തിരുവിതാംകൂർ ഭൂമിശാസ്ത്രം
(രണ്ടാം ഭാഗം, (നാലാം ക്ലാസിലേയ്ക്ക്))

രചന:സി.ആർ. കൃഷ്ണപിള്ള
അദ്ധ്യായം ൨.


[ 4 ]

അദ്ധ്യായം ൨. തിരുത്തുക

പ്രകൃതിരൂപം. തിരുത്തുക

പർവ്വതങ്ങൾ. തിരുത്തുക


മലയ്ക്കും സമുദ്രത്തിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഭൂമിയാകകൊണ്ടു് ഈ സംസ്ഥാനം പൊക്കംകൂടിയ കിഴക്കേ അതിരുമുതൽ [ 5 ] പടിഞ്ഞാറോട്ടു ക്രമേണ ചരിഞ്ഞുകിടക്കുന്നു. കിഴക്കുഭാഗം മിക്കവാറും മലകളാൽ നിറയപ്പെട്ടിരിക്കുന്നു. ഇവ ദക്ഷിണ ഇൻഡ്യയുടെ പടിഞ്ഞാറെ അതിരിൽ കിടക്കുന്ന പശ്ചിമപർവ്വതനിരകളുടെ തുടർച്ചയാണു്. ഈ സംസ്ഥാനത്തിൽ ഈ നിരകളുടെ പേർ സഹ്യൻ എന്നാകുന്നു. ഇതിന്റെ ആകെ നീളം തെക്കുവടക്കു് ഏകദേശം ൨൨൦-മൈലാകുന്നു. വീതി വടക്കോട്ടു കൂടിയും തെക്കോട്ടു പോകുന്തോറും കുറഞ്ഞും ഇരിക്കുന്നു.

സഹ്യാദ്രി - ഒരേ നിരയല്ല. ഇതിൽ അടുത്തടുത്തായിട്ടു മിക്കവാറും തെക്കുവടക്കായിത്തന്നെ സ്ഥിതിചെയ്യുന്ന അനേക നിരകൾ ഉൾപ്പെടുന്നു. വടക്കുകിഴക്കേ ഭാഗങ്ങളിൽനിന്നു പടിഞ്ഞാറോട്ടു് ചില ചിനപ്പുകളും ഉണ്ടു്. ഈ പർവതനിരകളുടെ ഇടയ്ക്ക് അഗാധമായ താഴ്വരകൾ കിടക്കുന്നു. ചരിവുകളും താഴ്വരകളും വൻവൃക്ഷങ്ങളേയും ചെടികളേയും കൊണ്ടു നിറഞ്ഞിരിക്കുന്നു. ഉപരിഭാഗത്തു പുൽത്തകിടികളും പാറക്കെട്ടുകളുമാണുള്ളതു്. പൊക്കം കൂടിയ പർവതനിരകളുടേയും അവയുടെ ഇടയ്ക്കു കിടക്കുന്ന താണ താഴ്വരകളുടേയും കാഴ്ച വളരെ മനോഹരമായിട്ടുള്ളതാണു്. കൊല്ലത്തു നിന്നും ആവിവണ്ടിവഴി കിഴക്കോട്ട് ഒരു യാത്ര ചെയ്താൽ ഇതു് അനുഭവസിദ്ധമാകും. ഈ പർവ്വതനിരകളുടെ പടിഞ്ഞാറേവശം (സംസ്ഥാനത്തിന്റെ ഉള്ളിലുള്ളത്) ക്രമേണ ചരിഞ്ഞും വൃക്ഷാദികളെക്കൊണ്ടു നിബിഡമായുമിരിക്കുന്നു. നേരേ മറിച്ചു കിഴക്കേവശം തൂക്കായും സസ്യഹീനമായ പാറക്കൂട്ടങ്ങളോടുകൂടിയുമാണു് കാണപ്പെടുന്നതു്. മലകളെ കിടന്നു, തിരുനൽവേലി, മധുര ഈജില്ലകളിലേക്കു പോകുകവളരെ ദുർഘടമായിട്ടുള്ളതാണു്. എങ്കിലും ഗതാഗതമാർഗ്ഗമായി ചിലഇടുക്കുവഴികളെ മുമ്പിനാലേതന്നെ ഉപയോഗിച്ചു വന്നിരുന്നു. ഇവയിൽ ഇപ്പോൾ ധാരാളം ഉപയോഗിക്കുന്നതു തെക്കെ അറ്റത്തുള്ള ആരുവാമൊഴി പാതയും സഹ്യന്റെ ഏകദേശം മദ്ധ്യത്തുള്ള ആർയ്യങ്കാവു് പാതയുമാണു്. ആർയ്യങ്കാവിൽ കൂടിയാണു് കൊല്ലം, തിരുനൽവേലി ആവിവണ്ടി പോകുന്നതു്. വടക്കുഭാഗത്തു ഗൂഡലൂർ എന്നും ബോഡി എന്നും രണ്ടു് ഇടുക്കുകൾ ഗതാഗതത്തിനു ഉതകുന്നവയായി ഉണ്ടു്. ഗൂഡലൂർപാതയിൽ കൂടിയാണ് വടക്കൻ തിരുവിതാംകൂറിനെ മധുരയുമായി യോജിപ്പിക്കുന്ന കോട്ടയം-കുമിളി റോഡു് പോകുന്നതു്. ആർ‌യ്യനാടും അച്ചൻകോവിലും പണ്ടു് കച്ചവടത്തിനു പ്രചാരത്തെ കൊടുത്തിരുന്ന രണ്ടിടുക്കുകളാണു്. ഇപ്പോൾ ഉപയോഗിക്കുന്നില്ല.

സഹ്യന്റെ നിരകൾ വടക്കുമുതൽ തെക്കുവരെ മിക്കവാറും [ 6 ] ഒരേ പൊക്കത്തിലാണു കിടക്കുന്നതെങ്കിലും അവിടവിടെ സാധാരണ നിരപ്പിൽ നിന്നും പൊക്കംകൂടിയ അനേകം കൊടുമുടികൾ ഉണ്ടു്. നിരകളുടെ പൊക്കം സമുദ്രനിരപ്പിൽ നിന്നും ൪൦൦൦ അടിയാണു്. പൊക്കംകൂടിയ പ്രധാന കൊടുമുടികൾ തെക്കേ അറ്റംമുതൽ ക്രമപ്രകാരം വടക്കോട്ടു് ഇങ്ങനെയാണു്:-

പർവതങ്ങൾ അവ സ്ഥിതിചെയ്യുന്ന താലൂക്കുകൾ
൧. മഹേന്ദ്രഗിരി തോവാള.
൨. അശമ്പുമല
൩. മൊട്ടച്ചിമല കൽക്കുളം.
൪. ക്ലാമല
൫. മുകളിയടിമല
൬. അഗസ്ത്യകൂടം നെടുമങ്ങാടു്, നെയ്യാറ്റുങ്കര.
൭. പൊന്മുടി നെടുമങ്ങാടു്.
൮. കല്ലനാടുമല
൯. കുളത്തൂപ്പുഴമല പത്തനാപുരം.
൧൦. നെടുമ്പാറമല
൧൧. മുള്ളുമല
൧൨. പാവനാശമല ചെങ്കോട്ട.
൧൩. അച്ചൻകോവിൽമല പത്തനംതിട്ട.
൧൪. ശബരിമല
൧൫. പീരുമേടു് പീരുമേടു്.
൧൬. അമൃതുമല
൧൭. ഏലമല പത്തനംതിട്ട, പീരുമേടു്, ദേവികുളം.
൧൮. ചൂളമല ദേവികുളം.
൧൯. ആനമല
൨൦. തിരുത്തണ്ടുമല മുവാറ്റുപുഴ.

ആനമല- ഈ പർവ്വതങ്ങളിൽ ഏറ്റവും പൊക്കം കൂടിയതു് ആനമലയാകുന്നു. ഇതു വടക്കു കിഴക്കേ കോണിനടുത്തു ബ്രിട്ടീഷിൻഡ്യയും തിരുവിതാംകൂറുമായി സംബന്ധിക്കുന്നിടത്തു കിടക്കുന്നു. ഇതിന്റെ ആകൃതി ഒരു കുതിരലാടംപോലെയാണു്. തുറന്നവശം വടക്കു കിഴക്കോട്ടാകുന്നു. ഇതിന്റെ പ്രധാന കൊടുമുടി ആനമുടിയാണു്. ഇതിനു ൮,൮൪൦ അടി പൊക്കമുണ്ടു്. ഇതിനു ചുറ്റും കൂട്ടമായി കിടക്കുന്ന മറ്റു കൊടുമുടികളിൽ പ്രധാനം ഇരവിമല, കാട്ടുമല, ചെന്തപര, ദേവിമല ഇവയാണു്. ഈ മലകളും ഇടയ്ക്കുള്ള ഉന്നതതടവും ഉൾപ്പെട്ട സ്ഥലത്തെയാണു് [ 7 ] "ഹൈറേഞ്ചസ്" എന്നു വിളിക്കുന്നതു്. ഇതു തേയിലത്തോട്ടങ്ങൾക്കു പ്രസിദ്ധപ്പെട്ടിരിക്കുന്നു. ലക്ഷത്തിൽ ചില്വാനം ഏക്കർ സ്ഥലത്തു് തേയില കൃഷിയുണ്ടു്. പേരുകേട്ട "കണ്ണൻദേവൻ" തോട്ടങ്ങൾ ഇവിടെയാണു്. ഹൈറേഞ്ചസ്സിന്റെ വടക്കുകിഴക്കേ ചരിവാണു് അഞ്ചുനാടു്. ഇവിടത്തെ ശീതോഷ്ണാവസ്ഥ ഉരുളക്കിഴങ്ങു മുതലായ പ്രത്യേക കൃഷികൾക്കു് ഉതുകുന്നവയാണു്.

അഗസ്ത്യകൂടം-ആനമുടി കഴിഞ്ഞാൽ പൊക്കം കൂടിയതു് ഇതാണു്. ആറായിരത്തിൽപരം അടി പൊക്കമുണ്ടു്. കിടപ്പു നെയ്യാറ്റുങ്കരത്താലൂക്കും നെടുമങ്ങാടും കൂടിച്ചേർന്ന കിഴക്കേ അറ്റത്താണു്. ഇവിടെ കുറച്ചു മുമ്പു് ഒരു നക്ഷത്രബംഗ്ലാവുണ്ടായിരുന്നു. സംസ്ഥാനത്തിൽ ആദ്യം സ്ഥാപിച്ച നക്ഷത്രബംഗ്ലാവു് ഇതാണു്. ഇവിടത്തെ ആശ്രമവാസിയായിരുന്ന അഗസ്ത്യമഹർഷിയിൽനിന്നാണു് അഗസ്ത്യകൂടം എന്ന പേരു് സിദ്ധിച്ചിട്ടുള്ളതു്. ഇപ്പോഴും ഇതു് ഋഷികളുടെ ആശ്രമസ്ഥലമാണെന്നു ഗണിക്കപ്പെട്ടുവരുന്നു. ഇതിൽ നിന്നും നെയ്യാറും, കരമനയാറും ഉത്ഭവിക്കുന്നു.

മഹേന്ദ്രഗിരി-ഇതു തെക്കേ അറ്റത്തെ പൊക്കംകൂടിയ കൊടുമുടിയാകുന്നു. ഏകദേശം അയ്യായിരം അടി ഉയരമുണ്ടു്. ഇതിൽനിന്നും താമ്രവർണ്ണിയാറു് ഉത്ഭവിച്ചു് ഈ സംസ്ഥാനത്തിൽകൂടി ഒഴുകുന്നു. "ഹനുമാൻനദി" എന്നു പേരുള്ള മറ്റൊരാറു് ഇതിൽനിന്നും പുറപ്പെട്ടു തെക്കുകിഴക്കായി ഒഴുകി തിരുനൽവേലിയിലേക്കു പോകുന്നു. സമീപത്തുള്ള അശമ്പുമല കാപ്പിത്തോട്ടങ്ങൾക്കു പ്രസിദ്ധപ്പെട്ടതായിരുന്നു. ഇപ്പോൾ തേയിലക്കൃഷി നടത്തിവരുന്നു. മഹേന്ദ്രഗിരിയിൽ നിന്നാണു് ഹനുമാൻ ലങ്കയിലേക്ക് കുതിച്ചതെന്നു് ഒരു ഐതിഹ്യമുണ്ടു്.

മൊട്ടച്ചിമല-ഇതു മഹേന്ദ്രഗിരിയുടെ വടക്കുപടിഞ്ഞാറാണു്. ൪,൫൦൦ അടി പൊക്കമുണ്ടു്. ഇതിനു സമീപത്താണു് പ്രസിദ്ധപ്പെട്ട "മുത്തുക്കുഴിവയൽ" ഉന്നതതടം. ഭൂമി വളരെ ഫലപ്രദമാകകൊണ്ടാണു് ഈ പേരു കൊടുത്തിട്ടുള്ളതു്. ഇവിടെ സർക്കാർവക ഒരു ബംഗ്ലാവുണ്ടു്.

പീരുമേടു്-ഇതു വടക്കുകിഴക്കേ ഭാഗത്തുള്ള പ്രധാന സുഖവാസസ്ഥലമാണു്. വേനല്ക്കാലത്തു വളരെ യൂറോപ്യന്മാർ ഇവിടെ എത്തി താമസിക്കുന്നുണ്ടു്. ഈ ഉന്നതതടത്തിനു ശരാശരി മൂവായിരം അടി പൊക്കമുണ്ടു്. ഇതിനു ചുറ്റും തേയി [ 8 ] ലത്തോട്ടങ്ങളും റബ്ബർത്തോട്ടങ്ങളും നാൾക്കുനാൾ അഭിവൃദ്ധിയായി വരുന്നു. "പീരുമേടു്" എന്ന പേരിനു് കാരണം ഇവിടെ പിയർമഹമ്മദു് എന്ന ഒരു തുലുക്കസന്യാസി ഉണ്ടായിരുന്നു എന്നതാണു്. ഇദ്ദേഹത്തിന്റെ ശവകുടീരം ഇവിടത്തെ കുട്ടിക്കാനത്തു കാട്ടിൽ കാണ്മാനുണ്ടു്. മഹാരാജാവു തിരുമനസ്സികൊണ്ടു് എഴുന്നള്ളിപ്പാർക്കുന്നതിനു കുട്ടിക്കാനത്തു ഒരു കൊട്ടാരം പണിയിച്ചിരിക്കുന്നു. മുപ്പുരമുടിയും വഞ്ചിരാമൻപടിയും ഇതിന്റെ കൊടുമുടികൾ ആകുന്നു.

പൊൻമുടി-അഗസ്ത്യകൂടത്തിനു വടക്കുപടിഞ്ഞാറായി കിടക്കുന്ന ഒരു ഉന്നതതടമാണു്. സുഖവാസത്തിനായി യൂറോപ്യന്മാർ കൂടെക്കൂടെ ചെല്ലുന്നുണ്ടു്. ചുറ്റും തേയിലത്തോട്ടങ്ങൾ സ്ഥാപിച്ചുവരുന്നു. ഇവിടെയും ഒരു കൊട്ടാരം പണിയിച്ചിട്ടുണ്ടു്.

ഏലമല-ഇതു ഹൈറേഞ്ചിനു തെക്കുതുടങ്ങി ഏകദേശം ചെങ്കോട്ടവരെ നീണ്ടുകിടക്കുന്നു. പീരുമേടുവരെയാണു് പ്രാധാന്യം കൂടുതൽ ഉള്ളതു്. ഇവിടത്തെ "ഏലം" കൃഷിയിൽനിന്നും വലുതായ ലാഭം ഗവർമ്മെന്റ്റിനു കിട്ടിവരുന്നു. പണ്ടു നായർപട്ടാളക്കാരാണു് 'കമാൻ' പോയി ഇവിടെ സൂക്ഷിച്ചുവന്നിരുന്നതു്. ഇപ്പോൾ ആ ജോലി നടത്തുന്നതു പോലീസുകാരാണു്.

ശബരിമലയും കുളത്തൂപുഴയും-പ്രധാനമായ ഓരോ ശാസ്താവിന്റെ ക്ഷേത്രത്തിനു പ്രസിദ്ധപ്പെട്ടിരിക്കുന്നു. ഈശ്വരഭജനത്തിനായി ആണ്ടുതോറും മകരവിളക്കിനു ശബരിമലയ്ക്കു് അസംഖ്യം ജനങ്ങൾ പോകുന്നു. ഈ ഭക്തന്മാരെ അയ്യപ്പന്മാർ എന്നു ശാസ്താവിന്റെ നാമധേയംകൊണ്ടു വിളിച്ചുവരുന്നു. ഇവിടത്തെ മുതലെടുപ്പു് കുറച്ചു മുമ്പുവരെ പന്തളം രാജാക്കന്മാർക്കായിരുന്നു. ഇപ്പോൾ സർക്കാരാണു് മുതലെടുക്കുന്നതു്.

മേല്പറഞ്ഞ പർവതങ്ങൾകൂടാതെ അത്രയും പൊക്കമുള്ളവയല്ലെങ്കിലും പ്രസിദ്ധി ധാരാളമുള്ളവയായി രണ്ടുമൂന്നു മലകൾകൂടിയുണ്ടു്. അവ അഗസ്തീശ്വരം താലൂക്കിലുൾപ്പെട്ട കന്യാകുമാരിക്കും ശുചീന്ദ്രത്തിനും മദ്ധ്യേ കിടക്കുന്നതും പച്ചമരുന്നുകൾക്കു പ്രസിദ്ധിയുള്ളതും പുണ്യസ്ഥലവുമായ മരുത്വാമല (മരുനൂവാഴുംമല) രാമരാവണയുദ്ധത്തിൽ മൂർച്ഛിച്ചു കിടന്ന ശ്രീരാമഭക്തന്മാരെ രക്ഷിക്കുന്നതിനായിട്ടു് ഔഷധങ്ങൾ നിറഞ്ഞ ഒരു കുന്നു പറിച്ചിളക്കിക്കൊണ്ടു ലങ്കയിലേക്കു പോകുംവഴി ഹനുമാന്റെ കൈയിൽ [ 9 ] നിന്നും അടർന്നുവീണതാണു് 'മരുത്വാമല' എന്നു് ഐതിഹ്യം ഉണ്ടു്. പത്മനാഭപുരത്തിനു സമീപമാണു് പുണ്യസ്ഥലമായ വേളിമല; ഇതിന്റെ താഴ്വരയിലാണു് പ്രസിദ്ധപ്പെട്ട സുബ്രഹ്മണ്യക്ഷേത്രം സ്ഥിതി ചെയ്യുന്ന കുമാരകോവിൽ. അല്പം വടക്കുമാറി മലഞ്ചരുവിൽ കല്യാണമണ്ഡപം ഉണ്ടു്. നെയ്യാറ്റുംകരയ്ക്കും തിരുവനന്തപുരത്തിനും മദ്ധ്യേയുള്ളതും കാഴചയ്ക്കു മനോഹരവുമായ മൂക്കുന്നിമല ഇവയാകുന്നു. മൂക്കുന്നിമല ഒരു അഗ്നിപർവ്വതമായിരുന്നു എന്നുള്ളതിനു ചില ലക്ഷ്യങ്ങൾ ഉള്ളതായി പറയപ്പെടുന്നു. ഇതിന്റെ അഗ്രത്തിൽ ഒരു സർക്കാർ ബംഗ്ലാവുണ്ടു്.

തിരുവിതാംകൂറിൽ അധികം മലയുള്ള താലൂക്കുകൾ കല്ക്കുളം നെടുമങ്ങാടു്, പത്തനാപുരം, പത്തനംതിട്ട, പീരുമേടു്, മീനച്ചൽ, തൊടുപുഴ, ദേവികുളം ഇവയാകുന്നു.

പടിഞ്ഞാറേതീരത്തു വടക്കേഅറ്റത്തുള്ള പറവൂർ മുതൽ തെക്കു തിരുവനന്തപുരം വരെയുള്ള താലൂക്കുകളിൽ മലകൾ ഇല്ലെന്നുതന്നെ പറയാം.