നളചരിതം മൂന്നാം ദിവസം
←നളചരിതം രണ്ടാം ദിവസം | നളചരിതം മൂന്നാം ദിവസം (ആട്ടക്കഥ) രചന: |
നളചരിതം നാലാം ദിവസം→ |
ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ മൂന്നാം ദിവസം
നളചരിതം ആട്ടക്കഥ
മൂന്നാം ദിവസം
രങ്ഗം ഒന്ന്: വനം
നളൻ
പുന്നാഗവരാളി(തോടി)-അടന്ത
ശ്ളോ. നവവിരഹമയന്ത്യാം നൈഷധം ചിന്തയന്ത്യാം
ജനിഭുവി ദമയന്ത്യാം ജാതതാപം വസന്ത്യാം
വ്യസനമകലെയാവാൻ വീണിരന്നാശു ദേവാൻ
നളനഭജത ദാവാന്നാടുപൂവാൻ ത്രപാവാൻ 1
പദം 1 നളൻ:
പ. ലോകപാലന്മാരേ! ലളിതമധുരാണി
വിഫലാനി വോ വരഫലാനി കാനി?
അനു. ശോകകാലം മമ വന്ന നാളെന്നിൽ
ശോഭയല്ലുദാസീനതയിദാനീം. ലോക.
ച. 1 ദിനമനു നിങ്ങളെ ഞാൻ ഭാവിപ്പതും, വേറു-
തിരിച്ചെന്നിൽ കൃപ നിങ്ങൾ ഭാവിപ്പതും,
അനുജനോടു തോറ്റുള്ളം വേവിപ്പതും, ഓർത്താൽ
ആരോരുവൻ മേലിൽ സേവിപ്പതും! ലോക.
2 കരണീയം ദേവനമെന്നെനിക്കു തോന്നി, എന്നിൽ
ഭരണീയജനങ്ങൾക്കും വെറുപ്പു തോന്നീ,
തരുണിയെ വിട്ടു കാട്ടിലിരിപ്പൂമൂന്നീ-അപരി-
ഹരണീയവിധിയന്ത്രത്തിരിപ്പുമുന്നീ. ലോക.
3 പ്രതിദിനം നൈഷധൻ നമസ്കുരുതേ, ഭൈമീ-
പതിദേവതയ്ക്കു ദുഃഖം വരുത്തരുതേ!
അതിസങ്കടചാപല്യമെനിക്കരുതേ! എന്നെ
അധീരനെന്നാരുമപഹസിക്കരുതേ! ലോക.
രങ്ഗം രണ്ട്: വനം
കല്യാണി- ചെമ്പട
ശ്ളോ. സുരനാഥവരൈ: സുഖേന ജീവൻ
പരമാനന്ദസുനിർവൃതോ നളോയം
ഭവനേ വനതാം വനേ ഗൃഹത്വം
സ പുരാ നിശ്ചിനുതേ വിചാര്യ തത്ത്വം.
പദം 2: നളൻ
ഘോരവിപിനമെന്നാലെഴുപാരിതാകിൽ നഗരം.
അനു. നാരിമാരും നവരസങ്ങളും
നയവും ജയവും ഭയവുംവ്യയവും
നാടുഭരിപ്പവരോടു നടപ്പതു. ഘോര.
ച.1 അവടങ്ങൾ സങ്കടങ്ങൾ, അകമേ ദുഷ്ടമൃഗങ്ങൾ,
അധികം ഭീതികരങ്ങൾ
മനസാ വചസാ വിദിതംഗദിതം
കാമാദികൾതന്നെ നിനച്ചാൽ
ഭീമാകൃതി ധാരികൾ വൈരികൾ ഘോര.
2 സദനങ്ങൾ ശോഭനങ്ങൾ സാധുസഭാതലങ്ങൾ
സരസങ്ങൾ ഗഹനങ്ങൾ;
സജലാ സശിലാ തടിനീ ജനനീ;
രാജാന ഇമേ തരവോ ദൃഢ-
മാജാനമനോരമഭൂതികൾ. ഘോര.
3 ദുരിതങ്ങൾ ദൂരിതങ്ങൾ ദോഷങ്ങൾ ദൂഷിതങ്ങൾ,
അതിമോഘങ്ങളഘങ്ങൾ,
അധുനാ വിധിനാ കരുണാഗുരുണാ
മേലേ വരുമാധികൾ മാഞ്ഞിതു
കാലേന ചിരേണ നമുക്കിഹ. ഘോര.
രങ്ഗം മൂന്ന്: വനാന്തരം
കാർക്കോടകൻ-നളൻ
ഭൈരവി-ചെമ്പട
ശ്ളോ. അങ്ങോടിങ്ങോടുഴന്നും വിപിനഭുവി
തളർന്നും വിചാരം കലർന്നും
തുങ്ഗാതങ്കം വളർന്നും തൃണതതിഷു
കിടന്നും സുരേന്ദ്രാനിരന്നും
തിങ്ങുംഖേദം മറന്നും ദിവസമനു
നടന്നീടുമന്നൈഷധേന്ദ്രൻ
വൻകാട്ടിൽ കാട്ടുതീ തൻ നടുവിലൊരു
ഗിരം കേട്ടു വിസ്പഷ്ടവർണ്ണാം. 3
പദം 3 കാർക്കോടകൻ:
പ. അന്തികേ വന്നീടേണം അഴലേ നീ തീർത്തീടേണം
അനു. എന്തിവണ്ണമെന്മൊഴി നീ കേട്ടീലയോ പുണ്യകീർത്തേ?
അന്തികേ.
ച. 1 കാട്ടുതീയിൽ പതിച്ചേനേ, കളിയല്ലയ്യോ വേകുന്നേനേ,
കൂട്ടിക്കൊണ്ടു പോക താനേ, കുശലം തവ വൈരസേനേ!
അന്തികേ.
2 വെന്തു ദേഹം പാതിപോരും, വിധിവശന്മാരെല്ലാപേരും,
ബന്ധു നീയൊഴിഞ്ഞില്ലാരും, വിവശത മേ നിന്നാൽ തീരും
അന്തികേ.
3 നിന്നുദന്തം ഭൈമീജാനേ, നിഖിലവും ഞാനറിഞ്ഞേനേ,
മന്ദിക്കൊല്ലാ മയി ദീനേ, മരണവേദനാതിദൂനേ. അന്തികേ.
ശ്ളോ. പേടിക്കേണ്ടാ വരുവനരികേ വൻകൊടുങ്കാട്ടുതീയിൽ
ചാടിക്കൊണ്ടാലൊരു ഭയമെനിക്കില്ല, ഞാൻ തൊട്ടവർക്കും;
കൂടിക്കണ്ടാലുടനഴലൊഴിച്ചീടുവേനെന്നുചൊല്ലി-
ത്തേടിക്കണ്ടൊരുരഗപതിയോടൂചിവാൻ നൈഷധേന്ദ്രൻ. 4
പദം 4 നളൻ:
പ. കത്തുന്ന വനശിഖിമദ്ധ്യഗനാരെടോ നീ?
തത്ത്വമേവ വദ മേ.
അനു. ചത്തുപോമിവിടെയെന്നു നീ നിനയ്ക്കേണ്ടാ,
ശാപംകൊണ്ടോ ചതികൊണ്ടോ ചാപലംകൊണ്ടോ?
കത്തുന്ന.
ച. 1 എരിഞ്ഞ തീയിൽ നിന്നല്ലിനി വേണ്ടൂ സല്ലാപം
ഇരുന്നുകൊള്ളുകയെന്റെ ചുമലിൽ നീ ഗതതാപം
അറിഞ്ഞതെങ്ങനെ നീ നൈഷധനെന്ന പേരെ?
പറഞ്ഞീടേണമിപ്പോളാരെന്നുള്ളതും നേരെ. കത്തുന്ന.
2 ഭുജങ്ഗമെന്നു തോന്നി രൂപംകൊണ്ടു നിന്നെ,
വിശങ്കയെന്തെന്നല്ലീ? അതു ചൊല്ലാം പിന്നെ,
ഭൃശം കളഞ്ഞു പറഞ്ഞീടേണം നേരുതന്നെ. കത്തുന്ന.
സാവേരി-മുറിയടന്ത
3 എന്നുടെ കഥകളെ എങ്ങനെ നീയറിഞ്ഞു?
നന്നു നിന്മഹിമാ നമുക്കു തിരിഞ്ഞു;
എന്നോടെന്തു മറവിന്നു തുനിഞ്ഞു?
ചൊന്ന മൊഴിയാൽ നിന്നെ ഞാൻ ദിവ്യനെന്നറിഞ്ഞു
കത്തുന്ന.
രങ്ഗം നാല്: വനാന്തരം
ഗൗളിപന്ത്-ചെമ്പട
ശ്ളോ. ദഹനമോചിത ഏഷ മഹീഭുജാ
ദശപദശ്രവണേ കൃതദംശനഃ
വിഷധരാധിപതിർവിഗതജ്വരോ
നിഷധരാജമശാദ്വികൃതാകൃതിം.
പദം 5 കാർക്കോടകൻ:
പ. നൈഷധേന്ദ്ര, നിന്നോടു ഞാൻ നേരുതന്നെ ചൊല്ലാം
അനു. വൈഷമ്യമായി മമ, വലുതഹോ! വിധി ജഗതി. നൈ.
ച. 1 മതിമതി വിശങ്ക തവ മമ ജനനി കദ്രുവല്ലോ
മഹിമാതിരേകത്തിനു മന്ദത പിണഞ്ഞു മമ നൈ.
2 ഊക്കേറുമഹിവരരിൽ കാർക്കോടകാഖ്യനഹം
ഓർക്കേണമൊരു മുനിയെ മാർഗ്ഗേ ചതിച്ചിതഹം നൈ.
3 വായ്ക്കും കോപംപൂണ്ടു മുനി ദീർഘമൊരു ശാപം തന്നു
പോക്കുമഴൽ നളനെന്നു മോക്ഷവഴിയരുളി പിന്നെ. നൈ.
4 ചാപല്യജാതമിഹ ശാപവുമകന്നു മമ
തേ പകരം ചെയ്തതുള്ളിൽ കോപകരമല്ലറിക. നൈ.
5 നിന്നഴൽക്കു മൂലം കലി വന്നകമേ വാഴുന്നവൻ
എന്നുടയ വിഷമറ്റു നിന്നെയവൻ വിടുമുടനേ. നൈ.
6 നിന്നെയറിയരുതൊരുവനെന്നിട്ടു നിന്നുടൽ മറച്ചു,
പിന്നെ നീ ഇത്തുകിലുടുക്കിൽ നിന്നുടൽ നിനക്കു വരും നൈ.
പൂർവ്വകല്യാണി(പന്തുവരാളി)-ചെമ്പട
പദം 6 നളൻ:
പ കാദ്രവേയകുലതിലക, നിൻ
കാൽത്തളിരെ കൂപ്പുന്നേൻ.
അനു. ആർദ്രഭാവം നിൻ മനക്കാമ്പി
ലാവോളം വേണമെന്നിൽ കാദ്ര.
ച. 1 മാമകദശകളെല്ലാം മനസ്സുകൊണ്ടു കണ്ടു നീ താൻ
ധീമതാംവര, കടിച്ചു ദേഹം മറച്ചു
പോയ് മറ്റൊന്നായ് രൂപമെല്ലാം
വേറെയൊന്നായ്കേൾക്കേണമേ നാമധേയം
അവനി നീളെ സഞ്ചാരമിനിയാം, പ്രീതോഹം. കാദ്ര.
2 സജ്ജനസമാഗമത്താൽ സകലജനങ്ങൾക്കുമുണ്ടാം
സജ്ജനിഫലമെന്നല്ലോ സത്യവാചകം.
സജ്വരനായ് നിന്നെക്കണ്ടോരിജ്ജനത്തിന്നിഴൽ തീർന്നു
മിക്കതും, വിപിനത്തിൽനിന്നു പോയാലുമറിയാ കണ്ടാരും.
കാദ്ര.
ധന്യാസി-ചെമ്പട
3 ഇന്ദുംലിഹാരമെ, നീ ഒന്നിനി എന്നോടു ചൊൽക,
എന്നെനിക്കുണ്ടാവൂ യോഗം ഖിന്നയാ തയാ, മുന്നെപ്പോലെ
മന്ദിരത്തിൽ ചെന്നു വാണുകൊള്ളുവാനും? എന്നിയേ
അറിയാമെന്നാകിൽ ചൊല്ലേണമെല്ലാം നാഗേന്ദ്ര. കാദ്ര.
നാട്ടക്കുറിഞ്ഞി(കമാസ്)-ചെമ്പട
പദം 7 കാർക്കോടകൻ:
പ. ചിന്തിതമചിരാൽ വരുമേ നിനക്കൊ-
രന്തരായമില്ല നൃപതേ!
അനു. അന്തരങ്ഗേ തവ വാഴുന്നവൻ കലി
വെന്തുനീറിടുന്നു മേ വിഷശിഖിനാ. ചിന്തിത.
ച. 1 ഏതൊന്നാകിലുമിവൻ വിടുമുടനേ, പിന്നെ
നീ തന്നെ വേണം തവ ഗുണഘടനേ.
പേ തന്നെ തോന്നുന്നതുമിഹ ഗഹനേ വിട്ടു
ഭൂതനായകനെ നീ ഭജ മൃഡനേ.
സാകേതംതന്നിലെ പോയ് ഋതുപർണ്ണനെ
നീ കണ്ടു സേവകനായ് വാഴ്ക ഗൂഢ;
പോമിണ്ടലതുമൂലമായി വൈകാ-
തേകണ്ടു ഭവിക്കുമേ സങ്ഗതിയും ഭൂപാലാ. ചിന്തിത.
2 ബാഹുജഭാവത്തെ നീ നീക്കിക്കൊള്ളൂ-ഇനി
ബാഹുകനെന്നു പേരുമാക്കിക്കൊള്ളൂ.
സാകേതപതിയെ സ്വാമിയാക്കിക്കൊള്ളൂ-പാർത്താൽ
സാധുതയവനേ ഇന്നു മഹിയിലുള്ളൂ
വിശ്വാസഭാജനമായ്‌വന്നാൽ പിന്നെ
അശ്വഹൃദയം അവനായ് നല്കീടുകിൽ
അക്ഷഹൃദയം വശമായ്‌വരും തവ,
അക്ഷമനാം കലിയും അന്നൊഴിയും. ചിന്തിത.
3 വന്നൊരു മുനിവരശാപമതും,വന-
വഹ്നിയിൽ വീണു മമ ദാഹമതും,
നിന്നോടെനിക്കു വന്ന യോഗമിതും, നൃപ,
പിന്നെയും നമ്മിലെസ്സല്ലാപമിതും.
നിത്യമായ് ചിന്തിപ്പവൻ ഭൂലോകത്തിൽ
അത്യന്തം മോദിപ്പവരെന്നുള്ളതും
സത്യംമയാ കഥിതം; പോക നീയും; എങ്കിൽ
അസ്തു പുനർദർശനം രിപുകർശന! ചിന്തിത.
രങ്ഗം അഞ്ച്: ഋതുപർണ്ണരാജധാനി
ഋതുപർണ്ണൻ, ജീവലവാർഷ്ണേയന്മാർ,ബാഹുകൻ
നാട്ടക്കുറിഞ്ഞി-ഏകതാളം
ശ്ളോ. നളോ ലബ്ധ്വാ വാസോയുഗളമഗളദ്ധൈര്യവിഭവ-
ശ്ശിവോദർക്കാം ജാനൻ വിപദമപി കാർക്കോടകമുഖാത്
അഥ ധ്യായൻ ജായാം കതിപയദിനൈഃ പ്രാപ്യ ച പുരീ-
മയോദ്ധ്യാമാലോക്യ ക്ഷിതിപമൃതുപർണ്ണം കഥിതവാൻ. 6
പദം 8 ബാഹുകൻ:
പ. ഋതുപർണ്ണധരണീപാല, നീ ജയിക്കേണം
ഉപകർണ്ണയ മേ വചനം.
അനു. അതിചണ്ഡരിപുഷണ്ഡഗളഖണ്ഡനപണ്ഡിത-
ഭുജദണ്ഡ, ഖലദണ്ഡധര, മണ്ഡിതഭൂഖണ്ഡ, ഋതു.
1 ധരിക്കേണമെന്നെ നീ സൂതനെന്ന്, ആകിൽ
ഭരിക്കേണമേ തന്നു വേതനം, തേരിൽ
ചരിക്കേണമൊരിക്കലെന്നിരിക്കിലോ തവ
സാരഥിഭാവം തേടുന്നേൻ, ആജ്ഞാപുഷ്പം ചൂടുന്നേൻ.
വാജികളെബ്ഭരിച്ചുകൊള്ളുവൻ, ജാതി തിരിച്ചു ചൊല്ലുവൻ
ഭീതി കളവൻ ഗതിഭേദങ്ങൾ കുറവെന്യേ പഠിപ്പിപ്പൻ. ഋതു.
2 എനിക്കില്ലെന്നറിക കുടുംബവും ഇന്നു
നിനയ്ക്കിൽ നീയൊഴിഞ്ഞവലംബവും, പാരിൽ
അരിക്കന്റെ കുലമലങ്കരിക്കും നിന്നുടെ കീർത്തി
കേട്ടു വന്നു ഞാൻ, തത്ത്വം ചൊന്നേനിന്നു ഞാൻ,
ബാഹുകനെന്നെനിക്കു പേർ
കൃപയെന്നിൽ ജനിക്കുമാകിലോ ഭൂപ,
തവ കിങ്കരനെന്നോർക്ക, ശിവകിങ്കരനന്യഥാ. ഋതു.
3 അനുകമ്പാ യദി തവ മാനസേ, എനി-
ക്കനുമതി കരിക മഹാനസേ,കേര-
മരിചലവണാദികളരിയും തരികിൽ
പോരും മമ ഭൂപതേ, മാരോപമിതാകൃതേ, താനേ തന്നെ
വിറകും കൊണ്ടുവന്നു ഞാൻ കറിയും ചോറുമുണ്ടാക്കി-
ക്കുറവെന്നിയേ വിളമ്പി നിരവധി ജനമൂട്ടാം. ഋതു.
വസന്തഭൈരവി(കാപ്പി)-ചെമ്പട
പദം9 ഋതുപർണ്ണൻ:
പ. വസ വസ സൂത. മമ നിലയേ സുഖം
ബാഹുക, സാധുമതേ.
അനു. വസു നിനക്കിന്നു തന്നേനസുഭരണോചിതം,
വാത്സല്യമെനിക്കു നിന്മേൽ. വസ.
ച. 1 രഥവും കുതിരകളും നീ താൻ പരിപാലിക്കേണം;
രസികൻ ഞാനെന്നതും നീ ബോധിക്കേണം;
ഘ്യതവും മധു ഗുളവും ക്ഷീരവും നിനക്കധീനം,
പചിക്കേണം ഭൂസുരരെ ഭുജിപ്പിക്കേണം;
എന്നെ രക്ഷിക്ക എന്നു ചൊന്നാലുപേക്ഷിക്കുന്ന-
തെന്നുടെ കുലത്തിലുണ്ടോ? വസ.
2 ഇവനു പേർ ജീവലനെ,ന്നിവനു പേർ വാർഷ്ണേയനെ-
ന്നി, വരിരുവരും മമ സാരഥികൾ;
ഇവരുടെ ഗൃഹം തന്നെ നിനക്കുംഗൃഹമറിക,
ഇവർ നല്ല സൗജന്യവാരിധികൾ;
പകലോ മഹാനസത്തിൽ പാകവൈയഗ്ര്യമല്ലോ
നിശി പോയ് നിലയേ വാഴ്ക നീ. വസ.
3 ദ്രുതതരഗതി മമ കുതിരകൾക്കേതും പോരാ,
അതിനിരുവർക്കുമില്ല ചതുരതയും;
ഇതരകുതിരകളെ അതിശയിച്ചതിരയം
കുതിരകൾക്കുപദേശിക്ക മധുരതയും;
പ്രതിരഥരാമരികൾ ചതുരതയാ വരികിൽ
വിധുരതയേതുമരുതേ. വസ.
രങ്ഗം ആറ്: ബാഹുകന്റെ പാർപ്പിടം
ബാഹുകൻ, ജീവലൻ
തോടി-ചെമ്പട
ശ്ളോ. പ്രീതിപ്രദേസ്മിന്ന്രുതുവർണ്ണരാജേ
സ്ഫീതപ്രകാശേ നിഷധൗഷധീശേ
നിശാന്തശാന്തേ തത ആവിരാസീ-
ദ്വാന്താമൃതാ വാങ്മയകൗമുദീയം. 7
പദം 10 ബാഹുകൻ
പ. വിജനേ, ബത! മഹതി വിപിനേ നീയുണർന്നിന്ദു-
വദനേ, വീണെന്തു ചെയ്‌വൂ കദനേ?
അനു. അവനേ ചെന്നായോ, ബന്ധു-
ഭവനേ ചെന്നായോ ഭീരു?
എന്നു കാണ്മനിന്ദുസാമ്യരുചിമുഖ-
മെന്നു പൂണ്മനിന്ദ്രകാമ്യമുടലഹം? വിജനേ.
ച. 1 ദയിതേ, ലഭിപ്പതെന്തങ്ങയി! തേ വിശക്കുന്നേരം
മയി ദേവി, മായാമോഹശയിതേ,
അരുതേ! ശിവ ശിവ! സുചരിതേ, നിന്നെ നിനപ്പാൻ
കീരവാണി, ഭൈരവാണി, സാരവ-
ഫേരവാണി ഘോരകാനനാനി ച. വിജനേ.
2. വ്യസനേപി തവ ഗുരുജഘനേ, കുശലം? നീല-
നയനേ, മദമന്ഥരഗമനേ,
ഗഹനേ സന്താപങ്ങൾക്കു സഹനേ ശിഷ്യരല്ലയോ
ഹരിണപാളി കരിവാളി, ഇവർ തവ
തരുവരേഷു തരുവരേഷു പൂജകൾ വിജനേ.
3. ഉരഗാഭരണനെന്നിൽ ഉരുകാരുണ്യമുണ്ടെങ്കിൽ
നരകാദിഭയമില്ലെന്നറിക.
തിരിയാഞ്ഞോ ഞാനും നിന്നെബ്ഭരിയാഞ്ഞു? നിനക്കില്ലേ
വൃത്തശുദ്ധി വിഷ്ണുഭക്തി മയ്യൊരു
ഭർത്തൃബുദ്ധി കൃത്യസക്തിയും തുണ? വിജനേ.
പന്തുവരാളി - മുറിയടന്ത
ശ്ളോ. ചിന്തയന്തമിതി ചേതസി കാന്താം
തദ്വിയോഗവിധുരം നിഷധേന്ദ്രം
ജീവലോ രഹസി ജാതു സഹാസോ
ജീവലോകസുഖദം തമവാദീത്.
പദം. 11 ജീവലൻ:
പ. അവളേതൊരു കമനീ ഹേ ബാഹുക,
തവ യാ ധൃതിശമനീ?
അനു. സവിചാരം നിയതം പരിദേവിതം
യത്കൃതേ നിശി നിശി അവ.
സൗരാഷ്ട്രം - മുറിയടന്ത
പദം 12 ബാഹുകൻ:
പ. സ്വൈരവചനം സ്വകൃതരചനം ഭണിതം ജീവല.
അനു. ആരെന്നിറിയേണ്ടാ, കേളൊരു മാനവൻ
ആരാനോടും പറഞ്ഞു തൻ വ്യസനം സ്വൈര.
ച. 1 കേൾക്കിലുണ്ടേ കൗതൂഫലം പാർക്കിലവൻ സാധുശീലൻ
മൈക്കണ്ണാളുമായ് കേവലം വിളയാടിന കാലം
ഉണ്ടായ് വന്നിതൊരുമൂലം കണ്ടറിവാൻ മൃഗശീലം
തെണ്ടുവാനും ഫലമൂലം; കണ്ടവരാർ വധിദുശ്ശീലം? സ്വൈര.
പദം 11 ജീവലൻ:
നീയും നിന്നുടെ തരുണിയും അഭിപ്രായാനുകൂലമമായം
പലർകൂടിക്കളിയാടി ത്തളിർചൂടി സുഖമായി
വനംതേടി ക്രീഡയാ നടന്നളവിലങ്ങവളെ
വെടിഞ്ഞാനോ നടന്നാനോ? സ്മയവാനോ ധൃതിമാനോ?
നീ താനേ പിന്നെക്കിടന്നതു നിനച്ചഴൽ വഹസി വിലപസി.
അവ.
പദം 12 ബാഹുകൻ:
2 പൂരിതധനസന്ദോഹം ദൂരവേ വെടിഞ്ഞു ഗേഹം
ഭൂരിദുഷ്ടമൃഗസമൂഹം പുക്കു വനനിവഹം,
സാപി നാരീ സവ്യാമോഹം കൈവിടാഞ്ഞാൽ കാന്താദേഹം;
സമ്പത്തുണ്ടാമിനിയെന്നൂഹം; താദൃശംതങ്ങളിൽ സ്നേഹം.
സ്വൈര.
പദം 11 ജീവലൻ
3 ഈവണ്ണമവൻ വാണു ദാവം, ഓർക്കിൽ
ഏവം ദൈവത്തിൽ പ്രഭാവം
അറിവാനും പറവാനും ഫണവാനും കഴിവുണ്ടോ?
മറിമാനും സിംഹവും എട്ടടിമാനും നിറയും
വനവാസേ സവിലാസേ അനുഭൂതേ പുനരേതേന
പുരാ തേ സംബന്ധങ്ങൾ;
അതു ചുരുക്കുക, പറക പരിണതി. അവ
പദം 12 ബാഹുകൻ:
3 അവളവശം ഉറങ്ങുന്നേരം അവിനയവാൻ പോയി ദൂരം,
അവനകലേ പോകുന്നേരം അനുതാപം പാരം,
ആ വനമതീവ ഘോരം അവളുടയ അഴൽ പാരം,
അല്പബുദ്ധിക്കതു വിചാരം; അദ്ഭുതമൊക്കെ സ്സാരം. സ്വൈര.
പദം 11 ജീവലൻ:
3 ഞാനെന്നുമെനിക്കുള്ളതെന്നും
അഭിമാനമെല്ലാവർക്കും തോന്നും,
അതു മായം അതമേയം അതു മായുന്നതുമല്ലുലകിൽ
കായംപോകിലും; തദുപായം യോഗികൾക്കുപദേശം,
ഗതനാശം അതിക്ളേശം പശുപാശം, ജഗദീശം ചിന്തിപ്പവർ
ജനിമൃതിക്ഷയമനുഭവിപ്പവൻ. അവ.
ദണ്ഡകം
1 സാകേതവാസിനി നിജാകാരഗോപിനി
സശോകേ തദാ നിഷധരാജേ
ഭൂസുരർ നടന്നു- ഭീമനൃവരന്റെ
'സാഹസികനവനെ നരലോകമതിൽ നിഖിലദിശി
വേഗമൊടു തിരവിൻ' ഇതി വാചാ
സഹിതാ ശുചാ ദമനദമദാന്തസോദരിയു-
മതിതാന്തയായവരൊടൂചേ;
'തിരക ദിശി യൂയം ദിയിതമുരുമായം
സകലനൃപസഭകളിലുമൊരുപൊഴുതു കളി കരുതി-
യൊളിവിലൊരു മൊഴിയുമുരചെയ്വിൻ!
3. 'എങ്ങോട്ടുപോയി, രസഭങ്ഗോദ്യതോസി, പട-
ഭങ്ഗോസ്തു ഖേദമതിനില്ലാ;
ഏതുമറിവില്ലാഞ്ഞാധി മമ നില്ലാ;
ഏവമയി! കിതവ, മമ ഭാവ, മിനിയതുമറിക,
യാവദസുനിയമമതുമില്ലാ.'
4. ഇതി വാക്കിനേകനൊരു പ്രതിവാക്കു ചൊൽകിലതു-
മുടന്യേ നിങ്ങൾ പറയേണം.'
ഇതി സപദി ഭൈമീമൊഴി കരുതി യേമീ
ഇവർ പലരിലൊരുവനഥ രവികുലജനൃപതിവര-
സവിധഭുവി മൊഴിയതു പറഞ്ഞു.
രങ്ഗം ഏഴ്: ഭൈമിയുടെ അന്തഃപുരം
ദമയന്തി - പർണ്ണാദൻ
മദ്ധ്യമാവതി - ഏകതാളം
ശ്ളോ. വർണ്ണാൻ പർണ്ണാദകീർണ്ണാൻ നൃപസദസി സുധാ-
സാരസാവർണ്ണ്യപൂർണ്ണാ-
നാകർണ്ണ്യാകർണ്ണ്യഘൂർണ്ണന്മതിരനുഗതവാൻ
പ്രസ്ഥിതം ബാഹുകസ്തം;
സല്ലാപസ്താദൃശോഭൂദ്രഹസി കില തയോർ-
ബാഹുകോ യേന ഭേജേ
ചിന്താം, സന്താപശാന്ത്യൈ സ ച ധരണിസുര-
സ്സാന്ത്വയാമാസ ഭൈമീം.
പദം 13 പർണ്ണാദൻ:
പ. വ്യസനം തേ ദമയന്തി, സമസ്തം അസ്തമയതാം.
അനു. വചനം തേ ഞാൻ ചൊല്ലുന്നേരമീ-
വർത്തമാനമറിഞ്ഞാനൊരു മാനവൻ. വ്യസനം.
മുഖാരി - ഏകതാളം
പദം 14 ഭൈമി:
പ. നീ വന്ന നേരത്തേ വന്നൂ നിഖിലവും മേ സമ്പന്മൂലം
അനു. പോകുന്നവരാരെയുമേ പുനരിവിടെ ക്കണ്ടീലേ ഞാൻ. നീ.
ച. 1 എവിടെയെല്ലാം പോയി നീതാൻ
എന്നു ചൊല്ലുക പർണ്ണാദാ,
എവിടെയോ മേ പരിണേതാ-
വെന്നറികിലനാമയം. നീ.
പദം 13 പർണ്ണാദൻ:
ച. 1 ആകവേ ദിക്കെങ്ങും നടന്നേനേ, ഒരു നാൾ
സാകേതത്തിലങ്ങു കടന്നേനേ,
നീ കേൾ: നിന്മൊഴി പറഞ്ഞിരുന്നേനേ, പിന്നെ
ഋതുപർണ്ണാന്തികത്തിൽനിന്നെഴുനേറ്റിങ്ങകന്നേനേ. വ്യസനം.
2. സാരനാമൃതുപർണ്ണൻ തന്നുടെ ഇഷ്ട-
സാരഥി വന്നിതെന്റെ പിന്നൂടെ;
ധീരൻ ബാഹുകസംജ്ഞൻ നിന്നുടെ ഖേദം
തീരുവാനുരചെയ്താനുത്തരമതിന്നുടെ. വ്യസനം.
പദം 14 ഭൈമി:
2. തുകിൽ മുറിച്ചൊളിച്ചു പോവാൻ
തോന്നിയവാറെങ്ങനേവാൻ?
തുണയെനിക്കില്ലെന്തോരായ്വാൻ
ധൂർത്തനതു കേട്ടെന്തൂചിവാൻ? നീ
പദം 13 പർണ്ണാദൻ:
3 'ചാരുത്വമെഴും നിയമനിഷ്ഠയും നല്ല
ചാരിത്രമെന്നുള്ളൊരു ചട്ടയും
പാതിവ്രത്യപരമകാഷ്ഠയും കുല-
പാലികമാർക്കിതത്രേ നല്ലൊരു കോട്ടയും' വ്യസനം.
പദം 14 ഭൈമി:
3 പടമറുത്ത പടുവിടനേ
പാർത്ഥിവനതിശഠനേ
പാർത്തുകണ്ടാൽ ഞാനാളുടനേ
ഭവദഭീഷ്ടധനസങ്ഘടനേ നീ.
പദം 13 പർണ്ണാദൻ:
4 അസ്മദാദികൾ പലർ ഭൂതലേ മണ്ടി
യുഷ്മദാദേശം കേട്ട പോതിലേ,
വിസ്മയനീയശീലക്കാതലേ, പര-
മസ്മാകം തുറക്ക നീ ഗുണം വരു വാതിലേ. വ്യസനം.
രങ്ഗം എട്ട്: ഭൈമീമാതാവിന്റെ കൊട്ടാരം
ദമയന്തിയും അമ്മയും
ശങ്കരാഭരണം - ചെമ്പട
ശ്ളോ. പർണ്ണാദുന ഗോധനവും സ്വർണ്ണാഭരണങ്ങളും ദത്വാ
ചെന്നാശു ജനനി തന്നൊടു ചൊന്നാൾ തന്നാമയംഭൈമീ.
പദം 15 ഭൈമി:
പ. ജനനീ, മേ കാന്തൻ സാകേതം തന്നിൽ
ചെന്നു വാണീടുന്നു പോൽ;
അനു. അനുനീയൈനം ഇവിടെ വരുത്തുവാൻ
ആരെ നാമങ്ങയച്ചീടാവൂ ജനനീ.
ച. 1 വമ്പനോടു വമ്പില്ലാർക്കും;
അരിനൃവരപുരവും നഗരവും തിരകിലും
അരുതരുതവനൊടെന്നവരവരൊരുപോലെ
ഇരുകരം കൂപ്പി നെടുവീർപ്പുമുടനിയന്നു
വിനയമൊടു വണങ്ങി നില്പരെന്നിതു കേൾപ്പൂ ഭുവി
ജനനീ.
2 വമ്പനോടു വമ്പില്ലാർക്കും;
ബാലനല്ല ശിഷ ചെയ്വാൻ,
സമ്പ്രതി മറ്റെന്താവതോർത്താൽ സാമമെന്നിയേ,
സങ്ഗതിയില്ലാത്ത ദിക്കിൽ സാമന്തൻ താൻ എന്നപോലെ
അങ്ങെങ്ങാനും പോയിവാണാൽ അവമാനത്തിന്നളവുണ്ടോ?
ജനനീ.
പദം 16 ഭൈമീമാതാവ്:
പ. പീഡിക്കേണ്ടാ തനയേ, സുനയേ,
അനു. ഉദന്തമിതു വന്നിഹ പറഞ്ഞതാരോ നേരോ ചൊൽ.
ജനകനൊടിനിയെന്നാൽ ഇതു ചെന്നുചൊല്വൻബാലേ,
പീഡി.
ച.1 പീഡിച്ചീടരുതെന്നെ നീ, മുന്നേ ജനകൻ പല ഭൂസുരരെ
പൃഥിവിയിൽ നീളേ നിന്നുടെ ദയിതൻ നളനെ
നിഖിലദിശി തിരവാനായ് നന്നായ് നിയോഗിച്ചയച്ചാൻ;
അവരിലാരാരും വന്നാരോ ഇവിടെ?
മഹിളമാർമൗലേ, മങ്ഗലശീലേ, മതിമുഖി, മാഴ്കീടൊല്ലാ.
പീഡി.
പദം 15 ഭൈമി:
3 പർണ്ണാദഗിരാ തദിദം വിദിതം,
പരമാർത്ഥമിതിന്നവനാലുദിതം,
ചൊന്നാനവനോടൊരു വാക്യം
മയി പറവാനായ് വിജനേ,
എന്നാലിനി ഞാനൊന്നു പറയാം, ഇനിയൊരു മഹീസുരനെ
ഇവിടെ നാം വരുത്തി ഉടനെ ഋതുപർണ്ണാന്തികേ വിടേണം.
ജനനീ.
രങ്ഗം ഒൻപത്: ഭൈമീഗൃഹം
ദമയന്തി, സുദേവൻ
എരിക്കിലക്കാമോദരി- ചെമ്പട
ശ്ളോ. ഇതി നിജജനയിത്രീമങ്ങൊരോ വാർത്ത ചൊല്ലി-
ത്തദനുമതിയെ വാങ്ങിത്താതനും ബോധിയാതെ
സപദി കില സുദേവം സാരനാമദ്വിജേന്ദ്രം
സകുതുകമിതി ചൊന്നാൾ സാ സമാനായ്യ ഭൈമീ. 11
പദം 17 ഭൈമീ:
പ. കരണീയം ഞാനൊന്നു ചൊല്ലുവൻ കേൾക്ക സുദേവ,
ച.1 ധരണിയിൽ മണ്ടിപ്പണ്ടു താതശാസനം കൈക്കൊണ്ടു
തദനു ചേദി പുക്കുകൊണ്ടു നീയെന്നെക്കണ്ടു. കരണീയം.
2 അവിടന്നെന്നെക്കൊണ്ടുപോന്നു താതപാദസന്നിധി ചേർത്തു,
ആരതോർത്തു ദൈവഗതിയല്ലേ മേദിനീദേവ. കരണീയം.
3 ഇന്നിയുമപ്പോലെൻനിമിത്തമെൻ മാതാവിൻ നിയോഗത്താൽ
ഇന്നീയുമിപ്പോളൊന്നുണ്ടു വേണ്ടൂ കേൾക്ക സുദേവ.
കരണീയം.
4 ഇവിടെനിന്നു നടകൊണ്ടു ഋതുപർണ്ണഭൂപനെക്കണ്ടു
സപരിതോഷം പൂജ കൈക്കൊണ്ടു സാരസ്യം പൂണ്ടു
കരണീയം.
5 സമയഭേദം നോക്കിക്കൊണ്ടു സഭയിലൊന്നു ചൊല്ലിക്കൊണ്ടു
സാധുശീല, വരിക നീ വീണ്ടു വൈകാതെകണ്ടു. കരണീയം.
6 നമുക്കതുകൊണ്ടുപകാരം നൈഷധദർശനം സാരം
നിനക്കല്ലേ നീരസം പാരം നിത്യസഞ്ചാരം. കരണീയം.
7 സത്വരം നീ നിർവ്വിചാരം സാധേയ മേ കാര്യഭാരം
സത്തുക്കൾക്കന്യാധിസംഹാരം സർവ്വാധികാരം. കരണീയം.
മദ്ധ്യമാവതി-ചെമ്പട
പദം 18 സുദേവൻ:
പ. യാമി യാമി ഭൈമീ, കാമിതം ശീഘ്രം സാധയി-
ഷ്യാമി, സാമി സാധിതം മയാ.
അനു. നാമിഹ സേവിച്ചുനില്പൂ, ഭീമരാജൻ ചൊല്ലൂ കേൽപ്പൂ
നീ മതിമുഖി! പീഡിപ്പൂ! നാമിളകാതെ ഇരിപ്പൂ! യാമി.
ച.1 രാപ്പകൽ നടന്നാലില്ലാ മേ കാല്പ്പരിശ്രമം
ഓർപ്പനേ നിന്നഴലെല്ലാമേ,
ബാഷ്പമെല്ലാം നില്ക്ക, നിന്നെച്ചേർപ്പനേ കാന്തനോടിപ്പോൾ;
താല്പരിയം മറ്റൊന്നില്ല, മേല്പുടവയെടുക്കേണം. യാമി.
2 എത്രവഴി മണ്ടി നടന്നു പണ്ടു നിന്നെക്ക-
ണ്ടെത്തുവോളം ഞങ്ങൾ തളർന്നു.
അത്തലില്ലതുകൊണ്ടാർക്കും, ഇത്രമാത്രത്തിനെന്തുള്ളൂ?
ഉത്തരകോസലരാജ്യം ദ്വിത്രിദിനപ്രാപ്യമല്ലോ. യാമി.
3 ദീനതയെനിക്കില്ല ബാലേ, സാകേതത്തിനു
ഞാനറിയും വഴി വഴിപോലെ.
ദാനവരെ വെല്ലും ചൈത്രഭാനവകുലീനം നൃപം
ഞാനറിയു,മെന്നല്ല,വൻ നൂനമെന്നെയുമറിയും.
4 ആളയച്ചിട്ടുണ്ടെന്മാനില്ലാ ഇല്ലെന്മാനില്ലാ,
നീളെനിന്നു വന്നു കളിയല്ലാ,
ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും
വാളുമാടമ്പുള്ളോരെത്തി, വേളി, നാളെ യെന്നും ചൊല്ലാം.
യാമി.
രങ്ഗം പത്ത്: ഋതുപർണ്ണന്റെ കൊട്ടാരം
ഋതുപർണ്ണൻ,ബാഹുകൻ-സുദേവൻ
ധന്യാസി-ചെമ്പട
ശ്ളോ. ധൃതമുദേവമുദീര്യ സുധീർയയൗ
സ തു തദൈവ സുദേവമഹീസുരഃ
സദസി ചോപസസാര സസാരഥിം
കഥിതവാനൃതുപർണ്ണമഹീപതീം.
പദം 19 സുദേവൻ:
പ. മാന്യമതേ, ഖിലഭുവനതതകീർത്തേ,
ബുധജനമാന്യമതേ,
അനു. ദൈന്യമെന്ന വാർത്ത പോലും
പരമൊരുപൊഴുതറിയാതെ ഭവാൻ
വൈന്യസമ, ഋതുപർണ്ണഭൂമിപ,
വചനമേതദുപകർണ്ണയതാം മമ. മാന്യ.
1 ശങ്കനീയനെന്നാകിലും കുതുകം കഥഞ്ചന ചൊല്ലുവൻ,
നിങ്കലവസരമിങ്ങനങ്കുശമെന്നൊരിങ്ഗിതമിങ്ങനേ,
സങ്കുലാ സകലാഭൂമണ്ഡലി സാമ്പ്രതം, ധരിയാഞ്ഞിതോ?
ശങ്ഖമദ്ദളമങ്ഗളധ്വനി ദിങ്മുഖേഷു നിശമ്യതേ. മാന്യ.
2 എന്തിതിന്നൊരു കാരണം, ശ്രുണു, പന്തണിമുലമാർമണി
സുന്ദരി ദമയന്തി കാനനഭ്രാന്തനൈഷധരോഷിണി
താന്തനിക്കു നിതാന്തരമ്യനിശാന്തകേളിഷു ബാന്ധവം
കാന്തനാക്കി നൃപാന്തരം വരിപ്പാൻ തുനിഞ്ഞു സഭാന്തരേ.
മാന്യ.
3 എന്നുകേട്ടൊരു വാചികം ചതുരർണ്ണവാന്തരരാജകം
എന്നൊടെന്നൊടു സന്നതാങ്ഗിയിണങ്ങുമെന്നൊരു
കൗതുകാത്
വന്നുവന്നു നിറഞ്ഞു കുണ്ഡിനം, ഇന്നതെന്നുറച്ചിന്നലേ,
ഇന്നു കേട്ടിതു നാളെയെന്നിതൊ, രാളുമൂലമിതെന്നതും.
മാന്യ.
കല്യാണി-ചെമ്പട
പദം 20 ഋതുപർണ്ണൻ:
പ വരിക ബാഹുക! എന്നരികിൽ വരിക ബാഹുക!
അനു. നിരുപമാന, സാരഥ്യസാരസ്യപാകേഷു
നീ കേൾക്ക ലോകൈകമാന്യ! വരിക.
ച.1 അധരിതസകലനരലോകം ആത്മനൈപുണം
സഫലമാക്കിക്കൊൾവാനിന്നു തരമൊരവസരം;
അതിനു നീതാനോർക്കിലാളെന്നുനിർണ്ണയം
മനസി മാമകേ, തദിഹ മാസ്തു വൈപരീത്യം,
എന്തെന്നും കഥയാമി, മന്ദത കളയേണം. വരിക.
2 അകൃതകപ്രണയമനുരാഗമാർദ്രഭാവവും
സുകൃതസാധ്യമെന്നിൽ മുന്നേ ഭൈമിക്കതു ദൃഢം;
അവനിസുരന്റെ വാക്കിനുമോർക്കണം ഇതിഹ കാരണം;
അതിനു ശാസ്ത്രം കാമശാസ്ത്രം
സൂത്രം താനറിയാതോ, സുന്ദരീ വിദുഷീ സാ? വരിക.
3 നളനതിസുകൃതീ, അതുമൂലമന്നസാധ്യമായി
ലളിതഗാത്രീമേളനം; ഇന്നു ലഭിക്കുമെന്നു മേ.
തെളിവിനൊടേ തേർ നീ തെളിക്കേണം ഗളിതസംശയം,
നളിനബന്ധുതാനുദിക്കിൽ നാളപ്പോൾ
നളിനാക്ഷീ നമ്മൊടു ഘടനീയാ നന്മണിരമണീയാ. വരിക.
രങ്ഗം പതിനൊന്ന്: രഥം
ദിജാവന്തി-ചെമ്പട
ശ്ളോ. സുദേവോക്താ വാണീ സ്വദയിതതമോദന്തപിശുനാ
സുധാമിശ്രാ പൂർവ്വം ശ്രവസി വിഷധാരേവ പതിതാ
അഥോല്ക്കേവാസഹ്യാ നൃപതദൃതുപർണ്ണസ്യ ച ഗിരാ
തതശ്ചിന്താമാപത്തരളഹൃദയോ ബാഹുക ഇമാം. 13
ബാഹുകൻ രങ്ഗത്തിന്റെ നടുവിലിരുന്നുകൊണ്ട്
ആത്മഗതം
പദം 21 ബാഹുകൻ:
പ. മറിമാൻകണ്ണിമൗലിയുടെ മറിവാർക്കിതറിയാം!
അനു. ഒരുമയായ് രമിച്ചിരുന്നൊരു മയാപരാധം
അവശം ചെയ്യപ്പെട്ടതോർത്താൽ
വിധുരം നിതരാം ചെയ്‌വാനോ?
ച.1 ആർത്തി പാരം വരുന്നേരം ഓർത്തുചൊല്ലുമോരോന്നേ
പേർത്തു കർണ്ണാകർണ്ണികയാ ധൂർത്തരതറിഞ്ഞു
ഓർത്തുറച്ചേവരുമങ്ങു പാർത്ഥിവന്മാരെത്തുകിലും
തീർത്തുചൊല്ലാം,നിന്ദ്യകർമ്മംതാർത്തേൻമൊഴി ചെയ്കയില്ല. മറി.
2. അനവധി മമ പുനരപരാധം,
അതിനിതു സമുചിതമതിവാദം,
അഴൽ മനമതിലെഴുമൊരുപോതങ്ങവൾ പറകിലാമേ;
അതൊഴികെ അനുചിതമൊരുനാളും
അപഥിഷു മതിഗതി അവൾക്കില്ല
അതിപരിചിതമെനിക്കവൾശീലം;
അലമലമതിചലവിലപിതവിലസിതമിതു നൂനം. മറി.
വാർഷണേയനും ഋതുപർണ്ണനും പ്രവേശിക്കുന്നു
ഋതുപർണ്ണനോട്:
3 പ്രകടിതമഭിമതമൃതുപർണ്ണ,
വധൂമണിഗുണഗണഹൃതകർണ്ണ,
മമ മതിഗതി പുനരിതിവണ്ണമരുതെന്നുമില്ലാ,
ഇവനൊടുമഹമിഹ തവ സൂതൻ;
അണിമണിരഥവരമധിരോഹ,
ഭജ പുരനഭിമതമതിവേഗം മുന്നം,
അഹിമകിരണനഥ ചരമഗിരിസിരസി നിപതതു. മറി.
ശ്ളോ. "എന്നിവർണ്ണമൃത്യുപർണ്ണഭൂപനുപകർണ്ണ്യ
ബാഹുകഗിരം തദാ,
'നന്നു നന്നു തവ നൈപുണം സഫലമിന്നെ-
നിക്കിതുപകാരമായ്'
എന്നു ചൊല്ലിയുടനന്യരാരുമറിയാതെ
തേർ കയറി മൂവരും
മന്ദമെന്യെ നടകൊണ്ടിതങ്ങു രഥവേഗ-
മെന്തു പറയാവതോ!"
ബാഹുകൻ, ഋതുപർണ്ണൻ, വാർഷ്ണേയൻ
കല്യാണി- മുറിയടന്ത
ശ്ളോ. കാണുമ്പോൾ ക്ഷണമപി പിന്നിലാമശേഷം
വീണുംപോമപരിചിതൻ വ്യപേതധൈര്യം;
തീക്ഷ്ണേയം രഥഗതിവേഗശക്തി യെന്നും
വാർഷ്ണേയൻ വലിയൊരു ചിന്ത പൂണ്ടു നിന്നാൻ.15
പദം 22 വാർഷ്ണേയൻ (ആത്മഗതം)
പ. ആരയ്യാ! ഈ ബാഹുകൻ
ദേവേന്ദ്രസൂതനോ! പാർക്കിൽ ആരയ്യോ!
അനു. വീരാധിവീരൻ കോസലപതി-
സാരഥിയായി ഭൂതലേ വാണിടുന്നോനിവൻ- ആരയ്യാ!
ച.1 ആർക്കു പാർക്കിൽ നൈപുണ്യമേവം, മ-
റ്റാർക്കുമേ പാരിൽ കണ്ടീല ഞാനോ,
നേർക്കുനേരെ നിഖിലവും വിദ്യാ
വാക്കിനുള്ളൊരു കൗശലവും,
ഇല്ല തമ്മിലകലവും താരതമ്യശകലവും,
ഈഷലുണ്ടിവൻ നൈഷധൻ
സൂതവേഷധാരി മാനവൻ. ആരയ്യാ!
2 മാർഗ്ഗം പാർക്കിലങ്ങോളം നന്നു
പാർക്കാവോന്നെ,ല്ലാമൊടുക്കമടുക്കത്തു
തേർക്കു, വേഗമനുപമം, ഇതു
നോക്കുവാൻപോലുമാളല്ലേ,
ഇക്കർമ്മത്തിൽനാമല്ലെ, പരിശ്രമിപ്പോരില്ലേ,
ഈഷലുണ്ടിവൻ നൈഷധൻ
സൂതവേഷധാരി മാനവൻ. ആരയ്യാ!
3 മൂഢനാകിൽ ഞാനത്രേ പാരിൽ
പ്രൗഢപരിചയം കൂടിവസിച്ചിട്ടും,
പാടവംകണ്ടു രസിച്ചിട്ടും, തമ്മി-
ലൂഢസൗഹൃദം രമിച്ചിട്ടും
തേടീടിനേനില്ലൊട്ടും ശങ്കാലവം, ഇതു കഷ്ടം,
ഈഷലെന്തിലൻ നൈഷധൻ
സൂതവേഷധാരി മാനവൻ. ആരയ്യാ!
വേകട-അടന്ത
ശ്ളോ. കണ്ടീലേ രഥവേഗമേവമിവനി-
ക്കൗശല്യമോർത്തീല ഞാൻ,
മിണ്ടീലെന്നോടു ജീവലൻ മികവെഴും
വാർഷ്ണേയനും ചെറ്റുമേ,
വേണ്ടീലെന്നു വരും നമുക്കവരതോർ-
ത്തല്ലീ തദി, ത്യാദിയോർ-
ത്തുണ്ടായുത്തരവസ്ത്രപാതമൃതുപ-
ർണ്ണോബോധയദ് ബാഹുകം.
പദം 23 ഋതുപർണ്ണൻ:
പ. മന്ദം മന്ദമാക്ക ബാഹുക, രഥഹയവേഗം
മന്ദം മന്ദമാക്ക ബാഹുക,
അനു. നിന്നു ചൊല്ലേണ്ടതുണ്ടൊരു വാക്കെനി-
ക്കെന്നുമല്ല,യെന്നുത്തരീയം വീണു. മന്ദം
ച.1 ഓർത്തിട്ടുണ്ടൊന്നു ചൊല്ലുവാനുള്ളിൽ, ചൊല്ലുവൻ
അതുമൊ,രോരൂഴം കൊടുക്ക ഹയങ്ങൾക്കു പല്ലവാൻ,
തേർത്തട്ടിന്മേൽ നാം നിൽക്കവേ വാർഷ്ണേയൻ മെല്ലവേ
പിന്നിൽ തിരിഞ്ഞിറങ്ങി എടുക്കേണമെൻ പടതല്ലജം,
അനന്തരമീവിധവേഗമോടിതങ്ങോടിക്ക-
യെന്നതുകൊണ്ടെനിക്കില്ലതിവൈകുവാൻ;
ഏവമാകേണം ബാഹുക, കേൾക്ക നീ;
ഭാവമെന്തിതിനേയും തരാഞ്ഞു നീ? മന്ദം.
പദം 24 ബാഹുകൻ:
ച.1 അന്തിയാം മുമ്പെ കുണ്ഡിനംതന്നിൽ ചെന്നുചേരേണമെങ്കി-
ലെന്തിനുണ്ടാക്കുന്നു കാലവിളംബനകാരണം?
അന്തികത്തിങ്കലല്ലാ പടം ബഹു-
യോജന വഴി ചെന്നേ ലഭിപ്പൂ;
അതുനല്ല ചിന്തിതനാശനം, അതെന്നിയേ
പാർത്തുപോകിലോ രാത്രിയായ്പ്പോകുമേ
പാഴിലാമിപ്രയാസമിതൊക്കെയും
ഓർത്തുപോന്നതീനേർത്ത വസനമോ
താർത്തേൻവാണിതൻ പാണിഗ്രഹണമോ?
പ. എന്തു ചിന്ത ഹന്ത ഭൂപതേ! ഹൃദയേ നിനക്ക്
എന്തു ചിന്ത ഹന്ത ഭൂപതേ!
പദം 23 ഋതുപർണ്ണൻ:
ച.2 പാർത്തു കണ്ടു ഞാൻ നിന്നുടെ വിദ്യാവൈഭവം, അസ്തു
തോർത്തുന്ന വസ്ത്രമിപ്പോയതിനാലെന്തു ലാഘവം?
ധൂർത്തെന്നു തോന്നേണ്ടാ, ചൊല്ലുമാറില്ല ഞാൻ കൈതവം,
പരമാർത്ഥം നിനക്കറിവാനുള്ള വിദ്യയും ചൊല്ലുവൻ,
വിദൂരത്തിൽ താന്നിയെന്ന മരത്തിൽ ദലഫലം
ഞാൻ നിനച്ചപ്പോൾ തോന്നിയതിനെണ്ണം
മൂന്നുലക്ഷവും മുപ്പതിനായിരം
ചേർന്നതില്ലെങ്കിൽ ചെന്നതങ്ങെണ്ണുക. മന്ദം.
ബാഹുകൻ പോയി ദലഫലങ്ങളെണ്ണി ശരിയെന്നു കണ്ട് വിസ്മയപ്പെടുന്നു.
പ. 24 ബാഹുകൻ:
2 ഓർത്തു നീ ചൊന്നതെത്രയുമതിവിസ്മയം, നന്നി-
തോർക്കിലെനിക്കു പഠിക്കേണമിന്നീവിദ്യയും,
പാത്രമതിന്നു ഞാനോർത്താലും നമ്മിലേ വേഴ്ചയും, ചെറ്റു
പാർത്താലതുകൊണ്ടുവന്നീടുകയില്ലവീഴ്ചയും, ഋതുപർണ്ണ,
നന്നു വന്നിതു നല്ലൊരു സങ്ഗതി-
യിന്നുതന്നെയെനിക്കു പഠിക്കണം;
തന്നുടെ വിദ്യയന്യനു വേണ്ടുകിൽ
നന്നു നല്കുകിലെന്നല്ലോ കേൾപ്പതു. എന്തു.
രങ്ഗം പന്ത്രണ്ട്: താന്നിമരച്ചുവട്
നളൻ,കലി
ചൂർണ്ണിക
ഇത്യേവമൈകമത്യാപസൃത-
നിത്യപരിവാരഹൃദ്യപരിച്ഛാദാദിരാജചിഹ്നേന
സുദേവഭൂദേവപ്രഗല്ഭതാകല്പിത-
വിദർഭജോദ്വാഹോപായോപദാസുധാ-
പാനലാഭലോഭലുപ്തധൈര്യസുവർണ്ണേന
ഋതുപർണ്ണേന മദ്ധ്യേമാർഗ്ഗം
വിദ്യാഗ്രഹണാഭിലാഷുകബാഹുക-
നിർബന്ധസുപ്രസന്നേന വിതീർണ്ണായാം
വിക്ഷപിതകലിമലായാമതിഹൃദ്യായാ-
മക്ഷഹൃദയവിദ്യായാം,
നളൻ,കലി
കല്യാണി-ചെമ്പട
ശ്ളോ. വൈദർഭീശാപരൂപോദ്ധതദഹനശിഖാ-
ദഗ്ദ്ധശേഷം സശോഷം
ബീഭത് കാർക്കോടകാഖ്യോതഗവിഷതടിനീ-
ഗാഢമങ്ഗം വിമൂഢഃ
രുദ്ധപ്രാരബ്ധസിദ്ധിർന്നളമനലധിയാ
ത്യക്തവാൻ സിദ്ധവിദ്യാ-
സുപ്രാകാശ്യാസഹിഷ്ണുഃ കലിരഥ ജഗൃഹേ
സാസിനാ നൈഷധേന.
പദം 25 ബാഹുകൻ:
പ. എന്നെച്ചതിച്ച നീ എവിടേക്കു പോയീടുന്നു?
എനിക്കതു കേൾക്കയിൽ മോഹം.
അനു. സന്നച്ഛവിവദനം ഭിന്നസ്ഥിതിചരിതം
ഇന്നു മന്ദ, മമ നിന്നെ കണ്ടുകിട്ടി. എന്നെ.
ച.1 കുത്സിതരൂപമാപാദചൂഡം സജ്ജനങ്ങളിൽ
മത്സരിഭാവം ബിഭ്രാണം മൂഢം,
(ഭർത്സനമല്ലിതു) മന്യേ ത്വാം കീടം, സകലജനാനാ-
മുത്സവകാരണം ത്വന്നിധനം രൂഢം, നന്നെന്റെ ഭാഗ്യം
ദണ്ഡനീയതരെ, മന്നിൽ നീ സപധി
ഖണ്ഡനീയഗളനിന്നു നീ, ചപല
ഷണ്ഡ, നീച, ഖല, മന്ദ, നീയുഴറി
മണ്ടുവാൻ കൊതിച്ചതെങ്ങു നീ?
അന്ധനായ് പുറപ്പെട്ടോരു നിന്നെയു
ണ്ടന്തകൻ വിളിക്കുന്നു വിരുന്നിന്.
വെന്തു നീറിയെഴുമന്തരങ്ഗമതിൽ
ചിന്തയെന്തിനിയൊഴിഞ്ഞുപോവതിന്? എന്നെ.
നീലാംബരി-ചെമ്പട
പദം 26 കലി:
പ. നിന്നെച്ചതിച്ചതു നിയതം ഞാനെങ്കിലും
നിന്ദിച്ചീടൊല്ലാ നീയെന്നെ.
ച.1 ഇന്ദ്രമുഖാമരനിന്ദനമാചരിതം നിന്നാൽ ത്രൈലോക്യ-
സുന്ദരീംഭൈമീം പരിണയതാ നിയതം,
എന്നതു സഹിയാഞ്ഞെന്നാലാചരിതം നിന്നൊടിവണ്ണം
ഉന്നതദുർന്നയസന്മഹിമാ ഫലിതം, ചൂതിൽ തോറ്റതും
കാനനങ്ങളിലുഴന്നതും മനസി കാമിനീമപി മറന്നതും
കായവൈകൃതമിയന്നതും, കിമപി കാളിമാ യശസി വന്നതും,
അന്യസേവനകർമ്മം തുടർന്നതും
മന്യസേ മമ വഞ്ചനമെന്നതും
നിഹ്നുതാത്മകൃതദോഷ, നരാധിപ,
നിന്നൊടെന്തു ബത! ഞാൻ പറയേണ്ടതു? നിന്നെ.
മദ്ധ്യാമവതി - മുറിയടന്ത
പദം 27 ബാഹുകൻ:
പ. വഞ്ചക, നീ വരിക നേരേ വാഞ്ഛയെന്തിപ്പോൾ?
അനു. ലുഞ്ഛനം ചെയ്‌വനസിനാ നൂനം ഗളനാളീം. വഞ്ചക.
1. കനക്കെക്കൊതി നിനക്കെന്തു ചൊല്ലൂ,
മറുത്തതാരൊടു മറന്നിതോ ഇപ്പോൾ?
മനസ്സു മറിഞ്ഞങ്ങു തിരിച്ചു നീ, അപ-
മാർഗ്ഗമതിലേ സഞ്ചരിച്ചു നീ
വിധിച്ച വിധിയും വീഴ്ച വരുമോ,
വിശേഷിച്ചുമിതു കേൾക്ക കലേ,
വിദഗ്ദ്ധനെന്നങ്ങു ഭാവം നിനക്കെങ്കിൽ
നിയുദ്ധകേളിക്കു വരികെടോ! വഞ്ചക.
പുറനീര - ചെമ്പട
പദം 28 കലി:
പ. ക്ഷമിക്കവേണമേ അപരാധം, ശക്തി-
ക്ഷയവാനോടോ വേണ്ടൂ വിരോധം?
അനു. ശമിക്ക നിൻ കോപം ഭൂപ, കലി ഞാൻ മലിനൻ,
ബലക്ഷയവാനെങ്കിലും ബലി ഞാൻ. ക്ഷമിക്ക.
ച. 1 ബലമെന്തു? മറ്റൊന്നല്ലേ ബത! മേയുലകിൽ,
ഫലമെന്തു? ദുശ്ശീലശതമേ, ലോകേ
ഭവദശക്യനിധനന്മാർ കതമേ? ക്ഷമിക്ക.
പദം 27 ബാഹുകൻ:
2 വധിച്ചുകളവാനൊഴിച്ചു തോന്നാ
പിണച്ച ചതിയെല്ലാം നിനച്ചോളം, അസത്-
കരിച്ചു ചതിച്ചുടൻ ചിരിച്ചു നീ, നമസ്-
കരിച്ചു പിന്നെ എന്നെ സ്തുതിച്ചു നീ,
പഠിച്ചതെവിടെ പാപ, കപടം?
അനൗചിത്യഫല, മകാരണം
അനർത്ഥമോരോന്നേ വരുത്തിനാ, നതു
പൊറുത്തു നിന്നെയങ്ങയയ്ക്കുമോ? വഞ്ചക.
പദം 28 കലി:
2 പരപീഡനമെനിക്കു വ്രതമെന്നറിക,
പരിചെഴുമധർമ്മമെന്മതമേ,
പരമിപ്പോൾ ദുശ്ശീലമെല്ലാം ഗതമേ, ഇനിമേൽ
ഭവദാജ്ഞ കേട്ടിരിക്ക നിശ്ചിതമേ. ക്ഷമിക്ക.
പദം 27 ബാഹുകൻ:
3 കണക്കിൽ ചതിച്ചതു നിനയ്ക്കിലെന്നുടെ
മനസ്സിൽ വരും കോപം തണുക്കുമോ? ഇപ്പോൾ
വണക്കം കണ്ടിട്ടൊന്നുറച്ചു ഞാൻ, ഒരു
വാക്കു കേൾക്ക, വൈരം കുറച്ചു ഞാൻ,
ജനത്തിനിനി നിൻ ബാധയരുതേ,
യഥാകാലമഥവാ യഥാരുചി
വിവൃത്തനാകിലും സുവൃത്തകാരിക-
ളൊരുത്തരെയുമുപദ്രവിക്കൊലാ. വഞ്ചക.
പദം 28 കലി:
3 ബഹുമാനിയാ ഞാനാരെയും തൃണവത്, തദപി
ബഹുമതം തവ ചരിതം ഗുണവത്;
ഭവദാദേശമെനിക്കൊരു സൃണിവത്, ഇനിമേൽ
തവ കീർത്തി തെളഞ്ഞിരിക്കും മണിവത്. ക്ഷമിക്ക.
മദ്ധ്യാമവതി
ശ്ളോ. കലി നളനെയും കൈവിട്ടേവം കഴൽക്കു വണങ്ങിനാൻ;
കലിയെ നളനും കൈവിട്ടാജ്ഞാവശീകൃതനാക്കിനാൻ;
അവിദിതമിദം വാർഷണേയോപേതനാമൃതുപർണ്ണനാ-
ലവർ തെരുതെരെത്തേരോടിച്ചെന്നണഞ്ഞിതു കുണ്ഡിനം. 18
നളചരിതം മൂന്നാം ദിവസം സമാപ്തം