ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം

ഇവിടെ അഗ്നിജ്വാലകൾ അംബരത്തോളമുയർന്നതു് ലങ്ക വെന്തുപോയ വാർത്തയെ ദേവേന്ദ്രനോട് അറിയിക്കാനായിരിക്കുമോ എന്ന് കവി ഉൽപ്രേക്ഷിക്കുന്നു.


(d) ഹേതുൽപ്രേക്ഷ
25. ആനകദുന്ദുഭി മാനിക്കും കൊങ്കകൾ-
ക്കാനനം മെല്ലെക്കറുത്തിതപ്പോൾ
നന്ദനനുണ്ടായാലെങ്ങളെ സ്നേഹമി-
ല്ലെന്നതു ചിന്തിച്ചിട്ടെന്നപോലെ - കൃഷ്ണഗാഥ

ദേവകീഗർഭവർണ്ണനമായ ഈ പദ്യത്തിൽ സ്തനാഗ്രങ്ങൾ കറുത്തതിനു കാരണം ഉൽപ്രേക്ഷിക്കപ്പെടുന്നു. ‘എന്നു തോന്നും’, ‘എന്ന പോലെ’, ‘പോലെ’, ‘പോൽ’, ‘ഓ’, ‘താനോ’, ‘അല്ലോ’ - മുതലായ നിപാതങ്ങൾ ഉൽപ്രേക്ഷയെ കുറിക്കും. ഈവക ഉൽപ്രേക്ഷാവാചകശബ്ദങ്ങളോടു കൂടാതെയും ഉൽപ്രേക്ഷ വരും. എങ്ങനെ :

26. കൊതിച്ചിതാ! വെണ്മതി, നിന്മുഖേ സദാ
കുതിച്ചെഴും നിർമ്മലകാന്തിധാരയെ,
കളങ്കപങ്കം കഴുകിക്കളഞ്ഞുടൻ
കളിപ്പതിന്നായ് മുഴുകുന്നിതാഴിയിൽ - സ്വ

ഇതിനെ ഉൽപ്രേക്ഷാവാചകശബ്ദമൊന്നുമില്ലെങ്കിലും ചന്ദ്രാസ്തമയം കളങ്കക്ഷാളനത്തിനു വേണ്ടിയുള്ള സമുദ്രസ്നാനമെന്നു് ഉൽപ്രേക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നു് സ്പഷ്ടമാകുന്നു. വാചകമുള്ളിടത്തു് ഉൽപ്രേക്ഷ ‘വാച്യ’യും, ഇല്ലാത്തിടത്ത് ‘ഗ‌മ്യ’യും എന്നു് വ്യവസ്ഥ.


8. സ്മൃതിമാൻ, 9. ഭ്രാന്തിമാൻ, 10. സസന്ദേഹം
സാദൃശ്യത്താൽ സ്മൃതിഭ്രാന്തി-
സന്ദേഹങ്ങൾ കഥിക്കുകിൽ
സ്മൃതിമാൻ ഭ്രാന്തിമാൻ പിന്നെ
സസന്ദേഹവുമായിടും. 29
ഇക്കോമളാംബുജം പാർത്തി-
ട്ടോർക്കുന്നേനെൻ പ്രിയാമുഖം
പത്മമെന്നു പതിക്കുന്നു
നിൻ മുഖത്തിങ്കൽ വണ്ടിതാ 30
ചന്ദ്രനോ പത്മമോ എന്നു
സന്ദേഹിക്കുന്നു ലോകരും 31

രണ്ടു സദൃശവസ്തുക്കളിൽ ഒന്നിനെ കണ്ടിട്ടു മറ്റതിനെ ഓർക്കുന്നത് ‘സ്മൃതിമാൻ’ എന്ന അലങ്കാരം; ഒന്നിനെ മറ്റേതെന്നു ഭ്രമിക്കുന്നതു് ‘ഭ്രാന്തിമാൻ’; അതോ ഇതോ എന്നു സംശയിക്കുന്നതു് ‘സസന്ദേഹം’. ഉദാഹരണങ്ങളിൽ ലക്ഷണയോജന സ്പഷ്ടം. വേറെ ഉദാഹരണങ്ങൾ :


സ്മൃതിമാൻ:
27. ഓമൽ‌പ്പിച്ചിച്ചെടിലത മരുല്ലോളിതാ വർഷബിന്ദു-
സ്തോമക്ലിന്നാ പുതുമലർ പതുക്കെ സ്ഫുടിപ്പിച്ചിടുമ്പോൾ

പദ്യം 26. നായികാമുഖ പ്രശംസ. 'നിന്മുഖേ കുതിച്ചെഴും നിർമ്മലകാന്തിധാരയെ കൊതിച്ചു് വെണ്മതി ഇതാ ... എന്നു് അന്വയഗതി.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_22&oldid=81960" എന്ന താളിൽനിന്ന് ശേഖരിച്ചത്