തിരുവിതാംകൂർ ഭൂമിശാസ്ത്രം/അദ്ധ്യായം ൭
←അദ്ധ്യായം ൬. | തിരുവിതാംകൂർ ഭൂമിശാസ്ത്രം (രണ്ടാം ഭാഗം, (നാലാം ക്ലാസിലേയ്ക്ക്)) രചന: അദ്ധ്യായം ൭. |
അദ്ധ്യായം ൮.→ |
അദ്ധ്യായം ൭.
തിരുത്തുകവനങ്ങൾ.
തിരുത്തുകവനങ്ങൾ തിരുവിതാംകൂറിന്റെ ഒരു പ്രത്യേകലക്ഷണമാണു്. ആദികാലത്തു സംസ്ഥാനം ആകപ്പാടെ ഒരു വനമായിരുന്നു എന്നുള്ളതിനു ലക്ഷ്യങ്ങൾ ഉണ്ടെന്നും ചിലർ പറയുന്നു. സംസ്ഥാനത്തിന്റെ നടുക്കുകൂടി വടക്കേ അറ്റം മുതൽ തെക്കേ അറ്റംവരെ ഒരു അതിരു പിടിച്ചാൽ അതിന്റെ കിഴക്കുവശം മിക്കവാറും വനങ്ങളായിരിക്കും. ഈ ഭാഗത്തിന്റെ അളവു് ഉദ്ദേശം ൩൫൦൦ ചതുരശ്രമൈലാണു്. കുടിപാൎപ്പുള്ള പ്രദേശങ്ങളെ വനങ്ങളോടു് ഒത്തുനോക്കിയാൽ ഇത്രയും വനമുള്ള രാജ്യം മറ്റധികം ഇല്ല. ഇവിടത്തെ വനങ്ങൾ കുന്നും, കുഴിയും, കാടും, പടൎപ്പുംകൊണ്ടു നിറയപ്പെട്ടിരിക്കുന്നു. പൊക്കമുള്ള ഒരു കുന്നിന്റെ മുകളിൽ കയറി കിഴക്കോട്ടു നോക്കിയാലുള്ള കാഴ്ച ഒന്നനുഭവിച്ചറിയേണ്ടതാണു്. നോട്ടം കിഴക്കോട്ടു നീട്ടുംതോറും വനത്തിനു പൊക്കം കൂടിക്കൂടി പടിപ്പടിയായുള്ള തട്ടുകളായി കാണപ്പെടുന്നു. മലകളുടെ ഇടയ്ക്കു താഴ്വരകൾ ഉണ്ടു്. ഇവയിൽകൂടി വീതികുറഞ്ഞ തോടുകൾ തടത്തിലുള്ള പാറകളിൽ തട്ടിത്തട്ടി രാഗംപാടി ഊക്കോടുകൂടി ഒഴുകിക്കൊണ്ടിരിക്കുന്നു. ചരിവുകൾ പച്ചസൂൎയ്യപടം വിരിച്ചകണക്കേ നിബിഡമായി വളരുന്ന ചെടികളാലും ഇലകളാലും അലംകൃതമാണു്. അവിടവിടെ തൂണുപോലെ നെടുനീളത്തിൽ വളൎന്നുനില്ക്കുന്നവൃക്ഷക്കൂട്ടങ്ങൾ അഗ്രങ്ങളിൽ തഴച്ചു പരന്നുകിടക്കുന്നശാഖോപശാഖകളെ താങ്ങിയുംകൊണ്ടു ഗംഭീരമായി നല്ക്കുന്നു. ഇവയും ഇവയെ ചുറ്റിപ്പടർന്നു കിടക്കുന്ന ലതാദികളും അല്പാല്പമായി മാത്രം ചുവട്ടിലേക്കു കടത്തിവിടുന്ന്അ സൂൎയ്യരശ്മി തങ്കരേഖപോലെ നിഴലിൽ ശോഭിതമായിരിക്കുന്നു. ഈ വിധമുള്ള കാഴ്ചകൾ ദേശസഞ്ചാരത്തിനു ഭ്രമമുള്ള ആരുടെ മനസ്സിനെയാണ് ആനന്ദിപ്പിക്കാത്തതു്? സസ്യാദികളേയും ജന്തുക്കളേയും തരംതിരിച്ചു ഗുണദോഷനിരൂപണം ചെയ്യുന്നതിനു് ഉൽസുകനായ പ്രകൃതിശാസ്ത്ര [ 35 ] പണ്ഡിതന്റെ അന്വേഷണങ്ങൾക്കു് ഇവിടെ വളരെ സൗകര്യമുണ്ടു്. നായാട്ടിലും വ്യായാമത്തിലും പ്രത്യേകവിരുതുള്ള യൂറോപ്യന്മാരെ വിനോദത്തിനും ഉല്ലാസത്തിനുമായി കൂടെക്കൂടെ നമ്മുടെ വനങ്ങൾ ആകർഷിക്കുന്നുണ്ടല്ലോ. ലൌകികവ്യാപാരങ്ങളിൽ നിന്നു വിമുക്തനായിരിക്കുന്ന യോഗിയുടെ ഉള്ളിൽ ഈശ്വരചൈതന്യത്തെ നിറയ്ക്കുന്നതിനും ഈ വനങ്ങൾക്കു യോഗ്യതയുണ്ട്. മുക്കിലും മൂലയിലുമായി പതുങ്ങിനടക്കുന്ന നഗ്നരൂപികളായ വേടൻ, വേലൻ, മലമ്പണ്ടാരം മുതലായ മൃഗപ്രായത്തിലുള്ള മനുഷ്യരെ കാണുന്നതിനും അവരുടെ പ്രവൃത്തികളെ മനസ്സിലാക്കുന്നതിനും ആർക്കും സന്തോഷമുണ്ടായിരിക്കുന്നതാണു്. ആകപ്പാടെ വിചാരിച്ചാൽ ഈ വനങ്ങളിൽ പ്രകൃതി മൂർത്തീകരിക്കപ്പെട്ടിരിക്കുന്നു എന്നു ചുരുക്കിപ്പറയാം.
നമ്മുടെ വനങ്ങളിൽ അത്യുഷ്ണം മുതൽ അതിശീതം വരെ പലതരത്തിലുള്ള ശീതോഷ്ണാവസ്ഥയുണ്ടു്. സാമാന്യം പൊക്കം കൂടിയ ഉന്നതതടങ്ങൾ യൂറോപ്യന്മാരുടെ സുഖവാസത്തിനുതകുന്നവയാണു്. ഇവർ തേയില, കാപ്പി, റബ്ബർ മുതലായ സാധനങ്ങൾ കൃഷി ചെയ്യുന്ന വലിയ തോട്ടക്കാരായിട്ടാണു് ഇവിടെ താമസിക്കുന്നതു്. നാട്ടുകാർ മലകളിൽ കൃഷി ചെയുന്നതിനു വേണ്ടപോലെ ഉദ്യമിക്കുന്നില്ല. ചരിവുകളിൽ സൗകര്യമുള്ളിടത്തു നെല്ലു്, ഇഞ്ചി, നല്ലമുളകു മുതലായവ ഏറെക്കുറെ കൃഷിചെയ്യപ്പെടുന്നു. ജനങ്ങൾ വർദ്ധിക്കുകയും കാലക്ഷേപമാർഗ്ഗം കുറയുകയും ചെയ്യുന്നതോടുകൂടി നാൾക്കുനാൾ വനങ്ങളോടു സമീപിച്ചു് കുടിയേറിപ്പാർപ്പും കൂടിവരുന്നു.
വനങ്ങളുടെ ഉപയോഗങ്ങൾ.
തിരുത്തുകഎ. സംസ്ഥാനത്തിലെ അത്യുഷ്ണം, അതിശീതം എന്നിവ ബാധിക്കാതെ മിക്കവാറും സമശീതോഷ്ണാവസ്ഥയിൽ നിലനിർത്തുന്നതിനു സഹായമായിരിക്കുന്നു.
ബി. തെക്കുപടിഞ്ഞാറൻകാറ്റിനെ തടഞ്ഞുനിർത്തി രാജ്യത്തിനുള്ളിൽ ധാരാളം മഴപെയ്യിക്കുന്നു.
സി. അസഹ്യമായ കിഴക്കൻകാറ്റിനെ ഇപ്പുറത്തു കടക്കാതെ തടുത്തുനിർത്തുന്നു.
ഡി. കിഴക്കുനിന്നും പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ വഴി തീരദേശങ്ങളിലേയ്ക്കു വളം അയച്ചു ഭൂമിയെ ഫലവത്താക്കുന്നു.
ഈ. വീടുപണിക്കും മറ്റുമുള്ള തടികൾക്കുപയോഗമായ [ 36 ] വൻവൃക്ഷങ്ങളേയും പല വിധത്തിൽ ഉപയോഗമുള്ള മറ്റു ചെടികളേയും രക്ഷിച്ചു വളർത്തുന്നു.
എഫ്. ശത്രുക്കളിൽനിന്നുള്ള ആക്രമണത്തെ തടയുന്നതിനു സഹായമായിരിക്കുന്നു.
സസ്യാദികൾ.
തിരുത്തുകഈ വനത്തിലുള്ളതുപോലെ ബഹുവിധ സസ്യാദികൾ മറ്റു അധികം സ്ഥലത്തുണ്ടോ എന്നുള്ളതു സംശയമാണു്. ഏകദേശം എണ്ണൂറു പ്രത്യേകജാതിയിലുള്ള ചെടികളും മരങ്ങളും ഇവിടെ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. സസ്യാദികൾ തഴച്ചു വളരുന്നതിനു പല കാരണങ്ങളുമുണ്ടു്. അവയിൽ പ്രധാനം:-ഭൂമിയുടെ നന്മ, ഉച്ചത്തിലുള്ള സൂര്യനിൽനിന്നും നേരിട്ടുവരുന്ന നല്ലവെളിച്ചം, സാമാന്യമായ ചൂടു്, ആവശ്യത്തിനുതക്കവണ്ണമുള്ള മഴ ഇവയാണു്. വനത്തിലെ സസ്യങ്ങളെ പല വർഗ്ഗങ്ങളായി ഗണിക്കാം:-
൧. വീടുപണികൾക്കും മറ്റുമുള്ള വൻവൃക്ഷങ്ങൾ:-തേക്കു്, ഈട്ടി, തമ്പകം, കരിന്താളി ഇവയാണു് പ്രധാനവൃക്ഷങ്ങൾ. തേമ്പാവു്, ചന്ദനം, മരുതു, കടമരം, അകിൽ, ആഞ്ഞിലി, മയില, പാതിരി, മഞ്ഞക്കടമ്പു്, മലമ്പുന്ന ഇവയും ഉപയോഗപ്പെടുത്താറുണ്ടു്. ഇവിടത്തെ തേക്കു വിശേഷപ്രസിദ്ധിയുള്ളതാണു്. വളരെ മുമ്പുതന്നെ കപ്പൽപണിക്കും മറ്റും അന്യരാജ്യങ്ങളിലേയ്ക്കു് ഇവിടെനിന്നും തേക്കുതടി അയയ്ക്കപ്പെട്ടിട്ടുണ്ടു്. ഈട്ടിയും കരുന്താളിയും ഉറപ്പും മിനുസവുമുള്ള തടികളാകകൊണ്ടു കസേര, മേശ മുതലായ സാമാനങ്ങൾക്കു് ഉപയോഗിപ്പെടുത്തുന്നു.
൨. പശയ്ക്കും ചായങ്ങൾക്കും ഉപയോഗമുള്ളവ:-വേങ്ങ, വേപ്പു്, കരുവേലം, പയിൻ, കാട്ടുചേരു്, ചപ്പങ്ങു്, മഞ്ചാടി ഇവയാണു്. വേങ്ങപ്പശയിലും ചപ്പങ്ങയിലും നിന്നു വിലയേറിയ നല്ല ചുവന്ന ചായങ്ങൾ ഉണ്ടാക്കപ്പെടുന്നു. പയിനിൽനിന്നുള്ള കുന്തുരുക്കവും കാട്ടുചേരിന്റെയും കരുവേലത്തിന്റേയും പശകളും വാർണീഷ് ഉണ്ടാക്കുന്നതിനു നല്ലതാണു്.
൩. നാരുവർഗ്ഗങ്ങൾ:-ഇവിടെ നാരെടുക്കാവുന്നതായി അനേകം ചെടികൾ വനത്തിലുണ്ടു്. അവയിൽ പ്രധാനം വക്ക, ചണം, കൈയൂൺ, പരുത്തി, കൈത, പുലിമാഞ്ചി, നാഗവല്ലി, ആനക്കറ്റവാഴ ഇവയാണു്. വക്കനാരുകൊണ്ടു ഉണ്ടാക്കപ്പെട്ടിട്ടുള്ള വടമാണു് ആനയെക്കൊണ്ടു തടിപിടിപ്പിക്കുന്നതിനു വിശേഷമായി ഉപയോഗിക്കാറുള്ളതു്. മറ്റു നാരുകൾ കയറുകൾക്കും ചാക്കു് വിരി മുതലായവയ്ക്കും ഉപയോഗപ്പെടുത്താം. [ 37 ] ൪. പുല്ലുവർഗ്ഗങ്ങൾ-മുള, ഈറൽ, ഒട്ടൽ, ചൂരൽ മുതലായി അനേകമാതിരി ഇവിടെയുണ്ടു്. നേര്യമംഗലം പള്ളിവാസൽ റോഡിനിരുപുറത്തും ഈറൽക്കാടുകൾ ബഹുദൂരം പരന്നുകിടക്കുന്നു. ഈറൽ കടലാസുണ്ടാക്കുന്നതിനു് ഉചിതമായിട്ടുള്ളതാണു്. മലഞ്ചരിവുകളിലും കുന്നിൻപുറങ്ങളിലും പുൽത്തൈലം വാറ്റി എടുക്കുന്നതിനുള്ള പുല്ലുകൾ വളരുന്നു.
൫. ഔഷധവർഗ്ഗങ്ങൾ:-ഈ വകയ്ക്കു് ഉപയോഗമുള്ള മരങ്ങളും ചെടികളും ഇവിടെ ഉള്ളിടത്തോളം അന്യസ്ഥലങ്ങളിൽ ഉണ്ടാകുന്നില്ല. കടുക്ക, താന്നി, നെല്ലി, കാഞ്ഞിരം, വയമ്പു്, ചിറ്റരത്ത, ദേവതാരം, ചന്ദനം, വേപ്പു്, ജാതിക്കാ, ഏലം, കൊടുവേലി എന്നും മറ്റും അസംഖ്യം ഔഷധവർഗ്ഗങ്ങൾ ഇവിടെ ധാരാളമുണ്ടു്.
ജന്തുക്കൾ
തിരുത്തുകസസ്യവർഗ്ഗങ്ങളെപ്പോലെ വൻമൃഗങ്ങളും ചെറുതരം ജന്തുക്കളും പക്ഷികളും പാമ്പുകളും അനേകജാതിയിൽ അസംഖ്യം ഇവിടെയുണ്ടു്. ആനയും കടുവായും കാട്ടുപോത്തും നായാട്ടുകാരായ യൂറോപ്യന്മാരെ കൂടക്കൂടെ ഇവിടേയ്ക്കു് ആകർഷിക്കുന്നു. കരടി, പുലി, പന്നി, മാൻ, ചെന്നായ്, കുറുക്കൻ, കുരങ്ങു, മുയൽ മുതലായവ വനങ്ങളിൽ മിക്കയിടത്തും ഉണ്ടു്.
ഭരണം
തിരുത്തുകഈ സംസ്ഥാനത്തിൽ വനംവക കാര്യങ്ങളുടെ അന്വേഷണത്തിനായി ഒരു വനംവക ഡിപ്പാർട്ടുമെന്റു് അല്ലെങ്കിൽ സഞ്ചായം ഡിപ്പാർട്ടുമെന്റ് ഏർപ്പെടുത്തീട്ടുണ്ടു്.
ഇതിന്റെ മേലധികാരി കൺസർവേറ്റർ എന്ന ഉദ്യോഗസ്ഥനാണു്. ഏകദേശം പതിന്നാലുലക്ഷം രൂപാ ആണ്ടുതോറും വനംവകയിൽനിന്നു് ഈ ഡിപ്പാർട്ടുമെന്റു മുഖാന്തിരം മുതലെടുക്കപ്പെട്ടുവന്നു. ഇപ്പോൾ അല്പം കുറവാണു്. രാജ്യരക്ഷയ്ക്കു് വനങ്ങൾ എത്രയും ആവശ്യമാകകൊണ്ടു് അവയ്ക്കു നാശമുണ്ടാകാതെ സൂക്ഷിച്ചു രക്ഷിക്കയാണു് ഈ ഡിപ്പാർട്ടുമെന്റിലെ ഒരു പ്രധാനജോലി. ജനങ്ങൾ ബോധിച്ചതുപോലെ വനത്തിനുള്ളിൽ കടന്നു നാശം ചെയ്യാതിരിപ്പാനായി വനങ്ങളിൽ ഏതാനും സ്ഥലങ്ങൾ ഒഴിച്ചിടപ്പെട്ടിട്ടുണ്ടു്. ഇവയ്ക്കു റിസർവ് എന്നാണു പേരു്. ഇതിനുള്ളിൽ അനുവാദംകൂടാതെ ആർക്കും കടന്നു വിറകുപോലും എടുത്തുകൂടാത്തതാകുന്നു. ആകെയുള്ള റിസർവ് ഏകദേശം രണ്ടായിരം ചതുരശ്രമൈൽസു സ്ഥലമാണു്. ഏരൂർ, കുളത്തൂപ്പുഴ, റാന്നി, കോന്നി, മലയാറ്റൂർ ഇവയാണു് മുഖ്യ റിസർവുകൾ. ഡി [ 38 ] പ്പാൎട്ടുമെന്റിന്റെ മറ്റു ജോലികളിൽ പ്രധാനം ആനയെ പിടിച്ചു പഴക്കുക; തടികൾ വെട്ടിമുറിച്ചു വില്പിക്കുക; ഏലം, ദന്തം, തേൻ, മെഴുകു, പശ മുതലായതു ശേഖരിക്കുക; വനത്തിനുള്ളിൽ ഗതാഗതത്തിനു വഴികൾ ഉണ്ടാക്കുക; സൌകൎയ്യമുള്ളിടത്തു തേക്കു മുതലായ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക ഇവയാണു്. കാട്ടിൽ സ്വാഭാവികമായി വളരുന്ന തേക്കുതടി അനവധിയായി ആണ്ടുതോറും വെട്ടി ഇറക്കപ്പെട്ടുപോയാൽ കാലക്രമേണ അതിനു കുറവു വരുമെന്നു ശങ്കിച്ചിട്ടാണു് ചിലേടത്തു വലിയ തേക്കുതോട്ടങ്ങൾ ഗവൎമ്മെന്റിൽനിന്നു തന്നെ ഉണ്ടാക്കി സംരക്ഷിച്ചുപോരുന്നതു്. ഇവയിൽ പ്രധാനം കോന്നിയിലും മലയാറ്റൂരും ഉള്ള തോട്ടങ്ങൾ അത്രേ.
നവീനശാസ്ത്രരീതികൾ അനുസരിച്ചു വനംവക സാധനങ്ങളെ പെരുമാറുന്നതിനു സൗകൎയ്യപ്പെടുത്തുന്നപക്ഷം ഇവിടെത്തന്നെ കടലാസ്സു്, സോപ്പു്, മെഴുകുതിരി, ഔഷധങ്ങൾ, ചായങ്ങൾ, വാർണീഷ്, സുഗന്ധദ്രവ്യങ്ങൾ മുതലായവയ്ക്കു കൈത്തൊഴിൽശാലകൾ സ്ഥാപിക്കുന്നതിനും തന്മൂലം രാജ്യത്തിന്നും ജനങ്ങൾക്കും ക്ഷേമം വർദ്ധിക്കുന്നതിനും ഇടയുണ്ടു്. സോപ്പുണ്ടാക്കുന്നതിനു പലേടത്തും ശാലകൾ സ്ഥാപിച്ചുകാണുന്നതു് സ്തുത്യർഹമാണു്.