ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം
ഭോഷന്മാർക്കുമിഹാതിഭീഷണമഹാമോഹാമയൈകൌഷധം
ഭാഷാദേവതതന്റെ പാദകമലം ഭക്ത്യാ വണങ്ങീട്ടു ഞാൻ
ഭാഷാഭൂഷണസംജ്ഞമജ്ഞസുഗമം സാഹിത്യശാസ്ത്രം നവം
ഭാഷിപ്പാൻ തുനിയുന്നു ദോഷമഖിലം ദോഷജ്ഞർ മർഷിക്കണം.
അലങ്കാരപ്രകരണം

കാവ്യത്തിന്റെ സ്വരൂപം, വിഭാഗങ്ങൾ, വൃത്തിരീത്യാദികൾ, ഗുണദോഷങ്ങൾ, അലങ്കാരങ്ങൾ - ഇതുകളാകുന്നു സാഹിത്യശാസ്ത്രത്തിന്റെ പ്രതിപാദ്യവിഷയം. ഇവയെ ഇപ്പറഞ്ഞ മുറയ്ക്കു് എടുക്കുകയാകുന്നു യുക്തിക്കു ചേർന്നതും പഴയ ഗ്രന്ഥകാരന്മാരുടെ സമ്പ്രദായവും. എങ്കിലും ഈ ക്രമത്തെ നേരെ മറിച്ചിടുന്നതായാൽ , ബാലന്മാർക്കു ഗ്രഹിക്കുന്നതിൽ സൗകര്യം അധികമുണ്ടാകുമെന്ന് തോന്നുകയാൽ ഒടുവിൽ പറഞ്ഞ അലങ്കാരങ്ങളെ ഇവിടെ ആദ്യമായി പ്രസ്താവിക്കുന്നു. വിഷയങ്ങലെ ഏതു മുറയ്ക്കെടുക്കുന്നതായാലും അവയ്ക്കുള്ള പരസ്പരാപേക്ഷ പരിഹരിക്കപ്പെടാവുന്നതുമല്ല. അലങ്കാരപ്രകരണത്തെ ആദ്യമായി സ്വീകരിക്കുന്നപക്ഷം, കാവ്യമെന്നാലിന്നത് എന്നുള്ള അറിവ് ശിഷ്യനു സിദ്ധിച്ചിട്ടുണ്ടെന്നു കൽ‌പ്പിക്കേണ്ടി വരുന്നതുപോലെ തന്നെ, കാവ്യസ്വരൂപ നിരൂപണം ആദ്യം ആരംഭിക്കുന്ന പക്ഷം, ഗുണദോഷാലങ്കാരാദികളുടെ പരിജ്ഞാനത്തെ സിദ്ധിവൽക്കരിച്ചു വ്യവഹരിക്കേണ്ടി വരുന്നതാണ്.

അലങ്കാരമെന്നാലെന്ത്?


ശബ്ദാർത്ഥങ്ങളിൽ വച്ചൊന്നിൽ
വാച്യമായിട്ടിരുന്നിടും
ചമൽക്കാരം ചമയ്ക്കുന്ന
മട്ടലങ്കാരമായത്. 1

മഹാകവികളുടെ കൃതികൾ വായിക്കുമ്പോൾ എന്തോ ഒരു ആഹ്ലാദം നമുക്കു് അനുഭവസിദ്ധമായിട്ടുണ്ടല്ലോ. ഈ ആഹ്ലാദത്തെ അനുഭവിക്കുന്നതിനു് അനുകൂലമായ ബുദ്ധിയുള്ളവരെ സഹൃദയന്മാർ എന്നു പറയുന്നു. സഹൃദയന്മാരുടെ ഹൃദയത്തിന് ആഹ്ലാദത്തെ ജനിപ്പിക്കുന്നതായ കവിതാധർമ്മത്തിന് ചമൽക്കാരമെന്നു പേർ. ചമൽക്കാരത്തിനു ആശ്രയമായ വാക്യഭംഗി തന്നെ അലങ്കാരം. ആ ചമൽക്കാരം ശബ്ദത്തെയോ അർത്ഥത്തെയോ ആശ്രയിച്ചു വരാം; അതിനാലാണ് ‘ശ


കാരിക 1. വാച്യമായിട്ടു് = സ്പഷ്ടമായിട്ടു്. അർത്ഥാലങ്കാരങ്ങൾ വാച്യങ്ങളെങ്കിലും ശബ്ദാലങ്കാരങ്ങൾ ശ്രവണമാത്രത്തിൽ സ്പഷ്ടമാവുകയാണല്ലോ ചെയ്യുന്നതു്.