ന്നിൽനിന്നുമെരിഞ്ഞുയർന്നാളി-
ച്ചിന്നുമീത്തീപ്പൊരികളേക്കണ്ടോ?
ചൂടു പോരെന്നോ?-തൊട്ടൊന്നു നോക്കൂ
പേടിതോന്നുന്നോ?-സംശയം തീർക്കൂ!
  പോയനാളിൻ ചുടലകൾ ചിക്കി
പേയുതിക്കുന്നതല്ലെന്റെ ശബ്ദം.
മാറ്റിടിഞ്ഞു തളർന്നുമറയും
മാറ്റൊലിയല്ല മാമകശബ്ദം.
നിർഗ്ഗളിക്കുമതിൻ ഹൃത്തിൽനിന്നും
സർഗ്ഗചൈതന്യസ്പന്ദങ്ങളെന്നും.
ഹീനമാമൂൽമതിലുകളെല്ലാം
ഞാനിടിച്ചു തകർത്തു കുതിക്കും.
നീ ചതിയിൽ തടിച്ചുതഴയ്ക്കും.
നീതികൾ ഞാൻ ചവിട്ടിമെതിക്കും.
ഗർവ്വിഴയുമസ്സാമൂഹ്യശൈലം
സർവ്വവും ഞാനിടിച്ചു പൊടിക്കും!
മേൽക്കുമേൽ മാനവോൽക്കർഷദമാം
മാർഗ്ഗമോരോന്നു വെട്ടിത്തെളിക്കും!

  അബ്ദകോടികൾ കൈകോർത്തുവന്നി-
ശ്ശബ്ദഖഡ്ഗമിതെൻ കൈയിലേകി.
എന്തിനാണെന്നോ?-ചെന്നിണംപോലും
ചിന്തിയെന്റെ നാടെന്റെ നാടാക്കാൻ!
വഞ്ചനക്കൊന്ത പൂണുനൂൽ തൊപ്പി-
കുഞ്ചനങ്ങളരുത്തുമുറിക്കാൻ.
മർത്ത്യനെ മതം തിന്നാതെ കാക്കാൻ
മത്സരങ്ങളെ മണ്ണടിയിക്കാൻ.
വിഭ്രമങ്ങളെ നേർവഴികാട്ടാൻ
വിശ്രമങ്ങളെത്തട്ടിയുണർത്താൻ
വേലകൾക്കു കരുത്തുകൊടുക്കാൻ
വേദനകൾക്കു ശാന്തിപൊടിക്കാൻ
തത്സമത്വജസാമൂഹ്യഭാഗ്യം
മത്സരിക്കാതെ കൊയ്തെടുപ്പിക്കാൻ
നിസ്തുലോൽക്കർഷചിഹ്നരായ് നിൽക്കും
നിത്യതൃപ്തിതൻ ചെങ്കൊടി നാട്ടാൻ!
ശപ്തജീവിതകോടികൾ വന്നി-
ശ്ശബ്ദസീരമിതെൻ കൈയിലേകി.
എന്തിനാണെന്നോ?-കട്ടപിടിച്ചോ-
രന്തരംഗമുഴുതുമറിക്കാൻ.
തപ്തവേദാന്തമ,ല്ലമൃതാർദ്ര-
തത്ത്വശാസ്ത്രം തളിച്ചുനനയ്ക്കാൻ.
ജീവകാരുണ്യപൂരം വിതയ്ക്കാൻ
ജീവിതങ്ങൾക്കു പച്ചപിടിപ്പിക്കാൻ.
ഭാവിലോകത്തിലെങ്കിലുമോരോ
ഭാവുകങ്ങൾ തളിർത്തുല്ലസിക്കാൻ
വിത്തനാഥരും ദാസരും പോയി
വിശ്വരംഗത്തിൽ മർത്ത്യതയെത്താൻ
കർഷകന്റെ തെളിമിഴിക്കോണിൽ
ഹർഷരശ്മികൾ നൃത്തമാടിക്കാൻ
ദുഷ്പ്രഭുത്വത്തിൻ പട്ടടകൂട്ടാൻ
സൽപ്രയത്നത്തെപ്പൂമാലചാർത്താൻ!

  ഇജ്ജഗത്തു ദുഷിച്ചു, ജീർണ്ണിച്ചു,
സജ്ജഗത്തൊന്നു സജ്ജമാക്കും ഞാൻ.
ശക്തയന്ത്രശതങ്ങളിലൂടെൻ
ശബ്ദഘോഷങ്ങൾ കേട്ടുവോ നിങ്ങൾ?
യന്ത്രശാലപ്പുകച്ചാർത്തിലൂടെൻ
കുന്തളാവലി കണ്ടുവോ നിങ്ങൾ?
എന്റെ നാടെന്റെ നാടെന്റെ നാടെ-
ന്നെന്റെ ഗായത്രി കേട്ടുവോ നിങ്ങൾ?
എന്തധർമ്മവും തച്ചുതകർക്കു-
മെന്റെ ദോർബ്ബലം കണ്ടുവോ നിങ്ങൾ?
എന്റെ കൈത്തണ്ടിരുമ്പാണു നോക്കൂ
എന്റെ മെയ്യിതുരുക്കാണു നോക്കൂ!
ശിഷ്ടപാലനം ദുഷ്ടനിധനം
വിഷ്ടപാവനം മാമകലക്ഷ്യം.
ഞാനമാനുഷനല്ലാ മനുഷ്യൻ
പ്രാണനാണെനിക്കെന്നും മനുഷ്യൻ!-

  വിസ്തരിപ്പീല ഞാനിനിയൊട്ടും
'വിപ്ലവ' മെന്നാണെന്റെ പേർ കേൾക്കൂ.
വിശ്വസംസ്കാരമേകി മേ ജന്മം
വിശ്വസൗഹൃദമേകി മേ സ്തന്യം
ആത്മനാഥപുരോഗതി, ഞങ്ങൾ-
ക്കാത്മജന്മാരോ?-നാളത്തെ നിങ്ങൾ!
ഞങ്ങൾ നിങ്ങളിൽ ജീവൻ കൊളുത്തും
ഞങ്ങൾ നിങ്ങളെപ്പോറ്റിവളർത്തും.
വിശ്വസിക്കുകനാഥമല്ലൊട്ടും
വിശ്വരംഗം വരുന്നു വെളിച്ചം . .
28-10-1945