ജി. പി./ബഹിഷ്‌കൃതരായ മൂന്നു വിദ്യാൎത്ഥികൾ

ജി. പി.
(൧൮൬൪ - ൧൯൦൩)
(വിവർത്തനം)
രചന:കേരളീയൻ, പരിഭാഷകൻ : സി.പി. രാമകൃഷ്ണപ്പിള്ള
ബഹിഷ്‌കൃതരായ മൂന്നു വിദ്യാൎത്ഥികൾ

[ 9 ]




“ജി. പി.”
(൧൮൬൪-൧൯ഠ൩)


൧. ബഹിഷ്കൃതരായ മൂന്നു വിദ്യാർത്ഥികൾ


തിരുവിതാംകൂർ ഒരുനവയുഗത്തിലേയ്ക്കു് കാലൂന്നിയിരിക്കുകയാണു്. അനേകം ആണ്ടുകളായി നീണ്ടു നിന്ന നിരന്തര സമരത്തിനും ത്യാഗത്തിനും മകുടം ചാർത്തിക്കൊണ്ടു് ജനകീയശക്തികൾ വിജയം കൈവരിച്ചു് ഉത്തരവാദഭരണം സ്ഥാപിച്ചിരിക്കുന്നു. ഈ ഘട്ടത്തിൽ, തിരുവിതാംകൂറിലെ രാഷ്ട്രീയവിപ്ലവത്തിനു് വിത്തു പാകിയതു് അറുപത്തഞ്ചുകൊല്ലങ്ങൾക്കു് മുൻപു് തിരുവനന്തപുരത്തേ രാജകീയകലാശാലയിൽ ബി. ഏ. ക്ലാസ്സിൽ വായിച്ചുകൊണ്ടിരുന്ന ഒരു പതിനെട്ടുവയസ്സുകാരനാണെന്നറിയുന്നതു് ഇന്നത്തെ തലമുറയ്ക്കു് കൌതുകപ്രദമായിരിക്കും. രാജകീയകലാശാലയുടെ മുമ്പിൽ അനവധി വിദ്യാർത്ഥിവൃന്ദങ്ങളുടെ ഉത്സാഹപ്രകടനങ്ങൾക്കു് മൂകസാക്ഷിയായി ഒരു വൃദ്ധചൂതം ഇന്നും നില്പുണ്ടു്. ആ “കാരണവരുടെ” ശീതളച്ഛായയിൽ ഒരു യുവാവു് തന്റെ രണ്ടു് സുഹൃത്തുക്കളൊന്നിച്ചിരുന്നു് അന്നത്തെ തിരുവിതാംകൂർ ദിവാൻ വെമ്പാകം രാമയ്യങ്കാരെയും അദ്ദേഹത്തിന്റെ ഭരണത്തെയും നിശിതമായി വിമർശിച്ചുകൊണ്ടുള്ള ലേഖന

[ 10 ]

ങ്ങൾ കത്തിക്കുറുണ്ടായിരുന്നു. ആ ലേഖനപരമ്പരകൾ അന്നു് ബ്രിട്ടീഷ് കൊച്ചിയിൽനിന്നും ഹാൾ മെൽവിൽ വാക്കറുടെ നിപുണമായ പത്രാധിപത്യത്തിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന “വെസ്റ്റേൺസ്റ്റാർ” പത്രത്തിൽ ലേഖകന്റെ വ്യക്തിത്വം വെളിപ്പെടുത്താതെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഈ നാട്ടിൽ ജനിച്ചു വളർന്നവർക്കു് ഇവിടെ വികസിക്കുവാനുള്ള സൌകര്യങ്ങൾ അനുവദിക്കാതെ മറുനാട്ടുകാരെ ഇങ്ങോട്ടു ഇറക്കുമതിചെയ്യുന്നന്നായിരുന്നു അന്നത്തെ ദിവാന്റെ നയം. ഈ കുത്സിതനയത്തെ രൂക്ഷമായി വിമർശിക്കുകയാണു് ആ വിദ്യാർത്ഥിലേഖകൻ സാധാരണ ചെയ്തിരുന്നതു്. “സ്റ്റാറി”ലെ ലേഖനങ്ങൾ രാജ്യമൊട്ടാകെയും, ഔദ്യോഗികമണ്ഡലങ്ങളിൽ പ്രത്യേകിച്ചും, ചില കോളിളക്കങ്ങളെല്ലാം ഉണ്ടാക്കി.

കുറേക്കാലത്തേയ്ക്കു് ലേഖകനെപ്പററിയുള്ള വിവരങ്ങൾ അജ്ഞതയിൽ ആണ്ടുകിടന്നതേയുള്ളു. അവ്യക്തങ്ങളായ ചില സംശയങ്ങൾ പല പ്രമുഖവ്യക്തികളുടെയും മേൽ പതിഞ്ഞെങ്കിലും അവയെല്ലാം അടിസ്ഥാനരഹിതങ്ങളാണെന്നു തെളിഞ്ഞു. “സ്റ്റാർ” പത്രാധിപരിൽനിന്നും നേരിട്ടു വിവരങ്ങൾ ഗ്രഹിപ്പാൻവേണ്ടി ഒരു ഉദ്യോഗസ്ഥനെ കൊച്ചിയിലേക്കയച്ചുനോക്കി. പക്ഷേ ആ ശ്രമവും വിഫലമായതേയുള്ളു.ഈ ലേഖന പ്രവാഹത്തിന്റെ ഉറവ് കണ്ടുപിടിക്കുവാൻ ദൃഢവ്രതനായിരുന്ന ദിവാൻ ചാരന്മാരെ നിയോഗിച്ചു് വളരെ

[ 11 ]

ഊർജ്ജിതമായി നടത്തിയ അന്വേഷണങ്ങളുടെ ഫലമായി യുവാവായ ആ “കുറ്റവാളി”യും അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളും കണ്ടുപിടിക്കപ്പെട്ടു. തന്റെ പ്രതിയോഗികൾ ആരാണെന്നറിഞ്ഞപ്പോൾ ദിവാൻ രാമയ്യങ്കാർ കോപത്തിന്റെ കോമരമായി ചമഞ്ഞു. ആ മൂന്നു വിദ്യാർത്ഥികളെയും കലാലയത്തിൽനിന്ന് ബഹിഷ്കരിക്കണമെന്ന് കലാലയാദ്ധ്യക്ഷനായിരുന്ന പ്രൊഫസർ ജോൺറോസിനോടു ദിവാൻ ആവശ്യപ്പെട്ടു. ഉന്നതാശയനായ പ്രിൻസിപ്പാലാകട്ടെ, തന്റെ ശിഷ്യന്മാരിൽ വെച്ച് ഏതു തരത്തിലും യോഗ്യന്മാരാണെന്ന് തനിക്കു ബോധ്യമുള്ള ആ മൂന്നു യുവാക്കളുടെയും മേൽ എന്തെങ്കിലും നടപടി തന്റെ സ്വന്തം ചുമതലയിൽ എടുക്കുവാൻ വിസമ്മതിക്കുകയാണു ചെയ്തതു. ആ “കുറ്റവാളി”കളെ വെറുതെ വിടാൻ പാടില്ലെന്നു ദിവാനും തീർച്ചപ്പെടുത്തി. പത്രങ്ങളിൽ രാഷ്ട്രീയലേഖനങ്ങളെഴുതി വിദ്യാർത്ഥികളുടെയിടയിൽ പ്രചരിപ്പിച്ചു് ഭരണകൂടത്തിന്റെ നേർക്ക് വിദ്വേഷം വളർത്താൻ ശ്രമിക്കുന്നു എന്ന കുറ്റത്തിനു് ആ മൂന്നു വിദ്യാർത്ഥികളെയും കലാലയത്തിൽ നിന്ന് ഉടൻ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഗവണ്മെന്റുത്തരവ് അദ്ദേഹം പ്രിൻസിപ്പാളിനയച്ചു. നിസ്സഹായനായിത്തീർന്ന പ്രിൻസിപ്പാളിന് ആ ഉത്തരവിന് കീഴ്‌വഴങ്ങാതെ നിർവ്വാഹമില്ലെന്ന് വന്നുകൂടി. പക്ഷേ, തന്റെ പ്രിയ ശിഷ്യരെ

[ 12 ]

പുറത്താക്കിയപ്പോൾ പ്രൊഫസ്സർ റോസ്സും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന ഡാക്ടർ ഹാർവിയും ആ യുവാക്കന്മാരുടെ സ്വഭാവ നൈർമ്മല്യത്തെയും കഴിവുകളെയും പ്രകീർത്തിച്ചുകൊണ്ടുള്ള പ്രശംസാപത്രങ്ങൾ നൽകുകയുണ്ടായി. ഇങ്ങനെ ബഹിഷ്കൃതനായ ലേഖകൻ കഥാപുരുഷനായ ജി. പരമേശ്വരൻപിള‌ളയും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വെമ്പാകം രാമയ്യാങ്കാരുടെ മുൻഗാമിയായിരുന്ന ദിവാൻ നാണുപിള്ള അവർകളുടെ പുത്രൻ എൻ. രാമൻപിളളയും ദിവാൻ പേഷ്കാരായിരുന്ന രഘുനാഥറാവു അവർകളുടെ പുത്രൻ ആർ. രംഗറാവുവുമായിരുന്നു.

ആ മൂന്നു വിദ്യാർത്ഥികളുടെ മേൽ കൈക്കൊണ്ട ഈ നടപടി അന്നത്തെ പ്രമുഖ ദക്ഷിണേന്ത്യൻ പത്രങ്ങളുടെയെല്ലാം വിമർശനത്തിനു ഹേതുവായി ഭവിച്ചു. കോഴിക്കോടു നിന്നൊരു ലേഖകൻ “സ്റ്റാർ” പത്രത്തിൽ ഇപ്രകാരം എഴുതുകയുണ്ടായി:

“റഷ്യയിലെ ഏകാധിപതിയുടെ സ്വേച്ഛാഭരണത്തിൽ ഈ മാതിരി സംഭവങ്ങൾ അസാധാരണമല്ല. അവിടെ കോളേജുകളിലും സ്‌കൂളുകളിലും വിദ്യാഭ്യാസത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളെ, അവർ ഗവൺമെന്റ് നയത്തിന് വിപരീതമായി എന്തെങ്കിലും പറയുന്ന പക്ഷം, അറസ്റ്റ് ചെയ്തു് സൈബീരിയായിലെ ഖനികളിൽ പ്രവൃൎത്തിയെടുക്കുവാൻ അയക്കുന്ന പതിവുള്ളതായി നാം വായിച്ചിട്ടുണ്ട്. പക്ഷേ അങ്ങ

[ 13 ]

നെ ഒരു സ്ഥിതി നിയന്ത്രിതരാജാധികാരം മാത്രമുള്ള ഒരു അസ്വതന്ത്രനാട്ടുരാജ്യത്തിൽ ഉണ്ടാകുന്നത് ഒരു പുതിയ യുഗത്തെയാണ് കുറിക്കുന്നത്.”

അനന്തരസംഭവങ്ങൾ അതൊരു പുതിയയുഗത്തിന്റെ നാന്ദിയായിരുന്നു എന്നു് തെളിയിക്കുകതന്നെചെയ്തു. അന്നു് ആ മൂന്നു വിദ്യാർത്ഥികളുടെബഹിഷ്കരണത്തിൽ പരിണമിച്ച സംഭവങ്ങൾ തിരുവിതാംകൂറിലെ ജനസാമാന്യത്തിന്റെ രാഷ്ട്രീയ ബോധത്തെ തട്ടിയുണർത്തിയ ഒരു മാനസിക വിപ്ളവത്തിനെ ബീജാവാപം ആയിരുന്നു. ഈ സംഭവങ്ങൾക്കു് സുമാർ എഴുപത്തഞ്ചുവർഷങ്ങൾക്കു മുൻപു് ധീരനായ വേലുത്തമ്പിദളവാ വിപ്ലവത്തിന്റെ കാഹളമൂതിയ കാൎയ്യം ഇവിടെ സ്മരണീയമാകുന്നു. ഈ രാജ്യത്തു വളർന്നുവന്ന ബ്രിട്ടീഷ ആധിപത്യത്തെ ആട്ടിപ്പായിക്കുവാൻ ഒരു ധീരയത്നം അദ്ദേഹം നടത്തി. ആ ശ്രമം അദ്ദേഹത്തിന്റെ ദുരന്തത്തിൽ കലാശിച്ചെങ്കിലും തിരുവിതാംകൂർ ചരിത്രത്തിൽ തങ്കലിപികളിൽ ആ അദ്ധ്യായം കുറിക്കപ്പെട്ടുകഴിഞ്ഞു എന്നതിന് സംശയമില്ല. പക്ഷേ വേലുത്തമ്പി നടത്തിയത് വ്യവസ്ഥാപിതമാർഗ്ഗത്തിലൂടെയുള്ള ഒരു രാഷ്ട്രീയ പ്രക്ഷോഭണമായിരുന്നില്ല. സായുധമായ ഒരു ലഹളയുടെ നിറമാണു് അതിനുണ്ടായിരുന്നതു്.

രാമയ്യന്മാരുടെ മുൻഗാമികളായിരുന്നു രായർദിവാൻജിമാരുടെ ഭരണകാലത്ത് മദ്രാസിലെ “അതേ

[ 14 ]

നിയം” മുതലായ പത്രങ്ങളിൽ അസംഘടിതമെങ്കിലും സുശക്തമായ ഭരണ വിമൎശനം ഇടയ്ക്കിടെ വെളിപ്പെടാറുണ്ടായിരുന്നു. പക്ഷേ അതും സാമാന്യജനങ്ങളിൽ രാഷ്ട്രീയബോധം ജനിപ്പിക്കുവാൻ പര്യായ്യാപ്തമായ ഒരു രാഷ്ട്രീയ പ്രക്ഷോഭണം, അതിന്റെേ ശരിയായ അർത്ഥത്തിൽ തിരുവതിാംകൂറിൽ ആരംഭിച്ചത് ജി. പരമേശ്വരൻ പിള്ളയാണു്. തുടൎച്ചയായി ഒരു ദശാബ്ദ കാലം മുഴുവനും സംസ്ഥാനത്തെ സ്വേച്ഛാഭരണത്തിനെതിരായി മങ്ങായ ധൈരയ്യത്തോടും ഒതുങ്ങാത്ത ഈൎജ്ജ്വസ്വലതയോടും കൂടി അദ്ദേഹം ഒരു സമരം നയിച്ചു. അദ്ദേഹം ആവിഭവിച്ച രാഷ്ട്രീയക്കോളിളക്കം ബാഹ്യലോകത്തിന്റെ ശ്രദ്ധയെ തിരുവിതാംകൂറിലേക്ക് ആകർഷിക്കാൻ പൎയ്യാപ്തമായി ഭവിച്ചു. ഇവിടത്തെ ജനങ്ങളുടെ അവശതകൾ ലോകത്തിന്റെ മുമ്പിൽ കൊണ്ടുവരപ്പെട്ടു. ആ സേനാനിയുടെ നിരന്തര പരിശ്രമം ജനസാമാന്യത്തിനിടയിൽ രാഷ്ട്രീയ പ്രബുദ്ധത വളൎത്തുകയും തങ്ങളുടെ അവകാശങ്ങളെയും ചുമതലകളെയും കുറിച്ചുള്ള ശരിയായ ബോധം ജനങ്ങളിൽ ജനിപ്പിക്കുകയും ചെയ്തു. ഈ കാരണത്താൽ അദ്ദേഹത്തെ ‘തിരുവിതാംകൂറിലെ രാഷ്ട്രീയപ്രക്ഷോഭണത്തിന്റെ ജനയിതാവു്’ എന്നു വിളിക്കുന്നത് തികച്ചും സംഗതമാകുന്നു.