നിശാകാലം
നിശാകാലം (സരസകാവ്യം) രചന: (1922) |
[ 8 ]
നിശാകാലം
(കളകാഞ്ചി)
പകലുലകിനഖിലമണിദീപമായ് നിന്നുള്ളൊ-
രാദിത്യനാഴിതന്നാഴത്തിലാണ്ടുപോയ്.
കമലമുഖീ! കനിവൊടുടനണയുക മമാന്തികേ,
കാത്തുകാത്താർത്തനായ്പ്പാർത്തിരിയ്ക്കുന്നു ഞാൻ.
ഇളയിലിരുൾ നിറയുമിരവാക്രമിക്കുന്നു; നിൻ-
തൂമന്ദഹാസം പ്രതീക്ഷിപ്പൂ ഞാൻ പ്രിയേ!
തവ വിമലസൂഖദകുചയുഗളമണിയിക്കുവാൻ
കുങ്കുമക്കൂട്ടുണ്ടു തങ്കത്തളികയിൽ!
അതിസുരഭികമല –മൃദുമല്ലികാ-ചമ്പക
സൂനങ്ങൾ കോർത്തു നന്മാല്യങ്ങളാക്കി ഞാൻ
നവജലദരുചികവരുമക്കമ്രകുന്തളം
ബന്ധിക്കുവാൻ സംഭരിച്ചതു കാണ്ക നീ!
പകലിരവു മമ ഹൃദയമമരുമൊരു ഗേഹമാം
നിൻ മാറിടം തന്നിലോമനേ! ചാർത്തുവാൻ,
അനഘകരനിര ചൊരിയുമമലമണിമാലകൾ
നീലനീരാളത്തിൽ വെച്ചു കാക്കുന്നു ഞാൻ!
ഭൂവനമതിലിഖിലജനമാനന്ദദായക-
നിദ്രയ്ക്കധീനരായ്ക്കണ്ണടച്ചീടവേ,
സുമുഖീ! തവ മ്യദുഹസിതമൊന്നുതാൻ പാർത്തുപാർ-
ത്തൊട്ടുമുറങ്ങാതിരുന്നിടൂവനഹം!
(1922)