നീറുന്ന തീച്ചൂള/ചുട്ടെരിക്കിൻ
ജടയുടെ സംസ്കാരപ്പനയോലക്കെട്ടൊക്കെ-
പ്പൊടികെട്ടിപ്പുഴുകുത്തിച്ചിതലുമുറ്റി.
ചികയുന്നോ-ചിരിവരും-ചിലതിനിയുമുണ്ടെന്നോ?
ചിതയിലേക്കവയെടുത്തെടിയൂ വേഗം!
അറിയാനിനിയുലകിൽ നമുക്കുള്ളതെന്തെന്നോ?
പറയാം ഞാൻ അരിവാളിൻ തത്ത്വശാസ്ത്രം!
കരളെരിയും സമയത്തീ വയറെരിയും സമയത്തീ-
ക്കഥപറയും വേദാന്തമാർക്കുവേണം?
ഉയിർനിൽകാനുമിനീരുമുറയാതുഴറുമ്പോഴു-
മുരുവിടണം പോലും നാം രാമനാമം.
അതുശരിയാണതു ചിലരൊന്നുരുവിട്ടാലരമനകൾ-
ക്കമൃതുകഴിച്ചലർശരനൊത്തിളകിയാടാം.
അമരോജ്ജ്വലഭാഷയിൽ വെളിപാടുവിളിക്കുന്ന-
തതിനായിട്ടാണല്ലോ രാമരാജ്യം.
സ്വപ്നം തരുമശ്ശർക്കര നുണയുവോർ നുണായട്ടെ
സ്വത്തെവിടെ?-വാങ്ങിക്കാനണിനിരക്കൂ!
ഒളിയമ്പിനു വിരുതനാം ശരവീരൻ ശ്രീരാമനു
വിളയാടാനുള്ളതല്ലിനിയീ ലോകം.
ഇതുവരെയും, ഹാ, നമ്മെ വഴിതെറ്റിച്ചഴൽമുറ്റി-
ച്ചിവിടംവരെ യെത്തിച്ചു കാവിവസ്ത്രം.
ഇനിയുമിതിൻ പുറകേയോ?-തിരിയുവിൻ, തിരിയുവിൻ,
തുനിയല്ലേ നിഴലുകളെപ്പിന്തുടരാൻ!
ഭജനങ്ങൾ പാടിനാം ഭസ്മക്കുറിചൂടി നാം,
ഭരദേവതമാരുടെ പടിയും കാത്തു.
വയറെങ്ങനെയിപ്പോഴും?-(പവിഴക്കതിരിടമുറ്റും
വയലുകൾ!)-വയറൊട്ടി വളരുന്നെന്നോ?
വരളും വരളും നിങ്ങൾക്കിനിയും വരളും, നിങ്ങൾ
വനവീഥിയിലേക്കുള്ളീ വഴിയേ പോയാൽ!
പരലോകപ്പാറ്റകൾ കരളുമാമോക്ഷത്തിൻ
പതിരിനായുള്ളൊരി പ്രാണദാഹം,
പരപമ്പരവിഡ്ഡിത്തം-പരമാർത്ഥമിതുമാത്രം
പരുപരുത്തുള്ളൊരീ മണ്ണുമാത്രം.
അടിയുറച്ചതിൽ നിൽക്കുവിനതിനായ്പ്പടവെട്ടുവി-
നടിയുവിനൊടുവിലതിനുവേണ്ടി.
അതിൽ നിന്നും കിളരട്ടേ, വളരട്ടേ, പടരട്ടേ,
ശതസഹസ്രാശയസഞ്ചയങ്ങൾ!
അവയേകും സന്ദേശ,മവനൽകും നേതൃത്വ
മവശതകൾ നീക്കുമീയവനി കാക്കും!
അറിവിൻ മതമണ്ഡല മിതുവരെ സൃഷ്ടിച്ചോ-
രഖിലദൈവങ്ങളും ചത്തുപോയി.
മരവിച്ചു ദൈവങ്ങൾ-മതിയിനിയുഴിയലും
മണിയടിയും-വിടരില്ലാ മിഴികൾ വീണ്ടും.
ഒരു ദൈവവുമില്ലിപ്പോളുള്ളതീ ലോകത്തി-
ലൊരുമയില്ലാത്ത മനുഷ്യർ മാത്രം.
അല്ലലവരെത്തമ്മിൽത്തല്ലിച്ചു തലതച്ചു
കൊല്ലും വേതാളങ്ങളുമുണ്ടസംഖ്യം.
അവരെപ്പിടികൂടുവാനവർതൻ തല കൊയ്യുവാ-
നവശരെക്കാക്കുവാനണിനിരക്കൂ!
പിന്നെയീലോകത്തിൽ ക്കാണുന്നതു കൈകൾകോർ-
ത്തൊന്നായിനിൽക്കും മനുഷ്യർ മാത്രം-
ഉണ്ണാനുഴറീടാതീ മണ്ണിനപ്പൂജിച്ചു
വിണ്ണിവിടെ നിർമ്മിക്കും മർത്ത്യർ മാത്രം-
അതിനായിട്ടുള്ളതാണറിയുവിൻ നിങ്ങ,ളീ-
യരിവാളിൻ പൊരുൾ നിറയും തത്ത്വശാസ്ത്രം.
മനമലിഞ്ഞേകുവാൻ മടികാട്ടും കൈകളിൽ
മനുജപ്രയത്നം വിലങ്ങുവെയ്ക്കും.
പുഴുകുത്തുമവ മുഴുവനഴുകിപ്പോം-നാളെയൊരു
പുതുലോകമെത്തും നാം പുളകം ചാർത്തും!
ചുടുവിൻ നമുക്കുള്ളതല്ലൊരുനാളുമ-
ക്കൊടിയ ധനലാഭത്തിൻ രാമരാജ്യം.
ഉണ്ണാനില്ലൊരുനേരമുടുക്കാനില്ലിപ്രാണ-
ദണ്ഡത്തിൻ കരളെരിയും വറുതിയിലും,
സന്യാസപ്പേപ്പേച്ചും വേദാന്തക്കൂത്തും!-എ
ന്തന്യായം !-ചുടുകൊന്നീയാർഷതത്ത്വം!
മറയുടെ മാളത്തിൽ മദമാർന്നു ചീറ്റുമീ-
മണിചൂടും സർപ്പത്തെ മടിയിൽ വെച്ചാൽ,
അതു കൊത്തും, സിരതോറും വിഷരക്തം കത്തു,മാ-
മൃതിയെത്തും ഹാ, നമ്മെ മണ്ണിലാഴ്ത്തും.
മമശബ്ദം-മഹിയൊട്ടുക്കിടവെട്ടിയലറുമീ-
മമശബ്ദം-കേൾക്കുവിൻ, മിഴി തുറക്കിൻ
അഴകോലും വയലറ്റു മഷിയിലല്ലെരിതീയി-
ലെഴുതുന്നൂ നിങ്ങൾതൻ ഗർജ്ജനം ഞാൻ!
പറയുന്നു നിങ്ങൾതൻ ഹൃദയത്തിൻ ഭാഷ ഞാൻ!
പറയുന്നു നിങ്ങൾതൻ ചുടുരക്തം ഞാൻ!-
പൊട്ടിച്ചെറിയിൻ നിങ്ങളിന്നോളം നിങ്ങൾതൻ
നട്ടെല്ലു വളച്ചോരാ യജ്ഞസൂത്രം!
ചിതല്തിന്ന ജടയുടെ പനയോലക്കെട്ടൊക്കെ
ചിതയിലേക്കെറിയുവിൻ!-ചുട്ടെരിക്കിൻ!...
18-6-1946
ഗളഹസ്തം ചെയ്യുംപോൽ ഗളഹസ്തം!-അല്ലല്ലാ
ഗളഹസ്തം വെറുമൊരു ചൊറികുത്താണോ?
ഗളമുണ്ടു കുനിയാത്ത ഗളമുണ്ടു ഗർജ്ജിക്കും
ഗളമുണ്ടതിലൂടൊത്തിടിവെട്ടും ഞങ്ങൾ.
അതു കേട്ടുറക്കം വിട്ടുണരുന്നു വാ പൊളി-
ച്ചതുമിതും പിച്ചുകഥിപ്പൂ നിങ്ങൾ.
ചെറുപൈതൽ മാതിരി ചിരിതൂകി, സ്വപ്നത്തിൽ
മറയുടെ മുലനാലും നുണവൂ നിങ്ങൾ.
ഇടയിൽ വസിഷ്ഠനും വാൽമീകിയുമേകുമ-
ത്തൊടലിപ്പഴമുമിനീരിലലിയിപ്പൂ നിങ്ങൾ!
ഗളഹസ്തംചെയ്യും പോൽ ഗളഹസ്തം?-ഞങ്ങൾക്കു
ഗളമുണ്ടൊരുകൈയൊന്നുയർത്തൂ നിങ്ങൾ!
അല്ലല്ലാ തളർവാതം വന്നുവോ?- ഹാ, നിങ്ങൾ-
ക്കെല്ലില്ലേ? സിരകളിൽ ചോരയില്ലേ?
അതുമാറ്റാൻ നോക്കുകൊന്നാദ്യമായ്, വേണെങ്കി-
ലതുവരെയുമീ ഞങ്ങൾ കാത്തുനിൽക്കാം.
ഗളഹസ്തം ചെയ്യുമ്പോൽ!- ചെയ്യുവിൻ കാണട്ടെ
ചളപളെനിന്നെന്തിനിദം വീരവാദം?
സാരസ്യം നുകരുവാൻ പനയോലക്കെട്ടുകളിൽ
സാഹിത്യം പരതും സന്യാസിമാരേ,
അതു വാണീദേവിതന്നൊരു മുലയല്ലറിയുവി-
നഴകിലിതിൻ കണ്ണോന്നു ഞെരടി നോക്കാൻ.
സാഹിത്യ സിംഹമിന്നതു കൊല്ലും നിങ്ങളെ
സാമവേദക്കാരേ, പറപറക്കിൻ!
കവിത കടക്കണ്ണേറാൽ ചിലർ നിങ്ങളെയെങ്ങാനും
കപിയാക്കുമൊരു കള്ളക്കമനിയാകാം.
അവൾതൻ മൂക്കെള്ളിൻ പൂവായിടാം കണ്ണുകൾ
കവലയമാകാം ചുണ്ടമൃതമാകാം.
ഞങ്ങൾക്കാക്കവിതയൊ'രവക്കു'മ'ല്ലതു' മാത്രം
ഞങ്ങളതു നിങ്ങൾതൻ നേർക്കുവീശും.
അതു ഞങ്ങൾക്കായുധമതിനിശിതമായുധം
അഴിമതികൾക്കരുളുവാൻ കണ്ഠവേധം.
കവിതാ കാമുകരല്ല കവികൾ കവിതായുധർ
കരളൂറ്റം കത്തുന കർമ്മയോധർ.
അവരെഗ്ഗളഹസ്തം ചെയ്താട്ടിയോടിപ്പതാ-
രരമനപ്പൂങ്കളിത്തത്തകളോ?
കലരുന്നതു ഞങ്ങൾതൻ ശബ്ദത്തിൽ ഞങ്ങൾതൻ
കരളിലെച്ചോരയാണോർമ്മവേണം.
ഒരുവരിയിൽ ഞങ്ങൾ തന്നൊരുവരിയിൽ ഗർജ്ജിപ്പ-
തൊരുലക്ഷം ഗളമാണതോർമ്മവേണം.
പാടിത്തരുമോരോവരി പാലുംകുടിച്ചേറ്റു-
പാടാൻ പരിശീലിച്ചവരല്ല ഞങ്ങൾ.
ഒരുപത്തടി പോവുംമുമ്പുയിരറ്റു പോവും മാ-
റ്റൊലികളല്ല ഞങ്ങ,ളറിയിൻ നിങ്ങൾ.
പിരമിഡ്ഡുകൾ പണിതനാൾ കടലിലെക്കാറ്റുകൾ
പിരിയിളകിപ്പലതും പിറുപിറുത്തു.
ചിലതോണികൾ പണ്ടെങ്ങോ മുക്കിയ വീമ്പടി-
ച്ചലയുമവരൊരുമിച്ചു സംഘടിച്ചു.
ഗമയിലവരൊന്നിച്ചൊരായിരം പ്രാവശ്യം
ഗളഹസ്തത്തിനുവേണ്ടിത്തറ്റുടുത്തു.
എന്നിട്ടോ?- പിരമിഡ്ഡുകൾ തവിടുപൊടിയായല്ലോ
മന്നിലിക്കഥയെന്താ പുത്തരിയോ?
ഉൽക്കർഷപ്പിരമിഡ്ഡുകളീജിപ്തിലല്ലുലകി-
ലൊക്കെയുയർത്താൻ ഞങ്ങളുദ്യമിപ്പൂ.
വിജയിപ്പൂതാക നീ സർവ്വോൽക്കർഷേണ ചിരം
വിജയിപ്പൂതാക ഗളഹസ്തമേ നീ!
സുദിനങ്ങൾ കൊയ്യുവാൻ സഹനസത്യങ്ങളെ-
സ്സദയം വിതയ്ക്കുന്ന സമിതികളേ,
പരമാർത്ഥം പറയാമോ-ഖദർകോണ്ടും പൊതിയാമോ
പരശതം കപടങ്ങൾ പരയൂ നിങ്ങൾ!
അസമത്വത്തറിയിലധോഗതി നെയ്യാതൊത്തൊരുമി-
ച്ചരിവാൾകൊണ്ടഭ്യുദയം കൊയ്താൽപ്പോരേ?
അകലത്തി,ലുയരത്തി ലതിരറ്റ ഗഗനത്തി-
ലതിസൂക്ഷ്മദൃഷ്ടിയോടലയുവോരേ,
ശതവർഷം പലതായി പഴകിയ സംസ്കാര-
ശവഗർത്തം ചികയുവാൻ തുനിയരുതേ!
കൊന്നോളു ഞങ്ങളെ വേണെങ്കിൽ ചുറ്റിക്കാ-
നെന്നാലുമെടുക്കല്ലേ കാവിവസ്ത്രം!
അന്നമയം ജീവിതമാത്മാവിനെയോർക്കുന്നതു
പിന്നെയാണന്നതിനു വഴിതെളിക്കൂ!
അതു കഴിഞ്ഞാനകളും ഭജനകളും കോവിലു-
മരുതു വിശന്നി,ട്ടാദ്യമന്നമേകൂ!
അട്ടകളായ് ച്ചുരുളുന്നോരഗ്നികളായലറുന്നോ-
രത്ഭുതമാണാഹാരമറിയിൻ നിങ്ങൾ.
അതു ചുടും നിങ്ങളിപ്പറയുന്നോരാത്മാവ-
ല്ലതിൽ വലുതൊന്നുണ്ടെങ്കിലതിനെപ്പോലും!
തടയല്ലേ ഭക്ഷണം തടയല്ലേഭാഷണം
തടയുവിൻ ചൂഷണം തരുവിൻ ധാന്യം!
തവിടുപൊടിയായിപ്പോം നിങ്ങളും, നിങ്ങൾതൻ
തണലുകളും, അല്ലെങ്കിൽ കണ്ടുകൊൾവിൻ!
വേദാന്തം കൊണ്ടു വിശപ്പാറുമോ?- വെളുവെള്ള-
വേദത്തിൻ മണ്ണിലും നിണമൊഴുകും
മാവേലിവിഹരിച്ച , മാമാങ്കം വികസിച്ച
മലനാടിൻ കണ്ണിലും മഷിയിളകും
വഴിയതിനേകല്ലേ, വക്കാണം കൂട്ടല്ലേ,
വഴിമാറൂ മുന്നോട്ടു പോട്ടേ ഞങ്ങൾ.
വളരെയിനിപ്പറയല്ലേ, ചുടുകെന്നു നിങ്ങൾതൻ
വഴിക്കിലെയിപ്പീറപ്പക്ഷിശാസ്ത്രം.
ഒരു മത്തുപിടിപെട്ടു മതികെട്ടു-നിങ്ങൾക്കിനി
മഴമാത്രം, സ്മൃതിസൂത്രശ്വാനമൂത്രം.
അല്ലല്ലതിലും വലുതാ, ണാത്മാവിനു വളമേകാൻ
സ്വർല്ലോകമൊഴുക്കുന്ന പവിത്ര തീർത്ഥം!
പെരുമാക്കന്മാരുടെ കഴൽ നക്കിച്ചുണകെട്ട
തിരുനാവായ്ക്കപ്പുറവുമുണ്ടു ലോകം.
നിളയെക്കാൾ കഥപറയാൻ കഴിവുള്ള നദികളും
പുളിനങ്ങളുമിന്നുമുണ്ടിജ്ജഗത്തിൽ.
ഒരു കേരളമല്ലൊരു നവലോകം സൃഷ്ടിക്കാ-
നൊരുമയെപ്പുണരുവോരാണു ഞങ്ങൾ!
മനമെന്നൊന്നുണ്ടെങ്കിലതിനോടു ചോദിക്കൂ
മരവുരിക്കാർ നിങ്ങൾ മനുഷ്യരാണോ?
മരണം നടമാടുന്നു, ശവമങ്ങനെ ചീയുന്നു
മയിലാഞ്ചിയരയ്ക്കുന്നോ രാമരാജ്യം?
ചോരച്ചുവയറിയാത്ത തല്ലല്ലോ ഭാരതം
ചോദിക്കൂ ചരിത്രത്തോടതുപറയും!
അതു പറയും "ചോര തളിച്ചു വിതയ്ക്കാകിൽ
കതിരുകൾ മുഴുവനും പതിരായ്പ്പോകും ..."
യന്ത്രത്തോക്കലറുമ്പോ, ളാറ്റംബോബെറിയുമ്പോൾ
മന്ത്രങ്ങൾ വിളിക്കുന്നോ മണികിലുക്കാൻ?
പറയുമതു നേടിടാം പലതുമെന്ന ദ്വൈതം
പറയും-അതുപക്ഷേ, പതിരുമാത്രം
അതു നേടിയതാണല്ലോ നമ്മൾക്കിപ്പട്ടിണിയും
ഗതികേടും-മതിയാക്കുക വീരവാദം.
പരിഹാസച്ചിരിതൂകുമതു കേറ്റു പരമാർത്ഥം
പകപോക്കുക, പോക്കാത്ത താണനർത്ഥം.
മറവികൾ, മാപ്പുകൾ-മർത്ത്യനെ വഞ്ചിക്കും
മതമണൽക്കാട്ടിൻ മരീചികകൾ!
അവയെപ്പിന്തുടരല്ലേ, കുഴയുമക്കാലുക-
ളവശരായ് നിങ്ങൾ മലർന്നടിയും.
പരമാർത്ഥം പരുപരുത്തുള്ളതാമീ ലോകം
പരലോകമൊരു വെറും സ്വപ്ന ലോകം.
അതിനായിട്ടദ്യൈതം ചികയല്ലേ, നിങ്ങൾക്കു
ചതിപറ്റും-മണ്ണിന്റെ മഹിമ കൂട്ടൂ!
മണ്ണാണൂ നര,നവനു മണ്ണിനോടാണിഷ്ടം
വിണ്ണിൻ കൈവിഷമവനേകരുതേ!
പച്ചവിരിപ്പാടത്തു പശു കേറിയനേരത്തു
പത്തലൊടിച്ചീല നാം പാനപാടി
കണ്ടില്ലേ പത്തായം ചിതൽ മുറ്റിയ, തെന്നിട്ടതു
മിണ്ടുമ്പോൾ ഗന്ധർവൻ തുള്ളിയാലോ!
നന്മനിറഞ്ഞൂറിയ നാന്മറ പണ്ടെങ്ങാനും
പൊന്മുട്ടകളൊട്ടധികമിട്ടിരിക്കാം.
അതു പക്ഷേ, ജീവിക്കാനനുവദിച്ചില്ലല്ലോ
അഴിമതികുത്തിയിറക്കിയല്ലോ!
എന്തിനിനിപ്പൊക്കിപ്പിടിപ്പതത്തൂവലുകൾ
ചിന്തയ്ക്കു ചിരിവരുമിന്നതു കാണുമ്പോൾ!
ബിരിയാണി മറിയുന്ന വയറേവം പറയുന്നു;
വരികൊന്നിഗ്ഗീതയിലെ വരി വായിക്കൂ!
അഹമൊന്നൊന്നില്ലതൊക്കെ'തത്വം' മാത്രം! മറ്റുള്ള-
തകിലമജ്ഞാനത്തിൻ തോന്നൽ മാത്രം!..
എരിയുന്ന വയറതു കേട്ടലറുന്നുഃ "തീയിലേ-
ക്കെറിയിനെടുത്താക്കീറക്കാവിവസ്ത്രം!..."
ചത്തുചീഞ്ഞളിയുന്ന മാംസങ്ങൾ പട്ടിണിയിൽ
'തത്ത്വമസി' ക്കുണ്ടുപോൽ സെന്റുകുപ്പി!
പറകളിൽ പകുതിയിലധികവും വലകെട്ടി
പറയുകൊന്നവയാണോ നിറപറകൾ?
അവയായിരിക്കയില്ലതു ശരിയാ,ണുണ്ടു കുറെ
നിറപറകളവ ഞ്ങ്ങളടിച്ചുടയ്ക്കും.
അവയിൽനിന്നുതിരുമാ നെന്മണികൾ കൺമണികൾ
അവശതകൾക്കവരാദ്യമൊരുമ്മയേകും.
അതുകഴിഞ്ഞവരുടെ വയറിലെത്തീ കെടു-
ത്തവരെയവർ താങ്ങിപ്പിടിച്ചുനിർത്തും.
അതുകഴിഞ്ഞവരൽപം ശ്വാസംവിടുന്നേര-
മവർ ചെവിയിൽ മന്ത്രിക്കുമിപ്രകാരം:
"സമതയുടെ സന്ദേശം പുഷ്പിച്ചു. സ്വപ്നങ്ങൾ
സകലം ഫലിച്ചു-സമാശ്വസിക്കൂ.
ജട ഞങ്ങളെയിന്നോളമറകളിൽ സ്വാർഥത്തിനു
തടവെയ്ക്കാനൊരുമിച്ചടച്ചുപൂട്ടി.
ഇനി നിങ്ങളുണ്ണാതെ തളരേണ്ട-ചെങ്കൊടിതൻ
ധ്വനിതന്നൂ ഞങ്ങൾക്കു ശാപമോക്ഷം!
ഞങ്ങളിനി നെന്മണികൾ നിങ്ങളുടെ കണ്മണികൾ
നിങ്ങളുടെ കണ്മണികൾ നെന്മണികൾ
ഞങ്ങളിനിപ്പിരിയില്ലാ നിങ്ങളെപ്പിരിയില്ലാ
ഞങ്ങളെ നിങ്ങളും-ഇനിയാണോണം! .."
ചെങ്കൊടിതൻ ധ്വനിയിലൊരുസാന്ത്വനം രക്തത്തിൻ
"കുങ്കുമം പച്ചകളിൽ പവിഴം ചാർത്തും!"
വിളവെടുപ്പാകട്ടെ, വെമ്പല്ലേ, ഞങ്ങളെ-
ഗ്ഗളഹസ്തം ചെയ്തോളൂ പിന്നെ നിങ്ങൾ!....
മരണംകൊണ്ടെന്നെ ഞാൻ വരിയുകയാണനുദിനം
മമ ശബ്ദമിടിവെട്ടു, മിടിവാൾ വീശും.
സമതതൻ സമരത്തിനെന്നാത്മസിദ്ധികൾ
സകലം സമർപ്പിപ്പാൻ സന്നദ്ധൻ ഞാൻ!
അതിലിനി ഞാനഴലുകില്ലലറു,മെന്തീപ്പൊരിക-
ളഴിമതിയേപ്പൊള്ളിക്കുമനീതി വേവും.
അതിനെന്നെഗ്ഗളഹസ്തം ചെയ്യുകിൽ, ചെയ്യുവാ-
നണയുവിൻ, വേഗമെന്നനിയന്മാരേ!
4-8-1946