ഒന്നാം പാദം തിരുത്തുക

ആദം ചെയ്ത പിഴയാലെ വന്നതും,
ഖേദനാശവും രക്ഷയുണ്ടായതും,
ശിക്ഷയാംവണ്ണം ചൊല്ലുന്നു സത്വരം
സൂക്ഷ്മമാം കഥ കേൾക്കേണമേവരും,
എല്ലാം മംഗളകാരണ ദൈവമേ!
നല്ല ചിന്തകളുദിപ്പിക്കേണമേ.
ജന്മദോഷമൊഴിച്ചു രക്ഷിച്ചൊരു
നിർമ്മലനീശോ കാരുണ്യമേകണം
അമ്മ കന്യകേ, ശുദ്ധ ശോഭാ നിധേ
എൻമനസ്തമസ്സൊക്കെ നീക്കേണമേ
വാനവർ, നിവിയന്മാർ ശ്ലീഹന്മാരും,
വാനിതിൽ വിളങ്ങും പുണ്യവാളരും

വന്നിനിക്കു സഹായമായുള്ളിലെ,
മന്ദം നീക്കി വെളിവുദിപ്പിക്കേണം.
സത്യമിങ്ങറിയിച്ച ഗുരുവരൻ,
മാർത്തോമായേ! സഹായമേകേണമേ!

ഇത്ഥം കേരളസത്യവേദികളെ
നിത്യം ചിന്തയാൽ പാലനം ചെയ്യുന്ന
റമ്പാന്മാരുടെ സഞ്ചയശോഭനൻ,
മേൽപ്പട്ടത്തിനലങ്കാര വർദ്ധനൻ,
മെത്രാന്മാരിലഗ്രേസരനുത്തമൻ
ശാസ്ത്രജ്ഞൻമാരിലാദ്യൻ തപോനിധി,
കുറവറ്റൊരു ഗുണാന്വിത ശീലൻ
മാറന്തോനീസെന്നോടു കല്പിച്ച നാൾ

അങ്ങേയാശീർവ്വാദത്തിനനുഗ്രഹം
മംഗലം വരുത്തുമതറിഞ്ഞു ഞാൻ,
വാരവാർത്തകൾ ചൊന്നു തുടങ്ങുന്നു.
സാരസ്യമിതു കേട്ടുകൊള്ളേണമെ

ആദിക്കു മുമ്പിൽ സർവ്വഗുണങ്ങളാൽ
സാദമെന്നിയെ സമ്പൂർണ്ണ മംഗലൻ
ആദിതാനുമനാദിയാന്തമ്പുരാൻ
ഖേദനാശനാം സ്വസ്ഥനനാരതൻ

ഇടമൊക്കെയും വ്യാപിച്ചു സ്വാമിയും
ഇടത്തിലടങ്ങാത്ത മഹത്വവും
സർവ്വ കർമ്മങ്ങൾക്കദ്വയ നാഥനും,
എല്ലാ രൂപത്തിനനുരൂപ രൂപവും,
എല്ലാം തൃപ്തി നിരന്തര പ്രാപ്തിയും.
എല്ലാം ബുദ്ധിയാൽ കണ്ടറിയുന്നവൻ
എല്ലാം സാധിപ്പാനും വശമുള്ളവൻ
ഒന്നിനാലൊരു മുട്ടുവരാത്തവൻ,
ഒന്നും തിട്ടതിയില്ലാത്ത ഭാഗ്യവാൻ,
തന്റെ മുഷ്കരം കാട്ടുവാൻ കാരണം
മറ്റു സൃഷ്ടികൾ നിർമ്മിച്ചാരംഭിച്ചു
ആകാശമുടൻ ഭൂമിയുമാദിയായ്
വാക്കിൻ ശക്തിയായ് ഭുതമായത് വന്നിതു
എത്ര ഭാരമായുള്ള ലോകങ്ങളെ
ചിത്രമർദ്ധക്ഷണം കൊണ്ടു സൃഷ്ടിച്ചു.
എത്രയത്ഭുതമായതിൽ നിർമ്മിച്ച
ചിത്രകൗശലമെത്ര മനോഹരം!
മാലാഖാമാരാം പ്രതാപമേറിയ
സ്വർലോക പ്രഭു സമൂഹവും തദാ.
സൂക്ഷ്മ, മക്ഷയം, ദീപ്തി ലഘുത്വവും
രക്ഷകൻ നൽകി ഭൃത്യവൃന്ദത്തിന്
ധീ, സ്മരണ, മനസ്സിതുത്രിവശം
വിസ്മേയനാഥൻ നൽകി സ്വസാദൃശ്യം

സൽപ്രതാപപ്പെരുമയറിവാനും
തൽപരനെ സ്തുതിച്ചാരാധിപ്പാനും
ഇപ്രകാരമരുപി സമൂഹത്തെ
താൻ പ്രിയത്തോടെ സൃഷ്ടിച്ചനവധി

അവർക്കാനന്ദമോക്ഷത്തെ പ്രാപിപ്പാൻ
ദേവൻ കൽപിച്ചു ന്യായപ്രമാണവും
അരൂപരൂപമായവനിയതിൽ
നരവർഗ്ഗത്തെ സൃഷ്ടിക്കു ദാസരായ്

ഭൂനരകത്തിലായ് വലയും വിധൌ
ഭൂനരത്രാണത്തിനു മമ സുതൻ
ഭൂതലേ നരനായവതരിക്കും
ഭൂതനാഥനെ വന്ദിച്ചാരാധിച്ചു,

നീതിസമ്മതഞ്ചെയ്തു കൃപാഫലം
സതതാനന്ദ മോക്ഷത്തെ നേടിടുവാൻ
മേവിധിയതു സമ്മതമല്ലെങ്കിൽ
ഭവിക്കും സദാ സങ്കടം നിശ്ചയം


പരീക്ഷിപ്പതിന്നായൊരു കൽപന
പരമദേവൻ കൽപിച്ചനന്തരം
സ്വാമിതന്നുടെ ന്യായദയാവിധി
സുമനസ്സോടെ സമ്മതിച്ചു പലർ

അസമേശനെക്കണ്ടവരക്ഷണെ
അസമഭാഗ്യ പ്രാപ്തിയെ നേടിനാർ
മോക്ഷഭാഗ്യം ഭവിച്ച മാലാഖമാർ
അക്ഷയസുഖം വാഴുന്നാനന്ദമായ്

ശേഷിച്ച മഹാ മുഖ്യസ്വരൂപികൾ,
ഭോഷത്തം നിരൂപിച്ചു മദിച്ചുടൻ
അവർക്കു ദേവൻ നൽകിയ ഭാഗ്യങ്ങൾ
അവർ കണ്ടു നിഗളിച്ചനേകവും

ദേവനോടും സമമെന്നു ഭാവിച്ച്
ദൈവകൽപന ലംഘനം ചെയ്തവർ
നിന്ദ ചെയ്തതു കണ്ടഖിലേശ്വരൻ
നിന്ദാഭാജന നീചവൃന്ദത്തിനെ

സ്വരൂപശോഭ നീക്കി വിരൂപവും
അരൂപികൾക്ക് നൽകി നിരാമയം
ദേവകോപ മഹാശാപവും ചെയ്ത്
അവനിയുടെ ഉള്ളിലധോലോകേ

നിഷ്ഠൂരികളെ തട്ടിക്കളഞ്ഞുടൻ
കഷ്ടമായ മഹാ നരകാഗ്നിയിൽ
ദുഷ്ടരായ പിശാചുക്കളൊക്കെയും
നഷ്ടപ്പെട്ടതിൽ വീണു നശിക്കിലും

ദുഷ്ടത, ഗുണദോഷ, പൈശൂന്യവും
ഒട്ടുമേ കുറവില്ലവർക്കൊന്നുമേ.
മുന്നമിഗ്ഗണം സൃഷ്ടിച്ച തമ്പുരാൻ
പിന്നെ മന്നിലുണ്ടാക്കി പലതരം

ആറാം നാളതിൽ മർത്ത്യരിൽ മുമ്പനെ
അറാവുത്തായിൽ സൃഷ്ടിച്ചു തമ്പുരാൻ
മണ്ണുകൊണ്ടൊരു യോഗ്യശരീരത്തെ-
യുണ്ടാക്കിയതിൽ ജീവനെ പൂകിച്ചു.
ബുദ്ധിചിത്തവും പഞ്ചേന്ദ്രിയങ്ങളും
ആദമെന്നൊരു പേരും കൊടുത്തിതു
പറുദീസായിലിരുത്തിയാദത്തെ
ഏറെസൌഖ്യമുള്ള സ്ഥലമായത്

സ്വപ്നത്തിലന്റെയൊരു വാരിയാൽ
തമ്പുരാൻ സ്ത്രീയെ നിർമ്മിച്ചു തൽക്ഷണം
ആദിനാഥനു പുത്രരിതെന്നപോൽ
ആദം ഹാവായും നരപിതാക്കളായ്

തൽബുദ്ധിയും മനസുമതു പോലെ
നൽകി ദേവന്മാർക്കു കരുണയാൽ
നേരുബുദ്ധിയിൽ തോന്നിടും നേരിന്നു
വൈരസ്യമവർക്കിഛയായ് വന്നീടാ
ന്യായം പോൽ നടപ്പാൻ വിഷമമില്ല
മായമെന്നതു ബുദ്ധിയിൽ തോന്നിടാ
ദൃഷ്ടിക്കെത്തുന്ന വസ്തുക്കളൊക്കെയും,
സൃഷ്ടമായൊരീഭൂമിയും വ്യോമവും

അവർക്കുപകാരത്തിനു തമ്പുരാൻ
കീഴടക്കിക്കൊടുത്തു ദയവോടെ
സിംഹവ്യാഘ്രങ്ങൾ പക്ഷിനാൽക്കാലികൾ
അങ്ങുന്നൊക്കെ മാനുഷർക്കു നൽകിനാൻ
മൃഗങ്ങൾ, വിധിയായവ്വണ്ണമുടൻ
വർഗ്ഗത്താത് സ്വർഗ്ഗനാഥനെ ശങ്കിക്കും.
നക്ര, ചക്ര, മകരാദി മത്സ്യങ്ങൾ
ഭക്ഷ്യകാകനിക്കൂടെയുമവ്വണം
വൃക്ഷങ്ങൾ പുല്ലും പുഷ്പാദിവർഗ്ഗവും
ഒക്കെയാദത്തിൻ കൽപന കേൾക്കുമേ.

കണ്ടതെല്ലാമനുഭവിപ്പാൻ വശം
ദണ്ഡത്തിന്നുടെ പേരുമില്ല സദാ
കേടും ക്ലേശവും എന്തെന്നറിവില്ല.
പേടിക്കുമൊരു ശക്തരിപുവില്ല,

പൈയും ദാഹവും തീർപ്പതിനൊക്കവേ
വിയർപ്പെന്നിയെ ഭൂമി കൊടുത്തിടും
ചിന്തിച്ചതെല്ലാം സാധിച്ചുകൊള്ളുവാൻ
അന്തമില്ലാത്തൊരീശൻ ദയാപരൻ,
അൽപിതാവു തനയന്മാർക്കെന്നപോൽ
താൻ പ്രിയത്തോടു സൃഷ്ടിച്ചു നൽകിനാൻ.

പിന്പവർക്കൊരു പ്രമാണം കൽപിച്ചു
അന്പിനോടതു കാക്കണം പഥ്യമായ്,
തൽപരനെന്നൊരുൾഭയമെപ്പോഴും
ഉൾപ്പൂവിലവരോർക്കണമെന്നിട്ട്,
വൃക്ഷമൊന്നു വിലക്കി സർവ്വേശ്വരൻ
അക്ഷിഗോചരമൊക്കെയും ദത്തമായ്
ഒന്നുമാത്രമരുതൊരു കാകനി
തിന്നാൽ ദോഷവും നാശവുമാമത്,
എപ്പോഴുമെന്നെയോർത്ത് പ്രിയത്താലെ
ഇപ്രമാണം വഴിപോലെ കാക്കേണം
ഇക്കൽപനയ്ക്കൊരീഷൽ വരുത്തായ്കിൽ
എല്ലാ ഭാഗ്യവുമന്തരിക്കയില്ല
അവർക്കുമർക്കുള്ള ജന്മത്തിന്നും
നിർവിശേഷ സൌഖ്യം രസിക്കാം സദാ,

കൽപനയ്ക്കൊരു വീഴ്ച വരുത്തിയാൽ
അപ്പോൾ ദുർഗ്ഗതിവാതിൽ തുറന്നുപോം
അനർത്ഥങ്ങളനേകമുണ്ടായ്‍വരും
സന്തതിയും നശിക്കുമനന്തരം,

ഇഗ്ഗുണ ശുഭ ഭാഗ്യവും നാസ്തിയാം
നിർഗുണ താപവാരിയിൽ വീണുപോം
ഇപ്പടി ഗുണദോഷഫലങ്ങളും
തൽപരനരുളിച്ചെയ്തിരുന്നതിനാൽ

ചൊൽപെരിയവൻ കൽപിച്ചതുപോലെ
ഉൾപ്രസാദിച്ചവരിരിക്കും വിധൌ
അപ്പോഴെ നരകത്തിലസുരകൾ
ഉൾപുവിലതിദ്വേഷം കലർന്നുടൻ
മുന്നം വാനതിലാഞ്ചുകളായി നാം
ഉന്നതപ്രഭയോടെ വിളങ്ങുന്നാൾ
അന്നു ദേവതിരുവുള്ളക്കേടിനാൽ
വൻനരകത്തിൽ പോന്നതിവർ മൂലം

മർത്ത്യദേവനെ വന്ദിച്ചാരാധിപ്പാൻ
കീർത്തിഹീനം നമുക്കു വിധിച്ചത്
ഒത്തു സമ്മതിച്ചില്ലെന്ന കാരണത്താൽ
കർത്താവു നമ്മേ ശിക്ഷിച്ചധോലോകേ

അന്നു നാശം നമുക്കു ഭവിച്ചതു
മിന്നരകുലത്തിന്നുടെ കാരണം
എന്നതുകൊണ്ടീ മനുഷവർഗ്ഗത്തെ
ഇന്നരകത്തിൽ കൂടെ മുടിക്കേണം

ദേവൻ നമ്മേ ശിക്ഷിച്ചതിനുത്തരം
ദേവസേവകരെ നശിപ്പിക്കേണം
ദേവനോടും മാലാഖാവൃന്ദത്തോടും
ആവതല്ലിവരോടേ ഫലിച്ചീടു-
മെന്നതിനെന്തുപായം നമുക്കെന്നു-
വന്നരക പിശാചുക്കൾ ചിന്തിച്ചു.

ദേവനിഷ്ട,രവരതു കാരണം
ആവതില്ല നമുക്കവരോടിപ്പോൾ
അവരിൽ തിരുവുള്ളം കുറയുമ്പോൾ
അവരോടു ഫലിക്കും നമുക്കഹോ

തിരുവുള്ളം കുറയണമെങ്കിലോ
അരുളപ്പാടവരു കടക്കേണം
ദേവകൽപന ലംഘിക്കിലാരേയും
ദേവൻ ശിക്ഷിക്കുമെന്നു ഗ്രഹിച്ചല്ലോ
എങ്കിലോയിവർക്കുമൊരു പ്രമാണം
സകലേശ്വരൻ കൽപിച്ചിട്ടുണ്ടല്ലോ
എന്നാലാവിധി ലംഘനം ചെയ്യിപ്പാൻ
ചെന്നു വേലചെയ്തിടേണം നാമിപ്പോൾ
എന്നുറച്ചു പിശാചു പുറപ്പെട്ടു

അന്നു വഞ്ചകൻ തൻ വ്യാജക്രിയയ്ക്ക്
തക്ക വാഹനമായ് കണ്ടു സർപ്പത്തെ
എക്കാലത്തും മർത്ത്യർക്കു രിപു സർപ്പം
അറപ്പാൻ യോഗ്യൻ വിഷം ധൂളുന്നവൻ
മറിഞ്ഞിഴഞ്ഞു ഭൂമിയിൽ മേവുന്നോൻ
നീചൻ ഘാതകൻ ജാത്യാരിപു സാത്താൻ
നീചസർപ്പത്തിൽ ചെന്നു ഹാവാ മുന്നിൽ


ഒന്നാം പാദം സമാപ്തം

"https://ml.wikisource.org/w/index.php?title=പുത്തൻ_പാന/ഒന്നാം_പാദം&oldid=77100" എന്ന താളിൽനിന്ന് ശേഖരിച്ചത്