നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)/സദനുഭവ നിരൂപണപ്രകരണം

നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)
രചന:ചട്ടമ്പിസ്വാമികൾ
സദനുഭവ നിരൂപണപ്രകരണം
നിജാനന്ദവിലാസം (ചട്ടമ്പിസ്വാമികൾ)

സദനുഭവ നിരൂപണപ്രകരണം

തിരുത്തുക

ശി‌ഷ്യൻ: പരമാത്മാവു ഒരുവൻ തന്നെ സച്ചിദാനന്ദസ്വരൂപൻ; ജഡാജഡങ്ങളായി കാണപ്പെട്ട കാര്യകാരണരൂപമായ പ്രപഞ്ചം മിഥ്യ; പ്രപഞ്ചത്തെ ശ്രുതി പ്രതിപാദിക്കയെന്നുള്ളതു അതിന്റെ മുഖ്യാഭിപ്രായമല്ല; പ്രപഞ്ചാതീത പരമാത്മാവിനെ പ്രതിപാദിക്കലാകുന്നു അതിന്റെ മുഖ്യതാത്പര്യം എന്നരുളിയ പ്രകാരം ബോധിചു. എങ്കിലും ഭ്രാന്തിജ്ഞാനത്തിനു വി‌ഷയമായ പ്രപഞ്ചത്തെ സ്ഥൂലം മുതൽ അവ്യക്തം വരെ മിഥ്യയാകുന്നു എന്നുള്ള അനുഭൂതിയും. ശ്രുതി ചൊല്ലിയ പ്രകാരം വി‌ഷയവി‌ഷയീഭേദം കൂടാതെ സ്ഥിതിയിൽ പരമാത്മാവു വി‌ഷയമാകുന്ന അനുഭൂതിയും അരുളേണമേ!

ആചാരൻ: ലോകത്തിൽ ഘടമിരിക്കുന്നു, പടമിരിക്കുന്നു, മഠമിരിക്കുന്നു, എന്നിങ്ങനെ കാണപ്പെടുന്ന അനുഭവത്തെ പരിശോധിച്ചാൽ അനുഭൂതിയുണ്ടാകും. ഘടമെന്നത് 19കംബുഗ്രീവാദിമത്തായുള്ള[1] വികാരവസ്തുവാകും. അപ്രകാരം തന്നെ പടം എന്നത് ഓതപ്രാതമായ തന്തുവിന്റെ വികാരത്തോടുകൂടിയ വികാര വസ്തുവാകും. ഇങ്ങനെയായാൽ പരസ്പരഭിന്നങ്ങളായ വിരുദ്ധവസ്തുക്കളിൽ മുൻപറഞ്ഞ പ്രകാരം സത്തു കാണപ്പെടുകയാൽ, അത് ഇവറ്റിനു ഭിന്നമോ അഭിന്നമോ?

ഭിന്നമെന്നു വരികിൽ ആ സത്തിനെ അവയിൽനിന്നു നീക്കി കാണുകിൽ അവ ഇലാത്തവയാകും. അഭിന്നമെങ്കിൽ, സത്തിൽനിന്നു ഭിന്നമാകാത്തതുകൊണ്ടു അവ നാമരൂപങ്ങളോടുകൂടിയ വികാരികളാകയില്ല. ഉഭയരൂപമോ സിദ്ധിക്കയില്ല. അപ്രകാരം തന്നെ പ്രത്യക്ഷമായ ഒരു ഘടം ഇരിക്കുന്നതായിട്ടു അനുഭവിക്കപ്പെടുമ്പോൾ ആ ഘടം വികാരിവസ്തുവായിരുന്നാലും, കലർന്നു കിടക്കുന്ന കടുകുജീരകങ്ങളെ പിരിച്ചു കാണുന്നതുപോലെ, അതിൽ സത്തിനെ പിരിച്ചു കാണണം. സത്ത് എവിടേയും സദ്രൂപമായി വേർപെടാത്തതു കൊണ്ട് വികാരികളായ അവറ്റിന്നു ഭിന്നമായ ഈ സത്തു നിർവികാരി യാകത്തക്കതാകും. അതിന്റെ ധർമ്മവും നിർവികാരമാകും. പ്രത്യക്ഷാനുഭൂതിരൂപമായ ഘടത്തെ അനുഭവിക്കുമ്പോൾ അത് സø്വഭാവത്തോടുകൂടിയതാകണ മെങ്കിൽ, നീക്കം കൂടാതെ എല്ലായിടത്തും നിർവികാരമായ സø്വഭാവം ഇരുന്ന് അനുഭവിക്കപ്പെടേണ്ടതാണ്. അങ്ങനെ അനുഭവിക്കപ്പെടുകിൽ, ഒരിരുമ്പുദണ്ഡു പൃഥ്വിയിൽ കോർത്തിരിക്കേ അതിനെ എടുത്തേച്ചു നോക്കുമ്പോൾ ആ ദണ്ഡു ഇരുന്ന സ്ഥലം മുഴുവൻ പൃഥ്വി ഇരിക്കാത്തതുപോലെ, നിർവികാരമായ സത്ത് വ്യാപിച്ചിരുന്ന ഘടം മുഴുവനിലും വികാരത്തോടുകൂടിയ ഘടത്തിന്റെ ഭാവം കാണപ്പെടുകയില്ല. അപ്രകാരം കാണപ്പെടാതെ ഘടവികാരം മാറിയാൽ വികാരത്തെ കൂടാതെ ഘടത്തിനു രൂപം വേറില്ലാത്തതിനാൽ ആ രൂപം കൂടാതെ, ഘടമില്ലാതെ, വിട്ടുപോകും. ഇപ്രകാരം നീങ്ങിയാൽ മുമ്പ് ഘടമിരുന്ന എല്ലാ സ്ഥലത്തും അതിന്റെ അഭാവം ഉള്ളതായി ഭവിക്കും. ആ അസത്തായ അഭാവവും അഭാവമായ ഒരു വസ്തുവായിരിക്കേണമെങ്കിൽ അതിങ്കലും മുൻനിരൂപിച്ച പ്രകാരം ആ അവസ്ഥയിൽ ഈ സത്ത് അവശ്യം അനുഭവപ്പെടേണ്ടതാണ്. അങ്ങിനെയാകുമ്പോൾ, പ്രകാശത്തിൽ ഇരുൾ സിദ്ധിക്കാത്തതുപോലെ, സത്തിൽ ഒരിക്കലും അസത്ത് സിദ്ധിക്കയില്ല. ഇപ്രകാരം ഘടത്തേയും, ഘടാഭാവത്തേയും ഭാവാഭാവാഹംകാരമില്ലാത്ത നിർവികാരമായ സത്ത് ബാധിക്ക പ്പെടാത്ത വസ്തുവാകയാൽ അതിനെ നിർവികാര മായിട്ടു പ്രത്യക്ഷത്തിൽ ഇരിക്കുന്നപ്രകാരം അനുഭവത്തിൽ കണ്ട്, ആ അനുഭവബലത്താൽ ഘടം, ഘടാഭാവം ഈ രണ്ടിനേയും സന്മാത്രമായനുഭവിച്ചാലും. (അപ്രകാരമേ ശി‌ഷ്യനും, പ്രത്യക്ഷമായി കാണപ്പെട്ട കുടത്തിൽ കുടത്തിനു ഭിന്നമായ ആ സത്തിനെ നിരാകാരമായി കണ്ട്, കുടത്തിലും, അതിന്നു ഒരു മാറു ദൂരത്തിലുള്ള പടത്തിലും, ആ രണ്ടിന്റെയും അന്തരാളത്തിലും വ്യാപിച്ചിരിക്കുന്ന ആ സത്തിന്റെ ഇരിപ്പിനെ അറിഞ്ഞ്, ഘടം, പടം, ഇതു രണ്ടും പ്രതിയോഗിയായി ഗ്രഹിക്കപ്പെടാത്ത കാലത്തു ആ രണ്ടിന്റെയും വികാരമായ ഭാവത്വമാകട്ടെ, അഭാവത്വമാകട്ടെ, അവറ്റിൻ ധാരാളം അന്തരാളമാകട്ടെ, നോക്കപ്പെടാതെ തന്മാത്രമായി എങ്ങിനെ അനുഭവിക്കപ്പെടുന്നുവോ അപ്രകാരമേ, ഘടത്തെയും ഘടാഭാവത്തെയും അവറ്റിൻ സന്മാത്രമായ അനുഭവത്തിനു വേറായിട്ടില്ലാതെ അനുഭവിച്ച്, ജലപാനത്തിനുപോലും ആദരവില്ലാത്ത ഒരു ദരിദ്രൻ താനിരിക്കുന്നേടത്ത് ഒരു മഹാമേരു നവനിധിയായിട്ടു വന്നേചാൽ അവന് എത്ര ആനന്ദമുദിക്കുമോ അത്രത്തോളം ആനന്ദം അനുഭവിച്ച്, സത്തിനെക്ക്കുറിച്ച് അല്പം പോലും അറിവില്ലാതെ അസത്തിൻമയമാകുന്ന വി‌ഷയമാകുന്ന ദാരിദ്യ്രം നീങ്ങി സത്താകുന്ന മഹാസമ്പത്തെ പ്രാപിച്ച്, സുഖവാരിധിയിൽ മുങ്ങി, 20മറുപടിയും[2] വിജ്ഞാപിക്കുന്നു:)

ശി: കരുണാരൂപമായ ഉപദേശവിശേ‌ഷത്താൽ പരമനാസ്തിക നായ അടിയനും ആസ്തികനായി ഭവിച്ചു. ഈ അനുഭവം കൊണ്ട് ജഡാജഡമായ ഈ പ്രപഞ്ചത്തെ നോക്കുമ്പോൾ കർപ്പൂരമലയിൽ തീപിടിച്ചതുപോലെ സന്മയാനുഭൂതി ഹേതുവായിട്ട്, പാഞ്ചഭൗതികം, പഞ്ചഭൂതം, പഞ്ചവി‌ഷയം, എന്നിവകളാ കുന്ന സ്ഥൂലപ്രപഞ്ചം, ദശേന്ദ്രിയം, ദശവായു, മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം, അന്തഃകരണം, അജ്ഞാനം, മായ എന്നിവകളാകുന്ന സൂക്ഷ്മപ്രപഞ്ചം, എന്നീ ജഡമായ അശേ‌ഷവും ഭാവാഭാവവികാരരഹിതനിർവികാരസദനുഭൂതി മാത്രമായി അനുഭവിക്കപ്പെട്ട, ജീവേശഭേദങ്ങൾക്ക് അവസര മില്ലാത്ത, 21ത്രിവിധപരിച്ഛദേശൂന്യ[3] സന്മാത്രമായി തെളിഞ്ഞു. എന്നാൽ, ഇന്ന ശബ്ദത്താൽ ഇന്ന അർത്ഥം ബോധിക്കപ്പെടും എന്നുള്ള ശബ്ദശക്തി ഈശ്വരനാൽ നിയമപ്പെട്ടിരിക്കയും, അപ്രകാരം തന്നെ പൃഥി ഗന്ധവതി (പൃഥ്വി എന്നതു ഗന്ധഗുണമുള്ളത്), രൂപം ചക്ഷുസ്സിനാൽ മാത്രം കുറിക്കത്തക്ക പൊരുളുകളുടെ ലക്ഷണവും, 22അതിവ്യാപ്തി, അവ്യാപ്തി, അസംഭവം[4] എന്നീ മൂന്നു ദോ‌ഷങ്ങൾ കൂടാതെയിരിക്കേണമെന്ന്, അവയുടെ ലക്ഷണവും ശാസ്ത്രങ്ങളാൽ നിരൂപിക്കപ്പെട്ടിരിക്കയും, ആകിൽ ഭിന്നഭിന്നങ്ങളായ ശബ്ദങ്ങളുടെ അർത്ഥമായ ഭിന്നവസ്തുക്കൾ തങ്ങളെ കുറിക്കുന്ന ശബ്ദശക്തിയോടു 23മാർപ്പെട്ടു നിന്നു [5]ഏകാർത്ഥമായി പ്രകാശിക്കുന്ന സത്താമാത്രയായി അവകൾ ബാധിക്കപ്പെടുന്നതു പ്രമാണ വിരോധം അല്ലയോ?

ആചാ: കുഞ്ഞേ നീ ശങ്കിച്ചതു ശരി തന്നെ. എന്നാൽ പ്രമാണമെന്നതു ശാസ്ത്രമാകും. ആ ശാസ്ത്രവും ശബ്ദരൂപമായിരിക്കും. ആ ശബ്ദവും നാദബ്രഹ്മമെന്നു വ്യവഹരിക്കപ്പെടും. അപ്രകാരമുള്ള നാദബ്രഹ്മമെന്ന തത്വമാകട്ടെ പരാ, പശ്യന്തി, മദ്ധ്യമാ, വൈഖരി എന്നിങ്ങനെ നാലു പിരിവോടുകൂടിയിരിക്കും. അവയിൽ പരാ എന്നതു ജ്ഞാനികളാലും, പശ്യന്തി കേവലം യോഗികളാലും, മദ്ധ്യമാ ധ്യാനശക്തിയോടുകൂടിയ ഉപാസകരാലും, വൈഖരി വേദശാസ്ത്രജ്ഞന്മാരാലും പണ്ഡിതന്മാരാലും അനുഭവിക്കത്തക്കത്. ഇവയിൽ മൂന്നു ഭാഗവും ആന്തർമുഖമായും വൈഖരിയെന്ന ഒരു ഭാഗം ബഹിർമുഖമായും ഇരിക്കും. ആ വൈഖരിയായതു ബഹുവിധ വേദശാസ്ത്രഭാ‌ഷാവിശേ‌ഷങ്ങളായി വികസിച്ചിരിക്കും. അപ്രകാരം വികസിച്ചിരിക്കുന്ന ആ വൈഖരി സ്വയം ഏകാക്ഷരമായിരിക്കും. ഉപാധിസംബന്ധങ്ങളാൽ ഏകമായും മൂന്നായും പതിനാറായും അൻപതായും അക്ഷരങ്ങളെ വർണ്ണങ്ങളെന്നു പറയും. ഈ അൻപതു വർണ്ണങ്ങളിലും അവർണ്ണം കവർണ്ണം ലവർണ്ണം എന്നിങ്ങനെ വർണ്ണസത്ത ഏകമായി കാണപ്പെടുകയാൽ ആ ഏകമായ വർണ്ണസത്ത ദന്ത താലു ഓ‌ഷ്ഠാദി സ്ഥലഭേദങ്ങളിൽ ഇച്ഛയാൽ ചലിക്കപ്പെടുന്ന ക്രിയാശക്തി സംബന്ധത്താൽ, ശർക്കര, പുളി, വലണം, ഏലം ഇത്യാദി സംബന്ധങ്ങളാൽ നിർഗന്ധമായും ഏകരസമായും ഉള്ള ജലം ബഹുരസഗന്ധഭേദങ്ങളോടുകൂടി കാണപ്പെടുന്നതു പോലെ, അൻപതു ഭേദത്തോടുകൂടിയതായി കാണപ്പെടും. അപ്രകാരം തന്നെ, വ്യവഹാരത്തിനായിട്ടു പദം, വാക്യം എന്നിങ്ങനെ സങ്കേതിക്കപ്പെടും. ഈ വക സങ്കേതവും ഈശന്റെ ഇച്ഛാശക്തിയാൽ നിയമിക്കപ്പെട്ടതുതന്നെയാണ്. അപ്രകാരം ഈശന്റെ ഇച്ഛാശക്തിയോടുകൂടിയ വൈഖരീരൂപ ശാസ്ത്രപ്രമാണമായത് പ്രബലം, സാമാന്യം അന്നിങ്ങനെ രണ്ടു പിരിവായിട്ട് പറയപ്പെടും. പ്രബലവാക്യങ്ങൾ ബാധിക്കപ്പെടുകയില്ല. സാമാന്യവാക്യങ്ങൾ ബാധിക്കപ്പെടുമെന്നതുകൊണ്ട് അവയെ വചിക്കുന്ന ശാസ്ത്രം പ്രമാണമാകയില്ല ഇങ്ങനെ ശാസ്ത്രത്തിൽ തന്നെ പ്രബലമായ ഏകദേശവാക്യങ്ങളാൽ സാമാന്യമായ ഏകദേശവാക്യങ്ങൾ ബാധിക്കപ്പെടാമെങ്കിൽ ആ ന്യായം കൊണ്ട് ഉപാധി സംബന്ധങ്ങളാൽ നാനാദേദത്തോടു കൂടിയവയായി കാണപ്പെടുന്ന വർണ്ണഭേദങ്ങളും, തൽസംബന്ധ വ്യത്യാസങ്ങളാൽ പദം, വാക്യം എന്നുള്ള ഭേദങ്ങളും അവയുടെ നിരൂപണഭേദങ്ങളാൽ ശാസ്ത്രഭേദങ്ങളും അവയാൽ കുറിക്കപ്പെടുന്ന വസ്തുഭേദങ്ങളും, പ്രബലം, സാമാന്യം എന്ന രണ്ടു പിരിവോടുകൂടിയതായിട്ട്, അവയിൽ പ്രബലം എന്ന ഒരു പിരിവാൽ സാമാന്യം എന്ന ഒരു പിരിവു ബാധിക്കപ്പെടും. കാലത്രയത്തിലും ബാധിക്കപ്പെടാതെ ഉപാധി സഹായരഹിതമായി സ്വയം സിദ്ധിച്ചിരിക്കുന്ന വസ്തു പ്രബലമെന്നാകും. അതിനെ സംബന്ധിച്ച ശാസ്ത്രം, ആ ശാസ്ത്രത്തിന്റെ അഭിപ്രായത്തോടു കൂടിയ വാക്യങ്ങൾ, അവയുടെ അഭിപ്രായമായ അർത്ഥങ്ങൾ, ഇവകളും പ്രബലമെന്നാകും. മറ്റെല്ലാം സാമാന്യമെന്നാകും,

എന്തെന്നാൽ,

സ്വയം സിദ്ധിക്കാൻ ശക്തിയില്ലാത്ത കാരണം. ഇപ്രകാരമാകുമ്പോൾ, പ്രബലമായും സാമാന്യമായും പ്രമാണ വാക്യങ്ങൾ, വർണ്ണസംയോഗവിശേ‌ഷമായിട്ടു വന്ന വസ്തുക്കളെ പ്രമാണിച്ചു പ്രയോഗിക്കുമ്പോൾ, നിർവികാരമായ നാദബ്രഹ്മ മെന്ന വർണ്ണസത്ത ഉപാധികളുടെ ക്രിയാഭേദങ്ങളാൽ അകാരാദി ഭേദങ്ങളായിട്ട് വികാരപ്പെടുമ്പോൾ, അവയെ നിർവികാരമായി വ്യാപിച്ച വർണ്ണസത്ത അവകളെ അതാതു വർണ്ണങ്ങളായി ഭവിപ്പിച്ചു. ആ ഉപാധികളിൻ ക്രിയ വേർപെടുമ്പോൾ ആ വർണ്ണസത്ത മാത്രമായി ശേ‌ഷിച്ചിരിക്കും. വർണ്ണസത്ത എന്നതു ജ്ഞാനത്തിന്റെ സ്ഫൂർത്തിക്കു വർണ്ണങ്ങളായിരിക്കും.

വർണ്ണങ്ങളിൽ, ഏകമായ ആ വർണ്ണസത്തയെ പകുത്തു കാണുന്ന വിവരം എങ്ങിനെയെന്നാൽ, ഉപാധികളുടെ ക്രിയാസംബന്ധത്താൽ നാദം അതിസൂക്ഷ്മമായിട്ടു ധ്വനിച്ച് ആ ക്രിയാഭേദത്താൽ ആ ധ്വനികളിൽ മാത്രയുടെ ഭേദങ്ങൾ ഉണ്ടാക്കി, ആ നാദത്തോടു അഭേദമായി കലർന്ന് ഏകാകാരമായി, അകാരാദി വർണ്ണങ്ങളായി, കാണുമാറു സിദ്ധിക്കും. ആ ക്രിയാവികാരങ്ങളായ മാത്രകൾ ആ സംബന്ധം നീങ്ങുമ്പോൾ ആ നാദവും തനതു നാദമായ വർണ്ണത്തിന്റെ സത്താമാത്രമായി നീങ്ങി നിൽക്കും. ഇപ്രകാരം സകല ശാസ്ത്രങ്ങളുമായി പ്രകാശിക്കുന്ന വാക്യഭേദങ്ങളോടുകൂടിയ അമ്പതു വർണ്ണങ്ങളേയും ഉച്ചരിക്കുമ്പോൾ അവകളെയും, ഓരോരോ വർണ്ണങ്ങളിലുമുള്ള മാത്രകളെയും നിദാനിച്ച് ഓരോരോ വർണ്ണങ്ങളിൽ ഓരോരോ മാത്ര കൂട്ടുകയും കുറയ്ക്കുകയും ആ അവസ്ഥയിൽ ആ വർണ്ണങ്ങൾ മാത്രയുടെ കൂടുതൽ കുറവ് ഹേതുവായിട്ട് ഉണ്ടായ വർണ്ണങ്ങളുടെ ഉല്പത്തിലയ(ത്വ)സ്വഭാവത്തെയും കണ്ട് അപ്രകാരം ഉത്ഭവിച്ചതായും നശിച്ചതായും ഉള്ള മാത്രഭേദങ്ങളോടുകൂടിയ അതാതു വർണ്ണം ഇരിക്കുന്ന സ്വഭാവം പോലെ ആ വർണ്ണത്തിന്റെ സത്തിനെ ആലോചിച്ചനുഭവിക്കിൽ, ഘടകമായിരിക്കുന്ന സത്തു മൃത്തിന്റേതുപോലെയും പടമായിരിക്കുന്ന സത്തു തന്തുവിന്റേതുപോലെയും, അകാരാദി വർണ്ണങ്ങളായുത്ഭവിച്ച മാത്രകളുടെ സത്തു നിർവികാരമായ നാദമാത്രത്തിന്റെ സത്തായിട്ടു പ്രകാശിക്കും. ഒരിക്കലും പ്രകാശിച്ചിരുളാകാത്തതുപോലെ, ആ സത്തു ഒരിക്കലും അസത്താകയില്ല.

ഇപ്രകാരമാകിൽ ഈ നാദത്തത്ത്വം അകാരാദി വർണ്ണങ്ങളായി ഭവിക്കുമ്പോൾ മാത്രകളുടെ സംബന്ധത്തോടുകൂടിയതായും, നാദമാത്രമായി ഭവിക്കുമ്പോൾ മാത്രകളുടെ സംബന്ധം വിട്ടതായും ഭവിച്ചതിൽ ആ നാദം അമാത്രയായും സമാത്രയായും മാത്രകളുടെ ഉപാധിയായ ക്രിയാശക്തിയുടെ സംയോഗവിയോഗങ്ങളാൽ ഭവിച്ചു നിൽക്കും എന്നല്ലാതെ തനതു സ്വാഭാവികമായങ്ങിനെ ഇരിക്കയില്ല. ആ ക്രിയാശക്തിയുടേ സംയോഗം മാത്രയെന്ന ഉദയവും, അതിന്റെ വിയോഗം അമാത്രയെന്ന ഉദയവും ആകും. മാത്രയായും അമാത്രയായും ഉദിക്കുന്നതിനു കാരണമായി നിന്ന സംയോഗ വിയോഗങ്ങളെ ആ ക്രിയാശക്തി വിട്ടുനീങ്ങി നാദമാത്രമായി സ്ഫുരിക്കും സ്ഥലത്തിൽ,

ആ ശക്തി മാത്രമായിട്ട് പ്രകാശിക്കുമ്പോൾ തന്നിൽ മാത്രകളുടെ സ്വഭാവമാകട്ടെ, അമാത്രകളുടെ സ്വഭാവമാകട്ടെ ഇല്ലാത്തതുകൊണ്ട് അവയാൽ ഉണ്ടായ ഭേദത്തോടുകൂടിയ വി‌ഷയജ്ഞാന സ്ഫൂർത്തിയില്ലാതെ നിർവി‌ഷയമായ ജ്ഞാനമാത്രസ്ഫൂർത്തിയെ കൊടുക്കും. അപ്രകാരമുള്ള നാദം തനതുപാധിയായ മുൻപറഞ്ഞ ക്രിയാശക്തി, ഇ¢ാശക്തി, ഇവയുടെ സംബന്ധം കൊണ്ട് ഉദിച്ചസ്തമിക്കയാൽ, ഇച്ഛാശക്തി വി‌ഷയ ജ്ഞാന സ്ഫൂർത്തിയെ മുന്നിട്ടു ഉദിക്കയാൽ അതിവിടെ ഇല്ലാത്തതിനാൽ, ആ ഇ¢ാശക്തി നാദത്തിനു ആധാരമായ ക്രിയാ ശക്തിയെ വിട്ടുനില്ക്കും. ആ ക്രിയാശക്തി ആ നാദത്തിന്റെ സ്ഫൂർത്തിക്ക് ആദരവായ ഉപാധിസ്ഥലത്തെ വിട്ടുപോകും. ആ അവസ്ഥയ്യിൽ ആ നാദം സ്ഥിതിത്വത്തോടുകൂടിയതായി വ്യവഹരിക്കപ്പെടുകയാൽ ഇരുന്നതുതന്നെ ഇരിക്കുന്നതായി ഭവിക്കണം. ആകയാൽ നാദമാത്രമായി ഭവിച്ച ആ വർണ്ണത്തെ നിദാനത്തോടു അനുഭവിച്ച്, അതിന്റെ സത്തിനെ പിരിച്ചറിഞ്ഞ്, ആ സത്ത് നിർവികാരമാകയാൽ ആ സത്തിനാൽ വികാരമായ ക്രിയാശക്തിയുടെ സംബന്ധത്താൽ ഭവിച്ച ഉപാധിമയമായ നാദാംശത്തെയും വ്യാപിച്ചിരുന്ന സ്ഥിതിപോലെ കാണുകിൽ നാദം സ്ഫൂർത്തിച്ചിരിക്കുമ്പോൾത്തന്നെ ഉപാധ്യംശങ്ങൾ വിട്ട് നിർവികാരമായ തനതു സ്വയം സന്മാത്രമായി ശോഭിച്ചു പ്രകാശിക്കും.

ഈ സത്തു നാശമില്ലായ്ക ഹേതുവായിട്ട് അക്ഷരമെന്നു പറയപ്പെടും. ആ അക്ഷരത്തെ തന്നെ "വർണ്ണ"മെന്നും പറയാം. നാദം ഉദയാസ്തമനം ചെയ്യുന്ന സ്ഥാനമാകയാൽ ഈ അക്ഷരസത്തയെ "പര"യെന്നും, ഇതുതന്നെ ഉപാധിസംബന്ധത്താൽ നാദമായി വികസിക്കുമ്പോൾ "പശ്യന്തി"യെന്നും, ഈ നാദത്തിൻ മാത്രകളായുദിക്കുമ്പോൾ "മദ്ധ്യമ" എന്നും ആ മാത്രസംബന്ധത്താൽ അകാരാദി അമ്പതു വർണ്ണങ്ങളായി വികസിക്കുമ്പോൾ "വൈഖരി"യെന്നും പറയും.

ഈ വൈഖരി തന്നെ വേദവേദാംഗാദി സകലശാസ്ത്രങ്ങളായും ബഹുവിധ ഭാ‌ഷകളായും ഭവിച്ച് ഇഹപരങ്ങളായ വി‌ഷയങ്ങളെ സൃഷ്ടിച്ച്, വിവേകത്തെ സ്ഫുരിപ്പിക്കയാൽ അഖിലശാസ്ത്രങ്ങ ളായും അൻപതു വർണ്ണങ്ങളായും അവയുടെ സംബന്ധ വിശേ‌ഷങ്ങളായിട്ടും കണ്ട്, സംബന്ധത്തെ വർണ്ണങ്ങൾ മാത്രമായി പിരിച്ച്, ആ വർണ്ണങ്ങളെ മാത്രകൾ മാത്രമായി പിരിച്ച്, അവയോട് കലർന്നു നിന്ന നാദതത്ത്വത്തിന്റെ സ്ഥിതിയെ തനിച്ചു കാണുകിൽ വൈഖരി മദ്ധ്യമയിലും, മദ്ധ്യമ പശ്യന്തിയിലും ആയിട്ടടങ്ങി നാദമാത്രമായി പ്രകാശിക്കും. അപ്പോൾ

ശാസ്ത്രങ്ങളും അവറ്റാൽ പറയപ്പെട്ട വസ്തുക്കളും, ഘടപടാദിയായി കാണപ്പെട്ട പൃഥ്വീവികാരങ്ങൾ പൃഥ്വി മാത്രമായി കാണപ്പെടുമ്പോൾ ആ വികാരരൂപങ്ങൾ മാറുന്നതിനോടു കൂടി ആ നാമങ്ങളും അന്നാമരൂപങ്ങളെ പിരിച്ച് ഭേദജ്ഞാനത്തിന്റെ സംസ്ഫൂർത്തിയും മാറ്റപ്പെട്ടു പൃഥ്വി മാത്രമായ വ്യാപകപ്രകാശത്തെ പ്രാപിപ്പതുപോലെ, സകല നാമരൂപങ്ങളും അവകളെ ചേർന്ന് ഭിന്നഭിന്ന ജ്ഞാന സ്ഫൂർത്തിയും നീങ്ങി വ്യാപകമായ പശ്യന്തി എന്ന നാദതത്ത്വവും തദർത്ഥമായ നിർവികാരവ്യാപകജ്ഞാനവും തന്നെ സ്ഫൂർത്തിവി‌ഷയമായി അനുഭവിക്കപ്പെടും.

അങ്ങിനെ അനേക ഭിന്നഭിന്ന നാമരൂപങ്ങളായി ഭവിച്ച അണ്ഡപിണ്ഡചരാചരങ്ങളെ ഭിന്നഭിന്നങ്ങളായി സ്ഫുരിപ്പിക്കാൻ കാരണമായ വൈഖരി, മദ്ധ്യമ, അവയുടെ അർത്ഥമായ ഇഹപരമെന്ന വി‌ഷയം ഇവ ഒന്നോടൊന്നു ഉപാധി നീങ്ങലിനെ മുന്നിട്ടു തനിച്ചു നിർവി‌ഷയമായി തങ്ങൾക്കാധാരമായ പശ്യന്തി മാത്രമായി ഭവിക്കും.

പശ്യന്തി നാദതത്ത്വം ആകയാൽ നാദതത്ത്വം തന്റെ സ്വസ്വഭാവം പോലെ ജ്ഞാനത്തെ സ്ഫുരിപ്പിക്കും. ആകയാൽ താൻ ഭേദം കൂടാതെ നിർവി‌ഷയമായും വ്യാപകമായും ഇരിക്കകൊണ്ട് അപ്രകാരം തന്നെ ജ്ഞാനത്തെ സ്ഫുരിപ്പിക്കും. ഇങ്ങനെ പശ്യന്തിയെക്കുറിച്ചുള്ള അനുഭവത്തെ നിദാനിച്ചാൽ അതിൽ അതിന്റെ സത്തിനെ മുൻ പറഞ്ഞപ്രകാരം കാണുകിൽ പശ്യന്തിയെന്ന നാദം സോപാധികവികാരങ്ങളെ വിട്ടുനീങ്ങി തനതു കാരണമായ പര എന്ന അക്ഷരത്തിന്റെ സത്താമാത്രമായി ശേ‌ഷിക്കും.

ഈ വിധമായ "പര" സകല ശാസ്ത്രാന്തരംഗമായ സർവജ്ഞ ശക്തിയോടുകൂടിയ ജ്ഞാനനിധിയാകും. വ്യഷ്ടി സമഷ്ടിയായ പ്രപഞ്ചം സൃഷ്ടിക്കപ്പെടുമ്പോൾ ഈശനു സർവവിദ്യാജ്ഞാനലയമായ ഈ പര തന്നെ സർവജ്ഞ ശക്തിയായിരുന്ന്, ആ ഈശനു സ്വരൂപജ്ഞാനത്തേയും പ്രപഞ്ച ജ്ഞാനത്തേയും കരതലാമലകം പോലെ കാട്ടി, അവനു സ്വരൂപജ്ഞാനത്തിന് അനന്യമായി, അവന്നു സത്താമാത്രമായി പ്രകാശിചുനില്ക്കും. വ്യഷ്ടിയിൽ ജീവന്മാർക്കു അവന്റെ സൃഷ്ടിയായ ജാഗ്രത് സ്വപ്ന സു‌ഷുപ്തിയെന്ന അവസ്ഥകൾക്കു ആദികാരണമായ അജ്ഞാനമെന്ന ആവരണസ്ഫൂർത്തിയായും ആ ഉപാധിയുടയ ജീവന്നു കിഞ്ചിജ്ഞ ശക്തിയായും, വിവേകത്താൽ അപരോക്ഷസാക്ഷാത്ക്കാരസമയത്തിൽ അധി‌ഷ്ഠാന സ്വരൂപ ജ്ഞാനത്തിന്നു വേറില്ലാത്ത സർവജ്ഞശക്തിയായും ഭവിച്ച് അവന്റെ അധി‌ഷ്ഠാന സ്വരൂപസത്താമാത്രമായി നിന്ന് പ്രകാശിച്ചുനിൽക്കും.

ആകയാൽ നാദബ്രഹ്മമെന്ന പരയാകുന്ന അക്ഷരസത്ത സദ്രൂപമായ അധി‌ഷ്ഠാനബ്രഹ്മത്തിന്ന് വേറായിരിക്കിൽ അസത്തായിപ്പോകും. ബ്രഹ്മമോ അദ്വൈതവസ്തു, അതിൽ ധർമ്മം ചേരുകയില്ല. ആകയാൽ അധി‌ഷ്ഠാനബ്രഹ്മമേ വ്യവഹാരത്തെ അപേക്ഷിച്ച് പരയെന്ന നാദതത്ത്വമായി പറയപ്പെടുമ്പോൾ "സത്താ" എന്നും, ആ വ്യവഹാരത്തെ വിട്ടു നീങ്ങുമ്പോൾ "സത്ത്" എന്നും പറയപ്പെടും. ഈ വിധമായി ഏകാക്ഷരമാകുന്ന അധി‌ഷ്ഠാനപരമാത്മവസ്തു പരയെന്ന നാദബ്രഹ്മസത്താമാത്രമായിട്ട് ശേ‌ഷിച്ച് പ്രപഞ്ചത്തെ സന്മാത്രാധി‌ഷ്ഠാന ബ്രഹ്മത്തിന്നു വേറായിട്ടല്ലാതെ സന്മാത്രമായി പറഞ്ഞ പ്രകാരമനുഭവിച്ചാലും.

(ശി‌ഷ്യൻ അപ്രകാരം തന്നെ സമാധിബലത്താൽ വൈഖരീനാദത്തെയും അതിന്റെ പൊരുളായ പ്രപഞ്ചത്തെയും മദ്ധ്യമ എന്ന നാദസത്തയാൽ വ്യാപിച്ചും അവറ്റെ അതിന്നു വേറായില്ലാതെ അതുമാത്രമായി നി‌ഷേധിച്ച്, ആ മദ്ധ്യമ എന്ന നാദസത്ത പശ്യന്തി എന്ന നാദസത്തയാൽ വ്യാപിക്കപ്പെട്ട് അതും അതിന്നു വേറായിട്ടില്ലാതെ നി‌ഷേധിക്കപ്പെട്ട്, പശ്യന്തിയും പരയെന്ന അക്ഷരസത്തയ്ക്കു വേറായിട്ടില്ലാതെ അഖണ്ഡമായ പരാമാത്രമായനുഭവിച്ച് ആ പരയെന്ന അക്ഷരത്തെ അധി‌ഷ്ഠാനമായ അക്ഷരവസ്തുവായ, സന്മാത്ര ബ്രഹ്മസ്വരൂപമായി, ധർമ്മധർമ്മീഭേദം കൂടാതെ അനുഭവിചു. ആവിധ സർവ്വവിദ്യാധി‌ഷ്ഠാനസദ്രൂപ അക്ഷരമെന്ന ബ്രഹ്മം ആ അനുഭൂതിയിൽ പ്രത്യക്കായ താനായിട്ട് പ്രകാശിച്ചതിനാൽ തന്നെ സർവവിദ്യാധി‌ഷ്ഠാനമായ അക്ഷരബ്രഹ്മമായിട്ടും, സ്വസത്തയാൽ സകല ശാസ്ത്രങ്ങളും സന്മാർഗ്ഗങ്ങളെ ആസ്തിക്യത്തുടൻ ബോധിപ്പിക്കുന്ന ശക്തിയുടയവയായതായും, ആ ശാസ്ത്രങ്ങളും അവറ്റാൽ ബോധിക്കപ്പെടും പ്രപഞ്ചവും സ്വസത്തയ്ക്കു വേറായില്ലാത്തതുകൊണ്ട് സദ്രൂപനായ തനിക്കു സ്വസത്ത എപ്രകാരം വേറായിട്ടില്ലയോ അപ്രകാരമേ സ്വസത്താരൂപമായ അവകൾ തനിക്കു വേറായില്ലയെന്ന്, സമസ്തവും സദ്രൂപനായ താനായിട്ടു പ്രകാശിക്കും അനുഭൂതിയെ പ്രാപിച്ച് ആനന്ദക്കടലിൽ മുഴുകി).


കുറിപ്പുകൾ

തിരുത്തുക
  1. കംബുഗ്രീവാദിമത്തായുള്ള = ഇടുങ്ങിയ കഴുത്തുള്ള എന്നർത്ഥം.
  2. മറുപടിയും = വീണ്ടും
  3. ത്രിവിധപരിച്ഛദേശൂന്യം = മൂന്നു തരം പരിച്ഛദേങ്ങളില്ലാത്തത് എന്നർത്ഥം. പരിച്ഛദേം തീർച്ചപ്പെടുത്തൽ, വേർതിരിചറിയൽ, ശരിയായി നിർവചനം; കാലപരിച്ഛദേം, ദേശപരിച്ഛദേം, വസ്തുപരിച്ഛദേം എന്നിവയാണ് ത്രിവിധപരിച്ഛദേങ്ങൾ അഥവാ ഏതൊരു വസ്തുവിനെയും പരിച്ഛദേിക്കുന്ന മൂന്നു ഘടകങ്ങൾ ദേശം, കാലം, വസ്തു എന്നിവയാണെന്നർത്ഥം.
  4. ലക്ഷണം ലക്ഷ്യത്തിൽകവിഞ്ഞ ഇടങ്ങളിലും ഇരിക്കുന്നത് അതിവ്യാപ്തി. ലക്ഷണം ലക്ഷ്യത്തിൽ എല്ലായിടത്തും ഇല്ലാതിരിക്കുന്നത് അവ്യാപ്തി. ലക്ഷണം ലക്ഷ്യത്തിൽ ഒരിടത്തും ഇല്ലാതിരിക്കുന്നത് അസംഭവം.
  5. മാർപ്പെട്ടുനിന്നു = ഒത്തുനിന്ന്, ചേർന്നുനിന്ന്