ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-48


ഭ്രമവിലുളിതലോലകുന്തളാഗ്രാ
വിഗളിതമാല്യവികീർണ്ണരംഗഭൂമി
ഇയമതിരുചിരാ നടീ നടന്തീ
തവഹൃദയേ മുദമാതനോതു മാതഃ        (48)

[ 79 ] വിഭക്തി -
ഭ്രമവിലുളിത ലോലകുന്തളാഗ്രാ - ആ. സ്ത്രീ. പ്ര. ഏ
വിഗളിതമാല്യവികീർണ്ണരംഗഭൂമി - ഈ. സ്ത്രീ. പ്ര ഏ.
ഇയം - ഇദംശ. സ്ത്രീ. പ്ര. ഏ
അതിരുചിരാ - ആ. സ്ത്രീ. പ്ര. ഏ
നടീ - ഈ സ്ത്രീ. പ്ര. ഏ.
നടന്തീ - ഈ. സ്ത്രീ. പ്ര ഏ.
തവ - യു‌ഷ്മ. ദ ‌ഷ. ഏ.
ഹൃദയേ - അ. ന. സ. ഏ.
മുദം - ദ. സ്ത്രീ. ദ്വി. ഏ.
ആതനോതു - ലോട്ട്. പര. പ്ര. ഏ
മാതഃ - ഋ. സ്ത്രീ. സം. പ്ര. ഏ.

അന്വയം - ഭ്രമവിലുളിതലോലകുന്തളാഗ്രാ വിഗളിതമാല്യ വികീർണ്ണരംഗഭൂമീ അതിരുചിരാ ഇയം നടീ നടന്തീ ഹേ മാതഃ തവ ഹൃദയേ മുദം ആതനോതു.

അന്വയാർത്ഥം - ഭ്രമവിലുളിതലോലകുന്തളയായി വിഗളിതമാല്യ വികീർണ്ണരംഗഭൂമിയായി അതിരുചിരയായായിരിക്കുന്ന നടനം ചെയ്യുന്ന ഈ നടി അല്ലയോ അമ്മേ! നിന്തിരുവടിയുടെ ഹൃദയത്തിൽ മുത്തിനെ ചെയ്യട്ടെ.

പരിഭാ‌ഷ - ഭ്രമവിലുളിതലോലകുന്തളഗ്രാ - ഭ്രവിലുളിതം ഹേതുവായിട്ടു ലോലങ്ങലായിരിക്കുന്ന കുന്തളാഗ്രങ്ങളോടു കൂടിയവൾ. ഭ്രമവിലുളിതം - ഭ്രമത്താൽ വിലുളിതം. ഭ്രമം - ചുറ്റൽ. വിലുളിതം - അഴിയപ്പെട്ടത്. ലോലങ്ങൾ - ഇളകുന്നവ. കുന്തളാഗ്രങ്ങൾ - തലമുടികളുടെ അറ്റങ്ങൾ. വിഗളിതമാല്യ വികീർണ്ണരംഗഭൂമീ - വിഗിളിതമായിരിക്കുന്ന മാല്യങ്ങളാൽ വികീർണ്ണമായിരിക്കുന്ന രംഗഭൂമിയോടുകൂടിയവൾ. വിഗിളിതങ്ങൾ - അഴിയപ്പെട്ടവ. മാല്യങ്ങൾ - മാലകൾ. വീകീർണ്ണം - വിതറിയത്. രംഗഭൂമി - രംഗപ്രദേശം. അതിരുചിരാ - അതിമനോഹരി. നടീ - [ 80 ] നർത്തകി. നടന്തീ - നൃത്തം ചെയ്യുന്നവൾ. ഹൃദയം - മനസ്സ്. മുത്ത് - സന്തോ‌ഷം.

ഭാവം - അല്ലയോ ഭഗവതി! ചുറ്റുന്നതുകൊണ്ട് (നൃത്തം ചെയ്യുന്നതുകൊണ്ട്) അഴിഞ്ഞിരിക്കുന്ന തലമുടികളുടെ അഗ്രങ്ങളോടുകൂടിയവളും അഴിഞ്ഞു വീണുകിടക്കുന്ന പൂമാലകൾ വീണു ചിതറികിടക്കുന്ന രംഗപ്രദേശത്തോടുകൂടിയവും അതിമനോഹരിയുമായ നൃത്തം ചെയ്യുന്ന ഈ നടി നിന്തിരുവടിയുടെ ഹൃദയത്തിൽ സന്തോ‌ഷമുണ്ടാക്കണമേ.