്തിൽ ഒരു സ്ഥലത്തു മാത്രമല്ല പ്രതിഷ്ഠിച്ചത്. പടിഞ്ഞാട്ടു ദർശനമായി അവിടെ പരശുരാമൻ ഒരു ശിവലിംഗം പ്രതിഷ്ഠിച്ചിട്ടുണ്ടെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ ശിവന്റെ ശ്രീകോവിലിനു തെക്കുവശത്തു തിടപ്പള്ളി സ്ഥാനത്ത് മാതൃശാലയോടുചേർത്തുതന്നെ കിഴക്കോട്ട് ദർശനമായിട്ടാണ് ദേവിയെ ആദ്യം പ്രതിഷ്ഠിച്ചത്. ആ പ്രതിഷ്ഠ ഭഗവതി ദാരുകവധോദ്യുക്തയായി ഏറ്റവും കോപത്തോടുകൂടി യുദ്ധഭൂമിയിൽ നിന്നിരുന്ന ആ ധ്യാനത്തോടുകൂടിയായിരുന്നതിനാൽ ദേവി അവിടെ അത്യുഗ്രമൂർത്തിയായിത്തീർന്നു. പിന്നെ ഭഗവതിയുടെ പ്രതിഷ്ഠ വടക്കോട്ട് ദർശനമായി ഒന്നു കൂടി നടത്തിച്ചു. അതു ദാരുകവധാനന്തരം ദേവി രക്താഭിഷിക്തശരീരയായി, കോപവേപിതഗാത്രിയായി യുദ്ധഭൂമിയിൽ നിന്നിരുന്ന ആ ധ്യാനത്തോടുകൂടിയായിരുന്നു. അതിനാൽ അവിടെയും ദേവി ഏറ്റവും ഭയങ്കരിയായിത്തന്നെയാണ് പരിണമിച്ചത്. ഈ പ്രതിഷ്ഠ പ്രതിഷ്ഠാമാതൃക്കളുടെ കൂട്ടത്തിൽ വീരഭദ്രൻ, ഗണപതി എന്നീ മൂർത്തികളോടുകൂടിയാണ്. ഈ ബിംബത്തിങ്കലാണ് ഭഗവതിക്കു ചാന്താട്ടം മുതലായവ നടത്തുന്നത്.
ഇത്രയും പറഞ്ഞതുകൊണ്ട് ഈ ക്ഷേത്രത്തിന്റെ ഏകദേശമായ ഒരു സ്വരൂപജ്ഞാനം വായനക്കാർക്കു സിദ്ധിക്കുമെന്നു വിശ്വസിക്കുന്നു. തിരുമാന്ധാംകുന്നിലോ കൊടുങ്ങല്ലൂർ കാവിലോ പോയിട്ടുള്ളവർക്ക് ആ രണ്ടു സ്ഥലങ്ങളിലെ ക്ഷേത്രവും ഈ ക്ഷേത്രവും തമ്മിലുള്ള പ്രധാന വ്യത്യാസം ആ രണ്ടു സ്ഥലത്തും ശിവന്റെ പ്രതിഷ്ഠ കിഴക്കോട്ടു ദർശനമായിട്ടും ഇവിടെ പടിഞ്ഞാട്ടു ദർശനമായിട്ടുമാണെന്നുള്ളതു മാത്രമാണെന്നു ഊഹിക്കാവുന്നതാണ്. ഇവിടെ ശിവന്റെ ശ്രീകോവിലിനു നേരെ പടിഞ്ഞാറുവശത്ത് ഒരു ബലിക്കൽപ്പുരയുള്ളതു കൂടാതെ ഭഗവതിയുടെ നടയ്ക്കുനേരെ വടക്കുവശത്തും ഒരു ബലിക്കൽപ്പുരയുണ്ട്. വടക്കുവശത്തു കൂടി ബലിക്കൽപ്പുര ഇവിടെ വിശേഷിച്ചുള്ളതാണ്.
വിധിപ്രകാരം പ്രതിഷ്ഠ നടത്തുകയും ക്രമപ്രകാരം പതിവായി പൂജാദികൾ നടത്തിത്തുടങ്ങുകയും ചെയ്യുകയാൽ ഇവിടെ ഭഗവതിയുടെ സാന്നിദ്ധ്യവും ശക്തിയും ക്രമത്തിലധികം വർദ്ധിക്കുകയാൽ പകൽ സമയത്തുപോലും കാവിൽപ്പോകുവാൻ ജനങ്ങൾ ഒന്നു നടുങ്ങാത്ത വരായി ഭൂലോകത്തിലെങ്ങുമില്ലെന്നായിത്തീർന്നു. അവിടുത്തെ സ്ഥിതി വിചാരിച്ചാൽ ഇതൊരത്ഭുതമല്ലതാനും. വെള്ളിയാഴ്ച, ചൊവ്വാഴ്ച മുതലായ ദിവസങ്ങളിൽ അർദ്ധരാത്രി സമയത്തും മറ്റും അവിടെ ചില ഭയങ്കരശബ്ദങ്ങളും മറ്റും കേൾക്കുക കാലക്രമേണ സാധാരണമായിത്തീർന്നു. ദാരുകനുമായിട്ടുണ്ടായ യുദ്ധസമയത്തു ദേവി യുദ്ധഭൂമിയിങ്കൽ ശോഭിച്ചതിനെ മാർക്കണ്ഡേയ മഹർഷി വർണ്ണിച്ചിരിക്കുന്നത്:
- "വേതാളീമുഖകന്ദരാദ്വിഗളിതൈ-
- രുച്ചണ്ഡഹൂഹൂരവൈർ
- ഭൂതപ്രേതപിശാചികാകിലുകിലാ-
- രാവൈർമ്മഹാഭൈരവൈഃ
- കോദണ്ഡോത്കടശിഞ്ജിനീഝണഝണ-
- പ്രധ്വാനകോലാഹലൈർ
- ഭേരീദുന്ദുഭിതൈശ്ച സന്ധുതജഗ-
- ച്ചക്രം ബഭ ചൗണ്ഡികാ"
എന്നാണല്ലോ. ഈ സ്ഥിതിയിലാണ് ദേവി അവിടെ വിളയാടിത്തുടങ്ങിയത്. പിന്നെ മനുഷ്യർ ഭയപ്പെടാതെയിരിക്കുന്നതെങ്ങനെയാണ്? പനയന്നാർ കാവിലെ സ്ഥിതി ഇപ്രകാരമെല്ലാമായിത്തീർന്നപ്പോഴേക്കും ദൈവഗത്യാ അവിടെ ഒരു വെളിച്ചപ്പാടുമുണ്ടായിത്തീർന്നു. അതു ജനങ്ങൾക്ക് ഏറ്റവും ആശ്വാസകാരണമായിത്തന്നെ ഭവിച്ചു. വെളിച്ചപ്പാടുണ്ടായതായി അറിഞ്ഞ് ജനങ്ങൾ സങ്കടമറിയിക്കുന്നതിനും കല്പന കേൾക്കുന്നതിനുമായി നടയിൽ കൂടി മുട്ടുപാടിരുന്നു. ഈ ജനങ്ങളുടെ കൂട്ടത്തിൽ അഗ്രേസരനായിരുന്നത് ചിറവായിൽകോവിലകത്തു തമ്പുരാനായിരുന്നുവെന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ. ജനങ്ങൾ സ്വല്പനേരം മുട്ടുപാടിരുന്നപ്പോൾ വെളിച്ചപ്പാടു തുള്ളി വന്നു. ഉടനെ തമ്പുരാൻ, "ഈ ദേശത്തുള്ള ജനങ്ങളെ രക്ഷിക്കാനായിട്ടാണ് ദേവിയെ സേവിച്ചു സന്തോഷിപ്പിച്ച് ഇവിടെക്കൊണ്ടുവന്നു മുറയ്ക്കു പ്രതിഷ്ഠ മുതലായവ നടത്തിച്ചു പൂജിച്ചു സേവിച്ചുകൊണ്ടിരിക്കുന്നത്. എന്നാലിപ്പോൾ ഈ ദിക്കിലുള്ള ജനങ്ങൾക്കു പേടിച്ചിട്ടു പുറത്തിറങ്ങി സ്സഞ്ചരിക്കാനെന്നല്ല, രാത്രികാലങ്ങളിൽ അവരവരുടെ ഗൃഹങ്ങളിൽ കിടന്നുറങ്ങാൻപോലും നിവൃത്തിയില്ലാതെയായിരിക്കുന്നു. ഇതിലേക്ക് എന്തെങ്കിലും സമാധാനമുണ്ടാക്കിത്തന്ന് ഈ ജനങ്ങളെ രക്ഷിക്കണമെന്ന് വിനയപൂർവ്വം അപേക്ഷിച്ചുകൊള്ളുന്നു" എന്നറിയിച്ചു. അതിനു മറുപടിയായി വെളിച്ചപ്പാട് (ഭഗവതിയുടെ നിലയിൽ) "ഇവിടെ നടത്തിച്ച പ്രതിഷ്ഠ, കലശം മുതലായവകൊണ്ടും പതിവായി നടത്തിവരുന്ന പൂജകൾകൊണ്ടും ഞാൻ അത്യന്തം സന്തുഷ്ടയായിരിക്കുന്നു. ഞാനിവിടെ ജനങ്ങളെ ഉപദ്രവിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നില്ല. ഒരിക്കലും അങ്ങനെയൊന്നും ചെയ്യുകയുമില്ല. എന്നാൽ ഞാൻഇങ്ങോട്ടു പോന്നപ്പോൾ എന്റെ പരിവാരങ്ങളും ഇങ്ങോട്ടു പോന്നു. അവരിവിടെ വന്നിട്ട് ഇതുവരെ അവർക്കു യാതൊന്നും ആരും കൊടുത്തില്ല. അതിനാലവർ ഷുൽപിപാസാദികൾകൊണ്ട് ഏറ്റവും പരവശരായിരിക്കുന്നു. വിശപ്പും ദാഹവും സഹിക്കവയ്യാതെയായിട്ട് അവർ കിടന്നു നിലവിളിക്കുന്ന ശബ്ദമാണ് ഇവിടെ ജനങ്ങൾക്ക് ഭീതികരമായിരിക്കുന്നത്. അവർ മനുഷ്യരെ ഭയപ്പെടുത്തുകയല്ലാതെ മറ്റുവിധത്തിൽ ഉപദ്രവിക്കാതെ ഇതുവരെ അടങ്ങിപ്പാർത്തിട്ടുള്ളത് ഞാൻപിടിച്ചുനിർത്തീട്ടാണ്. ഇനി അവർ ഞാൻ തടുത്താലും നില്ക്കുമെന്നു തോന്നുന്നില്ല. അവർ വിശപ്പും ദാഹവും തീർക്കുന്നതിനായി ഇവിടെനിന്ന് ഇറങ്ങിപ്പോയാൽ പിന്നെ ഈ ദിക്കിലെങ്ങും ഒരുത്തരേയും വെച്ചേക്കുകയില്ല. അതിനാൽ അവരെ തൃപ്തിപ്പെടുത്താനായി എന്തെങ്കിലും ഉടനെ ചെയ്തുകൊള്ളണം. ഇനിയും അതിനു താമസിക്കുന്നപക്ഷം പിന്നെ എന്നോടു സങ്കടം പറഞ്ഞാലും യാതൊരു ഫലവുമുണ്ടാകുന്നതല്ല" എന്നു കല്പിച്ചു. അപ്പോൾ തമ്പുരാനും ജനങ്ങളും പരിവാരങ്ങളെ തൃപ്തിപ്പെടുത്താനായി ഇവിടെ എന്താണ് ചെയേണ്ടതെന്നുകൂടി കല്പിക്കണം എന്ന് അപേക്ഷിച്ചു. അതിനു മറുപടിയായി വെളിച്ചപ്പാടു കല്പിച്ചത്, "ഇവിടെ ആന, ആട്, കോഴി മുതലായവയെ വെട്ടി നാല്പത്തൊന്നു ദിവസം കുരുതി നടത്തണം. ഒടുവിൽ പന്ത്രണ്ടു ദിവസം നരബലികൂടി വേണം. നരബലിക്കു കന്യകമാരായിരിക്കുന്ന സ്ത്രീകളെയാണ് വെട്ടേണ്ടത്. ഇങ്ങനെ ആണ്ടുതോറും നാല്പത്തൊന്നു ദിവസം ചെയ്തുകൊണ്ടിരുന്നാൽ എന്റെ പരിവാരങ്ങളായ ഭൂതപ്രതപിശാചാദികളെലാം തൃപ്തിപ്പെട്ടുകൊള്ളും. പിന്നെ അവർ ആരെയും ഭയപ്പെടുത്തുകയും ഉപദ്രവിക്കയും ഒന്നും ചെയ്യുകയില്ല" എന്നാണ്. അങ്ങിനെ തമ്പുരാനും ജനങ്ങളും സമ്മതിക്കുകയും അധികം താമസിയാതെ മേൽപറഞ്ഞ പ്രകാരം നാല്പത്തൊന്നു ദിവസത്തെ കുരുതി നടത്തുകയും അങ്ങനെ ആണ്ടു തോറും നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. അതിനാൽ മുമ്പുകേട്ടിരുന്ന ഭയങ്കരശബ്ദങ്ങൾ കേൾക്കാതെയാവുകയും ജനങ്ങളുടെ ഭയം ഒരുവിധം ശമിക്കുകയും ചെയ്തു. അക്കാലം മുതൽ ബാധോപദ്രവമുള്ളവരും രോഗ ബാധിതന്മാരും സന്താനാർത്ഥികളും മറ്റുമായ ജനങ്ങൾ പനയന്നാർ കാവിൽച്ചെന്നു ഭജിക്കുകയും വഴിപാടുകൾ കഴിക്കുകയും സകലാഭീഷ്ടങ്ങളും സാധിക്കുകയും ചെയ്തുതുടങ്ങി. പനയന്നാർകാവിൽച്ചെന്നു ഭജിച്ചാൽ സകലകാര്യങ്ങളും സാധിക്കുമെന്നു ഒരു വിശ്വാസം ജനങ്ങളുടെ ഇടയിൽ ഉണ്ടായിത്തീരുകയും അത് ലോകപ്രസിദ്ധമായിത്തീരുകയും ചെയ്തു.
ഇങ്ങനെയിരുന്ന കാലത്ത് ഒരിക്കൽ ഒരു വലിയ കൊമ്പനാന അമ്പലപ്പുഴെ ശ്രീകൃഷ്ണസ്വാമിയുടെ ക്ഷേത്രത്തിന്റെ മതിൽക്കകത്തു വെചു ചരിഞ്ഞു (മരിച്ചു). ആനകൾ ചരിഞ്ഞാൽ ചരിയുന്ന സ്ഥലത്തു തന്നെ കുഴിച്ചുമൂടുകയല്ലാതെ അതിനെ മറ്റൊരു സ്ഥലത്തുകൊണ്ടുപോയി മറവുചെയ്യുക പതിവില്ലല്ലോ. ആനകളുടെ മൃതശരീരം വെട്ടിമുറിച്ചു ഖണ്ഡങ്ങളാക്കാതെ ഒന്നായി മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുവാൻ സാധിക്കുകയുമില്ല. എന്നാൽ ചെമ്പകശ്ശേരി രാജാവിന് ആനയെ ക്ഷേത്രത്തിന്റെ മതിൽക്കകത്തുതന്നെ മറവുചെയ്യുന്നതിനും അതിനെ അവിടെ ഇട്ടു വെട്ടി മുറിക്കുന്നതിനും സമ്മതമില്ലായിരുന്നു. അതിനാൽ ആനയുടെ മൃതശരീരം അവിടെനിന്നു മാറ്റുന്നതിന് എന്താണ് വേണ്ടതെന്ന് അവിടെ ആലോചനയായി. അപ്പോൾ ഒരാൾ "പനയന്നാർ കാവിൽച്ചെന്നു മുട്ടു പാടിരുന്നാൽ വെളിച്ചപ്പാടു തുള്ളുകയും ഇതിലേക്കെന്തെങ്കിലും നിവൃത്തി മാർഗ്ഗം ഉണ്ടാക്കിത്തരികയും ചെയ്യും" എന്ന രാജസന്നിധിയിൽ അറിയിച്ചു. ഉടനേ രാജാവിന്റെ ആളുകൾ കല്പനപ്രകാരം പനയന്നാർകാവിൽച്ചെന്നു മുട്ടുപാടിരിക്കുകയും വെളിച്ചപ്പാടു തുള്ളിവന്നപ്പോൾ സങ്കടമറിയിക്കുകയും ചെയ്തു. അപ്പോൾ വെളിച്ചപ്പാട്, "ജനങ്ങൾ എന്നെ പരീക്ഷിച്ചുതുടങ്ങിയിരിക്കുന്നു. ആട്ടെ, ഇതും എനിക്കു സന്തോഷം തന്നെ. എന്നാൽ പോകാം" എന്നു കല്പിക്കുകയും അമ്പലപ്പുഴെ നിന്ന് വന്നിരുന്നവരോടൊരുമിച്ച് ആ സ്ഥലത്തുചെന്ന് ആനയെ വിളിച്ച് എണീപ്പിച്ച് നടത്തി വാടത്തോട്ടിനപ്പുറത്താക്കുകയും ചെയ്തു. ദേവസങ്കേതസ്ഥലത്തിന്റെ അതിർത്തിയായ വാടത്തോടു കടന്നുകഴിഞ്ഞപ്പോൾ ആന അവിടെ വീഴുകയും ചെയ്തു. വെളിച്ചപ്പാടിന്റെ ഈ അത്ഭുതപ്രവൃത്തികണ്ടു രാജാവും ജനങ്ങളും വിസ്മയപരവശന്മാരായിത്തീരുകയും പനയന്നാർ കാവിൽ ഭഗവതിയെക്കുറിച്ച് അവർക്ക് അളവില്ലാതെ ഭക്തിയും വിശ്വാസവുമുണ്ടായിത്തീരുകയും ചെയ്തു. അതിനാൽ ചെമ്പകശ്ശേരി രാജാവു പനയന്നാർ കാവു ദേവസ്വം വകയ്ക്കു മുന്നൂറ്റിയറുപത്തിയഞ്ചു പറ പുഞ്ചനിലം കര മൊഴിവായി പതിച്ചുകൊടുക്കുകയും സ്വർണ്ണരചിതങ്ങളും, രത്നഖചിതങ്ങളുമായ അനേകം തിരുവാഭരണങ്ങൾ നടയ്ക്കുവെയ്ക്കു കയും ചെയ്തു. ആ തിരുവാഭരണങ്ങളെല്ലാം "ചെമ്പകശ്ശേരി വക" എന്നു പേരു വെട്ടിയിട്ടുള്ളത് ഇന്നും കാണ്മാനുണ്ട്. പുഞ്ചക്കണ്ടം ഇന്നു ദേവസ്വം വക കൈവശാനുഭവത്തിൽത്തന്നെയിരിക്കുന്നുണ്ട്.
അമ്പലപ്പുഴ നാടു പിടിച്ചടക്കി തിരുവിതാംകൂറിനോടു ചേർത്തതിന്റെ ശേഷം ചെമ്പകശ്ശേരിവക എന്നു പേരു വെട്ടിയ ചില തിരുവാഭരണങ്ങൾ പനയന്നാർകാവിലുണ്ടെന്നു മനസ്സിലാവുകയാൽ രാമയ്യൻ ദളവ അവകൂടി കൈവശപ്പെടുത്തി തിരുവിതാംകൂർ മഹാരാജാവിന്റെ ഭണ്ഡാരത്തിലാക്കണമെന്നു വിചാരിച്ച് അതിലേക്ക് ചില ശ്രമങ്ങൾ ചെയ്തു തുടങ്ങി. ആ ശ്രമം തുടങ്ങിയപ്പോൾത്തന്നെ രാമയ്യനു പനിയാരംഭിക്കുകയും അത് അതികഠിനമായ വസൂരിദീനമായിപ്പരിണമിക്കുകയും ചെയ്തു. ദീനമുള്ള ദിക്കുകളിൽ സഞ്ചരിക്കുകയോ ദീനക്കാരെ കാണുകയോ യാതൊന്നും ചെയ്യാതെ തനിക്ക് ഈ ദീനം വരാൻ കാരണമെന്തെന്ന് രാമയ്യൻ പ്രശ്നം വെപ്പിച്ചുനോക്കിയപ്പോൾ പനയന്നാർകാവിൽ ഭഗവതിയുടെ മുതലെന്തോ അപഹരിക്കണമെന്ന് വിചാരിക്കുകയാൽ ഭഗവതിക്ക് വിരോധം ഉണ്ടായിരിക്കുന്നുവെന്നും അതിനാലാണ് ഈ രോഗമുണ്ടായിരിക്കുന്നതെന്നും പ്രശ്നക്കാരൻ വിധിച്ചു. അതിനാൽ രാമയ്യൻ ദളവ തന്റെ തെറ്റിന് ചില പ്രായശ്ചിത്തങ്ങൾ മനസ്സുകൊണ്ട് നിശ്ചയിച്ചിട്ട് പനയന്നാർ കാവിലേക്കു ചില ആളുകളെ അയച്ചു. രാമയ്യന്റെ ആളുകൾ ചെന്നപേക്ഷിക്കുകയാൽ പനയന്നാർകാവിലെ വെളിച്ചപ്പാടു തുള്ളി മാവേലിക്കര രാമയ്യൻ കിടന്നിരുന്ന സ്ഥലത്തുചെന്ന് അദ്ദേഹത്തിന്റെ ദേഹത്തിൽ ഭസ്മമിട്ടു. രാമയ്യന്റെ ദേഹത്തിൽ ആപാദചൂഡം ഒരുപോലെ പുറപ്പെട്ടിരുന്ന കുരുക്കൾ തൽക്ഷണം മാഞ്ഞുപോവുകയും രണ്ടുമൂന്നു ദിവസം കൊണ്ട് അദ്ദേഹത്തിനു പൂർണ്ണസുഖം സിദ്ധിക്കുകയും അദ്ദേഹം കുളിച്ചു പനയന്നാർകാവിൽച്ചെന്നു തൊഴുത് താൻ നിശ്ചയിച്ചിരുന്ന പ്രായശ്ചിത്തവും വഴിപാടുകളുമെല്ലാം നടത്തുകയും ചെയ്തു. മാർത്താണ്ഡവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് ഈ വിവരമറിഞ്ഞ് പനയന്നാർകാവു ദേവസ്വത്തിലേക്കു നിലവും പുരയിടവും ഏതാനും സ്ഥലവും (ഇപ്പോഴത്തെ അളവുപ്രകാരം ആറേക്കർ) കരമൊഴിവായി പതിച്ചുകൊടുക്കുന്നതിന് കല്പിച്ചു ചട്ടംകെട്ടുകയും ചെയ്തു. ഇതിലേക്ക് എഴുതിയ നീട്ടു തുല്യം ചാർത്തിയത് കൊല്ലം 926-ആമാണ്ടു മീനമാസം 11-ആം തീയതി ആണെന്നു കാണുന്നു.
തദനന്തരം പാർവ്വതീമഹാരാജ്ഞി നാടുവാണിരുന്നപ്പോൾ ദിവാനായിരുന്ന മൺട്രോ സായ്പവർകൾ പനയന്നാർകാവിലെ തിരുവാഭരണങ്ങളെല്ലാമൊന്നു കാണണമെന്നു നിശ്ചയിച്ചു. അത് അനാവശ്യമാണെന്നും അതിനുപോയാൽ ആപത്തുണ്ടായേക്കാമെന്നും മറ്റും ചിലർ പറഞ്ഞിട്ടും സമ്മതിക്കാതെ സായ്പവർകൾ സർക്കീട്ടായി മാവേലിക്കരെ ചെന്നിരുന്നപ്പോൾതിരുവാഭരണങ്ങളെല്ലാം അവിടെ കൊണ്ടുചെല്ലുന്നതിന് പനയന്നാർകാവിലെ ദേവസ്വകാര്യാന്വേഷണക്കാരുടെ പേർക്ക് എഴുതിയയച്ചു. ദിവാന്റെ ഉത്തരവിനെ വകവെയ്ക്കാതെയിരിക്കുന്നതു യുക്തമല്ലല്ലോ എന്നു വിചാരിച്ചു ദേവസ്വക്കാർ തിരുവാഭരണങ്ങളെല്ലാം പെട്ടികളിലാക്കി എടുപ്പിച്ചുകൊണ്ട് മാവേലിക്കരെ സായ്പവർകൾ താമസിക്കുന്ന സ്ഥലത്തു ചെന്നു. ഉടനെ സായ്പവർകൾ പെട്ടികളൊക്കെ തുറക്കാൻ ആജ്ഞാപിച്ചു. ഒരു പെട്ടി തുറക്കുകയും സായ്പവർകൾ അതിനകത്തേക്കു നോക്കുകയും അദ്ദേഹം ബോധംകെട്ടു നിലത്തുവീഴുകയും ഒരുമിച്ചുകഴിഞ്ഞു. പിന്നെ മൂന്നേമുക്കാൽ നാഴിക കഴിഞ്ഞതിനുശേഷമാണ് സായ്പവർകൾക്ക് ബോധം വീണത്. ബോധക്ഷയം നീങ്ങി എണീറ്റയുടനെ സായ്പവർകൾ താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി ആയിരം പണം കൊടുത്തിട്ട് പെട്ടികളെലാം പൂട്ടി ഉടനെ മടക്കിക്കൊണ്ടുപൊയ്ക്കൊള്ളുന്നതിന് അനുവദിക്കുകയും ദേവസ്വക്കാർ ഉടനെ അപ്രകാരം ചെയുകയും ചെയ്തു. ഒരാണ്ടിൽ പതിവുപോലെ കാളിയൂട്ടു (കുരുതി) നടത്തി നാല്പത്തൊന്നാം ദിവസം നരബലിക്കായി കൊണ്ടുചെന്നിരുന്ന കന്യകയെ വെട്ടാനായി ആയുധമെടുത്ത് ഓങ്ങിയ സമയം അവൾ സന്തോഷഭാവത്തോടുകൂടി ചിരിച്ചു. ഉടനെ വെളിച്ചപ്പാടു തുള്ളിവന്ന് "അവളെ കൊല്ലണ്ട; അവൾ എന്റെ പരിചാരികയായി പാർത്തുകൊള്ളട്ടെ. അവളിൽ നിന്നുണ്ടാകുന്ന സന്താനപരമ്പരകളും എന്റെ പരിചാരകവൃത്തിയിൽത്തന്നെ ജീവിച്ചുകൊള്ളട്ടെ. ഇനി ഇവിടെ ആൾവെട്ടിക്കുരുതി ഒരിക്കലും വേണ്ട. എന്റെ കിഴക്കേ നട ഉടനെ അടച്ചുകൊള്ളണം. ആൾവെട്ടിക്കുരുതി അവസാനിപ്പിച്ചതിന്റെ അടയാളമായി അടയ്ക്കുന്ന ആ വാതിലിനി തുറക്കണമെങ്കിൽ ആനവെട്ടിക്കുരുതി കഴിക്കണം. അല്ലാതെ ആ നട തുറന്നാൽ അത്യാപത്തുണ്ടാകും" എന്നു കല്പിചു. അന്നടച്ച ആ കിഴക്കേ നട ഇപ്പോഴും അടച്ചുതന്നെ കിടക്കുന്നു. നരബലിക്കായി കൊണ്ടു വരികയും ദേവിയുടെ കല്പനപ്രകാരം വിട്ടയയ്ക്കുകയും ചെയ്ത കന്യകയിൽനിന്നുണ്ടായി വർദ്ധിച്ച കുടുംബക്കാർ ആദ്യം ദേവിയുടെ പരിചാരകന്മാരായിരുന്നുവെങ്കിലും ഇപ്പോൾ അവർ ദേവസ്വത്തിന്റെ ഉടമസ്ഥന്മാരായിരുന്ന സ്രായിക്കൂർ (ചിറവായിക്കൽ) കോവിലകത്തുകാരും അവരുടെ ശാഖാകുടുംബങ്ങളിലുള്ളവരും കൂടി ദേവസ്വത്തിലെ സകല അധികാരങ്ങളും ആ കുടുംബക്കാർക്ക് ഒഴിഞ്ഞുകൊടുത്തതിനാലാണ് അവർക്കവിടെ സർവ്വസ്വാതന്ത്ര്യം സിദ്ധിച്ചത്. ഈ കുടുംബക്കാർ മേല്പറഞ്ഞ കോവിലകങ്ങളിലുള്ളവർക്കു ദേശാധിപത്യവും നാടുവാഴ്ചയുമുണ്ടായിരുന്ന കാലത്ത് അവരുടെ സേനാനായകന്മാരായിരുന്നതിനാൽ അവരുടെ ഉപജീവനത്തിനായിട്ടാണ് ദേവസ്വം അവർക്ക് വിട്ടുകൊടുത്തതെന്നാണ് പറയുന്നത്, അന്യാധീനപ്പെടുത്തപ്പെട്ട സ്ഥലത്തു തങ്ങൾ പ്രവേശിക്കുന്നതു യുക്തമല്ലെന്നോ കുറച്ചിലാണെന്നോ മറ്റോ വിചാരിച്ചിട്ടോ എന്തോ, ഇപ്പോൾ മേല്പറഞ്ഞ കോവിലകങ്ങളിലുള്ളവർ ആ ക്ഷേത്രത്തിന്റെ ബലിവട്ടത്തിനകത്തു കടക്കാറില്ല. ഇപ്പോൾ ദേവസ്വം കാര്യങ്ങൾ സർവ്വസ്വാതന്ത്ര്യത്തോടുകൂടി അന്വേഷിച്ചുവരുന്ന കുടുംബക്കാരെ "ആദിശ്ശന്മാർ" എന്നാണ് പറഞ്ഞുവരുന്നത്. ഇത് "ആൾവെട്ടിശേഷിചവർ" എന്നുള്ളതിന്റെ ലോപമാണെന്നും അവർ പറയുന്നുണ്ട്. മറ്റു ചിലരുടെ അഭിപ്രായം "ആദേശ്യന്മാർ" എന്നുള്ളതു ലോപിച്ച് ആദിശ്ശന്മാരായിത്തീർന്നെന്നാണ്. ഈ രണ്ടാമത്തെ അഭിപ്രായമാണ് കുറച്ചുകൂടി യുക്തിയുക്തമായിരിക്കുന്നതെന്നു തോന്നുന്നു.
ഇവിടെ സാക്ഷാൽ ബ്രാഹ്മണർ പൂജാദികൾ നടത്തിയാൽ ഭഗവതിയുടെ ചൈതന്യം വർദ്ധിക്കുകയും അത് ജനങ്ങൾക്ക് ഉപദ്രവകരമായിത്തീരുകയും ചെയ്തേക്കുമെന്നു വിചാരിച്ച് ശാന്തിക്കു നിയമിച്ചിരിക്കുന്നത് വാസിഷ്ഠബ്രാഹ്മണർ (അടികൾ) എന്നൊരു ജാതിക്കാരെയാണ്. കൊടുങ്ങലൂരും അടികളുടെ പൂജയോ പുഷ്പാഞ്ജലിയോ ഏതാണ്ടൊക്കെ പതിവുണ്ടല്ലോ.
ഇവിടെ അടികളുടെ പൂജ കൂടാതെ പതിവായി ആദിശ്ശന്മാരുടെ പൂജയുമുണ്ട്. പക്ഷേ അത് ക്ഷേത്രത്തിനു പുറത്ത് പള്ളിയറ എന്ന സ്ഥലത്തു വെച്ചു ശാക്തേയരീതിയിൽ മദ്യനിവേദ്യത്തോടുകൂടിയുമാണ് നടത്തിവരുന്നത്.
ഇവിടെ ആൾവെട്ടിക്കുരുതി വേണ്ടെന്നുവെച്ചുവെങ്കിലും കോഴിവെട്ടിക്കുരുതി ഇപ്പോഴും 1 പതിവായി നടന്നുവരുന്നുണ്ട്. അതു നടത്തുന്നതും ആദിശ്ശന്മാർ തന്നയാണ്. ഈ കുടുംബക്കാർ വലിയ മന്ത്രവാദികളാണ്. ഇവർ മന്ത്രവാദം സംബന്ധിച്ചു പല അത്ഭുതകർമ്മങ്ങൾ പ്രവർത്തിച്ചിട്ടുള്ളതായി കേൾവിയുണ്ട്. വിസ്തരഭയത്താൽ അവയിലൊന്നും ഇവിടെ വിവരിക്കുന്നില്ല. കാവിലെ വെളിച്ചപ്പാടായിരിക്കുന്നതും ഇവരുടെ കുടുംബത്തിൽ അന്നന്നു മൂപ്പായിരിക്കുന്നവരാണത്ര.
ഭഗവതിയുടെ ശക്തി വർദ്ധിക്കാതെയിരിക്കാൻ ഇവിടെ പല ഏർപ്പാടുകളും ചെയ്തിട്ടുണ്ടെങ്കിലും അതു ദിവസംപ്രതി വർദ്ധിച്ചുവരുന്നതല്ലാതെ ഒട്ടും കുറയുന്നില്ല. കേരളത്തിലെ 64 ഗ്രാമങ്ങളിൽ 63-ആമത്തേതായ "ഇളിഭ്യം" ഗ്രാമം പനയന്നാർക്കാവു ക്ഷേത്രത്തിൽനിന്ന് ഏകദേശം ഒരു ഫർലോങ്ങു നേരെ വടക്കാണ്. ഭഗവതിയുടെ വടക്കോട്ടുള്ള പ്രതിഷ്ഠയുടെ നേരെ ആയതുകൊണ്ട് ആ ഗ്രാമം ക്രമേണ ക്ഷയിച്ച് ഇപ്പോൾ "ഗ്രാമോ നഷ്ടഃ" എന്നുതന്നെയായിരിക്കുന്നു. അവിടെയുള്ളവർ യഥർത്ഥത്തിൽ "ഇളിഭ്യ"ന്മാരുമായിട്ടുണ്ട്. പണ്ട് ധനപുഷ്ടികൊണ്ടും ജനപുഷ്ടികൊണ്ടും പ്രബലപ്പെട്ടിരുന്ന ആ ഗ്രാമം ഇങ്ങനെയായിത്തീർന്നത് ദേവിയുടെ ദൃഷ്ടിപാതംകൊണ്ടാണെന്നാണ് ജനങ്ങളുടെ വിശ്വാസം. കാവിന്റെ കിഴക്കേ നടയും ഇങ്ങനെതന്നെ ആയിത്തീർന്നിരിക്കുകയാണ്. അവിടെ ഇപ്പോൾ അര ഫർലോങ്ങു വീതിയിൽ ഏകദേശം രണ്ടുമൂന്നു നാഴിക ദൂരംവരെ കിഴക്കോട്ട് ആൾപ്പാർപ്പും കൃഷിയും യാതൊന്നുമില്ലാതെ വെറും തരിശായിട്ടാണ് കിടക്കുന്നത്. ദേവിയുടെ ദൃഷ്ടിക്ക്, നേരെ പാർത്താലും കൃഷി ചെയ്താലും ഒന്നും ഗുണമാവുകയില്ലെന്നും എല്ലാം ദോഷമായിട്ടേ പരിണമിക്കയുള്ളൂ എന്നുമാണ് ജനങ്ങളുടെ വിശ്വാസം.
ബാധോപദ്രവങ്ങൾ നീങ്ങുന്നതിനായിട്ടും രോഗങ്ങൾ ശമിക്കുന്നതിനായിട്ടും സന്താനാർത്ഥമായിട്ടും മറ്റും ഇപ്പോഴും പനയന്നാർക്കാവിൽച്ചെന്ന് അനേകമാളുകൾ ഭജിക്കുകയും അഭീഷ്ടം സാധിക്കുകയും ചെയ്തു പോരുന്നുണ്ട്. ഭജനക്കാരും വഴിപാടുകാരും ആരുമില്ലാതെ അവിടെ ഒരു ദിവസംപോലും ഇപ്പോഴുമുണ്ടായിരിക്കുന്നില്ല. ആകപ്പാടെ വിചാരിച്ചാൽ പനയന്നാർ കാവിൽ ഭഗവതിയുടെ മാഹാത്മ്യം അചിന്തനീയവും വാചാമഗോചരവുമാണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
- പനിമതിയണിയും ശ്രീപാർവ്വതീശന്റെ നെറ്റി
- ക്കനൽമിഴിയിലുദിച്ചോരീശ്വരീ! വിശ്വനാഥേ!
- അനിശവുമയീ!യുഷ്മൽതൃപ്പദം കൂപ്പുമെന്നിൽ-
- ക്കനിയുക പനയന്നാർക്കാവെഴും ദേവി! മായേ!