കേശവീയം
രചന:കെ.സി. കേശവപിള്ള
രണ്ടാം സർഗം


  
രണ്ടാം സർഗം

അനന്തരം ശ്രീകമിതാവൊരുന്നാൾ
സ്യമന്തകം കാണ്മതിനെന്നു ചൊല്ലി
അനന്തഹേമാഭ കലർന്നു ഭവ്യം-
പുലർന്ന ഭാമാഭവനം ഗമിച്ചാൻ. 1

ആത്മീയകൃത്യങ്ങൾ വെടിഞ്ഞു വേഗാ-
ലാബാലവൃദ്ധം പുരവാസിലോകം
അണഞ്ഞു കണ്ണൻതിരുമേനി കണ്ണാൽ
നുകർന്നു സംതൃപ്തിവരാതെ വീണ്ടും. 2

കാർവേണിമാർ കൗതുകമോടയയ്ക്കും
കടാക്ഷജാലം പിറകേയണഞ്ഞു
ചിന്നും ചിദാനന്ദമരന്ദസാര-
മിരന്നൊരിന്ദിന്ദിരമാലപോലെ. 3

മുരാരിതൻ മോഹനമെയ്യിൽനിന്നു
മാന്താർശരൻതന്നെ ലഭിക്കമൂലം
മാർഗസ്ഥരാമമ്മഹിളാജനങ്ങൾ
വൈദർഭിമാരായി വിളങ്ങിയപ്പോൾ. 4

പദങ്ങൾ കുമ്പിട്ടു കൃതാർത്ഥരായ
ജനങ്ങൾതൻ ഭക്തിമയാംബുരാശി
മുകുന്ദമന്ദസ്മിതവെണ്ണിലാവേ-
റ്റുയർന്നുവേലാതിഗമുല്ലസിച്ചു. 5

എൻവന്ദനം നന്ദനമായി നന്ദൻ-
തൻ നന്ദനനെന്നു ജനങ്ങളെല്ലാം
ആനന്ദമാകുന്നൊരു ചന്ദനച്ചാ-
റണിഞ്ഞ നെഞ്ചാർന്നു വണങ്ങിനിന്നാർ. 6

അറിഞ്ഞു കൃഷ്ണാഗമനം മനസ്സിൽ
നിറഞ്ഞുയർന്നോരു കുതുഹലശ്രീ
നയിച്ചുതേ മാളികതന്റെ മേലേ-
നിലയ്ക്കു ഭാമാസുകുമാരദേഹം. 7


മനസ്സു മോഷ്ടിച്ചു മറഞ്ഞു മേവും
മൈക്കണ്ണിയെക്കണ്ടുപിടിക്കുവാനായ്
മുകുന്ദനേത്രം മണിമേട കാണ്മാൻ
മോഹിച്ച ഭാവത്തൊടണഞ്ഞിതുള്ളിൽ. 8


സസംഭ്രമം ചെന്നെതിരേറ്റു ഭാമാ-
ചക്ഷുസ്സുടൻ സ്വാഗതവാക്യമോതി
സൗഹാർദ്ദമുൾക്കൊണ്ടതിനോടുകൂടി-
സ്സരോജനേത്രാം ഗമണഞ്ഞു വേഗാൽ. 9

ദൈത്യാരിയെത്തുന്നതറിഞ്ഞുസത്രാ-
ജിത്താദരത്താലെഴുനേററു മന്ദം
സാമോദമേതൽസവിധത്തിലെത്തി
പ്രേമോദയംപൂണ്ടെതിരേററിരുത്തി. 10

പൊന്നിൻകതിർപ്പൂങ്കല തിങ്ങി വിങ്ങി-
ത്തിളങ്ങിടും തൽസദനാന്തരശ്രീ
മഞ്ജൂപ്രഭം മഞ്ഞവെയിൽപ്രകാശം
ഘനീഭവിച്ചെന്നവിധം വിളങ്ങി. 11

ചിന്നുന്ന പൊന്നിൻ പ്രഭതൻപ്രഭാവം
പ്രാപിച്ച പത്മേക്ഷണദേഹമപ്പോൾ
ചാഞ്ചല്യമില്ലാത്തൊരു ചഞ്ചലാളി
കലർന്ന കാർകൊണ്ടൽകണക്കു മിന്നി. 12

അമൂല്യരത്നങ്ങൾ സമുല്ലസിക്കും
സുവർന്നസിംഹാസനമുജ്ജ്വലാഭം
അലങ്കരിക്കുന്ന മുരാരിതന്നോ-
ടവൻ കനക്കും കുതുകേന ചെന്നാൻ:- 13

ഹരേ! ഭവാൻ പാദമണയ്ക്കയാലി-
ഗ്ഗൃഹത്തിനുണ്ടായി പവിത്രഭാവം
സാഫല്യവും സാമ്പ്രതമാത്മജന്മ-
മനോരഥത്തിന്നുളവായ് മഹാത്മൻ! 14

തന്നാനെനിക്കായൊരു ചാരുരത്നം
നന്നായ് പ്രസാദിച്ചിഹ ലോകബന്ധു
ഭവാൻ ഗ്രഹിപ്പാനതു ചൊല് വതിനായ്
വരേണമെന്നോർത്തിതു മുന്നമേ ഞാൻ. 15

അമന്ദവാത്സല്യമോടെന്നുമെന്നാ-
ലാരാദ്ധ്യമാനം സുതരാം പവിത്രം
അതിങ്ങുനിത്യം കമലാവിലാസ-
മതിപ്രഭാവത്തൊടു ചേർത്തിടുന്നു. 16
                                                                                                          
കാമാനുകൂലം വിഭവം കലർന്നു
രമിച്ചുകൊൾവാനുകുന്നവണ്ണം
മാഹാത്മ്യമേറുന്നൊരതിങ്കലാശ
പലർക്കുമുണ്ടിങ്ങു വളർന്നിടുന്നു. 17

അതിന്റെയുൽക്കർഷമറിഞ്ഞിടുമ്പോൾ
ഭവാനുദിക്കും പ്രമദാകൂലത്വം
എന്നോടു സൗഹാർദ്ദവിശേഷവും മേൽ
വന്നീടുമെന്നോർത്തു വസിച്ചിടുന്നേൻ.” 18
  
വിശേഷമെല്ലാം വിധിപോൽ പറഞ്ഞാ-
വിശുദ്ധനേവം വിരമിച്ചനേരം
തദീയസാരസ്യ ചമൽകൃതാത്മ
താപിഞ്ഛസൂനാഞ്ചിതമൂർത്തി ചൊന്നാൻ:- 19

“സുഹൃന്മണേ! നിൻസുകൃതാതിരേകം
സുഖം മനസ്സിന്നരുളുന്നു പാരം
സുവർണമീവണ്ണമെഴുന്ന രതത്നം
സുരേന്ദ്രസത്മത്തിലുമില്ലയല്ലൊ. 20

മനസ്സിൽ മോദാതിശയം ത്രിലോകീ-
മഹസ്സിനേവം പുലരും പ്രകാശം
വപുസ്സുഖത്തെക്കരുതാതെചെയ്ത
തപസ്സു തേ വിസ്മയനീയമത്രേ. 21

കാമപ്രദം നിൻ മണി കാണുവാനെൻ-
കണ്ണിനു കൗതുഹലമുണ്ടു പാരം
സ്ഥാനത്തിൽനിന്നായതു പോയിടാതെ
പാലിപ്പതിന്നും പരമാഗ്രഹം മേ.” 22

മുരാരിതൻ വാക്യഗുണം ഗ്രഹിച്ചു
മുതിർന്ന മോദാം ബുധിതന്നിൽ മുങ്ങി
മനോജ്ഞാകും മണി കൊണ്ടുവന്നു
മാനിച്ചു ധന്യൻതിരുമുമ്പിൽ വച്ചു. 23

ചൂടേതുമില്ലാതെ നിജപ്രകാശം
ചേർന്നുജ്ജ്വലിക്കും ചെറുഭാസ്കരൻപോൽ
ചൂഴും മഹാശുഭ്രതരാം ശുജാലം
ചൊരിഞ്ഞു ശോഭിച്ചു മണിപ്രകാണ്ഡം. 24

തത്രത്യ നാനാമണി ഹേമപങ് ക്തി
തദീയകാന്തിച്ഛടകൊണ്ടു മങ്ങി
വിദ്യുൽപ്രദീപം വിലസുന്നനേരം
മറ്റുള്ള ദീപാവലിയെന്നപോലെ. 25

മണീവിലാസം രമണീയരൂപം
മനസ്സിലോർത്തമ്മധുവൈരിദേവൻ
മനോഹരസ് മേരമുഖാരവിന്ദൻ
മാനിച്ചുചൊന്നാനവനോടിവണ്ണം:- 26


“മനുഷ്യലോകത്തിനു ദേഹയാത്ര-
യ്ക്കാവശ്യമായ് വേണ്ടതിലൊന്നു വിത്തം
അതേറ്റമേകീടുമിതേവമാർന്ന
ഭവാനു പൂർണ്ണം കൃതകൃത്യഭാവം. 27

എന്നാൽ ഭവാനുള്ളിലിതൊന്നുമാത്രം
നന്നായ് വിചാരിച്ചു വസിച്ചിടേണം
വിശിഷ്ടമാം മോദമെഴുന്നദിക്കിൽ
വിഷാദബീജങ്ങളൊളിച്ചുമേവും. 28

സമാനഭാവത്തെയൊരാൾ കവിഞ്ഞാ-
ലവങ്കലുണ്ടാതസൂയ ഞായം
അനർത്ഥജാലങ്ങൾവന്നു ചേർപ്പാൻ
നിരർത്ഥമായും തുനിയും ജനങ്ങൾ 29

ശ്രീയും സഖേ! സംശയമില്ല മന്നിൽ
സ്ത്രീയും നിമിത്തം കലഹത്തിനെല്ലാം

അതിന്നു ലാക്കായി വരാതിരിപ്പാൻ
മുതിർന്നുപായം കരുതീടണം നീ. 30

അയത്നമായിങ്ങു സുഖിപ്പതിന്നും
സപത്നസന്ത്രാസമൊഴിപ്പതിന്നും
രത്നം ഹരിക്കുന്നൊരു പാർത്ഥിവന്നീ-
രത്നത്തെ നല്കീടുക യുക്തമത്രേ. 31

ഇതിങ്കൽനിന്നുള്ള ധനങ്ങളെല്ലാം
വിശങ്കമിങ്ങേകുവനില്ല ഭേദം
നൃപങ്കലായാലിതു പാലിതംതാൻ
ശിവങ്കൽമേവും ശശിലേഖപോലെ. 32

ധനത്തിലോ രത്നവരത്തിലോ മേ
മനസ്സിലില്ലാശ;നിനയ്ക്ക ധീമൻ!
ശുഭത്തെ വാഞ്ഛിച്ചിതു ചൊല്ലി ഞാൻ തേ.,
ഹിതത്തെ മിത്രം പറയേണമല്ലോ. 33

അരാതിയാൽ കേടുവരാതെ കണ്ടീ-
രത്നം സയത്നം സതതം ഭരിപ്പാൻ
തവാത്മധൈര്യം തിരളുന്നുവെന്നാൽ
തരേണമെന്നില്ലിതിരുന്നിടട്ടെ. 34

 ഏവം മുകുന്ദോദിതമാം ഹിതോക്തി-
യവന്റെ ഹൃത്തിന്നഹിതോക്തിയായി
വിത്തം കൊടുക്കേണ്ടിവരുന്ന കാര്യം
ലുബ്ധന്റെ കർണ്ണത്തിനു ശല്യമല്ലോ. 35

എന്താണു ചെയ്യേണ്ടതിതിങ്കലിപ്പോ-
ളെന്താണു ചൊല്ലോണ്ടതു ദൈവമേ! ഞാൻ?
ചെന്താരിൽമാതിൻ നിയതസ്വഭാവം
സന്താപമേകീടുകതന്നെയോവാൻ! 36

സന്താപമാർജ്ജിപ്പതിന- പ്രകാരം
സന്താപമാർജ്ജിച്ചഥ കാത്തുകൊൾവാൻ
സന്താപമന്യാർത്ഥനയെ ഗ്രഹിച്ചാൽ,
സന്താപമന്യാർത്ഥന തളളിയാലും. 37

പാലാഴിതന്നിൽ പലനാൾ വിഷത്തോ-
ടൊന്നിച്ചു വാണീട്ടു പിരിഞ്ഞനേരം
ഓർമ്മയ്ക്കു സന്താപഗുണം തദീയം 38
ഗ്രഹിച്ചു പോന്നാളിവളില്ല വാദം.

ശ്രീശന്നിതേകാതെയിരുന്നിടാമോ?
ശ്രീപാത്രമായോരിതു വേർപെടാമോ
ഏതാകിലും യത്നവിശേഷലബ്ധം
രത്നം കൊടുപ്പാനെളുതല്ല നൂനം.,, 39

മനസ്സിലീവണ്ണമുദിച്ച മാന്യം-
മറച്ചു വീ​ണ്ടും വിനയം വഹിച്ചു
മഹാമനസ്കൻ മധുവൈരിയോടു
മന്ദസ്മിതം പൂണ്ടവനും പറഞ്ഞാൻ:- 40

എന്തെങ്കിലും നിന്തിരുമേനിചൊന്നാ-
ലെനിക്കു പക്ഷാന്തരമില്ല തെല്ലും
ഇതിങ്കൽനിന്നുത്തരപക്ഷ മത്രേ-
യെനിക്കുമിന്നുത്തരപക്ഷമോർക്ക. 41
 
മദീയമാം മന്ദിരമത്രയല്ല
മദീയമാകും മണിയും മഹാത്മൻ
മദീയമായീടിന ജീവിതത്തിൻ-
സർവസ്വവും നിന്നുടെതന്നെയല്ലോ. 42

എന്നല്ല, ഭ്രവല്ലഭ! നിന്റെയാത്മ-
സാന്നിദ്ധ്യമില്ലത്തൊരു ദേശമുണ്ടോ?
എന്നാകിലും രത്നമിദം നിനക്കു
കാണുന്നതില്ലിന്നൊരു ഭേദവും ഞാൻ. 43

നിഞ്ചാരചക്ഷുസ്സു നിരന്നു നിത്യം
സഞ്ചാരവമാർന്നിങ്ങു വിളങ്ങിടുമ്പോൾ
എഞ്ചാരുരത്നത്തെയെടുത്തുകൊൾവാൻ
നെഞ്ചാരു ധൈര്യത്തിൽ നിറുത്തിടുന്നു? 44

ഭവാൻ കനിഞ്ഞെന്നുടെ നന്മകൾക്കു
ഭർത്തൃത്വമേറ്റങ്ങു വസിക്കുമെങ്കിൽ
ഭയംവെടിഞ്ഞീ മണി ഭംഗമെന്ന്യേ
ഭരിക്കുവേൻ ഞാൻ ഭരണീയ ബന്ധോ! 45

വരാനിരിക്കുന്നതുകൂടിയോതും
വാക്കീവിധം കേവലമോർത്തിടാതെ
വദിച്ചു മോദാൽ വിരമിച്ചു ധന്യൻ;
വിധിക്കു വാഗ്ദേവി വിധേയയല്ലോ. 46

എന്നാൽ ഭവാൻ ചൊന്നതുപോലെതന്നെ;
പിന്നീടു കാണാമിനി-യെന്നുചൊല്ലി
ദയാർഹമായുള്ളൊരവന്റെ ലോഭം
നിനച്ചുകൊണ്ടുച്യുതനും തിരിച്ചു. 47

മകൾക്കെഴും ദൃഷ്ടി തനിച്ചു പോയാൽ
മാഴ്കീടുമെന്നുള്ളിൽ നിനച്ചവണ്ണം
അവൻ മുകുന്ദന്നനുയാത്ര ചെയ്തു
തദാജ്ഞ കൈകൊണ്ടു മുദാ മടങ്ങി. 48

തനിക്കു പോകാൻ കഴിയുന്നദൂരം-
വരയ്ക്കുതാനേ പിറകേ നടന്നു
വരാംഗിതൻദൃഷ്ടി വരേക്ഷണത്തെ-
പ്പുണർന്നു പെട്ടന്നു മടങ്ങി മന്ദം. 49

പോന്നീടാവേയമ്മിഴിപാവനശ്രീ‍‍
പത്മേക്ഷണൻതൻ പദലക്ഷമപങ് ക്തി
പതിഞ്ഞൊരപ്പദ്ധതിയിങ്കലുള്ള
പാംസുവ്രജത്തെപ്പരമാദരിച്ചു. 50

പാദങ്ങളെച്ചേർത്തു പവിത്രഭാവം
പാരിന്നു നല്കിപ്പരമാത്മരൂപൻ
പത്മാലയോല്ലാസദാനർക്കതതുല്യം
പ്രാപിച്ചു സായം നിലയം മുകുന്ദൻ. 51

'ഞാൻ തന്നരത്നം കമലേശ്വരന്നായ്
താന്തോന്നിയാം നീയരുളാഞ്ഞതെന്തേ?
എന്നേവമാ യാദവനോടു കോപം-
കലർന്ന പോലാശു ചുവന്നു സൂര്യൻ. 52

സഹിക്കവേണം ജഡചാപലത്തെ-
സ്സാധാരണംതാനിതു പാരിടത്തിൽ,
ഏവം പയശ്ചാലനമാം ഛലത്താൽ
ചൊന്നാൻ സരസ്വാനഥ സൂര്യനോടായ്. 53
                                                                                                                
                                                                                                                                          15
എന്നാൾവരെയ്ക്കുണ്ടു വസുപ്രഭാവ-
മന്നാൾവരെയ്ക്കും വിലസും പ്രതാപം
എന്നാണു ചൊല്ലുന്നതു മിത്രദേവൻ
മന്ദാഭനെന്നോർത്തിതു ലുബ്ധരപ്പോൾ. 54

അനിത്യമാം ശ്രീമഹിമാവിയന്നി-
ട്ടത്യുന്നതസ്ഥാനമെടുത്തിടുന്നോൻ
അനർത്ഥമാമാഴിയിൽ വീണുപോമെ-
ന്നത്രേയവൻ ചൊന്നതു തത്ത്വമോർത്താൽ. 55

അധസ്ഥലത്തിൽ സ്ഥിചെയ്തവർക്കു
മറഞ്ഞുവെന്നാലുമവൻ മഹാത്മാ
സൗധാഗ്രഭാഗസ്ഥിതർ കാണുമാറായ്
വീണ്ടും തെളിഞ്ഞങ്ങു വസിച്ചുവല്ലോ. 56

വിവേകഹീനന്നു വിശിഷ്ടരത്നം-
കൊടുത്ത നമ്മെക്കടൽവർണ്ണനിപ്പോൾ
കാണേണ്ടയെന്നോർത്തഥ പിൻവലിച്ചു
പാദങ്ങളർക്കൻ തരസാ മറഞ്ഞാൻ. 57

സമീക്ഷിതൻ താൻ ബഹുവാരമേവം
സമീക്ഷ്യനായീടുമടുത്തനാളും
എന്നാകിലും ഹന്ത! സുവൃത്തനർക്കൻ
മറഞ്ഞ നേരത്തഥ മാഴ്കി ലോകം 58

'കുറഞ്ഞ ചൂടും പ്രഭയും ക്രമേണ
കലർന്നു കഷ്ടം! ശ്വസനപ്രഭേദം
കഴിഞ്ഞിടുന്നൂ ദിന 'മെന്നുഴന്നു
കരഞ്ഞിതുച്ചത്തിൽ വിഹംഗമങ്ങൾ. 59

ധനം നരന്മാരിലനിത്യമെന്ന-
സ്യമന്തകസ്വാമി ധരിപ്പതിന്നായ്
അമന്ദഭാസ്സിന്തിവരെയ്ക്കു നല്കി-
പ്പിരിഞ്ഞു പത്മാലയപത്മമപ്പോൾ. 60
  
വിഭാവസുത്വം ദൃഢമിങ്ങുമുണ്ടെ-
ന്നുദാഹരിച്ചിട്ടിരുളോടു നൂനം
പ്രദീപജാലങ്ങളുടൻ തെളിഞ്ഞ- 61
പ്രദോഷകാലം പകൽതന്നെയാക്കി.
                                                                                                                               
ഏവം പ്രദീപതതിയാലതിരമ്യമാകും
ഭാവംകലർന്ന പുരിതൻപ്രഭ കണ്ടനേരം
ദ്യോവും തുനിഞ്ഞുഡുകദംബകമായിടുന്ന
ദീപങ്ങളാശു തെളിയിപ്പതിനായ് ത്തുടങ്ങി 62

സന്ധ്യാവിലാസമിതുപോലെ വിളങ്ങിടുമ്പോൾ
സാന്ധ്യങ്ങളാം വിധികൾ വേണ്ടവിധം നടത്തി
ഭാമാവിലാസമയമാമമൃതാഴിയിങ്കൽ
നിർമ്മഗ്നമായ മനമോടു മുരാരി മേവി. 63

മണിപ്രാർത്ഥനംഎന്ന രണ്ടാം സർഗം സമാപ്തം.

"https://ml.wikisource.org/w/index.php?title=കേശവീയം/രണ്ടാം_സർഗം&oldid=81120" എന്ന താളിൽനിന്ന് ശേഖരിച്ചത്