ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പയ്യന്നൂർ ഗ്രാമം


ശ്രീ പരശുരാമൻ പരദേശങ്ങളിൽ നിന്നു ബ്രാഹ്മണർ മുതലായി പലജാതിക്കാരെ കേരളത്തിൽ കൊണ്ടുവന്നു പിങ്കുടുമ്മമാറ്റി മുങ്കുടുമ്മയാക്കുക, മക്കത്തായം മാറ്റി മരുമക്കത്തായമാക്കുക മുതലായി വേ‌ഷത്തിലും ആചാരങ്ങളിലും അനേകം മാറ്റങ്ങൾ വരുത്തുകയും കേരളരാജ്യത്തെ തെക്കു മുപ്പത്തിരണ്ടും, വടക്കു മുപ്പത്തിരണ്ടും ഇങ്ങനെ അറുപത്തിനാലു ഗ്രാമങ്ങളാക്കി വിഭജിച്ചു അവിടങ്ങളിൽ താമസിപ്പിക്കുകയും ചെയ്തു എന്നു കേരളോത്പത്തി മുതലായ പുസ്തകങ്ങൾ പറയുന്നുണ്ടല്ലോ. കേരളോത്പത്തി മുതലായ പുസ്തകങ്ങൾ വിശ്വാസയോഗ്യങ്ങൾ അല്ലെന്നുള്ള അഭിപ്രായക്കാരും ചിലരുണ്ടന്നുള്ളതു ഇവിടെ ഓർക്കാതിരിക്കുന്നില്ല, എന്നാൽ ആ സംഗതിയെകുറിച്ചു ഒരു വാദം നടത്തി തീർച്ചയുണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടിയല്ല ഈ ലേഖനം എഴുതുന്നത്. പയ്യന്നൂർ ഗ്രാമത്തെകുറിച്ചു കണ്ടും കേട്ടുമറിഞ്ഞിട്ടുള്ളവയെ അടിസ്ഥാനപ്പെടുത്തിചിലതു പറയണമെന്നു മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളു. അതിനാൽ ഇതരവാദങ്ങളെ ഉപേക്ഷിച്ചു പ്രകൃതത്തിൽ പ്രവേശിച്ചുകൊള്ളുന്നു.

മേൽപറഞ്ഞപ്രകാരം പരശുരാമൻ പരദേശങ്ങളിൽ നിന്നും കൊണ്ടുവന്നവരിൽ ബ്രാഹ്മണരെ ഒഴിച്ചു ശേ‌ഷമുള്ള സകല ജാതിക്കാരും മരുമക്കത്തായം ആചരിച്ചുകൊള്ളണമെന്നു ആജ്ഞാപിച്ചപ്പോൾ ഉത്തരകേരളത്തിൽ പയ്യന്നൂർ ഗ്രാമത്തിൽ ആക്കിയിരുന്ന ശുദ്രർ മുതലായവർ തർക്കം പറഞ്ഞു. ബ്രാഹ്മണർ മരുമക്കത്തായം ആചരിക്കാത്തപക്ഷം തങ്ങളും അതാചരിക്കുന്നതല്ലന്നും തങ്ങൾ മരുമക്കാത്തായമാചരിക്കണമെങ്കിൽ ബ്രാഹ്മണരും അതാചരിക്കണമെന്നായിരുന്നു അവരുടെ വാദം. അതിനാൽ പരശുരാമൻ ആ ഗ്രാമത്തിലുള്ള ബ്രാഹ്മണരും മരുമക്കത്തായമാചരിക്കണമെന്നും അവരുടെ ആചാരത്തെ മാതൃകയാക്കി കേരളത്തിലുള്ള ശൂദ്രർ മുതലായവരുംനടന്നു കൊള്ളണമെന്നും കൽപ്പിച്ചു. ആ ഗ്രാമത്തിലുള്ള ബ്രാഹ്മണരുടെ കന്യകമാരെ അന്യഗ്രാമത്തിലുള്ള ബ്രാഹ്മണരെകൊണ്ട് വിവാഹം ചെയ്യിച്ചു അതാതില്ലങ്ങളിൽ തന്നെ താമസിപ്പിച്ചു കൊള്ളണമെന്നും വിവാഹം കഴിക്കുന്ന ബ്രാഹ്മണരും (പള്ളികെട്ടു കഴിക്കുന്ന കോയിതമ്പുരാക്കന്മാരെപ്പോലെ) അവിടെതന്നെ താമസ്സിച്ചുകൊള്ളണമെന്നും കുടിവയ്പ് എന്നൊരു ഏർപ്പാട് വേണ്ടന്നും ആ ഗ്രാമത്തിലുള്ളവർ സജാതീയവിവാഹം കഴിക്കരുതെന്നും ഇതരജാതി സ്ത്രീകളെ സംബന്ധം ചെയ്തു ഭാര്യമാരാക്കികൊള്ളണമെന്നുമാണു പരശുരാമന്റെ കല്പ്പന. ആ ബ്രാഹ്മണരെ എല്ലാവരും അമ്മാവന്മാർ എന്നു വിളിച്ചു കൊള്ളണമെന്നും പരശുരാമൻ കൽപ്പിച്ചു. അതു കാലക്രമേണ ലോപിച്ചു 'അമ്മുവൻ' മാരെന്നായിതീർന്നു. ഗ്രാമത്തിലുള്ള ബ്രാഹ്മണർ ഇപ്പോഴും മരുമക്കത്തായം തന്നെയാണു ആചരിച്ചു വരുന്നത്. അവരെ എല്ലാവരും പറഞ്ഞു വരുന്നത് അമ്മുവന്മാരെന്നുമാണ്.

പയ്യന്നൂർ ഗ്രാമത്തിൽ പണ്ടു അനേകം ബ്രാഹ്മണഗൃഹങ്ങളുണ്ടായിരുന്നു. കാലക്രമേണ അവ ക്ഷയിച്ചു ഇപ്പോൾ അവിടെ അഞ്ചോ ആറോ ഇല്ലങ്ങളേ ഉള്ളുന്നാണു അറിയുന്നതു. ഈ ക്ഷയത്തിന്റെ കാരണം അവർ പരശുരാമന്റെ കൽപനയ്ക്കു വിരോധമായി ബ്രാഹ്മണകന്യകമാരെ വിവാഹം കഴിച്ചു തുടങ്ങിയതാണ് എന്നു ചിലർ പറയുന്നു. ഈ ഗ്രാമക്കാരെ ഒഴിച്ചുമറ്റുള്ള സകല മലയാള ബ്രാഹ്മണരും മക്കത്തായക്കാരായിരിക്കുന്നതുകൊണ്ട് ഇവർക്കു അങ്ങിനെയായാൽകൊള്ളാമെന്നു ഇടക്കാലത്തു ഒരാഗ്രഹമുണ്ടായി. എന്നാൽ മറ്റുള്ള മലയാളബ്രാഹ്മണർ ആഭിജാത്യത്തിരക്കു നിമിത്തം ഇവർക്കു കന്യകമാരെ കൊടുക്കുകയോ ഇവരുമായി കൂടിക്കഴിയുകയോ പതിവില്ലാത്തതിനാൽ ആ ആഗ്രഹം എളുപ്പത്തിലും എല്ലാവർക്കും സാധിച്ചില്ല. സ്ത്രീധനം കൊടുക്കുവാൻ നിവൃത്തിയില്ലാതെയിരുന്ന ചില നമ്പൂരിമാർ ഇവർക്കു കന്യകമാരെ വിവാഹം കഴിച്ചു കൊടുക്കാമെന്നു സമ്മതിക്കുകയാൽ ഇവരിൽ ചിലർ വിവാഹം കഴിച്ചു.

പയ്യന്നൂർ ഗ്രാമക്കാർ വലിയ ധനവാന്മാർ ആയിരുന്ന തിനാൽ അവർക്കു സ്ത്രീധനം കിട്ടണമെന്നു നിർബന്ധമില്ലായിരുന്നു. കന്യകമാരെ കിട്ടിയാൽ മതിയെന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നു മാത്രമല്ല, കന്യകമാരെ കിട്ടിയാൽ അങ്ങോട്ടു പണം കൊടുക്കുവാനും അവർക്കു സമ്മതമായിരുന്നു. അതിനാൽ നാലായിരവും അയ്യായിരവും രൂപ വീതം കൊടുത്താണ് ഓരൊരുത്തർ വിവാഹം കഴിച്ചത്. അങ്ങനെ വിവാഹം കഴിച്ച ഇല്ലക്കാരാണു ഒടുക്കം മക്കളൂം മരുമക്കളും ഇല്ലാതെ നാമാവശേ‌ഷന്മാരായിത്തീർന്നത്.

ഇപ്പോൾ പയന്നൂർ ഗ്രാമത്തിൽ ജനപുഷ്ടികൊണ്ടും ധനപുഷ്ടികൊണ്ടും പ്രസിദ്ധന്മാരായിരിക്കുന്നതു താഴക്കാട്ടില്ലക്കാരാണ്. "താഴക്കാട്ടമ്മുവൻ" എന്നു കേട്ടിട്ടില്ലാത്തവർ കേരളത്തിൽ അധികം ഉണ്ടായിരിക്കുമെന്നു തോന്നുന്നില്ല. ആ ഇല്ലത്തിപ്പോൾ ധാരാളം ആളുകളും കണക്കില്ലാത്ത ധനവുമുണ്ട്. അവിടെ ചെന്നു വിവാഹം കഴിക്കുന്നവരെ പിന്നെ അവരുടെ ഇല്ലത്തു ഒന്നിനും കൂട്ടുക പതിവില്ലാത്തതിനാൽ ആ നമ്പൂരിമാരുടെ സ്ഥിരവാസം അവിടെത്തന്നെയാണ്. ആ ഇല്ലക്കാർ ഇപ്പോഴും പ്രായേണ മരുമക്കത്തായം തന്നെയാണു ആചരിച്ചു പോരുന്നതെങ്കിലും അവർക്കാർക്കും താഴക്കാട്ടെപ്പോലെ ജനപുഷ്ടിയും ധനപുഷ്ടിയും പ്രസിദ്ധിയും പ്രാബല്യവുമില്ല. താഴക്കാട്ടില്ലത്തേയ്ക്ക് കുരുമുളക് ഒരിനത്തിൽതന്നെ കൊല്ലത്തിൽ ഒരു ലക്ഷത്തിൽപരം രൂപ മുതലെടുപ്പുണ്ട്. മറ്റുള്ള ഇനങ്ങളിൽ എല്ലാം കൂടി പത്തു ലക്ഷത്തിൽ ഒട്ടും കുറവില്ല. കുറച്ചെങ്കിലും കൂടുതലുണ്ടങ്കിലേയുള്ളൂ.

ശ്രീ വീരമാർത്താണ്ഡവർമ്മചരിതം കഥകളി(ആട്ടക്കഥ)യിൽ ഈ ഗ്രാമത്തെക്കുറിച്ചു പ്രകൃതാനപ്രകൃതമായി സ്വൽപ്പം പറഞ്ഞിട്ടുണ്ട്. ആ ഭാഗം താഴെ ചേർക്കുന്നു.

ശ്ലോകം

"ചാലേ തത്ര പുലിക്കുറിച്യഭിധമാം
കോട്ടയ്ക്കകം തമ്പിമാർ
താലോലിച്ചഴകപ്പനാം മുതലിയാർ
പുക്കാവസിക്കുംവിധ
പാലാഴിപ്രിയനന്ദനീപതിഹിതൻ
ശ്രീ വീരമാർത്താണ്ഡഭു
പാലൻ പാലൊലിയും ഗിരൈവമരുളി
ച്ചെയ്തീടിനാൻ മന്ത്രിണ"

പദം

മന്ത്രിവര! രാമയ്യ! മതിമൻ നാരായണയ്യ!
മന്ത്രിതം ശൃണുതം മേ മന്ത്രനിപുണന്മാരേ!
പരശൂരനായിടും പരശുരാമശാസനാൽ
പരദേശാചാരമല്ല പരമിന്നീക്കേരളത്തിൽ
വിരവോടോതിനാൽ വിപ്രവ്യതിരിക്തന്മാരായുള്ളോർ
സരസം ഭാഗിനേയാനന്തരക്രമം രചിക്കുന്നു.
പയ്യന്നൂർ സ്ഥിതിയാലുദാഹരണിയാം
രാമയ്യസാമോക്തിയാൽ
പയ്യെന്നൂർസ്ഥിതി, കേരളത്തിലെ,യറി
ഞ്ഞല്ലാം മുസല്യഗ്രിമൻ
കയ്യർക്കാദിമനായ തമ്പിയെയധി
ക്ഷേപിചുടൻ കൂപ്പി തൻ
കയ്യർക്കാതിമഹസ്സെഴുന്ന നൃപനെ
ക്കണ്ടാശു കൊണ്ടാടിനാൻ.

ഇങ്ങനെ പയ്യന്നൂർ ഗ്രാമത്തിന്റെ സ്ഥിതിയെക്കുറിച്ചു വേറെയും ചില പുസ്തകങ്ങളിൽ പറഞ്ഞു കാണുന്നുണ്ട്. വിസ്തരഭയത്താൽ അവയൊന്നും ഇവിടെ ഉദ്ധരിച്ചു കാണിക്കണമെന്നു വിചാരിക്കുന്നില്ല.