ഐതിഹ്യമാല/ശാസ്താങ്കോട്ടയും കുരങ്ങന്മാരും

(ഐതിഹ്യമാല/ശാസ്താംകോട്ടയും കുരങ്ങന്മാരും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
ശാസ്താംകോട്ടയും കുരങ്ങന്മാരും


ശാസ്താങ്കോട്ട തിരുവിതാംകൂറിൽ കുന്നത്തുർ താലുക്കിലുൾപ്പെട്ട ഒരു സ്ഥലമാണ്. ഈ സ്ഥലത്തിന് "ശാസ്താങ്കോട്ട" എന്നു പേരുണ്ടായതിന്റെ കാരണംതന്നെ ആദ്യമേ വിവരിക്കേണ്ടിയിരിക്കുന്നു. പന്തളത്തു രാജാക്കന്മാർ പാണ്ഡ്യരാജവംശ്യന്മാരാണെന്നും അവരുടെ കുലപരദേവത ശബരിമല ശാസ്താവാണെന്നുമുള്ളതു സുപ്രസിദ്ധമാണല്ലോ. മുൻകാലങ്ങളിൽ പന്തളത്തു രാജാക്കന്മാരെല്ലാവരും ആണ്ടിലൊരിക്കൽ ശബരിമലയിൽപ്പോയി സ്വാമിദർശനം കഴിക്കുക പതിവുണ്ടായിരുന്നു. ഇപ്പോഴും അവരിലൊരാളെങ്കിലും ആണ്ടിലൊരിക്കൽ (മകരസംക്രാന്തിക്ക്) ശബരിമലയിൽച്ചെന്നു ദർശനം കഴിക്കണമെന്ന് ഏർപ്പാടുണ്ട്.

പണ്ടൊരിക്കൽ ഒരു പന്തളത്തു രാജാവ് കായംകുളത്തു വന്ന് അവിടുത്തെ ഒരു രാജ്ഞിയെ ഭാര്യയായി സ്വീകരിക്കുകയും അവിടെ ത്തന്നെ താമസം തുടങ്ങുകയും ചെയ്തു. ആ രാജാവും രാജ്ഞിയും പരസ്പരാനുരാഗം നിമിത്തം പിരിഞ്ഞു താമസിക്കുവാൻ അശക്തരായിത്തീരുകയാൽ ആ രാജാവു പന്ത്രണ്ടു കൊല്ലത്തേക്കു പന്തളത്തു പോവുകയോ ശബരിമലയിൽപ്പോയി സ്വാമിദർശനം കഴിക്കുകയോ ചെയ്യാതെ കായംകുളത്തുതന്നെ താമസിച്ചു. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രാത്രിയിൽ പന്തളത്തു രാജാവ് ഉറക്കത്തിൽ "അയ്യോ! കടുവ വരുന്നേ, പുലി വരുന്നേ!" എന്നു പറഞ്ഞുകൊണ്ട് ഉറക്കെ നിലവിളിച്ചു. അതുകേട്ടു രാജ്ഞി ഉണർന്നു പേടിച്ചു വിറച്ചുകൊണ്ട് എന്താണെന്നു ചോദിച്ചപ്പോൾ രാജാവ് "ഒന്നുമില്ല. ഒരു സ്വപ്നം കണ്ടു. അത്രയുള്ളൂ" എന്നു പറയുകയും വീണ്ടും ഉറങ്ങിത്തുടങ്ങുകയും ചെയ്തു. അപ്രകാരം പിറ്റേ ദിവസവുമുണ്ടായി. എന്നല്ല, അതു ദിവസംതോറും പതിവായിത്തീർന്നു. ഇതു നിമിത്തം പേടിച്ചിട്ടു രാജ്ഞിക്കു രാത്രിയിൽ കിടന്നുറങ്ങുവാൻ നിവൃത്തിയില്ലാതെയായി. ഈ വിവരം കായംകുളത്തു രാജാവറികയും ഇതിന്റെ ശമനത്തിനായി പല മന്ത്രവാദങ്ങളും ചികിത്സകളും ഈശ്വരസേവാദികളും മറ്റും നടത്തിക്കുകയും ചെയ്തു. ഇതൊന്നുകൊണ്ടും പന്തളത്തു രാജാവിന്റെ സ്വപ്നദർശനത്തിനും നിലവിളിക്കും യാതൊരു ഭേദവുമുണ്ടായില്ല. പ്രത്യുത, അതു ക്രമേണ വർദ്ധിച്ച്, ദിവസം തോറും അഞ്ചുമാറും എട്ടും പത്തും പ്രാവശ്യം വീതമായിത്തീർന്നു. അപ്പോൾ രാജ്ഞിക്കു മാത്രമല്ല, രാജമന്ദിരത്തിലാർക്കും തന്നെ പേടിച്ചിട്ടു രാത്രിയിൽ കിടന്നുറങ്ങുവാൻ നിവൃത്തിയില്ലാതെയായി. അതിനാൽ കായംകുളത്ത് രാജാവ് ഒരു ദിവസം തന്റെ ആവുത്തനായ പന്തളത്തു രാജാവിനെ അടുക്കൽ വരുത്തി "ഹേ! അങ്ങയുടെ കൂക്കുവിളിയും കോലാഹലവും കൊണ്ടു ഇവിടെയാർക്കും രാത്രികാലങ്ങളിൽ കിടന്നുറങ്ങാൻ നിവൃത്തിയില്ലാതെയായല്ലോ. അവിടെക്കു ഭ്രാന്തുണ്ടോ? "കടുവാ വരുന്നു; പുലി വരുന്നു; കടുവാ പെറ്റു; പുലി പെറ്റു" ഇങ്ങനെ എന്തെല്ലം അസംബന്ധങ്ങളാണ് അവിടുന്നു പറയുന്നത്. ഈ സ്ഥിതിയിൽ ഇനി ഇവിടെ താമസിക്കണമെന്നില്ല. പന്തളത്തുതന്നെ പോയി താമസിക്കാണം. ഈ ഉപദ്രവങ്ങളൊക്കെ മാറിയിട്ട് വന്നാൽ മതി" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ പന്തളത്തു രാജാവിന് അസാമാന്യമായ മനസ്താപമുണ്ടായി. ഒന്നാമത്, തന്റെ പ്രാണപ്രിയയായ രാജ്ഞിയെ വിട്ടു പിരിഞ്ഞു താമസിക്കുക എന്നുള്ള കാര്യം അദ്ദേഹത്തിനു പരമസങ്കടമായിട്ടുള്ളതായിരുന്നു. പിന്നെ കായംകുളത്തു രാജാവിന്റെ വാക്കു സ്വല്പം പുച്ഛരസത്തോടുകൂടിയും ആക്ഷേപമായിട്ടും എന്നാൽ, ഒരു വിധം ശാസനയായിട്ടുമായിരുന്നു. എല്ലാംകൊണ്ടും പന്തളത്തു രാജാവ് അത്യന്തം വി‌ഷണ്ണനായിത്തീർന്നുവെന്നും പറഞ്ഞാൽ മതിയല്ലോ.

അന്നു രാത്രിയിൽ പന്തളത്തു രാജാവിനു പതിവുള്ളതു കൂടാതെ വിശേ‌ഷാൽ ഒരു സ്വപ്നം കൂടിയുണ്ടായി. അതു ഒരു പരദേശബ്രാഹ്മണൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് "ഹേ! അവിടുന്ന് ഒട്ടും വി‌ഷാദിക്കേണ്ട. അവിടുന്ന് ഒരു കാര്യം ചെയ്താൽ അവിടെക്കുണ്ടായിരിക്കുന്ന ഉപദ്രവം നീങ്ങി നല്ല സുഖമാവും. അവിടുത്തെ പരദൈവമായ ശബരിമല ശാസ്താവിനെ ദർശനം കഴിച്ചിട്ട് ഇപ്പോൾ പന്ത്രണ്ടു കൊല്ലാമായല്ലോ. അതിനാൽ അവിടെപ്പോയി ഒരു പന്ത്രണ്ടു ദിവസം ആ സ്വാമിയെ ഭജിക്കണം. പിന്നെ തിങ്കൾ ഭജന മുടങ്ങാതെ നടത്തുകയും വേണം. എന്നാൽ മതി, എല്ലാ സുഖമാകും. അങ്ങു സ്വപ്നത്തിൽ കാണുന്നു കടുവായും പുലിയും ശബരിമല ശാസ്താവിന്റെ നായ്ക്കളാണ്. കായംകുളത്തു രാജാവ് അങ്ങേ ആക്ഷേപിച്ചതിന്റെ ഫലം അദ്ദേഹം അനുഭവിക്കും" എന്നു പറഞ്ഞു എന്നായിരുന്നു. ഇത് കേവലം സ്വപ്നമല്ലെന്നും ശബരിമല ശാസ്താവുതന്നെ തന്റെ അടുക്കൽ എഴുന്നള്ളി അരുളിച്ചെയ്തതാണെന്നും വിശ്വസിച്ച് രാജാവ് പിറ്റേ ദിവസം രാവിലെ രാജ്ഞിയെ ഗ്രഹിപ്പിക്കുകയും തനിക്കു പോകുന്നതിന് അനുവാദം ചോദിക്കുകയും ചെയ്തു. രാജാവിനുണ്ടായിട്ടുള്ള ഉപദ്രവം മാറിയാൽ കൊള്ളാമെന്നു വളരെ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം പിരിഞ്ഞുപോവുകയെന്നുള്ള കാര്യം രാജ്ഞിക്ക് അത്യന്തം സന്താപകരമായിരുന്നു. അതിനാൽ ഭജനം കഴിഞ്ഞാൽ അന്നുതന്നെ തന്റെ അടുക്കൽ എത്തികൊള്ളാമെന്നു സത്യം ചെയ്തിട്ട് അദ്ദേഹം പോയിവരുന്നതിന് ആ സാധ്വി അനുവദിക്കുകയും രാജാവ് അപ്രകാരം ചെയ്തിട്ട് അന്നുതന്നെ പന്തളത്തേക്കു പോവുകയും ചെയ്തു. അന്നുമുതൽ കായംകുളത്തു രാജവിന് ഒരു ചിത്തഭ്രമത്തിന്റെ ലക്ഷണം കണ്ടുതുടങ്ങി. അദ്ദേഹം സദാ "കടുവാ പെറ്റു, പുലി പെറ്റു, കടുവാ പെറ്റു,' എന്ന് ഉരുവിട്ട് തുടങ്ങുകയും വേറെ യാതൊന്നും സംസാരിക്കാതെയാവുകയും ചെയ്തു. കുളി, ഭക്ഷണം മുതലായതുതന്നെ അന്യൻമാരുടെ നിർബന്ധംകൊണ്ടു വേണ്ടതായിത്തീർന്നു. എന്നാൽ അതൊക്കെ പേരിനു മാത്രം നടത്തുമെന്നല്ലാതെ സാമാന്യം പോലെ ഒന്നും ചെയ്യാതെയായി. ചില ദിവസങ്ങളിൽ ആരെല്ലാം നിർബന്ധിച്ചാലും കുളിക്കുകയും ഉണ്ണുകയും ചെയ്യാതെയുമിരുന്നു. രാജ്യകാര്യങ്ങളെപ്പറ്റി അദ്ദേഹത്തിനു ചിന്ത പോലുമില്ലാതെയായി. അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാലും പറഞ്ഞാലും എല്ലാറ്റിനും ഉത്തരം, "കടുവാ പെറ്റു, പുലി പെറ്റു" എന്നുമാത്രം. ഇതു നിമിത്തം രാജമന്ദിരത്തിലുള്ളവരും രാജപുരു‌ഷൻമാരും മാത്രമല്ല, രാജ്യവാസികളും ആകെപ്പാടെ പര്യാകുലൻമാരായിത്തീർന്നു. അനേകം മന്ത്രവാദങ്ങളും ചികിത്സകളും മറ്റും ചെയ്യിച്ചു നോക്കി. ഒന്നുകൊണ്ടും ഒരു ഫലവും കണ്ടില്ല. അതിനാൽ പിന്നെ പ്രസിദ്ധൻമാരായ ചില പ്രശ്നക്കാരെ വരുത്തി പ്രശ്നം വയ്പ്പിച്ച് നോക്കിയപ്പോൾ അവർ, പന്തളത്തു രാജാവിനെ ആക്ഷേപിച്ചതിനാൽ ശബരിമല ശാസ്താവിനുണ്ടായിട്ടുള്ള വിരോധം നിമിത്തം സംഭവിച്ചിട്ടുള്ളതാണെന്നും അതിലേക്കു പ്രായശ്ചിത്തമായി നൂറ്റൊന്നു രാശി ശബരിമല കൊടുത്തയച്ചു നടയിലിടുവിക്കുകയും "കടുവാ പെറ്റു, പുലി പെറ്റു" എന്നുള്ള വാക്കുകൾ എന്നും ബ്രാഹ്മണർ സഭയിൽ പ്രയോഗിക്കത്തക്കവണ്ണം ഏർപ്പാടു ചെയ്യുകയും ചെയ്താൽ ഈ സുഖക്കേടു മാറി രാജാവു പൂർവ്വസ്ഥിതിയെ പ്രാപിക്കുമെന്നും വിധിച്ചു. ഉടനെ നൂറ്റൊന്നു രാശി കൊടുത്തയച്ച്, ശബരിമല ശാസ്തവിന്റെ നടയിലിടുവിക്കുകയും മേൽപ്പറഞ്ഞ (കടുവാ പെറ്റു, പുലി പെറ്റു എന്നുള്ള)വാക്കുകൾ സംഘക്കളിക്കാരായ നമ്പൂരിമാരെ ക്കൊണ്ടു സഭയിൽ പ്രയോഗിപ്പിച്ചു തുടങ്ങുകയും കായംകുളത്തു രാജാവ് ഉന്മാദം വിട്ട് പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു. സംഘക്കളിക്കാർ ഇപ്പോഴും

"കാട്ടിൽക്കിടന്നഞ്ചെട്ടെലികൂടിക്കടലുഴുതു
കാലത്തിളവിത്തു വിതച്ചപ്പോഴടയ്ക്ക കായ്ച്ചു
തോണ്ടിപ്പറിപ്പിച്ചപ്പോഴരമുറം നിറകേ മാങ്ങാ
തോലു കളഞ്ഞപ്പോളഞ്ഞൂറു പറങ്കിക്കപ്പൽ
കപ്പൽ വലിച്ചങ്ങു തലമലമുകളിൽക്കെട്ടി
കായംകുളത്തല്ലോ കടുവായും പുലിയും പെറ്റു"

എന്നൊരു പാട്ടു സംഘക്കളിയിൽ ഉപയോഗിച്ചു വരുന്നുണ്ടല്ലോ. പന്തളത്തു രാജാവ് കായംകുളത്തുനിന്ന് പോയതിൽപ്പിന്നെ അദ്ദേഹത്തിനു സ്വപ്നദർശനം മുതലായ ഉപദ്രവങ്ങളൊന്നുമുണ്ടായില്ല. അദ്ദേഹം ഏതാനും ദിവസം സ്വദേശത്തു താമസിച്ചതിന്റെ ശേ‌ഷം പരിവാരസമേതം ശബരിമലയിലെത്തി നവരത്നഖചിതമായ ഒരു പൊൻകിരീടവും വളരെ വിലയേറിയ ഒരു മുത്തുമാലയും നടയ്ക്കു വച്ചു വന്ദിക്കുകയും ഭക്തിപൂർവ്വം പന്ത്രണ്ടു ദിവസത്തെ ഭജനം നടത്തുകയും ചെയ്തു. പന്ത്രണ്ടാം ദിവസം നാലഞ്ചു നാഴിക പകലെ രാജാവിനു വയറ്റിൽ ഒരു വേദന തുടങ്ങി. അതിനാൽ അന്നും അദ്ദേഹം അത്താഴം വേണ്ടെന്നു തീർച്ചയാക്കുകയും യഥാകാലം സന്ധ്യാവന്ദനവും സ്വാമിദർശനവും കഴിച്ചു പോയിക്കിടന്നു ഉറങ്ങുകയും ചെയ്തു. അപ്പോൾ ഒരു പരദേശ ബ്രാഹ്മണൻ അദ്ദേഹത്തിന്റെ അടുക്കൽചെന്ന് "ഹേ ഹേ! ഉറക്കമായോ? ഇന്നു രാജ്ഞിയുടെ അടുക്കൽ എത്തിക്കൊള്ളാമെന്ന് അങ്ങ് ശപഥം ചെയ്തിട്ടില്ലേ? സത്യലംഘനം വിഹിതമാണോ? ഇതാ ഇവിടെ ഒരു കുതിര നിൽക്കുന്നുണ്ട്. ഇതിന്റെ പുറത്തു കയറിപ്പോയാൽ ക്ഷണത്തിൽ രാജ്ഞിയുടെ അടുക്കലെത്താം" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ എണീറ്റു പുറത്തു ചെന്നു നോക്കിയപ്പോൾ ഒരു കുതിര നിൽക്കുന്നതു കാണുകയും അദ്ദേഹം അതിന്റെ പുറത്തുകയറി ഓടിച്ചുപോവുകയും ക്ഷണനേരംകൊണ്ട് കായംകുളത്തെത്തുകയും ചെയ്തു. രാജാവു തന്റെ പ്രിയതമയുടെ ശയനഗൃഹദ്വാരത്തിങ്കലെത്തി താഴെയിറങ്ങുകയും ആ കുതിര അന്തർദ്ധാനം ചെയ്യുകയും ഒരുമിച്ചു കഴിഞ്ഞു. രാജാവു രാജ്ഞിയുടെ ശയ്യാഗൃഹത്തിങ്കിൽച്ചെന്നു വാതിലിൽ മുട്ടി വിളിച്ചു. ഉടനെ രാജ്ഞിവാതിൽ തുറന്നു. ആ സാധ്വി തന്റെ പ്രിയതമന്റെ വരവിനെത്തന്നെ പ്രതീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. രാജ്ഞിയും അത്താഴമുണ്ടിട്ടില്ലായിരുന്നു. അതിനാൽ രണ്ടുപേരും കൂടിപ്പോയി അത്താഴം കഴിച്ചു വരുകയും സുഖമായി കിടന്നുറങ്ങുകയും ചെയ്തു.

പിറ്റേ ദിവസം രാവിലെ കായംകുളത്തു രാജാവ് തന്റെ ആവുത്തനായ പന്തളത്തു രാജാവ് തിരിച്ചുവന്നിരിക്കുന്നതായി അറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കൽ വന്ദിച്ചിട്ട് "അല്ലയോ മഹാത്മാവേ, ഞാൻ അജ്ഞതമൂലം പറഞ്ഞു പോയിട്ടുള്ളതെല്ലാം അവിടുന്ന് സദയം ക്ഷമിക്കുകയും ഇനിയും യഥാപൂർവം സ്ഥിരതാമസം ഇവിടെത്തന്നെ ആക്കുകയും ചെയ്യണം" എന്ന് അപേക്ഷിച്ചു. പന്തളത്തു രാജാവ് അതു കേട്ടു സസന്തോ‌ഷം "എനിക്കു ഭവാനോടു യാതൊരു വിരോധവുമില്ല. ക്ഷമായാചനം ചെയ്യത്തക്കവണ്ണം ഭവാൻ യാതൊരുപരാധവും ചെയ്തിട്ടുള്ളതായി ഞാനറിയുന്നുമില്ല. ഇനിയും നിവൃത്തിയുള്ളിടത്തോളം കാലം ഇവിടെത്തന്നെ താമസിക്കണമെന്നാണ് ഞാനും വിചാരിക്കുന്നത്" എന്നു പറയുകയും അവിടെത്തന്നെ താമസിച്ചുതുടങ്ങുകയും ചെയ്തു.

അങ്ങനെ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം പന്തളത്തു രാജാവും അദ്ദേഹത്തിന്റെ പ്രണയിനിയായ രാജ്ഞിയുംകൂടി സ്വൈരസല്ലാപം ചെയ്തുകൊണ്ടിരുന്നപ്പോൾ, രാജാവിനു മുമ്പുണ്ടായ സ്വപ്ന ദർശനത്തെപറ്റിയും ശബരിമല ശാസ്താവിന്റെ മാഹാത്മ്യത്തെക്കുറിച്ചും മറ്റുംകൂടി പ്രാസ്താവിക്കയുണ്ടായി. അപ്പോൾ ശബരിമല തിങ്കൾഭജനം (മാസംതോറും ദർശനം) മുടങ്ങാതെ നടത്തണമെന്നു തനിക്കു സ്വപ്നത്തിൽ ദർശനമുണ്ടായിട്ടുള്ള കഥ രാജാവിന് ഓർമ്മ വന്നു. അടുത്ത മാസത്തിലെന്നല്ല, മാസംതോറുംതന്നെ ഏതാനും ദിവസം തന്റെ പ്രാണപ്രിയയെ പിരിഞ്ഞു പോകേണ്ടതായിരിക്കുന്നുവല്ലോ എന്നു വിചാരിച്ചു രാജാവിനും ഈ വിവരമറിഞ്ഞപ്പോൾ രാജ്ഞിക്കും മനസ്താപമുണ്ടായി. അന്നു രാത്രിയിൽ കിടന്നുറങ്ങിയ സമയം രാജാവിന്റെ അടുക്കൽ ഒരാൾ ചെന്ന് മന്ദസ്മിതത്തോടുകൂടി "ഹേ, അങ്ങ് ഒട്ടും വ്യസനിക്കേണ്ട. അങ്ങ് എന്നെ കാണാനായി പ്രിയതമയെ വിട്ടു പിരിഞ്ഞു ശബരിമലവരെ വരണമെന്നില്ല. ഞാൻഇവിടെ അടുത്തൊരു സ്ഥലത്തു വന്നു ഇരുന്നേക്കാം" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ അദ്ദേഹം ഉണർന്നു കണ്ണുതുറന്ന നോക്കിയപ്പോൾ അവിടെയെങ്ങും വിശേ‌ഷിച്ചാരെയും കണ്ടില്ല. രാജ്ഞി നല്ല ഉറക്കമായിരുന്നു. തന്റെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞതും ശബരിമല ശാസ്താവു തന്നെയാണെന്നു രാജാവു വിശ്വസിക്കുകയും സ്വാമിയുടെ ഭക്തവാത്സല്യത്തെയും മാഹാത്മ്യത്തെയും കുറിച്ചു വിചാരിച്ചു വിസ്മയിച്ച് അദ്ദേഹം മനസ്സുകൊണ്ട് തന്റെ പരദേവതയെ നമസ്കരിക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ രാജാവ് ഈ വിവരം രാജ്ഞിയെയും ഗ്രഹിപ്പിച്ചു. അപ്പോൾ രാജ്ഞിക്കും വളരെ സന്തോ‌ഷമായി.

കായംകുളത്തു രാജാവ് ആണ്ടിലൊരിക്കൽ തന്റെ സൈനികന്മാരെയൊക്കെ തന്റെ മുമ്പിൽ വരുത്തി ഒരായുധാഭ്യാസപരീക്ഷ നടത്തുകയും പരീക്ഷയിൽ ജയിക്കുന്നവർക്കു യഥായോഗ്യം വസ്തുക്കളും പൊന്നും പണവും പട്ടും വളയും മറ്റും സമ്മാനമായി കൊടുക്കുകയും പതിവുണ്ടായിരുന്നു. ഈ കഥ നടന്ന കാലത്ത് ഈ പരീക്ഷ മേടമാസം ഒമ്പതാം തീയ്യതി നടത്തുന്നതിനു നിശ്ചയിച്ചു. രാജാവു മൂന്നു ദിവസം മുമ്പ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. എട്ടാം തീയ്യതി രാത്രിയിൽ പന്തളത്തു രാജാവിനു വീണ്ടും ഒരു ദർശനമുണ്ടായി. തേജസ്വിയും യുവാവുമായ ഒരാൾ അദ്ദേഹത്തിന്റെ അടുക്കൽചെന്ന് "നാളെ ഇവിടെ ആയുധാഭ്യാസപരീക്ഷയുണ്ടാകുമല്ലോ. അതിൽച്ചേരാൻ ഞാനും വരും. അപ്പോൾ ഞാനെയ്യുന്ന അമ്പു വീഴുന്ന സ്ഥലത്തു വന്നാൽ എന്നെക്കാണാം." എന്നു പറഞ്ഞതായി രാജാവിനു തോന്നി. അദ്ദേഹമുണർന്നു കണ്ണു തുറന്നു നോക്കിയപ്പോൾ ആരെയും കണ്ടുമില്ല.

ഒമ്പതാം തിയ്യതി രാവിലെ പടയാളികളെല്ലാം കായംകുളത്തു രാജാവിന്റെ മുമ്പിൽ ഹാജരായി. ആ കൂട്ടത്തിൽ അപരിചിതനായ ഒരു യുവാവും വന്നുചേർന്നു. അവനെ കണ്ടിട്ട്, കായംകുളത്തു രാജാവ്, " നീ ആർ" എന്നു ചോദിച്ചു.

യുവാവ്: അടിയൻ ഒരു മലയാളിയാണ്.

രാജാവ്: നീ എവിടെപ്പാർക്കുന്നു?

യുവാവ്: അടിയൻ കുറച്ചു കിഴക്ക് ഒരു മലയിലാണ് പാർക്കുന്നത്.

രാജാവ്: നിന്റെ പേരെന്ത്?

യുവാവ്: അയപ്പൻ എന്നാണ്.

രാജാവ്: നീ ഇവിടെ എന്തിനു വന്നു?

യുവാവ്: തിരുമനസ്സുകൊണ്ട് ആയുധാഭ്യാസപരീക്ഷ നടത്തി ജയിക്കുന്നവർക്കു സമ്മാനങ്ങൾ കല്പിച്ചുകൊടുക്കുന്നുണ്ടെന്നു കേട്ടു. അതിൽ ചേരാമെന്നു വിചാരിച്ചാണ് അടിയൻ വിടകൊണ്ടത്.

രാജാവ്: നിനക്ക് ഏതായുധം പ്രയോഗിക്കാനാണ് പരിചയമുള്ളത്?

യുവാവ്: അടിയനു എല്ലാം കുറേശ്ശെ പരിചയമുണ്ട്.

രാജാവ്: എന്നാൽ ചേർന്നുകൊള്ളുക. വിരോധമില്ല.

എന്നു പറഞ്ഞിട്ടു തന്റെ സൈനികന്മാരിൽ പ്രധാനന്മാരും നല്ല അഭ്യാസികളുമായവരെ വിളിച്ചു ഈ യുവാവിനെ പരീക്ഷീക്കുന്നതിന് ആജ്ഞാപിച്ചു. അവർ വില്ലും അമ്പും പ്രയോഗിച്ചും വാളും പരിചയും പ്രയോഗിച്ചും ഈട്ടി, കുന്തം, വേൽ മുതലായ ആയുധങ്ങൾ പ്രയോഗിച്ചും പല വിധത്തിൽ പരീക്ഷിച്ചു. ആ പരീക്ഷകളിലെല്ലാം ആ യുവാവു ജയിക്കുകയും കായംകുളം സൈനികരെ തോല്പിക്കുകയും ചെയ്തു. അതുകണ്ടു കായംകുളത്ത് രാജാവ് ഏറ്റവും സന്തോ‌ഷിക്കകയും "നിനക്ക് സമ്മാനമായ് എന്താണ് വേണ്ടത്? എന്തും തരാൻ നാം തയാറാണ്" എന്നു പറയുകയും ചെയ്തു. അതുകേട്ട് ആ യുവാവ്,"അടിയനു അധികമൊന്നും കിട്ടണമെന്ന് ആഗ്രഹമില്ല. അടിയൻ ഇവിടെനിന്ന് എയ്യുന്ന ശരം ചെന്നുവീഴുന്ന സ്ഥലവും അതിന്റെ ചുറ്റുമുള്ള സ്ഥലങ്ങളുമുൾപ്പെടെ മുക്കാതം (പന്ത്രണ്ടു നാഴിക ദീർഘവിസ്താരമുള്ള) ഭൂമി കരമൊഴിവാക്കി കൽപിച്ചു തന്നാൽ മതി" എന്നറിയിച്ചു. "അങ്ങനെതന്നെ. അത്രയും കരമൊഴിവായി തന്നേക്കാം. ശരമെടുത്തെയ്യുക" എന്നു രാജാവു കല്പിച്ചു. ആ യുവാവ് ഒരു ശരമെടുത്തു ഞാണിൽത്തൊടുത്തു കിഴക്കോട്ടു തിരിഞ്ഞുനിന്നു വലിച്ചുവിട്ടു. ആ ശരം ചെന്നു വീണ സ്ഥലം കണ്ടു പിടിക്കുന്നതിനായി കായംകുളത്തു രാജാവ് തന്റെ വിശ്വസ്തഭടന്മാരിൽ ചിലരെ നിയോഗിച്ചയച്ചു. അവരോടുകൂടി ആ യുവാവും, വെറുതെ നേരമ്പോക്കിനായിട്ടെന്നുള്ള ഭാവത്തിൽ പന്തളത്തു രാജാവും പോയി. അവരെല്ലാവരുംകൂടി കായംകുളത്തുംനിന്നും കിഴക്കുതെക്കായി ഏകദേശം പന്ത്രണ്ടു നാഴിക ദൂരംവരെ ചെന്നപ്പോൾ അവിടെ ഒരു പൊയ്കയും അതിന്റെ തീരപ്രദേശത്ത് ഏതാനും കാളകൾ മേഞ്ഞുകൊണ്ട് നിൽക്കുന്നതും കണ്ടു. അവയിൽ ഏറ്റവും ഭയങ്കര മൂർത്തിയായ ഒരു കൂറ്റൻ മൂക്കുറയിട്ടുകൊണ്ട് പന്തളത്തു രാജാവിനെ കുത്തനായി പാഞ്ഞുചെന്നു. അതുകണ്ടു രാജഭടന്മാർ പേടിച്ചോടി. അഭാസിയും സുന്ദരനുമായി ആ യുവാവ് ധൈര്യസമേതം തിരിഞ്ഞുനിന്നു. കാളയെ അടിച്ചോടിച്ചു പന്തളത്തു രാജാവിനെ രക്ഷിച്ചു. ഈ സംഭവം നിമിത്തം ആ പൊയ്കയ്ക്ക് അന്നുണ്ടായ "കാളകുത്തിപ്പൊയ്ക" എന്നു പേരുതന്നെ ഇന്നും ജനങ്ങൾ പറഞ്ഞുവരുന്നു.

അനന്തരം പന്തളത്തുരാജാവും ആ യുവാവുംകൂടി അവിടെനിന്നു കുറച്ചു കിഴക്കോട്ടു പോയതിന്റെശേ‌ഷം ഒരു പാറപ്പുറത്തുചെന്നിരുന്ന് സ്വൽപനേരം വിശ്രമിച്ചു. അപ്പോഴേക്കും നേരം വൈകിയതിനാൽ ആ രാത്രി അവിടെ താമസിച്ചു. ആ യുവാവിന്റെ കാലടികൾ അന്ന് അവിടെ പതിഞ്ഞത് ഇപ്പോഴും മാഞ്ഞുപോകാതെ തെളിഞ്ഞു കാൺമാനുണ്ട്. ആ സ്ഥലത്തിന് "തൃപ്പാദം" എന്ന് പേരു പറഞ്ഞുവരുന്നു. പിറ്റേദിവസം (പത്താംതീയതി) അതിരാവിലെ പന്തളത്തുരാജാവും ആ യുവാവും കൂടി ഏകദേശം അരനാഴിക കിഴക്കോട്ടു ചെന്നപ്പോൾ അവിടെ ഒരു കായലും അതിന്റെ മധ്യത്തിൽ ഒരു തുരുത്തും കണ്ടു. അപ്പോൾ ആ യുവാവ് "ആ കാണുന്ന തുരുത്തിലാണ് അടിയന്റെ ശരം പതിച്ചിരിക്കുന്നത്. അതിനാൽ അങ്ങോട്ടെഴുന്നള്ളണം. ഇവിടെ കടവിൽ ഒരു പൊങ്ങുതടി കിടക്കുന്നുണ്ട്. അതിൽക്കയറിപ്പോയാൽ ആ തുരുത്തിലിറങ്ങാം" എന്നു പറഞ്ഞു. രാജാവ് അപ്രകാരം സമ്മതിക്കുകയും യുവാവിനോടുകൂടി കടവിൽച്ചെന്നു പൊങ്ങുതടിയിൽക്കയറുകയും ചെയ്തു. ആരും തുഴയാതെതന്നെ പൊങ്ങുതടി ചെന്നു തുരുത്തിലടുത്തു. രാജാവു തിരിഞ്ഞു നോക്കിയപ്പോൾ ആ യുവാവിനെ കാൺമാനില്ലായിരുന്നു. ആ പൊങ്ങുതടി അവിടെ നിന്നു വെള്ളത്തിൽകൂടി നീന്തിപ്പോകുന്നതു കണ്ടു വിസ്മയത്തോടുകൂട് രാജാവ് സൂക്ഷിച്ചു നോക്കിയപ്പോൾ വാസ്തവത്തിൽ അതൊരു പൊങ്ങുതടിയല്ലെന്നും ഒരു മുതലയാണെന്നും അദ്ദേഹത്തിനു മനസ്സിലാവുകയും തന്റെ പരദേവതയുടെ മാഹത്മ്യത്തെക്കുറിച്ച് വിചാരിച്ച് അത്യന്തം അത്ഭുതപ്പെടുകയും ചെയ്തു. അപ്പോഴേക്കും ഒരാൾ വാളും പരിചയുമെടുത്തുകൊണ്ട് ഏറ്റവും വിനയത്തോടുകൂടി രാജാവിന്റെ അടുക്കൽച്ചെന്ന് "ഇതിലെ എഴുന്നള്ളാം" എന്നറിയിച്ചു. രാജാവ് ഉടനെ കുളിയും സന്ധ്യാവന്ദനവും കഴിച്ച് ആ അകമ്പടിക്കാരനോടുകൂടി തുരുത്തിന്റെ ഒരു ഭാവത്തു ചെന്നപ്പോൾ അവിടെ ഒരു ശിലാവിഗ്രഹവും അതിന്മേൽ താൻ ശബരിമല നടയ്ക്കുവച്ച പൊൻകിരീടവും മുത്തുമാലയും ചാർത്തിയിരിക്കുന്നതായും കണ്ട് രാജാവ് സന്തോ‌ഷാത്ഭുതപരവശനായി ഭക്തിസമേതം സാഷ്ടാംഗം വീണു നമസ്കരിച്ചു. അപ്പോൾ ഒരാൾ അവിടെ നിന്നു ശംഖു വിളിക്കുകയും ഒരാൾ വിഗ്രഹത്തിന്റെ മുമ്പിലിരുന്നു പൂജിക്കുകയും അസംഖ്യം കുരങ്ങന്മാർ തൊഴുതു നമസ്കരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. രാജാവ് നമസ്കരിച്ച് എണീറ്റപ്പോൾ ആ പൂജക്കാരൻ തീർത്ഥവും പ്രസാദവും കൊടുത്തു. ആ സമയം വൃദ്ധനായ ഒരു പരദേശ ബ്രാഹ്മണൻ ഒരു വെളിച്ചപ്പാടിനെപ്പോലെ തുള്ളിക്കൊണ്ട് അവിടെ വരുകയും പന്തളത്തു രാജാവിന്റെ നേരെ നോക്കി,"എന്താ, എന്റെ ഉണ്ണിക്കു സന്തോ‌ഷമായില്ലേ? ആഗ്രഹം സാധിച്ചുവല്ലോ. ഞാൻപറഞ്ഞിരുന്നതുപോലെ ഇവിടെ വന്നിരിക്കുന്നു. ഇനി എന്റെ ഉണ്ണി എന്റെ മല കേറണമെന്നില്ല. ഇവിടെ വേണ്ടതുപോലെ ചെയ്തുകൊണ്ടാൽ മതി. ഈ പൂജക്കാരൻതന്നെ എന്റെ പൂജക്കാരനായി ഇരുന്നുകൊള്ളട്ടെ. (രാജാവിന്റെ അകമ്പടിക്കാരനെ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഈ ഉണ്ണിത്താൻ എന്റെ ദാസനാണ്. ഇവൻ എന്റെ ഉണ്ണിയുടെ അംഗരക്ഷകനായിരിക്കട്ടെ (ശംഖു വിളിച്ച മാരാനെ ചൂണ്ടിക്കാണിച്ചിട്ട്) ഇവൻ എന്റെ മാരാനും കഴകക്കാരനുമായിരിക്കട്ടെ. ഈ കുരങ്ങന്മാരും എന്റെ ഉണ്ണിയെ ഇക്കരെ കടത്തിയ മുതലയും ഈ കായലിലുള്ള "ശ്ര‌ഷ്ഠകൾ" (ഏട്ടകൾ) എന്നു പേരായ മത്സ്യങ്ങളും എന്റെ പരിവാരങ്ങളാണ്. ഇവരെയെല്ലാം എന്റെ ഉണ്ണി രക്ഷിച്ചു കൊള്ളണം. ഇവരിൽ ആരെയെങ്കിലും ആരെങ്കിലും ഉപദ്രവിച്ചാൽ ആ ഉപദ്രവികളെ ഞാൻ യഥായോഗ്യം ശിക്ഷിക്കും. എന്റെ ഉണ്ണി ഇവിടെ വന്ന് ആദ്യമായി എന്നെ ദർശിച്ച ഈ ദിവസം ഈ സമയത്ത് (മേടമാസം പത്താം തീയതി രാവിലെ) ഇവിടെ വന്നു എന്നെ ഭക്തിപൂർവ്വം ദർശിക്കുന്നവർക്കു സകലാഭീഷ്ടങ്ങളും ഞാൻസാധിപ്പിച്ചു കൊടുക്കുകയും ചെയ്യും" എന്നു പറയുകയും ചെയ്തിട്ട് അദ്ദേഹം വന്നതുപോലെ തന്നെ ഓടിപ്പോവുകയും ചെയ്തു. ആ ബ്രാഹ്മണൻ എവിടെനിന്നു വന്നു എന്നും എങ്ങോട്ടാണ് പോയതെന്നും ആർക്കും നിശ്ചയമില്ല. അദ്ദേഹത്തെ അതിനുമുമ്പും അതിൽ പിന്നെയും ആരും കണ്ടിട്ടില്ല. അതു സാക്ഷാൽ ശാസ്താവുതന്നെ വേ‌ഷംമാറി വന്നതാണെന്നാണ് വിശ്വാസം. മേടമാസത്തിൽ പത്താമുദയത്തുന്നാൾ (പത്താം തീയ്യതി) രാവിലെ അവിടെച്ചെന്നു ദർശനം കഴിക്കുക വളരെ പ്രധാനമായിട്ടാണ് വച്ചിരിക്കുന്നത്. ഇതിനായി ആണ്ടുതോറും അസംഖ്യമാളുകൾ ഇപ്പോഴും അവിടെക്കൂടാറുണ്ട്.

ഈ സ്ഥലം അക്കാലത്തു കായംകുളത്തോടു ചേർന്നതായിരുന്നതിനാൽ ആ ബ്രാഹ്മണൻ പോയ ഉടനെ പന്തളത്തുരാജാവ് ഉണ്ണിത്താനെ വിളിച്ച് "ഇവിടെ ഉണ്ടായിരിക്കുന്ന സംഗതികളെല്ലാം ഉടനെ കായംകൂളത്തു രാജാവിനെ അറിയിക്കണം" എന്ന് ആജ്ഞാപിക്കുകയും ഉണ്ണിത്താൻ അപ്പോൾതന്നെ പുറപ്പെട്ടു കായംകുളത്തെത്തി രാജാവ് അന്നു വൈകുന്നേരമായപ്പോഴേക്കും ഈ സ്ഥലത്തെത്തി സ്വാമിദർശനം കഴിക്കുകയും പിന്നെ ഏതാനും ദിവസം അവിടെത്തന്നെ താമസിച്ചുകൊണ്ട് അവിടെ വേണ്ടുന്ന പരി‌ഷ്കാരങ്ങളെല്ലാം വരുത്തുകയും ചെയ്തു. കായംകുളത്തു രാജാവ് അവിടെ ചെയ്ത പരി‌ഷ്കാരങ്ങളിൽ പ്രാധനപ്പെട്ടവ താഴെ പറയുന്നവ യാണ്. ആദ്യംതന്നെ ജനങ്ങളുടെ ഗതാഗത സൗകര്യത്തിനായി ഒരു തുരുത്തിൽനിന്ന് ഒരു കൽച്ചിറ കെട്ടിച്ചു പടിഞ്ഞാറേക്കരയോടു സംഘടിപ്പിച്ചു. പിന്നെ ക്ഷേത്രം പണികഴിപ്പിക്കുകയും ചുറ്റും മതിൽ കെട്ടിക്കുകയും ക്ഷേത്രത്തിൽ നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായ വകയ്ക്ക് വേണ്ടുന്ന വസ്തുവകകൾ നിശ്ചയിക്കു കയും ചെയ്തു. ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തു വടക്കോട്ടു മാറി ഒരു കൊട്ടാരം പണികഴിപ്പിചു. പന്തളത്തു രാജാവിനെയും അദ്ദേഹത്തിന്റെ പ്രിയതമയായ രാജ്ഞിയെയും അവിടെ താമസിപ്പിച്ചു. അപ്രകാരംതന്നെ പൂജ (ശാന്തി)ക്കാരൻ, കഴകക്കാരൻ, ഉണ്ണിത്താൻ എന്നിവർക്കും ക്ഷേത്രത്തിന്റെ സമീപം തന്നെ ഓരോ ഗൃഹങ്ങൾ പണിയിച്ചുകൊടുക്കുകയും ചെയ്തു. അവർക്കു ചെലവിനു വേണ്ടുന്ന വസ്തുക്കൾ കരമൊഴിവായി പതിച്ചുകൊടുക്കുകയും ചെയ്തു. മുമ്പേ തന്നെ ഈ സ്ഥലത്തിനുണ്ടായിരുന്ന "കോട്ട" എന്നു പേരു ശാസ്താവിന്റെ സാന്നിധ്യംനിമിത്തം അക്കാലം മുതൽക്കു "ശാസ്താംകോട്ട" എന്നായിത്തീരുകയും ചെയ്തു.

ശാസ്താങ്കോട്ടയിൽ ക്ഷേത്രം പണി മുതലായവ കഴിഞ്ഞിട്ടും അവിടുത്തെ പൂർവ്വ നിവാസികളായിരുന്ന കടുവ, പുലി മുതലായ ദുഷ്ടമൃഗങ്ങൾ അവിടെത്തന്നെ നിവസിച്ചിരുന്നു. അവ അവിടെ പാർത്തി രുന്നത് ക്ഷേത്രത്തിനു കുറച്ചു കിഴക്കു വടക്കായി കായൽവക്കത്തുള്ള ഒരു വലിയ ഗുഹയിലായിരുന്നു. ആ ഗുഹ ഇപ്പോഴും അവിടെ കാൺമാനുണ്ട്. ആ ഗുഹയ്ക്ക് "പുലിവാരം" എന്നാണ് ഇപ്പോൾ പേരു പറഞ്ഞുവരുന്നത്. ആ ഗുഹയുടെ അന്തർഭാഗം ഏറ്റവും വിശാലവും സഞ്ചാര സൗകര്യമുള്ളതുമാണെന്നു ചിലർ പറയുന്നു.

ഒരിക്കൽ ഒരു കടുവാ അയ്യപ്പസ്വാമിയുടെ ഭക്തനായ ഉണ്ണിത്താന്റെ ഒരു പശുവിനെ പിടിച്ചു കൊന്നു. അത് സ്വാമിക്ക് ഒട്ടും രസിച്ചില്ല. അതിനാൽ സ്വാമി വില്ലുമമ്പുമെടുത്തുകൊണ്ട് പുറപ്പെട്ടു. സകല ദുഷ്ടമൃഗങ്ങളെയും അവിടെനിന്ന് ആട്ടിയോടിച്ചു കൊണ്ടുപോയി കൊട്ടാരക്കരയ്ക്ക് സമീപം "കോട്ടത്തല" എന്നു പറയുന്ന സ്ഥലത്തിനപ്പുറത്താക്കി. സ്വാമി അവിടെ വില്ല് ഊന്നിപ്പിടിച്ചുനിന്നുകൊണ്ട് "മേലാൽ യാതൊരു ദുഷ്ടമൃഗവും ഈ സ്ഥലത്തിനപ്പുറം കടക്കരുത്" എന്നാജ്ഞാപിക്കുകയും ചെയ്തു. അതിൽപ്പിന്നെ കോട്ടത്തലയ്ക്കു പടിഞ്ഞാട്ടു യാതൊരു ദുഷ്ടമൃഗവും ഇതുവരെ കടന്നിട്ടില്ല. അന്നു സ്വാമി വില്ലൂന്നിനിന്ന സ്ഥലത്തു തൃപ്പാദങ്ങളും വില്ലിന്റെ അഗ്രവും പതിഞ്ഞത് ഇപ്പോഴും കാൺമാനുണ്ട്.

പന്തളത്തു രാജാവും രാജ്ഞിയും ശാസ്താങ്കോട്ടയിൽ താമസമായതിന്റെ ശേ‌ഷം കൊട്ടാരത്തിൽനിന്നും പുറത്തിറങ്ങിയാൽ മുമ്പിലും പിമ്പിലും കുരങ്ങന്മാർ അകമ്പടിയായി കൂടുക പതിവായി. അപ്രകാരംതന്നെ രാജാവും രാജ്ഞിയും കുളിക്കാനായി കടവിൽ ചെല്ലുമ്പോൾ മുമ്പു പറഞ്ഞിട്ടുള്ള ആ മുതലയും മത്സ്യങ്ങളും അവിടെ ഹാജരാവും. ഇങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഇവർക്കു എന്തെങ്കിലും പതിവായി കൊടുക്കേണ്ടതാണെന്നു രാജാവിനും രാജ്ഞിക്കും തോന്നുകയും കുരങ്ങന്മാർക്ക് പഴം, ശർക്കര, തേങ്ങാപ്പൂൾ മുതലായവയും മുതലയ്ക്ക് ചോറും മത്സ്യങ്ങൾക്കു അരിയും പതിവായി കുറേശ്ശെ കൊടുത്തു തുടങ്ങുകയും ചെയ്തു. പിന്നീട് ഇനിയൊരു നിശ്ചയം ചെയ്യേണ്ടതാണെന്നു തോന്നുകയാൽ പ്രതിദിനം കുരങ്ങന്മാർക്ക് ആറേകാലിടങ്ങഴി അരിയുടെയും മുതലയ്ക്ക് ഒന്നേകാലിടങ്ങഴി അരിയുടെയും ചോറും മത്സ്യങ്ങൾക്കു മുന്നാഴി അരിയും പതിവായി ക്ഷേത്രത്തിൽനിന്നു കൊടുക്കുന്നതിനു പന്തളത്തു രാജാവ് ഏർപ്പാടു ചെയ്തു. രാജാവും രാജ്ഞിയും കുളിക്കാൻ കടവിൽ ചെല്ലുമ്പോൾ മത്സ്യങ്ങൾക്കുള്ള അരി ദേവസ്വം കലവറക്കാരൻ കടവിൽ കൊണ്ടു ചെല്ലണം. ആ അരി വാരി മത്സ്യങ്ങൾക്കു ഇട്ടുകൊടുക്കുക രാജാവും രാജ്ഞിയും കൂടിയാണ് പതിവ്. ഉച്ചപൂജ കഴിയുമ്പോൾ കുരങ്ങന്മാർക്കുള്ള ചോറു കിഴക്കേഗോപുരത്തിങ്കൽ മതിൽക്കുവെളിയിൽ കൊണ്ടു ചെന്നു കൊടുക്കേണ്ടതു ശാന്തിക്കാരനും മുതലയ്ക്കുള്ള ചോറു കടവിൽ കൊണ്ടു ചെന്നു കൊടുക്കേണ്ടതു മാരാരുമാണ്. അങ്ങനെയാണ് രാജാവ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. കുരങ്ങന്മാർ ഊണു കഴിഞ്ഞാൽ കൊട്ടാരത്തിൽച്ചെന്നു രാജാവിനെ കണ്ടു വന്ദിക്കുകയും ഒരു സന്തോ‌ഷശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുക പതിവായിരുന്നു.

ഇങ്ങനെയിരുന്ന കാലത്ത് ഒരിക്കൽ കായംകുളത്തു രാജാവു സ്വാമിദർശനത്തിനും കാര്യങ്ങളെല്ലാം ശരിയായി നടക്കുന്നുണ്ടൊ എന്ന് അന്വേ‌ഷിക്കുന്നതിനുമായി വീണ്ടും ശാസ്താങ്കോട്ടയിൽ വന്നു. അദ്ദേഹം മഞ്ചലിൽ വന്നു പന്തളത്തു രാജാവും രാജ്ഞിയും താമസിച്ചിരുന്ന കൊട്ടാരത്തിലാണ് ഇറങ്ങിയത്. പന്തളത്തു രാജാവും രാജ്ഞിയും കുളിയും സാമിദർശനവും കഴിച്ചുകൊട്ടാരത്തിൽ വന്ന സമയത്തായിരുന്നു കായംകുളത്തു രാജാവിന്റെ വരവ്. അതിനാൽ അകമ്പടിക്കാരായ കുരങ്ങന്മാർ അപ്പോൾ അവിടെത്തന്നെ ഉണ്ടായിരുന്നു. കായംകൂളത്തു രാജാവു മഞ്ചലിൽനിന്ന് ഇറങ്ങിയ ഉടനെ വാനരവീരന്മാർ രാജാവിനെ താണു തൊഴുതിട്ടു കൈ കെട്ടി വായ് പൊത്തി വളരെ ആദരവോടും ഭക്തിയോടുകൂടി നിരന്നുനിന്നു. അതു കണ്ടിട്ടു കായംകുളത്തു രാജാവ് "ഇതു നല്ല നേരമ്പോക്കുതന്ന. ഇവർ മഹായോഗ്യന്മാരാണെന്നു തോന്നുന്നുവല്ലോ" എന്നു പറഞ്ഞു ചിരിച്ചു. അപ്പോൾ പന്തളത്തു രാജാവ്, "അതേ, അവർ യോഗ്യന്മാർതന്നെയാണ്. അവരുടെ ദിവ്യത്വം ഒട്ടും ചില്ലറയല്ല. അവർ സ്വാമിയുടെ ആളുകളാണ്. അവർക്കു ദിവസംതോറും പതിവായി ആറേകാലിടങ്ങഴി അരിയുടെ ചോറു ക്ഷേത്രത്തിൽനിന്നു കൊടുക്കുന്നതിനു ഞാൻ ഏർപ്പാടു ചെയ്തിട്ടുണ്ട്" എന്നു പറഞ്ഞു.

കായംകുളത്തു രാജാവു സ്വല്പം വിശ്രമിച്ചതിന്റെ ശേ‌ഷം കുളിക്കാനായി കടവിലേക്കു പോയി. അകമ്പടിയായി കുരങ്ങന്മാരും പോയി. രാജാവിനു തേച്ചുകുളിയായിരുന്നതിനാൽ കൈവിരലിൽ കിടന്ന രത്നഖചിതമായ മോതിരമൂരി കടവിൽ ഒരു കല്ലിന്മേൽ വച്ചിട്ട് എണ്ണ തേച്ചു രാജഭൃത്യന്മാർ രാജാവിനെ കുളിപ്പിച്ചുകൊണ്ടുനിന്ന സമയം ഒരു പരുന്ത് ആ മോതിരത്തിൽ പതിച്ചിരുന്ന രത്നത്തിന്റെ ശോഭ കണ്ടു വല്ല ഭക്ഷണസാധനവുമായിരിക്കുമെന്നു വിചാരിച്ചിട്ടോ എന്തോ, പെട്ടെന്നു പറന്നുവന്ന് ആ മോതിരം റാഞ്ചിക്കൊണ്ടുപോയി. അതു കണ്ടു രാജഭൃത്യന്മാർ "അയ്യോ! തിരുവാഴി കൊണ്ടുപോയല്ലോ" എന്നു പറഞ്ഞു. ആ മോതിരം വളരെ വില കൂടിയതായിരുന്നതിനാൽ അതു പോയതു കൊണ്ട് രാജാവിനും അത്യധികമായ മനസ്താപമുണ്ടായി. എങ്കിലും ഗംഭീരമാനസനായ അദ്ദേഹം അതു പുറത്തു കാണിച്ചില്ല. അദ്ദേഹം കുളിച്ചു ക്ഷേത്രത്തിൽ പോയി ദർശനം കഴിച്ചു കൊട്ടാരത്തിലേക്ക് പോയി. ആ സമയത്തും കുരങ്ങന്മാരുടെ അകമ്പടിയുണ്ടായിരുന്നു. എങ്കിലും അവരിൽ തലവനായ വലിയ കുരങ്ങൻ അപ്പോൾ ആ കൂട്ടത്തിലുണ്ടാ യിരുന്നില്ല. രാജാവു കൊട്ടാരത്തിലെത്തിയപ്പോഴേക്കും യൂഥനാഥനായ ആ വാനരവീരൻ മോതിരം തട്ടികൊണ്ടുപോയ ആ പരുന്തിനെ അടിച്ചുകൊന്നു പിടിച്ചുവലിച്ച് അവിടെ കൊണ്ട് ചെല്ലുകയും പരുന്തിന്റെ നഖത്തിൽ കോർത്തിരുന്ന മോതിരമെടുത്ത് രാജാവിന്റെ മുമ്പിൽ വച്ചു വന്ദിക്കുകയും ചെയ്തു. അതുകണ്ട് കായംകുളത്തു രാജാവ് വളരെ സന്തോ‌ഷിക്കുകയും തലവനായ ആ വാനരവീരന് "സുഗ്രീവൻ" എന്നൊരു പേരു കല്പിചു കൊടുക്കുകയും ചെയ്തു. ഉടനെ കുരങ്ങന്മാരെല്ലാം രാജാവിന്റെ വീണ്ടും വന്ദിച്ചിട്ടു കിഴക്കെ നടയിലേക്കും കായംകുളത്തു രാജാവ് പന്തളത്തു രാജാവിനോട് കൂടി ഊണു കഴിക്കാൻ അകത്തേക്കും പോയി. രാജാക്കന്മാർ ഊണു കഴിഞ്ഞ് പുറത്തുവന്നപ്പോൾ കുരങ്ങന്മാരെ കാണായ്കയാൽ

"കുരങ്ങന്മാർ ഊണു കഴിഞ്ഞാൽ അവരുടെ സന്തോ‌ഷത്തെ ചില ശബ്ദങ്ങൾ കൊണ്ട് അറിയിക്കാനായി ഇവിടെ വരാറുണ്ടായിരുന്നു. ഇന്നവരെ കാണാഞ്ഞതെന്താണവോ? എന്ന് പന്തളത്തു രാജാവ് പറഞ്ഞു. അപ്പോൾ ക്ഷേത്രസന്നിധിയിൽ കുരങ്ങന്മാരുടെ കളകളശബ്ദം ഉച്ചത്തിൽ കേൾക്കയാൽ "അവിടെ ഇന്ന് എന്തോ വിശേ‌ഷമുണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്" എന്താണെന്നു പോയി നോക്കട്ടെ" എന്നു പറഞ്ഞ് പന്തളത്തു രാജാവ് അങ്ങോട്ടു പുറപ്പെട്ടു. അദ്ദേഹത്തോടുകൂടി കായംകുളത്തു രാജാവും പോയി. രാജാക്കന്മാർ അങ്ങോട്ടു ചെന്നപ്പോഴേക്കും സുഗ്രീവാദികൾ അവർക്കു കൊടുത്ത ചോറ് പാത്രത്തോടുകൂടി പിടിച്ചുവലിച്ചു കൊണ്ടു ക്ഷേത്രത്തിൽനിന്നു കൊട്ടാരത്തിലേക്കുള്ള വഴിയിലോളം എത്തിയിരുന്നു. അവർ എന്താണ് ചെയ്യാൻ ഭാവിക്കുന്നതെന്നറിയാനായി രാജാക്കന്മാർ ആ വഴിയിൽ തന്നെ നോക്കിക്കൊണ്ടു നിന്നു. കുരങ്ങന്മാർ ആ പാത്രം പിടിച്ചുവലിച്ചു കായംകുളത്തു രാജാവിന്റെ മുമ്പിൽകൊണ്ടു ചെന്ന് വച്ചിട്ട് സുഗ്രീവൻ ആ പാത്രത്തിലുണ്ടായിരുന്ന ചോറും ഓരോ കുരങ്ങന്മാരെയും അവരുടെ വയറും തൊട്ടുകാണിച്ചുകൊണ്ടു ദുഃഖഭാവത്തോടുകൂടി രാജാവിന്റെ നേരെ നോക്കി. ബുദ്ധിമാനായ കായംകുളത്തു രാജാവിനു കാര്യം മനസ്സിലായി. അദ്ദേഹം സുഗ്രീവനോട് "നിങ്ങൾക്കു എല്ലാവർക്കും കൂടി ഈ ചോറുകൊണ്ടുമതിയാകുന്നില്ല, അല്ലേ? എന്നു ചോദിച്ചു. കാര്യം അതുതന്നെ എന്ന് സുഗ്രീവൻ ആംഗ്യം കാണിച്ചു. "ആട്ടെ, ഉള്ളതുകൊണ്ട് എലാവരുംകൂടി ഊണു കഴിച്ചിട്ടു കൊട്ടാരത്തിൽ വരുവിൻ, സമാധാനമുണ്ടാക്കാം" എന്നു പറഞ്ഞിട്ടു കായംകുളത്തു രാജാവു പന്തളത്തു രാജാവിനോടുകൂടി കൊട്ടാരത്തിലേക്കു പോയി. ഊണു കഴിച്ചുകൊണ്ടു സുഗ്രീവപ്രഭൃതികളും അവിടെ ഹാജരായി വണക്കത്തോടു കൂടി നിരന്നുനിന്നു. കായംകുളത്തു രാജാവു നാളികേരം, ശർക്കര, പഴം മുതലായവ് വരുത്തി അവർക്കു ധാരാളമായി കൊടുത്തിട്ടു പ്രതിദിനം അവർക്കു മൂന്നുപറ അരിയുടെ ചോറുകൂടി കൊടുത്തുകൊള്ളുന്നതിനു കൽപ്പന കൊടുക്കുകയും അപ്രകാരം കല്പിച്ചനുവദിച്ചിരിക്കുന്നതായി ഒരു ചെമ്പുതകിടിൽ എഴുതിച്ചു തുല്യം ചാർത്തി സുഗ്രീവന്റെ കൈയിൽ കൊടുക്കുകയും ചെയ്തു. കുരങ്ങന്മാർ ഒരു സന്തോ‌ഷശബ്ദം പുറപ്പെടുവിച്ചിട്ട് രാജാവിനെ വീണ്ടും വന്ദിച്ചുകൊണ്ട് നാലുപുറത്തേക്കും പാഞ്ഞുപോവുകയും അടുത്ത ദിവസംമുതൽ ദേവസ്വം പടിത്തരത്തിൽ ചേർത്ത് അവർക്കു മൂന്നുപറ ആറേകാലിടങ്ങഴി അരിയുടെ ചോറുവിതം കൊടുത്തുതുടങ്ങുകയും ചെയ്തു.

ഒരിക്കൽ കൊട്ടാരക്കര ഒരു നായർ കുടുംബത്തിലുണ്ടായിരുന്ന സ്ത്രീപുരു‌ഷന്മാർ ഓരോരുത്തരായി ചത്തുകെട്ടുപോയിട്ട് ഒടുക്കം ഒരു സ്ത്രീമാത്രം ശേ‌ഷിച്ചു. ആ സ്ത്രീ നാൽപത്തഞ്ചു വയസ്സുവരെ പ്രസവിക്കാതെയിരുന്നു. സന്താനാർത്ഥമായി അവർ അനേകം സത്കർമ്മങ്ങൾ ചെയ്തു എങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അതിനാൽ ആ സ്ത്രീ കേവലം വന്ധ്യയാണെന്നും അവർ പ്രസവിച്ചു സന്താനമുണ്ടാവുകയെന്നുള്ള കാര്യം അസാധ്യമാണെന്നും ആ കുടുംബം അന്യംനിന്നു പോവുകതന്നെ ചെയ്യുമെന്നും എല്ലാവരും തീർച്ചപ്പെടുത്തി. അങ്ങനെയിരുന്ന കാലത്തു ഭിക്ഷക്കാരനായി ഒരു സന്യാസി ആ കുടുംബത്തിൽ ചെല്ലുകയും ഭിക്ഷ വാങ്ങിയ ശേ‌ഷം ആ ദിവ്യൻ ആ കുടുംബനായികയോട് "അമ്മേ, നിങ്ങൾ ഒട്ടും വ്യസനിക്കേണ്ട. നിങ്ങൾ ശാസ്താങ്കോട്ടയിൽ പോയി സ്വാമിദർശനം കഴിച്ചു വഴിപാടുകൾ പ്രാർത്ഥിച്ചാൽ നിങ്ങൾക്കു സന്തതിയുണ്ടാകും" എന്നു പറഞ്ഞിട്ടു ഇറങ്ങിപ്പോകുകയും ചെയ്തു. അതു കേട്ടിട്ട് ആ സ്ത്രീക്ക് ഈ ദിവ്യന്റെ വാക്ക് ഒരിക്കലും മിഥ്യയായിപ്പോവുകയില്ലെന്നു മനസ്സിൽത്തോന്നുകയും അടുത്ത ദിവസം തന്നെ അവർ അവരുടെ ഭർത്താവിനോടുകൂടി ശാസ്താങ്കോട്ടയിൽച്ചെന്നു കുളിച്ചുതൊഴുതു നടയിൽനിന്ന്, താൻ പ്രസവിച്ച് ഒരു പെൺകുട്ടിയുണ്ടായാൽ സ്വാമിയുടെ നടയിൽ വച്ചു കുട്ടിക്കു ചോറു കൊടുക്കുകയും മൂന്നുപറ അരിയുടെ ചോറുകൊണ്ട് നാനാവിഭവങ്ങളോടു കൂടി കുരങ്ങ ന്മാർക്കു സദ്യ കഴിക്കുകയും മുന്നാഴി അരി ഏട്ടകൾക്കു കൊടുക്കുകയും ചെയ്യാമെന്നു പ്രാർത്ഥിക്കുകയും ചെയ്തുപോയി. അനന്തരം ഒരു മാസം കഴിയുന്നതിനുമുമ്പ് എന്തോ കാരണവശാൽ ആ സ്ത്രീയുടെ ഭർത്താവ് അവരോടു മു‌ഷിഞ്ഞു സംബന്ധം മതിയാക്കിപ്പോവുകയും വേറെ ഒരാൾ അവർക്കു സംബന്ധം തുടങ്ങുകയും ഉടനെ ആ സ്ത്രീ ഗർഭം ധരിക്കുകയും അവർ യഥാകാലം സസുഖം പ്രസവിച്ച് ഒരു പെൺകുട്ടി ഉണ്ടാവുകയും ചെയ്തു.

ആറാം മാസത്തിൽ കുട്ടിക്കു ചോറു കൊടുക്കുന്നതിനായി ആ സ്ത്രീയും അവളുടെ ഭർത്താവുംകൂടി കുട്ടിയെയുംകൊണ്ടു ശാസ്താങ്കോട്ടയിലെത്തി. ക്ഷേത്രത്തിൽ വേണ്ടുന്ന വഴിപാടുകൾക്കെല്ലാം ഏർപ്പാടു ചെയ്തതിന്റെ ശേ‌ഷം അവർ പോയി കുളിച്ചുവന്നു സ്വാമിദർശനം കഴിച്ചു കിഴക്കെ നടയിൽ ഹാജരായി. ശാന്തിക്കാരൻ തീർത്ഥവും പ്രസാദവും ചോറും പായസവുമെല്ലാം അവിടെകൊണ്ടുചെന്നു കൊടുത്ത് കുട്ടിക്കു ചോറു കൊടുക്കാനായി നടയിൽ ഇലവച്ചു ചോറും പായസവും വിളമ്പി. അപ്പോഴേക്കും കുട്ടി ആരോ അടിച്ചിട്ടെന്നപോലെ ഞെളിഞ്ഞു പിരിഞ്ഞ് ഉറക്കെക്കരഞ്ഞുതുടങ്ങി. ഒരു വിധത്തിലുംചോറു കൊടുക്കാൻ നിവൃത്തിയില്ലാതെയായിത്തീർന്നു. എടുത്താലും പിടിച്ചാലും കുട്ടി കയ്യിലിരിക്കാതെ കുതിച്ചുചാടിത്തുടങ്ങി. കുട്ടി കയ്യിൽനിന്നു താഴെപ്പോകുമെന്നായപ്പോൾ ആ സ്ത്രീ ഒരു മുണ്ടു വിരിച്ചു കുട്ടിയെ അവിടെക്കിടത്തി. ആ സമയം വാനരകുലാധിപതിയായ സുഗ്രീവൻ ചാടിച്ചെന്നു കുട്ടിയെ എടുത്തും കൊണ്ടോടിപ്പോയി ഒരു വലിയ വൃക്ഷത്തിന്റെ മുകളിൽ കയരി ഇരിപ്പായി. സുഗ്രീവൻ എടുത്തപ്പോൾമുതൽ കുട്ടി കരച്ചിൽ നിർത്തി, ചിരിക്കുകയും കൈയും കാലും കുടഞ്ഞു കളിക്കുകയും ചെയ്തു തുടങ്ങി. ഇതുകേട്ടു കേട്ട് ആ ദിക്കിലുള്ളവരൊക്കെ അവിടെക്കൂടി. എല്ലാവരും വിസ്മയഭരിത രായിത്തീർന്നു. കുട്ടിയുടെ മാതാപിതാക്കന്മാർ വ്യസനപരവശരുമായിത്തീർന്നു. കുരങ്ങന്മാരെല്ലാം നടയിൽ കൂടി. ഏട്ടകളെല്ലാം വെള്ളത്തിൽ നിന്നു കരയ്ക്കു കയറി നടയിലെത്തി. ഈ അത്ഭുതപൂർവ്വമായ സംഭവത്തിന് എന്തോ കാരണമുണ്ടെന്നു ജനങ്ങൾ അഭിപ്രായപ്പെട്ടു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വിധി കല്പിക്കാനുള്ള അധികാരം ഉണ്ണിത്താനാണ്. അതിനാൽ ഉണ്ണിത്താൻ കുട്ടിയുടെ പിതാവിനെ വിളിച്ച് "നിങ്ങൾ ഈ കുരങ്ങന്മാർക്കും ഏട്ടകൾക്കും എന്തെങ്കിലും കൊടുക്കാമെന്നു പ്രാർത്ഥിച്ചിട്ടുണ്ടോ?" എന്നു ചോദിച്ചു. "എന്തോ എനിക്കു നിശ്ചയമില്ല" എന്ന് അയാൾ പറഞ്ഞു. പിന്നെ കുട്ടിയുടെ മാതാവിനോടു ചോദിച്ചപ്പോൾ ആ സ്ത്രീ "ഈ കുട്ടിയെ നടയിൽ കൊണ്ടുവന്നു ചോറുകൊടുക്കുന്ന ദിവസം മൂന്നു പറ അരിയുടെ ചോറുകൊണ്ടു നാനാവിഭവങ്ങളോടുകൂടി കുരങ്ങന്മാർക്കു ഒരു സദ്യ കഴിക്കുകയും മുന്നാഴി അരി ഏട്ടകൾക്കു കൊടുക്കുകയും ചെയ്യാമെന്നു ഞാൻ പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നു. അതു ഞാൻ മറന്നുപോയിരുന്നു. ഇപ്പോളാണ് ഓർത്തത്" എന്നു പരഞ്ഞു. "എന്നാൽ കുരങ്ങന്മാർക്കു സദ്യയും ഏട്ടകൾക്കും അരിയും കൊടുക്കൽ നാളെ നടത്തിക്കൊള്ളമെന്നു പറഞ്ഞ് അതിലേക്കായി നൂറ്റൊന്നു പണം നിങ്ങൾ ഇപ്പോൾ നടയിൽ വയ്ക്കണം. എന്നാൽ എല്ലാം ശരിയാകും. നാളെ വഴിപാടുകൾ നടത്തീട്ടേ നിങ്ങൾ പോകാവു. പണം ഇപ്പോൾ നിങ്ങളുടെ കൈവശമില്ലെങ്കിൽ ഞാൻ തരാം. താമസിയാതെ എത്തിച്ചു തന്നാൽ മതി" എന്ന് ഉണ്ണിത്താൻ പറഞ്ഞു. ആ സ്ത്രീ അപ്രകാരം സമ്മതിച്ചു നൂറ്റൊന്നുപണം ഉണ്ണിത്താനോടു കടമായി വാങ്ങി നടയിൽ വച്ചു. തൽക്ഷണം സുഗ്രീവൻ കുട്ടിയെക്കൊണ്ടു വന്നു നടയിൽ കിടത്തിക്കൊടുത്തു. ഉടനെ ആ സ്ത്രീ കുട്ടിയെ എടുത്തു ചോറു കൊടുത്തു. ചോറൂണു കഴിഞ്ഞ് ഉടനെ കുരങ്ങന്മാർ ഓരോ വൃക്ഷങ്ങളിലേക്കും ഏട്ടകൾ വെള്ളത്തിലേക്കും ജനങ്ങൾ അവരവരുടെ ഗൃഹങ്ങളിലേക്കും പിരിഞ്ഞുപോയി. കൊട്ടാരക്കരക്കാരായ ദമ്പതിമാർ പിറ്റേ ദിവസം കുരങ്ങന്മാർക്കു കേമമായി സദ്യ നടത്തുകയും ഏട്ടകൾക്കു അരി കൊടുക്കുകയും കഴിച്ച് സ്വാമിയെ തൊഴുതു കുട്ടിയെയും കൊണ്ടു തിരിച്ചുപോവുകയും അടുത്ത് ദിവസംതന്നെ ഉണ്ണിത്താന്റെ പണം എത്തിച്ചുകൊടുക്കുകയും ചെയ്തു.

കൊല്ലം 721-ആമാണ്ടു വൃശ്ചികമാസം 5-ആം തീയതി ജയസിംഹനാട്ടു (ദേശിങ്ങനാട്ട്=കൊല്ലത്ത്) നാടുവാണിരുന്ന ഉണ്ണികേരളവർമ്മ പണ്ടാരത്തിൽ എന്ന രാജാവു ശാസ്താങ്കോട്ടയിൽ വന്നു സ്വാമിദർശനം കഴിക്കുകയും "അറുപറ" എന്നു പേരായ പ്രധാന വഴിപാടു നടത്തുകയും പ്രതിദിനം ഉ‌ഷഃപൂജയ്ക്ക് ഒന്നേകാലിടങ്ങഴി അരി പതിവു വെക്കുകയും ചെയ്തതായി അവിടെ ഒരു ശിലാലിഖിതം ഇപ്പോഴും കാണുന്നുണ്ട്.

കൊല്ലം 933-ആമാണ്ടു നാടുനീങ്ങിയ (തിരുവിതാംകൂർ) മാർത്താണ്ഡ വർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ടു രാജദ്രാഹികളായ എട്ടുവീട്ടിൽ പിള്ളമാരെ ഭയപ്പെട്ടു വേ‌ഷപ്രച്ഛന്നനായി സഞ്ചരിച്ചിരുന്ന കാലത്ത് ഒരു ദിവസം മധ്യാഹ്നസമയത്ത് കുന്നത്തൂർ താലൂക്കിൽ കണ്ണങ്കോട് എന്നു ദേശത്തു ചെന്നെത്തി. അവിടെ വലിയ മാളികയും മറ്റുമുള്ള ഒരു വീട് കണ്ടു കയറിച്ചെന്ന് "ഞാൻ ഇന്നലെത്തന്നെ ആഹാരമൊന്നു കഴിച്ചിട്ടില്ല. വിശപ്പും ദാഹവും വളരെ കലശലായിരിക്കുന്നു. അതിനാൽ ആഹാരത്തിനു വല്ലതും ഏർപ്പാടു ചെയ്തു തരണം" എന്നരുളിച്ചെയ്തു. അതുകേട്ട് അവിടെയുണ്ടായിരുന്ന ഗൃഹനായകൻ തന്റെ ഭൃതനെ വിളിച്ച് "എടാ, അയാൾക്കു ഒരു ഉപ്പുമാങ്ങ എടുത്തുകൊടുക്ക്" എന്നു പറഞ്ഞു. അതുകേട്ടു തിരുമനസ്സുകൊണ്ട് അവിടെ നിന്നിറങ്ങി അതിനടുത്ത് ഒരു വീട്ടിൽക്കയറിച്ചെന്നു. അവിടെ പുരു‌ഷന്മാരാരും ഉണ്ടായിരുന്നില്ല. ഒരു വൃദ്ധയായ സ്ത്രീ മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു. തിരുമനസ്സുകൊണ്ട് ആ വൃദ്ധയെ അടുക്കൽ വിളിച്ചു മേൽപറഞ്ഞപ്രകാരം താൻ തലേദിവസംതന്നേ ആഹാരം കഴിച്ചിട്ടില്ലെന്നും വിശപ്പും ദാഹവും സഹിക്കവയ്യാതെയായിരിക്കുന്നുവെന്നും അതിനാൽ ആഹാരത്തിനു വല്ലതും ഏർപ്പാടുചെയ്തു കൊടുക്കണമെന്നും അരുളിച്ചെയ്തു. അതുകേട്ട് ആ വൃദ്ധ (ഇതൊരു നമ്പൂരിയോ മറ്റോ ആണെന്നു വിചാരിച്ച്) "ആഹാരത്തിന് അടിയങ്ങൾ വല്ലതും തന്നൽ അവിടേക്ക് കൊള്ളുകയില്ലല്ലോ. അതിനാൽ അടുത്തുള്ള ബ്രാഹ്മണഗൃഹത്തിൽ ചട്ടംകെട്ടിത്തരാം. നീരാട്ടുകുളി കഴിഞ്ഞു ചെല്ലുമ്പോഴേക്കും ആഹാരത്തിനു തയ്യാറായിരിക്കും" എന്നു പറഞ്ഞു കുളവും ബ്രാഹ്മണഗൃഹവും കാണിച്ചു കൊടുക്കുന്നതിന് ഒരാളെ കൂടെയയച്ചു. ബ്രാഹ്മണഗൃഹത്തിൽ ഭക്ഷണം കൊടുക്കുന്നതിനും ചട്ടംകെട്ടി. തിരുമനസ്സുകൊണ്ടു നീരാട്ടുകുളിയും നിത്യകർമ്മാദികളും കഴിചു ചെന്നപ്പോൾ ഊണിനെല്ലാം തയ്യാറായിരുന്നു. ഉടനെ അമൃതേത്തു കഴിച്ച് അവിടെനിന്നറിങ്ങി മേൽപറഞ്ഞ രണ്ടു വീട്ടുകാരുടെയും സ്ഥിതിയെപ്പറ്റിയും വീട്ടുപേരുകളും അന്വേ‌ഷിച്ചറിഞ്ഞു. തിരുമനസ്സു കൊണ്ട് ആദ്യം ചെന്നുകയറിയ വീട് "ചിറ്റുണ്ടിയിൽത്തരകൻ" എന്ന ധനവാന്റേതായിരുന്നു. ആ വീട്ടുകാർ വലിയ ധനവാന്മാരായിരുന്നുവെങ്കിലും ആർക്കും പച്ചവെള്ളം പോലും കൊടുക്കാത്ത ദുഷ്ടന്മാരായിരുന്നു. രണ്ടാമതു കയറിയ വീടിന്റെ പേരു "നെല്ലിമൂട്ടിൽ" എന്നായിരുന്നു. ആ വീട്ടുകാർ ഉപായകാലക്ഷേപക്കാരായിരുന്നുവെങ്കിലും ദയയും മര്യാദയുമുള്ള ധർമ്മി‌ഷ്ഠന്മാരായിരുന്നു. ആ രണ്ടു വീട്ടുകാരും സുറിയാനി ക്രിസ്ത്യാനികളാണ്. തിരുമനസ്സുകൊണ്ട് ആ വിവരങ്ങളെല്ലാം അന്വേ‌ഷിച്ചറിഞ്ഞിട്ട് അവിടം വിട്ടു പോവുകയും ചെയ്തു. മാർത്താണ്ഡവർമ്മമഹാരാജാവു തിരുമനസ്സിലേക്കു തിരുമൂപ്പു സിദ്ധിക്കുകയും അവിടുന്നു രാജദ്രോഹികളെയെല്ലാം സംഹരിക്കുകയും കായംകുളം മുതലായ രാജ്യങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതിന്റെ ശേ‌ഷം സാധുക്കളായ നെല്ലിമൂട്ടിൽ കുടുംബക്കാർക്കു കരമൊഴിവായി വളരെ വസ്തുക്കൾ കല്പിച്ചു പതിച്ചുകൊടുത്തതു കൂടാതെ "മുതലാളി" എന്നൊരു സ്ഥാനവും കല്പിച്ചുകൊടുത്തു. ചിറ്റുണ്ടിയിൽത്തരകന്റെ സ്ഥാവരങ്ങളും ജംഗമങ്ങളുമായ സകലവസ്തുക്കളും കണ്ടുകെട്ടി ശാസ്താങ്കോട്ടദേവസ്വത്തിൽ ചേർക്കുകയും ചെയ്തു. ആ വസ്തുക്കളിൽ നിന്നുള്ള ആദായംകൊണ്ട് ശാസ്താങ്കോട്ടയിൽ ശനിയാഴ്ചതോറും നാല്പത്തൊന്നു പറ അരികൊണ്ട് ധർമ്മകഞ്ഞിയും അഞ്ചുപറ അരി കൊണ്ട് ക്ഷേത്രത്തിൽ ബ്രാഹ്മമണഭോജനവും നടത്തുന്നതിനും ശേ‌ഷമുള്ളതു നിത്യനിദാനത്തിൽ കൂട്ടുന്നതിനുമാണ് കല്പിച്ചു വ്യവസ്ഥ ചെയ്തത്. ആ തിരുമനസ്സിലെ കാലാനന്തരമുണ്ടായ പരിക്ഷ്കാരത്തിൽ ഈ പതിവ് കുറച്ച് ധർമ്മകഞ്ഞിക്കു മൂന്നു പറ അഞ്ചിടങ്ങഴി അരിയും ബ്രാഹ്മണഭോജനം വകയ്ക്ക് ഒരു പറ എട്ടിടങ്ങഴി അരിയുമാക്കുകയും ശേ‌ഷമുള്ളതു കൊണ്ട് കൊല്ലത്ത് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നമസ്കാര(ബ്രാഹ്മണഭോജന)വും ആശ്രാമത്ത് ഊട്ടും നടത്തുന്നതിന് ഏർപ്പാടുചെയ്യുകയും ചെയ്തു. ശാസ്താങ്കോട്ട ക്ഷേത്രത്തിലുള്ള ചില ഓട്ടുപാത്രങ്ങളിലും മറ്റു "ചിറ്റുണ്ടിയിൽത്തരകൻവക" എന്നു പേരു വെട്ടിയിരിക്കുന്നത് ഇപ്പോഴും കാൺമാനുണ്ട്.

ബ്രിട്ടി‌ഷ് റസിഡണ്ടും തിരുവിതാംകൂർ ദിവാനുമായിരുന്ന മണ്ട്റോ സായ്പവർകൾ ദേവസ്വങ്ങൾ പരി‌ഷ്ക്കരിചു പതിവുകളേർപ്പെടുത്തിയ കാലത്ത് ശാസ്താങ്കോട്ടയിൽ കുരങ്ങന്മാർക്കും മുതലയ്ക്കും ചോറും മത്സ്യങ്ങൾക്കു അരിയും കൊടുക്കുന്നത് അനാവശ്യമാണെന്നു പറഞ്ഞ് ആവക ചെലവുകൾ നിർത്തലെഴുതിച്ചു. കുരങ്ങന്മാർക്കു ചോറു കിട്ടാതായപ്പോൾ അവർ ക്ഷേത്രത്തിൽക്കടന്നു നിവേദ്യം കഴിയുമ്പോൾ അനുഭവക്കരുടെയും വഴിപാടുകാരുടെയും മറ്റും ചോറെല്ലാം എടുത്തു തിന്നുകയും ശാന്തിക്കാരനെയും ദേവസ്വക്കാരനെയും അടിക്കുകയും കടിക്കുകയും മാന്തുകയും കീറുകയും മറ്റും ചെയ്തു ഉപദ്രവിക്കുകയും ചെയ്തു തുടങ്ങി. അനുഭവക്കാർക്കു ചോറു കിട്ടാതാവുകയും ദേവസ്വ ക്കാർക്കു അവിടെച്ചെന്നു ജോലി ചെയ്വാൻ നിവൃത്തിയില്ലാതാവുകയും ചെയ്യുകയാൽ അവർ എലാവരും കൂടിപ്പോയി മണ്ട്റോ സായ്പവർകളെക്കണ്ടു വിവരം ബോധിപ്പിക്കുകയും സായ്പവർകൾ ഇതിന്റെ പരമാർത്ഥമ റിയുന്നതിനായി ശാസ്താങ്കോട്ടയിൽ വരികയും ചെയ്തു. സായ്പവർകൾ വന്നു മതിൽക്കു വെളിയിൽ ഒരു സ്ഥലത്തു കസേരയിട്ട് ഇരുന്നു. അപ്പോൾ കുരങ്ങന്മാർ എല്ലാം അവിടെ ഹാജരായി കുനിഞ്ഞു സലാം ചെയ്തിട്ടു നിരന്നുനിന്നു. അപ്പോൾ സായ്പവർകൾ "നിങ്ങൾ ഈ അക്രമങ്ങൾ കാണിക്കുന്നതെന്താണ്?" എന്നു ചോദിച്ചു. അവർ അവരുടെ വയർ തൊട്ടു കാണിച്ചും മറ്റും വിശപ്പു സഹിക്കാൻ വയ്യാഞ്ഞിട്ടാണെന്നു സായ്പവർകളെ ഗ്രഹിപ്പിച്ചു. ഉടനെ സായ്പവർകൾ "നിങ്ങൾക്ക് ഇവിടെ ചോറു പതിവുവച്ചത് ആരാണ്, എന്നാണ്, അതിലേക്കു വല്ല ലക്ഷ്യവുമുണ്ടോ?" എന്നു ചോദിച്ചു. തത്ക്ഷണം സുഗ്രീവൻ തന്റെ വായിൽ കൈയിട്ട് ഒരു ചെമ്പുതകിടെടുത്തു തുടച്ചു നന്നാക്കി സായ്പവർകളുടെ മുമ്പിൽവച്ചു. അത് കായംകുളത്തു രാജാവു കൊടുത്ത ചെമ്പു തകിടായിരുന്നു. സായ്പവർകൾ അതെടുത്തു വായിച്ചുനോക്കി വളരെ സന്തോ‌ഷിക്കുകയും സമ്മതിക്കുകയും കുരങ്ങന്മാരുടെ ചോറും മറ്റും യഥാപൂർവ്വം കൊടുത്തു കൊള്ളുന്നതിന് അനുവദിക്കുകയും ചെമ്പു തകിട് സുഗ്രീവന്റെ കൈയിൽതന്നെ കൊടുക്കുകയും ചെയ്തിട്ട് മടങ്ങിപ്പോവുകയും ചെയ്തു.

മുതലയ്ക്കു ചോറു കൊണ്ടുചെന്നു കൊടുക്കുന്നതിനുള്ള ചുമതല മാരാർക്കാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഒരു ദിവസം പതിവുമാരാൻ മാരാൻ എവിടെയോ പോയിരുന്നതിനാൽ അവരുടെ കുടുംബത്തിലുണ്ടായി രുന്ന ഒരു ചെറുക്കനാണ് മുതലയ്ക്ക് ചോറു കൊണ്ടുചെന്നു കൊടുത്തത്. മുതല വന്നു ചോറു തിന്നുകൊണ്ടിരുന്ന സമയം ആ ചെറുക്കൻ ഒരു വലിയ കല്ലെടുത്തു മുതലയുടെ തലയ്ക്ക് ഒരിടി കൊടുത്തു. ഇടികൊണ്ട് മുതല ഉറക്കെ നിലവിളിച്ചു. ആ ശബ്ദം കേട്ടു ചിലർ കടവിൽ ഓടിച്ചെന്നു നോക്കിയപ്പോൾ മുതല ചത്തു വെള്ളത്തിലും മാരാച്ചെറുക്കൻ മരിച്ചു കരയ്ക്കു കിടക്കുന്നതായിക്കണ്ടു. അക്കാലംമുതൽ മുതലയ്ക്കുള്ള ചോറു നിർത്തലാവുകയും ചെയ്തു.

ശാസ്താങ്കോട്ടയിൽ താമസിച്ചിരുന്ന പന്തളരാജാവിന്റെ കാലാ നന്തരം അവിടെ ദേവസ്വകാര്യങ്ങൾ അന്വേ‌ഷിച്ചിരുന്നത് ഉണ്ണിത്താന്റെ കുടുംബത്തിൽ അന്നന്നു മൂപ്പായിട്ടുള്ളവരായിരുന്നു. ആ കുടുംബത്തിലുള്ളവർ അക്കാലത്തു സ്വാമിയെക്കുറിച്ചു വളരെ ഭയവും ഭക്തിയും വിശ്വാസവുമുള്ളവരായിരുന്നു. അവർ രാവിലെ കുളിച്ചു സ്വാമിദർശനം കഴിക്കാതെ വെള്ളം കുടിക്കുകപോലും ചെയ്യാറില്ലായിരുന്നു. കാലക്രമേണ അതൊക്കെ കുറേശ്ശേ ഭേദപ്പെട്ടു തുടങ്ങി.

പന്തളത്തുരാജാവിന്റെ കാലം കഴിഞ്ഞതിന്റെശേ‌ഷം ഏട്ടകൾക്കു അരിവാരിയിട്ടു കൊടുത്തിരുന്നത് ഉണ്ണിത്താനായിരുന്നു. ഒരിക്കൽ ഒരുണ്ണിത്താൻ ശരീരം ശുദ്ധം മാറിക്കൊണ്ടു ചെന്ന് ഏട്ടകൾക്കു അരി വാരിയിട്ടു കൊടുത്തു. ഏട്ടകൾ ആ അരി തിന്നില്ല. അന്നു മുതൽ ആ ഉണ്ണിത്താൻ അരി വാരിയിട്ടുകൊടുത്താൽ ഏട്ടകൾ ഒരിക്കലും തിന്നാതെയായി. അതിനാൽ ആവക അരിയും നിർത്തലെഴുതി. ശാസ്താങ്കോട്ടയിലെ കുരങ്ങന്മാർ അബ്രാഹ്മണരുടെ ചോറോ മത്സ്യമാംസാദികളോ ഭക്ഷിക്കാറില്ല. അതിനാലാണ് അവർക്കു പതിവുള്ള ചോറ് ശാന്തിക്കാരൻ കൊണ്ടു ചെന്നു കൊടുക്കണമെന്ന് ഏർപ്പാടുവച്ചത്.

ഒരിക്കൽ ഇവരിൽ ചില കുരങ്ങന്മാർ ക്ഷേത്രത്തിൽ പടിഞ്ഞാറു ഭാഗത്തായി താമസിച്ചിരുന്ന മരയ്ക്കാന്മാരുടെ കുടികളിൽക്കയറി അവർ പാകംചെയ്തുവച്ചിരുന്ന മത്സ്യവും മാംസവും ചോറും മറ്റുമെടുത്തു ഭക്ഷിച്ചു. അതു ശേ‌ഷമുള്ള കുരങ്ങന്മാർക്കു ഒട്ടും രസവും സമ്മതവുമായില്ല. പിറ്റേ ദിവസം പതിവുപോലെ ഉച്ചപ്പൂജ കഴിഞ്ഞപ്പോൾ എല്ലാ കുരങ്ങന്മാരും കിഴക്കെനടയിൽകൂടി. പതിവുള്ള ചോറു ശാന്തിക്കാരൻ പാത്രത്തോടുകൂടിപ്പിടിച്ചു ഗോപുരത്തിനു വെളിയിൽ പതിവു സ്ഥലത്തു കൊണ്ടുചെന്നിട്ടു. മുക്കുവരുടെ ചോറും മാംസവും ഭക്ഷിച്ച കുരങ്ങന്മാർ തൊട്ട ചോറു ശേ‌ഷമുള്ള കുരങ്ങന്മാർ തിന്നുകയില്ലല്ലോ. അതിനാൽ മാംസം തിന്നവർ ചോറു തൊടാൻ മറ്റുള്ളവർ സമ്മതിച്ചില്ല. തങ്ങളെ കൂട്ടാതെ മറ്റവർ തനിച്ചു ചോറെടുത്തു ഭക്ഷിക്കാൻ മാംസം തിന്നവരും സമ്മതിച്ചില്ല. അതിനാൽ ആ രണ്ടു കൂട്ടുക്കാരും തമ്മിൽ അവിടെവച്ചു ദേവാസുരയുദ്ധംപോലെ വലിയ യുദ്ധമുണ്ടായി. ഒടുക്കം രണ്ടുകൂട്ടർക്കും ഊണു കഴിക്കാൻ സാധിച്ചില്ല. ചോറ് അവിടെക്കിടന്നു വെറുതെ പോയി. അങ്ങനെ രണ്ടു കൂട്ടരും തമ്മിൽ ഏകദേശം ഒരു മാസത്തോളം കാലം യുദ്ധമുണ്ടായി. അത്രയും കാലം അവർക്കുണ്ടായിരുന്ന ചോറു വെറുതെ പോയതിനാൽ അക്കാലംമുതൽ ആ ചോറും നിറുത്തലായിപ്പോയി. എങ്കിലും കുരങ്ങന്മാർക്കു പതിവുണ്ടായിരുന്ന ചോറും മത്സ്യങ്ങൾക്കു പതിവുണ്ടായിരുന്ന അരിയും ആണ്ടിലൊരിക്കൽ (പത്താമുദയദിവസം) ഇപ്പോഴും കൊടുത്തുവരുന്നുണ്ട്. മറ്റുള്ള ദിവസങ്ങളിൽ സ്വാമിദർശനത്തിനായി അവിടെ ചെല്ലുന്നവർ വല്ലതും കൊടുത്തെങ്കിൽ മാത്രമേ കുരങ്ങന്മാർക്കും ഏട്ടകൾക്കും ഇപ്പോൾ ആഹാരത്തിനു മാർഗ്ഗമുള്ളൂ. എങ്കിലും വഴിപാടുകാർ ഇപ്പോഴും അവിടെ ധാരാളമായി വന്നുകൊണ്ടിരിക്കുന്നതിനാൽ അവർക്കു ഒരു ദിവസവും ആഹാരത്തിനു മുട്ടുവരുന്നില്ല. യുദ്ധത്തിൽ ഒടുക്കം മാസഭുക്കുകളായ കുരങ്ങന്മാർ തോറ്റുപോവുകയാൽ അവർ അക്കാലം മുതൽ അവിടം വിട്ട് സ്ഥിരവാസം ക്ഷേത്രത്തിനു പടിഞ്ഞാര് ഇപ്പോൾ ചന്തയായിരിക്കുന്ന സ്ഥലത്തോടടുത്തുള്ള പ്രദേശങ്ങളിലാക്കി. അതിനാൽ വഴിപാടായി ലഭിക്കുന്ന ചോറും പഴവും മറ്റും മാസഭോജികളല്ലാത്ത വാനരന്മാർക്കു ഇപ്പോൾ നിർബാധമായി ഭക്ഷിക്കാം. ആരും ഒന്നും കൊടുക്കാത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ ക്ഷേത്രസംബന്ധികളുടെയും മറ്റും ചോറ് ബലാൽ തട്ടിയെടുത്താണ് അവരിപ്പോൾ ഉപജീവനം കഴിച്ചു വരുന്നത്. അവർ ആ ക്ഷേത്ര സന്നിധി വിട്ട് എങ്ങും പോകാറില്ല. മാംസഭോജികളായ കുരങ്ങന്മാർ ഇപ്പോൾ ഉപജീവിച്ചു വരുന്നതും മിക്കവാറും ചന്തകൊണ്ടാണ്. അവരും കച്ചവടക്കാരും തമ്മിൽ അവിടെ പലപ്പോഴും അടിയും പിടിയും ശണ്ഠയുമുണ്ടാവാറുണ്ട്. വലിയ രാജാക്കൻമാരോ പ്രഭുക്കൻമാരോ സ്വാമിദർശനത്തിനായി ശാസ്താങ്കോട്ടയിൽച്ചെന്നാൽ അന്നു മാംസഭുക്കുകളായ കുരങ്ങൻമാരും ക്ഷേത്രസന്നിധിയിൽ വന്നുചേരും. എങ്കിലും അവർ ക്ഷേത്രത്തിൽ കടക്കാറില്ല. ഭ്രഷ്ടൻമാർക്കു ക്ഷേത്രം പാടില്ലല്ലോ. ഇപ്പോൾ രാജാക്കന്മാരുടെയും മറ്റും വഴിപാടായി രണ്ടുകൂട്ടം കുരങ്ങൻമാർക്കും ചോറോ പഴമോ കൊടുക്കുന്നുണ്ടെങ്കിൽ വെവ്വേറെ രണ്ടു പാത്രങ്ങളിലാക്കി കൊടുക്കണം. എന്നു മാത്രമല്ല മാംസഭുക്കുകളല്ലാത്ത കുരങ്ങ ന്മാർക്കു ആദ്യം കൊടുക്കുകയും വേണം. അതു മറ്റവർക്കു കൊടുക്കുന്നതിലധികമുണ്ടായിരിക്കുകയും വേണം. അല്ലെങ്കിൽ യുദ്ധമുണ്ടാകുന്നകാര്യം തീർച്ചയാണ്.

ശാസ്താങ്കോട്ടയിൽ സ്വാമിയുടെ ചൈതന്യവും കുരങ്ങന്മാരുടെ ദിവ്യത്വവും ഇപ്പോഴും കുറഞ്ഞിട്ടില്ല. ഇക്കാലത്തും അവിടെ ദർശനത്തിനായിട്ടും ഭജനത്തിനായിട്ടും പ്രതിദിനം അസംഖ്യമാളുകൾ വരുന്നുണ്ട്. അവിടെ ഭജനമിരുന്നാൽ ഒഴിയാത്ത ബാധയും ഭേദമാകാത്ത രോഗവും വഴിപാടു പ്രാർത്ഥിച്ചാൽ സാധിക്കാത്ത കാര്യവുമില്ല. മനു‌ഷ്യർ നിവസിക്കുന്ന ഗൃഹങ്ങളിലും മറ്റും ചിലപ്പോൾ ഉറുമ്പിന്റെ ഉപദ്രവം കലശലായി ത്തീരുന്നതു സാധാരണമാണല്ലോ. ആ അവസരങ്ങളിൽ നാഴി അരിയിൽ ഒരു നാളികേരം ചിരകിയിട്ടിളക്കി ഏട്ടകൾക്കു കൊടുത്താൽ ഉറുമ്പിന്റെ ഉപദ്രവം നിശ്ശേ‌ഷം നീങ്ങിപ്പോകും. ഈ സംഗതിയിൽ കൊല്ലം, തിരുവനന്തപുരം മുതലായ സ്ഥലങ്ങളിൽ അനുഭവസ്ഥരായി ഇപ്പോഴും പലരുമുണ്ട്. ഉറുമ്പിന്റെ ഉപദ്രവം ശമിക്കാനായി ഇപ്പോഴും പലരും ഇപ്രകാരം ചെയ്തുവരുന്നുമുണ്ട്. ഇവയ്ക്കെല്ലാം ദൃഷ്ടാന്തങ്ങളായിട്ട് അനേകം ഐതിഹ്യങ്ങളുണ്ട്. കുരങ്ങന്മാരുടെ മാഹാത്മ്യം സംബന്ധിച്ചു അസംഖ്യം കഥകൾ ഇനിയും പറയാനുണ്ട്. വിസ്തരഭയത്താൽ

അവയൊന്നും ഇവിടെ വിവരിക്കുന്നില്ല. അടുത്ത കാലത്ത്, അതായത് ഒരു മുപ്പതു കൊല്ലം മുമ്പുണ്ടായതായ ഒരു സംഗതികൂടി പറഞ്ഞിട്ട് ഈ ഉപന്യാസത്തെ അവസാനിക്കാമെന്നു വിചാരിക്കുന്നു.

കൊല്ലം 1065-ആമാണ്ടിടയ്ക്ക് ദൂരസ്ഥലന്മാരായ അഞ്ചുപേരൊരുമിച്ച് ശാസ്താങ്കോട്ടയിൽ സ്വാമി ദർശനത്തിനായി വന്നിരുന്നു. അവരിൽ നാലു പേർ സ്വാമിക്കു വഴിപാടിനും കുരങ്ങന്മാർക്കും ചോറും കൊടുക്കുന്നതിനും ഏട്ടകൾക്ക് അരി കൊടുക്കുന്നതിനും മറ്റും ഉണ്ണിത്തന്റെ പക്കൽ പണം കൊടുത്തേൽപ്പിച്ചു. ഒരാൾ മാത്രം വഴിപാടിനും മറ്റും ഒന്നും കൊടുത്തില്ല. അതിനാൽ അയാളോടു മറ്റവർ "എന്താ താൻ വഴിപാടിനൊന്നും കൊടുക്കുന്നില്ലേ?' എന്നു ചോദിച്ചു. "ഇല്ല. ഞാൻ കുളിച്ചു തൊഴണമെന്നു മാത്രമേ വിചാരിക്കുന്നുള്ളു. ഈശ്വരന്മാർക്കു ഞാൻ കൈക്കൂലി കൊടുക്കാറില്ല. എന്നുതന്നെയുമല്ല, കുരങ്ങന്മാർക്കു ചോറും മത്സ്യങ്ങൾക്കു അരിയും കൊടുക്കുന്നതു കേവലം മൂടന്മത്വമാണെന്നാണ് എന്റെ വിശ്വാസം" എന്നു പറഞ്ഞു. "എന്നാൽ വേണ്ടാ. എന്തോ ഇതൊരാപത്താണ്" എന്നു മറ്റവരും പറഞ്ഞു. അഞ്ചുപേരുംകൂടി കുളിക്കാൻ പോയി. അഞ്ചുപേരും മടിശ്ശീല കടവിൽ ഒരു കല്ലിന്മേൽ വചിട്ടു കുളിക്കാനിറങ്ങി. അപ്പോൾ ഒരു വാനരവീരൻ പെട്ടെന്ന് ചാടിച്ചെന്ന് വഴിപാടിനു കൊടുക്കാത്ത ആ മനു‌ഷ്യന്റെ മടിശ്ശീല മാത്രം എടുത്തുകൊണ്ട് ഓടിപ്പോയി ഒരു വൃക്ഷത്തിന്റ മുകളിൽ കയറിയിരുന്നു. മടിശ്ശീല കൊണ്ടുപോയപ്പോൾ അതിന്റെ ഉടമസ്ഥനു വലിയ വ്യസനമായി. അയാൾ പ്രാണനെക്കാൾ പണത്തെ സ്നേഹിക്കുന്നു ഒരാളാണ്. അയാൾ ഒരു കല്ലെടുത്ത് ആ കുരങ്ങനെ എറിഞ്ഞു. കുരങ്ങൻ ആ കല്ലും ചാടിപ്പിടിച്ച് അതുകൊണ്ടു തന്നെ ആ മനു‌ഷ്യനെയുമെറിഞ്ഞു. ആ ഏറുകൊണ്ട് ആ മനു‌ഷ്യന്റെ തലപൊട്ടിച്ചോരയൊലിച്ചു. പിന്നെ ആ കുരങ്ങൻ മടിശ്ശീലയഴിച്ച് അതിലുണ്ടായിരുന്ന പണമെടുത്ത് ഓരോന്നായി കായലിലേക്കിട്ടു. ഗത്യന്തരമിലയ്കയാൽ പണത്തിന്റെ ഉടമസ്ഥൻ അതുകണ്ടു വ്യസനിചു കൊണ്ടു നിന്നു. പണം മുഴുവനും തീർന്നപ്പോൾ കുരങ്ങൻ മടിശ്ശീല ചുരുട്ടിക്കൂട്ടി ഉടമസ്ഥന്റെ മുഖത്തേക്ക് ഒരേറുകൊടുത്തു. അപ്പോൾ ആ മനു‌ഷ്യന്റെ കൂട്ടുകാർ "എന്താ തൃപ്തിയായിലേ? ഈശ്വരന്മാർക്കുകൈക്കൂലി കൊടുക്കാഞ്ഞിട്ടു പണമൊക്കെ ഇപ്പോൾ ലാഭമായല്ലോ. തല പൊട്ടിയതുമാത്രം ലാഭം. എന്തെങ്കിലും ആപത്തുണ്ടുകുമെന്നു ഞങ്ങൾ മുമ്പുതന്ന പറഞ്ഞുവല്ലോ. ഇനി നടയിൽച്ചെന്നു സമസ്താപരാധങ്ങൾ ക്ഷമിക്കുന്നതിനു പ്രാർത്ഥിക്കൂ. അല്ലെങ്കിൽ തനിക്ക് ഇവിടെ നിന്നുപോയി പ്പിഴയ്ക്കാനൊക്കുമെന്നു തോന്നുന്നില്ല" എന്നു പറഞ്ഞു. അവർ അഞ്ചുപേരും കുളിച്ചു നടയിൽച്ചെലുകയും വഴിപാടു കഴിക്കാത്തയാൾ ഏറ്റവും പശ്ചാത്താപത്തോടുകൂടി മേൽപ്പറഞ്ഞപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ ഒരാൾ അവിടെച്ചെന്നു സംഗതി കളെല്ലാം ചോദിച്ചറിയുകയും കായലിൽപ്പോയ പണമെല്ലാം സ്വാമിക്കു വഴിപാടായിട്ടും കുരങ്ങന്മാർക്കും ചോറും ഏട്ടകൾക്കു അരിയും കൊടുക്കുന്നതായിട്ടും കൊടുത്തയയ്ക്കാമെന്നു നിശ്ചയിക്കാൻ അവരോടു പറയുകയും പണത്തിന്റെ ഉടമസ്ഥൻ അപ്രകാരം സമ്മതിചു പറഞ്ഞു സ്വാമിയെ പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ കുരങ്ങൻ കായലിൽ ച്ചെന്നു മുങ്ങി ഒരു ചെരട്ട എടുത്തുകൊണ്ടുവന്നു നടയിൽവച്ചു. കായലിലിട്ട പണം അതിലുണ്ടായിരുന്നു. എണ്ണിനോക്കിയപ്പോൾ അതു നൂറ്റൊന്നു പണമായിരുന്നുവെന്ന് ഉടമസ്ഥൻ പറഞ്ഞു. ആ പണം മുഴുവൻ സ്വാമിക്കു വഴിപാടിനും മറ്റുമായി ഉടമസ്ഥൻ ദേവസ്വത്തിൽ ഏല്പിച്ചു. ദേവസ്വക്കാർ അതിൽ പകുതിപ്പണം കൊണ്ടു സ്വാമിക്കു വഴിപാടുകൾ നടത്തുകയും ശേ‌ഷംകൊണ്ടു കുരങ്ങന്മാർക്കു ചോറും ഏട്ടകൾക്കു അറിയും കൊടിപ്പിക്കുകയും ചെയ്തു. എങ്കിലും കുരങ്ങന്മാർ ആ ചോറും ഏട്ടകൾ ആ അരിയും തിന്നില്ല. മനസ്സില്ലാത്തവർ നിവൃത്തിയില്ലാഞ്ഞിട്ടു കൊടുത്ത സാധനങ്ങൾ അവർ സ്വീകരിക്കാറില്ല.

ആ കായലിന്റെ തീരപ്രദേശത്തു സ്ഥിരവാസക്കാരായ അനേകം മുക്കുവരുണ്ട്. അവർ ആ കായലിൽനിന്നു മത്സ്യങ്ങളെ പിടിച്ചു വിറ്റും തിന്നും ഉപജീവിക്കുന്നവരാണ്. എങ്കിലും അവർ ഏട്ടകളെ പിടിക്കുകയോ ഏട്ടകൾ അവരുടെ വലയിൽ അകപ്പെടുകയോ ചെയ്യാറില്ല. ഏട്ടകളെ അവർ സ്വാമിയുടെ "തിരുമക്കൾ" എന്നാണ് പറയുന്നത്. ഇപ്പോൾ (1925-ൽ) തിരുവനന്തപുരത്തു വലിയകൊട്ടാരം മാനേജരായിത്താമസിക്കുന ശങ്കരൻനമ്പി അവർകളുടെ ഉത്സാഹവും പ്രവേശവും നിമിത്തം ശാസ്താങ്കോട്ടയ്ക്കു പൂർവ്വാധികം തെളിച്ചവും പരി‌ഷ്ക്കാരവും സിദ്ധിച്ചിട്ടുള്ള വാസ്തവംകൂടി പ്രസ്താവിച്ചുകൊണ്ട് ഈ ഉപന്യാസത്തെ സമാപിപ്പിച്ചുകൊള്ളുന്നു.