തെങ്ങ്

രചന:അഴകത്ത് പത്മനാഭക്കുറുപ്പ്

തെങ്ങിൻ തടികളെക്കൊണ്ടു
തീർപ്പിക്കാം കെട്ടിടങ്ങളെ;
ഉലക്ക മുതലായുള്ള
സാമാനം പണിയിച്ചിടാം.

ഓല കീറി മൊടഞ്ഞിട്ടീ-
വീടു ചോരാതെ കെട്ടിയാൽ
മഴയും മറ്റുമേല്ക്കാതെ
പാർക്കാമിങ്ങു നമുക്കിതിൽ?

കുരുത്തോല പുഴുങ്ങീട്ടു
മഞ്ഞു കൊള്ളിച്ചുണക്കിയാൽ
തെറുത്തു തോടപോലാക്കി
പെൺകിടാങ്ങൾക്കണിഞ്ഞിടാം.

ചൂട്ടും മടലുമെല്ലാം തീ-
മൂട്ടുവാൻ നല്ലതെത്രയും
കൂട്ടുവാൻ ചേർക്കുമിത്തേങ്ങ-
യാട്ടുന്നതൊരു ലാഭമാം.

കുളുർത്തു മധുരിച്ചുള്ളോ-
രിളന്നീരു കുടിക്കുകിൽ
തളർച്ച തീരുമെല്ലാർക്കും
വിളങ്ങും മുഖമേറ്റവും.

അകത്തുള്ളൊരു മാധുര്യം
ചോർന്നുപോകാതിരിക്കുവാൻ
കുരുക്കു നല്ല കാഠിന്യം
പുറമേ പൂണ്ടിടുന്നിതോ?

പല്ലു തേയ്‍പിനു പച്ചീർക്കി-
ലില്ലെങ്കിൽ സുഖമായ്‍പരാ;
മെല്ലെ നാവിലഴുക്കെല്ലാ
മില്ലാതാക്കാനതുത്തമം.

ചിരട്ട തവികോട്ടാനും
കരിക്കമുപയോഗമാം;
മൊരിച്ചൂട്ടു വെളിച്ചെണ്ണ-
യരിക്കുന്നതിനുത്തമം

തൊണ്ടഴുക്കിപ്പിരിപ്പിച്ചു
കൊണ്ടു നൽക്കയറാക്കിയാൽ
അണ്ടർകോനും കൊതിക്കുന്ന
പണ്ടമെല്ലാം കരസ്ഥമാം.

കള്ളെടുത്തു കുറുക്കീട്ടു
വെള്ളച്ചക്കരയാക്കിയാൽ
പിള്ളർക്കെന്നല്ല വല്യോർക്കും
കൊള്ളാം മധുരമുള്ളത്.

ഇത്രയ്ക്കുപകരിക്കുന്ന
നന്ദിയുള്ളൊരു തെങ്ങിനെ
സൂക്ഷിക്കണം നാമാകുന്ന
പോലതേകാത്തതെന്തിനെ?

"https://ml.wikisource.org/w/index.php?title=തെങ്ങ്&oldid=83181" എന്ന താളിൽനിന്ന് ശേഖരിച്ചത്