1. ഇബ്നു ഉമർ(റ) നിവേദനം: ഒരു മനുഷ്യൻ രാത്രിയിലെ നമസ്കാരത്തെക്കുറിച്ച് നബി(സ) യോട് ചോദിച്ചു. നബി(സ) അരുളി: രാത്രിയിലെ നമസ്കാരം ഈ രണ്ട് റക്അത്തുകളായിട്ടാണ് നമസ്കരിക്കേണ്ടത്. സുബ്ഹ് നമസ്കാരത്തെ നിങ്ങളിൽ ആരെങ്കിലും ഭയപ്പെട്ടാൽ അവൻ ഒരൊറ്റ റക്അത്തു നമസ്കരിക്കട്ടെ. അതുവരെ അവൻ നമസ്കരിച്ചു കഴിഞ്ഞതിനെ അത് അവന് വിത്റാക്കി മാറ്റും. നാഫിഅ്(റ) നിവേദനം: ഇബ്നു ഉമർ(റ) വിത്റിൽ രണ്ട് റക്അത്തിന്റെയും ഒരു റക്അത്തിന്റെയും ഇടയിൽ സലാം വീട്ടുകയും തന്റെ ചില ആവശ്യങ്ങൾക്ക് കൽപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 2. 16. 105)
  2. ഇബ്നു ഉമർ(റ) നിവേദനം: നബി(സ) അരുളി: രാത്രി നമസ്കാരം ഈ രണ്ടു റക്അത്തു വീതമാണ്. നീ അവസാനിപ്പിക്കുവാൻ ഉദ്ദേശിച്ചാൽ ഒരു റക്അത്തു നമസ്കരിച്ച് നീ നമസ്കരിച്ചതിനെ വിത്റാക്കുക. ഖാസിം പറയുന്നു. എനിക്ക് പ്രായപൂർത്തിയായ ശേഷം ജനങ്ങൾ മൂന്ന് റക്അത്തു കൊണ്ട് വിത്റാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. രണ്ട് രീതിയും വിശാലമാണ്. ഒന്നിനും കുഴപ്പമില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. (ബുഖാരി. 2. 16. 107)
  3. ആയിശ(റ) നിവേദനം: തിരുമേനി(സ) രാത്രിയിൽ പതിനൊന്ന് റക്അത്താണ് നമസ്കരിച്ചിരുന്നത്. അതായിരുന്നു അവിടുത്തെ രാത്രി നമസ്കാരം. നിങ്ങളിൽ ഒരാൾ ഖുർആനിലെ 50 സൂക്തങ്ങൾ ഓതാൻ എടുക്കുന്ന സമയം ആ നമസ്കാരത്തിൽ നബി(സ) ഒരു സുജൂദിന് എടുക്കാറുണ്ടായിരുന്നു. ശേഷം സുബ്ഹ് നമസ്കാരത്തിന് മുമ്പ് നബി(സ) രണ്ടു റക്അത്തു നമസ്കരിക്കും. പിന്നീട് തന്റെ വലതു വശത്തേക്ക് ചരിഞ്ഞു കിടക്കും. നമസ്കാരത്തിന് വിളിക്കുന്നവൻ (ഇഖാമത്ത് കൊടുക്കുന്നവൻ) നബി(സ)യുടെ അടുത്തു വരുന്നതുവരെ ആ നിലക്ക് കിടക്കും. (ബുഖാരി. 2. 16. 108)
  4. ഇബ്നുസീറിൻ പറയുന്നു: ഇബ്നു ഉമർ(റ)നോട് ഞാൻ ചോദിച്ചു. സുബ്ഹിന്റെ മുമ്പുള്ള രണ്ട് റക്അത്തിൽ എനിക്ക് ഖുർആൻ ദീർഘമായി പാരായണം ചെയ്യുവാൻ പറ്റുമോ? അപ്പോൾ ഇബ്നുഉമർ(റ) പറഞ്ഞു: നബി(സ) രാത്രിയിൽ ഈ രണ്ട് റക്അത്തു വീതം നമസ്കരിക്കും. ഒരു റക്അത്ത് കൊണ്ട് വിത്റ് നമസ്കരിച്ചശേഷം സുബ്ഹിന്റെ രണ്ട് റക്അത്ത് നമസ്കരിക്കും. വിളി (ഇഖാമത്ത്) അദ്ദേഹത്തിന്റെ രണ്ടു ചെവിയിലും ആയതുപോലെ. (ബുഖാരി. 2. 16. 109)
  5. ആയിശ(റ) നിവേദനം: രാത്രിയുടെ എല്ലാ ദിശകളിലും നബി(സ) വിത്റ് നമസ്കരിച്ചിട്ടുണ്ട്. അവിടുത്തെ വിത്ത്ർ അത്താഴ സമയം വരെയും എത്താറുണ്ട്. (ബുഖാരി. 2. 16. 110)
  6. ആയിശ(റ) നിവേദനം: നബി(സ) രാത്രിയിൽ നമസ്കരിക്കുമ്പോൾ അദ്ദേഹത്തിന്റെ വിരിപ്പിൽ ഞാൻ വിലങ്ങനെ കിടക്കാറുണ്ട്. വിത്ത്റാക്കുവാൻ ഉദ്ദേശിക്കുമ്പോൾ എന്നെ വിളിച്ചുണർത്തുകയും ഞാൻ വിത്റാക്കുകയും ചെയ്യും. (ബുഖാരി. 2. 16. 111)
  7. അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം: നബി(സ) അരുളി: രാത്രിയിലെ നിങ്ങളുടെ അവസാനത്തെ നമസ്കാരം നിങ്ങൾ വിത്റാക്കുവീൻ. (ബുഖാരി. 2. 16. 112)
  8. സഈദ്(റ) നിവേദനം: ഞാൻ ഒരിക്കൽ ഇബ്നുഉമർ(റ)ന്റെ കൂടെ മക്കയിലെ ഒരു വഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. സഈദ് പറയുന്നു: സുബ്ഹ് നമസ്കാരത്തെ ഞാൻ ഭയപ്പെട്ടപ്പോൾ വാഹനപ്പുറത്തു നിന്ന് ഇറങ്ങി വിത്ർ നമസ്കരിച്ചശേഷം ഇബ്നു ഉമർ(റ)നെ അഭിമുഖീകരിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു; നീ എവിടെയായിരുന്നു? ഞാൻ പറഞ്ഞു: സുബ്ഹ് നമസ്കാരത്തെ ഞാൻ ഭയപ്പെട്ടപ്പോൾ വാഹനപ്പുറത്തുനിന്ന് ഇറങ്ങുകയും വിത്ർ നമസ്കരിക്കുകയും ചെയ്തു. അപ്പോൾ ഇബ്നു ഉമർ(റ) പറഞ്ഞു: നിനക്ക് അല്ലാഹുവിന്റെ ദൂതനിൽ മാതൃകയില്ലേ? അതെ, എന്ന് ഞാൻ പ്രത്യുത്തരം നൽകി. ഇബ്നു ഉമർ(റ) പറഞ്ഞു. എന്നാൽ നിശ്ചയം പ്രവാചകൻ ഒട്ടകപ്പുറത്തു വെച്ച് വിത്റാക്കിയിട്ടുണ്ട്. (ബുഖാരി. 2. 16. 113)
  9. ഇബ്നു ഉമർ(റ) നിവേദനം: നബി(സ) രാത്രി നമസ്കാരം തന്റെ ഒട്ടകപ്പുറത്ത് ഇരുന്നുകൊണ്ട് അത് എവിടേക്കാണോ അഭിമുഖീകരിച്ചത് അവിടേക്ക് തിരിഞ്ഞുകൊണ്ട് നമസ്കരിക്കാറുണ്ട്. അവിടുന്ന് ആംഗ്യം കാണിക്കും. ഒട്ടകപ്പുറത്തുവെച്ച് തന്നെ വിത്ത്റാക്കുകയും ചെയ്യും. നിർബ്ബന്ധ നമസ്കാരം ഒഴികെ. (ബുഖാരി. 2. 16. 114)
  10. ആസ്വിം പറയുന്നു: അനസ്സ്(റ)നോട് ഖുനൂത്തിനെ സംബന്ധിച്ച് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ആദ്യകാലത്തു ഉണ്ടായിരുന്നു. റുകൂഇന്ന് മുമ്പാണോ അതല്ല ശേഷമോ എന്ന് ഞാൻ വീണ്ടും ചോദിച്ചു. അദ്ദേഹം പറഞ്ഞു: റുകൂഇന്ന് മുമ്പ്. അപ്പോൾ പറഞ്ഞു: നിശ്ചയം ഇന്നവൻ എന്നോട് ഖുനൂത്ത് റുകൂഇന്റെ ശേഷമായിരുന്നുവെന്ന് താങ്കൾ പറഞ്ഞതായി പ്രസ്താവിക്കുകയുണ്ടായി. അനസ്സ്(റ) പറഞ്ഞു: അയാൾ പറഞ്ഞതു കളവാണ്. നിശ്ചയം നബി(സ) റുകൂഇന്റെ ശേഷം ഒരു മാസം ഖുനൂത്തു ചൊല്ലി. അവിടുന്ന് ഏകദേശം എഴുപതു പേർക്കുള്ള ഒരു സംഘം ഓത്തുകാരെ മുശ്രിക്കുകളുടെ ഒരു വിഭാഗത്തിലേക്ക് നിയോഗിച്ചു. അവരുടെയും നബി(സ)യുടെയും ഇടയിൽ ഒരു കരാർ ഉണ്ടായിരുന്നു. (അവർ കരാർ ലംഘിച്ചു അവരെ വധിച്ചു) അപ്പോൾ നബി(സ) അവർക്കെതിരെ പ്രാർത്ഥിച്ചുകൊണ്ട് ഒരു മാസം ഖുനൂത്തു ചൊല്ലി. (ബുഖാരി. 2. 16. 115, 116)
  11. അനസ്(റ) നിവേദനം: നബി(സ) റിഅ്ല്, ദക്ക്വാൻ എന്നീ രണ്ടു ഗോത്രങ്ങൾക്കെതിരായി പ്രാർത്ഥിച്ചുകൊണ്ടു ഒരു മാസം ഖുനൂത്ത് ഓതി. (ബുഖാരി. 2. 16. 117)
  12. അനസ്(റ) പറയുന്നു: മഗ്രിബ് നമസ്കാരത്തിലും സുബ്ഹ് നമസ്കാരത്തിലും നബി(സ) ഖുനൂത്തു ഓതിയിരുന്നു. (ബുഖാരി. 2. 16. 117)
  13. അലി(റ)യിൽ നിന്ന് നിവേദനം: ഫർള് നമസ്കാരംപോലെ നിർബന്ധമുള്ളതല്ല വിത്റ്. പക്ഷേ, റസൂൽ(സ) സുന്നത്താക്കി നിശ്ചയിച്ചതാണത്. അവിടുന്ന് പറയുകയുണ്ടായി അല്ലാഹു വിത്റും (ഏകനും) വിത്റിനെ (ഒറ്റയെ) ഇഷ്ടപ്പെടുന്നവനുമാണ്. അതുകൊണ്ട് ഖുർആനിൽ വിശ്വസിച്ചവരെ! നിങ്ങൾ വിത്ർ നമസ്കരിക്കൂ! (അബൂദാവൂദ്, തിർമിദി)
  14. അബുസഈദി(റ)ൽ നിന്ന് നിവേദനം: നേരം പുലരുന്നതിനുമുമ്പാണ് നിങ്ങൾ വിത്റ് നമസ്കരിക്കേണ്ടത്. (മുസ്ലിം)
  15. ആയിശ(റ)യിൽ നിന്ന് നിവേദനം: ആയിശ(റ) തിരുദൂതന്റെ(സ) മുമ്പിൽ വിലങ്ങായിക്കിടക്കെ റസൂൽ(സ) രാത്രി സുന്നത്ത് നമസ്കരിക്കാറുണ്ട്. അങ്ങനെ വിത്റ് മാത്രം അവശേഷിച്ചാൽ അവരെയും വിളിച്ചുണർത്തും. അനന്തരം അവർ വിത്ർ നമസ്കരിക്കും. (മുസ്ലിം)
  16. ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സുബ്ഹിക്കുമുമ്പ് നിങ്ങൾ വിത്റ് നമസ്കരിക്കണം (അബൂദാവൂദ്, തിർമിദി)
  17. ജാബിറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പ്രസ്താവിച്ചു. രാത്രിയുടെ അന്ത്യയാമത്തിൽ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുകയില്ലെന്ന് ഭയപ്പെടുന്നവർ രാത്രിയുടെ ആദ്യസമയത്ത് വിത്റ് നമസ്കരിച്ചുകൊള്ളട്ടെ. ഇനി അവസാനയാമത്തിൽ ഉണരുമെന്ന് വല്ലവനും പ്രതീക്ഷയുണ്െടങ്കിൽ അവസാനയാമത്തിൽ മലക്കുകൾ പങ്കെടുക്കും. അതുകൊണ്ട് അതാണ് ഏറ്റവും ഉത്തമമായ സമയം. (മുസ്ലിം)


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>