കൊളംബ് യാത്രാവിവരണം
രചന:കാരുചിറ ഗീവർഗീസ് ശെമ്മാശൻ
അദ്ധ്യായം 1
കൊളംബിലേയ്ക്ക്

[ 6 ] മേരിക്കൻ ഐക്യനാടുകളിലെ വിസക്കൊൻസി കെവാനി നഗരത്തിലെ ജനങ്ങൾ റൊമാ മതവിശ്വാസത്തെ ഉപേക്ഷിച്ചു അന്ത്യോക്യാ സഭയോട് ചേരുവാൻ ആഗ്രഹിച്ചപ്പോൾ അവരെ ഭരിച്ചുകൊള്ളുന്നതിന് ഒരു മെത്രാപ്പോലീത്താ ആവശ്യപ്പെട്ടതിനാൽ അവരുടെ പട്ടക്കാരനായ റേനി വിലാത്തി എന്ന പാദ്രി മലങ്കര ഇടവകയുടെ മാർ ദിവന്നാസ്യോസു മെത്രാനൊടും ഇൻഡ്യ സിലോൻ ഗോവ ഇടവകയുടെ മാർ യൂലിയോസ് മെത്രാപ്പോലീത്തായോടും വിവരം അറിയിച്ചതിനാൽ അവർ പാത്രിയർക്കീസു ബാവ തിരുമനസിലേക്ക് അപേക്ഷ അയച്ച് റെനി വിലാത്തിയെ മെത്രാനായി വാഴിക്കുന്നതിന് കല്പന വരുത്തുകയും അദ്ദേഹം കൊളംബിൽ എത്തി താമസിയ്ക്കുകയും ചെയ്യുമ്പോൾ മാർ അത്തനാസ്യോസ് മെത്രാപ്പോലീത്തായും മാർ ഗ്രീഗോറിയോസു മെത്രാപ്പോലീത്തായും മാർ യൂലിയോസ് അൽവാറീസ് മെത്രാപ്പോലീത്തായും കൂടെ കോട്ടയത്ത് സിമ്മനാരിയിൽ നിന്നും ക്രിസ്താബ്ദം 1892 കൊല്ലം 1067 ഇടവം 3 ന് ഞായറാഴ്ച രാത്രി 12 മണിയ്ക്ക് യാത്ര പുറപ്പെട്ടു.

മാർ അത്തനാസ്യോസു മെത്രാപ്പോലീത്തായോടു കൂടെ കുമരകത്ത് കളത്തിൽപറമ്പിൽ യൗസെപ്പു ശെമ്മാശും വാകത്താനത്ത് കാരുചിറ ഗീവറുഗീസ് ശെമ്മാശും മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായോട് കൂടെ കാരിച്ചാൽ കൊച്ചു കോശി കത്തനാരും തുമ്പമൺകാരൻ യാക്കോബ് ശെമ്മാശും അൽവാറിസ് മെത്രാപ്പോലീത്തായോട് കൂടെ ഗോവാക്കാരൻ കൈത്താൻ എന്ന ഒരു അയ്മേനിയും വാലിയക്കാരായി ഇട്ടീരാ-തോമാ എന്നവരും വിശേഷാൽ ശീമക്കാരൻ സ്ലീബാ ശെമ്മാശനും അതു കൂടാതെ ശീമയ്ക്ക് പോകുന്നതിനായി മല്ക്കി എന്നൊരു ശീമക്കാരനും ഉണ്ടായിരുന്നു. ഇവർ എല്ലാവരും യാത്രയ്ക്ക് ഒരുങ്ങി, അപ്പോൾ സിമ്മനാരിയിൽ മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായും മൂക്കഞ്ചെരിൽ ഗീവറുഗീസ് റമ്പാച്ചനും കോനാട്ട് മാത്തൻ മൽപ്പാനച്ചനും മറ്റും ഉണ്ടായിരുന്നു. [ 7 ] കോട്ടയത്തു നിന്ന് കെട്ടുവള്ളത്തിലായി പുറപ്പെട്ടു. 4 ന് 8 മണിക്ക് ആലപ്പുഴ എത്തിയശേഷം വേറെ മൂന്നു വള്ളം പിടിച്ച് 12 മണിക്ക് അവിടെ നിന്നും പുറപ്പെട്ട് സന്ധ്യയോടുകൂടെ തോട്ടപ്പള്ളി ചീപ്പുങ്കൽ എത്തി. 5 ന് 6 മണിക്ക് പൊച്ചനയും 12 മണിക്ക് കൊല്ലത്തും അടുത്തു. നെയിത്താപ്പീസ്, ഓട്ടാപ്പീസ്, കയറു പിരിക്കുന്ന യന്ത്രം മുതലായവകളെ യാത്രയിൽ കണ്ടു. 6 മണിക്കു നടുചിറയും 9 മണിക്ക് വർക്കല വലിയ തുരുത്തിലും തുരങ്കത്തിലും 10 മണിക്ക് ചെറിയ തുരങ്കത്തിങ്കലും 6 ന് 12 മണിക്ക് തിരുവനന്തപുരത്ത് ചാക്കെക്കടവിലും എത്തി വള്ളക്കാരെ പിരിച്ചു വിട്ടു. ഉടനെ വണ്ടി പിടിച്ച് പുത്തൻ കച്ചെരിക്ക് പടിഞ്ഞാറു ഭാഗത്തു കുമരകത്തുകാരൻ ഉമ്മൺ ഇൻസ്പെക്ടർ താമസിച്ചിരുന്ന പാത്രിയർക്കീസു ബാവായുടെ ബങ്കളാവിൽ എത്തി. അന്നു തന്നെ ചില സാമാനങ്ങൾ വാങ്ങിക്കുന്നതിനായി ചില ഷാപ്പുകളിലും കാഴ്ച ബങ്കളാവും മറ്റും കാണുന്നതിനായും പോയി.

മാർ അത്തനാസ്യോസു മെത്രാപ്പോലീത്തായും മാർ ഗ്രീഗോറിയോസു മെത്രാപ്പോലീത്തായും സവാരിക്കു പോയി വേറൊരു ബങ്കളാവിൽ താമസിക്കുകയും പിറ്റെ ദിവസം കാഴ്ചബങ്കളാവു മുതലായതു സന്ദർശിക്കയും ചെയ്തു. കാഴ്ചബങ്കളാവിൽ സിംഹം, കരടി, കടുവാ, പുലി മുതലായ കാട്ടുമൃഗങ്ങളും മയിൽ, പഞ്ചവർണ്ണക്കിളി മുതലായി വിവിധ തരത്തിൽ പക്ഷിക്കൂട്ടങ്ങളും ഉണ്ടായിരുന്നു. ഭരണി, പിഞ്ഞാണം മുതലായവ ഉണ്ടാക്കുന്ന ആപ്പീസുകളും ഹൈസ്ക്കൂളും കണ്ടതിന്റെ ശെഷം ആദ്യം വന്ന ബങ്കളാവിൽ എത്തി തിരുനൽവേലിയിലേയ്ക്ക് യാത്രയ്ക്ക് വണ്ടി പിടിച്ചു. 9 മണിക്ക് എല്ലാവരും പുറപ്പെട്ടു. വണ്ടി തഫാൽ വണ്ടി ആയിരുന്നു. 8 നാഴിക കഴിയുമ്പോൾ കുഴൽ ഊതുകയും വേറെ കാളയെ മാറികൊടുക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തു നിന്നും നടുവത്ത് കോയിപ്പുറത്ത് പൊന്നന്റെ മകൻ അബ്രഹാമിനെ കൂടെ സുഭാഷിയായി കൊണ്ടുപോയി.

8 ന് കുഴിത്തുറ പാലത്തിങ്കൽ എത്തി. ഈ പാലം വളരെ വീതിയും നീളവും ഉയരവും ഒരു അരികിന് ഏകദേശം 108 കാലുകളും ഉള്ളതാകുന്നു. ഇതിന് സമീപം മുസ്സാവിരി ബങ്കളാവുണ്ട്. അവിടെ 12 മണിക്ക് എത്തി ഭക്ഷണം കഴിച്ച് 1 മണിക്ക് തിരുവാങ്കൊടു വഴിയായി പുറപ്പെട്ടു 6 മണിക്ക് പത്മനാഭപുരത്തെത്തി. [ 8 ] തിരുവിതാംകൂർ മഹാരാജാവിന്റെ കോട്ട ആദ്യം ഇവിടെക്കും പിന്നെ തിരുവനന്തപുരത്തേക്കും മാറ്റി. ഇവിടെ പുല്ലിക്കുറിച്ചിയിൽ റോമാമതക്കാരുടെ ഒരു പള്ളി ഉണ്ട്. ദൈവസഹായ പിള്ളയ്ക്ക് ദാഹിച്ചപ്പോൾ മുട്ടു കൊണ്ട് പാറയിൽ ഇടിച്ചു എന്നും അപ്പോൾ വെള്ളം പുറപ്പെട്ടു എന്നും ആ വെള്ളം കുറവു കൂടാതിരിക്കുന്നുവെന്നും റോമാക്കാർ പറയുന്ന സ്ഥലം ഈ പള്ളിയുടെ പടിഞ്ഞാറു വശത്തു മുഖവാരത്തോട് ചേർന്നാകുന്നു. ആ പള്ളിയിൽ യാത്രക്കാർ കേറി കാണുകയും വെള്ളം വാങ്ങിച്ചു കുടിക്കയും ചെയ്തു. ഉടനെ അവിടെ നിന്നും ചെങ്കോട്ട വഴിയായി പോരുമ്പോൾ വലിയ വലിയ പാറക്കൂട്ടങ്ങളും മലകളും ഇടക്കിടെക്ക് കരിമ്പനകളും കാണുകയും 6 മണിക്ക് തന്നെ വടക്കോട്ട് കടന്ന് തിരുനെൽവേലി അതൃത്തിയിലിറങ്ങുകയും ചെയ്തു. ഈ സ്ഥലം തിരുവിതാംകൂറിന്റെ അതൃത്തിയും വലിയ മല വെട്ടിതാഴ്ത്തി ഉണ്ടാക്കീട്ടുള്ളതുമാകുന്നു. ഈ ദേശം സമഭൂമിയും വളരെ കരിമ്പനയും പുളിയും ഉള്ളതും നെല്ല്, പുല്ല്, ആവണക്ക്, പരുത്തി മുതലായ കൃഷികളും ഉള്ളതാകുന്നു. ഈ ദേശത്ത് മഴ നന്നേ കുറവും കാറ്റ് അധികവും ആകുന്നു.

9 ന് 6 മണിക്ക് യാത്ര പുറപ്പെട്ടു. 10 മണിക്ക് വള്ളിയൂരിലും 1 മണിക്ക് രാജായമംഗലത്തും പിന്നെ പാപകുളം ഊരിലും അ...കുളത്തും എത്തി. അവിടെ കരിങ്കല്ലു കൊണ്ട് കെട്ടിയ വിശേഷമായ കുളം ഉണ്ട്. അവിടെ നിന്നും 5 മൈൽ വടക്ക് ... വിശേഷാൽ ഒരു ഗോപുരവും കണ്ടു. ഈ യാത്രയിൽ ഗ്രീഗൊറിയോസു മെത്രാപ്പോലീത്തായുടെ വണ്ടി മുമ്പ് കടന്ന് ഓടിച്ചതിനാൽ മുൻകൂട്ടി തിരുനൽവേലീൽ എത്തി റെയിൽവെയി മാനേജരുടെ ആപ്പീസിൽ താമസിച്ചു. ശേഷം പേർ 4 മണിക്ക് തത്രപ്പർണ്ണി ആറ്റിലുള്ള പാലത്തിങ്കൽ എത്തി. ഈ പാലം വളരെ വലിപ്പമുള്ളതും ... ഇഷ്ടിക കൊണ്ട് വളച്ചതും പാലത്തെ വളരെ വിളക്കുകളും ഉള്ളതാകുന്നു. ഇതിനടുത്താകുന്നു തീവണ്ടി സ്റ്റേഷൻ. 10 ന് 5 മണിക്ക് എല്ലാവരും തീവണ്ടി ആപ്പീസിൽ എത്തി. യാത്രക്കാർക്ക് തീവണ്ടി യാത്ര ആദ്യമായിരുന്നതിനാൽ വിസ്മയജനകമായിരുന്നു.

മെത്രാച്ചന്മാർ രണ്ടാം ക്ലാസിലും ശെഷം പേർ 3-ആം ക്ലാസിലും ആയി തീവണ്ടി കയറി. ഗനായകണ്ടി, മണിയാച്ചി ഈ ആഫീസുകളിൽ എത്രയും വേഗത്തിൽ എത്തി. മണിയാച്ചി ആഫീസിൽ നിന്നും അപ്പോൾ മധുരയ്ക്ക് ഒരു വണ്ടി പുറപ്പെട്ടു. അവിടെ നിന്നും വണ്ടി [ 9 ] പുറപ്പെട്ട് തത്തപ്പാറയി എന്ന ആപ്പീസിലും അവിടെ നിന്നും പുറപ്പെട്ട് 3 മണിക്ക് തൂത്തുക്കുടി ആപ്പീസിലും എത്തി. പിന്നെ ആപ്പീസ് മുറി വിട്ടിറങ്ങി വല്ലോം ആശ്വസിച്ചശേഷം ആപ്പീസിന് സമീപം പി.പി. ദുറാൾ എന്ന ഒരു വലിയ ഷാപ്പിന്റെ സ്ഥലത്തു താമസിച്ചു. ഈ മനുഷ്യൻ അൽവാറീസു മെത്രാപ്പോലീത്തയുമായി പരിചയമുള്ള ആളായിരുന്നു. അതു നിമിത്തമാണ് അയാളുടെ സ്ഥലത്ത് യാത്രക്കാരെ താമസിപ്പിക്കുന്നതിന് കാരണമായത്. ഇവിടെ റോമാ സഭക്കാരും ... മുതലായവകളും വളരെ കച്ചവടങ്ങളും ഉള്ള ഒരു പ്രധാന തുറമുഖവും കപ്പൽ അടുക്കുന്നതും ആകുന്നു. തിരുനൽവേലീൽ നിന്നും ഇവിടേക്ക് ഏകദേശം 36 മയിൽ അകലം ഉണ്ട്. യാത്രക്കാർക്ക് അന്നേ ദിവസം കപ്പൽ ഏതുമില്ലാത്തതിനാൽ അവിടെ താമസിക്കുന്നതിനിടയായി. അപ്പോൾ വളഞ്ഞ റോമാക്കാർ വന്നു യാത്രക്കാരെ കാണുകയും അൽവാറീസു മെത്രാച്ചൻ റോമാക്കാർക്കു വിരോധമായി അച്ചടിച്ചു വച്ചിട്ടുള്ള പുസ്തകങ്ങൾ സമ്മാനിക്കയും ചെയ്തതിനാൽ വളരെ തർക്കവും വിരോധവും ഉണ്ടായി. 11 ന് തിങ്കളാഴ്ച കോട്ടയത്തേക്കും കൊളംബിലേയ്ക്കും കമ്പി അടിച്ചു. 3 മണിക്ക് താമസ സ്ഥലത്തു നിന്നും വണ്ടി വഴിയായി കടവിലേക്ക് പുറപ്പെട്ടു. കടവിൽ നിന്നും വളരെ ദൂരത്തിൽ 2 കപ്പൽ അടുത്തിരുന്നു. കപ്പൽ യാത്രക്കുള്ള കൂലിയും മറ്റും തീർത്ത് കടൽവഞ്ചിയിൽ കയറി നീങ്ങി ഒരു കപ്പലിന്റെ അടുക്കൽ സന്ധ്യയോട് കൂടെ എത്തി. അപ്പോൾ നിങ്ങൾ കൂലി തീർത്ത കപ്പൽ മറ്റേതാണെന്നും അവിടേയ്ക്ക് പോകണമെന്നും കപ്പിത്താൻ പറഞ്ഞപ്പോൾ വഞ്ചിക്കാർ അവർക്ക് കഴിയുകയില്ലെന്നും മറ്റും തടസം പറഞ്ഞു. അങ്ങനെ ചെയ്യാത്തതു റോമാക്കാരുടെ അസൂയ കൊണ്ടായിരുന്നു.

പിന്നെ കപ്പിത്താന്റെ ശാസന കൊണ്ടും അൽവാറീസു മെത്രാച്ചൻ കൈക്കൂലി കൊടുത്തതു കൊണ്ടും വള്ളക്കാർ മറ്റെ കപ്പലിന്റെ അടുക്കൽ കൊണ്ടൂപോയി ഇറക്കി. കടലിലെ ഓളത്തിന്റെ കഠിനം കൊണ്ട് യാത്രക്കാർക്ക് തലതിരിച്ചിലും ഛർദ്ദിയും ഉണ്ടായി. കപ്പലിന്റെ ...... വെള്ളത്തിൽ നിന്നും വളരെ ഉയരത്തിൽ ആയിരുന്നതിനാൽ കേറുന്നതിനും മറ്റും വളരെ പ്രയാസം നേരിട്ടു. അതിനാൽ ഗോവണി ഇറക്കി തന്നതിൽ കൂടി കപ്പലിൽ കയറി. അപ്പോൾ ആ കപ്പലിൽ കുന്നംകുളങ്ങരെ പനയ്ക്കൽ ഇട്ടിമാത്തു ഉണ്ടായിരുന്നു. അയാൾ ആലപ്പുഴെ നിന്നും കൊളംബിലേക്ക് നമ്മുടെ യാത്രക്കാ [ 10 ] രുടെ സഹായത്തിനായി പുറപ്പെട്ടതാണ്. അയാളെ കണ്ടതിൽ വളരെ സന്തോഷമുണ്ടായി. രാത്രി 11 മണിക്ക് കപ്പൽ തുറമുഖത്തു നിന്നും കുളംബിലേയ്ക്ക്* നീങ്ങി. കാറ്റും കോളും അധികമായതിനാൽ കപ്പൽ നന്നാ ഇളകുകയും വെള്ളം കപ്പലിനകത്തു വീഴുകയും ചെയ്തു. വെള്ളം അടിത്തട്ടിലേക്ക് പോകാതിരിക്കത്തക്കവണ്ണം പണി ചെയ്തിരിക്കുന്നതിനാൽ വെള്ളം വീണാലും അതു പുറത്തേക്ക് പോകുന്നതു കൊണ്ട് കുലുങ്ങുകയില്ല. മെത്രാന്മാർ 2-ാം ക്ലാസിലും ശേഷം പേർ 3-ാം ക്ലാസിലും ആയിട്ടാണ് കേറിയത്. 2-ാം ക്ലാസ് മുറികൾ വളരെ വിശേഷമായിരുന്നതിനാൽ അതിൽ വെള്ളം കേറുകയില്ല. അതിൽ ഇരിപ്പിനും ...... സ്ഥലസൗകര്യങ്ങളും ഉണ്ട്. ഭക്ഷണം അതിൽ തന്നെ കൊണ്ടുവന്ന് കൊടുക്കും. 3-ാം ക്ലാസ്സുകാർ മേൽത്തട്ടിൽ ഇരിക്കുന്നതു കൊണ്ട് പല ഉപദ്രവങ്ങളും ഉണ്ട്. വെള്ളം പൊട്ടി വീണാറെ യാത്രക്കാർ നനയുകയും മറ്റുമുണ്ടായി. ഇങ്ങിനെ കപ്പൽ ഓടിച്ച് 12 ന് ഉച്ചയ്ക്ക് കൊളംബു തുറമുഖത്ത് അടുത്തു. അപ്പോൾ തുറമുഖത്ത് വളരെ തീകപ്പലുകളും പായ്ക്കപ്പലുകളും കടൽ വഞ്ചികളും വളരെ ജനങ്ങളും ഉണ്ടായിരുന്നു. ഉടനെ കൊളംബു പള്ളിയിലെ ഒരു പ്രധാനിയായ ഡോക്ടർ പിന്റോയും മറ്റു മഹാന്മാരും നമ്മുടെ യാത്രക്കാരുടെ കപ്പലിൽ വന്ന് തിരുമേനികളുമായി സന്തോഷ സംഭാഷണം കഴിക്കയും തിരുമേനികളെയും സ്ലീബാ ശെമ്മാശനെയും കൊച്ചു കോശി കത്തനാരെയും ഒഴിച്ചുള്ള ആളുകളെയും സാമാനങ്ങളെയും കടൽ വഞ്ചിയിൽ കയറ്റി തുറമുഖത്തുള്ള ഗവർമെണ്ടു വക കെട്ടിടത്തിലേയ്ക്ക് കൊണ്ടു പോയി. അവിടെ വച്ച് ദാഹത്തിന് ഓരോ കുപ്പി ലിബിനൈറ്റ് കുടിച്ചാശ്വസിച്ച ശേഷം കുതിരവണ്ടിയിൽ കേറ്റി ഔവർ ലെയിഡി ഗുഡ് ഡെത്ത് എന്ന് പേരുള്ള അവരുടെ പള്ളിയിലേയ്ക്ക് കൊണ്ടു പോയി. അവിടെ എത്തിയപ്പോൾ റെനി വിലാത്തി എന്ന അമേരിക്കൻ പാദ്രിയും ഫാദർ അന്തോനിയോസും ഉണ്ടായിരുന്നു. അവർ യാത്രക്കാരെ വളരെ സന്തോഷത്തോടെ കൈക്കൊണ്ടു. റ്റീ മുതലായവ തയ്യാറാക്കി കുടിച്ചുംകൊണ്ട് ആഘോഷമായി എതിരെൽക്കുന്നതിനായി അവർ കപ്പലിലെത്തി. ആദരിച്ച് ഗവർമെണ്ട് വക വലിയ ബോട്ടിൽ കയറ്റി കരയ്ക്കടുപ്പിച്ച് ഗവർമെണ്ട് കെട്ടിടത്തിൽ ഇരുത്തി. അവിടെ നിന്ന് കുതിരവണ്ടികളിലായി ബാന്റ്, ബൊക്കെ മുതലായ ആഘോഷത്തോടും വളരെ ജനക്കൂട്ടത്തോടും കൂടെ യാത്ര തിരിച്ച് മേല്പ്പറഞ്ഞ പള്ളിയിൽ എത്തി. ലുത്തിനിയാ* [ 11 ] കഴിച്ച് പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിൽ താമസിച്ചു. തൂത്തുക്കുടിയിൽ നിന്ന് കൊളംബിലേയ്ക്ക് കപ്പൽ കൂലി 1-ാം ക്ലാസിന് 25. 2-ന് 10. 3 ന് 8 രൂപ വീതവും ആയിരുന്നു.

13 ന് പലരും വന്ന് കാണുകയും സന്തോഷിക്കയും ചെയ്തിരുന്നു. 14 ന് സ്വർഗാരോഹണപ്പെരുന്നാളായിരുന്നു. റെനി വിലാത്തി പാദ്രിക്ക് ഗ്രീഗൊറിയോസ് മെത്രാപ്പോലീത്താ കുർബാന ചൊല്ലി റമ്പത്വം കൊടുത്തു. ഉച്ചകഴിഞ്ഞ് ടി. റമ്പാൻ കുതിരവണ്ടി വരുത്തി, തിരുമേനികളും അദ്ദേഹവും സ്ലീബാ ശെമ്മാശനും കൂടി വിസീറ്റയ്ക്ക് പോയി. കാഴ്ച ബങ്കളാവ് മുതലായവ കണ്ട് സന്ധ്യയ്ക്ക് തിരിച്ചെത്തി.