പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാല

ആമുഖ പ്രാർത്ഥന തിരുത്തുക

അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ, കർത്താവേ, നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന അടിയങ്ങൾ അറുതിയില്ലാത്ത മഹിമപ്രതാപത്തൊടുകൂടെയിരിക്കുന്ന അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥിക്കാൻ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങയുടെ അനന്ത ദയയിൽ ശരണപ്പെട്ടുകൊണ്ട്, പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി ജപമാലയർപ്പിക്കാൻ ആഗ്രഹിക്കുന്നു. ഈ പ്രാർത്ഥന ഭക്തിയോടെയും പലവിചാരംകൂടാതെയും തികയ്ക്കാൻ കർത്താവേ അങ്ങു സഹായിക്കണമേ!


വിശ്വാസപ്രമാണം


1 സ്വർഗ്ഗ.

പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലംചെയ്യുവാനായി അങ്ങേ തിരുക്കുമാരനോടപേക്ഷിക്കേണമേ

1 നന്മ.

പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുവാനായി അങ്ങേ തിരുക്കുമാരനോടപേക്ഷിക്കേണമേ

1 നന്മ.

പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ളവളായ പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വളരുവാനായി അങ്ങേ തിരുക്കുമാരനോടപേക്ഷിക്കേണമേ

1 നന്മ.

1 ത്രിത്വ.

കാലമനുസരിച്ചുള്ള ജപങ്ങൾ തിരുത്തുക

സന്തോഷത്തിന്റെ രഹസ്യങ്ങൾ ( തിങ്കൾ,ശനി ) തിരുത്തുക

ഒന്നാം ദൈവരഹസ്യം പരിശുദ്ധ കന്യാമറിയമേ, ദൈവവചനം അങ്ങേ തിരുവുദരത്തിൽ മനുഷ്യാവതാരം ചെയ്യുമെന്ന ദൈവകല്പന ഗബ്രിയേൽ ദൈവദൂതൻ വഴി അങ്ങയെ അറിയിച്ചപ്പോൾ അങ്ങേയ്ക്കുണ്ടായ സന്തോഷത്തെയോർത്തു ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങയുടെ സന്തോഷം സംഗ്രഹിക്കാൻ കൃപചെയ്യേണമേ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

രണ്ടാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ ഇളയമ്മയായ ഏലീശ്വാ പുണ്യവതിയെ അങ്ങു ചെന്നു കണ്ടപ്പോൾ, ആ പുണ്യവതിക്കു സർവ്വേശ്വരൻ ചെയ്ത കരുണയെക്കണ്ട് അങ്ങേയ്ക്കുണ്ടായ സന്തോഷത്തെയോത്തു ധ്യാനിക്കുന്ന ഞങ്ങൾ ലൗകിക സന്തോഷങ്ങളെ പരിത്യജിച്ചു പരലോക സന്തോഷങ്ങളെ ആഗ്രഹിച്ചുതേടുവാൻ കൃപ ചെയ്യേണമേ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

മൂന്നാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ കന്യാത്വത്തിനന്തരംവരാതെ അങ്ങു ദൈവകുമാരനെ പ്രസവിച്ചതിനാൽ അങ്ങേയ്ക്കുണ്ടായ സന്തോഷത്തെയോർത്തു ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങു ജ്ഞാനവിധമായി പിറക്കാൻ കൃപചെയ്യേണമേ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

നാലാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാര‍നെ ദൈവാലയത്തിൽ കാഴ്ചവെച്ചപ്പോൾ മഹാത്മാക്കൾ തന്നെ സ്തുതിക്കുന്നതുകണ്ട് അങ്ങേയ്ക്കുണ്ടാ‍യ സന്തോഷത്തെയോർത്തു ധ്യാനിക്കുന്ന ഞങ്ങൾ അങ്ങേയ്ക്കു യോഗ്യമായ ദൈവാലയമായിരിക്കാൻ കൃപചെയ്യേണമേ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

അഞ്ചാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാര‍നെ പന്ത്രണ്ടാം വയസ്സിൽ കാണാതെപോയപ്പോൾ മൂന്നാംദിവസം ദൈവാ‍ലയത്തിൽവച്ചു തർക്കിച്ചുകൊണ്ടിരിക്കയിൽ അങ്ങുതന്നെ കണ്ടെത്തിയതിനാലുണ്ടായ സന്തോഷത്തെയോർത്തു ധ്യാനിക്കുന്ന ഞങ്ങൾ മേലിൽ പാപത്താൽ വിട്ടുപിരിയാതിരിപ്പാനും വിട്ടുപിരിഞ്ഞുപോയാലുടനെ മനസ്താപത്താൽ തന്നെക്കണ്ടെത്താനും കൃപ ചെയ്യേണമേ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

ദുഃഖത്തിന്റെ രഹസ്യങ്ങൾ ( ചൊവ്വാ, വെളളി ) തിരുത്തുക

ഒന്നാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ പൂങ്കാവനത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ചോരവിയർത്തു എന്നതിന്മേൽ ധ്യാനിക്കുന്ന ഞങ്ങൾ, ഞങ്ങളുടെ പാപങ്ങളിന്മേൽ മനഃസ്തപിച്ചു പാപപ്പൊറുതിനേടാൻ കൃപചെയ്യണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..


 

രണ്ടാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ കൽത്തൂണിന്മേൽ കെട്ടപ്പെട്ട് ചമ്മട്ടികളാലടിക്കപ്പെട്ടു എന്നതിന്മേൽ ധ്യാനിക്കുന്ന ഞങ്ങൾ ഞങ്ങളുടെ പാപങ്ങളിലാണ്ടുകുന്ന കഠിനശിക്ഷകളിൽനിന്ന് മനഃസ്താപത്താലും നല്ല വ്യാപാരത്താലും ഒഴിഞ്ഞുമാറുവാൻ കൃപചെയ്യേണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

മൂന്നാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ തിരുത്തലയിൽ മുൾമുടി ധരിപ്പിച്ച് പരിഹാസരാജാവായി സ്ഥാപിച്ചതിന്മേൽ ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങേ തിരുപ്പാടുകളും മുറിവുകളും പതിച്ചരുളേണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

നാലാം ദൈവരഹസ്യം


പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാൻ ഈശോമിശിഹാ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട്, ഭാരമേറിയാ കുരിശു ചുമന്നുകൊണ്ട് ഗാഗുൽത്താമലയിലേക്കു പോകുന്നതിന്മേൽ ധ്യാനിക്കുന്ന ഞങ്ങൾ, ഞങ്ങളുടെ പാപങ്ങളിന്മേൽ മനഃസ്തപിച്ച്, പാപപ്പൊറുതി നേടാൻ കൃപചെയ്യണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..


അഞ്ചാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ ഗാഗുൽത്താമലയിൽ‌വച്ച് അങ്ങേ മുമ്പാകെ ഇരുമ്പാണികളാൽ കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്നു ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങേ തിരുപ്പാടുകളും വ്യാകുലങ്ങളും പതിച്ചരുളേണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

മഹിമയുടെ രഹസ്യങ്ങൾ ( ബുധൻ , ഞായർ ) തിരുത്തുക

ഒന്നാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ പാടുപെട്ടുമരിച്ച മൂന്നാംനാൾ എന്നന്നേക്കും ജീവിക്കുന്നതിനായി ഉയിർത്തെഴുന്നേറ്റതിനാലുണ്ടായ മഹിമയേ ഓർത്തു ധ്യാനിക്കുന്ന ഞങ്ങൾ പാപമായ മരണത്തിൽനിന്ന് നിത്യമായി ഉയിർത്തെഴുന്നേൽക്കാൻ കൃപചെയ്യണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..


രണ്ടാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ ഉയിർത്തതിന്റെ നാല്പതാം ദിവസം എത്രയും മഹിമപ്രതാപത്തോടുകൂടെ സ്വർഗ്ഗാരോഹണം ചെയ്തതിനാലുണ്ടായ മഹിമയേ ഓർത്തു ധ്യാനിക്കുന്ന ഞങ്ങൾ പരലോകവാഴ്ചയെ മാത്രം ആഗ്രഹിച്ച് മോക്ഷം പ്രാപിപ്പാൻ കൃപചെയ്യേണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

മൂന്നാം ദൈവരഹസ്യം


പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ ഉയിർത്തെഴുന്നള്ളിയതിന്റെ പത്താംനാൾ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന തന്റെയും ശിഷ്യന്മാരുടെയുമേൽ റൂഹാദ്കുദ്ശായെ യാത്രയാക്കിയതിനാലുണ്ടായ മഹിമയെ ഓർത്തു ധ്യാനിക്കുന്ന ഞങ്ങളുടെ റൂഹാദ്കുദ്ശായുടെ പ്രസാദവരത്താൽ ദൈവതിരുമനസ്സുപോലെ വ്യാപരിപ്പാൻ കൃപചെയ്യേണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

നാലാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ ഉയിർത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോൾ ഇഹലോകത്തിൽനിന്നും മാലാഖമാരാൽ സ്വർഗ്ഗത്തിലേക്കു കരേറ്റപ്പെട്ടതിനാലുണ്ടായ മഹിമയേ ഓർത്തു ധ്യാനിക്കുന്ന ഞങ്ങൾ അങ്ങയുടെ സഹായത്താൽ മോക്ഷത്തിൽ വന്നുചേരുവാൻ കൃപചെയ്യണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

അഞ്ചാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങു പരലോകത്തിൽ എഴുന്നള്ളിയ ഉടനെ അങ്ങേ തിരുക്കുമാരൻ അങ്ങയെ ത്രിലോകരാജ്ഞിയായി മുടിധരിപ്പിച്ചതിനാലുണ്ടായ മഹിമയേ ഓർത്തു ധ്യാനിക്കുന്ന ഞങ്ങൾ സ്വർഗ്ഗത്തിലും സന്തതം ദൈവത്തെ സ്തുതിച്ചാനന്ദിപ്പാൻ കൃപ ചെയ്യേണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

പ്രകാശത്തിന്റെ രഹസ്യങ്ങൾ ( വ്യാഴം ) തിരുത്തുക

ഒന്നാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ ജോർദാൻ നദിയിൽ‌വെച്ച് യോഹന്നാനിൽനിന്ന് മാമ്മോദീസാ സ്വീകരിച്ചതിനെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങൾ മാമ്മോദീസയിൽ ലഭിച്ച ദൈവികവരപ്രസാദം നഷ്ടമാക്കാതിരിക്കുവാൻ കൃപചെയ്യണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

രണ്ടാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ കാനായിലെ കല്യാണവിരുന്നിൽ‌വച്ച് വെള്ളം വീഞ്ഞാക്കി തന്റെ അത്ഭുതപ്രവൃത്തികളുടെ ആരംഭം കുറിച്ചതിനെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങൾ അങ്ങേ പുത്രന്റെ കല്പനകളെ അനുസരിച്ചു ജീവിക്കുവാൻ കൃപതരേണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

മൂന്നാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ തന്റെ പരസ്യജീവിതകാലത്ത് പാപങ്ങൾ ക്ഷമിക്കുകയും "ദൈവരാജ്യം സമീപിച്ചിരിക്കുന്നു മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുവിൻ" എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതിനെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങൾ കുമ്പസാരമെന്ന കൂദാശയിലൂടെ പാപങ്ങൾ കഴുകി കളയുന്നതിനും ഞങ്ങലുടെ പ്രവൃത്തികളിലൂടെ അങ്ങേ പുത്രന് സാക്ഷ്യം വഹിക്കുന്നതിനും കൃപചെയ്യണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

നാലാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ താബോർ മലയിൽ‌വച്ച് രൂപാന്തരപ്പെടുകയും അവിടുത്തെ ദൈവകമായ മഹത്വം ശിഷ്യന്മാർ ദർശിക്കുകയും ചെയ്തുവെന്നു ധ്യാനിക്കുന്ന ഞങ്ങൾ പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ നയിക്കപ്പെടുന്നതിനും ഞങ്ങളുടെ ജീവിതത്തിൽ ദൈവികചിന്തകളും വിചാരങ്ങളും നിറയുന്നതിനും കൃപചെയ്യേണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..


അഞ്ചാം ദൈവരഹസ്യം

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരിക്കുമാരൻ തന്റെ പരസ്യജീവിതത്തിന്റെ അന്ത്യത്തിൽ വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് മനുഷ്യമക്കളോടുള്ള സ്നേഹം പ്രകടമാക്കിയതിനെപ്പറ്റി ധ്യാനിക്കുന്ന ഞങ്ങൾ വിശുദ്ധ കുർബാനയിൽ സജീവമായി പങ്കെടുക്കുന്നതിനും ജീവിതാവസാനം വരെ ദിവ്യകാരുണ്യനാഥനോടുള്ള സ്നേഹത്തിൽ നിലനിൽക്കുന്നതിനും കൃപചെയ്യേണമേ, ആമ്മേൻ.

1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

അൻപത്തിമൂന്നുമണിജപ കാഴ്ചവയ്പ്പു പ്രാർത്ഥന തിരുത്തുക

മുഖ്യദൂതനായിരിക്കുന്ന വിശുദ്ധ മിഖായേലേ! ദൈവദൂതന്മാരായിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ! വിശുദ്ധ റപ്പായേലേ! മഹാത്മാവായ വിശുദ്ധ യൌസേപ്പേ, ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ! വിശുദ്ധ പൗലോസേ! വിശുദ്ധ യോഹന്നാനേ! ഞങ്ങളുടെ പിതാവായ മാർത്തോമ്മാശ്ലീഹായേ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു. എങ്കിലും ഞങ്ങൾ ജപിച്ച ഈ അൻപത്തുമൂന്നുമണിജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടെ ഒന്നായിച്ചേർത്തു പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ ഏറ്റവും വലിയ ഉപഹാരമായി കാഴ്ചവയ്ക്കാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.


ലുത്തിനിയാ തിരുത്തുക

(സമൂഹത്തിന്റെ മറുപടി: ചൊല്ലുന്നത് ആവർത്തിക്കുക)

  • കർത്താവേ! അനുഗ്രഹിക്കേണമേ
  • മിശിഹായേ! അനുഗ്രഹിക്കേണമേ
  • കർത്താവേ! അനുഗ്രഹിക്കേണമേ
  • മിശിഹായേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ
  • മിശിഹായേ! ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ


(സമൂഹത്തിന്റെ മറുപടി:ഞങ്ങളെ അനുഗ്രഹിക്കേണമേ)

  • ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ!
  • ഭൂലോകരക്ഷിതാവായ പുത്രൻ തമ്പുരാനേ!
  • റൂഹാദ്ക്കുദ്ശാ തമ്പുരാനേ!
  • ഏകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ!


(സമൂഹത്തിന്റെ മറുപടി:ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ)

  • പരിശുദ്ധ മറിയമേ
  • ദൈവകുമാരന്റെ പുണ്യജനനീ
  • കന്യകകൾക്കു മകുടമായ നിർമ്മലകന്യകയേ
  • മിശിഹായുടെ മാതാവേ
  • കരുണയുടെ മാതാവേ
  • ദൈവപ്രസാദവരത്തിന്റെ മാതാവേ
  • പ്രത്യാശയുടെ മാതാവേ
  • എത്രയും നിർമ്മലയായ മാതാവേ
  • അത്യന്തവിരക്തിയുള്ള മാതാവേ
  • കളങ്കഹീനയായ കന്യകയായിരിക്കുന്ന മാതാവേ
  • കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ
  • സ്നേഹഗുണങ്ങളുടെ മാതാവേ
  • അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ
  • സദുപദേശത്തിന്റെ മാതാവേ
  • സ്രഷ്ടാവിന്റെ മാതാവേ
  • രക്ഷിതാവിന്റെ മാതാവേ
  • വിവേകൈശ്വര്യമുള്ള കന്യകേ
  • പ്രകാശപൂർണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ
  • സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ
  • വല്ലഭമുള്ള കന്യകേ
  • കനിവുള്ള കന്യകേ
  • വിശ്വാസവതിയായിരിക്കുന്ന കന്യകേ
  • നീതിയുടെ ദർപ്പണമേ
  • ബോധജ്ഞാനത്തിന്റെ സിംഹാസനമേ
  • ഞങ്ങളുടെ തെളിവിന്റെ കാരണമേ
  • ആത്മജ്ഞാനപൂരിത പാത്രമേ
  • ബഹുമാനത്തിന്റെ പാത്രമേ
  • അത്ഭുതമായ ഭക്തിയുടെ പാത്രമേ
  • ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീർകുസുമമേ
  • ദാവീദിന്റെ കോട്ടയേ
  • സ്വർണ്ണാലയമേ
  • വാഗ്ദാനത്തിന്റെ പെട്ടകമേ
  • ആകാശമോക്ഷത്തിന്റെ വാതിലേ
  • ഉഷഃകാലത്തിന്റെ നക്ഷത്രമേ
  • രോഗികളുടെ സ്വസ്ഥാനമേ
  • പാപികളുടെ സങ്കേതമേ
  • കുടിയേറ്റക്കാരുടെ ആശ്വാസമേ
  • വ്യാകുലന്മാരുടെ ആശ്വാസമേ
  • ക്രിസ്ത്യാനികളുടെ സഹായമേ
  • മാലാഖമാരുടെ രാജ്ഞീ
  • ബാവന്മാരുടെ രാജ്ഞീ
  • ദീർഘദർശികളുടെ രാജ്ഞീ
  • ശ്ലീഹന്മാരുടെ രാജ്ഞീ
  • വേദസാക്ഷികളുടെ രാജ്ഞീ
  • വന്ദകന്മാരുടെ രാജ്ഞീ
  • കന്യാസ്ത്രീകളുടെ രാജ്ഞീ
  • സകല പുണ്യവാന്മാരുടെയും രാജ്ഞീ
  • അമലോത്ഭവയായിരിക്കുന്ന രാജ്ഞീ
  • സ്വർഗ്ഗാരോപിതയായ രാജ്ഞീ
  • പരിശുദ്ധ ജപമാലയുടെ രാജ്ഞീ
  • സമാധാനത്തിന്റെ രാജ്ഞീ
  • കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞീ


കാർമ്മി: ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ..

സമൂ: കർത്താവേ! ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ;

കാർമ്മി: ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ..

സമൂ: കർത്താവേ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ;

കാർമ്മി: ഭൂലോകപാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാടായിരിക്കുന്ന ഈശോതമ്പുരാനേ..

സമൂ: കർത്താവേ! ഞങ്ങളെ അനുഗ്രഹിക്കേണമേ;


സർ‌വ്വേശ്വരന്റെ പുണ്യസമ്പൂർണ്ണയായ മാതാവേ! ഇതാ അങ്ങേപ്പക്കൽ ഞങ്ങൾ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്തു ഞങ്ങളുടെ യാചനകൾ അങ്ങു നിരസിക്കല്ലേ. ഭാഗ്യവതിയും ആശീർ‌വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാർമ്മി: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ

സമൂ: സർ‌വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം തിരുത്തുക

കർത്താവേ! പൂർണ്ണഹൃദയത്തോടെ സാഷ്ടാംഗം പ്രണമിക്കുന്ന ഈ കുടുംബത്തെ തൃക്കൺപാർത്ത് എപ്പോഴും കന്യകയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാലേ സകല ശത്രുക്കളുടെ ഉപദ്രവങ്ങളിൽനിന്നും ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്ക് കല്പിച്ചു തന്നരുളേണമേ.

പരിശുദ്ധ രാജ്ഞീ..

പ്രാർത്ഥിക്കാം തിരുത്തുക

സർ‌‌വ്വശക്തനും നിത്യനുമായിരിക്കുന്ന സർ‌വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന പരിശുദ്ധ മറിയത്തിന്റെ ആത്മാവും ശരീരവും റൂഹാദ്കുദശായുടെ അനുഗ്രഹത്താലേ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാൻ പൂർ‌വ്വികമായി അങ്ങു നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ സ്മരിച്ചുപ്രാർത്ഥിക്കുന്ന ഞങ്ങൾ അവരുടെ അനുഗ്രഹമുള്ള അപേക്ഷയാലേ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലുംനിന്ന് രക്ഷപെടുവാൻ കൃപചെയ്യണമേ. ഈ അപേക്ഷകളെല്ലാം ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ച് ഞങ്ങൾക്ക് കല്പിച്ചരുളേണമേ, ആമ്മേൻ.


<< മറ്റു പ്രാർത്ഥനകൾ