ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം പതിനാറ്

[ 77 ]

൧൬- ാം അദ്ധ്യായം

ഒരു മണിക്കൂറു ഒരു ദിവസത്തിന്റെ ഒരു ചെറിയ അംശം. ഒരു വർഷത്തോടൊ അല്ലെങ്കിൽ ഒരു ആയുസ്സോടൊ കൂട്ടി നോക്കുമ്പോൾ തുലൊം ചെറുപ്പം. എങ്കിലും ആ അല്പ സമയം കൊണ്ടു എന്തെല്ലാം ഉണ്ടാകയൊ ഉണ്ടാകാതിരിക്ക യൊ ചെയ്യാം.

ഒരു രാജ്യം. നഷ്ടമാകയൊ ജയിക്കയൊ ചെയ്യാം. ഒരു വല്യ വെള്ളം വന്നു എല്ലാടത്തും കേറി കൊയ്യാറായ നെല്ലെല്ലാം ചേതപ്പെട്ടു പോയി എന്നും വരാം. നമ്മുടെ വീടുകളിൽ മരണം തന്റെ ചിറകുകളെ വിതൃത്തു മേത്തരമായ പുഷ്പങ്ങളിൽ ചിലതിനെ ബാല്യത്തിലെ ശവക്കുഴിക്കു പാത്രമാക്കിയേക്കാം. മനുഷ്യന്റെ മരണമില്ലാത്ത ആത്മാവിനു ഒരു മണിക്കൂറുകൊണ്ടു "പുനൎജജനനം ഉണ്ടാകാം" അതു "മരണത്തിൽനിന്നു ജീവങ്കലേക്കു തിരിഞ്ഞേക്കാം" ക്ഷമ കിട്ടീട്ടില്ലാത്ത ഒരു പാപിയുടെ കണ്ണുകളിൽ നിന്നു അറിവില്ലായ്മയുടെയും മൂഢഭക്തിയുടെയും ചെതുമ്പലുകൾ വീണുപോയിട്ടു വെളിച്ചത്തിന്റെ കതിരുകൾ അഗാധമായ ഇരുട്ടിനെ കുത്തിത്തുളച്ചു കേറിയെന്നും വരാം. നന്മയും തിന്മയും ആ ചെറിയ മുറിയിൽ കോശി കുൎയ്യന്റെ ഉള്ളിൽ പിണക്കം തുടങ്ങി എന്നു മുമ്പു ഒരു സംഗതിവശാൽ പറഞ്ഞിരുന്നുവെല്ലൊ. എന്നാൽ ഇപ്പോൾ തിന്മയുടെ ശക്തിയെ മറുത്തു നന്മ ജയിച്ചു വരുന്ന തടസ്ഥങ്ങളെ ഒക്കെയും ചവിട്ടി [ 78 ] ക്കുവാനായിട്ടു തല പൊക്കിയിരിക്കുന്നു. ൟ കാൎയ്യത്തിൽ സംശയം വല്ലവൎക്കും ഉണ്ടെങ്കിൽ ആ കതകു പതുക്കെ തുറന്നു അകത്തേക്കു നോക്കിയാട്ടെ, അവിടെ നിഗളിയായ അപ്പൻ ദൈവത്തിന്റെ മുമ്പാകെ സാഷ്ടാംഗം വീണു കിടക്കുന്നതു കാണാം. തിരിച്ചു വരുന്ന ഒരു പാപിയേപ്പോലെ "പിതാവേ ഞാൻ സ്വൎഗ്ഗത്തിനു വിരോധമായും നിന്റെ മുമ്പാകെയും പാപം ചെയ്തു ഇനിമേൽ നിന്റെ പുത്രൻ എന്നു വിളിക്കപ്പെടുവാൻ ഞാൻ യോഗ്യനല്ല" എന്നിങ്ങിനെ പറയുന്നു. പിണക്കം ദീൎഘവും കടുപ്പവുമായിരുന്നു. മോചിക്കപ്പെട്ടിട്ടില്ലാത്തവയായ ഇരുണ്ട പാപമേഘങ്ങൾ അവന്റെ മുമ്പിൽ തെളിവായി നിരന്നു നീതി ചോദിച്ചു. കുറ്റമില്ലാത്തതും ഉപദ്രവമില്ലാത്തതുമായ കൊച്ചിന്റെ രക്തം പകരം വീഴ്ചയ്ക്കായി ഉറക്കെ നിലവിളിച്ചു. ഇരുണ്ടവയും നരകശിക്ഷക്കു യോഗ്യങ്ങളുമായ അനവധിവിചാരങ്ങൾ അവന്റെ മനസ്സിൽ ഇരച്ചുകേറി, എങ്കിലും ഇതിൽ ശക്തിയേറുന്ന ഒരു ശബ്ദം ൟ വിചാരങ്ങളുടെ മീതെ കേട്ടു, അതു “എങ്കലേക്കു നോക്കി നിങ്ങൾ രക്ഷപെടുവിൻ ഞാൻ ദൈവമാകുന്നു, മറ്റാരുമില്ല" എന്നിങ്ങനെ വിശുദ്ധ വചനത്തിൽ ദൈവം അവനോടു പറഞ്ഞ ശബ്ദം ആയിരുന്നു.

താൻ നന്നാ ആഗ്രഹത്തോടു കൂടെ അന്വേഷിച്ച ബന്ധുതയെ അശേഷം നിരസിച്ചു തന്റെ കുഡുംബത്തോടു കൂടെ വളരെ നാളായി വഴി തെറ്റിപ്പോയിരുന്ന ശുദ്ധ വിശ്വാസത്തിലേക്കു വീണ്ടും തിരിയെണമെന്നു ഉറപ്പായി നിശ്ചയിച്ചുംകൊണ്ടു കോശികുൎയ്യൻ ഒരു ഓലയെടുത്തു എളിയിൽനിന്ന് പൊൻ നാരായം ഊരി താഴെ വരുന്ന എഴുത്തു എഴുതുവാൻ ഒട്ടും തൎക്കിച്ചില്ല.

"ഉമ്മൻ തോമ്മാ അറിവാൻ" കോശികുൎയ്യൻ എഴുതുന്നതു. ഇന്നാളു തമ്മിൽ പറഞ്ഞതുപോലെ തങ്ങടെ മകനെ കൊണ്ടു എന്റെ മകൾ മറയത്തിനെ കെട്ടിക്കുന്നതിനു ഞാൻ തല്ക്കാലം ഓൎക്കാഞ്ഞ ചില കാൎയ്യങ്ങളെക്കുറിച്ചു പ്രത്യേകം ആലോചിപ്പാനുള്ളതാകകൊണ്ടു അവധി ഒന്നു മാറ്റി വയ്ക്കെണ്ടിയിരിക്കുന്നു. ഇതുകൊണ്ടു മുഷിച്ചിൽ തോന്നുകയില്ലെന്നു ഞാൻ ആശിക്കുന്നു. എങ്കിലും എന്റെ മകളുടെ ഭാഗ്യത്തെ മാത്രമെ ഞാൻ ആഗ്രഹിക്കുന്നുള്ളു എന്നു അതിനു വേണ്ടി ഇരുപാട്ടുകാരും അന്ന്യോന്ന്യം നല്ലവണ്ണം മനസ്സിലാകേണ്ടതാണു എന്നും ഞാൻ വിശ്വസിക്കും" [ 79 ] കോശികുൎയ്യന്റെ എഴുത്തിലെ സത്തു ഇതായിരുന്നു അതു ഉടൻ തന്നെ ഒരു ബാല്യക്കാരന്റെ പക്കൽ ഉമ്മൻ തോമ്മായുടെ വീട്ടിൽ കൊടുത്തയച്ചു. എങ്കിലും ഉമ്മൻ തോമ്മായിക്കു മുഷിച്ചിലാണുണ്ടായതു. എഴുത്തു മൂലം ഇങ്ങിനെ സംഭവിക്കുമെന്നു മറിയത്തിന്റെ അപ്പൻ മുമ്പിൽകൂട്ടി നിശ്ചയമായിട്ടു അറിഞ്ഞിരുന്നു. ആ ധനികനും നിഗളിയുമായ സുറിയാനിക്കാരൻ കോപഭാവത്തോടു കൂടിയ ഒരു മറുപടി അയയ്ക്കയായിരുന്നു ചെയ്തതു. അതിൽ, "കാൎയ്യങ്ങൾ" എന്നു കോശികുൎയ്യൻ എഴുതിയിരുന്നതിനെക്കുറിച്ചു തനിക്കു ഒട്ടും തന്നെ അറിവില്ലായിരുന്നു എന്നും പെൺകെട്ടു കാൎയ്യത്തെക്കുറിച്ചു നല്ലവണ്ണം ഉറെക്കുന്നതിനു മുമ്പുകൂട്ടി കോശികുൎയ്യൻ വേണ്ടപോലെ വിചാരിക്കെണ്ടതായിരുന്നു എന്നും പറഞ്ഞിട്ടുണ്ടായിരുന്നു. ആ എഴുത്തിന്റെ അവസാന ഭാഗം ഇങ്ങിനെയായിരുന്നു: "എന്റെ മകനെക്കൊണ്ടു തന്റെ മകളെ കെട്ടിക്കെണ്ടാ. വിശേഷിച്ചും, പ്രത്യേകം ഇങ്ങിനെ പൊണ്ണക്കാൎയ്യമായിട്ടു ഒരെഴുത്തയപ്പാൻ സംഗതി യില്ലെന്നു ഞാൻ അറിഞ്ഞിരിക്കെ എന്തെങ്കിലും“കാൎയ്യങ്ങളുടെ" ആലോചനക്കു കീഴ്പെടുവാൻ ഇനിക്കു ഭാവമില്ല"

കോശി കുൎയ്യൻ ൟ വിധത്തിൽ ഒരു മറുപടിക്കു തന്നെ കാത്തിരുന്നു എന്നുള്ളതിനു സംശയമില്ല. അവന്റെ നിഗളത്തിനു സ്പഷ്ടമായി താഴ്ച ഭവിക്കയും വളരെ നാളായി താൻ ആശിച്ചുകൊണ്ടിരുന്ന പെൺകെട്ടു സാധിക്കാഞ്ഞതിൽ വച്ചു അവനു നന്നാ ഇച്ഛാഭംഗം വരികയും ചെയ്തു എങ്കിലും ഒട്ടും ചൊവ്വല്ലാതെ താൻ എഴുതിയ എഴുത്തിനു മനൊഭാവം പോലെ ഫലം സിദ്ധിച്ചു എന്നു അവൻ അറിഞ്ഞു. പോരാഞ്ഞു ഒരു വല്യ ചുമട തലയിൽ നിന്നു ഇറക്കിയതു പോലെയും അവനു തോന്നി. അത്രയുമല്ല മറിയം സന്തോഷഭാഗ്യ ഭാവങ്ങളോടു കൂടെ ചില സമയം താൻ ആയിരുന്നതിനെക്കാൾ കുറെക്കൂടെ അനുസരണമുള്ളവളാകുവാൻ ആഗ്രഹിച്ചു. ഇതൊക്കെയും അവനു ഏതാണ്ടു പോലെ തോന്നി.