ഘാതകവധം/അദ്ധ്യായം പതിനേഴ്
←അദ്ധ്യായം പതിനാറ് | ഘാതകവധം രചന: അദ്ധ്യായം പതിനേഴ് |
അദ്ധ്യായം പതിനെട്ട്→ |
[ 79 ]
മേൽ പറഞ്ഞ കാൎയ്യങ്ങളുടെ ശേഷം ഏതാനും ആഴ്ചവട്ടങ്ങൾ കഴിഞ്ഞപ്പോൾ വായനക്കാരെ മുമ്പെതന്നെ അറി [ 80 ] യിച്ചിട്ടുള്ള നാട്ടുപാദ്രിയുടെ വെടിപ്പും സുഖകരവുമായുള്ള വീട്ടിൽ കോശികുൎയ്യനെ കാണാൻ ഇടയുണ്ടു. ൟ സമയം അവൻ കൂടെക്കൂടെ ൟ വീട്ടിൽ ചെല്ലുകയുണ്ടായിരുന്നു. അവൻ ൟ ദിവ്യമനുഷ്യന്റെ ഗുണദോഷവും അവനോടു കൂടെ സംസൎഗ്ഗവും അന്വേഷിച്ചതു ഒരു നല്ല കാൎയ്യമായിരുന്നതു കൂടാതെ അതുമൂലം അവന്റെ ശീല പ്രകൃതികളിൽ ഉണ്ടായ ഭേദവും ഒട്ടും കുറവല്ലായിരുന്നു. എന്തെന്നാൽ ചെറുപ്പത്തിൽ അവർ സ്നേഹിതന്മാരും ചെങ്ങാതികളും ആയിരുന്നു എങ്കിലും കഴിഞ്ഞ ഏതാനും കാലങ്ങളിൽ ആ അച്ചനുമായിട്ടുള്ള ചെങ്ങാതിത്വം അവൻ കഴിവു പോലെ ഉപേക്ഷിച്ചിരുന്നു. കുറെക്കാലത്തേക്കു അവൻ കാണമിടുന്നതിലും നിക്ഷേപത്തോടു നിക്ഷേപം കൂട്ടുന്നതിലും ഏൎപ്പെട്ടിരുന്നതു സത്യം തന്നെ. അവന്റെ ശീലവിശേഷത നിമിത്തം ൟയിട ഉപേക്ഷിച്ചുകളഞ്ഞതും, പാപത്തെക്കുറിച്ചു തന്നെ ഓൎമ്മപ്പെടുത്തുന്ന സകലത്തെയും താൻ അറിയുന്നവരിൽ തന്നെക്കാൾ ഗുണശീലമുള്ള എല്ലാവരെയും ജാത്യാലെന്നപോലെ അകറ്റിക്കളയത്തക്കവണ്ണം അവന്റെ മനസ്സാക്ഷിയോടു നന്നാ കടുപ്പം ചെയ്‌വാൻ ഇടയാക്കിയതും ഉറച്ചിരുന്നതുമായ പെൺകെട്ടിന്റെ ഗുണത്തെ കാംക്ഷിച്ചായിരുന്നു പ്രത്യേകം അവൻ ഇപ്രകാരം ഒക്കെ ചെയ്തതു. എന്തെന്നാൽ അങ്ങിനെതന്നെയല്ലെ എപ്പോഴും പതിവു തിന്മ നന്മയെ പകെക്കുന്നു. ഒന്നാമതു നന്മയുടെ മുമ്പിൽ വച്ചു തന്നെത്താൻ കുറ്റം വിധിക്കപ്പെട്ടതായി അതിനു തോന്നുന്നതുകൊണ്ടു. രണ്ടാമതു അതു ജാത്യാലെ നന്മയുടെ പ്രധാനതയെ സമ്മതിക്കുന്നതിനാൽ മനുഷ്യ ഹൃദയത്തിൽ ഉണ്ടാകുന്നതിലേക്കു പകയ്ക്കപ്പെടത്തക്ക പ്രകൃതിയായ അസൂയ മുഴക്കുന്നതുകൊണ്ടു. ഇപ്പോൾ എങ്ങിനെയെങ്കിലും ഒരു ഭേദം കോശികുൎയ്യനിൽ സ്പഷ്ടപ്പെടുന്നുണ്ടായിരുന്നു. അവൻ തന്റെ ഉപേക്ഷിക്കപ്പെട്ടിരുന്ന സ്നേഹിതന്റെ ചെങ്ങാതിത്വവും ആലോചനയും അകറ്റുന്നതിനു പകരം അന്വേഷിക്കയും ചെയ്തു. കാൎയ്യം എന്തെന്നാൽ അവന്റെ മനസ്സാക്ഷി ഉണർത്തപ്പെട്ടു. ചെറുപ്പത്തിൽ പഠിച്ച പ്രമാണങ്ങളെ ലംഘിച്ചതിന്റെയും ശാബത ലംഘനത്തിന്റെയും കൊച്ചിനെ കൊല്ലുവാൻ ഇടയാക്കിയ ആക്കമില്ലാത്ത ശീലത്തിന്റെയും വിശ്വാസമുള്ള ഭൃത്യനെന്നു താൻ അറിഞ്ഞിരുന്ന ഒരു വൃദ്ധനോടും അവ [ 81 ] ന്റെ കുഡുംബത്തോടും ചെയ്തു നിവൃത്തിയില്ലാത്ത ഉപദ്രവത്തിന്റെയും ഓൎമ്മ കഠിനമായ കുറ്റബോധം കൊണ്ട് അവനെ കുത്തി. ആ വയസ്സൻ തന്നെ തന്റെ കുടിച്ചു ചാകുവാൻ തുടങ്ങിയ പ്രിയപ്പെട്ട മകളെ അവൻ ഏറ്റിട്ടുണ്ടായിരുന്ന ഉപദ്രവങ്ങൾക്കു പ്രതിപകരമായിട്ടു പിടിച്ചു കേറ്റിയ കാൎയ്യം ആ പുലയനെക്കുറിച്ചു പിന്നീടു ഒന്നും തന്നെ കേട്ടിട്ടില്ലാഞ്ഞതു കൊണ്ടു അവൻ നശിച്ചുപോയതായിരിക്കുമെന്നുള്ള പേടിയോടു കൂടിയിട്ടു തന്റെ ദുഷ്ടതയുടെ ഫലത്തെ നല്ല തെളിവായി അവനെ കാണിച്ചു. സകല കാരണങ്ങൾ കൊണ്ടും തന്റെ മകളുടെ ആയുസ്സിനെ അരിഷ്ടമാക്കുവാൻ ചേലുണ്ടായിരുന്നുവനായ ഒരാളിനെക്കൊണ്ടു അശേഷം നീചമായ കാൎയ്യങ്ങളെ ആഗ്രഹിച്ചു അവളെ കെട്ടിക്കുന്നതിനു താൻ ഉറപ്പായി നിശ്ചയിച്ചു കളഞ്ഞതിനെ ഓൎത്തിട്ടു അതു ഒന്നു കൂടെ ശക്തിപ്പെട്ടു. പരിശുദ്ധാത്മാവു മൂലമുണ്ടായ ൟ കുറ്റബോധങ്ങൾ കോശികുൎയ്യന്റെ മനസ്സിനെ സത്യത്തിലേക്കു കൊണ്ടുവരികയായിരുന്നു എന്നുള്ളതിന്നു സംശയമില്ല. കാണാതെ പോയ പൌലൂസിനെക്കുറിച്ചു ഒരു വഴിയിലും സത്യവൎത്തമാനങ്ങൾ ഒന്നും അവനു കിട്ടിയില്ല എങ്കിലും ക്ഷമയോടു കൂടെ അവനെ വളരെ തിരക്കിയശേഷം ആ നല്ല പാദ്രിയുടെ ആലോചനയും ഗുണദോഷവും അന്വേഷിക്കയായിരുന്നു അദ്ദേഹത്തിന്റെ മാൎഗ്ഗം നാം കണ്ടിട്ടുള്ളതുപോലെ "പിതാവില്ലാത്തവരെയും വിധവമാരെയും അവരുടെ അനൎത്ഥതിൽ ചെന്നു കാണുന്നതിലേക്കും ലോകത്തിൽനിന്നു തന്നെത്താൻ അശുദ്ധപ്പെടാതെ സൂക്ഷിക്കുന്നതിലേക്കും" അവനെ നടത്തി. “പാപവും വൃദ്ധനുമായ പൌലൂസിനു എന്തു സംഭവിച്ചായിരിക്കും?" എന്നായിരുന്നു കോശികുൎയ്യന്റെ കൂടെക്കൂടെയുള്ള ചോദ്ദ്യം. "അങ്ങുതെക്കുക-- എന്ന സ്ഥലത്തു അവനെ കണ്ടു അറിഞ്ഞിട്ടുള്ളതായി നമ്മുടെ മത്തായി ഉപദേശി സൂചിപ്പിച്ചിരിക്കുന്നതിൽനിന്നു അവന്റെ കാൎയ്യത്തക്കുറിച്ച് ഒന്നും നിശ്ചയിച്ചുകൂടാ"
പട്ടക്കാരൻ പറഞ്ഞു: "കൊള്ളാം കാലക്രമം കൊണ്ടു അവനു എന്തുവന്നു എന്നു നമുക്കു അറിയാം സംശയമില്ല. കാൎയ്യം നോക്കുമ്പോൾ പേടിച്ചാകുന്നു അവൻ അ---യിലേക്കു തൽക്കാലം തിരിച്ചു വരാത്തതു എന്നു എന്റെ മനസ്സിൽ തോന്നുന്നു" [ 82 ] "അങ്ങിനെ വരുമൊ" എന്നായിരുന്നു കോശികുൎയ്യൻ പറഞ്ഞതു. "എങ്കിലും മറിയത്തിനെ അവൻ പിടിച്ച കേറ്റിയ രാത്രി തന്നെ കുടിച്ചു ചത്തു പോയതായിരിക്കുമെന്നുള്ള പേടി എന്നിൽനിന്നു നീങ്ങുന്നില്ല. അവൻ നന്നാ ക്ഷീണിച്ചിരിക്കെണം. അവിടെ ആറ്റിനു വീതിയും കൂടും അവന്റെ ഭാൎയ്യയും അവനെ അതിൽ പിന്നെ കണ്ടിട്ടുമില്ല. അതിനെക്കുറിച്ചു ചോദിക്കുമ്പോഴൊക്കെയും ഒരു ശകുനപ്പിഴ പോലെ ഉരിയാടാതിരിക്കയും ചെയ്യുന്നു."
പട്ടക്കാരൻ പറഞ്ഞു:--എന്നാൽ എന്റെ കൂടെല--എന്ന സ്ഥലത്തേക്കു പോരൂ. ഞാൻ നാളെ തിരിക്കും. ഇവിടെ നിന്നു മൂന്നു ദിവസത്തെ വഴിയുണ്ടു. അവിടെ ഒഴങ്ങളിൽ വേലയ്ക്കു താഴ്നീതികളിലുള്ള പുലയരിൽ വളരെ പേരു ഏൎപ്പെട്ടിട്ടുണ്ടെന്നു കേൾക്കുന്നു. പൌലൂസിനെക്കുറിച്ചു വല്ലതും അവിടെ കേൾക്കാമായിരിക്കും. ഇനിക്കു അവിടത്തെ സഭയിൽ കുറെ മാമോദിസാ കഴിക്കാനുണ്ടു “
"അങ്ങിനെ തന്നെ " എന്നു കോശികുൎയ്യൻ മറുപടി പറഞ്ഞു. "എങ്കിലും ഇനിക്കു ൟ കാൎയ്യത്തിൽ ദുശ്ശങ്കയെയുള്ളു ല---യിക്കു അല്പം വടക്കു പ--നംപൂരിയുമായി ഇടപാടുകൾ ഉള്ളതുകൊണ്ടു പോരുന്നതിനു ഇനിക്കാകുന്നു കുറെക്കൂടെ മനസ്സു. ഞായറാഴ്ച കഴിഞ്ഞിട്ടു നമുക്കു വടക്കനാറ്റു വഴി ഇങ്ങു പോരികയും ചെയ്യാം.
പറഞ്ഞതു പോലെ തന്നെ പിറ്റെ ദിവസം രാവിലെ കോശികുൎയ്യനും പാദ്രിയച്ചനം വള്ളം കേറി. കുറെ തെക്കോളം അവൎക്കു വള്ളം വഴി പോകുവാൻ ഉണ്ടായിരുന്നു. അതിന്റെ ശേഷം കാട്ടിൽ കൂടെ കര വഴി ല---എന്ന സ്ഥലത്തു എത്തുന്നതു വരെ കുറെ ഏറെ നാഴിക കിഴക്കോട്ടു നടക്കെണം. ആ സ്ഥലത്തു കിഴക്കൻ മല വെട്ടി വിതച്ചു അനുഭവിച്ചു വന്ന കൃഷിക്കാരു പാർക്കുന്നുണ്ടായിരുന്നു. വിപരിപ്പാൻ യോഗ്യമായിട്ടുള്ളതൊന്നും അവരുടെ വഴിയാത്രയിൽ സംഭവിക്കാഞ്ഞതുകൊണ്ടു അതിനെക്കുറിച്ചു പറയെണമെന്നില്ലല്ലോ. ശനിയാഴ്ച വൈകീട്ടു അവർ നിയമിച്ചിരുന്ന സ്ഥലത്തു എത്തി. പിറ്റെ ദിവസം കാലത്തു പ്രോത്തെസ്താന്തു പള്ളിയിൽ അടിയന്തിരം നടത്തിയതിൽ വളരെ മാമോദീസായും കഴിച്ചു. കാണാതെപോയ 'പുലയനെക്കുറിച്ചു കോശികുൎയ്യൻ മലംകൃഷിക്കാരിൽ പലരോടും ചോദിച്ചു. അവന്റെ പേരാകട്ടെ അടയാളങ്ങാളാകട്ടെ അറിയു [ 83 ] ന്നവരായിട്ടു ഒരുത്തരുമില്ലായിരുന്നു. ഒഴങ്ങളിൽ മാൎഗ്ഗവാസികളായിട്ടുള്ള പുലയരു ചുരുക്കം തന്നെ എന്നു അവർ പറഞ്ഞു. എങ്കിലും അഞ്ചു നാഴിക ദൂരത്തുള്ള ഒരു ഒഴത്തിലെ പുലയരു ക്രിസ്ത്യാനിമാൎഗ്ഗത്തെക്കുറിച്ചു സംസാരിക്കുന്നതു ഒരിട കേട്ടു അതിനെക്കുറിച്ചു ഒന്നും അപ്പോൾ വിചാരിച്ചില്ല എന്നു ആരോ ഒരുത്തൻ പറഞ്ഞു.
ൟ സമയം കോശികുൎയ്യനും സ്നേഹിതനും തങ്ങൾ വിചാരിച്ചിരുന്നതിനു മുമ്പു ല_ യെ വിട്ടു പോകുന്നതിനു ഒരു കാൎയ്യമുണ്ടായി അതായതു ഏകദേശം ഏഴു നാഴിക ദൂരെ തങ്ങൾ അറിയുന്ന ഒരു ക്രിസ്ത്യാനി മരിപ്പാൻ കിടക്കുന്നു എന്നും അച്ചനെ കാണ്മാൻ ആഗ്രഹിക്കുന്നു എന്നും ഒട്ടു ഉച്ചയായപ്പോൾ ഒരു ആളു വന്നു പറഞ്ഞതു തന്നെ. ദയവും നന്മയുമായുള്ള പ്രവർത്തികൾക്കു സദാ ഒരുങ്ങിയിരുന്ന ൟ നല്ല ആൾ ആ അപേക്ഷ പ്രകാരം ചെയ്യുന്നതിനു ഒട്ടും തൎക്കിച്ചില്ല. വൈകുന്നതിനു മുമ്പു താനും കോശികുൎയ്യനും കൂടെ അവിടേക്കു തിരിക്കയും ചെയ്തു. അവരുടെ വഴി അവിടവിടെ ഒഴം വെട്ടീട്ടുള്ള കാട്ടുപ്രദേശത്തു കൂടെയായിരുന്നു. ഒരു വശത്തു പാറയുള്ള ഒരു ആറും മറ്റെ വശത്തു വൃക്ഷങ്ങളുടെ ഇടവഴി നീല നിറമായി കാണുന്ന മലകൾ ദൂരത്തിലും ഉണ്ടായിരുന്നു. ഏകദേശം സന്ധ്യയോടു കൂടെ അവരുടെ വഴി പാതിയിലേറെയും കഴിഞ്ഞു കൃഷിസ്ഥലങ്ങൾ ഇല്ലാതെ കാടു മാത്രമുള്ള ഒരു വല്യ താഴ്‌വരയിലായി.അപ്പോൾ അവർ ഒരു പാട്ടു കേട്ടു. ശ്രദ്ധിച്ചപ്പോൾ മനുഷ്യരുടെ ശബ്ദം തന്നെയെന്നു നിശ്ചയമായി രാഗത്തിന്റെ ചേലു കേടു കൊണ്ടു വാക്കുകൾ തെളിഞ്ഞു കേട്ടതിനാൽ അതു "ഭാഗ്യം ഭാഗ്യം ഭാഗ്യം" എന്നിങ്ങിനെയുള്ള പാട്ടായിരുന്നു എന്നു അവർ ഉടനെയറിഞ്ഞു. ഇത്ര ദൂരെയുള്ള കാട്ടുപ്രദേശത്തു ക്രിസ്ത്യാനിപ്പാട്ടു കേട്ടതെങ്ങിനെ രാഗം പോരാത്തതെങ്കിലും “വനപ്രദേശം സന്തോഷിച്ചു. പനിനീർ പുഷ്പം പോലെ പൂക്കും" എന്നുള്ള ദീൎഘദർശനത്തിന്റെ ഒരു നിവൃത്തിയായിരുന്നു ഇതു എന്നു തോന്നും. ആ ശബ്ദം കേട്ട ചോവ്വിനു ഒരു ഊടുവഴിയെ അവർ നോക്കിയപ്പോൾ മലംകൃഷിക്കാൎക്കു സാധാരണയുള്ള കുടിലുകളെക്കാൾ കുറെ വലിപ്പത്തിൽ ഒരു വീടിന്റെമേൽകൂട്ടു അല്പം ഉയൎന്നു നില്ക്കുന്നതു അവർ കണ്ടു. ഇങ്ങിനത്ത ഏതാനും കുടിലുകൾ ആനയുടെയും മറ്റു വനവാസികളായ ക്രൂര ജന്തുക്കളുടെയും ഉപ [ 84 ] ദ്രവം ഉണ്ടാകാതിരിപ്പാൻ മരത്തിന്റെ മുകളിൽ കെട്ടിയവയായിട്ടു സമീപെ ഉണ്ടായിരുന്നു. എന്നാൽ ൟ വീടു ആയിട വച്ചതായ ഒരു പ്രാൎത്ഥനസ്ഥലമായിരുന്നു. അതിനു ആറു മരത്തൂണും വയ്ക്കൊൽകൊണ്ടുള്ള മേച്ചിൽ പുറവും ഉണ്ടായിരുന്നു. അതിൽനിന്നായിരുന്നു അവർ കേട്ട ശബ്ദം പുറപ്പെട്ടതു. അവർ ജാഗ്രതയോടു കൂടെ അടുത്തു വാക്കുകൾ എല്ലാം തെളിവായി കേൾക്കത്തക്ക സ്ഥലം നോക്കി ഒരു മരത്തിന്റെ കിഴെ മറ്റവർ അറിയാതെ ഇരുന്നു. പാട്ടു കഴിഞ്ഞപ്പോൾ ഒരു പ്രാൎത്ഥന കേട്ടു. അതിന്റെ ശേഷം പ്രാൎത്ഥിച്ച ആളു തന്നെ പുരുഷന്മാരും സ്ത്രീകളുമായിട്ടു പത്തുമുപ്പതു പേരോളും ഉണ്ടായിരുന്ന ആ സഭയോടു പറഞ്ഞുതുടങ്ങി. ശബ്ദം നന്നാവയസ്സു ചെന്ന ഒരാളിന്റെയും അവൻ പറഞ്ഞതു"സ്നേഹ"ത്തെക്കുറിച്ചും ആയിരുന്നു.“ദൈവം ലോകത്തെ അത്ര സ്നേഹിച്ചു." വീണ്ടെടുപ്പിൽ "ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ചു ലളിതവാചകമായിട്ടെങ്കിലും ദീൎഘമായും വാചാലതയോടു കൂടിയും അവൻ പറഞ്ഞു. അവൻ സംസാരിച്ചതു ഒട്ടു വേഗത്തിലായിരുന്നു. കുരിശിക്കപ്പെട്ട രക്ഷിതാവിനെക്കുറിച്ചു വൎണ്ണിച്ചു തന്റെ ദരിദ്രത മൂലം മനുഷ്യർ എന്നേക്കും സമ്പന്നന്മാരാകുന്ന വഴി കാണിച്ചപ്പോൾ ചില സമയം അവൻ വിക്കിപ്പോയി. സ്വൎഗ്ഗത്തിലെ മരണമില്ലാത്തതും കളങ്കമറ്റതുമായ സ്നേഹത്തെക്കുറിച്ചു അവൻ അവരോടു പറഞ്ഞു. അവൻ ൟ വൎണ്ണനയിൽ മുറുകി വന്നപ്പോൾ ഒരു വൃദ്ധസ്ത്രീ "ശരി: ഭൂമിയിൽ ഇത്ര കഷ്ടപ്പെടുന്ന നമുക്കു അതൊരു മഹത്വമുള്ള സ്ഥലമായിരിക്കെണം" എന്നു വിളിച്ചു പറഞ്ഞു. പിന്നെ അവൻ സ്നേഹമെന്തെന്നു അവർ എല്ലാവരും അറിഞ്ഞിട്ടുണ്ടെന്നും എല്ലാവരും കുറഞ്ഞ പക്ഷം വല്ലതു എങ്കിലും അതുകൊണ്ടു അനുഭവിച്ചിട്ടുണ്ടെന്നും തങ്ങൾ സ്നേഹിച്ചിട്ടുള്ള ഒരു കൊച്ചൊ ഒരു ഭാൎയ്യറ്റൊ ഒരു ഭൎത്താവൊ നഷ്ടപ്പെട്ടു പോയാൽ എന്തുണ്ടെന്നുള്ളതു അറിഞ്ഞിട്ടില്ലാത്തവർ അവരിൽ ചുരുക്കമെയുള്ളു എന്നും അനേകം കുഡുംബങ്ങളിൽ വേണ്ടപോലെയുള്ള സ്നേഹമില്ലെങ്കിലും അതു മനുഷ്യർ എല്ലാവരും ആഗ്രഹിക്കത്തക്ക ഒരു അനുഗ്രഹമാണെന്നും അവരെ ഓർമ്മപ്പെടുത്തി. അതിന്റെ ശേഷം സ്നേഹം സകലത്തിനും മീതെ കൎത്താവായിരുന്നു മനുഷ്യരുടെ എല്ലാ പ്രവൎത്തികളെയും ഭരിച്ചിരുന്നെങ്കിൽ ലോകം എങ്ങിനെയിരുന്നേനെ എ [ 85 ] ന്നു അവൻ കാണിച്ചു തുടങ്ങി. അവൻ പിന്നെയും അവരെ ഓൎമ്മപ്പെടുത്തിപ്പറഞ്ഞതെന്തെന്നാൽ "ക്രിസ്ത്യാനികൾ തമ്മിൽ തമ്മിൽ സ്നേഹിപ്പാൻ കല്പിക്കപ്പെട്ടിരിക്കുന്നു. ഇതു ചെയ്യുന്നതിനു നാം സകലരെയും നമ്മുടെ ശത്രുക്കളെ പോലും സ്നേഹിക്കെണം. നാം തിന്മയ്ക്കു പകരം തിന്മ ചെയ്താൽ തിന്മയും ദോഷവും തന്നെ എന്നും പരക്കും. എന്നാൽ മനുഷ്യർ തങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പാൻ പഠിച്ചു തിന്മയ്ക്കു പകരം നന്മ ചെയ്താൽ സ്നേഹം തിന്മയെ ലോകത്തിൽനിന്നു ചവിട്ടിക്കളഞ്ഞു ഒരിക്കൽ അധിപതിയായി വാഴും. നമ്മിൽ ചിലർ ക്രൂരതയിൽ കാലം കഴിച്ചുകൂട്ടിട്ടുണ്ടു അധികം പേൎക്കു കഠിനക്കാരായ യജമാനന്മാരും ഉണ്ടായിരുന്നിട്ടുണ്ടു. എന്നാൽ അവരുടെ തിന്മയ്ക്കു നന്മ പകരം ചെയ്യുന്നതിനു കരുതിക്കൊണ്ടു നാം അവരുടെ പേർക്കു പ്രാൎത്ഥിക്കണം. അതും ദിവസേന വേണം. എന്തെന്നാൽ നീതിമാന്റെ താല്പൎയ്യമുള്ള പ്രാൎത്ഥന വളരെ സാധിക്കുന്നു. നാം ഇപ്രകാരം അവൎക്കു ഗുണം ചെയ്യണം. എന്തെന്നാൽ ഇങ്ങിനെ ചെയ്തു "അവരുടെ തലകളിൽ തീക്കനലുകളെ കൂട്ടുന്ന"തിനാൽ നമുക്കു അവരുടെ മനസ്സിനെ ഉരുക്കാം. നമുക്കു പരമാൎത്ഥതയോടു അവരുടെ പേൎക്കു വേലയെടുത്തു നമ്മുടെ മുറയെ അവൎക്കു ചെയ്യെണം. എന്തെന്നാൽ അവർ നമ്മെ അവരുടെ പണിയിലാക്കിയിരിക്കുമ്പോൾ ഒക്കെയും അവർ ന്യായപ്രകാരം നമ്മുടെ യജമാനന്മാരാകുന്നു. അങ്ങിനെ ചെയ്താൽ ദൈവത്തെ നമ്മുടെ പൂൎണ്ണ ഹൃദയത്തോടും പൂൎണ്ണ മനസ്സോടും പൂൎണ്ണ ആത്മാവോടും പൂൎണ്ണ ശക്തിയോടും നമ്മുടെ അയൽക്കാരെ നമ്മെപ്പോലെ തന്നെയും നാം സ്നേഹിക്കേണമെന്നു എന്റെ കയ്യിലിരിക്കുന്ന ൟ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന ദൈവ കല്പനയെ നാം അനുസരിക്കുകയാകുന്നു."
ഇങ്ങിനെയായിരുന്നു വൃദ്ധൻ പ്രസംഗിച്ചു നിൎത്തിയതു. ശബ്ദം കോശി കുൎയ്യനു നല്ല പരിചയമുള്ളതുമായിരുന്നു. അതു അവന്റെ വൃദ്ധനായ പൌലൂസ് അല്ലാതെ മറ്റാരും അല്ലായിരുന്നു. വൃദ്ധൻ തന്റെ പ്രസംഗത്തിൽ മുറുകിയപ്പോൾ കോശികുൎയ്യൻ ശ്രദ്ധയിൽ മുഴുകിപ്പോയി. പിന്നെ പ്രസംഗത്തിന്റെ അവസാനത്തിങ്കൽ അവൻ പുലയരുടെ ദുഃഖങ്ങളെയും തിന്മയ്ക്കു പകരം നന്മ ചെയ്യുന്നതിനെയും തങ്ങളുടെ യജമാനന്മാരുടെ പേൎക്കു പ്രാൎത്ഥിക്കെ [ 86 ] ണ്ട മുറയെയും കുറിച്ചു പറഞ്ഞപ്പോൾ ഒരിക്കൽ നിഗളിയായിരുന്ന ഈ സുറിയാനിക്കാരന്റെ തല മുട്ടേൽനിന്നു താണു തുടങ്ങി അന്നേരം അവൻറ സ്നേഹിതനായ അച്ചൻ അവന്റെ കണ്ണുനീരുകൾ നിലത്തു വീഴുന്നതു കാണുകയും അവന്റെ ഏങ്ങൽ കേൾക്കയും ചെയ്തു. ഇവിടെ വെച്ചാ ഘാതകനെവധം ചെയ്തതു അവന്റെ കണ്ണുകളിൽ കണ്ണുനീരോടു കൂടെ അവൻ ആ ചെറിയ പ്രാൎത്ഥനാഭവനത്തിൽ കേറി. അവിടെയുണ്ടായിരുന്നവരുടെ ആശ്ചൎയ്യം ഒട്ടും കുറവല്ലായിരുന്നു. എങ്കിലും നാട്ടുപാദ്രിയുടെ സന്തോഷമുള്ള മുഖം കണ്ടതുകൊണ്ടു വൃദ്ധനായ പൌലുസിന്റെ ഹൃദയത്തിൽനിന്നു ഭയം അശേഷം പോയി കോശികുൎയ്യൻ വൃദ്ധന്റെ കൈയ്ക്കുപിടിച്ചുപറഞ്ഞു:--"പൌലുസെ എന്റെ ആയുസ്സു നാളുകളിലേക്കു ഭാഗ്യമുള്ള ദിവസം ഇതാകുന്നു. നീ ചത്തു പോയെന്നാണു ഞാൻ വിചാരിച്ചിരുന്നതു. ആ വിചാരം ൟ ഒരു പേക്കിനാവു പോലെ എന്നിൽനിന്നു മാറാതിരുന്നു."
പൗെലൂസ്-_'ഹാ! യജമാനനെന്നെക്കുറിച്ച് അങ്ങിനെ മാത്രമെ ആഗ്രഹിക്കു എന്നു ഞാൻ വിചാരിച്ചിരുന്നു."
കോശികുൎയ്യൻ- “ഇല്ല നീ എന്നെ തെറ്റിക്കുന്നു. നീയവിടെ നിന്നു പോന്നപ്പോൾ മുതൽ ഞാൻ ഒരു പുതിയ മനുഷ്യനായിരിക്കയാണെന്നു ഞാൻ ആശപ്പെടുന്നു. ഞാൻനിന്നെ നന്നാ ഉപദ്രവിച്ചിട്ടുണ്ടു. നീയതെന്നോടു ക്ഷമിക്കുമോ?"
പൌലൂസു--"ഇനിക്കു യാതൊരു മുഷിച്ചിലും ഇല്ല. ഞാൻ എന്റെ യജമാനനോടു ക്ഷമിച്ചിട്ടു എത്ര നാളായി? എങ്കിലും ഞാൻ ൟക്കാണുന്നതും കേൾക്കുന്നതും ഓൎത്തിട്ടു എന്റെ മനസ്സിൽ വല്യ ഭ്രമം പിടിക്കുന്നു."
കോശികുൎയ്യൻ-"ഭ്രമിക്കേണ്ട, എന്റെ കുറ്റമുള്ള മനസ്സാക്ഷി ഇനിക്കു ആശ്വാസം തന്നിട്ടില്ല. ഞാൻ നിന്നോടു ചെയ്തു ക്രൂരതയ്ക്കു കഴിയുന്നതായിരുന്നാൽ വല്ലതും പ്രതിവിധി ചെയ്യെണ്ടതിനു ഞാൻ നിന്നെ വളരെ അന്വേഷിച്ചു. ഇപ്പോൾ നീയെന്റെ അടിയാനല്ല. ഗുരുവാകുവാനത്രെ അധികം യോഗ്യത എന്നു ഇപ്പോൾ കണ്ടറിഞ്ഞിരിക്കുന്നു. ഞാൻ നിന്നിൽനിന്നു പഠിപ്പാൻ ആഗ്രഹിക്കുന്നുമുണ്ടു. നിന്നിൽ ഉണ്ടായിരുന്ന വിചാരങ്ങൾ. വളരെക്കാലം എന്റെ ദൈവങ്ങളായിട്ടു ഞാൻ വിചാരിച്ചു വന്നവയിൽ നിന്നു നന്നാ വ്യത്യാസപ്പെട്ടവ തന്നെ. നീ കുറ്റമില്ലാത്തവനെങ്കിലും എന്റെ ദുശ്ശീലത്തിനു നിന്നെ ഞാൻ പാത്ര [ 87 ] വാനാക്കിയപ്പോൾ നീ നിന്റെ പ്രാൎത്ഥനകൾകൊണ്ടു എന്റെ ക്രൂരതകൾക്കു പകരം വീട്ടി. നീ ഇനിക്കു വേണ്ടി പ്രാൎത്ഥിച്ചിട്ടുണ്ടെന്നും നിന്റെ അപേക്ഷകൾക്കു മറുപടി കിട്ടീട്ടുണ്ടെന്നും ഞാൻ അറിയുന്നു. നിന്റെ മാൎഗ്ഗം എന്റേതിനേക്കാൾ നല്ലതു തന്നെ സംശയമില്ല. നീ ൟ ആളുകളോടു പ്രസംഗിച്ചതിൽ നിന്റെ വായിൽനിന്നു ഇപ്പോൾ ഞാൻ കേട്ടിട്ടുള്ളതുപോലെയുള്ള നിരൂപണങ്ങൾ നിന്റെ ഹൃദയത്തിൽനിന്നു പുറപ്പെടുവിപ്പാൻ നിനക്കു പ്രാപ്തിയുള്ളതുകൊണ്ടു ഞാൻ നിന്റെ പാദത്തിങ്കൽ ഇരിക്കെണ്ടിയിരിക്കുന്നു. വെയിലുകൊണ്ടു കറുത്തതും ഞൊറിഞ്ഞതുമായ മുഖത്തു ഒരു ആശ്ചൎയ്യ പുഞ്ചിരിയോടു കൂടെ കിളവൻ അല്പനേരം നിന്നു. അതിന്റെ ശേഷം ദൈവം പ്രാൎത്ഥനയ്ക്കു മറുപടി തരുമെന്ന താൻ പണ്ടേ അറിഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും ഇപ്രകാരം ഉള്ള ഒരു മറുപടി ഭാഗ്യകരമായ ആശ്ചൎയ്യം കൊണ്ടു തന്നെ നിറച്ചു എന്നു പറഞ്ഞു അവൻ പിന്നെയും അതിശയം കൂറി തന്റെ വിചാരം എത്തുന്നതിലധികം മാറ്റത്തോടു കൂടിയ യജമാനന്റെ മുഖത്തുനിന്നു കണ്ണൂ പറിക്കാതെ നിന്നു. അപ്പോൾ അവൻ പറഞ്ഞു:-"ഞാൻ ആ---വിട്ടു പോന്നപ്പോൾ യജമാനനെ വളരെ ഭയപ്പെട്ടു. വ്യസനം കൊണ്ടു എന്റെ സുബോധവും എന്നിൽനിന്നു പൊയ്പോയി ഞാൻ നന്നാ സൂക്ഷ്മത്തോടു കൂടെ ഒളിച്ചു നടക്കയായിരുന്നു. എന്തെന്നാൽ എന്നെ പിടികിട്ടിയാൽ ഞാൻ പെട്ടുപോകമെന്നു ഞാൻ നിശ്ചയിച്ചിരുന്നു. കാൎയ്യങ്ങൾ നടക്കുന്നതിനെക്കുറിച്ചു അറിവാൻ മാത്രമായിരുന്നു എന്റെ വൃദ്ധയായ ഭാൎയ്യ അവിടെ താമസിച്ചതു. എങ്കിലും ഒടുക്കം ഞാൻ വിചാരിച്ചതു യജമാനൻ സ്നേഹത്തിലെന്നെ തിരക്കുമെന്നായിരുന്നു. ദൈവം സ്തുതിക്കപ്പെടട്ടെ.
കോശികുൎയ്യൻ: കൊള്ളാം. ഇനിയും ബുദ്ധിയോടും പരമാൎത്ഥതയോടും കൂടെ വരുംകാലത്തെ പെരുമാറി കഴിഞ്ഞതിന്റെ വാശിതീൎക്കാം. ഇന്നു നീ പഠിപ്പിച്ചിട്ടുള്ള പാഠങ്ങൾ തന്നെ പഠിപ്പിച്ചുകൊണ്ടു നിന്റെ ശിഷ്ടായുസ്സിനെ തിരികെ വന്നു സമാധാനത്തിൽ കഴിച്ചുകൂട്ടിക്കൊൾക.