താരിൽത്തന്വീകടാക്ഷാഞ്ചല

രചന:പുനം_നമ്പൂതിരി

താരിൽത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം

നീരിൽത്താർബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!

നേരെത്താതോരു നീയാം തൊടുകുറി കളകായ്കെന്നുമേഷാ കുളിക്കും

നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്‌പാന്തതോയേ.


കവി: പുനം നമ്പൂതിരി

വൃത്തം: സ്രഗ്ദ്ധര

വിക്രമനൃവരാ (അല്ലയോ വിക്രമനായ രാജാവേ!) താരിൽത്തന്വീ (മഹാലക്ഷ്മി യുടെ) കടാക്ഷാഞ്ചലങ്ങൾ(നോട്ടങ്ങൾ) ആകുന്ന മധുപകുലത്തിന് (വണ്ടിൻകൂട്ടത്തിന്) ആരാമം (പൂന്തോട്ടം) ആയിരിക്കുന്നവനേ! രാമാജനാനാം ( സുന്ദരികൾക്ക്) നീരിൽത്താർബാണാ! (കാമദേവൻആയിരിക്കുന്നവനേ!)വൈരാകരനികരതമോമണ്ഡലീ (ശത്രുക്കളുടെ കൂട്ടമാകുന്ന തമോമണ്ഡലത്തിന് / കൂരിരുളിന്) ചണ്ഡഭാനോ! (കത്തിജ്ജ്വലിക്കുന്ന സൂര്യനായവനേ!) ധരാ (ഭൂമീദേവി) നേരെത്താതോരു (ഉപമാനമില്ലാത്ത) നീയാംതൊടുകുറി ( നീ എന്ന നെറ്റിക്കുറി) കളയായ്കെന്നും (ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കട്ടെ) ഹന്ത! കല്പാന്തതോയേ (കല്പാന്തപ്രളയത്തിൽ) ഏഷാ കുളിക്കുന്നേരത്തിന്നിപ്പുറം (അവൾ കുളിക്കുന്ന നേരംവരെ / പ്രളയത്തിൽ ഭൂമി മുങ്ങിപ്പോകുന്ന കാലംവരെ.)

കാവ്യവിഭാഗം: മുക്തകം. ഒറ്റശ്ലോകം.

അലങ്കാരങ്ങൾ

തിരുത്തുക
  1. “നീയാം തൊടുകുറി” എന്നിടത്തു് ‌രൂപകം .
  2. നാലു വരികളുടെയും രണ്ടാമത്തെ അക്ഷരം “ര” ആയതുകൊണ്ടു് ‌ദ്വിതീയാക്ഷരപ്രാസം .
  3. നാലു വരികളുടെയും മൂന്നാമത്തെ അക്ഷരം “ത്ത” ആയതുകൊണ്ടു് ‌തൃതീയാക്ഷരപ്രാസം .
  4. “ആരാമ, രാമാജനാനാം” എന്നിടത്തു് ‌യമകം .
  5. “നേരെത്താതോരു” എന്നും “നേരത്തിന്നിപ്പുറം” എന്നും ഉള്ളിടത്തു് ‌യമകം .
  6. “മണ്ഡലീചണ്ഡഭാനോ” എന്നും “ഹന്ത! കല്‌പാന്തതോയേ” എന്നും ഉള്ളിടത്തു് അനുപ്രാസം .