കേശവീയം
രചന:കെ.സി. കേശവപിള്ള
മൂന്നാം സർഗം


  
               മൂന്നാം സർഗം

ഒരുനാളഥ കൗതുകേന ഭാമാ-
ജനകൻ തന്നുടെ സോദരൻ പ്രസേനൻ
നിജപൂർവജനോടു യൗവ്വനശ്രീ- 1
തരളാത്മാ വിനയംകലർന്നു ചൊന്നാൻ:-

അയി പൂർവജ!മാമകാശയത്തിൽ
കൊതിയൊന്നുണ്ടതിനായ് വളർന്നിടുന്നു;
ഫലമായതിനെത്തുവാൻ ഭവാൻത-
ന്നലിവൊന്നേ ശരണം ദയാപയോധേ! 2

മതിമോഹനമാം സ്യമന്തകത്താൽ
മലർമാതിന്നിലയത്തെയെന്നപോലെ
അനിശം തവ കീർത്തിലക്ഷ്മിയിന്നീ-
യുലകത്തേയുമലങ്കരിച്ചിടുന്നു. 3
                                                                    
മഹിമാവഹമായിനങ്കൽനിന്നും
മണിയൊന്നീവിധമാദ്യമാർന്നുകൊൾവാൻ
മതിവൈഭവമുത്ഭവിച്ചമൂലം
മനുജർക്കഗ്രജനഗ്രഗണ്യനായി. 4
                                                                      
കമലാകരലാളിതാംഘ്രിയാകും
കടൽവർണ്ണന്നുമതീവ കാമമുള്ളിൽ
ഉള്ളവാക്കിയതാമതോർക്കിലസ്മൽ- 5
കുലഭാഗ്യാകരജാതമേവ ജാതം
                                                                 
മമ കണ്ഠതടേ വിളങ്ങിടുന്നോ-
രിതുകണ്ടക്ഷിയടഞ്ഞു നില്ക്കവേതാൻ
കണകൊണ്ടു മൃഗങ്ങൾ കാട്ടിൽ വീഴു-
ന്നതു കണ്ടിടുവതിന്നെനിക്കു മോഹം. 6

ചപലത്വമിതെന്നു തോന്നിടൊല്ലാ
സഹജസ്നേഹനിധേ! ഭവാനു ചെറ്റും
പിതൃതുല്യ! ഭവാനിരിക്കെ ഞാനെൻ-
കൊതിയെന്തിന്നിഹ വന്ധ്യമാക്കിടുന്നു?' 7

18
സഹജോക്തമിദം ശ്രവിച്ചവൻ തൻ-
ഹൃദയം ക്ലാന്തി കലർന്നു ഹർഷമോടെ
ഉദയാസ്തവിലാസി ചന്ദ്രസൂര്യ-
ദ്യുതിയേറ്റീടിന സാരസം കണക്കേ. 8

അരുൾചെയ്തിതവൻ:- സഹോദരാ! നി-
ന്നഭിലാഷം ശുഭലാഭഹേതുവല്ല;
മൃഗയാവിധിതന്നെ നിന്ദ്യമാണെ-
ന്നുരചെയ്യുന്നു മദാശയം വിശങ്കം. 9

അബലങ്ങൾ ബലംകലർന്നവറ്റി
ന്നിരയെന്നുള്ള മൃഗാദി ജന്തുധർമ്മം
ഗുണദോഷവിവേചനാ സനാഥൻ
മനുജൻ ചെയ് വതു മാനനീയമാമോ? 10

ഉരിയാടരുതാത്ത ജന്തുവിങ്കൽ
ദുരിതം ചെയ്യുവതിന്നെഴുന്ന ധൈര്യം
ഉലകിൽ സുഖമാം ഫലത്തെ നൽകും 11
കൃപയാകുന്ന ലതയ്ക്കു വജ്രപാതം.

പലതെറ്റുകളും പൊറുത്തു നമ്മെ-
പ്പരിപാലിപ്പതിനീശനും പ്രമാണം
കൃപയാണ-തു വേണമെങ്കിൽ നാമും
കൃപയേതന്നെ സമാശ്രയിച്ചീടേണം. 12

അഥ പാത്രവിചാരമെന്നിയേതാൻ
കരുണവർഷമജൻ പൊഴിക്കിലും ,കേൾ
അതു ദാരുണ ചിത്തരിൽ ഫലിക്കാ
മരുവിന്മേൽ മുകിലിന്റെ മാരിപോലെ. 13
                                                            
പരിതാപകരം പരാപകാരം
പരമാന്ദകരം പരോപകാരം,
പരിശങ്കയൊഴിക്ക നീ;-യിതത്രേ
പരമാചാര്യവചസ്സമൂഹസാരം. 14
                                                             

അതുമില്ലിഹ ദിവ്യരത്നമായോ-
രിതു മല്ലാരിയുമാഗ്രഹിച്ചതല്ലോ
വരുമല്ലൽ വെളിക്കെടുത്തുവെന്നാൽ;
തരമെല്ലാവരുമോർത്തു പാർത്തിടുന്നു. 15

അതിനാലിതിനാഗ്രഹം വഹിക്കാ-
യ്കധുനാ കോവിദനായ നീ"-യിവണ്ണം
സഹജോക്തികൾ കേട്ടുടൻ പ്രസേനൻ
പ്രതിപാദിച്ചിതു വീണ്ടുമിപ്രകാരം:- 16

ഒരു ഹിംസയുമാചരിച്ചിടാതി-
ങ്ങുപജീവിപ്പതിനാർക്കുമാവതല്ല;
ഒരു ദീപമെരിക്കിലെത്രമാത്രം
ശലഭങ്ങൾക്കതു ഹോമകുണ്ഡമാകും? 17

മതിയായ ഫലം തരുന്നദിക്കിൽ
കൊല ചെയ്യുന്നതിലില്ല ദോഷലേശം;
സ്ഥിതിരക്ഷനിനച്ചു ഭ്രമിപന്മാർ
വധദണ്ഡത്തെ നടത്തിടുന്നുവല്ലോ. 18

മൃഗയാവിധി ദുഷ്ടജന്തുപാളീ-
നിധനത്തിന്നിഹ നിശ്ചയിച്ചതത്രേ,
അതുചെയ് വതിലില്ല ദോഷ,-മെന്ന-
ല്ലതിനാൽ സൗഖ്യവുമേറിടുന്നു ലോകേ. 19

മണിയോ മമ കണ്ഠസീമ്നിവാണാ-
ലണയാ തെല്ലുമതിന്നു ഹാനി നൂനം
അതിനാലപസംശയം ഭവാനി-
ന്നനുവാദം കനിവോടു നല്കിടേണം 20

അണിയാനുതകുന്നരത്നമീനാ-
മണിയാതിങ്ങൊരു കോണിൽ വയ്പതോർത്താൽ
ധനസംഹതി സംഭരിച്ചുവച്ചി-
ട്ടുപവാസം ശരണീകരിക്കയത്രേ. 21

മമ ജീവനിരിക്കിലിന്നു വിണ്ണിൻ-
മണിയാഴിക്കവതംസമായിടുമ്പോൾ
മണിസൗധമിതിന്നു നിർണ്ണയം നിൻ-
മണിയും മാന്യമതേ! വതംസമാകും. 22

ഇതുകേട്ടെതിരായുരപ്പതിങ്കൽ
ഗതികാണാതെ വലഞ്ഞു യാദവേന്ദ്രൻ
അധികാർത്തിമയാഗ്നി തപ്തനായി-
ട്ടിതികർത്തവ്യതയിങ്കൽ മൂഢനായാൻ . 23


സഹജപ്രതിപക്ഷതാഭയം, 'നീ-
യരുളേണം ; മണി'യെന്നുതന്നെ ചൊല്ലി
സഹജം നിജമായ ലോഭമപ്പോ-
'ളരുതേ' യെന്നു തടത്തു ശാഠ്യമോടേ. 24

അവതമ്മിലനല്പമല്പനേരം
സമരം ചെയ്തൊടുവിൽ ഭയം ജയിച്ചു
അവനും മണി വൈമനസ്യമുൾക്കൊ-
ണ്ടനുജന്നായസുവെന്നപോലെ നല്കി. 25


മണിതല്ലജമാർന്നുടൻ പരീക്ഷാ-
ബിരുദം പൂണ്ടൊരധീതിയെന്നപോലെ
പ്രമദാതിശയപ്രസന്നനായി
പ്രപദിച്ചാൻ നിജമാലയം പ്രസേനൻ. 26

അഥ തന്റെ സുഹൃജ്ജനത്തിനെല്ലാം
ദ്രുതമെത്തുന്നതിനാളയച്ചു ധീരൻ
വനയാനസമുത്സുകൻ സവേഗം
മൃഗയാവേഷമണിഞ്ഞു മഞ്ജൂളാഭം. 27

തരുവിന്നിലപോലെ പച്ചയാകും
നിറമാളുന്നൊരുടുപ്പു തൊപ്പിയേവം
പദരക്ഷകളും ധരിച്ചനേര-
ത്തവനക്ഷിക്കമൃതായമാനനായി. 28

വിമലോജ്ജ്വലകഞ്ചുകാംബരാന്തേ
വിലസദ്രത്നവിഭാകരൻ വിളങ്ങി;
പുരവാസികൾ തൻ മുഖങ്ങളായോ-
രരവിന്ദങ്ങളുമുല്ലസിച്ചിതപ്പോൾ. 29


പലമാതിരി വാഗുരാളിയേന്തി
ബ്ബലമാർന്നീടിന വേട്ടനായ്ക്കളോടും
ചിലർ കാടു വളഞ്ഞിടുന്നതിന്നായ്
പുലർകാലത്തിനു മുൻപുതന്നെ പോയാർ. 30


കുലവില്ലു ശരങ്ങൾ വേലു ശൂലം
കരവാളം മുതലായ ശസ്രുമേന്തി-
പല മല്ലജനങ്ങളങ്ങൊരുങ്ങി
പ്പരിവാരങ്ങളൊടൊത്തു വന്നുചേർന്നു. 31

മഹിഷീദധിപോൽ വെളുത്ത വർണ്ണം,
മസൃണച്ഛായ, മനോഹരാംഗജാതം,
അതി പൗരുഷമാമുയർച്ച-യെന്ന-
ല്ലതിനൈഷ്ഠുര്യമിയന്നതായ ഹേഷ 32


ശശിരശ്മികൾ തൻ ഗളം ഗ്രഹിക്കും
വിശദം കേസരമച്ഛമായ പുച്ഛം,
പവമാനസമാനമായ വേഗം,
ദൃഢമായോരുടൽ , വീതിയുള്ള വത്സം. 33


ഇവയാർന്നു വിളങ്ങിടുന്നൊരശ്വ-
പ്രവരൻതന്നെയവന്റെയന്തികത്തിൽ
കടിഞാണു പിടിച്ചു കൊണ്ടുവന്നാ-
രതിയത്നത്തൊടു രണ്ടു പൂരുഷൻമാർ. 34

                                                 (വിശേഷകം)

ശരിയായ പദക്രമം നയിപ്പാ-
നുതകും സൗഭഗമാർന്നൊരത്തുരംഗം
അവനിൽ കുതുകം വളർത്തിയേറ്റം
കവിയിൽ പേശലമാശയം കണക്കേ. 35


ശരപാളി നിറ‍ഞ്ഞ തൂണി തോളിൻ-
പിറകിൽ ചേർത്തു വിചിത്രമായ ചാപം
ഒരുപാണിയിലേന്തിയദ്ദൃഢാംഗൻ
തുരഗത്തിൻമുകളിൽ തദാ കരേറീ. 36


ഹരിതാഭനവൻ സിതാഭമാകും
മഹിതാശ്വത്തിൽ മനോഹരം വിളങ്ങി
രജതാചലശൃംഗമേറി നില്ക്കും
നവതാപി‍ഞ്ഛപലാശിയെന്നപോലെ. 37


അതുപോലെ ഹയാധിരൂ‍ഢരായോ-
രനുഗന്മാരൊടു ചേർന്നുടൻ പ്രസേനൻ
ചരിതാർത്ഥകനാമധേയമായി
ത്വരിതം യാത്രതുടങ്ങി കാട്ടിലേയ്ക്കായ്. 38


ഹയരത്നമതിൽ ദ്യുരത്നദത്തം‌
മണിരത്നത്തെയണിഞ്ഞു യാത്രചെയ്യും
യുവരത്നമവന്റെ കാന്തികാണ്മാ
നതിയത്നം പഥിപൂണ്ടു പൗരലോകം. 39


ശരിയായ് വിരിവാർന്നതായ മാറ-
ത്തതിയാകും ദ്യുതിയാലലം ജ്വലിക്കും
മണിയാലൊരു വെള്ളിരേഖ മാറാ-
തവനാ വാനിൽ വരച്ചുകൊണ്ടുപോയാൻ. 40


ത്വരിതം പുരിതന്റെ സീമലംഘി-
ച്ചടവീദേശമതിൽ കടന്നനേരം
ഗിരികാനനകാന്തിതൻ ഗഭീര-
സ്ഥിതി കണ്ണിന്നതികൗതുകത്തെ നല്കി. 41


മലയും ശിലയും മരങ്ങൾ കാറ്റേ-
റ്റുലയുന്നോരൊലിയും സുഗന്ധപൂരം
കലരും മലരിൻവിലാസവും ശ്രീ
പുലരും ചോലകളും വിളങ്ങിപാരം. 42



ഇവ മിന്നൽകണക്കു കണ്ടുകൊണ്ടാ-
യുവമന്നൻ മൃഗയാവനത്തിലെത്തി;
മൃഗസഞ്ചയമങ്ങുമിങ്ങുമായി-
ട്ടിളകീടുന്നൊരു ഘോഷവും തുടങ്ങി. 43


ഹരിണങ്ങൾ ചലാചലോല്പലശ്രീ
ചൊരിയും ദൃഷ്ടിവിലാസമോടു മണ്ടി;
കലയും മുയലും കലർന്നു തിങ്ങി-
ത്തലയും പൊക്കിയുടൻ കുതിച്ചുപാഞ്ഞു. 44


കടുവാ കിടി വാരണാദി നാനാ-
പടുസത്വങ്ങൾ പരിഭ്രമിച്ചു പാരം
കടുവാകിയ കണ്ഠനിസ്വനത്തോ-
ടടവീമണ്ഡലമാകവേയിളക്കി. 45


അഴികൾക്കു സമാനമായ് വനത്തെ-
ശ് ശുനകശ്രേണി വളഞ്ഞു നില്ക്കയാലേ
ഒഴിവാനുംഴറും മൃഗവ്രജത്തി-
ന്നുളവായ് പഞ്ജരബന്ധപാരവശ്യം. 46



അവയിൽ പലതും പ്രസേനവീര-
പ്രഹിതം ബാണഗണം തറച്ചുവീണു
ചലമാകിയ ലാക്കിലസ്രുമേല്പി-
ച്ചലമാനന്ദമവന്നുമുത്ഭവിച്ചു. 47


അതുകൾക്കുളവായിടുന്ന ഭൂരി-
വ്യഥകണ്ടീടുക വേണ്ടയെന്നുകണ്ടു
ഹരിദംഗനമാരുടൻ മറഞ്ഞാർ
പൊടിയാകും പടമന്ദിരത്തിനുള്ളിൽ. 48


തരുവിൻ ശിഖരങ്ങൾ തോറുമെത്തി-
ത്തലകീഴായ് ത്തപമാചരിച്ചിടുന്നോർ
ഇവരെന്തുപിഴച്ചിതെന്നു ചൊല്ലി-
ജ്ജതുകാപങ് ക്തി പരന്നു വിണ്ണിലെല്ലാം. 49




24
അഭയം വയമത്ര നല്കിടുന്നോ-
രിവയിൽ സാഹസമാചരിപ്പതേവം
അരുതെന്നു മഹാതരുക്കൾ ശാഖാ-
കരമാട്ടിക്കനിവോടുടൻ വിലക്കി. 50


ഇഹ ശല്യമൃഗങ്ങൾ മുളളു ചിന്നും-
പൊഴുതിൽ ശല്യനിരയ്ക്കു ലക്ഷ്യമായി
കിടി കൊൽവതിനായടുത്തിതസ്രും
പിടിയോളം ദൃഢമേറ്റതോർത്തിടാതെ. 51


ഇഷുവേറ്റു കഠോരമാടൽ വാഹ-
ദ്വിഷദാളിക്കു പിണഞ്ഞ നേരമേറ്റം
കൃതകൃത്യത പൂണ്ട വാഹജാലം
ബഹുനൃത്തങ്ങൾ നടത്തിയുല്ലസിച്ചു. 52


“നവകോശനിഷണ്ണനാകുമെൻപേർ
കവരാനെന്തടവീനിവാസിയാം നീ?”
ഇതി കോപമിയന്ന ഖഡ് ഗഘാതം
ബഹുധാ ചെയ്തു യദുപ്രവീരഖഡ്ഗം. 53


മൃഗയാരതിയാർന്നു ഗാഢമന്യ-
സ് മൃതി കൈവിട്ടു രമിച്ചുകൊണ്ടിവണ്ണം
നിയതസ്ഥലവും സ്വസംഘവും വി-
ട്ടപഥത്തിങ്കലവൻ ഗമിച്ചു ദൂരം. 54


ശരകാനനമൊന്നതിന്നടുക്കൽ
പുരുകാന്തിപ്രസരം ലസിച്ചിരുന്നു;
അതിനുള്ളിലണഞ്ഞു ഗൂഢമായി-
ട്ടൊരു സിംഹാധിപനും ശയിച്ചിരുന്നു. 55


അതിഗൗരവമാഭിജാത്യമോടൊ-
ത്തനിശം തിങ്ങി വിളങ്ങിടും തദാസ്യം
മൃഗസഞ്ചയസാർവഭൗമഭാവം
നിജമാണെന്നറിയിച്ചു നിർവിവാദം. 56

തുലയറ്റ മഹാജവം കരുത്തുൾ-
ക്കലരും കൗശലമെന്നിവറ്റിനാലേ
നിജരാജ്യമിവൻ ഭരിച്ചതിങ്കൽ
ദ്വിരദാദ്യങ്ങൾ വിസംവദിച്ചതില്ല.
                                                                                                                    57

അതുമല്ലിവനുള്ള സന്നിധാനം
ബഹുഭീതിപ്രദമാണവറ്റിനെല്ലാം;
നിജശക്തി സമസ്തജിഷ്ണുവാണെ-
ന്നിവനും വേണ്ടവിധം ധരിച്ചിരുന്നു. 58


ഉദയാസ്തമയങ്ങൾതോറുമുച്ചൈ-
ന്നിജസാമ്രാജ്യവിളംബരം കണക്കേ
ഇവനർത്ഥമിയന്ന സിംഹനാദം
ഭുവനത്രാസദമുച്ചരിച്ചിരുന്നു. 59


ഇടിപോലതു പാഞ്ഞണഞ്ഞു പാരം
സ്ഫുടമാമഗ്നിവളർത്തിയുൾത്തടത്തിൽ
മൃഗരാശികളെത്തുരത്തി വേഗാ-
ലഭയസ്ഥാനമണച്ചുകൊണ്ടിരുന്നു. 60


വിപിനാധിപനായിവണ്ണമെല്ലാം
പല നാളായ് മരുവുന്നൊരാമൃഗേന്ദ്രൻ
ക്ഷുധയാലധുനാ വലഞ്ഞു തീറ്റി-
ക്കൊതിയോടങ്ങു ശയിക്കയായിരുന്നു. 61


അതിവിസ്തൃതിയാർന്ന മസ്തകത്തിൻ-
മുകളിൽ തിങ്ങിയെഴും സടാസമൂഹം
അധികായതി പൂണ്ടു നാലുപാടും
തിരമാലയ്ക്കെതിരായ് പടർന്നിരുന്നു. 62


കനൽപോലെ കഠോരമായ നേത്രം
സഹജക്രൗര്യനികേതമായ വക് ത്രം
ദൃഢസംഹതിഘോരമായ ഗാത്രം
ജിതവജ്രം നഖപങ് ക്തിയും വിചിത്രം 63


26

ചെറുതായൊരു ശബ് ദമൊട്ടു ദൂര-
ത്തുളവായീടുകിലും സ്ഫുടം ഗ്രഹിപ്പാൻ
ഉതകും ശ്രവണങ്ങളുററു കൂർപ്പി-
ച്ചിരയെത്തുന്നതു കാത്തിരുന്നു വീരൻ. 64


നുരനിര ചിതറുന്ന വക് ത്രമോടും
ഖുരപുടതാഡിതഭ്രമിരേണുവോടും
തുരഗവരനുമപ്രസേനനെക്കൊ-
ണ്ടുരുതരവേഗമ​ണഞ്ഞിതസ്ഥലത്തിൽ. 65


തരംനോക്കിത്താണങ്ങനെ മരുവുമ-
       ക്കേസരിപ്രൗഢന്തഢ-
ത്വരം മേല്പെട്ടൂക്കോടൊരു കുതി കുതി-
        ച്ചുഗ്രസംരംഭമോടെ
തുരംഗത്തിൽക്കേറിത്തിറമൊടു നവാ
            ഖേടകേളീവിനോദം
 പരം തേടിപ്പായും തരുണനവനെ-
               ത്തന്നെ നായാടി ഘോരം. 66
 
ഇടിപോലെയലർച്ചയോടു മിന്നൽ-
ക്കൊടിപോൽ പാഞ്ഞണയും മൃഗാധിപന്റെ
അടിയേറ്റു സഹാശ്വനാം പ്രസേനൻ
തടിപോൽ സത്വമുടൻ വെടിഞ്ഞുവീണു. 67
                              
രുധിരപാരണ ചെയ്തു കുമാരനെ-
ക്കുതിരയോടവിടത്തിൽ വെടിഞ്ഞുടൻ
ഹരി വരിച്ചൊരു രത്നമയത്നമാ-
ഹരി കടിച്ചുപിടിച്ചു തിരിച്ചുതേ. 68


“മൃഗയാനുവർണ്ണനം" എന്ന മൂന്നാം സർഗം സമാപ്തം.

"https://ml.wikisource.org/w/index.php?title=കേശവീയം/മൂന്നാം_സർഗം&oldid=81121" എന്ന താളിൽനിന്ന് ശേഖരിച്ചത്