ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


സമ്പാദകമായ അർത്ഥം ഒന്നായിരിക്കെ ഉപമേയത്തെ ഉപമാനത്തോട് ഉപമിച്ചാൽ ഉപമാനത്തിന് ഉപമേയത്തോടും ഉപമ സിദ്ധമാകുന്നു. അതിനെ വിശേഷിച്ചെടുത്തു പറയുന്നത് ഇവയ്ക്കു സാദൃശ്യം സംഭവിക്കുകയാണെങ്കിൽ അന്യോന്യം തന്നെയല്ലാതെ മൂന്നാമതൊന്നിനോടില്ലെന്നു കാണിക്കുന്നതിൽ പര്യവസാനിക്കുന്നു. വൈപുല്യവിഷയത്തിൽ നൃപന്റെ കീർത്തിക്കു തുല്യമായിട്ട് അദ്ദേഹത്തിന്റെ കൃപ ഒന്നല്ലാതെ മൂന്നമതൊന്നില്ലെന്ന് കൃപാകീർത്തികൾ രണ്ടിനും ഉൽക്കർഷം സിദ്ധിക്കുന്നു. വേറെ ഉദാഹരണം :

13. കരിയിതു ഗിരിപോലെ
ഗിരിയിക്കരിയെന്നപോലെയത്യുച്ചൻ
അരിവിക്കു മദാംബുസമം,
ചൊരിയുന്നു മദാംബുപോലരിവി - സ്വ

പൂർവോദാഹരണത്തിൽ രാജാവ് വർണ്ണനീയനാകയാൽ അദ്ദേഹത്തിന്റെ കൃപാകീർത്തികൾ രണ്ടും പ്രകൃതം തന്നെ. ഉത്തരോദാഹരണത്തിൽ ‘കരിയിതു’ എന്നും ‘ഇക്കരി’ എന്നും പറകയാൽ ആന പ്രകൃതവും പർവ്വതം അപ്രകൃതവും ആകുന്നു.


4. പ്രതീപം
ഉപമാനോപമേയത്വം
മറിച്ചിട്ടാൽ പ്രതീപമാം
നെന്മേനിവാകതൻ പുഷ്പം
നിന്മേനിക്കൊപ്പമാം പ്രിയേ! 19

പ്രസിദ്ധമായ ഉപമാനത്തെ ഉപമേയമാക്കി ഉപമിക്കുക പ്രതീപാലങ്കാരം. പ്രതീപം = വിപരീതം എന്നു ശബ്ദാർത്ഥം. പ്രായേണ ഉപമിക്കുന്നതെല്ലാം ഗുണാധിക്യമുള്ള വസ്തുവിനോടാകുന്നു. അതിന് വൈപരീത്യം ചെയ്യുമ്പോൾ ഉപമേയത്തിനു് ഉപമാനത്തേക്കാൾ വൈശിഷ്ട്യം സിദ്ധിക്കുന്നു. വേറെ ഉദാഹരണം :

14. നിൻ നേത്രത്തിനു തുല്യമാം കുവലയം വെള്ളത്തുനുള്ളത്തിലായ്,
നിന്നാസ്യപ്രഭതേടുമമ്പിളിയൊളിക്കപ്പെട്ടു കാർകൊണ്ടലാൽ;
അന്നത്തന്വികൾ നിന്നൊടൊത്ത നടയുള്ളോരങ്ങു മണ്ടീടിനാർ;
നിന്നൌപമ്യവുമിന്നു കാണ്മതു പൊറുക്കുന്നില്ലഹോ ! ദുർവ്വിധി. -സ്വ
ഉപമാനം വ്യർത്ഥമെന്നു
കഥിച്ചാലും പ്രതീപമാം;
വമ്പിക്കുന്നെന്തിനിസ്സൂര്യൻ
നിൻ പ്രതാപം തപിക്കവേ. 20

ഉപമേയം കൊണ്ടു തന്നെ ഉപമാനത്തിന്റെ പ്രയോജനമെല്ലാം സിദ്ധിക്കുന്ന സ്ഥിതിയ്ക്കു് ഉപമാനം വ്യർത്ഥം തന്നെ എന്നു ചൊല്ലുന്നതും ‘പ്രതീപം’ തന്നെ. വേറെ ഉദാഹരണം :

15. തവ കീർത്തിയും ദ്യുതിയുമുള്ളപോതു പി-
ന്നിവരെന്തിനെന്നു കരുതുമ്പൊഴൊക്കവേ
പരിവേഷമെന്നൊരു മിഷേണ കുണ്ഡലം
പരിചോടിടുന്നു വിധി ചന്ദ്രസൂര്യരിൽ -സ്വ

ഇവിടെ വർണ്ണനീയനായ രാജാവിന്റെ കീർത്തിയുള്ള സ്ഥിതിയ്ക്ക് ചന്ദ്രനും


പദ്യം 14. വർഷാഗമത്തിൽ വിരഹിവാക്യം. ഇടികൂടുക്കാം കേൾക്കുമ്പോൾ അരയന്നങ്ങൾ സ്വർഗ്ഗത്തിലേക്കു തിരിച്ചു പോകുമെന്ന കവിപ്രസിദ്ധി. പ്രദീപം ആദ്യത്തെ മൂന്നു പാദങ്ങളിൽ മാത്രം.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_16&oldid=81774" എന്ന താളിൽനിന്ന് ശേഖരിച്ചത്