ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


ഇവയിൽ ഏതാനും ചിലതിന് ഉദാഹരണങ്ങൾ :

10. കുംഭീകുലോത്തമൻ തുമ്പിക്കരം കൊണ്ടു
കുമ്പിട്ടു കൂപ്പീടുമൂരുകാൺദങ്ങളും
കുംഭീന്ദ്രമസ്തകസന്നിഭജാനുവും-
മംഭോജബാണനിഷംഗാഭജംഘയും. - അദ്ധ്യാത്മരാമായണം


11. വൻ തെന്നലേറ്റുലയുമുൽ‌പ്പല നൽപ്രസൂന-
ച്ചാഞ്ചാട്ടമോടു പടവെട്ടുമധീരനോട്ടം
മാൻപേടയോടു ഗിരികന്യകതാൻ ഗ്രഹിച്ചോ?
മാൻപേടതന്നെ ഗിരികന്യയോടഭ്യസിച്ചോ? - കു.സം

അതിനെ ജയിച്ചതു്, ഹസിക്കുന്നതു്, അതിനോടു പൊരുതുന്നതു് ഇത്യാദികളിൽ സാദൃശ്യാർത്ഥം വാച്യമല്ലാത്തതിനാൽ ലക്ഷണകൊണ്ടു സാധിക്കേണ്ടിയിരിക്കുന്നതുകൊണ്ടു് ഈമാതിരി ഉപമയ്ക്ക് ‘ലക്ഷിതോപമ’ എന്നു പേർ കൊടുക്കാം.*

2. അനന്വയം
തന്നോടുസമമായ് താൻ‌താ-
നെന്നുചൊന്നാലനന്വയം
ഇന്ദുവിന്ദുവിനോടൊപ്പം
സുന്ദരാകൃതിഭാസുരൻ 17

വേറെ ഒരു സദൃശവസ്തു ഇല്ലെന്നു കാണിപ്പാൻ വേണ്ടി ഒരു വസ്തുവിനെ അതിനോടു തന്നെ ഉപമിക്കുന്നതു് ‘അനന്വയം’. തന്നോട് തനിക്ക് സാദൃശ്യം അന്വയിക്കാത്തതിനാൽ ‘അനന്വയം’ എന്ന പേർ അന്വർത്ഥമാകുന്നു. ചന്ദ്രനെപ്പോലെ സൗന്ദര്യമുള്ള ഒരു വസ്തു വേണമെങ്കിൽ ചന്ദ്രൻതന്നെയേ ഉള്ളൂ എന്നു പറയുന്നതിനാൽ ചന്ദ്രന് സൗന്ദര്യോൽക്കർഷം ഫലിക്കുന്നു. വേറെ ഉദാഹരണം :

12. ഗഗനം ഗഗനം പോലെ
സാഗരം സാഗരോപമം
ശ്രീമൂലകനൃപന്നൊപ്പം
ശ്രീമൂലകനൃപാലകൻ

ആദ്യത്തെ ഉദാഹരണത്തിൽ സൗന്ദര്യം എന്ന സാധാരണ ധർമ്മം പറയപ്പെട്ടിരിക്കുന്നു; ഇതിൽ വൈപുല്യം മുതലായ സാധാരണധർമ്മങ്ങൾ ഊഹ്യങ്ങളായിരിക്കുന്നുവെന്നു ഭേദം.

3. ഉപമേയോപമ
ഉപമിക്കുന്നതന്യോന്യ-
മുപമേയോപമാഖ്യമാം;
വിപുലാ കൃപപോൽ കീർത്തി
നൃപ! തേ കീർത്തി പോൽ കൃപ. 18

ഉപമേയത്തെ ഉപമാനത്തോടു് ഉപമിച്ചതിന്റെ ശേഷം മറിച്ച് ഉപമാനത്തെ ഉപമേയത്തോടും ഉപമിക്കുന്നതു് ‘ഉപമേയോപമ’ എന്നു പേരായ അലങ്കാരം; ഉപമേയത്തോടും ഉപമിക്കുക എന്ന് പേരിനു് അർത്ഥസാംഗത്യം. സാദൃശ്യ


പദ്യം 10. ഊരു = തുട. ജാനു = മുട്ടു്. നിഷംഗം = ആവനാഴി. ജംഘം = മുഴംകാൽ

*38-ാം കാരികയുടെ വൃത്തി അവസാനം നോക്കുക.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_15&oldid=81785" എന്ന താളിൽനിന്ന് ശേഖരിച്ചത്