കൊളംബ് യാത്രാവിവരണം
രചന:കാരുചിറ ഗീവർഗീസ് ശെമ്മാശൻ
അദ്ധ്യായം 2
കൊളംബിലെ കാഴ്ചകൾ

[ 12 ] കൊളംബിലെ പള്ളീടെ വടക്ക് വശത്തു കൂടി വഴിയുള്ളതിനാൽ പള്ളി ഇരിക്കുന്നതു തെക്ക് വടക്ക് ആയിരുന്നു. ഇതിന്റെ മദ്ബഹായോട് ചേർന്ന് കിഴക്ക് പടിഞ്ഞാറായി താമസത്തിനുള്ള മുറിയും അതിന് തെക്ക് വശത്ത് കുശിനി മുറിയും കിഴക്ക് വശത്ത് കിണറൂം അതിന് പടിഞ്ഞാറ് വേറൊരു കെട്ടിടവും ഉണ്ട്. പള്ളിയകത്ത് ഇരുവശത്ത് തൂണ് നിറുത്തി ഉത്തരവും വച്ച് റാന്തൽ വശത്ത് ചുവരു കെട്ടി അടച്ച് ജനലുകളും വച്ച് വിസ്താരമുള്ളതും മുറിത്തട്ടും പടിഞ്ഞാറു വശത്ത് ഒരു മട്ടുപ്പാവും മദ്ബഹായ്ക്ക് തെക്ക് വടക്ക് ..... ഒഴുകുവാര മുറികളും. പള്ളിക്കകത്ത് മുഴുവൻ കയറ്റ് പായും കസേറകളും ഉണ്ട്. ജനങ്ങൾ കൂടിയാൽ കസേരയിൽ ആണ് ഇരിക്കുന്നത്. ഈ പള്ളിക്കു സമീപം പെട്ടയിൽ ഒരു പള്ളി ഉണ്ടെന്നും ദൂരെ മാന്നാർ എന്ന സ്ഥലത്ത് ഒരു വലിയ പള്ളിയും കുറെ ചാപ്പലുകളും ഉണ്ടന്നവർ പറഞ്ഞു. ഈ പള്ളിയുടെ പടിഞ്ഞാറു വശത്തു ഹൈക്കോട്ടും തെക്കു വശത്ത് റെയിൽവേ സ്റ്റേഷനും കിഴക്കു വശത്തു തേങ്ങ ആട്ടുന്ന എണ്ണ ചക്കും മറ്റ് യന്ത്രങ്ങളും ഉണ്ട്. പട്ടണം വളരെ ആൾ പെരുപ്പവും വളരെ വലിയ കെട്ടിടങ്ങളും കച്ചവടവും ഉള്ളതാകുന്നു. എല്ലാ വഴികളിലും കുഴൽ വെള്ളവും ഉണ്ട്.

15 ന് റെനി വിലാത്തി റമ്പാന് സ്ഥാനം കൊടുക്കുന്നത് ലത്തീൻ ഭാഷയിൽ ആയിരിക്കണമെന്ന് അൽവാറീസ് മെത്രാച്ചനും മറ്റും തിരുമേനികളോട് അറിയിച്ചു. അത് പാടില്ലെന്ന് പറകയാൽ തർക്കം ഉണ്ടായി. കുറെ വ്യസനിച്ചും എങ്കിലും ചെന്നുപോയതു കൊണ്ട് സംഗതി നടക്കാതെ പോയാൽ ആക്ഷേപമാകുമല്ലോ എന്ന് കരുതി സ്ഥാനം കൊടുക്കുന്ന ദിവസം അൽവാറീസ് കുർബാന ചൊല്ലണമെന്നും പട്ടംകൊട സുറിയാനിയിലായിരിക്കണമെന്നും നിശ്ചയിച്ചു. അന്നേ ദിവസം പാത്രിയർക്കീസ് ബാവായുടെ ഒരു കല്പന വായിച്ചു. അതിൽ റെനി വിലാത്തി സത്യവിശ്വാസത്തിൽ സ്ഥിരപ്പെട്ടിരിക്കണമെന്നും അദ്ദേഹത്തിന് സ്ഥാനം കൊടുക്കുന്നതിന് അനുവദിക്കുന്നുവെന്നും മറ്റുമായിരുന്നു. 17 ന് അൽവാറീസ് മെത്രാച്ചൻ കുർബാനക്കായി ഒരുങ്ങുകയും, ശേഷം തിരുമേനികളും കൂടെയുള്ളവരും പ്രാർത്ഥന കഴിഞ്ഞശേഷം സുറിയാനി മര്യാദപ്രകാരമുള്ള ക്രമങ്ങൾ [ 13 ] കഴിക്കയും പാത്രിയർക്കീസ് ബാവായുടെ കല്‌പന വായിക്കയും മറ്റും ചെയ്ത്, റെനി വിലാത്തിക്ക് മൂന്നു പേരും കൂടി കൈവച്ച് തീമൊഥയൊസെന്ന സ്ഥാനപ്പേർ കൊടുത്തു അമോലോഗിയ വായിച്ച് ഒപ്പു വച്ച് വാങ്ങിച്ചു. പിന്നെ കുറെയാശ്വസിച്ച ശേഷം എല്ലാവരും പള്ളിയകത്തു പോയി. അൽവറീസ് കുർബാന ചൊല്ലുകയും ഏതാനും ക്രമങ്ങൾ കഴിക്കയും ചെയ്തു. പള്ളിയിൽ അമെറീക്ക കൊൻസൽ മുതലായ മഹാന്മാരും വളരെ ജനങ്ങളും കൂടിയിരുന്നു. ഇവരെ കഴിഞ്ഞ് തിരുമേനികൾ മുറിയിൽ വന്നപ്പോൾ ഡോക്ടർ പിന്റോ തിരുമേനികൾക്ക് വെവ്വേറെ വന്ദനവുകൾ പറയുകയും അവർ യഥോചിതമായ മറുപടി പറയുകയും ചെയ്തു. അന്ന് രാത്രി 8 മണി മുതൽ പിന്റോ മുതൽ പേർ മാജിക്കലാണ്ട് എന്ന സൂത്രം കാണിച്ച് രസിപ്പിച്ചു.

18 ന് റെനിവിലാത്തി തിമൊത്തിയോസ് മെത്രാപ്പോലീത്തായ്ക്ക് പാത്രിയർക്കീസ്‌ ബാവായുടെ അധികാരപത്രവും മൂന്ന്‌ മെത്രാന്മാരും കൂടി അധികാര സാക്ഷ്യപത്രവും കൊടുത്തു.19 ന് യാത്രക്കാർ കൊളംബിലുള്ള കൊപ്രാ ആട്ടുന്ന ചക്കും മറ്റും കാണുന്നതിനായി പോയി. ആ കെട്ടിടം വളരെ വലിപ്പമുള്ളതും വളരെ വേലക്കാർ ഉള്ളതും ആകുന്നു. അതു കഴിഞ്ഞ് പെൻസൽ ഉണ്ടാക്കുന്നതിനുള്ള ഈയം വെലം ചെയ്യുന്ന സ്ഥലവും ചെന്ന് കണ്ടു തിരിച്ചു വന്നു. പട്ടംകൊടയുടെ സംഗതികളെ കുറിച്ചും മറ്റും പാത്രിയർക്കീസ് ബാവായ്ക്ക് എഴുത്തയച്ചു. ഉച്ച കഴിഞ്ഞ് ശെമ്മാശൻമാർ അവിടെയുള്ള കാഴ്ച ബങ്കളാവ് കാണുന്നതിനായി പോയി. അവിടെ തിരുവനന്തപുരത്തെപ്പോലെ കാഴ്ചകൾ ഉണ്ടെങ്കിലും ജീവനുള്ളതായിരുന്നില്ല. സിംഹം, കരടി, ആന മുതലായ അനേക മൃഗങ്ങളുടെയും അനേക തരത്തിലുള്ള പക്ഷികളുടെയും തോലുകൾ ഉണക്കി സാക്ഷാൽ എന്ന്‌ തോന്നിക്കത്തക്ക വിധത്തിൽ സൂക്ഷിച്ചിരുന്നു. അനേകം ആളു രൂപങ്ങളും കാട്ടാളന്മാരുടെ വേഷങ്ങളും സാക്ഷാൽ ഉള്ളതെന്ന് തോന്നിക്കത്തക്ക വിധത്തിൽ സൂക്ഷിച്ചിരുന്നു. വലിയ തിമിംഗലങ്ങളുടെ അസ്ഥികളും തോലുകളും ഉണക്കി വച്ചിട്ടുണ്ട്. കാഴ്ച ബംങ്കളാവിന്റെ മിറ്റത്ത് ഒരു തറയിൽ കാട്ടാളന്റെ ഒരു വലിയ രൂപം കരിങ്കല്ല് കൊണ്ടു തീർത്ത് സ്ഥാപിച്ചിരുന്നു. അതു കഴിഞ്ഞ് ഒരു പാലം കാണുന്നതിനായി പോയി. ആ പാലം വെള്ളത്തിൽ അനേക വള്ളങ്ങൾ നിരത്തിയിട്ടു അതിന്മേൽ തുടൽ വലിച്ച് കെട്ടി [ 14 ] പലക നിരത്തിയും എത്ര വെള്ളം പൊങ്ങിയാലും തരക്കേടില്ലാത്തതും ആകുന്നു. പിന്നീട് കടപ്പുറം മുതലായ സ്ഥലങ്ങൾ കണ്ടു. യാത്രയിൽ റോമാക്കാർ, ഇംഗ്ലീഷുകാർ, മഹമ്മദുകാർ മുതലായവരുടെ പള്ളികളും കെട്ടിടങ്ങളും കണ്ട് തിരിച്ചെത്തി. പിന്നീട് ഡോക്ടർ പിന്റോയുടെ ബംങ്കളാവിൽ നമ്മുടെ യാത്രക്കാരെ സല്ക്കരിച്ചു. 20 ന് തിരുമേനികൾ പോയശേഷം ആ പള്ളിയുടെ കൈക്കാരനും പ്രധാനിയുമായ പെരോരയുടെ ക്ഷണിതപ്രകാരം അയാളുടെ വീട്ടിൽ എല്ലാവരും പോയി. തീറ്റിക്കു റോമാ സമ്പ്രദായത്തിൽ ആണുങ്ങളും പെണ്ണുങ്ങളും ഒരു മേശയ്ക്ക് ചുറ്റും ഇരുന്നു. അനേകതരത്തിൽ വിശേഷ സാമാനങ്ങൾ ഉണ്ടായിരുന്നു. അയാൾ ഒരു കച്ചവടക്കാരനും ആകുന്നു. 21 ന് ഷാപ്പുകളിൽ കൊട മുതലായ സാമാനങ്ങൾ വാങ്ങിക്കുന്നതിനായി പോയി തിരിച്ചു വന്നു.

25 ന് അൻപതാം പെരുന്നാളിന് കൊച്ചുകോശി കത്തനാർ കുർബ്ബാന ചൊല്ലി. പെരുന്നാളിന്റെ ഒരു ബെശുമെശ്ത്താ കഴിച്ചു. പിന്നീട് അൽവാറീസ് മെത്രാച്ചനും മറ്റും അവരുടെ ക്രമപ്രകാരം ശുശ്രൂഷകൾ കഴിച്ച് 3 പ്രാവശ്യം വെള്ളം തളിക്കയും ഒരു പ്രസംഗം പറയുകയും ചെയ്തു. 12 മണി കഴിഞ്ഞ് യൗവനക്കാർ വന്ന് കളിസ്ഥലം ഒരുക്കുകയും പെൺകുട്ടികൾ വന്ന് ഓട്ടം, ചാട്ടം മുതലായ കളികൾ കാണിക്കയും പെൺകുട്ടികൾ ഓട്ടത്തിൽ സൂചിക്കുഴയിൽ നൂൽകോർക്കയും മറ്റും ഉണ്ടായി. ജയിച്ചവർക്ക് ഓരോ തരം പടങ്ങളും മറ്റും സമ്മാനിക്കയും ചെയ്തു. 5 മണിക്ക് മാർ അത്തനാസ്യോസ് മെത്രാപ്പോലീത്തായ്ക്കും മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായ്ക്കും കൂടി ഇംഗ്ലീഷിൽ ഒരു മംഗളപത്രം സമർപ്പിക്കയും അവർ സമയോചിതമായി മറുപടി പറയുകയും കൊളംബിലേയും അമെരിക്കയിലേയും സഭയെപ്പറ്റി അല്പം പ്രസംഗിക്കയും ചെയ്ത ശേഷം പുതിയ മെത്രാപ്പോലീത്തായ്ക്ക് ഒരു മംഗളപത്രം സമർപ്പിക്കയും മറുപടി പറയുകയും ചെയ്തു. ഒടുവിൽ ചീയർ വിളിച്ച് കൈകൊട്ടി സന്തോഷിച്ച് പിരിയുകയും രാത്രി 8 മണി മുതൽ 9 മണി വരെ മാജിക്കലാണ്ട് കാണിക്കുകയും കരിമരുന്ന് പ്രയോഗം നടത്തുകയും ചെയ്തു,

25 ന് തിരിച്ച് യാത്രക്കുള്ള കപ്പൽ അന്വേഷിച്ചെങ്കിലും ഏനമായി കിട്ടിയില്ല. 26 ന് 12 പേർക്കും കപ്പൽ കൂലി ഒടുക്കി ടിക്കറ്റും വാങ്ങിച്ചു. [ 15 ] 2 മണിക്ക് പള്ളിയിൽ നിന്നും കടവിലേക്ക് യാത്ര തിരിച്ചു. പുതിയ മെത്രാപ്പോലീത്തായും അമെറിക്കയിലേക്ക് യാത്ര തിരിച്ചു. ഒന്നിച്ചു പുറപ്പെട്ട് കടവു വരെ എത്തി. കടവു വരെ അൽവാറീസ് മെത്രാപ്പോലീത്തായും മറ്റും വന്നിരുന്നു. തമ്മിൽ സമാധാനം പറഞ്ഞ് വള്ളത്തിൽ കയറി കപ്പലിൽ ചെന്നെത്തുകയും കപ്പലിൽ നടന്ന് എല്ലാ സ്ഥലങ്ങളും കാണുകയും ചെയ്തു. തിരുമേനികൾ മുമ്പേപ്പോലെ 2--ാം ക്ലാസിലും ശേഷം പേർ 3--ാം ക്ലാസ്സിലും ആണ് കേറിയത്. ശീമക്കാരൻ മല്കി എന്നവൻ ഞങ്ങളിൽ നിന്നു പിരിഞ്ഞു ശീമയ്ക്ക് യാത്രയാവുകയും ചെയ്തു. രാത്രി 8 മണിക്ക് കപ്പൽ നീങ്ങി. പിറ്റെ ദിവസം കാലത്തു തൂത്തുക്കുടിയിൽ കപ്പൽ അടുത്തില്ല. അതു നിമിത്തം പലരും വ്യസനിച്ചു. വഴി തെറ്റിപ്പോയിട്ടാണെന്നും മറ്റും പലരും പറഞ്ഞു. ഞങ്ങളിൽ പലർക്കും കപ്പൽ ചൊരുക്കുണ്ടായിരുന്നതിനാൽ ഒന്നും ഭക്ഷിക്കുന്നതിനും പാടില്ലാതെ ക്ഷീണതയിൽ ആയിപ്പോയി. ബുധനാഴ്ച രാത്രി 12 മണിക്ക് തൂത്തുക്കുടി തുറമുഖത്ത് വിളക്ക് കണ്ട് ആശ്വസിച്ചു. കാലത്തെ കരയിൽ നിന്നും വള്ളം കപ്പലിങ്കൽ കൊണ്ടു വന്ന് അതിൽ എല്ലാവരും കേറി കരയിലേക്ക് യാത്ര തിരിച്ചു. ആ വള്ളത്തിൽ കരയിലേക്കിറങ്ങുന്നതിനായി ചില സായ്‌പന്മാരും മദാമ്മമാരും ഉണ്ടായിരുന്നു. അവർ മെത്രാന്മാരെ കണ്ടപ്പോൾ വർത്തമാനങ്ങൾ ചോദിക്കുകയും സുറിയാനി സഭയെക്കുറിച്ച് ഒരു വിവരണം അവരെ മനസിലാക്കയും ഓരോ പുസ്തകങ്ങൾ അവർക്ക് സമ്മാനിക്കയും ചെയ്തു. വള്ളം കരക്കടുപ്പിച്ച് ഇറങ്ങി മുൻ താമസിച്ചിരുന്ന മുറാൾ എന്ന കച്ചവടക്കാരന്റെ ആപ്പീസിൽ എത്തി ഭക്ഷണം കഴിച്ചാശ്വസിക്കയും 4 മണിക്ക്‌ യാത്ര പറഞ്ഞ് തീവണ്ടിയിൽ കേറി രാത്രി 7 മണിക്ക് തിരുനെൽവേലീൽ എത്തി. മുൻ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ എത്തി താമസിച്ച സായ്പിന്റെ ബങ്കളാവിൽ താമസിച്ചു. അയാൾ നമ്മുടെ യാത്രക്കാരുടെ മേൽ ദയയുള്ള ആളായിരുന്നു. അയാളുടെ മകൾക്ക് ചില സമ്മാനങ്ങളും മറ്റും കൊടുത്തു. വെള്ളിയാഴ്ച ഭക്ഷണവും മറ്റും കഴിച്ച് തിരുവനന്തപുരത്തേക്ക് തഫാൽ വണ്ടിയിലായി യാത്ര തിരിച്ചു. വണ്ടി 1ക്ക് പന്ത്രണ്ട് രൂപാ വീതം കൂലിയായിരുന്നു.