കൃഷ്ണഗാഥ/ഒന്നാം ഭാഗം/കൃഷ്ണോല്പത്തി
1 ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു
2 ചന്ദ്രികാ മെയ്യിൽ പരക്കയാലെ
3 പാലാഴിവെള്ളത്തിൽ മുങ്ങിനിന്നീടുന്ന
4 നീലാഭമായൊരു ശൈലംപോലെ
5 മേവിനിന്നീടുന്ന ദൈവതംതന്നെ, ഞാൻ
6 കൈവണങ്ങീടുന്നേൻ കാത്തുകൊൾവാൻ
7 കീർത്തിയെവാഴ്ത്തുവാനോർത്തുനിന്നീടുമെൻ
8 ആർത്തിയേ തീർത്തു തുണയ്ക്കേണമേ.
9 ദേശികനാഥൻതൻ പാദങ്ങളേശുമ
10 പ്പേശലമായൊരു രേണുലേശം
11 ക്ലേശങ്ങളേശുന്ന പാശങ്ങളേശായ്വാൻ
12 ആശയംതന്നുള്ളിലാക്കുന്നേൻ ഞാൻ
13 വാരണവീരൻതന്നാനനം കൈക്കൊണ്ടു
14 പൂരിച്ച വന്മദവാരി മെയ്യിൽ
15 നിന്നു വിളങ്ങുന്ന ദൈവതംതൻ കനി
16 വെന്നും വിളങ്ങുകയെന്നിൽ മേന്മേൽ;
17 ഭാരതീദേവിതൻ ഭൂരിയായുള്ളോരു
18 കാരുണ്യപൂരവും വേറിടാതെ
19 നന്മധുവോലുന്ന നന്മൊഴി നൽകുവാൻ
20 തണ്മകളഞ്ഞു വിളങ്ങുകെന്നിൽ
21 ഭാരതമായൊരു പീയൂഷരാശിക്കു
22 കാരണമായൊരു വാരിധിയായ്
23 വ്യാസനായുള്ളോരു മാമുനിതൻ കൃപ
24 ദാസനാമെന്നിൽ പുലമ്പേണമേ.
25 മൂഢതകൊണ്ടു ഞാനേതാനുമുണ്ടിന്നു
26 കാടായിച്ചൊല്ലുവാൻ ഭാവിക്കുന്നു;
27 ഭൂരികളായുള്ള സൂരികളെല്ലാരും
28 ചീറാതെ നിന്നു പൊറുക്കേണമേ
29 സംസാരമോക്ഷത്തിൻ കാരണമായതോ
30 വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ
31 എന്നതുതന്നെ വരുത്തിനിന്നീടുവാൻ
32 ഇന്നിതുതന്നെ ഞാൻ നിർമ്മിക്കുന്നു.
33 ബോധമില്ലാതെ ഞാനേതുമേ വല്ലാതെ
34 ഗാഥയായ് ചൊല്ലുന്നു ഭാഷയായി
35 നിർഗ്ഗുണനായുള്ളൊരീശനെക്കൊണ്ടല്ലോ
36 നിർഗ്ഗുണമായതു ചേരുമപ്പോൾ
37 കാടായിച്ചൊല്കിലും കൈടഭവൈരിതൻ
38 നീടാർന്നുനിന്നുള്ള ലീലയല്ലോ
39 എന്നതുകൊണ്ടെനിക്കുള്ളിലില്ലേതുമേ
40 മന്ദതയിന്നിതു നിർമ്മിക്കുമ്പോൾ
41 മാധവനാമമരപ്രഭൂവെന്നതോ
42 മാപാപം പോക്കുന്നോനെന്നു കേൾപ്പൂ
43 എന്നതുകൊണ്ടു ഞാൻ വന്ദ്യരായുള്ളോരെ
44 വന്ദിച്ചുകൊണ്ടിതു നിർമ്മിക്കുന്നു.
45 പാലാഴിമാതുതാൻ പാലിച്ചുപോരുന്ന
46 കോലാധിനാഥനുദയവർമ്മൻ
47 ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാൻ
48 പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോൾ,
49 ദേവകീസൂനുവായ്മേവിനിന്നീടുന്ന
50 കേവലൻതന്നുടെ ലീലചൊൽവാൻ
51 ആവതല്ലെങ്കിലുമാശതാൻ ചെല്കയാൽ
52 ആരംഭിച്ചീടുന്നേനായവണ്ണം.
53 ശ്രീപത്മനാഭൻതൻ ജായയെന്നിങ്ങനെ
54 പേർപെറ്റുനിന്നൊരു മേദിനിതാൻ,
55 ദുഷ്ടരായുള്ളൊരു മന്നവരെല്ലാരും
56 ഒട്ടേറെപ്പോന്നു പിറക്കയാലേ,
57 അന്തമില്ലാതൊരു ഭാരംകൊണ്ടേറുന്ന
58 സന്താപംപൂണ്ടു തളർന്നു മേന്മേൽ
59 ധേനുവായ് ചെന്നു വിരിഞ്ചനോടെല്ലാംതാൻ
60 വേദനയോതിനാൾ കാതരയായ്;
61 "കഷ്ടരായുള്ളൊരു ദുഷ്ടരെ സൃഷ്ടിച്ച
62 തൊട്ടേറിപ്പോകുന്നു തമ്പുരാനേ!
63 ഭാരത്തെക്കൊണ്ടു ഞാൻ പാതാളലോകത്തു
64 പാരാതെ വീഴുന്നതുണ്ടു നേരേ
65 ഇണ്ടലെത്തൂകുന്ന വൻഭാരമിങ്ങനെ
66 ഉണ്ടായീലെന്നുമേ പണ്ടെനിക്കോ.
67 കുമ്പിട്ടുനിന്നൊരു കൂർമ്മവും ചെഞ്ചെമ്മെ
68 തൺപെട്ടുപോകുന്നതുണ്ടു പാർത്താൽ
69 ഊക്കനായ് നിന്നൊരു പന്നഗനാഥനു
70 ശൂൽക്കാരമേറുന്നൂതിന്നിന്നെല്ലാം.
71 ആനകളെല്ലാമേ ദീനങ്ങളായിത്ത
72 ന്നാനനം താഴ്ത്തിത്തളർന്നുകൂടി
73 മാമയനായോനേ! ഭാരത്തെക്കൊണ്ടു ഞാൻ
74 നാമാവശേഷയായ്പോകുംമുമ്പെ
75 പാരാതെകണ്ടെന്നെപ്പാലിച്ചുകൊള്ളണം
76 കാരുണ്യക്കാതലേ! കൈതൊഴുന്നേൻ."
77 വേദനപൂണ്ടൊരു മേദിനിയാലിതു
78 വേദിതനായ വിരിഞ്ചനപ്പോൾ,
79 വാനവർ ചൂഴുറ്റു മേദിനിതാനുമായ്
80 വാർതിങ്കൾമൗലിതന്നാലയത്തിൽ
81 പാരാതെ ചെന്നവർ ചൊല്ലിനാരെല്ലാരും
82 പാലാഴിതന്നിലും ചെന്നു പിന്നെ
83 വാരുറ്റുനിന്നൊരു വാക്കുകൊണ്ടന്നേരം
84 വാരിജനേത്രനേ വാഴ്ത്തിച്ചൊന്നാർ;
85 "ഈരേഴുപാരിനും കാരണമായൊരു
86 കാരുണ്യപൂരമാം വാരിരാശേ!
87 പാരിടം പൂരിച്ച ഭാരത്തെത്തീർത്തിന്നു
88 പാലിച്ചുകൊളേളണം പാരാതെ നീ
89 നിൻകനിവില്ലായ്കിലെങ്ങളിന്നെങ്ങനെ
90 സങ്കടംപോക്കുന്നു തമ്പുരാനേ!
91 വങ്കനിവാണ്ടെങ്ങൾ സങ്കടം തീർക്കണം
92 പങ്കജലോചന! ശങ്കിയാതേ."
93 വാസവൻമുമ്പായ വാനവരിങ്ങനെ
94 വാഴ്ത്തിനനേരത്തു വാരിജാക്ഷൻ
95 പ്രത്യക്ഷനായിട്ടു ചൊല്ലിനിന്നീടിനാൻ
96 ഭക്തിയെക്കാണുമ്പോഴെന്നു ഞായം:
97 "മുന്നമേതന്നെയറിഞ്ഞു ഞാൻ പോരുന്നു
98 മന്നിടംചേരുന്ന ഭാരമെല്ലാം
99 ഇന്നിന്നു വന്നീടും നിങ്ങളെന്നുള്ളതും
100 എന്നുള്ളംതന്നിലുണ്ടോർച്ചയെന്നാൽ.
101 ഭൂഭാരംതന്നെത്തളർപ്പതിന്നോരോരോ
102 വ്യാപാരം ചെഞ്ചെമ്മേ ചെയ്‌വതിന്നായ്
103 മാനുഷനായിപ്പിറക്കുന്നതുണ്ടു ഞാൻ
104 ആനകദുന്ദുഭിസൂനുവായി,
105 മൂത്തവനായിപ്പിറന്നുനിന്നീടുമേ
106 മൂർത്തിവിശേഷമായ് ചേർത്തനന്തൻ
107 വാനവരെല്ലാരുമാദരവോടങ്ങു
108 യാദവന്മാരായിപ്പിറക്ക മന്നിൽ
109 മായയായ് മേവുന്ന ദേവിയും വന്നങ്ങു
110 മാനുഷിയായിപ്പിറക്കും പിന്നെ
111 വേണുന്ന കാര്യങ്ങൾ സാധിച്ചുകൊള്ളുവാൻ
112 ചേണുറ്റുനിന്നു തുണപ്പതിന്നായ്
113 പാരാതെ പിന്നെ ഞാൻ പാരിടം പൂരിച്ച
114 ഭാരത്തെത്തീർത്തു തളർത്തു നന്നായ്
115 മേദിനിതന്നുടെ വേദനപോക്കുവാൻ
116 ഖേദിക്കവേണ്ടായിന്നിങ്ങളാരും."
117 വാനവരെല്ലാരുമെന്നതു കേട്ടപ്പോൾ
118 വാരിജസംഭവന്താനുമായി
119 മേദിനിതന്നുടെ ഖേദത്തെത്തീർത്തുടൻ
120 മേളത്തിൽ പോയങ്ങു വിണ്ണിൽ പുക്കാർ.
121 ശ്രീമഥുരാപുരിയെന്നൊരു നാമമായ്
122 ശ്രീമതിയായൊരു രാജധാനി
123 യാദവന്മാർക്കെല്ലാമാഗാരമായിനി
124 ന്നാദിയിലുണ്ടായി പണ്ടു പാരിൽ
125 നാകികൾക്കെല്ലാമങ്ങാഗാരമായൊരു
126 നാകമഹാപുരിയെന്നപോലെ
127 സ്വർപ്പദംതന്നിലുള്ളശയുണ്ടായ്‌വരാ
128 അപ്പുരിതന്നിലിരിപ്പോർക്കെന്നും
129 നന്ദനംതന്നുടെ നിന്ദയെച്ചെയ്യുമ
130 മ്മന്ദിരേനിന്നെഴും നിഷ്ക്കുടങ്ങൾ
131 നിർജ്ജരദീർഘികതന്നുള്ളിലേറുന്ന
132 ലജ്ജയെച്ചേർക്കുമീ ദീർഘികകൾ
133 ധർമ്മിഷ്ഠരായൊരെച്ചിന്തിച്ചുകാൺകിലോ
134 ധർമ്മജൻശീലവും തണ്മകോലും,.
135 ആയങ്ങൾ കാണുമ്പോൾ തോയാകരന്തന്നിൽ
136 പായുന്ന വൻനദീജാലംപോലെ.
137 സ്വർണ്ണൗഘംതന്നുടെ തിണ്മയെക്കാണുമ്പോൾ
138 തിണ്ണമൊന്നഞ്ചുമമ്മേരുശൈലം
139 ദാനങ്ങൾ കാണുമ്പോൾ വാനവദാരുക്കൾ
140 ഹീനങ്ങളായ്‌വരും ദീനങ്ങളായ്,
141 വീരരായുള്ളോർതൻ വീരത കാണുമ്പോൾ
142 നേരായോരില്ലയിപ്പാരിലാരും
143 വിദ്യകൾകൊണ്ടുള്ള വേലകൾ കാണുമ്പോൾ
144 വിസ്മയംകോലുമദ്ധൂർജ്ജടിയും,
145 അസ്ത്രങ്ങൾകൊണ്ടവരഭ്യസിച്ചീടുമ്പോൾ
146 *എത്രയും പാഴ്പെടും ഭാർഗ്ഗവനും,
147 കാമുകന്മാരുടെ കാന്തിയെക്കാണുമ്പോൾ
148 കാമനും ചെഞ്ചെമ്മേയഞ്ചുമേറ്റം,
149 മാമിനിമാരുടെ മാപിനെക്കാകില
150 മ്മേനക ദീനയായ് നാണുമപ്പോൾ,
151 വെണ്മാടം തന്നുടെ വെണ്മയെക്കാണുമ്പോൾ
152 കന്മഷംതോന്നുമക്കൗമുദിക്കും,
153 അപ്പുരിതന്നിൽ വിളങ്ങിനിന്നീടുന്ന
154 ശില്പങ്ങളൊന്നൊന്നേ പാർത്തുകണ്ടാൽ
155 വാസവമന്ദിരം വായ്പോടു നിർമ്മിപ്പാൻ
156 മാതൃകയായിതെന്നു തോന്നും,
157 അപ്പുരിതന്നിലുള്ളത്ഭുതം ചൊല്ലുവാൻ
158 കെല്പുള്ളോരാരുമില്ലെന്നുവേണ്ടാ
159 തത്സാരമോർക്കിലോ വസ്വൗകസായും
160 നിസ്സാരയായിട്ടേ വന്നുകൂടൂ.
161 യാദവവീരരുമപ്പുരിപാലിച്ചി
162 ട്ടാദരവോടു വസിക്കുംകാലം
163 ദേവകനാകുന്ന യാദവന്തന്നുടെ
164 ദേവകിയാകുന്ന കന്യകയെ
165 ശ്രീവസുദേവർക്കു നൽകിനാനമ്പോടു
166 ശ്രീപതിതന്നുടെയമ്മയാവാൻ.
167 വേട്ടുനിന്നീടുന്ന ശ്രീവസുദേവർതാൻ
168 വാട്ടമകന്നൊരു തേരിലേറി
169 ദേവകിയാകുന്ന ജായയും താനുമായ്
170 പോവതിന്നായിത്തുടങ്ങുംന്നേരം
171 ഉർപന്നമോദനായ് നില്പോരു ദേവകൻ
172 നല്പൊലിക്കാണവും നല്കിനാൻതാൻ
173 സോദരിതന്നുടെ തോഷത്തെച്ചെയ്‌വാനാ
174 യാദരവോടു മുതിർന്നു കംസൻ
175 ചാരത്തു ചെന്നങ്ങു വാരുറ്റ തേർപുക്കു
176 സാരത്ഥ്യവേലയുമാചരിച്ചാൻ.
177 നാനാജനങ്ങളുമായ് നടന്നങ്ങനെ
178 നാനാവിനോദവുമോതിയോതി
179 ആമോദിച്ചെല്ലാരുമാമന്ദം പോകുമ്പോൾ
180 വ്യോമത്തിൽനിന്നൊരു വാക്കുണ്ടായി:
181 "ദേവകിതന്നുടെ അഷ്ടമഗർഭത്തിൽ
182 മേവിനിന്നുണ്ടായ ബാലകന്താൻ
183 നിന്നുടെ കാലനായ്പോന്നുവന്നീടുന്നോൻ
184 എന്നതു ചിന്തിച്ചുകൊൾക കംസ!"
185 ഘോരനായുള്ളോരു കംസൻതാനന്നേരം
186 വീരതയായതിതെന്നു നണ്ണി
187 പാവകഭാവത്തെക്കേവലം പൂണ്ടുടൻ
188 ദേവകിതൻ കൊലചെയ്‌വതിന്നായ്
189 തൽക്കചംതന്നെപ്പിടിച്ചു വളർന്നൊരു
190 ഖഡ്ഗവും വാങ്ങിയങ്ങോങ്ങി നിന്നാൻ.
191 കണ്ടുനിന്നീടുന്ന മാലോകരെല്ലാരു
192 മിണ്ടലുംപൂണ്ടു ചമഞ്ഞാരപ്പോൾ,
193 കണ്ണടച്ചീടിനാർ, കണ്ണുനീർ തൂകിനാർ
194 * തിണ്ണമങ്ങോടിനാർ ഖിന്നരായി
195 കൈതിരുമ്മീടിനാർ, കൺചുവത്തീടിനാർ
196 കൈയലച്ചീടിനാർ മെയ്യിലെങ്ങും
197 കേസരിവീരൻതന്നാനനംതന്നിലായ്
198 കേവലം കേഴുന്നോരേണം പോലെ
199 മേവിനിന്നീടുന്ന ദേവകിദേവിതാൻ
200 ദൈവമേയെന്നങ്ങു ചൊല്ലിച്ചൊല്ലി
201 ഘോരനായുള്ളോരു കംസനെ നോക്കീട്ടു
202 പാരം വിറച്ചു നടുങ്ങുമപ്പോൾ
203 ചൂഴം നിന്നീടുന്ന ലോകരേ നോക്കീട്ടു
204 കോഴപുണ്ടേറ്റവും കേഴും പിന്നെ.
205 ചങ്ങാതിമാരുടെ നന്മുഖം നോക്കിനി
206 ന്നിങ്ങനെയെൻ കർമ്മമെന്നും പിന്നെ.
207 അച്ഛനെത്തന്നെയും മെച്ചമേ നോക്കിനി
208 ന്നുച്ചത്തിൽ നീളെവിളിച്ചു കേഴും;
209 നിർമ്മായപ്രേമംപൂണ്ടമ്മാമൻതന്നെയും
210 അമ്മയെത്തന്നെയുമവ്വണ്ണമേ
211 ആങ്ങളെത്തന്നെ വിളിച്ചുനിന്നീടുവാൻ
212 ഓങ്ങിനി്ന്നങ്ങു നടുങ്ങും പിന്നെ.
213 ആനകദുന്ദുഭിതന്നുടെയാനനം
214 ദീനയായ് മെല്ലവേ നോക്കി വീർക്കും
215 ദേവകിതൻ ഭയമിങ്ങനെ കാണുമ
216 ശ്രീവസുദേവർതാനെന്നനേരം
217 പെട്ടെന്നു ചെന്നു വിലക്കിനിന്നീടിനാൻ
218 പൊട്ടിനിന്നീടുന്നോരുള്ളവുമായ്
219 പാപനായുള്ളോരു കംസനോടായിപ്പി
220 ന്നാപത്തു പോക്കുവാനായിച്ചൊന്നാൻ:
221 "നിർമ്മലമാനസനായിനിന്നീടുമി
222 ന്നിന്മനമിങ്ങനെ വന്നതെന്തേ?
223 ശങ്കയും കൈവിട്ടു പെകാലചെയ്കയോ
224 മംഗലനായ നിൻ വേലയിപ്പോൾ?
225 ഭേദമുണ്ടെന്നതിൽ കേവലം പെണ്ണല്ല
226 സോദരിയല്ലോയിന്നാരിതാനും
227 വേളികഴിഞ്ഞുള്ളോരുത്സവമല്ലോയി
228 ക്കാലവുമെന്നതുമോർത്തു കാൺ നീ;
229 ഭ്രാതാവായ് നിന്നതും മാതാവായ് നിന്നതും
230 താതനായ് നിന്നതും നീതാനത്രേ.
231 നീയൊഴിഞ്ഞാരുമില്ലാശ്രയം കേളിവൾ
232 ക്കാദരിച്ചീടുവാൻ ഭോജനാഥാ!
233 വീരനായുള്ള നീ ഘോരനായ് മേവുമീ
234 നാരിതൻ വങ്കൊല ചെയ്യൊല്ലാതെ."
235 ഇത്തരമായുള്ളോരുക്തികളിങ്ങനെ
236 സത്വരം ചെന്നവൻ ചൊന്നനേരം
237 പാപനായുള്ളോരു കംസന്റെ മാനസം
238 പാറയെപ്പോലെയങ്ങാകയാലെ
239 പിന്നെയും ചിന്തിച്ചു ചൊല്ലിനിന്നീടിനാൻ
240 *ഖിന്നനായ് നിന്നവനുണ്മയായി:
241 "ദേവകിയല്ലല്ലൊ നിന്നുടെ കാലനായ്
242 മേവുന്നതെന്നതോ വന്നുതല്ലൊ
243 അഷ്ടമനാകുന്ന ബാലകനല്ലോ നിൻ
244 കഷ്ടതയ്ക്കിന്നു നിമിത്ത,മെന്നാൽ
245 പെറ്റുപെറ്റീടുന്ന മക്കളെയെല്ലാമേ
246 തെറ്റെന്നു നിൻ കൈയ്യിൽ നൽകാമല്ലോ,
247 പിന്നെ നീ ചിന്തിച്ചു വേണ്ടതു ചെയ്താലും
248 നിന്നുടെ ഹാനി വരാതവണ്ണം."
249 എന്നതു കേട്ടൊരു കംസന്റെ കോപവും
250 മന്ദമായ് വന്നുതേ മെല്ലെ മെല്ലെ.
251 മന്ത്രംകൊണ്ടീഷൽ തളർന്നുനിന്നീടുന്ന
252 പന്നഗവീരൻതൻ കോപംപോലെ
253 രോദിതയായൊരു സോദരിതന്നെയും
254 ആദരവോടങ്ങയച്ചാൻ പിന്നെ.
255 വമ്പുലിവായിൽനിന്നമ്പാലെ വീണ്ടുപോയ്
256 കമ്പത്തെപ്പൂണുന്നോരേണംപോലെ
257 മേവിനിന്നീടുന്ന ദേവകീദേവിതാൻ
258 കേവലം കംസനെ നോക്കിനിന്നാൾ.
259 ചൂഴവും നിന്നിട്ടു കേഴുന്നോരെല്ലാരും
260 കോഴയും തീർത്തുനിന്നൊന്നു വീർത്താർ
261 ചങ്ങാതിമാരായുള്ളയംഗനമാരെല്ലാം
262 മംഗലമാകെന്നു ചൊല്ലിപ്പൂണ്ടാർ
263 ആനകദുന്ദുഭിതാനുമന്നേരത്തു
264 മാനിനിതാനുമായ് മന്ദിയാതെ
265 സുന്ദരമായുള്ള മന്ദിരം പൂകിനാൻ
266 വന്ദികൾ വാഴ്ത്തുന്ന വാർത്തയുമായ്
267 വേളിയെത്തൊട്ടുള്ളൊരുത്സവംതന്നെയും
268 മേളമായ് പിന്നെയങ്ങാചരിച്ചാൻ.
269 പേയറ്റു നിന്നോരു ജായയും താനുമായ്
270 മായം കളഞ്ഞു വസിക്കും കാലം
271 സുഭ്രുവായുള്ളോരു ദേവകീദേവിക്കു
272 ഗർഭവുമുണ്ടായി മെല്ലെ മെല്ലെ
273 അത്ഭുതകാന്തിയായ് ദുർഭഗനല്ലാതൊ
274 രർഭകനുണ്ടായിതെന്നുവന്നു.
275 സൂനുവെക്കണ്ടു നിന്നാനന്ദിച്ചീടുന്നൊ
276 രാനകദുന്ദുഭി ദീനയായി
277 കണ്ണുനീർ തൂകുന്ന ദേവകിതന്നുടെ
278 കൈയിൽനിന്നന്നേരം വാങ്ങി നേരേ
279 പെട്ടെന്നു കൊണ്ടുപോയ് കംസനു നല്കിനാൻ
280 പട്ടാങ്ങുചെയ്യുന്നോരെന്നു ഞായം
281 എന്നതു കണ്ടൊരു കംസന്താനന്നേരം
282 ചിന്തിച്ചു ചൊല്ലിനാനല്ലൽ നീക്കി:
283 "മേലിലുണ്ടാകുന്ന ബാലകനല്ലോയെൻ
284 കാലനായ് ചാരെ വരുന്നതെന്നാൽ
285 കൊല്ലുന്നേനല്ലയിപ്പൈതലെയിന്നു ഞാൻ
286 അല്ലലും തീർത്തു വളർത്താലും നീ."
287 ആനകദുന്ദുഭിതാനതു കേട്ടപ്പോൾ
288 ദീനത കൈവിട്ടു മാനിച്ചുടൻ
289 ബാലനെത്തന്നെയും ദേവകിക്കായിട്ടു
290 ചാല നല്കീടിനാൻ കൊണ്ടുപോയി.
291 പിന്നെയങ്ങെല്ലാരും തന്നുടെ തന്നുടെ
292 മന്ദിരംതന്നിലിരിക്കുംകാലം
293 ആഗതനായൊരു നാരദൻ കംസനോ
294 ടാദരവോടു പറഞ്ഞാനപ്പോൾ:
295 "ബന്ധുവെത്തന്നെയും വൈരിയെത്തന്നെയും
296 ചിന്തിച്ചുവേണം നീയൊന്നു ചെയ്‌വാൻ
297 നിന്നുടെ വൈരികളായി നിന്നീടുന്ന
298 വിണ്ണവരല്ലോയിപ്പാരിടത്തിൽ
299 വിഷ്ണുവിഞ്ചൊല്ലാലെ വന്നു പിറന്നിട്ടു
300 വൃഷ്ണികളായിച്ചമഞ്ഞതിപ്പോൾ
301 പണ്ടേയിന്നിന്നുടെ വൈരിയായ് മേവുന്ന
302 കൊണ്ടൽനേർവർണ്ണന്താനിന്നു നേരേ
303 ദേവകിതന്നുടെ ഗർഭഗനായിട്ടു
304 മേവിനിന്നാശു പിറന്നു പിന്നെ
305 നിന്നെയും നിന്നുടെ ചേകവന്മാരെയും
306 കൊന്നീടുമെന്നതു തേറിനാലും
307 മാഴ്കാതെ നിന്നെ നീ കാത്തുകൊള്ളായ്കിലോ
308 ആകാതെപോകുമേ ഭോജനാഥ!"
309 നാരദനിങ്ങനെ ചൊന്നതുകേട്ടിട്ടു
310 ഘോരനായുള്ളൊരു കംസനപ്പോൾ
311 യാദവന്മാരോടു പോരു തുടങ്ങിനാൻ
312 വാനവരെന്നതു നണ്ണി നേരെ.
313 പീഡിതരായവരോരോരോ നാട്ടില
314 ന്നാടും വെടിഞ്ഞു നടന്നാരെങ്ങും.
315 പിന്നെയണഞ്ഞാവനാനകദുന്ദുഭി
316 തന്നെയും ദേവകിതന്നെയും താൻ
317 ചങ്ങലകൊണ്ടു തളച്ചുനിന്നീടിനാൻ
318 തങ്ങളിലേശൊല്ലായെന്നു നണ്ണി.
319 ഉണ്ടായ ബാലകന്മാരെയും ചെഞ്ചെമ്മേ
320 കണ്ഠം പിരിച്ചു കഴിച്ചാൻ പാപി
321 ചീറിനിന്നീടുന്ന കംസനന്നിങ്ങനെ
322 ആറു കിടാങ്ങളെക്കൊന്നവാറേ
323 സപ്തമമാകുന്ന ഗർഭവുമുണ്ടായി
324 തുത്തമയാകുന്ന ദേവകിക്കോ.
325 ലക്ഷ്മീശൻതാനന്നു ചിന്തിച്ചു ചൊല്ലിനാൻ
326 അക്ഷണം തന്മായതന്നോടപ്പോൾ:
327 "പാരാതെ പോകേണം ഭൂതലംതന്നിൽ നീ
328 കാര്യങ്ങളോരോന്നേ സാധിപ്പാനായ്
329 ദേവകി തന്നുടെ ഗർഭഗനായിട്ടു
330 മേവിനിന്നീടുമനന്തനെ നീ
331 ഗോകുലംതന്നിൽ വസിച്ചുനിന്നീടുന്ന
332 രോഹിണിതന്നിലങ്ങാക്കവേണം.
333 ആനകദുന്ദുഭിതന്നുടെ സൂനുവായ്
334 ഞാനും പിറക്കുന്നതുണ്ടു നേരെ.
335 നന്ദവിലാസിനിനന്ദനയായിട്ടു
336 നന്നായിപ്പോന്നു പിറക്ക നീയും.
337 കൊല്ലുവാനോങ്ങുന്ന കംസനെ വഞ്ചിച്ചു
338 മെല്ലവേ പോയിക്കൊണ്ടംബരത്തിൽ,
339 മാലോകർക്കേലുന്നോരാപത്തെപ്പോക്കുവാൻ
340 ഭൂലോകംതന്നിൽ വസിക്ക പിന്നെ.
341 ഭക്തിയെപ്പൂണ്ടു ഭജിച്ചുനിന്നീടുന്നോ
342 ർക്കത്തലെത്തീർത്തു തുണപ്പതിന്നായ്.
343 "മാലിയന്നീടുന്ന ഭൂലോകവാസികൾ
344 ക്കാലംബമായെഴും മൂലതായേ!
345 കാൽത്താരിൽ കുമ്പിട്ടു കൈവണങ്ങീടുന്നേൻ
346 കാത്തുകൊള്ളേണമേ തമ്പുരാട്ടീ!"
347 ഇത്തരമോരോരോ നൽസ്തുതിയോതിനി
348 ന്നുത്തമമായൊരു ഭക്തിയുമായ്
349 വാഴ്ത്തിവണങ്ങുവരാസ്ഥപൂണ്ടോരോരോ
350 ധാത്രീസുരന്മാരും മറ്റുള്ളോരും."
351 വൈകല്യം തീർക്കുന്ന വൈകുണ്ഠനിങ്ങനെ
352 വൈകാതെ പോകെന്നു ചൊന്നനേരം
353 ഇങ്ങനെ ചൊൽ കേട്ട മായതാൻ പോയിച്ചെ
354 ന്നങ്ങനെയെല്ലാമങ്ങാചരിച്ചാൾ.
355 "ഇഷ്ടമായുണ്ടായ ഗർഭമോ ചെഞ്ചെമ്മേ
356 നഷ്ടമായ്പോയിപോൽ ദേവകിക്കോ."
357 എന്നൊരു വാർത്തയുമെങ്ങുമേ പൊങ്ങിതാ
358 യന്നുതുടങ്ങിയന്നാട്ടിലെങ്ങും.
359 "ആനകദുന്ദുഭിതന്നുടെ ജായയാം
360 മാനിനിയായുള്ള രോഹിണിക്കോ
361 സുന്ദരനായൊരു നന്ദനനുണ്ടായി"
362 എന്നൊരു വാർത്തയുമവ്വണ്ണമേ,
363 ഛിദ്രിച്ചുപോയൊരു ഗർഭവും ചിന്തിച്ചു
364 ദുഖിച്ചു ദേവകി മേവുംകാലം
365 ആഗമംതന്നുടെ കാതലിലായ് മറ
366 ഞ്ഞാരുമേ കാണാതെ നില്പോനപ്പോൾ
367 ദേവകിതന്നുടെ ഗർഭഗനായിട്ടു
368 മേവിനാൻ മേദിനിക്കല്ലൽ പോവാൻ.
369 കുപ്പിയിൽനിന്നൊരു നൽവിളക്കെങ്ങനെ
370 കുപ്പിയെച്ചാലെ *വിളക്കി ഞായം
371 ഗർഭഗമായുള്ള വൈഷ്ണവം ധാമമ
372 ഗ്ഗർഭിണിതന്നെയുമവ്വണ്ണമേ.
373 ഗർഭത്തിനുള്ളൊരു ചിഹ്നവും പോന്നവൾ
374 ക്കല്പമായ്ക്കാണത്തുടങ്ങി മെയ്യിൽ.
375 നേർത്തുനിന്നീടുന്ന ഗാത്രങ്ങളെല്ലാമേ
376 ചീർത്തുതുടങ്ങീതു നാളിൽനാളിൽ
377 ആണ്ണുപോയെങ്ങാനും വീണ്ണോരു നാഭിയും
378 പൂർണ്ണമായ് തൂർണ്ണമെഴത്തുടങ്ങി.
379 സൂക്ഷ്മമായുള്ളൊരു മദ്ധ്യവും ചെഞ്ചെമ്മേ
380 വീക്ഷണഗോചരമായി വന്നു.
381 * മാന്യമായുള്ള വലിത്രയം മാഞ്ഞുപോയ്
382 ശൂന്യമായ്വന്നിതു മെല്ലെ മെല്ലെ.
383 ആനകദുന്ദുഭി മാനിക്കും കൊങ്കകൾ
384 ക്കാനനം ചാലക്കറുത്തുതപ്പോൾ
385 നന്ദനുണ്ടായാലെങ്ങളെ സ്നേഹമി
386 ല്ലെന്നതു ചിന്തിച്ചിട്ടെന്നപോലെ.
387 ചാരുവായ് മേവുമമ്മാറോടു ചേരുന്നൊ
388 രാരവും പോയങ്ങു ദൂരമായി
389 ബാലകൻ വേണമിമ്മാറോടു ചേരുവാൻ
390 ഞാനിനി നീങ്ങണമെന്നപോലെ.
391 അന്യമായ് നിന്നുള്ള ഭൂഷണജാലവും
392 ഒന്നൊന്നേ പോയിച്ചുരുങ്ങീതായി.
393 ഈരേഴു പാരിനും ഭൂഷണമല്ലോയി
394 ന്നാരിയിൽനിന്നവനെന്തു ചേതം.
395 മാനിനിമാരുടെ മൗലികയാമവൾ
396 ക്കാനനം ചാലെ വിളർത്തുകൂടി
397 ഗർഭഗനായുള്ളൊരർഭഗന്തന്നുടെ
398 നിർഭരഹാസം കൊണ്ടെന്നപോലെ.
399 അംഗവികാരങ്ങൾ പിന്നെയുമോരോന്നേ
400 പൊങ്ങിത്തുടങ്ങീതു മേനിതന്നിൽ.
401 വിശ്വമശേഷം തന്നുള്ളിലേ ചേർത്തൊരു
402 വിഷ്ണുവെത്തന്നുദരത്തിലാക്കി
403 മേവിനിന്നീടുന്ന ദേവകീദേവിതൻ
404 മേന്മയെപ്പാർക്കിലിന്നാർക്കു ചൊല്ലാം.
405 ഗർഭിണിയായൊരു ദേവകിതന്നുടെ
406 അത്ഭുതകാന്തിയെക്കണ്ടു കംസൻ
407 തന്നിലെ നണ്ണിനാൻ "എന്നുടെ കാലനായ്
408 വന്നവനിന്നിവനെന്നുതന്നെ
409 പണ്ടിവൾക്കിങ്ങനെയുള്ളൊരു കാന്തിയെ
410 ക്കണ്ടതില്ലെന്നതുകൊണ്ടു കാണാം,
411 എന്തിനി നല്ലതെന്നിങ്ങനെ ചിന്തിച്ചാ
412 ലേതുമേ തോന്നുന്നതല്ലയൊന്നും.
413 ഗർഭിണിതൻ കൊലചെയ്‌വതിന്നായിട്ടോ
414 കെല്പു പുലമ്പുന്നൂതല്ല ചെമ്മേ
415 പെറ്റങ്ങു വീഴുമ്പോൾ തെറ്റെന്നു ചെന്നു ഞാൻ
416 പറ്റാതൊന്നാകിലും പാർത്തിടാതെ
417 കൊന്നങ്ങു വീഴ്ത്തിനാലൊന്നിനും ബാധയി
418 ല്ലെന്നതേ ചിന്തിച്ചാൽ നല്ലതുള്ളൂ."
419 ഇങ്ങനെ നണ്ണിനോരകാവലുമാക്കിത്തന്മന്ദിരം പൂകിനാൻ
420 ആവിലമായുള്ളോരുള്ളവുമായ്.
421 ദേവകിതന്നുടെ ഗർഭഗനായൊരു
422 കേവലന്തന്നെയറിഞ്ഞു നേരേ
423 ചാരത്തു ചെന്നു പുകണ്ണുനിന്നീടിനാർ
424 വാരുറ്റുനിന്നുള്ള വാനോരെല്ലാം.
425 "മിഥ്യയെച്ചെഞ്ചെമ്മേ വേരറുത്തീടുന്ന
426 സത്യമായുള്ളോരു ബോധവുമായ്
427 നിത്യമായ്നിന്നൊരു തത്വമായ് മേവുന്നൊ
428 രുത്തമരൂപേന! കാത്തുകൊൾ നീ.
429 വേദങ്ങൾതന്നെപ്പണ്ടാരാഞ്ഞുഴന്നുള്ള
430 ഖേദങ്ങൾ തീർപ്പതിനെന്നപോലെ
431 മോദം കലർന്നൊരു മീനായവറ്റെച്ചെ
432 തന്നെയപ്പന്നിയായ്ക്കൊന്നതു പാർക്കുമ്പോൾ
433 നിന്നുടെ കാരുണ്യമെന്നേയാവൂ.
434 കാണായതെല്ലാമേ താനെന്നു തേറുവാൻ
435 തൂണു പിളർന്നു പുറത്തു ചെമ്മേ
436 കാണായെഴും നരസിംഹമെന്നുള്ളത്തിൽ
437 കാണായതല്ലോ പൊറുത്തതിന്നും
438 മാനവരെല്ലാരെപ്പോലെ നടന്നു നാം
439 മാനവും കൈവിട്ടു പോരുംകാലം
440 ദാനവന്തന്നെ നീ വഞ്ചിക്കകൊണ്ടല്ലോ
441 ദീനം കളഞ്ഞു തെളിഞ്ഞു ഞങ്ങൾ.
442 ഭൂപാലരാലുള്ള ഭൂഭാരം പോക്കുവാൻ
443 ദുഖങ്ങൾ തീർത്തു നീ പാലിച്ചുകൊൾവതി
444 ന്നിക്ഷണം നാമിതാ കൈ തൊഴുന്നേൻ."
445 ഇങ്ങനെയോരോരോ മംഗലവാക്കുകൾ
446 ഭംഗിയിൽച്ചൊല്ലിപ്പുകണ്ണു പിന്നെ
447 വാനിടം മുന്നിട്ടു പോകത്തുടങ്ങിനാർ
448 വാനവരെല്ലാരും മെല്ലെ മെല്ലെ
449 മേദിനീദേവിയുമാദരവോടു തൻ
450 വേദന വേറിട്ടു നിന്നനേരം
451 മംഗല്യമാളുന്ന ദേവകിദേവിക്കു
452 ചിങ്ങമാം മാസവും പോന്നുവന്നു.
453 അഷ്ടമിരോഹിണി തങ്ങളിൽക്കൂടിനി
454 ന്നിഷ്ടമായുള്ളൊരു നൽ പൊഴുതും
455 മംഗലജാലങ്ങൾ തിങ്ങിനിന്നെങ്ങുമേ
456 പൊങ്ങിയെഴുന്നുതുടങ്ങീതപ്പോൾ
457 ആരണർകുണ്ഡത്തിലഗ്നികളെല്ലാമേ
458 പാതമെഴുന്നു വലം ചുഴന്നൂ
459 സ്വച്ഛങ്ങളായ്വന്നു തോയങ്ങളെല്ലാമേ
460 സജ്ജനമാനസമെന്നപോലെ
461 താരങ്ങളായുള്ള ഹാരങ്ങൾ പൂണ്ടിട്ടു
462 പാരം വിളങ്ങി വിയത്തുമപ്പോൾ.
463 മത്തങ്ങളായ്നിന്നു പാടിത്തുടങ്ങിനാർ
464 ചിത്തം തെളിഞ്ഞുള്ള ഭൃംഗങ്ങളും
465 മന്ദമായ് വന്നങ്ങു വീതുതുടങ്ങിനാൻ
466 സുന്ദരനായൊരു തെന്നൽതാനും.
467 ഇങ്ങനെയോരോരോ നന്മകൾ പിന്നെയും
468 മംഗലഹേതുക്കളായി വന്നൂ.
469 കാത്തുനിന്നീടുന്ന കംസനിയോഗികൾ
470 ചീർത്തോരുനിദ്രയെപ്പൂണ്ടാരപ്പോൾ
471 പാവനയായോരു ദേവകീദേവിക്കു
472 നോവു തുടങ്ങീതു മെല്ലെ മെല്ലെ
473 വേദന വേറിട്ടു മേദിനീദേവിക്കു
474 മേനിയിൽ നോവു കുറഞ്ഞുതപ്പോൾ
475 ചൊൽക്കണ്ണിതന്നിലേ ദീർഗ്ഘങ്ങളായുള്ള
476 ശൂൽക്കാരജാലവുമുണ്ടായപ്പോൾ
477 മൂർക്ക്വരെത്തിണ്ണം ചുമന്നുള്ളനന്തനു
478 ശൂൽക്കാരമീഷൽ തളർന്നതായി
479 ചീർത്തുനിന്നീടുന്നൊരീറ്റുനോവാണ്ടവൾ
480 ആർത്തയായേറ്റവും മേവുന്നേരം
481 ഇന്ദ്രദിഗംഗനാചന്ദ്രനായുള്ളൊരു
482 നന്ദനന്തന്നെയും പെറ്റാളപ്പോൾ.
483 അംബരമായുള്ളോരങ്കണംതന്നിലേ
484 രിംഖണംചെയ്തവൻ നിന്നനേരം
485 കോമളയായൊരു രുക്മിണിതന്നുടെ
486 വാർമുലതന്നിലലങ്കരിപ്പാൻ
487 ദേവകിയായൊരു കൽപകവല്ലിമേൽ
488 മേവി നിന്നീടുന്ന ദിവ്യരത്നം
489 ഭൂതലംതന്നിലങ്ങായതു കാണായി
490 പൂതനായുള്ളൊരു താതന്നപ്പോൾ
491 കാർമുകിൽമാലകൾ കാൽപിടിച്ചീടുന്ന
492 കാന്തിയെപ്പൂണ്ടൊരു മെയ്യുമായി.
493 രമ്യമായുള്ളൊരു മൗലിയിൽ ചേർന്നുണ്ടു
494 പൊന്മയമായൊരു നന്മകുടം
495 കാർമുകിൽമാലയിൽ പാതി മറഞ്ഞൊരു
496 വാർമതിപ്പൈതൽതാനെന്നപോലെ
497 കുന്തളജാലംകൊണ്ടഞ്ചിതമാകയാൽ
498 ചന്തത്തെക്കോലുന്ന ഫാലവുമായ്.
499 കമ്പത്തെക്കൊണ്ടേയിപ്പാരിടംതന്നുടെ
500 സംഭവന്തന്നെയും പാലനവും
501 ഇല്ലായ്മതന്നെയുമാചരിച്ചീടുവാൻ
502 കല്യത വെല്ലുന്ന ചില്ലിയുമായ്.
503 പങ്കജന്തന്നുടെ ഉന്മേഷന്തന്നെയും
504 സങ്കോചം തന്നെയും ചെയ്യിപ്പാനായ്
505 ദാക്ഷിണ്യംപൂണ്ടുള്ള വീക്ഷണദ്വന്ദ്വത്തിൽ
506 വീക്ഷണങ്കൊണ്ടുള്ള കാന്തിയുമായ്
507 ഭംഗിയെപ്പൂണ്ടൊരു പൈങ്കിളിച്ചുണ്ടോടു
508 സംഗത്തെക്കോലുന്ന നാസികയും
509 മണ്ഡനമായുള്ള കണ്ഡലകാന്തിയാൽ
510 മണ്ഡിതമായുള്ള ഗണ്ഡവുമായ്.
511 കുന്ദത്തിൻ പൂവെയും ചന്ദ്രികാതന്നെയും
512 നിന്ദിച്ചുനിന്നൊരു മന്ദഹാസം
513 കമ്രമായുള്ളൊരു കംബുതൻ കാന്തിയെ
514 കണ്ടിച്ചു മണ്ടിക്കും കണ്ഠകാണ്ഡം
515 ചക്രംതുടങ്ങിയുള്ളായുധമോരോന്നേ
516 നല്ക്കരം നാലിലുമുണ്ടുതാനും.
517 ശ്രീവത്സകാന്തിയും കൗസ്തുഭകാന്തിയും
518 നേരൊത്തു തങ്ങളിൽ കൂടുകയാൽ
519 കാളിന്ദിനീരോടു മേളിച്ചു മേവുന്ന
520 പാലാഴിത്തൂവെള്ളംതന്നിൽ ചെമ്മേ
521 മുങ്ങിനിന്നീടുന്നൊരജ്ഞനവേദിയെ
522 ന്നിങ്ങനെ തോന്നുമമ്മാറു കണ്ടാൽ
523 എണ്ണമറ്റീടുന്നൊരണ്ഡകടാഹങ്ങൾ
524 ക്കന്യൂനമായൊരു ഭാജനമായ്
525 മേവിനിന്നീടുന്ന നല്ലുദരത്തെ ഞാൻ
526 ഏവമെന്നെങ്ങനെ ചൊല്ലിക്കൂടൂ.
527 മഞ്ഞൾപിഴിഞ്ഞൊരു കൂറയെപ്പൂണ്ടിട്ടു
528 മഞ്ജുളമായൊരു മദ്ധ്യദേശം
529 ഊരുക്കൾ ജാനുക്കൾ ജംഘകളെന്നിവ
530 ചാരുക്കളെന്നേ ഞാൻ ചൊല്ലവല്ലൂ.
531 തിങ്കൾതൻ കാന്തിക്കു ശങ്കയെത്തന്നുള്ളി
532 ലങ്കുരിപ്പിക്കുമത്തൂനഖങ്ങൾ
533 അംഗുലിയായ ദലങ്ങളെക്കാണുമ്പോൾ
534 പങ്കജമത്രേയപ്പാദയുഗ്മം
535 ഉള്ളങ്കാൽതന്നുടെ മാർദ്ദവം ചിന്തിക്കിൽ
536 കല്ലെന്നേ തോന്നുമപ്പല്ലവത്തെ
537 ഖേദങ്ങൾ പോക്കുന്ന വേദങ്ങൾ നാലിന്നും
538 കാതലായ്മേവുന്ന നാഥനപ്പോൾ
539 മംഗലം നൽകുവാൻ മാലോകർക്കായിക്കൊ
540 ണ്ടിങ്ങനെ പോന്നു പിറന്നനേരം
541 വിസ്മിതനായുള്ളൊരാനകദുന്ദുഭി
542 വിഷ്ണുവെന്നിങ്ങനെ നണ്ണി നേരേ
543 വാക്കുകൊണ്ടേറ്റവും വാഴ്ത്തിനിന്നീടിനാൻ
544 വായ്പോടു കുമ്പിട്ടു കൂപ്പി നന്നായ്,
545 കേവലന്തന്നെത്തൻ പുത്രനായ്ക്കണ്ടൊരു
546 ദേവകീദേവിയുമവ്വണ്ണമേ.
547 ഉത്തമയായൊരു ഭക്തിയെപ്പൂണ്ടവർ
548 ചിത്തന്തെളിഞ്ഞു പുകണ്ണനേരം
549 നാഥനായുള്ളവൻ പ്രീതനായ് ചൊല്ലിനാൻ
550 താതനോടായിട്ടും മാതാവോടും:
551 "പണ്ടുമിന്നിങ്ങൾക്കു സൂനുവായ് മേവിനേൻ
552 രണ്ടു ജന്മങ്ങളിലിങ്ങനെ ഞാൻ
553 നിങ്ങൾക്കിന്നെന്നിലേ ഭക്തിയെക്കണ്ടിട്ടു
554 നിങ്ങളിലുള്ളൊരു കാരുണ്യത്താൽ
555 ഇങ്ങനെയുള്ളൊരു രൂപത്തെക്കാട്ടി ഞാൻ
556 നിങ്ങൾക്കു സന്തതം ചിന്തിപ്പാനായ്
557 ബന്ധത്തെപ്പോക്കുന്നൊരെന്നുടെ ദേഹത്തെ
558 സ്സന്തതം ചിന്തിച്ചിരുന്നുകൊണ്ടാൽ
559 *പാപങ്ങൽ വേരറ്റു പൂതന്മാരായ് വന്നെൻ
560 പാദങ്ങൾതന്നോടു കൂടും നിങ്ങൾ
561 ഇന്നിലന്തന്നിൽനിന്നെന്നെയും കൊണ്ടുപോയ്
562 നന്ദന്റെ മന്ദിരംതന്നിലാക്കി
563 ചാരത്തുകാണുന്ന ദാരികതന്നെയും
564 പാരാതെ കൊണ്ടിങ്ങു പോന്നുകൊൾവൂ."
565 മംഗലനായൊരു പങ്കജലോചനൻ
566 ഇങ്ങനെ ചൊന്നവരോടു പിന്നെ
567 താതനും മാതാവും നോക്കിനിന്നീടവേ
568 പൈതലായ്മേവിനാൻ കൈതവത്താൽ.
569 വിസ്മയം പൂണ്ടുള്ളൊരച്ഛനുമമ്മയ്ക്കും
570 വിഷ്ണുവെന്നുണ്ടായ ബോധമപ്പോൾ
571 എന്നുടെ പൈതലെന്നിങ്ങനെയുള്ളൊരു
572 നിർണ്ണയമായിച്ചമഞ്ഞുകൂടി
573 കോമളച്ചുണ്ടു പിളുക്കിനിന്നീടുന്നൊ
574 രോമനപ്പൈതൽതാൻ പൈ തുടർന്നു
575 അമ്മിഞ്ഞിതാരായിന്നെന്തിനിക്കമ്മയെ
576 ന്നമ്മയെ നോക്കി മയങ്ങുന്നേരം
577 ധന്യയായുള്ള യശോദതൻ പുത്രിയായ്
578 മന്നിടം പൂകിനാൾ മായതാനും
579 കംസനെപ്പേടിച്ചുള്ളാനകദുന്ദുഭി
580 പൈതലെത്തന്നുടെ കൈയിലാക്കി
581 അമ്പാടിതന്നിലേ പോവതിനായിക്കൊ
582 ണ്ടമ്പോടു ചാലെ നടന്നനേരം
583 തങ്ങളേതന്നേ തുറന്നതു കാണായി
584 ചങ്ങല പൂണ്ടുള്ള വാതിലെല്ലാം.
585 വ്യഗ്രവും കൈവിട്ടു ദുർഗ്ഗവും പിന്നിട്ടു
586 നിർഗ്ഗമിച്ചങ്ങവൻ നിന്നനേരം
587 എന്നുടെ കാന്തിയെക്കക്കുമിപ്പൈതലേ
588 ഖിന്നനാക്കേണമിന്നെന്നപോലെ
589 പാഴിടി പൂണുമക്കാർമുകിൽ വന്നിട്ടു
590 പാഴ്മഴ തൂകിത്തുടങ്ങീതപ്പോൾ
591 എന്നതു കണ്ടൊരു പന്നഗനായകൻ
592 തന്നുടെയാനനജാലകത്തെ
593 ഒക്കവേ ചാലപ്പരത്തിനിന്നങ്ങനെ
594 നൽക്കുടയാക്കി നടന്നു മീതെ
595 അമ്മഴതന്നെത്തടുത്തുനിന്നീടിനാൻ
596 വെണ്മയെപ്പൂണ്ടുള്ളോരെന്നു ഞായം.
597 ആനകദുന്ദുഭിതന്നുടെ ചേണെഴും
598 പാണിയായുള്ളോരു യാനമേറി
599 വാരുറ്റു നിന്നൊരു വാരിദനാദമാം
600 ഭേരിതൻ നാദവും പൂരിച്ചെങ്ങും
601 വങ്കനിവാണ്ടൊരു പന്നഗനാഥനാം
602 വെകുടതന്നെയും ചൂടി നന്നായ്
603 ശമ്പയായുള്ളൊരു ദീപവും സംഭാവി
604 ച്ചമ്പാടി മുന്നിട്ടു പോവതിന്നായ്
605 കൈതവമാണ്ടു നൽപ്പൈതലായ്മേവുമ
606 ക്കൈടഭവൈരിതാൻ ചെല്ലുന്നേരം,
607 മേളം കലർന്നൊരു കാളിമ പൂണ്ടു ന
608 ല്ലോളങ്ങളാളുമക്കാളിന്ദിതാൻ
609 നൽവഴി നന്നായി നൽകിനിന്നീടിനാൾ
610 നല്ലവർക്കങ്ങനെ തോന്നി ഞായം.
611 പാദങ്ങൾപോലും നനഞ്ഞുനിന്നീടാതെ
612 പാഴ്പറമ്പേറി നടക്കുമ്പോലെ
613 ആനന്ദംപൂണ്ടുള്ളോരാനകദുന്ദുഭി
614 കാളിന്ദിതന്നെയും പിന്നിട്ടപ്പോൾ
615 അംഭോജലോചനൻതന്നെയും പൂണ്ടുകൊ
616 ണ്ടമ്പാടിതന്നിലും ചെന്നുപുക്കാൻ
617 ചെന്നൊരു നേരത്തു സുന്ദരിയായൊരു
618 നന്ദവിലാസിനിതന്നെക്കണ്ടാൻ
619 സൂതികൊണ്ടുണ്ടായ മോഹത്തെപ്പൂണ്ടിട്ടു
620 ഭൂതലം തന്നിൽ കിടന്നതപ്പോൾ
621 മറ്റുള്ളോരെല്ലാരും നിദ്രയും പൂണ്ടിട്ടു
622 ചുറ്റും കിടന്നതും കണ്ടാൻ പിന്നെ
623 നന്ദവിലാസിനിതന്നുടെ ചാരത്തു
624 നല്ലൊരു പെപിള്ളതന്നെക്കണ്ടാൻ.
625 ബാലകന്മാരെക്കൊണ്ടാകദുന്ദുഭി
626 വാണിഭംചെയ്യുന്നോനെന്നപോലെ
627 തന്നുടെ പൈതലെക്കൊണ്ടുചെന്നങ്ങവൾ
628 തന്നുടെ ചാരത്തു ചേർത്തു പിന്നെ
629 പെൺപിള്ളതന്നെയും മെല്ലവെ കൊണ്ടുപോ
630 ന്നമ്പാടിതന്നെയും പിന്നിട്ടുടൻ
631 ഖിന്നത കൂടാതെ തന്നുടെ ഗേഹത്തിൽ
632 വന്നുനിന്നീടിനാനന്നുതന്നെ.
633 അമ്പോടു പിന്നെയദ്ദേവകീചാരത്തു
634 പെൺപിള്ളതന്നെയും ചേർത്തു ചെമ്മേ
635 കഞ്ചനെപ്പേടിച്ചു മുന്നെപ്പോലെ ചെന്ന
636 ച്ചങ്ങലതന്നെയും പൂണ്ടുകൊണ്ടാൻ.
637 ദേവകിതന്നുടെ ചാരത്തു ചേരുമ
638 ക്കേവലയായൊരു ദേവിയപ്പോൾ
639 മാറ്റൊലിക്കൊള്ളുമാറീറ്റില്ലംതന്നിൽനീ
640 ന്നേറ്റം കരഞ്ഞു, കരഞ്ഞുനിന്നാൾ;
641 ഞെട്ടിയുണർന്നുള്ള കംസനിയോഗികൾ
642 പെട്ടെന്നു ചെന്നങ്ങു ചൊന്നാരപ്പോൾ.
643 വാളുമായ് ചെഞ്ചെമ്മേ വന്നുനിന്നീടിനാൻ
644 കാലനു നേരായ കംസനപ്പോൾ,
645 കണ്ടൊരു നേരത്തു പണ്ടേതിലേറ്റവും
646 ഇണ്ടലും പൂണ്ടു വിറച്ചു പാരം.
647 കംസനോടന്നേരം മെല്ലവേ ചൊല്ലിനാൾ
648 കാതരയായൊരു ദേവകിതാൻ:
649 "പാമ്പെന്നു ചിന്തിച്ചു ശങ്കിച്ചു നിന്നതോ
650 പാശമായല്ലൊതാൻ വന്നുകൂടി
651 പാപങ്ങളിന്നും നീയാചരിച്ചീടാതെ
652 പാരാതെ പോകെങ്കിലെന്നേവേണ്ടു
653 എന്നുടെ ശോകത്തിൻ കാരണമാക്കൊല്ലാ
654 യിന്നിനിയെൻപൈതൽതന്നെയിപ്പോൾ
655 ഒന്നുരണ്ടല്ലല്ലൊ മുന്നം നീയെന്നുടെ
656 നന്ദനന്മാരെക്കൊലപ്പെടുത്തൂ;
657 ഒന്നല്ലയാതൊരു പെപിള്ള തന്നെ നീ
658 ഇന്നെനിക്കായി വഴങ്ങേണമേ."
659 ഇങ്ങനെ ചൊന്നു തങ്കന്യകതന്നെയും
660 പൊങ്ങിനിന്നീടുന്ന ശോകത്താലെ
661 മാറോടു ചേർത്തങ്ങു പൂണ്ടുകൊണ്ടീടിനാൾ
662 മാപാപി വന്നു തൊടാതവണ്ണം.
663 സോദരിതന്നുടെ രോദനം കണ്ടിട്ടു
664 രോഷിതനായൊരു കംസനപ്പോൾ
665 ഓടിയണഞ്ഞു വലിച്ചുകൊണ്ടീടിനാൻ
666 ഓമലായ്മേവുമപ്പൈതൽതന്നെ
667 പാദം പിടിച്ചു വെപാറമേൽ തല്ലുവാൻ
668 പാരം ചുഴറ്റി നിന്നോങ്ങുന്നേരം
669 കീഴ്പെട്ടു തല്ലുവാനോങ്ങിയനേരത്തു
670 മേല്പെട്ടുപോയതെക്കണ്ടു പിന്നെ
671 ഈർഷ്യയും പൂണ്ടവൻ നോക്കിനാനെന്നപ്പോൾ
672 ഈശ്വരിയാമവൾതന്നെ നേരെ;
673 അംബരംതന്നിരേ ലംബിതയായിനി
674 ന്നംബികതന്നെയും കാണായപ്പോൾ
675 നേത്രങ്ങൾക്കേതുമേ നോക്കരുതാതൊരു
676 ദീപ്തിയെപ്പൂണ്ടൊരു മെയ്യുമായി.
677 ദേവിതൻ മെയ്യുടെ ലാവണ്യം ചൊൽവാനി
678 ന്നാവിന്നു വൈഭവം വന്നുകൂടാ;
679 പൂഞ്ചായൽതന്നുടെ കാന്തിയെച്ചൊല്ലുവാൻ
680 വാഞ്ഛയുണ്ടാകുന്നു കാകെനിക്കോ
681 തുല്യതയില്ലാതെ തുല്യത ചൊല്ലുമ്പോൾ
682 വല്ലായ്മയെന്നതും വന്നുകൂടും
683 കണ്ടിയെന്നിങ്ങനെ കൊണ്ടാടിച്ചൊല്കിലോ
684 കൊണ്ടൽതന്നുള്ളത്തിലിണ്ടലുണ്ടാം
685 അല്ലെന്നു ചൊല്കിലോ നീലത്തഴകൾ വ
686 ന്നല്ലല്ലായെന്നങ്ങു പേശിക്കൊള്ളും
687 മറ്റൊന്നു ചൊൽകിൽ മനം കുലഞ്ഞീടുമ
688 ക്കുറ്റമറ്റീടും പനങ്കുലയ്ക്കും
689 എന്നതുമൂലമക്കൂന്തലെ വാഴ്ത്താതെ
690 മന്ദനായ് നിന്നു മടങ്ങുന്നേൻ ഞാൻ.
691 അന്ധതകൊണ്ടിനിച്ചന്തമാണ്ടീടുമ
692 ക്കുന്തളം വാഴ്ത്തുവാൻ ചിന്തിക്കുന്നേൻ
693 ചായലായുള്ളൊരു നായികതാൻ പെറ്റ
694 ചാപലംപൂണ്ടുള്ള ബാലകന്മാർ
695 നെറ്റിയായുള്ളൊരു മുറ്റത്തിലാമ്മാറു
696 *മുറ്റത്തമിണ്ണുള്ള ലീലയല്ലോ
697 ചിന്തിന കാന്തി കലർന്നുനിന്നീടുമ
698 ക്കുന്തളമായിട്ടു കണ്ടതിപ്പോൾ
699 മൗലിയിലുള്ളൊരു വാർതിങ്കൾതന്നുടൽ
700 പാതിപൊളിഞ്ഞിങ്ങു വീണനേരം
701 ചില്ലി തടഞ്ഞിട്ടു വീഴരുതായ്കയാൽ
702 മെല്ലവേ തങ്ങിയുറച്ചുതെന്നേ
703 കാണുന്നോർ കണ്ണിനു തോന്നുമാറുള്ളൊരു
704 കാന്തിയെപ്പൂണ്ടൊന്നത്തൂനെറ്റിതാൻ
705 ആനനംതന്നോടു നേരൊത്തു പോരുവാൻ
706 മാനിച്ചു തിങ്കളും പങ്കജവും
707 ഒക്കവേ ചെന്നു പിണങ്ങിനനേരം ക
708 ണ്ടക്ഷണമാനനലക്ഷ്മി നേരേ
709 "തിങ്കളേ നീയിതിൻമീതലേ നിന്നുകൊൾ
710 പങ്കജമേയിതിൻ താഴെ നീയും"
711 എന്നങ്ങു ചൊന്നൊരു സീമയിട്ടീടിനാൾ
712 എന്നതു ചില്ലിയായ്ക്കണ്ടതിപ്പോൾ
713 ചില്ലികളായുള്ള കല്ലോലംതന്നിലേ
714 മെല്ലവേ ചെന്നു കളിക്കയാലെ
715 ആനന്ദമാളുമക്കണ്ണിണതന്നെയോ
716 മീനങ്ങളെന്നല്ലോ ചൊല്ലേണ്ടുന്നു.
717 ആനനകാന്തിയായ്മേവിനിന്നീടുന്ന
718 മാനിനിക്കമ്പിനോടാടുവാനായ്
719 ഉല്ലസിച്ചീടുന്ന പൊന്നൂയലെന്നേയ
720 മ്മല്ലക്കുഴകളെച്ചൊല്ലുന്നു ഞാൻ
721 ചോരിവായായൊരു ചെന്തൊണ്ടിതങ്കനി
722 ചാരത്തു കണ്ടതു കൊത്തുവാനായ്
723 മെല്ലവേ ചൊല്ലുന്ന പൈങ്കിളിച്ചുണ്ടെന്നേ
724 ചൊല്ലുവാന്തോന്നുമന്നാസി കണ്ടാൽ.
725 മണ്ഡനമായുള്ള കണ്ഡലഷണ്ഡത്താൽ
726 മണ്ഡിതമായുള്ള ഗണ്ഡം കണ്ടാൽ
727 സ്വർണ്ണംകൊണ്ടുള്ളൊരു കണ്ണാടിതന്നുടെ
728 ഉണ്ണാഡി തിണ്ണം വിറയ്ക്കുമപ്പോൾ.
729 ചോരിവാതന്നോടു നേരായിച്ചെന്നപ്പോൾ
730 പാരാതെ തോറ്റൊരു ചെമ്പരുത്തി
731 മാലയെന്നുള്ളൊരു കൈതവം കൈക്കൊണ്ടു
732 മാലുറ്റു ഞാലുന്നു കാണ്ക പാപം.
733 മാറത്തു ചേരുന്നൊരാരത്തെക്കണ്ടിട്ടു
734 നേരിട്ടു ചൊല്ലൊല്ലായെന്നു നണ്ണി
735 *ഓഷ്ഠങ്ങൾ രണ്ടുമ്മറച്ചു നിന്നീടുന്നു
736 വാട്ടമറ്റീടുമദ്ദന്തങ്ങളെ.
737 പുഞ്ചിരിയായതു ചന്ദ്രികായെന്നത
738 ങ്ങഞ്ചാതെ ചൊല്ലാമങ്ങെല്ലാരോടും;
739 ഏണാങ്കമൗലിതൻ നേത്രചകോരങ്ങൾ
740 ക്കൂണായി മേവുമോ അല്ലയായ്കിൽ?
741 പൂർണ്ണനായുള്ളൊരു തിങ്കളെ മൗലിയിൽ
742 പൂണ്ടുനിന്നീടുന്നു ശൈവലിംഗം
743 എന്നതേ തോന്നുന്നുതാനനന്തൻകീഴേ
744 നിന്നുവിളങ്ങുമക്കണ്ഠം കണ്ടാൽ.
745 വാർമുലയായൊരു മാലേയക്കുന്നിൽനി
746 ന്നാമന്ദം പോന്നങ്ങിറങ്ങി നേരേ
747 പോകത്തുടങ്ങുന്ന ഭോഗികളെന്നത്രേ
748 ബാഹുക്കൾതന്നെ ഞാനുന്നിക്കുന്നു.
749 മെത്തിയെഴുന്നൊരു യൗവനമാകുന്ന
750 മത്തേഭന്തന്നുടെ മസ്തകങ്ങൾ
751 കൊങ്കകളായിട്ടു കണ്ടെതെന്നിങ്ങനെ
752 അങ്കുരിച്ചീടുന്നുതെന്നുള്ളത്തിൽ
753 ശ്യാമളയായൊരു രോമാളിയാകുന്ന
754 കോമളത്തുമ്പിക്കൈ കാൺകയാലേ
755 ചൊൽക്കൊണ്ടു മേവുന്നു നാഭിയായുള്ളൊരു
756 പുഷ്കലമായൊരു പുഷ്കരവും
757 പട്ടുടതന്നുടെ ചട്ടറും കാന്തി ഞാൻ
758 ഒട്ടേടം ചൊല്ലേണ്ടായെന്നു നണ്ണി
759 ഒട്ടുമേ ചൊല്ലാതെ നിന്നുകൊണ്ടീടുന്നു
760 മുട്ടയോ ചൊല്ലുവാനോർക്കിലാർക്കാം?
761 ചീർത്തുനിന്നീടുന്നൊരല്ക്കീടം ചെഞ്ചെമ്മേ
762 തേർത്തടമെന്നതു നിർണ്ണയിച്ചു
763 പണ്ടു തന്മേനിയെച്ചുട്ടുകളഞ്ഞതി
764 ലുണ്ടായ പോരായ്മ പോക്കുവാനായ്
765 ചെമ്പൊൽത്താർബാണനിത്തേരിൽക്കരേറീട്ടു
766 ശംഭുതൻ മേനി പകുപ്പിക്കയാൽ
767 കുംഭിതൻ തുമ്പിക്കൈ *തിൺതുട കണ്ടല്ലോ
768 കുമ്പിട്ടുപോരുന്നുതിന്നുമേറ്റം
769 ചൊല്പെറ്റു നിന്നൊരുശോഭയെക്കാണുമ്പോൾ
770 ചെപ്പെന്നു ചൊൽവാനോ തോന്നുമല്ലോ
771 ഒപ്പില്ലയാതെനിക്കൊപ്പിനെച്ചൊന്നായെ
772 ന്നുൾപ്പൂവിൽ കോപിക്കും ജാനുവപ്പോൾ,
773 എന്നതുമൂലമജ്ജാനുക്കൾ വാഴ്ത്തുവാൻ
774 ഏതുമേ വല്ലാതെ നിന്നിതു ഞാൻ
775 ദേവിതൻ ചാരുകണങ്കഴൽ നേരൊത്തു
776 മേവിനിന്നീടേണമെങ്ങൾ കണ്ഠം
777 എന്നങ്ങു ചിന്തിച്ചു ചന്ദ്രക്കലാധരൻ
778 തന്നുടെ സേവയെച്ചെയ്‌വതിന്നായ്
779 നിർജ്ജനമായൊരു കാനനംതന്നിൽ പോയ്
780 ഷൾജവും പാടി നൽക്കേകിജാലം
781 കുറ്റമറ്റീടുന്ന നർത്തനമാടീടുന്നു
782 മറ്റൊന്നു ചിന്തിച്ചിട്ടല്ല ചൊല്ലാം.
783 നൗകികൾമൗലിയിൽ താവിനിന്നീടുന്ന
784 നാകമഹാമണിജാലങ്ങളിൽ
785 പാരമുരുമ്മി മെഴുത്തു നിന്നീടുമ
786 പ്പാദനഖങ്ങൾതന്നംശുജാലം,
787 മീതേ പരന്നു വഴിഞ്ഞതു കാണുമ്പോൾ
788 ശ്വേതമായുള്ളോരു കൂർമ്മമെന്നേ
789 എന്മനം തന്നിലേ സന്തതം തോന്നുന്ന
790 തംബികതൻ പ്രപദങ്ങൾ രണ്ടും.
791 മഞ്ജീരംതന്നുടെ മഞ്ജുളമായൊരു
792 ശിഞ്ജിതമായുള്ള ഹംസനാദം
793 എപ്പോഴും കേൾക്കയാലപ്പാദം ചേഞ്ചെമ്മേ
794 ചൊല്പൊങ്ങും പങ്കജമെന്നു വന്നു.
795 വാനവർകൈകളാം വാരിജം ചെഞ്ചെമ്മേ
796 കാണുന്ന നേരത്തു കൂമ്പുകയാൽ
797 തിങ്കളെന്നുള്ളൊരു ശങ്കയുമുണ്ടെനി
798 ക്കങ്കുരിച്ചീടുന്നു പാരമുള്ളിൽ
799 ഉൾക്കൊമ്പിൽത്തന്നെ ചേർന്നുൾക്ലേശം നിന്നോർതൻ
800 ദുഖമാം കാന്താരം നീറ്റുകയാൽ
801 അങ്കിയെന്നുള്ളൊരു ശങ്കയുമുണ്ടെനി
802 ക്കങ്കുരിച്ചീടുന്നു പിന്നെയുള്ളിൽ
803 ഭക്തരായുള്ളോർതൻ ചിത്തത്തിൻ മേന്മേലെ
804 മെത്തുമിരുട്ടിനെത്തള്ളുകയാൽ
805 പങ്കജകാമുകനെന്നൊരു ശങ്കയും
806 അങ്കുരിച്ചീടുന്നു പിന്നെപ്പിന്നെ
807 ഇപ്പാദംതന്നിലെപ്പൊൽപ്പൂപ്പരാഗത്തെ
808 മുൽപ്പാടെ തെണ്ടിത്താൻ കൊണ്ടുപോയി
809 വാരിജസംഭവൻ പാരിടമെല്ലാമേ
810 പാരാതെ നിർമ്മിച്ചുവെന്നു കേൾപ്പൂ.
811 എന്നതുകൊണ്ടുപോൽ പന്നഗനായകൻ
812 ഊർജ്ജിതരൂപനായ് ഇപ്പാദന്തന്നിലെ നില്പോരു മാനസം
813 കെല്പോടെ ചേർത്താൻ പണ്ടപ്പൗലസ്ത്യൻ
814 മുഗ്ദ്ധേന്ദുശേഖരൻ മിത്രമെന്നുള്ളതും
815 വിത്തേകനെന്നും പേരന്നുണ്ടായി
816 ഉണ്മദംപൂണ്ടൊരു വന്മഹിഷാസുരൻ
817 തന്മദം തീർത്തിന്നോർക്കിലാർക്കാം
818 സുംഭനായ് നിന്നുള്ളോരുമ്പർകോൻവൈരിതൻ
819 ഡംഭത്തെത്തീർത്തതുമവ്വണ്ണമേ.
820 ഓരോരോ ദാനവവീരരെക്കൊന്നിട്ടി
821 പ്പാരെല്ലാം പാലിപ്പാൻ പാർക്കിലാർക്കാം,
822 ആഗമംതാനുമിപ്പാദങ്ങൾതന്നെപ്പോ
823 യാരാഞ്ഞു പോരുന്നുതിർന്നു,മെന്നാൽ
824 ഇങ്ങനെ മേവുമപ്പാദപയോജം ഞാൻ
825 എങ്ങനെയിങ്ങനെയെന്നു ചൊൽവൂ?
826 വായ്പോടു നിന്നിട്ടു പിന്നെയും പിന്നെയും
827 കൂപ്പുകയെന്നി മറ്റൊന്നുവല്ലേൻ
828 കേവലയായൊരു ദേവിയെ വാഴ്ത്തുവാൻ
829 ആവതല്ലെന്നതു ചിന്തിയാതെ
830 കാടായിച്ചൊല്ലുന്നതെന്തു നീയെന്നല്ലീ
831 മൂഢരായുള്ളോരിൽ മുമ്പുണ്ടല്ലോ
832 പാടവംകൂടാതെ മൂഢരായുള്ളോരോ
833 കാടാകുമാറല്ലോ ചൊല്ലേണ്ടുന്നൂ,
834 എന്നതുപാർക്കുമ്പൊഴിന്നു ഞാൻ ചൊന്നതു
835 നിന്ദ്യമല്ലെന്നതും വന്നുകൂടും
836 അങ്ങനെ പോകത,ങ്ങംബരംതന്നിൽനി
837 ന്നിങ്ങനെയുള്ളൊരു ദേവിയപ്പോൾ
838 താഴെ നിന്നീടുന്ന കംസനോടായിട്ടു
839 കോഴ കളഞ്ഞു പറഞ്ഞു നിന്നാൾ:
840 "എന്നെ നീയെന്തിന്നു കൊല്ലുവാൻ കൂടുന്നു
841 നിന്നുടെ ഘാതകിയല്ല ഞാനോ.
842 സ്ഥാനങ്ങളോരോന്നേ മാനിച്ചു നല്കിനാർ
843 മാനവരെല്ലാരും ദേവിക്കപ്പോൾ
844 ആരണർ ചെയ്യുന്ന പൂജയെക്കൊണ്ടുകൊ
845 ണ്ടാദരവോടു തെളിഞ്ഞു മേന്മേൽ.
846 ഭൂലോകംതന്നിൽ വിളങ്ങിനിന്നീടിനാൾ
847 മൂലോകനായികയായ ദേവി.
848 അഞ്ചിതമായുള്ള ദേവിതഞ്ചൊല്ലെല്ലാം
849 നെഞ്ചകം പൂകിന കഞ്ചനപ്പോൾ
850 വിശ്വസിച്ചീടിനാൻ വിസ്മയിച്ചീടിനാൻ
851 കെട്ടുപെട്ടീടുന്ന ദമ്പതിമാരെയും
852 പെട്ടെന്നു ചെന്നങ്ങഴിച്ചു പിന്നെ
853 ഓർച്ചയും പൂണ്ടു പറഞ്ഞു നിന്നീടിനാൻ
854 ചാർച്ചയും ചേർച്ചയും വേഴ്ച്ചയുമായ്.
855 "നിങ്ങൾക്കു സൂനുവായുള്ളവനല്ലപോ
856 ലെന്നുടെ ഘാതകൻ, അന്യനത്രേ!
857 എട്ടാമതുണ്ടായ ബാലകനെന്നതോ പ
858 ട്ടാങ്ങല്ലെന്നതും വന്നുകൂടി.
859 ഈശ്വരവാക്കിന്നു സത്യതയില്ലെന്ന
860 താശ്ചര്യമാകുന്നതോർത്തതോറും
861 ഓരാതെ വന്നിട്ടു ഘോരനായുള്ള ഞാൻ
862 ആറു കീടാങ്ങളെക്കൊന്നേനല്ലോ.
863 എന്നുടെ വൻപിഴയെല്ലാമെ നിങ്ങന്നി
864 ന്നുന്നിച്ചു കണ്ടു പൊറുക്കേണമേ."
865 ഇങ്ങനെ ചൊന്നുടൻ തന്നുടെ മന്ദിരം
866 തന്നിലും പൂകിനാൻ ഖിന്നനായി.
867 പിറ്റേന്നാൾ നേരേ തന്നുറ്റോരെയെല്ലാമേ
868 തെറ്റെന്നു ചാരത്തുകൊണ്ടു പിന്നെ
869 കേട്ടു നിന്നീടുന്ന ദാനവരന്നപ്പോൾ
870 വാട്ടമകന്നൊരു വാർത്ത ചൊന്നാർ:
871 "ബാലനായുണ്ടു നിൻ കാലനായുള്ളവൻ
872 ഭൂലോകന്തന്നിലിന്നെങ്കിൽ ഞങ്ങൾ
873 ഒക്കവേ ചാലപ്പുറപ്പെട്ടു ചെന്നോരോ
874 ദിക്കുകളെങ്ങും നടന്നു പിന്നെ
875 കണ്ടുകണ്ടീടുന്ന ബാലകന്മാരെയോ
876 കണ്ഠം പിരിച്ചു കഴിക്കാം ചെമ്മേ
877 ബാലകന്മാരെന്ന വാർത്തകളെന്നിയേ
878 ഭൂലോകന്തന്നിലില്ലാതവണ്ണം
879 കൊന്നുകൊന്നീടുന്ന ബാലരെയെണ്ണുമ്പോൾ
880 ഒന്നിവനെന്നതും വന്നുകൂടും.
881 പിന്നെ നമുക്കൊരു വൈരിയും കൂടാതെ
882 നന്നായിവന്നീടും കാലം മേലിൽ.
883 ദേവകളാകുന്ന വൈരികളെന്നിയേ
884 കേവലമില്ല മറ്റെന്നു വന്നു.
885 ദേവകളെന്നുള്ളതില്ലാതെയാക്കുവാൻ
886 ആവതല്ലെങ്കിലും വേണമത്രേ.
887 ദേവകൾക്കുള്ളൊരു വേർ പറിച്ചീടുന്ന
888 തേവമെന്നിങ്ങനെ ചൊല്ലാമെങ്കിൽ
889 വേരായി നിന്നിതിദ്ദേവകളെല്ലാർക്കും
890 വീതനായ്പോരുമീന്നാരായണൻ
891 നാരായണൻതന്റെ വേരായിപ്പോരുന്ന
892 താരണരെല്ലാരും, വേദങ്ങളും
893 സത്യവും, ധർമ്മവും, യജ്ഞവും, ഗോക്കളും
894 ഇത്തരം പിന്നെയുമുണ്ടു മറ്റും
895 ആരണരല്ലോ കാ വേദങ്ങൾക്കെല്ലാമി
896 ന്നാധാരമായിട്ടു നിന്നതെന്നാൽ
897 ആരണരായോരെക്കൊന്നു നിന്നീടുമ്പോൾ
898 വേരോടെ പോമല്ലോ വേദങ്ങളും
899 ആജ്യത്തെക്കൊണ്ടല്ലോ യജ്ഞങ്ങൾ ചെയ്യുന്നൂ
900 താജ്യത്തിൻ കാരണം ഗോക്കളല്ലൊ,
901 ഗോക്കളെയെല്ലാമേ കൊന്നു നിന്നീടുമ്പോൾ
902 പോയ്ക്കെടുമോരോരോ യജ്ഞങ്ങളും.
903 ആരാനുമുണ്ടോ തപസ്സിനെച്ചെയ്യുന്നു
904 പാരാതെ ചെന്നു ചെറുപ്പുവെങ്കിൽ.
905 ഇങ്ങനെ ചെയ്യുമ്പോൾ വിഷ്ണവെന്നുള്ളതും
906 മങ്ങി മയങ്ങി മറഞ്ഞു മാറും
907 * ദേവകളും പോയ്വരണ്ടുപോമെന്നുമ്പോൾ
908 വേരോടു വേറായ ശാഖിപോലെ
909 ഇങ്ങനെ ചെയ്യുമ്പോൾ മേലിലെക്കാലമോ
910 മംഗലമായിട്ടേ വന്നുകൂടു,
911 മാഗധൻമുമ്പായ ബന്ധുക്കൾ ചൂഴുറ്റു
912 മാന്യരായ് നിന്നു സുഖിക്കാം പിന്നെ."
913 ഇങ്ങനെ ചൊന്നതു കേട്ടൊരു കംസൻതാൻ
914 അങ്ങനെയെന്നു തെളിഞ്ഞു ചൊല്ലി
915 പൂതനമുമ്പായ ദാനവയൂഥത്തെ
916 "ഭൂതലമെങ്ങും നടന്നു നിങ്ങൾ
917 ബാലകന്മാരുടെ ഹിംസയെച്ചെയ്കെ"ന്നു
918 ചാല നിയോഗിച്ചകത്തു പുക്കാൻ.
919 സ്നാനം തുടങ്ങിന വേലയുമാചരി
920 ച്ചൂണും കഴിഞ്ഞു തെളിഞ്ഞു പിന്നെ
921 വന്ദികൾ വാഴ്ത്തുന്ന വാർത്തയും കേട്ടോരോ
922 സുന്ദരമായുള്ള ഗീതങ്ങളും
923 നർത്തകന്മാരുടെ നൃത്തവും കണ്ടുക
924 ണ്ടുത്തമമായുള്ള മന്ദിരത്തിൽ
925 ബന്ധുക്കളായുള്ള മന്നോരുമായിട്ടു
926 സന്തുഷ്ടനായി വിളങ്ങിനിന്നാൻ.