കൃഷ്ണഗാഥ
ഒന്നാം ഭാഗം

കൃഷ്ണഗാഥ
രണ്ടാം ഭാഗത്തിലേക്ക്


1 ഇങ്ങനെയുള്ളൊരു ഹേമന്തകാലത്തു
2 മുമ്പിലെ മാനസത്തിലമ്പിനോടെ
3 മായംകളഞ്ഞുനിന്നാര്യയെസ്സേവിച്ചാ
4 രായർകുമാരികമാരെല്ലാരും
5 കാലം പുലർന്നുതുടങ്ങുന്ന നേരത്തു
6 കാളിന്ദിതന്നിൽ കുളിച്ചു പിന്നെ
7 നന്മണൽകൊണ്ടു പടുത്തങ്ങു ദേവിതൻ
8 നിർമ്മലമായൊരു ദേഹം തന്നെ
9 തീർത്തുഭജിച്ചാരങ്ങാ "ത്തിതീർത്തെങ്ങളെ
10 ക്കാത്തുകൊൾവാനിതാ കൈതൊഴുന്നേൻ.

11 കണ്ണനെ ഞങ്ങൾക്കു കാന്തനായ് നല്കേണം
12 വിണ്ണവർനായികേ മായികേ ! നീ."
13 ഇങ്ങനെ യാചിച്ചു പൂജിച്ചു കുമ്പിട്ടാർ
14 മംഗലമാരായ കന്യകമാർ.
15 നിത്യമായിങ്ങനെ സേവിച്ചുപോരുന്ന
16 മുഗ്ദ്ധമാരെല്ലാരുമന്നൊരുനാൾ
17 ദേവിയെപ്പൂജിച്ചു സേവയെപ്പൂരിച്ചു
18 പോവതിന്നായിത്തുടങ്ങുംനേരം
19 ശീതംകൊണ്ടെല്ലാരുമാതുരമാരായി
20 ട്ടാതപമേറ്റു മണത്തിട്ടമേൽ.

21 നിന്നു വിളങ്ങിനാർ ധന്യമാരായുള്ള
22 കന്യകമാരെല്ലാം കാന്തിപൂണ്ട്
23 പേശലമായൊരു കേശമഴിച്ചുനി
24 ന്നേശുന്ന ശോഭ കലർന്നു നന്നായ്
25 മംഗല്യമാണ്ടൊരു ശൃംഗാരവല്ലിതൻ
26 മങ്ങാതപോതങ്ങളെന്നപോലെ.
27 പുണ്യമിയന്നൊരു നാവുകൊണ്ടെല്ലാരും
28 കണ്ണന്റെ ലീലയെപ്പാടിപ്പാടി
29 ആതപമേറ്റങ്ങു ശീതം തോഞ്ഞീടുന്നൊ
30 രാതങ്കം വേറായ നേരത്തപ്പോൾ

31 ഏന്തുന്ന വീചികളാണ്ടൊരു വാരിയിൽ
32 നീന്തേണം നാമിപ്പോഴെന്നു നണ്ണി.
33 പൂഞ്ചായലെല്ലാം മുറുക്കി മണന്മേൽതാൻ
34 പൂഞ്ചേലയെല്ലാമഴിച്ചുവച്ച്
35 പൂന്തേനെ വെന്നുള്ള നന്മൊഴിമാരെല്ലാം
36 നീന്തിത്തുടങ്ങിനാർ മെല്ലെ മെല്ലെ.
37 കാനനം പൂകിന കാർവർണ്ണനന്നേരം
38 കാളിന്ദീതീരത്തു ചെന്നു മെല്ലെ.
39 ചോരനായ് നിന്നു നൽക്കൂറകളെല്ലാമേ
40 വാരിക്കൊണ്ടോടിനാൻ തീരമേതാൻ

41 നീടുറ്റു നിന്നൊരു നീപത്തിന്മീതേറി
42 പ്പാടിത്തുടങ്ങിനാൻ പാരം പിന്നെ.
43 കാന്തി കലർന്നുള്ള കന്യകമാരെല്ലാം
44 നീന്തിത്തളർന്നങ്ങു നിന്നനേരം
45 കാർമുകിൽവർണ്ണനേ വന്നതു കാണായി;
46 കാമിച്ചു നാണിച്ചാർ കണ്ടനേരം.
47 കൂറകൾചാരത്തു ചെന്നതു കണ്ടപ്പോൾ
48 കൂശിത്തുടങ്ങിനാർ മെല്ലെ മെല്ലെ.
49 വാരുന്ന നേരത്തു വാ പിളർന്നീടിനാർ
50 വാരിയിൽനിന്നുള്ള ബാലികമാർ

51 ഓടുന്ന നേരത്തു മാനസംതന്നെയു
52 മോടിച്ചാർ കൂടെത്തുടർന്നു പിമ്പേ
53 മാനസംതാൻ ചെന്നു, കൂറയുംകൊണ്ടു നീ
54 പോകൊല്ലായെന്നു ചെറുക്കാൻപോലെ
55 നീളന്തിരണ്ടൊരു നീപത്തിന്മേലേറി
56 നീലക്കാർവ്വർണ്ണന്താൻ നിന്നനേരം
57 ചാപലം കാട്ടിനാർ കോപവും കാട്ടിനാർ
58 വേർപാകിനിന്നൊരു വേഴ്ചയേയും;
59 ക്ഷീണവും നാണവും കാമവും പ്രേമവും
60 ദീനവും മാനവും കാട്ടിനിന്നാർ.

61 എന്തു നാം നല്ലതെന്നിങ്ങനെ തങ്ങളിൽ
62 ചിന്തിച്ചുനിന്നു നുറങ്ങുനേരം
63 കാളിന്ദിതന്നിലെ നീരായി നിന്നൊരു
64 നീലമാം ചേലയുംപൂണ്ടു ചൊന്നാർ:
65 "പെണ്ണുങ്ങൾ വീഴ്ത്തുള്ള വീഴ്പുകൾ വാരുവാൻ
66 കണ്ണ! നിനക്കെന്തു തോന്നീതിപ്പോൾ
67 ആരേലും വന്നിങ്ങു കാണുന്നതാകിലോ
68 ആചാരമല്ലെന്നു വന്നുകൂടും.
69 രേഖകൾ കാണുമ്പോൾ വീഴ്പുകൾ വാരുവാൻ
70 ഏകലില്ലേതുമിക്കൈകൾക്കെന്നാൽ

71 ആകുലമാരായ ഞങ്ങൾക്കു പാരാതെ
72 ഗോകുലനായക! കൂറ താ നീ."
73 നാരിമാരിങ്ങനെ ചൊന്നൊരു നേരത്തു
74 ധീരനായ് നിന്നങ്ങുചൊന്നാൻ കണ്ണൻ:
75 "വീഴ്പുകൾ വാരുവതാചാരമല്ലല്ലൊ
76 വായ്പോടു നല്കു ചൊല്ലെങ്ങനെ ഞാൻ?
77 കൂറകൾ വേണ്ടുകിൽ നീരിൽനിന്നെല്ലാരും
78 പാരാതെ വന്നിങ്ങു വാങ്ങിക്കൊൾവിൻ"
79 മണ്ടുന്ന മാങ്കുലംവന്നടികുമ്പിടും
80 മല്ലവിലോചനമാരെല്ലാരും

81 ഇണ്ടൽപൂണ്ടിങ്ങനെ പിന്നെയും ചൊല്ലിനാർ
82 കൊണ്ടൽനേർവർണ്ണനാം കണ്ണനോട്:
83 "മാലോകരെല്ലാരും വന്നതു കാണയ്യോ!
84 ലീലയ്ക്കു കാലമിതല്ല ചൊല്ലാം;
85 ചാലച്ചതിയാതെയെങ്ങളെയിങ്ങനെ
86 നീലക്കാർവർണ്ണരേ! കൂറ താ നീ.
87 മങ്കമാരായോരെ വഞ്ചിച്ചുപോരുന്ന
88 നിങ്കളവെങ്ങളറിഞ്ഞീലല്ലൊ.
89 സങ്കടമെങ്ങൾക്കു വന്നതു കാണയ്യോ!
90 പങ്കജലോചന! കൂറ താ നീ.

91 "ഭ്രാന്തുണ്ടിവർക്കെന്നു" ചൊല്ലുവർ ഞങ്ങളെ
92 പ്പാന്ഥന്മാരാരാനും കാണ്കിലിപ്പോൾ
93 നീന്തിത്തളർന്നു വശംകെടുന്നൂതയ്യോ
94 കാന്തവിലോചനാ, കൂറ താ നീ.
95 വെണ്മകേടിങ്ങനെ കാട്ടിനാലെല്ലാരും
96 സന്മതിയല്ലെന്നു ചൊൽവർ നിന്നെ,
97 തണ്മ നിനക്കിന്നും വന്നതിന്മുമ്പിലെ
98 കാണ്മായുള്ളോനേ! കൂറ താ നീ.
99 നിഞ്ചതികണ്ടെങ്ങൾ നെഞ്ചകമെല്ലാമേ
100 ചഞ്ചലമാകുന്നു മാഴ്കി മാഴ്കി.

101 പുഞ്ചിരികൊണ്ടിനി വഞ്ചന ചെയ്യാതെ
102 അഞ്ചനവർണ്ണരേ! കൂറ താ നീ.
103 കുറ്റമേ ചൊല്ലുവരെല്ലാരും കേൾക്കുമ്പോൾ
104 പറ്റാ നിനക്കിതു പാർത്തു കണ്ടാൽ.
105 വറ്റാതൊരമ്പു പുലമ്പിനിന്നെങ്ങൾക്കു
106 ചുറ്റത്തിൽ വന്നിങ്ങു കൂറ താ നീ."
107 ധന്യമാരായുള്ള കന്യമാരിങ്ങനെ
108 ഖിന്നമാരായ് നിന്നു ചൊന്നനേരം
109 പിന്നെയും ചൊല്ലിനാൻ നന്ദകുമാരകൻ
110 മുന്നലെക്കന്യമാരെല്ലാരോടും:

111 "പറ്റായെന്നിങ്ങനെ പത്തൂടെ ചൊല്കിലും
112 കറ്റച്ചിടയോന്തൻ പാദത്താണ
113 നിങ്ങളിങ്ങെല്ലാരും വന്നെന്നിയെന്നുമേ
114 അങ്ങു വന്നെന്നും ഞാൻ കൂറ നല്കേൻ,
115 പേശിനിന്നിങ്ങനെ കാലം കളയാതെ
116 വാശി കളഞ്ഞു നൽകൂറ കൊൾവിൻ."
117 ഇങ്ങനെ ചൊല്ലി നൽ പുഞ്ചിരി തൂകിനാൻ
118 അംഗനമാർമുഖം നോക്കി നോക്കി.
119 എന്നതു കേട്ടുള്ള കന്യകമാരെല്ലാം
120 ഏറിന നാണത്തെപ്പൂണ്ടു നിന്നാർ.

121 "കണ്ണന്തൻ മുമ്പിലേ ചെല്ലൂ നാമെല്ലാരും"
122 എന്നങ്ങു തങ്ങളിൽ ചൊന്നു പിന്നെ
123 "നീ മുമ്പിൽ" "നീ മുമ്പിൽ" എന്നങ്ങു തങ്ങളിൽ
124 പേശിത്തുടങ്ങിനാരൊട്ടുനേരം.
125 നാഭിക്കു കീഴായ വാരിയിലാകുമ്പോൾ
126 നാണിച്ചു പിന്നെയും വാരിയിലേ.
127 ചാടിത്തുടങ്ങിനാർ നീടുറ്റ കണ്ണന്തൻ
128 കേടറ്റ കണ്മുന കാകയാലേ.
129 കണ്ണന്റെ കണ്ണിന്നു വൈരിയായ് വന്നിത
130 പ്പെണ്ണുങ്ങൾ പൂണുന്ന നാണമപ്പോൾ.

131 കാളിന്ദിതന്നുടെ വൈമല്യമെന്നപ്പോൾ
132 കാർവർണ്ണൻകണ്ണിന്നു ബന്ധുവായി.
133 നാണിച്ചു പിന്നെയും നാരിമാർ നിന്നപ്പോൾ
134 നാഭിക്കു മേലുള്ള വെള്ളംതന്നിൽ.
135 ആനായനായകൻ കാണ്മുനയന്നേരം
136 മീനങ്ങളായിതോയെന്നു തോന്നും
137 ഒട്ടുപോതിങ്ങനെ വട്ടം പോന്നെല്ലാരും
138 തിട്ടതിപൂണ്ടങ്ങു നിന്നു പിന്നെ
139 പാണിതലങ്ങളെക്കൂറകളാക്കീട്ടു
140 നാണിച്ചുനിന്നു കരേറി മെല്ലെ

141 വാരിന കൂറകൾ വാങ്ങുവതിന്നായി
142 വാരിജലോചനനോടു ചൊന്നാർ:
143 "ഇങ്ങുവരേണമേയെന്നങ്ങു ചൊന്നപ്പോ
144 ളെങ്ങളതിന്നു മടിച്ചില്ലല്ലൊ
145 എങ്ങൾക്കു വന്നൊരു സങ്കടം കണ്ടിനി
146 മംഗലനായോനേ ! കൂറ താ നീ.
147 വാവിട്ടു യാചിച്ചുനിന്നുള്ളൊരെങ്ങളെ
148 ക്കേവലമിങ്ങനെയാക്കുമാറോ?
149 വാമൃഷ്ടംകൊണ്ടെങ്ങൾ സങ്കടം പൊയ്ക്കൂടാ
150 വാരിജലോചന ! കൂറ താ നീ.

151 ഇങ്ങനെ വന്നു നീ സങ്കടമാക്കിനാൽ
152 എങ്ങനെ ഞങ്ങൾ പുലർന്നുകൊൾവൂ?
153 നാളെയുമിങ്ങനെ സങ്കടമാക്കൊല്ലാ
154 നാളികലോചനാ! കൂറ താ നീ.
155 ഇങ്ങനെയെങ്ങളെക്കാണുന്നനേരത്തു
156 മെങ്ങുമൊരമ്പു പുലമ്പാതോതാൻ,
157 അമ്മമാർ പോന്നു വരുന്നതിൻ മുമ്പിലേ
158 കണ്മായുള്ളോനേ! കൂറ താ നീ.
159 അംഗജവൈരിതന്നംഘ്രികൾതന്നാണ
160 സങ്കടമാക്കാതെ കൂറ താ നീ."

161 നാരിമാരിങ്ങനെ പാരാതെ ചെന്നിട്ടു
162 കൂറകൾ താവെന്നു ചൊന്നനേരം
163 പൂരിച്ചുകൂടാഞ്ഞു തന്നുടെ വാഞ്ഛിതം
164 വാരിജലോചനനൊന്നു ചൊന്നാൻ:
165 "നിങ്ങൾ തുടങ്ങിന മംഗലകർമ്മത്തിൻ
166 ഭംഗമോ വന്നുതേ മങ്കമാരേ!
167 കൂറകൾ കൂടാതെ പാവനമായൊരു
168 നീരിലിറങ്ങിക്കളിക്കയാലേ
169 നിഷ്കൃതിയായിട്ടു ചൊല്ലുന്നേനൊന്നു ഞാൻ
170 ദുഷ്കൃതി പോവാനായ് നിങ്ങൾക്കിപ്പോൾ

171 ഈശനെക്കൈകൂപ്പി നില്പിനങ്ങെല്ലാരും
172 കൂശാതെ കൂറയും വാങ്ങിനാലും"
173 ഒട്ടുപോൽ ചിന്തിച്ചു മട്ടോലും വാണിമാർ
174 പട്ടാങ്ങെന്നിങ്ങനെ നണ്ണിപ്പിന്നെ
175 കൈകളാലൊന്നിനെക്കൂറയായ് വച്ചിട്ടു
176 വൈകാതെ വായ്പോടു കൂപ്പിനിന്നാർ.
177 എന്നതു കണ്ടൊരു നന്ദകുമാരകൻ
178 തൻ നിനവേതുമേ വാരാഞ്ഞപ്പോൾ
179 മൂക്കിന്മേൽ കൈവച്ചു ചൊല്ലിനിന്നീടിനാൻ:
180 "മൂർഖന്മാരായോരേ! കേൾപ്പിൻ നിങ്ങൾ

181 ഒറ്റക്കൈതന്നേക്കൊണ്ടീശനെ വന്ദിച്ചാൽ
182 മറ്റേക്കൈ ഛേദിപ്പൂതെന്നു ഞായം
183 എന്നതിനിന്നിനിദണ്ഡമായ് നണ്ണിനി
184 ന്നൊന്നേറെക്കൂപ്പുവിൻ ധന്യമാരേ!"
185 വാരിജലോചനനിങ്ങനെ ചൊന്നപ്പോൾ
186 നാരിമാരെല്ലാരും മെല്ലെ മെല്ലെ
187 ആശയംതന്നിലങ്ങേശുന്നോരാശയാൽ
188 പേശാതെയാശകൾ കൂറയാക്കി
189 നാണം വിലക്കവേ കണ്ണുമടച്ചുടൻ
190 പാണികൾ രണ്ടുമായ് കൂപ്പിനിന്നാർ.

191 വാർത്താരിൽബാണന്താൻ ചീർത്തോരു മോദംപൂ
192 ണ്ടാർത്തുതുടങ്ങിനാനെന്നനേരം.
193 ബാണങ്ങളെയ്തുമമ്മാനിനിമാരുടെ
194 നാണത്തെപ്പോക്കുവാനായില്ലപ്പോൾ.
195 നാണിച്ചുനിന്നവർ കൂറയും കൂടാതെ
196 ദീനമാരാകൊല്ലായെന്നപോലെ
197 രോമാഞ്ചമായൊരു കഞ്ചുകംകൊണ്ടവൻ
198 പൂമേനിയെല്ലാം മറച്ചുവച്ചു.
199 കാർവർണ്ണൻകണ്ണായ കാർമുകിൽതാനപ്പോൾ
200 കാരുണ്യവാരിയെപ്പെയ്തപോലെ

201 പൂവൽമെയ്തന്നിലക്കന്യമാരെല്ലാർക്കും
202 തൂവിയർപ്പെങ്ങുമേ പൊങ്ങിനിന്നൂ.
203 കോപിച്ചുനിന്നൊരു വൈനതേയന്തന്നെ
204 പ്പേടിച്ചുനിന്ന പാമ്പെന്നപോലെ
205 വമ്പുതാൻ കുമ്പിടും വാണിമാരെല്ലാർക്കും
206 കമ്പവുമുണ്ടായി മെയ്യിലപ്പോൾ
207 നാണവും പ്രേമവും കൂടിക്കലർന്നൊരു
208 നാരിമാർ കണ്ണിണയെന്നനേരം
209 സൂരനും തിങ്കളും ചാരത്തുനിന്നൊരു
210 വാരിജവേലയെപ്പൂണ്ടുനിന്നു

211 പാതി വിരിഞ്ഞൊരു പൂക്കളിൽ തേനുണ്ടു
212 പാരം വിളങ്ങുന്ന വണ്ടുതൻറെ
213 ലീലയെപ്പൂണ്ടു പുളച്ചുതുടങ്ങീത
214 ന്നീലക്കാർവർണ്ണന്തൻ കണ്ണു രണ്ടും
215 നാരിമാർപാണികൾ നാഭിക്കൽ ചെല്ലുമ്പോൾ
216 "കൂറകൾ വാങ്ങുവി" നെന്നു ചൊന്നാൻ.
217 "പാണികൾ കാട്ടാതെ നിങ്ങളിങ്ങാരുമേ
218 കൂറകൾ നല്കു ചൊല്ലെങ്ങനെ ഞാൻ?"
219 കൈകളെക്കാട്ടിന ബാലികമാരെല്ലാം
220 "വൈകൊല്ല" യെന്നപ്പൊളൊന്നു ചൊന്നാൻ.

221 "ദാരുതൻ കൊമ്പിന്മേൽ കെട്ടിന കൂറകൾ
222 പാരം വലിച്ചങ്ങു കീറാമോതാൻ?
223 കൂറകളോരോന്നേ നേരേ തെരിഞ്ഞു ഞാൻ
224 പാരാതെ നല്കിനാൽ വാങ്ങിക്കൊൾവിൻ,
225 ഒക്കവേ വന്നിങ്ങു തിക്കത്തുടങ്ങിനാൽ
226 എക്കയ്യിൽ മുമ്പിൽ ഞാൻ കൂറ നൽകൂ?
227 വെവ്വേറെ വന്നുനിന്നെന്നുടെ ചാരത്തു
228 ചൊവ്വോടെ ചേലകൾ വാങ്ങിക്കൊൾവിൻ
229 എന്നുടെ കൂറ പകർന്നുകളഞ്ഞായെ
230 ന്നെന്നോടു പിന്നെ വഴക്കാകൊല്ലാ.

231 നിന്നുടെ കൂറയിതെന്നു നിനക്കുള്ളിൽ
232 നിർണ്ണയമുണ്ടെങ്കിൽ വാങ്ങിക്കൊൾ നീ"
233 എന്നങ്ങു ചൊല്ലീട്ടു മറ്റൊരു കൂറയ
234 ക്കന്യകതന്മുന്നിൽ കാട്ടിനിന്നാൻ.
235 ഓരോരോ പാണികൾ കാട്ടീട്ടു പിന്നെയ
236 ന്നാരിമാർ നിന്നതു കണ്ടു ചൊന്നാൻ.
237 "ഓരോരോ കൈകളെക്കാട്ടിനാലെങ്ങനെ
238 നേരേ ഞാൻ കൈയിലേ കൂറ നൽകൂ?
239 കൈകളു രണ്ടുമുയർത്തീട്ടു കാട്ടിനാൽ
240 വൈകല്യമില്ലല്ലൊ ഒന്നിനും താൻ

241 നേരേ നമുക്കങ്ങു കൂറ തരുവാനും
242 പാരാതെ നിങ്ങൾക്കു വാങ്ങുവാനും
243 ഈരണ്ടു കൈകളുമൊക്കെയുയർത്തീട്ടു
244 നേരേ നൽ കൂറകൾ വാങ്ങിക്കൊൾവിൻ.
245 നീടുറ്റ ചേല നിലത്തങ്ങു ചാട്ടീട്ടു
246 പൂഴി പുരട്ടുവാൻ കൂട്ടല്ല ഞാൻ"
247 മംഗലമാരായ മങ്കമാരോടവൻ
248 ഭംഗികളിങ്ങനെ ചൊന്നു പിന്നെ
249 വാരിന കൂറകൾ പാരാതെ നല്കിനാൻ
250 വാരിജനേർമുഖിമാർകയ്യിലേ.

251 ചാഞ്ചല്യമാണ്ടുള്ള പൂഞ്ചായലാരെല്ലാം
252 പൂഞ്ചേലപൂണ്ടങ്ങു നിന്നനേരം
253 വെണ്ണിലാവുണ്ണുമ്പോൾ തിണ്ണമാക്കാർമുകിൽ
254 വെതിങ്കൾതന്നെ മറയ്ക്കയാലേ.
255 അണ്ണാന്നുനിന്ന ചകോരത്തിൻവേലയെ
256 ക്കണ്ണന്റെ കണ്ണിണ പൂണ്ടുനിന്നു.
257 തോഞ്ചൊരിഞ്ഞീടിന തൂമൊഴികൊണ്ടവർ
258 വാഞ്ഛിതമെല്ലാമേ നല്കിപ്പിന്നെ
259 "പാരാതെ പോകെങ്കി" ലെന്നങ്ങു ചൊല്ലിനാൻ
260 വാരാളും ചായലാരെല്ലാരോടും

261 നന്മൊഴികൊണ്ടവൻ നല്കിന വാഞ്ഛിതം
262 നന്നായി വാങ്ങിപ്പാനെന്നപോലെ
263 മാനസമന്നേരം കണ്ണനിലാക്കീട്ടു
264 മാനിനിമാരെല്ലാം മെല്ലെ മെല്ലേ
265 മാനംകൊണ്ടുണ്ടായ ദീനങ്ങളോരോന്നേ
266 മാനിച്ചു തങ്ങളിലോതിയോതി
267 പൊന്തിത്തുടങ്ങിന പന്തേലും കൊങ്കയും
268 ചന്തത്തിലാണ്ടു തൻ വീടുതന്നിൽ
269 ചെന്നങ്ങു പൂകിനാരിന്ദിരതന്നുടെ
270 മന്ദിരമായുള്ള സുന്ദരിമാർ.