ഭാഷാഭൂഷണം/ഗുണീഭൂതവ്യംഗ്യപ്രകരണം

ഭാഷാഭൂഷണം
രചന:എ.ആർ. രാജരാജവർമ്മ
ഗുണീഭൂതവ്യംഗ്യപ്രകരണം
ഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

എല്ലാമാതിരി വ്യംഗവും പരാംഗത്വം പ്രാപിച്ച് അപ്രധാനമായിത്തീരുമ്പോൾ ഗുണീഭൂതവ്യംഗ്യമെന്നു പറയപ്പെടുന്നു. വ്യംഗ്യം അംഗമായിത്തീരുന്നത് പ്രായേണ വാച്യത്തിനാകുന്നു. സർവോത്തരചമത്കാരഭൂമിയായ വ്യംഗ്യത്താൽ വിശേഷിക്കപ്പെടുമ്പോൾ വാച്യത്തിന് ഒരു ചമത്കാരം സിദ്ധിക്കാതിരിക്കാൻ പാടില്ല. വാച്യത്തിന്റെ ചമത്കാരത്തെയാണല്ലോ അലങ്കാരമെന്നു പറയുന്നത്. അതിനാൽ ഗുണീഭൂതവ്യംഗ്യമെല്ലാം അലങ്കാരങ്ങളുടെ കൂട്ടത്തിൽ ഗണിക്കപ്പെടുന്നു. അതിൽ അസം‌ലക്ഷ്യക്രമമെന്നു പേരുള്ള രസഭാവാദികൾ പരാംഗങ്ങളായി വരുന്നതിന് രസവാൻ, പ്രേയസ്സ് മുതലായ സംജ്ഞകൾ ചെയ്തിട്ടുണ്ട്. സം‌ലക്ഷ്യക്രമവ്യംഗ്യം അപ്രധാനമായി വരുന്നതിൽ ഏതാനും ചിലതിനു മാത്രമേ പേരിട്ടിട്ടുള്ളു. ഈ വകയിൽ സമാസോക്തിയെ ഒന്നാമതായി ഗണിക്കാം. എന്നാൽ അവയ്ക്ക് ഗുണീഭാവം വരുന്നതിന്റെ സ്വഭാവഭേദം പ്രമാണിച്ച് അവാന്തരഭേദങ്ങൾ അവയിലും ചെയ്തിട്ടുണ്ട്. അതിൽ അടുത്തു വിവരിച്ച രസഭാവാദികൾ അപ്രധാനങ്ങളായിത്തീരുന്നതിൽ ഉളവാകുന്നവയെ ആദ്യം പ്രസ്താവിക്കുന്നു -


ഗുണീഭൂതമതാം വ്യങ്‌ഗ്യ-

മലങ്കാരം ചമച്ചിടും


വ്യംഗ്യം ഗുണീഭൂതമാകുമ്പോൾ അലങ്കാരങ്ങളുടെ കൂട്ടത്തിൽ ഗണിക്കപ്പെടുന്നു. മറ്റൊന്നിന് ശോഭയെ ജനിപ്പിക്കയാണല്ലോ അലങ്കാരത്തിന്റെ പ്രധാനധർമം. അംഗമായിത്തീരുന്ന വ്യംഗ്യം അംഗിക്ക് ശോഭാകരമാകുന്നതിനാൽ, അതുകൊണ്ട് അലങ്കാരമായി. സ്വയം വ്യംഗ്യരൂപമാകയാൽ ഉപമാദിവാച്യാലങ്കാരങ്ങൾ ഇതിനെ അലങ്കരിക്കും; അവയാൽ അലംകൃതമായ ഇത് തന്റെ പ്രധാനിക്ക് അലങ്കാരമായിത്തീരുന്നു. പരിവാരപരീതയായി സർവാഭരണഭൂഷിതയായ രാജമഹിഷി യുദ്ധവിജയിയായ ശത്രുവിനു ദാസിയായിത്തീർന്ന് അവന്റെ സഭയെ അലങ്കരിക്കുന്നതുപോലെ എന്ന് ദൃഷ്ടാന്തം പറയാം. ഈ യുക്തിപ്രകാരം വേറേ രസഭാവങ്ങൾക്ക് അംഗമായി വരുന്ന രസഭാവങ്ങൾ, തനിക്കുള്ള ചമത്കാരം ശബ്ദത്താലോ അർത്ഥത്താലോ സമർപ്പിതമെങ്കിലും, അലങ്കാരദശയെ പ്രാപിക്കുന്നു. ഈ വ്യത്യസ്തത്തെ കരുതിയിട്ടാണ് ആരംഭത്തിൽ ‘വ്യംഗ്യം അംഗമായിത്തീരുന്നത്, പ്രായേണ വാച്യത്തിനാകുന്നു’ എന്നു ചൊന്നത്. ഈ വ്യംഗ്യരൂപാലങ്കാരങ്ങൾക്കു പേരുകൾ പറയുന്നു.


രസഭാവതദാഭാസ-

ശാന്തികൾക്കു പരാംഗത

വരുമ്പോൾ രസവാൻ‌പ്രേയ-

സ്സൂർജസ്വി ച സമാഹിതം. 182


പരാംഗമായ രസം ‘രസാവാൻ’ എന്നു പേരായ അലങ്കാരം; ഭാവം പ്രേയസ്സ്; രസാഭാസഭാവാഭാസങ്ങൾ ഊർജ്വസി; ഭാവശാന്തി സമാഹിതം.

മുറയ്ക്ക് ഉദാഹരണം - രസവാൻ -


“പേടിച്ചുള്ളിളമാൻ‌മിഴിക്കു സമമായ് നേത്രങ്ങളേറ്റം ചലി-

ച്ചാടും ഗർഭഭരത്തിനാലൊരടിവെപ്പാൻ‌കൂടി വയ്യാതെയായ്

ആടൽ‌പ്പെട്ടൊരു കാന്തതന്നുടെ ബിസം‌പോലെ തളർന്നേറ്റവും

വാടീടും മൃദുമേനിയെപ്പുലികുലം ഭക്ഷിച്ചിരിക്കും ദൃഢം!‌“ - ഉത്തരരാമചരിതം.


ഇതിൽ കരുണത്തിന് ശൃംഗാരം അംഗം.

സ്വാധ്യായത്തിനിതല്ല വേള വെളിയിൽ പേശാതിരിക്കൂ വിധേ!

ശ്രദ്ധിച്ചൊച്ച ചുരുക്കിയോതുക ഗുരോ! ശക്രൻ സദസ്സല്ലിത്;

വെയ്ക്കൂ നാരദ! വീണയങ്ങിഹമതി സ്തോത്രങ്ങൾ കേൾ തുംബുരോ!

തത്കാലം കില ജാനകീവിഷയമാം ചീലായ്മ ലങ്കേശന്. -സ്വ.


രാവണദ്വാരപാലന്റെ വാക്കായ ഈ ശ്ലോകത്തിൽ വീരരസം വിപ്രലംഭശൃഗാരത്തിന് അംഗം.


വാനത്തങ്ങു വിമാനസീമ്നി സുമനഃസ്ത്രീതൻസമാലിംഗനാ-

ലാനന്ദത്തൊടു വാണുകൊണ്ടവനിമേൽ വീണോരു തന്മേനിയിൽ

സ്വൈരം ഫേരവനാരി വന്നതിരസാൽ ചുംബിച്ചു ദന്തക്ഷതം

പാരം ചെയ്‌വതു പാർത്തിടുന്നു കുതുകം കൈയ്ക്കൊണ്ടു വീരൻ രണേ! - സ്വ.


ഇതിൽ വീരരസത്തിനു ശൃംഗാരബീഭത്സങ്ങൾ അംഗം.


പ്രേയസ്സ് -


‘എന്നക്കാശിയിൽ വാണു.....നയിപ്പേൻ ദിനം’ (ഭാവികോദാഹരണം)

ഇവിടെ ഭക്തിഭാവം ചിന്തയ്ക്ക് അംഗം.


ഊർജസ്വി -


“നേരം‌പോക്കായ് പുഴുക്കിബ്‌ബിസകബളമുടൻ നൽകിയും പദ്മഗന്ധം

ചേരും വെള്ളത്തെ വായിൽ പ്രണയമൊടഥ താനേകിയും പാകമായി

നീരിൻ നൽത്തുള്ളി ചിന്നും നിജകരമതിനാൽ സേകവും ചെയ്തുനാളം

നേരേ നീണ്ടുള്ള നൽത്താമരയില കുടയായിട്ടു പിന്നെപ്പിടിച്ചാൻ” - ഉ. രാ.


സീത വളർത്തിയിരുന്ന ആനക്കുട്ടിയെ വാത്സല്യത്തോടുകൂടി നോക്കിയിട്ട് രാമൻ പറയുന്ന ഈ ശ്ലോകത്തിൽ ശൃംഗാരാഭാസം വാത്സല്യഭാവത്തിന് അംഗം.


സമാഹിതം -

എത്ര വന്മലകളങ്ങുമിങ്ങുമമരുന്നു പിന്നുദധിയാണ്ടിടു-

ന്നെത്രദിക്കിതു സമസ്തവും വഹസി ധാത്രി കേളയി! നമോസ്തുതേ

ഇത്തരം സ്തുതികൾ ചിത്രമോടവനിദേവിയാൾക്കു തുടരുന്നപോ-

തോർത്തു ഞാനതു മടക്കുമിത്തവഭുജം; നിലച്ചവിടെ വാക്കുകൾ. - സ്വ.


ഇവിടെ രാജവിഷയരതിക്ക് അംഗമായ ഭൂവിഷയരതി പ്രശാമ്യ്ദവസ്ഥയിൽ വ്യഞ്ജിക്കുന്നു.


ഭാവോദയം ഭാവസന്ധി

ശബളത്വമിവറ്റയും

അങ്‌ഗമായാലലങ്കാരം

പേരുമാറുന്നതില്ലിഹ 183


ഭാവോദയാദി മൂന്നും അംഗിയായാൽ ധ്വനി; അംഗമായാൽ അലങ്കാരം; രസവദാദികളെപ്പോലെ സംജ്ഞാഭേദം ഇവിടെ ചെയ്തിട്ടില്ല എന്നുമാത്രം വിശേഷം.


മുറയ്ക്ക് ഉദാഹരണം:


ഭാവോദയം - അലങ്കാരം -

ഇന്നാളൊരിക്കൽ നൃപ! നിന്നുടെ വൈരിഭൂപ-

നൊന്നിച്ചു സുന്ദരികളോടു രമിച്ചിടുമ്പോൾ

നിൻ‌നാമമന്യപരമായി യദൃച്ഛയാലേ

ചൊന്നാളൊരുത്തിയവനാശു വിറച്ചുവീണാൻ - സ്വ.


ഇവിടെ രാജവിഷയകരതിയുടെ അംഗമായിട്ട് ത്രാസമെന്ന ഭാവത്തിന്റെ ഉദയം.


ഭാവസന്ധി - അലങ്കാരം -

കടുക്കും കാഠിന്യം തടകിന തപത്തിൻ കടുതക-

ണ്ടെടുക്കാൻ സ്വം രൂപം ത്വരയോടു മഥാദ്രീന്ദ്രജയുടെ

പടുത്വം ചേർന്നിടും ചടുമൊഴികൾ കേട്ടിട്ടതിരസാൽ

മടിച്ചും വാണോരത്ത്രിപുരരിപു നൽകട്ടെ കുശലം - സ്വ.


ഇതിൽ ശിവഭക്തിക്ക് അംഗങ്ങളായ ആവേഗധൈര്യങ്ങൾക്ക് സന്ധി.


ഭാവശബളത - അലങ്കാരം -


“വല്ലോരും കാണും, എന്തേ ചപലത? നടകൊള്ളങ്ങു; ഞാൻ കന്യയല്ലോ?

തെല്ലെന്നെത്താങ്ങിടയ്യോ! വിട! വിടുക; മറഞ്ഞെങ്ങു നീ? മണ്ടിടുന്നോ.”

എന്നിമ്മട്ടിൽ, കൊടുങ്കാടതിലമരുമൊരന്നിന്നരിക്ഷോണിഭൃത്തിൻ-

കന്യാ ചൊല്ലുന്നധന്യാ തരുഫലഹരണം ചെയ്യവേ വേടനോട്. - സ്വ.


ഇവിടെ രാജവിഷയകയായ രതിക്ക് അംഗങ്ങളായ ശക, അസൂയ, ധൃതി, സ്മൃതി, ശ്രമം, ദൈന്യം, ഔത്സുക്യം, ശങ്ക ഈ സഞ്ചാരികൾക്ക് ശബളത.


അനന്തരം അനുസ്വാനധ്വനിയുടെ അപ്രാധാന്യത്തിൽ ഉളവാകുന്ന ഗുണീഭൂതവ്യംഗ്യങ്ങളെ അപ്രാധാന്യം സംഭവിക്കുന്നതിനുള്ള മാർഗങ്ങൾ മുഖേന പരിഗണിക്കുന്നു -


വാച്യാങ്‌ഗം വാച്യസിദ്ധ്യങ്‌ഗം

തുല്യപ്രാധാന്യമസ്ഫുടം

സന്ദിഹ്യമാനപ്രാധാന്യം

കാക്വാക്ഷിപ്തമസുന്ദരം 184


അഗൂഢമെന്നെട്ടുവിധം

വ്യംഗ്യത്തിന്നപ്രധാനത 185


ഇച്ചൊന്ന എട്ടു പ്രകാരത്തിൽ വ്യംഗ്യത്തിന് ഗുണീഭാവം വരും; അതുകൊണ്ട് ഗുണീഭൂതവ്യംഗ്യത്തിന് വാച്യാംഗം. വാച്യസിദ്ധ്യംഗം ഇത്യാദി എട്ടു വകഭേദങ്ങൾ. ഇവയ്ക്ക് ലക്ഷണം സ്പഷ്ടം.


മുറയ്ക്ക് ഉദാഹരണങ്ങൾ -

1. വാച്യാംഗം


ഇതിന് സമാസോക്തിതന്നെ ഉദാഹരണം. സമാസോക്തിയിൽ വിശേഷ്യം ശ്ലിഷ്ടമല്ലാത്തതിനാൽ വ്യംഗ്യമായ അപ്രസ്തുത വൃത്താന്തത്തിന് വാച്യമായ പ്രസ്തുതവൃത്താന്തത്തിൽ ആരോപണം ചെയ്തതിനുമേൽ മാത്രമേ അടിസ്ഥാനം കിട്ടുന്നുള്ളു. അതിനാൽ വ്യംഗ്യം വാച്യത്തിന് അംഗമായിപ്പോകുന്നു.


2. വാച്യസിദ്ധ്യംഗം


“പ്രാർത്ഥിച്ചാൽ പദമേക.....”

ഇത്യാദി ഉപമയിൽ ഉദാഹരിച്ചതും,

“അന്തർഭാഗത്തു ചേർത്തുമ്മര.....” (വ്യതിരേകം)

ഇത്യാദിയും മറ്റും ഉദാഹരണം. ഇവയിൽ പ്രകരണബലത്താൽ വാച്യാർത്ഥത്തിന് പ്രഥമം പ്രതീതി വന്നതിൽ‌പ്പിന്നെ ഉദിക്കുന്ന രണ്ടാമത്തേ അർത്ഥം ‘നവോഢാസമം’, ‘സിന്ധുവിന്നൊപ്പം’ എന്ന ഉപമയെ സാധിക്കുന്നതിന് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ വാച്യത്തിന്റെ സിദ്ധിക്കുതന്നെ ഒരംഗമായിപ്പോയി. ഇത് ശബ്ദശക്തി മൂലവ്യംഗ്യത്തിന് ഗുണീഭാവം വരുന്നതിന് ഉദാഹരണം.

“പിച്ചക്കാരൻ ഗമിച്ചാനെവിടെ...”ഇത്യാദി വക്രോക്തികൾ അർത്ഥശക്തിമൂലത്തിന് ഉദാഹരണമാകും. ഇതിൽ ചോദ്യങ്ങളുടെ വ്യംഗ്യാർത്ഥം ഗ്രഹിച്ചതിനുമേലേ ഉത്തരങ്ങൾക്ക് അർത്ഥബോധമുണ്ടാകയുള്ളു എന്നതിനാൽ വ്യംഗ്യം വാച്യസിദ്ധ്യംഗം.


3. തുല്യപ്രാധാന്യം


ദ്വിജദ്രോഹമുപേക്ഷിക്ക പഥ്യമാം രാക്ഷസർക്കുതാൻ;

അല്ലെങ്കിലല്ലലുളവാം നിന്മിത്രം ജാമദഗ്ന്യനും. -സ്വ.

ഇത് ജാമദഗ്ന്യൻ രാവണന് പറഞ്ഞയയ്ക്കുന്ന സന്ദേശം. ഇവിടെ ജാമദഗ്ന്യൻ ക്ഷത്രിയരെ ക്ഷയിപ്പിച്ചതുപോലെ രാക്ഷസരെയും നശിപ്പിക്കുമെന്ന് വ്യംഗ്യം. ഇതിനെ സമർപ്പിക്കുന്ന വാച്യാർത്ഥവും സ്വയമേ ഉപദേശരൂപേണ ചമത്കാരി ആയിരിക്കുന്നതിനാൽ പ്രാധാന്യം തുല്യം.


4. അസ്ഫുടം

രസിക്കാ സത്യമോതീടിലസത്യം സ്വാമിവഞ്ചനം;

അസത്യം സത്യവും രണ്ടും ചൊല്ലൊലാ രാജസന്നിധൗ - സ്വ.

ഇവിടെ ഹിതം നോക്കിപ്പറയണമെന്ന വ്യംഗ്യം സഹൃദയന്മാർക്കും ക്ഷണത്തിൽ സ്ഫുരിക്കുന്നില്ല.


5. സന്ദിഹ്യമാനപ്രാധാന്യം


“ചന്ദ്രോദയം പാർത്തെഴുമാഴിപോലെ

തത്കാലമുള്ളൊന്നു ചലിച്ചൊരീശൻ

പാരിച്ച ബിംബാധരകാന്തികോലും-

ഗൗരീമുഖേ കണ്ണുകളൂന്നി മൂന്നു.” - കുമാരസംഭവം.


ഇവിടെ ‘മുഖത്തിൽ മൂന്നു കണ്ണുമൂന്നി’ എന്ന വാച്യമോ ‘ചുംബനം ഇച്ഛിച്ചു’ എന്ന വ്യംഗ്യമോ പ്രധാനം എന്ന് സന്ദേഹം.


6. കാക്വാക്ഷിപ്തം


“പോരിൽ കൗരവവൃന്ദമുത്കടരുഷാ കൊല്ലുന്നതില്ലേഷ ഞാൻ?

കോരിച്ചോരകുടിപ്പതില്ല നിയതം ദുശ്ശാസനോരഃസ്ഥലാൽ?

ഊരുനല്‌ഗദകൊണ്ടടിച്ചു പൊടിയാക്കുന്നില്ല ദുര്യോധന-

സ്യാരൂഢാദരമത്ര സന്ധി നൃവരൻ ചെയ്യാം പണത്തോടുടൻ. - വേണീസംഹാരം.

ഇതിൽ ‘കൊല്ലുന്നതില്ലയോ’, ‘കുടിപ്പതില്ലയോ’, ‘പൊടിയാക്കുന്നില്ലയോ’ എന്ന് സ്വരംകൊണ്ട് കാകു(ചോദ്യം) അർത്ഥം വരുന്നു.


7. അസുന്ദരം

മഞ്ജുളബകുളപ്പൂമലർ-

മഞ്ജരിയേന്തും കരത്തോടേ കൃഷ്ണൻ

ചെല്ലുമ്പോൾ വാടിടുന്നൂ

വല്ലാതേ വല്ലവിയ്ക്കു മുഖകമലം. - സ്വ.


ഇവിടെ രൂപകാലംകൃതമായ മുഖകമലഗ്ലാനിരൂപവാച്യത്തിന് ബകുളവനത്തിൽ ഗോപി ദത്തസങ്കേത ആയിരുന്നുവെന്ന വ്യംഗ്യത്തേക്കാൾ ചമത്കാരാതിശയം ഉള്ളതിനാൽ വ്യംഗ്യം അസുന്ദരമായി.


8. അഗൂഢം


“സ്മയമാനമുഖഃ സ താമവാദീ-

ദയി! മുഗ്ധേ! ശൃണു നിൻ‌കചാഭിമർശീ

അയമദ്യ ശഠോ ജടാസുരേന്ദ്രാ-

ന്നിയതം ദാരുണനല്ല ഖേദിയാതേ!“ - ഭാരതചമ്പു.


ഭീമന്റെ സൈരന്ധ്രിയോടുള്ള ഈ വാക്കിൽ ‘കീചകൻ ജടാസുരനേക്കാൾ ദാരുണനല്ല’ എന്നുള്ള വാച്യത്തിൽനിന്നുളവാകുന്ന ‘ഇവനെ നിഗ്രഹിക്കുന്നത് എനിക്ക് എളുതാണ്’ എന്നുള്ള വ്യംഗ്യം വാച്യം പോലെ അതിപ്രകടമായിരിക്കുന്നതിനാൽ അഗൂഢം.


ഭവ്യാലംകൃതിചാരു, കൗതുകകരം,

ബന്ധത്തിലും, ബന്ധുരം,

നിർവ്യാജോജ്ജ്വല സത്പദാർത്ഥരചിതം,

ശ്രവ്യാതിമഞ്ജുധ്വനി,

ദോഷാദൂഷിതസൂക്തരത്നനികരം

ചേർത്തിങ്ങു തീർത്തുള്ളതാം

ഭാഷാഭൂഷണമെന്നുമേ ഹൃദി ധരി-

ച്ചീടട്ടെ വിദ്യാർത്ഥികൾ.


ശുഭമസ്തു.