ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം
38. ഫുല്ലാബ്ജത്തിനു ര‌മ്യതയ്ക്കു കുറവോ പായൽ പതിഞ്ഞീടിലും
ചൊല്ലാർന്നോരഴകല്ലയോ പനിമതിക്കങ്കം കറുത്തെങ്കിലും
മല്ലാക്ഷീമണിയാൾക്കു വൽക്കലമിതും ഭൂയിഷ്ഠശോഭാവഹം;
നല്ലാകാരമതിന്നലങ്കരണമാമെല്ലാപ്പദാർത്ഥങ്ങളും -ഭാഷാ ശാകുന്തളം

ഇവിടെ ഉപമാനവാക്യങ്ങളായ ഒന്നും രണ്ടും പാദങ്ങളിലും ഉപമേയവാക്യമായ മൂന്നാം പാദത്തിലും ‘ശോഭാകരമാകുന്നു’ എന്ന സാധാരണധർമ്മം പര്യായങ്ങളാൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇതു *സാധർമ്മ്യ മട്ടിലുള്ള പ്രതിവസ്തൂപമയ്ക്ക് ഉദാഹരണം. വൈധർമ്മ്യമട്ടിലും പ്രതിവസ്തൂപമ വരാം; എങ്ങനെയെന്നാൽ,

39. കരുണമൊരു രസം താൻ വസ്തുഭേദേന നാനാ-
പരിണതിയെ വഹിച്ചീടുന്നിതേ മാറിമാറി
തിര നുര ചുഴിയെന്നീ രൂപഭേദങ്ങൾ കാണായ്-
വരികിലുമവയെല്ലാം വെള്ളമത്രേ നിനച്ചാൽ. - ഉത്തരരാമചരിതം

ഉപമാനോപമേയവാക്യങ്ങൾ ഒരേ അന്വയരീതിയിൽ ഇരുന്നാൽ സാധർമ്മ്യം അർത്ഥം ഭേദിക്കാതെ അന്വയരീതിമാത്രം ഭേദിച്ചിരുന്നാൽ വൈധർമ്മ്യം.


13. ദൃഷ്ടാന്തം
ദൃഷ്ടാന്തമതിനെബ്ബിംബ-
പ്രതിബിംബങ്ങളാക്കുകിൽ
കീർത്തിശാലി ഭവാൻ തന്നെ
കാന്തിശാലി സുധാംശുതാൻ. 35

ഉപമാനോപമേയവാക്യങ്ങളിൽ സാധാരണധർമ്മത്തെ †ബിംബപ്രതിബിംബങ്ങളാക്കി പറഞ്ഞാൽ ‘ദൃഷ്ടാന്തം’. ലക്ഷ്യത്തിൽ കീർത്തിശാലി ബിംബം, കാന്തിശാലി പ്രതിബിംബം. വേറെ ഉദാഹരണം :

40. ശിക്ഷിക്കും ശിക്ഷ്യനാം നിന്നെ
രക്ഷിക്കും രക്ഷ്യനാം ദ്വിജം
ഭക്ഷിക്കും ക്ഷീരമേ ഹംസ-
പക്ഷീ സക്ഷീരനീരതഃ -ഭാഷാ ശാകുന്തളം

ദുഷ്യന്തവാക്യം. മാതലി തിരസ്കരിണി ഉപയോഗിച്ചു വന്നു് മാഢവ്യ ബ്രാഹ്മണനെ ആക്രമിച്ചു. അയാളുടെ നിലവിളി കേട്ടു ദുഷ്യന്തൻ അമ്പു തൊടുത്തുകൊണ്ടു പറയുന്നത് : (ഈ അമ്പ്) ശിക്ഷ്യനായ നിന്നെ ശിക്ഷിക്കും; രക്ഷ്യനായ ദ്വിജനെ രക്ഷിക്കും എന്നു പൂർവ്വാർദ്ധത്തിൽ അർത്ഥയോജന. സക്ഷീര നീരതഃ = പാലും വെള്ളം കൂട്ടിച്ചേർത്തുവച്ചതിൽ നിന്നു്. ആ സംയുക്തത്തിൽ ക്ഷീരം ദൃശ്യം, നീരം അദൃശ്യം. ഉപമേയ പ്രസംഗത്തിലും ദൃശ്യാദൃശ്യത്വം കാണുക.


പദ്യം 38. ശകുന്തളാദർശനത്തിൽ ദുഷ്യന്തചിന്ത. രമ്യതയ്ക്കു കുറവില്ല, അഴകുണ്ടു്, ശോഭാവഹം ഇവയാണു് മൂന്നുപാദങ്ങളിലും യഥാക്രമം ധർമ്മം. അവ പര്യായങ്ങളുമാണു്.

* അന്യോന്യ പൂരകങ്ങളായ രണ്ടുപ്രസ്താവനകളിൽ ആദ്യത്തേതിലെ വാക്യഘടനപോലെതന്നെ രണ്ടാമത്തേതിലും വന്നാൽ സാധർമ്മ്യം. വാക്യഘടന വിപരീതമായാൽ വൈധർമ്മ്യം. 'കരുണരസം നാനാപരിണതിയെ വഹിക്കുന്നു --ഒരേവെള്ളം തിര, നുര, ചുഴി എന്ന രൂപഭേദങ്ങൾ വഹിക്കുന്നു.' എന്നായാൽ ഇത്തന്നെ സാധർമ്മ്യരീതിയായി.

†ബിംബപ്രതിബിംബഭാവം (10 ആം കാരിക) നോക്കുക.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_27&oldid=82138" എന്ന താളിൽനിന്ന് ശേഖരിച്ചത്