നീറുന്ന തീച്ചൂള/ഞങ്ങൾ
മജ്ജയില്ല, മാംസമില്ല, രക്തമില്ല, നോക്കു, ഞങ്ങൾ
മർത്ത്യരല്ല, ജീവനുള്ളോ രസ്ഥിമാടങ്ങൾ.
മത്തടിപ്പൂ നിങ്ങൾ, ഞങ്ങൾ മരവിപ്പൂ- വിജയിപ്പൂ
മത്സരങ്ങൾ മദ്യപിക്കും കൊലക്കളങ്ങൾ.
പീരങ്കി പ്പുകച്ചുരുൾ ക്കരിഞ്ചിടകള ഴിച്ചിടും
ഘോരനേത്രങ്ങളിൽ ചെന്തീ ജ്ജ്വാലകളാളി,
അസ്ഥിഖണ്ഡദംഷ്ട്രകാട്ടി, രക്തധാരാഭീകരമാം
ചെത്തിമാല കഴുത്തിലിട്ടലറി ത്തുള്ളി
ചഞ്ചലകബന്ധകങ്ങൾ ചവിട്ടിമെതിച്ചു, നീളെ-
സ്സഞ്ചരിപ്പൂ സാഹസോഗസമരയക്ഷി!
ഭാവി ഞങ്ങൾക്കില്ലയെന്നോ?-
ഞങ്ങളിത്രനാളും വെറും
ജീവിതവേദന മാത്രം ചവച്ചിറക്കി.
ഒട്ടിയോരീവയരൊന്നു തൊട്ടുനോക്കു-നിങ്ങളെന്തേ
ഞട്ടിടാത്ത, തയ്യോ, നിങ്ങൾ മനുഷ്യരല്ലേ?
നിങ്ങൾ പേർത്തും ശക്തരായി ഞങ്ങൾമാത്രം ത്യക്തരായി
നിങ്ങളുടെ രക്തയജ്ഞം സഫലമായി.
ശപ്തമൂകസഞ്ചയങ്ങൾ ഞങ്ങളുടെ നെടുവീർപ്പി-
ശ്ശബ്ദകോലാഹലങ്ങളിൽ കേൾക്കുമോ നിങ്ങൾ?
ഇല്ല. നിങ്ങൾ കേൾക്കുകില്ല, കേൾക്കുകിലും കേട്ടഭാവം
തെല്ലുപോലും കാട്ടുകില്ല, നയജ്ഞരല്ലേ?
ഒന്നുപക്ഷേ ങ്ങളോതാം- ഒട്ടൈയോരീ വയറുക-
ളൊന്നുചേർന്നാലതിൻ തീയിൽ ദഹിക്കും നിങ്ങൾ.
അല്ല,തിൻ തീയാളിയാളി നിങ്ങളെച്ചുട്ടെരിച്ചിടു-
മെല്ലിനു മേദസ്സിനേക്കാൾ കരുത്തുകൂടും.
പോയകാലം നിങ്ങളുടെ നീതിയാകും വിഷവൃക്ഷം
കായിടുവാൻ തടംവെട്ടി വളങ്ങളിട്ടു.
കൈക്കരുത്തു കാരണത്താൽ നിഷ്കൃപമടിച്ചടിച്ചു
കയ്ക്കുമതിൻ കായ്കൾ നിങ്ങൾ ഞങ്ങളെത്തീറ്റി.
പരമസ്വാതന്ത്യ്ര ബോധം ക്ഷയിച്ചേവം കണ്ണടച്ചു
പരതന്ത്രതയിൽ ഞങ്ങൾ ചുരുണ്ടുകൂടി.
വെറും സ്വപ്നാടനങ്ങളിലടിമത്തം ചുമന്നു കൊ-
ണ്ടറുതിയറ്റയ്യോ ഞങ്ങളലഞ്ഞു ചുറ്റി
നവയുഗ സുപ്രഭാത കരാമൃതമേറ്റു ഞങ്ങൾ
നയനങ്ങൾ തുറന്നുണർന്നു നിൽപൂ
നവജീവൻ, നവജീവൻ-അതിന്മണിമുഴക്കത്തിൽ
നടുങ്ങട്ടെ, നരച്ചോരാ നീതിശാസ്ത്രങ്ങൾ.
സൃഷ്ടിശക്തി നൂതനവും നിത്യവുമാണതിനില്ലാ
നഷ്ട,മെത്രമാത്രമെന്തു നശിക്കുകിലും.
സംഹരിക്കും ഞങ്ങളുടെ കൈകൾ നോക്കുകവതന്നെ
സംവിധാന സഞ്ചയങ്ങൾ സജ്ജനിപ്പിക്കും.
എത്ര പൂക്കളന്തി തല്ലി ക്കൊഴിക്കിലെന്തുഷസ്സണ
ഞ്ഞത്രമേൽ വിടുർത്തി വീണ്ടും ചിരിപ്പതില്ലേ?
വറ്റുമബ്ധിജലം ലോകംമുഴുവനും കുളിർപ്പിപ്പൂ
വർത്തക മേഘങ്ങളുയർന്നെത്രനാൾ നിൽക്കും?
ഭഗിവാക്കു മതിയാക്കുകതുകൊണ്ടു ഫലമില്ലാ
ഞങ്ങൾ വീശും കൊടുങ്കാറ്റിതടങ്ങുകില്ല.
വർണ്ണാശ്രമവിധി നിന്നു വളംതിന്നു തഴച്ചോരി-
പ്പർണ്ണശാല പെറ്റ മണ്ണു വരണ്ടുപോയി.
ഒരുപുത്തൻ കലപ്പയാലുഴുതിതു മറിച്ചിട്ടി-
ന്നൊരുമതൻ വിത്തു വാരിവിതയ്ക്കും ഞങ്ങൾ.
മന്ത്രമൊന്നുമുതകില്ല, തന്ത്രമെല്ലാം ഫലിക്കില്ലാ
യന്ത്രജാലമിന്ദ്രജാലം കാട്ടുമിക്കാലം.
ആയുധത്തീമഴപെയ്തീ ലോകമൊട്ടുക്കെരിയുമ്പോ-
ളീയഹിംസാ തപസ്സുകൊണ്ടെന്തു നാം നേടും?
ഗീതപൂത്ത മണ്ണു ചോരച്ചുവ യറിയാത്തതാണോ
ചേതനാവേദാന്തം തിന്നു മയങ്ങിയാലോ?
വാളെടുക്കാൻ വിലക്കുന്ന
വായപൊത്താൻ വിളിക്കുന്ന
താളിയോല മുഴുവനും ചിതലുതിന്നു.
നാദബ്രഹ്മപ്പൊത്തിനുള്ളി ലാരുമേതുമറിയാതെ
വേദമിട്ട മുട്ടയെല്ലാം ഞെരിഞ്ഞുടഞ്ഞു.
ജീവാത്മാക്കൾ കിതച്ചെത്തിപ്പരമാത്മാവിനെപ്പുൽകും
ഭാവനതന്നസ്തിവാരം തകർന്നടിഞ്ഞു.
പാരത്രിക സൗഭാഗ്യത്തിൻ കാവൽനായ്ക്കളാകുവാനോ
പാരിതിങ്കൽ മനുഷ്യരായണഞ്ഞു ഞങ്ങൾ !
തനിച്ചു,മൊത്തൊരുമിച്ചും, തടസ്സങ്ങൾ തച്ചുടച്ചും
ജനിച്ചതിൻപക ഞങ്ങൾ ജീവിച്ചു വീട്ടും.
മറ്റുനാട്ടാർ പരസ്പരം മല്ലടിക്കും നേരം പാര-
മറ്റകുറ്റം പുലമ്പുന്ന സാത്വികന്മാരേ,
ഒരേവീട്ടിൽ ജനിച്ചവരൊരമ്മതൻ മക്കൾ നിങ്ങൾ-
ക്കൊരുമിക്കാനിത്രമാത്രം വിഷമമാണോ?
മദ്യമോരോമത്സരങ്ങൾ സജ്ജമാക്കാം- ദേവപാദ-
ഹൃത്യതീർത്ഥം കൊണ്ടു നിങ്ങളെത്ര യോജിച്ചൂ?
വീരോടെതിരിട്ടീടുവിൻ വീതശങ്കം ഹീനതയെ
വീരവാദത്തെന്റെ കാലം കഴിഞ്ഞുപോയി
ചത്തടിഞ്ഞ മേന്മകൾതൻ
ശവപ്പെട്ടി ശിരസ്സിൽവെ-
ച്ചെത്ര,വാഴ്ത്തിസ്തുതിക്കിലു മെന്തൊരു മെച്ചം?
നാളെയെന്ന നാമ്പെടുത്തു കാലവല്ലി പടർന്നേറും
നാമതിനെ നനയ്ക്കുക ജീവരക്തത്താൽ!
ഇന്നലത്തെക്കാളും ഭേതമിന്നു, നൂന,മിന്നത്തേക്കാൾ
നന്നു നാളെ ഞങ്ങളേവം പുരോഗമിപ്പൂ.
നവമൊരു ശുഭലോകം രചി,ച്ചതിൽ മനുഷ്യത്വം
നടമാടുന്നതുനോക്കി രസിക്കും ഞങ്ങൾ!
18-11-1945